ADVERTISEMENT

പ്രവാസം (കഥ)

 

അയാളെ ഞാൻ ആദ്യമായി കാണുന്നത് അയാളുടെ തന്നെ ആ അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു.... ആധുനികതയുടെ പ്രേരണ മൂലമോ, അതോ ശീലിച്ചു പോയതുകൊണ്ടോ എന്നറിയില്ല, കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ള നിറത്തിലുള്ള അയഞ്ഞ ഷർട്ടുമായിരുന്നു അപ്പോൾ അയാൾ ധരിച്ചിരുന്നത്... മുകളിലേക്ക് കയറിത്തുടങ്ങിയ അയാളുടെ മുടികൾ വെള്ളി നൂലുകളെ പോലെ തിളങ്ങുന്നതായിരുന്നു... കാലം സമ്മാനിച്ച മുഖത്തെ ചുളിവുകൾ പ്രായം അറുപതിനു മുകളിലും തോന്നിപ്പിച്ചിരുന്നു...

 

കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിന്റെ ഭാഗമായി പല പ്രദേശങ്ങളിലും സ്ഥലം നോക്കി നടക്കുന്ന തിരക്കിലായിരുന്നു അന്ന് ഞങ്ങൾ.... ബിസിനസ്സിന് പറ്റിയ ഒരു സ്ഥലം ഉണ്ടെന്നു പറഞ്ഞ് മേനോൻ ആണ് ഞങ്ങൾക്ക് ആ സ്ഥലം കാണിച്ചു തന്നത്... കണ്ടപ്പോൾ, തരക്കേടില്ല എന്ന് തോന്നി... അങ്ങനെ ആണ് ഉടമസ്ഥനായ മുഹമ്മദ് റഹ്മാനുമായുള്ള ഒരു കൂടിക്കാഴ്ച നിശ്ചയിച്ചത്...

 

വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നു അന്ന്... കാലത്തെ തീവണ്ടിക്ക് തന്നെ എറണാകുളത്ത് എത്തി.. പിന്നെ, കാറിൽ അയാളുടെ താമസസ്ഥലത്തേക്ക്... കൊച്ചി തൃശൂർ ദേശീയ പാതയിലൂടെ ഏകദേശം അര മണിക്കൂർ ... വണ്ടി ആലുവ കഴിഞ്ഞ് ആദ്യത്തെ സിഗ്നൽ പിന്നിട്ടപ്പോൾ മേനോൻ പറഞ്ഞു..

 

‘‘ഇനി ആ സർവീസ് റോഡിലൂടെ പോകണം...’’

 

സർവ്വീസ് റോഡിലേക്ക് ഇറങ്ങി വണ്ടി അൽപ്പ ദൂരം കൂടി ഓടി.. പിന്നെ വലത്തോട്ട് തിരിഞ്ഞ് വീതി കൂടിയ ഒരു വഴിയിലേക്ക് കടന്നു. ആ വഴിയുടെ തുടക്കത്തിൽ കല്ലുകൾ പൊങ്ങിയും, കുഴികൾ രൂപപ്പെട്ട് വെള്ളം നിറഞ്ഞും കിടന്നതിൽ ആയാസപ്പെട്ടായിരുന്നു വണ്ടി നീങ്ങിയിരുന്നത്  ....

 

‘‘സാർ... ഇതാണ് ആലുവ മൂവാറ്റുപുഴ ഹൈവേ... ആ പാലത്തിന്റെ പണി നടക്കുന്നത് കൊണ്ടാണ് റോഡ് ഇത്തിരി മോശമായി കിടക്കുന്നത്..’’

 

യാത്രയിലുടനീളം വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന മേനോൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നിരുന്നു...

 

അൽപ്പ ദൂരം ഓടി റോഡിന് ഇടതു വശത്തായി കണ്ട ഒരു മൂന്നു നില കെട്ടിടത്തിന് മുന്നിൽ വണ്ടി ചെന്നു നിന്നു.... വണ്ടിയിൽ നിന്നിറങ്ങി ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കുള്ള ഗോവണികൾ കയറി, വലതു വശത്തായി കണ്ട ‘‘സുഹറ മൻസിൽ’’ എന്ന് ആലേഖനം ചെയ്ത വാതിലിനു മുന്നിൽ ഞങ്ങൾ നിന്നു... കോളിങ് ബെല്ലിൽ വിരലമർത്തി അൽപ്പ സമയം ഞങ്ങൾക്ക് കാത്തു നിൽക്കേണ്ടി വന്നു... ആ കാത്തു നിൽപ്പിനൊടുവിൽ ഓടാമ്പൽ നീങ്ങുന്ന ശബ്ദവും, വാതിൽ പാളികൾ മലർക്കെ തുറന്ന് അയാളും മുന്നിൽ വന്നു....

