ADVERTISEMENT

ക്രിസ്മസ് നക്ഷത്രം (കഥ)

 

ക്രിസ്മസ് ആകുമ്പോൾ പടിഞ്ഞാറെ മാനത്ത് ഒരു നക്ഷത്രം തെളിയാറുണ്ട്. പണ്ടത്തെ ജ്ഞാനികളെ  വഴികാട്ടിയ ഒരു നക്ഷത്രം. ആ നക്ഷത്രം കണ്ടപ്പോൾ നാട്ടിൻ പുറത്തെ ഈശോ കുഞ്ഞിന് തീർത്ത ഒരു  പുൽക്കൂട് എനിക്ക് ഓർമ്മ വരും. മുള ചതച്ചെടുത്ത തൈതലും കാട്ടുപുല്ലും ആണ് ആ കാലത്തെ പുൽക്കൂടിന്റെ മറയും മേച്ചിലും. ഈശോ കുഞ്ഞിനെ കിടത്തുക തോട്ട് വക്കത്തിന്ന്  വെട്ടിയെടുത്ത പച്ച പുല്ലിലാണ്. നാലഞ്ച് ആടുകൾ ആ പച്ചപ്പിൽ തല ചായിച്ചിരുന്നു. അറക്ക പൊടിയിട്ട പുൽപാതയിൽ രണ്ട് മൂന്ന് ഒട്ടകങ്ങൾ  വിദ്വാൻമാരെ കാത്ത് കിടന്നിരുന്നു. 

 

ഞങ്ങളുടെ അപ്പുറത്തെ വീട്ടിൽ പുൽക്കൂടില്ല ക്രിസ്മസ് ഇല്ലിയാണ്. ഇല്ലി തലപ്പിൽ തൂക്കിയിട്ടിരുന്ന കൊച്ചു നക്ഷത്രങ്ങളും ഗിൽറ്റ് കടലാസുകളും തൊങ്ങലുകളും മണികളും ബലൂണുകളും കിഴക്കൻ കാറ്റിൽ ആടും. ഇപ്പുറത്തെ  വീട്ടില് കുട ശീല പൊതിഞ്ഞ കരിം പാറയും  വെള്ള തേച്ച കൊട്ടാരവും ആ പിറവിക്ക്  പശ്ചാത്തലമായി പണിതിരുന്നു. പനിനീർ തളിച്ച ഒരു തുണിശീലയിലാണ് ഇപ്പുറത്തെ പാപ്പൻ ഈശോ കുഞ്ഞിനെ കിടത്തുക.

 

സന്ധ്യ മയങ്ങിയപ്പോൾ തോടിന് അക്കരെ നിന്ന് ആരോ ഒരു  പടക്കം പൊട്ടിച്ചു. അങ്ങനെയങ്ങ്  അക്കരക്കാരെ

ഷൈൻ ചെയ്യാൻ  അപ്പുറത്തെ ജോണി സമ്മതിച്ചില്ല. ഒരു ഓലക്ക് തീ കൊളുത്തി  ഈടി പുറത്തേക്ക് എറിഞ്ഞിട്ട് അവൻ ചിരിച്ചു. പടക്കം പൊട്ടിയ ശബ്ദത്തിൽ ക്രിസ്മസ് ഇല്ലീലെ വർണ്ണ കടലാസുകൾ അരയലില പോലെ വിറച്ചു. അക്കരക്കാരുമായുള്ള മത്സരം കാണാനായി അയൽപക്കത്തെ ആണുങ്ങളും പെണ്ണുങ്ങളും മുറ്റത്ത് ഇറങ്ങി. കല്യാണം കഴിക്കാൻ പോകുന്ന അയൽക്കാരി റാഹേലിനെ  കണ്ടപ്പോൾ ജോണിക്ക് വീറും വാശിയും  കൂടി. ഒരു മാല പടക്കത്തിന് തീ കൊളുത്തി. 

 

നേരം ഇരുട്ടി. ഇടവഴിന്ന് ഒരു തമ്പേറടി കേട്ടു. പള്ളി കരോളാണ്. പെട്രോമാക്സിന്റെ വെളിച്ചം ഒരു പൊൻനിലാവായി വഴിയിൽ വീണു.. ഇപ്പുറത്തെ വീട്ടിലെ പാപ്പനായിരുന്നു ക്രിസ്മസ് അപ്പുപ്പൻ. രണ്ടെണ്ണം അടിച്ചതിന്റെ ഒരു താളം പാപ്പന്റെ കരോൾ ഡാൻസിനു ഉണ്ടായിരുന്നു. അവർ പാടി.ആ രാത്രിയിൽ കരോൾ  സംഗീതം ഒരു തേൻ നിലവായി പെയ്തിറങ്ങി. റാഹേലിന്റെ മനസ്സിൽ മഞ്ഞ് പെയ്തു തുടങ്ങി.  

