ADVERTISEMENT

മയക്കുമരുന്ന് (കവിത)

 

നല്ലൊരു ജീവൻ ജീർണ്ണിക്കാനായ്

തെല്ലിടനേരം ഹോമിച്ചവരെ,

തിരികെ വിളിക്കാനായൊരു തുള്ളൽ

വിരവൊടെ ചൊല്ലിത്തുള്ളുകയാണേ.

 

 

ലഹരിപിടിച്ചൊരു കൂട്ടത്തിൽനി-

ന്നലറിവിളിച്ചുകളിച്ചീടുന്നു,

ആളിക്കത്തുന്നഗ്നിയണയ്ക്കാൻ

വെള്ളം ചീറ്റുകയൊന്നേ വേണ്ടൂ.

 

 

പച്ചമരുന്നു കുഴച്ചതരിച്ച മ-

യക്കുമരുന്നു ഭുജിച്ചുതരിച്ചാൽ

തൊണ്ട കടന്നുപടർന്ന മരുന്നതു 

കൊണ്ടുപിടിച്ചുകരിക്കും സ്വപ്നം!

 

 

ഒരു തരമൊന്നു രുചിച്ചെന്നാകിൽ

പെരുകുന്നുശിരവനുച്ചിയിലായി,

ഒരു തരിയുള്ളിൽച്ചേർന്നുകഴിഞ്ഞാൽ

സുരലോകത്തിൽച്ചെന്നതുപോലെ!

 

 

കണ്ണു ചെമന്നറുപതയും തുപ്പി,

കൈയു വിറച്ചിരുകാലും തെറ്റി,

തെരുവിലിറങ്ങിത്തടി കേടാക്കി-

പ്പിപ്പിരിയായവരൊത്തിരി വൈറൽ!

 

 

പലവിധമുള്ള മയക്കുമരുന്നിൻ

കൊലവിളി കണ്ടു കനംവച്ചുളളം!

രസമാണൊരുവനതാരംഭത്തിൽ

രാസോന്മാദം കരളുന്നന്ത്യം!

 

 

ലഹരിക്കടിമകളാകുംമക്കൾ

കോവിഡുപോലെ പരക്കുംകാലം

പ്രഹരം വന്നുപതിക്കാമുടനെ

വ്യാപനമാകാൻ താമസമില്ല.

 

 

തട്ടുപൊളിപ്പൻലഹരിമരുന്ന്

കുട്ടയിലിട്ടതൊളിച്ചുകടത്തും

കൂട്ടരുമൊത്തു കരിച്ചുപുകച്ചാൽ

വീട്ടാർക്കവരുടെ കുഴിയുമൊരുക്കാം.

 

 

പള്ള നിറച്ചുകഴിച്ചാൽപ്പിന്നെ

തള്ളയുമില്ലൊരു മോളും മുന്നിൽ,

തൊള്ള തുറന്നുകഴിഞ്ഞാൽപ്പിന്നെ

തുള്ളും തെറിയഭിഷേകവുമന്ന്!

 

 

ലഹരിയൊരല്പം കയറിയിരുന്നാൽ

തല കുത്താനൊരു മോഹമതാവും;

ലഹരിയൊരല്പം കൂടിപ്പോയാൽ

തല കൊയ്യാനതു കാരണമാകും.

 

 

പുതുതലമുറകളിലുള്ളൊരു പുതുമ

ചതിയുടെയറകളിലുള്ളൊരു പൊലിമ,

മകളോ മകനോ എന്നൊരു ഭേദം

ഭീകരനാമൊരു തരിയതിനില്ല!

 

 

മൊട്ടുകളമ്പെ പുഴുത്തുകൊഴിഞ്ഞൊരു

പൂച്ചെടി നിന്നുനശിച്ചതുപോലെ,

കൗമാരത്തിൽത്താവളമാക്കും

ഭീകരനാമൊരു ലഹരിച്ചതിയൻ!

 

 

കരളും കുടലും തകരുമ്പോളും

വീര്യം സിരയിൽ തികയുകയില്ല,

കരിയാനൊരു സിരയില്ലെന്നാലും

പിരിയാനവനൊരു നാണം കാണും.

 

 

ഉത്കണ്ഠാകുലരാണവരെങ്കിൽ

കൊക്കെയ്നാണതിനുത്തരവാദി,

ചെറുപ്രായത്തിലെ വൈകല്യങ്ങൾ-

ക്കറുതിവരുത്താൻ ലഹരി നിറുത്താം.

 

 

എം.ഡി.എം.എ ഗുളികകൾ കഠിനം

സ്റ്റാമ്പും ജെല്ലിയുമതിമാരകമായ്,

വെറുമൊരു നുള്ളു നുകർന്നാൽപ്പോലും

നൂറു മണിക്കൂറുന്മാദംതാൻ!

 

 

കഞ്ചാവഞ്ചു കഴഞ്ചു പഴഞ്ചൻ!

പെത്തടിനംശം പുത്തൻ ശീലം!

ക്രൂരൻലഹരിയിലാറാട്ടാടാൻ

പേരറിയാത്തൊരസാരം ദ്രവ്യം!

 

 

പങ്കാളികളുടെ കൈമാറ്റത്തിനു

പങ്കുവഹിച്ച മരുന്നുകളുണ്ട്.

മത്തു പിടിച്ച തലച്ചോറുകളിൽ

കത്തിയെരിഞ്ഞതു കാമഭ്രാന്ത്!

 

 

ലഹരിക്കിരയായ് മാറുംജന്മം

സിംഹക്കൂട്ടിലകപ്പെട്ടതുപോൽ!

ലഹരിമരുന്നുകൾ വിറ്റുനടന്നാ-

ലാഹാരം തിന്നഴിയെണ്ണീടാം.

 

 

ലഹരി പുരണ്ട ദുരന്തമകറ്റാൻ

ലഹരിവിരുദ്ധമനസ്സു പടുക്കാം,

കടുവക്കുട്ടികൾ മടയിലുരുണ്ടാൽ

കാടിനു കാവൽ വേണ്ടേ വേണ്ടാ.

 

Content Summary: Mayakkumarunnu, Malayalam poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com