 

നിറഞ്ഞ പുഞ്ചിരി തൂകി, തുറന്നു വെച്ച വാതിൽ പാളിയിൽ പിടിച്ച് അയാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു .. വലിയ ഒരു സ്വീകരണ മുറിയിലേക്കായിരുന്നു ഞങ്ങൾ കയറിച്ചെന്നത്... അതിനു വലതു വശത്തായി അത്രയും തന്നെ വലുപ്പമുള്ള മറ്റൊരു മുറിയും കണ്ടിരുന്നു ... മുറിയുടെ ഒരു വശത്തായി മൂന്നാൾക്ക് ഇരിക്കാവുന്ന സോഫയിൽ ഞാനും ബോസും കയറി ഇരുന്നു.... എതിർ ദിശയിലെ സോഫയിൽ മേനോനും ഇരുന്നു...

 

ഇരു സോഫക്കുമിടയിൽ മരം കൊണ്ട് തീർത്ത ഉയരം കുറഞ്ഞ ഒരു ചെറിയ മേശ. അതിനു മുകളിൽ ഒരു തളികയിൽ നാലഞ്ചു സ്പടിക പാത്രങ്ങളും .... ആ മേശയ്ക്ക് മുൻവശത്തേക്ക് ഒരു കസേര വലിച്ചിട്ട് അയാളും ഇരുന്നു.... പിന്നെ ഞങ്ങളെ മാറി മാറി നോക്കി സൗമ്യമായി പറഞ്ഞു..

 

‘‘ഞാൻ ഒറ്റക്കാണ് ഇവിടെ, അത് കൊണ്ട് എല്ലാം കാര്യവും താമസിച്ചാണ്...’’

 

വാതിൽ തുറക്കാൻ താമസിച്ചതിനുള്ള കാരണം ബോധിപ്പിക്കുകയായിരുന്നു അയാൾ...

 

ഇത്ര വലിയ വീട്ടിൽ അയാൾ തനിച്ചോ ...!!! ചുറ്റുപാടും കണ്ണോടിക്കുമ്പോൾ ഓർത്തു...

 

വഴികാട്ടിയായി വന്ന മേനോൻ അപ്പോൾ പറയാൻ തുടങ്ങി...

 

‘‘ഇക്കാ, ഇതാണ് ഞങ്ങളുടെ എം ഡി, മിസ്റ്റർ ............... ഇത് ഞങ്ങളുടെ പ്രൊജക്റ്റ് ഹെഡ് മിസ്റ്റർ ....’’

 

പേരുകൾ പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ ഞങ്ങൾ കൈകൂപ്പി നമസ്ക്കാരം പറഞ്ഞു... അപ്പോൾ അയാൾ  പേരുകൾ ഒന്നുകൂടി ചോദിച്ച്‌ ഉറപ്പിച്ചു...

 

‘‘സാർ.... എന്തു ചെയ്യുന്നു.... അല്ല എന്തു ചെയ്തിരുന്നു...?’’

 

ചോദിച്ചു തുടങ്ങിയെങ്കിലും  അപ്പോഴാണ് ഓർത്തത് ഈ പ്രായത്തിൽ അയാൾ ഒന്നും ചെയ്യാൻ സാധ്യത ഇല്ലല്ലോ എന്ന് .... അതുകൊണ്ട് തിരുത്തി ചോദിച്ചു..

 

‘‘ഞാൻ നീണ്ട നാല്പതു വർഷത്തോളം അബുദാബിയിൽ ആയിരുന്നു ....  ’’

 

‘‘ഓ ....അബുദാബിയിൽ എവിടെ ....?’’

 

അപ്പോൾ ചോദിച്ചത് ബോസ് ആയിരുന്നു  .....

 

‘‘അബുദാബി ഗവൺമെന്റ് വാട്ടർ അതോറിറ്റിയിൽ...., ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ... പിന്നെ അറുപത് വയസ്സിൽ അവർ പിടിച്ചു പുറത്താക്കും എന്നു കണ്ട് അതിന് കാത്തു നിൽക്കാതെ പോന്നു...’’

