‘രക്ഷകനെ കാത്തിരിക്കുന്ന ലോകത്തിനു വേണ്ടി ഉപേക്ഷിക്കാൻ എനിക്ക് നീ മാത്രമേയുണ്ടായിരുന്നുള്ളൂ’

krishna-and-radha
Representative Image. Photo Credit : Artone Graphica/Shutterstock.com
SHARE

രാധേ.. (കഥ)

വൃന്ദാവനത്തിൽ നീ ജനിച്ചത് എനിക്കു വേണ്ടിയായിരുന്നു. മറ്റുള്ള ഗോപികമാർ എനിക്കു വേണ്ടി കാത്തിരുന്നപ്പോൾ ഞാൻ കാത്തിരുന്നത് നിനക്ക് വേണ്ടിയായിരുന്നു. പ്രണയത്തിന്റെ ഉന്മാദം ഞാനറിഞ്ഞത് നിന്നിലൂടെയായിരുന്നു. എന്റെ വേണുഗാനവും നിന്റെ നൃത്തവും വൃന്ദാവനത്തെ കുളിരണിയിച്ച യാമങ്ങൾ.. 

കാളിന്ദിയുടെ തീരത്തുള്ള നികുഞ്ജത്തിൽ സുന്ദരമേഘചാർത്തെല്ലാമഴിച്ചുവച്ച് എന്റെ സ്വേദകണങ്ങളെ പുണർന്ന് തരളിതയായി നീ കിടക്കുമ്പോൾ നിന്റെ നിശ്വാസങ്ങളിൽ ഹൃദയമിടിപ്പുകളിൽ ഞാൻ തൊട്ടറിഞ്ഞത് എന്റെ ഹൃദയമിടിപ്പുകൾ തന്നെയായിരുന്നു. 

നാമൊരുമിച്ച നിമിഷങ്ങൾ ബാക്കിയാക്കി അനിവാര്യമായ ജീവിതനിയോഗം സ്വീകരിച്ചുകൊണ്ട് മഥുരയിലേക്ക് പോകേണ്ടി വന്നപ്പോൾ എന്റെ രഥവേഗത്തിന് പിന്നിൽ കൊഴിഞ്ഞുവീണ നിന്റെ കണ്ണീർകണങ്ങളെ ഞാൻ കണ്ടില്ലെന്ന് നടിച്ചു. രക്ഷകനെ കാത്തിരിക്കുന്ന ലോകത്തിന് വേണ്ടി.. അതിന് വേണ്ടി ഉപേക്ഷിക്കാൻ എനിക്ക് നീ മാത്രമേയുണ്ടായിരുന്നുള്ളൂ. 

വിരഹത്തിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിൽ നിന്റെ തേങ്ങലുകൾക്ക് ഞാൻ ചെവികൊടുത്തിരുന്നുവെങ്കിൽ എന്റെ നിയോഗങ്ങളിലേക്ക് എനിക്ക് എത്തിച്ചേരാൻ കഴിയില്ലായിരുന്നു.. അതുകൊണ്ട് മാത്രം എന്റെ പുല്ലാങ്കുഴൽ നിനക്ക് നൽകി തിരിച്ചു നടക്കുമ്പോൾ നിറഞ്ഞു തൂവിയ മിഴികൾ ഞാൻ നിന്നിൽ നിന്നുമൊളിപ്പിച്ചു. 

രാധയെ മറന്നുവോ കൃഷ്ണാ എന്ന ചോദ്യം പലപ്പോഴായി പലരും ചോദിച്ചെങ്കിലും ഞാൻ മറുപടിയേതും പറഞ്ഞില്ല. അർജ്ജുനനോട് മാത്രം ഞാൻ പറഞ്ഞു.. അവനറിയാം.. നിന്നോളം എന്നെ മനസ്സിലാക്കിയത് അവൻ മാത്രമാണ്. പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദനയെന്താണെന്ന് അവനറിയാം. 