 

പാതിരാവിലെ പിറവി കുർബ്ബാനക്കാണ് അക്കരയിലെ അപ്പൻമാരും അമ്മമാരും പോകുക. പിള്ളൊരൊക്കെ നേരം വെളുത്തും. പള്ളി കഴിഞ്ഞ് വരുമ്പോഴേക്കും കള്ളപ്പത്തിൻ്റെ മാവ്  കലം കവിഞ്ഞിരുന്നു. വെള്ള ലാവ അടുപ്പിൻ പാദമാകെ ഒഴുകി. ചട്ടയും മുണ്ടും മാറിയിട്ട് വന്ന് അമ്മ  അടുപ്പിൽ തീ കൂട്ടി. അമ്മ അപ്പം ചുട്ട് തുടങ്ങിയപ്പോൾ റാഹേൽ  തേങ്ങ ചിരണ്ടി. മാന്തല് കേട്ട്  ഞാനും അനിയത്തിയും എഴുന്നേറ്റു വന്നു. പഞ്ഞി പോലെത്തെ കള്ളപ്പം കണ്ട് അനിയത്തിയുടെ കണ്ണു വിടർന്നു.  

 

അന്നു രാവിലെ വീടുകളിൽ നിന്ന് ഉയർന്ന പുകക്ക് വെളുപ്പായിരുന്നു. പല്ല് തേക്കാൻ മുറ്റത്ത് ഇറങ്ങിയപ്പോൾ  ക്രിസ്മസ് സ്പഷ്യലിന്റെ ഗന്ധം മൂക്കിൽ അടിച്ചു. നല്ല പോത്തിന്റെയും പന്നിയുടെയും ഗന്ധം. കോഴിപിടിയുടെയും കോഴിയുടെയും ഗന്ധം. തോട്ടു മീനിന്റെയും വാട്ടു കപ്പയുടെയും ഗന്ധം. പന്നി ഉലർത്തിയതിന്റെയും ചെണ്ട കപ്പയുടെയും ഗന്ധം. ആ ഗന്ധങ്ങൾ ഉപേക്ഷിച്ച് പള്ളിയിൽ പോകാൻ എനിക്ക് മടിയായി.

 

രാവിലത്തെ മഞ്ഞിലാണ് അയലോക്കത്തെ പിള്ളേരെല്ലാം പള്ളി  പോയത്. കുർബ്ബാന കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ  മേശപ്പുറത്ത് അപ്പവും കറികളും നിരന്നിരുന്നു. പിടിയും കോഴി കറിയുമായി അപ്പുറത്തെ ജോണിയും  കപ്പയും പന്നികറിയുമായി ഇപ്പുറത്തെ പാപ്പനും വന്നതോടെ ഊട്ടു മേശ നിറഞ്ഞു. അയൽകാർക്കുള്ള കള്ളപ്പവും കറിയും റാഹേൽ ഒരു പാത്രത്തിൽ എടുത്തു.

 

നോമ്പ് വീടൽ  കഴിഞ്ഞാൽ പിന്നെ പാതിരാത്രി വരെ അക്കരയിൽ  ചീട്ടുകളിയാണ്. ക്രിസ്മസിന് ഞങ്ങടെ വീട്ടിലാണ് കളി. വീടിന്റെ തിണ്ണയിൽ കിടന്ന ഒരു മേശക്ക് ചുറ്റും അയലോക്കത്തെ ചേട്ടൻമാർ ഇരുന്നു. ആദ്യം കഴുതയായത് ഇപ്പുറത്തെ വീട്ടിലെ പാപ്പനായിരുന്നു. പാപ്പന്റെ തലയിൽ പ്ലാവില തൊപ്പിയും കാതിൽ ചിരട്ട കടുക്കനും കണ്ട്  സ്ത്രീകൾ പൊട്ടി ചിരിച്ചു.

 

ഊണു കഴിഞ്ഞപ്പോൾ രണ്ടു മൂന്നു പേർ കളി നിർത്തി. സിറ്റിയിൽ പോയി സിനിമ കാണാനായി അവർ ഇറങ്ങി. അവർ  ഇടവഴി ഇറങ്ങുന്നതു വരെ  ഞാൻ മുറ്റത്ത് നോക്കി നിന്നു. ഹോണടിച്ച് പൊടിയും പറത്തി കൊണ്ട് ഒരു  ജീപ്പ് താഴത്തെ വഴിയിൽ നിൽക്കുന്നത് ഞാൻ കണ്ടു.

 

ഇന്നു മുതൽ സുഖത്തിലും ദു:ഖത്തിലും മരണം വരെ ഈശോയുടെ മുമ്പിൽ പ്രതിജ്ഞ ചെയ്ത ഒരു ഭാര്യ  ഭർത്താവ് കഴുത ആയപ്പോൾ അലറി ചിരിച്ചു. ആ മനുഷ്യന്റെ തല കുനിഞ്ഞു. ഒറ്റത്തടി പാലത്തിലൂടെ കൈ പിടിച്ചു നടത്തിയ ആങ്ങള കഴുതയായതിൽ ഒരു സഹോദരിയും ചിരിച്ചു. ആങ്ങളയുടെ മുഖം തീ പോലെ ചുവന്നു. ജോണി കഴുതയായപ്പോൾ കുടുതൽ ചിരിച്ചത് റാഹേലാണ്. അവന്റെ മുഖം പച്ച കൂമ്പാള പോലെ വിളറി. അത് കണ്ട് അമ്മ റാഹേലിനെ വഴക്കു പറഞ്ഞു.