 

അത് പറഞ്ഞ് അയാൾ ഒന്ന് ചിരിച്ചു. ഒരു ഔപചാരികതക്കായി ഞങ്ങളും ...

 

അയാൾ അബുദാബിയിൽ ആയിരുന്നു എന്നു കേട്ടപ്പോൾ മനസ്സ് കുളിർത്തു .... ഒരു അബുദാബി ബന്ധം ഞങ്ങൾക്കും പറയാനുണ്ടല്ലോ .....

 

കരുതിയതുപോലെ ബോസ് പറഞ്ഞു....

 

‘‘ഞങ്ങളും അബുദാബിയിൽ ആണ്...’’

 

‘‘ഓ .. അതെയോ.. അബുദാബിയിൽ എവിടെ?’’ അയാൾ ആശ്ചര്യം പൂണ്ടു ....

 

‘‘ഇപ്പോൾ സനയിൽ ആണ് താമസം.... അബുദാബിയിൽ ബിസിനസ്സ് ഉണ്ട് ’’

 

അപരിചിതത്വത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാവാൻ താമസം ഉണ്ടായില്ല... അപ്പോഴേക്കും അയാൾ കൂടുതൽ വാചാലനാകാൻ തുടങ്ങിയിരുന്നു.... അബുദാബിയിലെ നാൽപ്പതു വർഷത്തെ ജീവിതം... നാട്ടിൽ വാങ്ങി കൂട്ടിയ സ്ഥലങ്ങൾ .. എല്ലാം....

 

‘‘മക്കൾ ...?’’

 

‘‘ഒരാണും ... ഒരു പെണ്ണും .... മകൻ അമേരിക്കയിൽ ആണ്.... മകൾ നാട്ടിൽ തന്നെ ഉണ്ട്... ഡോക്ടറാണ്...’’

 

അയാൾ പിന്നേയും തുടർന്നു  ....

 

‘‘മകൻ പ്ലസ്ടു വരെ അബുദാബിയിൽ ആയിരുന്നു..... ജെംസ് സ്കൂളിൽ...’’

 

‘‘മകൻ വളരെ ബ്രില്യന്റ് ആയിരുന്നു .... ജെംസിൽ അവനായിരുന്നു പ്ലസ്ടു വരെ എന്നും ഫസ്റ്റ്... ഇടയ്ക്ക് ഒരു നവീൻ ആകും.. പിന്നെ ഒരു സച്ചിൻ... ആ പയ്യൻ ബോംബെക്കാരൻ ആയിരുന്നു.... ഇവർ മാറി മാറി വരും...’’

 

മകനെ കുറിച്ച് അഭിമാനത്തോടെ അയാൾ സംസാരിക്കാൻ തുടങ്ങി.....

 

‘‘പ്ലസ്ടു കഴിഞ്ഞ് അവൻ അമേരിക്കയിൽ പോയി... ബി എസ് പഠിക്കാൻ... പിന്നെ എം എസ് ചെയ്തു... പിന്നെ സി എഫ് എ ചെയ്തു...’’

 

ഞങ്ങൾ ചോദിക്കാതെ തന്നെ അയാൾ പറഞ്ഞുകൊണ്ടിരുന്നു... പിന്നെ അൽപ്പ സമയം ഒന്ന് നിർത്തി.., തലയാട്ടി കേട്ടു കൊണ്ടിരുന്ന ഞങ്ങളെ നോക്കി.... നിർത്തി നിർത്തി അയാൾ പറയാൻ തുടങ്ങി...

 

‘‘ബട്ട്… ഐ ലോസ്റ്റ്... മൈ സൺ....’’

 

ശബ്ദം പതറിയിരുന്നില്ല എങ്കിലും അപ്പോൾ അയാളുടെ മുഖത്ത് വല്ലാത്ത ഒരു നഷ്ടബോധം നിഴലിച്ചു.. അഭിമാനത്തോടെ പറഞ്ഞു കൊണ്ടിരുന്ന അയാൾ നിമിഷ നേരം കൊണ്ട് വികാരാധീനനായി. അയാളുടെ ആ വാക്കുകൾ കേട്ട് ഞങ്ങളും ഒന്ന് ഞെട്ടി  ....

 

അയാളുടെ മകന് എന്തു പറ്റി ....?  ഒരു നിമിഷം ആലോചിച്ചു ....

 

‘‘ഹി സെറ്റിൽഡ് ഇൻ അമേരിക്ക... അവൻ ഒരു അമേരിക്കക്കാരൻ ആയി മാറിക്കഴിഞ്ഞു... നമുക്കു പറ്റാത്ത കൾച്ചറും സ്വഭാവവും ..