സത്യഭാമയും രുക്മിണിയും ജാംബവതിയുമെല്ലാം ജീവിതത്തിലേക്ക് വന്നപ്പോഴും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നീയെപ്പോഴും ഉണ്ടായിരുന്നു. ദ്വാരകയിലെ മട്ടുപ്പാവിൽ തനിച്ചിരിക്കുന്ന നിമിഷങ്ങളിൽ താഴെ ഉദ്യാനത്തിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെ കാണുമ്പോൾ വൃന്ദാവനത്തിൽ എന്നെയോർത്തിരിക്കുന്ന നിന്റെ രൂപം എന്റെ മനസ്സിലും തെളിയും.. നിന്നെ ഓർക്കാത്ത നിമിഷങ്ങൾ എനിക്കുണ്ടായിരുന്നില്ല.. 

നിയോഗങ്ങളെല്ലാം നിറവേറ്റി ഒടുവിലൊരു വ്യാധന്റെ അമ്പേറ്റ് പ്രാണൻ വെടിയുന്ന നിമിഷത്തിലും നിന്നെക്കുറിച്ചു ഞാനോർത്തു. യുഗങ്ങളെത്ര കഴിഞ്ഞാലും നീ എന്നിലും ഞാൻ നിന്നിലുമെന്നുമുണ്ടാകുമെന്ന് അതുവരെ നേടിയെടുത്ത തപശക്തിയെ മുൻനിർത്തി ഞാൻ മനസ്സാൽ സ്വയം എനിക്കും നിനക്കും വരം നൽകി. 

കാലങ്ങൾ പിന്നെയുമെത്രയോ കൊഴിഞ്ഞു വീണു. നമ്മുടെ പേരുകൾ പ്രണയം എന്ന വികാരത്തിന്റെ മറുവാക്കായി മാറി. എന്റെ പേരിനോടൊപ്പം ചേർത്ത് നിന്റെ പേരും എല്ലാവരും ഓർത്തു കൊണ്ടിരുന്നു. ഇന്നും അവർ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. 

കൃഷ്‌ണൻ രാധയെ സ്നേഹിച്ച പോലെയെന്നും രാധ കൃഷ്ണനെ സ്നേഹിച്ചപോലെയെന്നുമൊക്കെ അഭിനവകാലത്തിലും പ്രണയിതാക്കൾ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നു. ജന്മങ്ങളെത്ര കടന്നുപോയി. നമ്മൾ വീണ്ടും വീണ്ടും ജനിച്ചുകൊണ്ടേയിരുന്നു.

കാതോർത്താൽ വൃന്ദാവനത്തിൽ കാളിന്ദിയൊഴുകുന്ന ശബ്ദം എനിക്ക് ഇപ്പോഴും കേൾക്കാം.. പാരിജതമലരുകൾ സുഗന്ധം ചൊരിയുന്ന നികുഞ്ജത്തിനുള്ളിൽ നമ്മൾ.. നൂപുരമുലയുന്ന ശബ്ദം.. എന്റെ കരലാളനങ്ങളിൽ നിർവൃതിപൂണ്ട് ഉയരുന്ന നിന്റെ നിശ്വാസങ്ങൾ.. പ്രണയോന്മാദത്തിന്റെ അലമാലകൾ തീർത്തു നാമങ്ങനെ.. 

രാധേ.. പ്രണയിച്ചു കൊതി തീരാതെ നമ്മൾ ഇനിയും ജനിച്ചു കൊണ്ടേയിരിക്കും.വൃന്ദാവനത്തിൽ ബാക്കിവെച്ചുപോയ നമ്മുടെ പ്രണയം പൂർണ്ണമാക്കുവാൻ നമ്മൾ പിറവിയെടുത്തുകൊണ്ടേയിരിക്കും.. യുഗങ്ങളെത്ര കഴിഞ്ഞാലും..

Content Summary: Radhe, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;