 

ചീട്ടു കളിക്കിടയിൽ പാപ്പൻ ഒരു കുപ്പി പൊട്ടിച്ചു. ഗ്ലാസിലെ വെള്ളത്തിൽ ഒഴിച്ച് അച്ചാറും കൂട്ടി അപ്പനും മക്കളും ബ്രാണ്ടി കുടിച്ചു. ചീട്ടുകളിക്കിടയിലെ പിണക്കം മറന്ന് അയൽക്കാർ കുടിച്ചു. രണ്ട് പെഗ് അടിച്ചിട്ടും  ജോണിക്ക് മതിയായില്ല. കുപ്പിയിൽ അൽപം ദ്രാവകം ശേഷിച്ചിരുന്നു. അവൻ ഗ്ലാസ് നീട്ടി. പക്ഷേ പാപ്പൻ ഒഴിച്ചില്ല. അത് സിനിമക്ക്  പോയവർക്കുള്ളതാണ്.

ജോണിടെ കണ്ണിൽ പെടാതെ അതുവരെ ആ കുപ്പി കാത്ത് സൂക്ഷിക്കുക അത്ര എളുപ്പമുള്ള പണിയല്ലായിരുന്നു. ഏത് പെട്ടിയിൽ കൊണ്ടുപോയി പൂട്ടിയാലും അത് തുറന്ന്  ജോണി അകത്താക്കിയിരുന്നു. പാപ്പൻ ഇരുട്ടത്തേക്ക് ഇറങ്ങി.

 

അവസാനത്തെ കളി തുടങ്ങി.  ബ്രാണ്ടി തരാത്ത പാപ്പനെ ഒരിക്കൽ കൂടി കഴുത ആക്കാൻ ജോണി ചീട്ട് വെട്ടി. പാപ്പന്റെ കൈയ്യിൽ മയിൽ പീലി പോലെ ചീട്ടുകൾ  വിടർന്നു. ഒരു പുഞ്ചിരിയോടെ ജോണി എഴുന്നേറ്റു. അടുക്കളേന്ന് ജോണി റാഹേലിനെ വിളിച്ചിറക്കി ആരാഞ്ഞു.

 

ഏവിടെയാ ബ്രാണ്ടി കുപ്പി?

 

അവൾ പറഞ്ഞു.

 

റബർ ഉറക്കുന്ന തട്ടിലിനടിയിലുണ്ട്. 

 

ജോണി ചിരിച്ചു. പിണക്കം മാറിയതിൽ അവൾക്കും സന്തോഷമായി. അവൻ ഇരുട്ടിലേക്ക് ഇറങ്ങി.

 

നക്ഷത്ര വിളക്കിന്റെ ഒരു തുണ്ടു വെളിച്ചം തട്ടിലെ ഡിഷിൽ വീണിരുന്നു. മങ്ങിയ വെളിച്ചത്തിൽ പാപ്പൻ ഒളിപ്പിച്ച ആ കുപ്പി ജോണി കണ്ടു. അവൻ ചിരിച്ചു. മുറ്റത്തോട്ട് ജോണി ഇറങ്ങിയത് പാപ്പൻ കണ്ടിരുന്നു. അയാൾ കളി നിർത്തി പറഞ്ഞു.

 

ജോണി വേണ്ടാ....

 

പാപ്പൻ ഇറങ്ങി വരുന്നത് കണ്ട്  ഒരു കുപ്പി എടുത്ത് ജോണി നാവിൽ കമിഴ്ത്തി. വെള്ളം ചേർക്കാത്തതിന്റെ നീറ്റലും പുളിപ്പും കാര്യമാക്കാതെ ജോണി പൊട്ടിചിരിച്ചു. ഉമി തീ പിടിച്ചതു പോലെ നീറ്റല് അടിവയറ്റിലേക്ക് പടർന്നു. വയറിൽ തീ എരിഞ്ഞപ്പോൾ അവൻ കരഞ്ഞു. അവൻ  നാവിൽ കമിഴ്ത്തിയത് റബറിന് ഉറകൂട്ടാനുള്ള ആസിഡായിരുന്നു. ആസിഡു കുപ്പി കണ്ട് പാപ്പൻ അലറി വിളിച്ചു. നിലത്ത് വീണ ജോണിയെ അപ്പനും  പാപ്പനും കോരി എടുത്ത് കൊണ്ട് ഇടവഴിയിറങ്ങി.

 

അത് ഒരു കാളരാത്രിയായിരുന്നു. പ്രഭാതത്തിൽ പടിഞ്ഞാറേ മാനത്തെ ആ നക്ഷത്രം മഞ്ഞിൽ അലിഞ്ഞു ചേർന്നു. അടുക്കളയിൽ നിന്ന് ഒരു ശബ്ദം കേട്ടു. രോദനവും അത്യുച്ചത്തിലുള്ള വിലാപവും. റാഹേൽ കരയുകയാണ്.

 

Content Summary: Christmas Nakshathram, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com