 

നിങ്ങൾക്കറിയോ... ഒരു ന്യൂ ഇയർ വിഷ് .... വല്ലപ്പോഴും ബാപ്പച്ചി എന്ന വിളി..... അതു പോലും ഇല്ല... ഒരു മെസേജ് അയച്ചാല്ലോ വിളിക്കാൻ നോക്കിയാലോ അവനെ കിട്ടില്ല, തിരക്കായിരിക്കും ...... 

 

....എനിക്ക് അവനെ നഷ്ടപ്പെട്ടു....’’

 

അയാൾ വീണ്ടും അതു തന്നെ പറഞ്ഞു....

 

പിന്നെ അയാൾ എഴുന്നേറ്റു. മുന്നിലെ മേശപ്പുറത്തിരുന്ന തളിക കയ്യിലെടുത്ത്, ഞങ്ങൾക്കു നേരെ നടന്നടുത്തു ...

 

‘‘ഞാൻ നിങ്ങൾക്ക് വേണ്ടി സുലൈമാനി ഉണ്ടാക്കിയിട്ടുണ്ട്....’’

 

അയാൾ സ്പടിക പാത്രങ്ങളുടെ മൂടി തുറന്ന് തളിക ഞങ്ങളുടെ മുന്നിലേക്ക് നീട്ടി....

 

ഒന്നിൽ ബദാം... ഒന്നിൽ പിസ്ത, അടുത്തതിൽ വാൾനട്ട്... പിന്നെ വലിയ കജൂർ.....

 

‘‘എടുക്കൂ..’’

 

ആ തളിക നീട്ടി അയാൾ നിർബന്ധിച്ചപ്പോൾ ബോസ് രണ്ട് ബദാം എടുത്തു..... പിന്നെ അയാൾ എനിക്ക് നേരെ നീട്ടി....അയാളെ വിഷമിക്കണ്ട എന്നു കരുതി , ഒരു പിസ്തയും, കജൂറും എടുത്തു... പിന്നെ അയാൾ മേനോനു നേരെ നടന്നു....

 

തളിക തിരികെ മേശപ്പുറത്തു വെച്ച് അയാൾ അകത്തേക്കു പോയി... അതുവരെ അയാളെ കേട്ടുകൊണ്ടിരുന്ന ഞങ്ങൾ മുഖത്തോട് മുഖം നോക്കി .....

 

‘‘ഇയാളുടെ ഭാര്യ എവിടെ .... മരിച്ചു പോയോ ....?’’

 

മേനോനോട് തിരക്കി ...

 

‘‘അവർ അമേരിക്കയിലെ മകന്റെ അടുത്താണെന്ന് തോന്നുന്നു.... അതിൽ , ഇവർ തമ്മിലെന്തൊക്കെയോ പ്രശ്നം ഉണ്ട്....’’

 

മേനോന് വ്യക്തമായി ധാരണ ഇല്ലായിരുന്നു.

 

അൽപ്പ സമയത്തിനകം അയാൾ തിരികെ വന്നു.... അപ്പോൾ അയാളുടെ കയ്യിൽ വലിയ ഒരു കൂജയും ഭംഗിയുള്ള നാല്, ചെറിയ കുപ്പി ഗ്ലാസ്സുകളും ഉണ്ടായിരുന്നു... ആ പാത്രങ്ങൾ കൗതുകം ഉണർത്തുന്നതായിരുന്നു.... കൊത്തുപണികളാൽ തീർത്ത മനോഹരമായ ആ കൂജയിൽ സ്വർണ്ണ നിറത്തിൽ തകിടുകൾ ചുറ്റിയിരുന്നു ....ആ ഗ്ലാസ്സുകളാകട്ടെ വളരെ ചെറുതും അൽപ്പം മാത്രം നിറക്കാൻ കഴിയുന്നതുമായിരുന്നു.....

 

‘‘ആരും ഇല്ലാത്തതുകൊണ്ട് ഞാൻ തനിയെ തയാറാക്കിയതാണ് ...’’

 

അയാൾ വീണ്ടും പറഞ്ഞു... പിന്നെ ഗ്ലാസ്സുകൾ തളികയിൽ വെച്ച്, കൂജ ഗ്ലാസ്സിലേക്ക് കമിഴ്ത്താൻ തുടങ്ങി....

 

പക്ഷേ എത്ര ശ്രമിച്ചിട്ടും ആ കൂജയിൽ നിന്ന് ഒന്നും പുറത്തു വന്നില്ല .... ഇനി അതിൽ ഒന്നും കാണില്ലേ.... !! ഞങ്ങൾ മുഖത്തോട് മുഖം നോക്കി... പക്ഷേ ശ്രമം ഉപേക്ഷിക്കാതെ അയാൾ കൂജ ചെരിച്ചും മറിച്ചും നോക്കി.. പിന്നെ എന്തോ കണ്ടെത്തിയ പോലെ, കൂജ നിവർത്തി പിടിച്ച് മുകൾ ഭാഗത്ത് തിരിക്കാൻ തുടങ്ങി.... വീണ്ടും കൂജ ഗ്ലാസ്സിലേക്ക് കമിഴ്ത്തി....

 

ഇപ്പോൾ അൽപ്പാൽപ്പമായി ആ സുലൈമാനി ഗ്ലാസ്സിലേക്ക് ഒഴുകാൻ തുടങ്ങി... വളരെ പെട്ടെന്ന് തന്നെ ആ ചെറിയ ഗ്ലാസ്സ് നിറഞ്ഞു... അടുത്ത ഗ്ലാസ്സുകൾ നിറക്കുമ്പോൾ അയാൾ പറഞ്ഞു....

 

‘‘ഇതൊക്കെ അബുദാബിയിൽ നിന്നും കൊണ്ടുവന്നതാ... ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ല... ആരേലും വന്നാലല്ലേ ഉപയോഗിക്കാൻ പറ്റൂ ... ഇവിടെ ഉള്ള പലതും എങ്ങനെയാ ഉപയോഗിക്കേണ്ടത് എന്നു പോലും അറിയില്ല...’’

 

ഗ്ലാസ്സുകൾ നിറച്ച് ഞങ്ങൾ ഓരോരുത്തരുടേയും അടുത്തേക്ക് വന്ന് അയാൾ ഗ്ലാസ്സുകൾ കൈമാറി.... ഒന്ന് ചുണ്ടു നനക്കാൻ മാത്രമുള്ള ആ സുലൈമാനി കുടിച്ച് ഞങ്ങൾ നിർവൃതി കൊണ്ടു....

 

‘‘ഇക്കേം കുടിക്ക്... ഞങ്ങൾക്ക് മാത്രം തന്നാൽ പോരല്ലോ....’’

 

രണ്ടു മൂന്നുതവണ അയാളുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ട് പരിചയമുള്ള മേനോൻ അയാളെയും നിർബന്ധിച്ചു .....

 

നിറഞ്ഞ ഒരു ഗ്ലാസ്സ് എടുത്ത് ചുണ്ടോട് ചേർത്ത് നുണഞ്ഞ് തിരികെ തളികയിൽ വെച്ച് അയാൾ പറയാൻ തുടങ്ങി...

 

‘‘ഈ വീട്ടിൽ അഞ്ച് ബെഡ്റൂമുകൾ ഉണ്ട്... ഇതു പോലുള്ള രണ്ട് സ്വീകരണ മുറികളുണ്ട് .... സ്ത്രീകൾക്ക് സംസാരിച്ചിരിക്കാൻ വേറെ ഒരു മുറിയുണ്ട് .... ഇതൊക്കെ ആർക്കു വേണ്ടിയാ ഉണ്ടാക്കിയേ എന്ന് ഞാൻ പലപ്പോഴും ആലോചിക്കും ....

 

...പലതും ഇതുവരെ ഉപയോഗിച്ചിട്ടില്ല... ഈ വീട്ടിൽ ഏഴ് ബാത്ത്റൂമുകൾ ഉണ്ട്.... നമ്മൾ എന്ത് മണ്ടത്തരം ആണല്ലേ ചെയ്യുന്നത്...

 

നാല്പതു വർഷം ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടു ..... ഒരുപാടു കാശ് ഉണ്ടാക്കി, സ്ഥലങ്ങൾ വാങ്ങി... പക്ഷേ എന്തിന് , ആർക്കു വേണ്ടി......?’’

 

അയാൾ പറഞ്ഞു കൊണ്ടിരുന്നു... ഞങ്ങൾ നിശബ്ദരായി കേട്ടു ..

 

‘‘ഗൾഫിൽ അറബികളുടെ മുന്നിൽ ഇങ്ങനെ ഓച്ഛാനിച്ച് നിക്കണം ... അത് മതിയായതു കൊണ്ടാണ് ഇങ്ങോട്ടു പോന്നത്.... ഇവിടേയും സ്ഥിതി വ്യത്യസ്ഥമൊന്നുമല്ല... എന്നാലും ‘തൻ നാട് പൊൻ നാട് ’ എന്നാണല്ലോ...’’

 

പറയുന്നതിന് അനുസരിച്ച് കൈ മുഖത്തേക്ക് അടുപ്പിച്ച് അയാൾ ആംഗ്യങ്ങൾ കാട്ടി.. പിന്നെ, പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ ഞങ്ങളെ നോക്കി ....

 

അതെ അതെ , ഞങ്ങൾ തലയാട്ടി.....

 

‘‘എന്റെ മകനുണ്ടല്ലോ... അവൻ അവന്റെ ഇഷ്ടത്തിന് ഒരു പെണ്ണിനെ കെട്ടി.... കെട്ടി കഴിഞ്ഞ്, കല്യാണം കഴിഞ്ഞു എന്ന് വിളിച്ചു പറഞ്ഞു... അതും ഒരു അമേരിക്കക്കാരിയെ ....’’

 

ഒന്നു നിർത്തി അയാൾ വീണ്ടും തുടർന്നു .....

 

എനിക്ക് ഇനി എന്റെ മകനെ കിട്ടില്ല.... അവൻ ഇനി ഇങ്ങോട്ട് വരുകയേ ഇല്ല.... പിന്നെ ഇതൊക്കെ ആർക്കുവേണ്ടിയാ....

 

‘‘സാറിന്റെ മോളുടെ അടുത്തു പോകാറില്ലേ....?’’

 

അയാൾ പറഞ്ഞു നിർത്തിയപ്പോൾ ചോദിച്ചു ....

 

‘‘ഇടയ്ക്കു പോകും.... എത്രാന്ന് വെച്ചാ അവിടെ പോയി നിൽക്കാ...’’

 

പിന്നെ, ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അയാൾ സംശയത്തോടെ ചോദിച്ചു....

 

‘‘ഞാൻ ഒരുപാട് വർത്തമാനം പറയുന്നുണ്ടല്ലേ....?’’

 

ആ വർത്തമാനങ്ങൾ കേട്ട് അയാൾക്ക് കാര്യമായ വല്ല കുഴപ്പവുമുണ്ടോ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ....

 

വന്ന കാര്യം മറന്ന് അയാളുടെ കഥയിൽ മുഴുകി പോയല്ലോ എന്ന ചിന്തയിൽ പിന്നെ അയാൾ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് ചോദിച്ചു ....

 

‘‘ഞങ്ങൾ വന്ന കാര്യം അറിയാല്ലോ... ഇക്കയുടെ ആ കല്യാണ മണ്ഡപത്തിനടുത്തുള്ള സ്ഥലം ഞങ്ങൾക്ക് ഇഷ്ടമായി.... അപ്പോ എങ്ങനാ  അത് ഒന്ന് തീർക്കേണ്ടത് എന്നു പറഞാൽ....’’

 

ഞാൻ പറഞ്ഞു നിർത്തിയതും അയാൾ മേനോനെ നോക്കി .... പിന്നെ, പതിയെ പറഞ്ഞു...

 

‘‘ഞാൻ പറഞ്ഞിരുന്നു .... കാശിന് ആവശ്യം ഉണ്ടായിട്ട് ഒന്നുമല്ല .... പിന്നെ നോക്കാൻ ആളു വേണ്ടേ ... ഇവിടുന്ന് കുറച്ചകലെ പത്തേക്കറ് തോട്ടം വേറെ ഉണ്ട്.... പിന്നെ ആ ബിസ്മിയുടെ അവിടെ ഒരു മുപ്പത് സെന്റ്.... ഇതെല്ലാം ഞാൻ എന്തു ചെയ്യാനാ...?’’

 

അയാൾ അയാളുടെ പ്രശ്നങ്ങൾ പിന്നേയും പറയാൻ തുടങ്ങി ....

 

‘‘അതിനോട് തൊട്ടടുത്ത സ്ഥലം ഒരു നാല് കൊല്ലം മുൻപ് നാലര ലക്ഷം രൂപക്കാണ് പോയത്..... ഇത്ര കാലം ആയില്ലേ .... അതുകൊണ്ടാണ് ഞാൻ അഞ്ചു ചോദിച്ചത് ...’’

 

എന്താണ് പറയേണ്ടത് എന്ന മട്ടിൽ ഞങ്ങൾ പരസ്പരം നോക്കി .... നമുക്ക് ഒന്ന് സ്വകാര്യമായി സംസാരിക്കാം എന്ന് കണ്ണു കൊണ്ട് കാണിച്ച്, ഒരു മിനിറ്റ് ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.....

 

‘‘അയാൾ ഇത്ര ജെനുവിൻ ആയി പറയുമ്പോൾ എങ്ങനാ വെറുതെ നെഗോഷ്യേറ്റ് ചെയ്യാ ..... കൊടുക്കാവുന്ന ഒരു വില പറയേണ്ടിവരും....’’

 

‘‘നമുക്ക് നാല് പറയാല്ലേ.....?’’

 

രഹസ്യ സംഭാഷണം അവസാനിപ്പിച്ച് വീണ്ടും മുറിയിലേക്ക് കയറി ബോസ് സംസാരിക്കാൻ തുടങ്ങി.....

 

‘‘ഇത് വലിയ ഒരു ഡീൽ ആണല്ലോ.... അതും ഒരേക്കറ്..... ഒരു നാലിന് തരുകയാണെങ്കിൽ വി വിൽ ബി മോർ ദാൻ ഹാപ്പി ...’’

 

ബോസിന്റെ വാക്കു കേട്ട് അൽപ്പ സമയം അയാൾ ആലോചനയിൽ  ഇരുന്നു... അയാളുടെ മുഖം അപ്പോഴും സൗമ്യമായിരുന്നു... , പിന്നെ നിർത്തി നിർത്തി പറയാൻ തുടങ്ങി....

 

‘‘നാലു ലക്ഷം... ഞാൻ പറഞ്ഞില്ലേ... നാലു വർഷം മുൻപ് നാലര ലക്ഷത്തിന് ...’’

 

എന്താണ് ഇനി പറയേണ്ടത് എന്നറിയാതെ വാക്കുകൾക്കായി അയാൾ പരതുന്ന പോലെ തോന്നി...

 

‘‘ഇക്ക ഒന്ന് ആലോചിച്ച് മെല്ലെ പറഞ്ഞാൽ മതി.... തിരക്കില്ല ...’’

 

അയാൾ പറഞ്ഞു നിർത്തിയതും ഞാൻ സൂചിപ്പിച്ചു.....

 

‘‘ഞാൻ പറഞ്ഞൂല്ലോ... കാശിന് വേണ്ടീട്ട് അല്ല .... നോക്കാൻ ആളില്ലാത്തോണ്ടാ... ഇപ്പോ തന്നെ ഒരു പയ്യനെ അവിടെ പറഞ്ഞ് അയച്ചിട്ടുണ്ട്, പറമ്പു നോക്കാൻ വേണ്ടി... കപ്പ വലുതായി തുടങ്ങി .... പിന്നെ അതിൽ പ്ലാവുണ്ട്, മാവുണ്ട് , പപ്പായ ഉണ്ട് ....’’

 

‘‘ഇക്ക അവിടുത്തെ ചെടികളോടൊക്കെ സംസാരിക്കുന്ന ആളാ...’’

 

അയാൾ പറയുന്നതിന് ഇടയിൽ കയറി മേനോൻ പറഞ്ഞു... അത് കേട്ട് അയാൾ തലയാട്ടി..

 

‘‘ശരിയാണ്..., ഞാൻ പറമ്പിൽ പോയാൽ അവിടുത്തെ പ്ലാവിനോടും മാവിനോടും ചെടികളോടും ഒക്കെ സംസാരിക്കും ..... എനിക്ക് സംസാരിക്കാൻ ആരെങ്കിലും വേണ്ടേ ....? ഇടയ്ക്ക് തോന്നും എനിക്ക് വട്ടാണെന്ന് ...’’

 

അത് പറഞ്ഞ് അയാൾ ചിരിക്കാൻ തുടങ്ങി... നിഷ്കളങ്കമായി .... കൂടെ ഞങ്ങളും.....

 

‘‘വർഷങ്ങളോളം ഞാൻ പ്രവാസി ആയി... ഇവിടെ വന്നിട്ടും തുടരുന്ന പ്രവാസം... ഈ ഡീല് നടന്നാലും ഇല്ലെങ്കിലും, നിങ്ങൾ ഇവിടെ വരണം... ഇടയ്ക്ക് പരിചയം പുതുക്കണം... പണം ഒന്നുമല്ല.. നല്ല ബന്ധങ്ങൾ ഉണ്ടാവുക, സംസാരിച്ച് ഇരിക്കുക, അതൊക്കെയാണ് സന്തോഷം ...’’

 

‘‘ഇക്ക ഡെയിലി എനിക്ക് ഗുഡ്മോണിംഗ് അയക്കും...’’

 

വീണ്ടും ഇടയ്ക്കു കയറി മേനോൻ പറഞ്ഞു .... ചിരിച്ചു കൊണ്ട്..

 

‘‘ഞാൻ പലപ്പോഴും ആലോചിക്കും.... ആ സ്ഥലത്ത് ഒരു കബർ പണിതു വെയ്ക്കണം.... എന്നിട്ട് ഞാൻ മരിച്ചാൽ അവിടെ വെയ്ക്കാൻ പറയണം.... 

 

....എനിക്ക് ഉറപ്പുണ്ട്... ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ വീട്ടുകാർ അതിന് മുന്നിൽ വന്ന് പൊട്ടി പൊട്ടി കരയും ’’

 

അയാളുടെ വാക്കുകൾ കേട്ട് മൂകരായി ഇരിക്കുകയായിരുന്നു ഞങ്ങൾ ....

 

‘‘പക്ഷേ, അങ്ങനെ പണിയാൻ ഇവിടെ ആരും സമ്മതിക്കില്ല ... നാട്ടുകാരും അയൽക്കാരും ഒന്നും.... അല്ലെങ്കിൽ ഞാൻ ഒന്ന് പണി കഴിച്ചേനെ....’’

 

അയാൾ ചിരിച്ചു. പിന്നെ, വീണ്ടും നിശ്ശബ്ദനായി ...

 

സമയം നീങ്ങിക്കൊണ്ടിരുന്നു... ഞങ്ങൾക്ക് ഒരുമണിക്കുള്ള തീവണ്ടിക്ക് തിരിച്ചുപോകാൻ ഉള്ളതാണ്. ഞാൻ ബോസിനെ നോക്കി പോകാം എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു.

 

അത് മനസ്സിലാക്കിയ പോലെ ബോസ് എഴുന്നേറ്റു... പിന്നെ പറഞ്ഞു.

 

‘‘അപ്പോ ഇക്കാ.... എല്ലാം പറഞ്ഞതുപോലെ.... നല്ലതുപോലെ ആലോചിച്ച് സാവധാനം പറയുക.... "

 

‘‘ഈ ഡീൽ നടന്നാലും ഇല്ലെങ്കിലും നമ്മൾ തമ്മിലുള്ള ബന്ധം നിലനിൽക്കണം ...’’

 

അയാൾ വീണ്ടും അത് ആവർത്തിച്ചു.....

 

‘‘ഈ ഡീൽ നടക്കും.... നടക്കണം.... ഇല്ലെങ്കിൽ എന്ന ഒന്നില്ല ഇക്കാ...’’

 

അതു പറഞ്ഞത് മേനോനാണ്....

 

ആ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങി ഷൂ കാലിലേക്ക് കയറ്റി ഇറങ്ങാൻ തുടങ്ങുകയായിരുന്നു ഞങ്ങൾ... നിറഞ്ഞ പുഞ്ചിരിയോടെ വാതിൽ പാളിയിൽ പിടിച്ച് അയാൾ ഞങ്ങളെ യാത്രയാക്കാൻ നിന്നു .... മനം മടുപ്പിക്കുന്ന ഏകാന്തതയുടെ ലാഞ്ചന ഏതുമില്ലാതെ പ്രസന്നമായിരുന്നു അയാളുടെ മുഖം... എങ്കിലും, ഹൃദയത്തിലെ ഏതോ കോണിൽ വീണ ഒരു പോറലിന്റെ നൊമ്പരം അയാളുടെ കണ്ണുകളിൽ നിറഞ്ഞിരുന്നോ....??  ആ ചിന്ത നൽകിയ കുഞ്ഞു നോവുമായി പടികൾ ഇറങ്ങുമ്പോൾ മനസ്സിൽ പറഞ്ഞു... 

 

‘‘നിങ്ങൾക്ക് ഒരു വട്ടുമില്ല ഇക്കാ.... വട്ട്..., നിങ്ങളെ ഈ അവസ്ഥയിലാക്കിയ ചിലരില്ലേ... അവർക്കാണ് ...’’

 

Content Summary: Prevasam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com