നാട്ടുകാർ പലതും പറയും, പറഞ്ഞു കേട്ടതു മാത്രമല്ല ശരിക്കുള്ള മനുഷ്യൻ

elderly-man
Representative Image. Photo Credit : Abie Davies/Shutterstock.com.
SHARE

കാത്തിരിപ്പ് (കഥ)

‘‘തങ്കം.... തങ്കം....’’ വലിയമ്മ നീട്ടിവിളിക്കുന്നതുകേട്ട് ഉണ്ണി ഉമ്മറത്തെത്തി. അപ്പോഴേക്കും അമ്മയും എത്തിയിരുന്നു

‘‘ന്താ.... ഏടത്ത്യമ്മേ?’’

‘‘നമ്മ്ടെ ചന്ദ്രോത്തെ ഭാസ്ക്കരൻ നായര് ഇന്നലെ രാത്രി മരിച്ചൂത്രെ!’’

അമ്മയുടെ മുഖത്ത് ഒരു ഞെട്ടൽ. അവിശ്വസനീയതയുടെ ചുളിവുകൾ നിലനിർത്തിക്കൊണ്ട് അമ്മ പറഞ്ഞു.

‘‘ചന്ദ്രോത്തെ അമ്മമ്മയല്ലെ ആശുപത്രീല്. നിങ്ങള് വിളിക്കണ് കേട്ടപ്പോ ഞാൻ കരുതീത്...’’

അമ്മ നിർത്തിയടത്തു നിന്ന് വലിയമ്മ തുടർന്നു.

‘‘കെടക്കണതവരാച്ചാലും മരിച്ചത് ഭാസ്ക്കരൻ നായരാ... അമ്മമ്മേടെ അടുത്ത് ഇന്നലെ ആളായിരുന്നൂത്രെ. അവിടുന്നന്യ സംഭവിച്ചേ. ഹൃദയാഘാതായിരുന്നൂത്രെ!’’

അതു കേട്ടതും അമ്മ പറഞ്ഞു

‘‘എന്തായാലും ഒട്ടും വിജാരിക്കാത്ത മരണായി.... നാട്ട്കാരൊക്കെ ന്തൊക്കെയാ പറഞ്ഞിരുന്ന്. ദുഷ്ടനാ, കണ്ണീച്ചോര ഇല്ല്യാത്താളാ.... നരകിച്ചെ മരിക്കൂ... ന്നട്ട്പ്പൊ എന്തായി...’’

‘‘ആസ്പത്രീന്ന് ഉച്ചക്കെത്തുംത്രെ!’’

അതും പറഞ്ഞ് വല്ലിയമ്മ വീട്ടിലേക്ക് തിരിച്ച് നടന്നു, അമ്മ അകത്തേക്കും. ഉണ്ണി ഇപ്പോഴും ഞെട്ടലിലാണ് ചന്ദ്രോത്ത് ഭാസ്ക്കരൻ നായർ അല്ല ഭാസ്ക്കരൻമാമ മരിച്ചിരിക്കുന്നു. കുട്ടികളെല്ലാം അദ്ദേഹത്തെ ഭാസ്ക്കരൻമാമ എന്നാണ് വിളിച്ചിരുന്നത്. അവൻ കാത്തിരിക്കുകയാണ്. രണ്ടുദിവസം മുമ്പ് തന്നോട് ചിരിച്ച് സംസാരിച്ച ഭാസ്ക്കരൻമാമ നിശ്ചലനായ് വരുന്നതും കാത്ത്....

രാവിലെ ഭാസ്ക്കരൻ നായർ കുറച്ചകലെയുള്ള തൊടിയിലേക്ക് പോവും, വൈകീട്ടാണ് തിരിച്ച് വരിക. മുടിയെല്ലാം കൊഴിഞ്ഞ് തരിശായ തല. വാർദ്ധക്യത്തിന്റെ ചുളിവീണ മുഖം ഗാംഭീര്യത്തിന്റെ ചായക്കൂട്ട് നിരത്തുന്നു. കൈയിലൊരു കറുത്ത കാലൻക്കുട. ഉച്ചിയിലടിക്കുന്ന വെയിലിനെ തടുക്കാനും വരമ്പത്ത് വളഞ്ഞുനിൽക്കുന്ന പുൽത്തലപ്പുകളെ വകഞ്ഞുമാറ്റാനും തട്ടിത്തടഞ്ഞുവീഴുമെന്ന് തോന്നുമ്പോൾ ഊന്നുവടിയായും ഉപയോഗിക്കുന്നത് ഒരേ കുട. വെളുത്ത മുണ്ടും ഷർട്ടും ഇത്രയുമാണ് അദ്ദേഹത്തിന്റെ ബാഹ്യരൂപം. ഉണ്ണിയുടെ മുറ്റത്തിലൂടെ നടക്കുമ്പൊഴെല്ലാം അദ്ദേഹം ഉണ്ണിയെ അന്വേഷിക്കും.

‘‘ഇവ്ടത്തെ ചെറ്യാളെവിടെ...’’

വൈകുന്നേരങ്ങളിൽ ചന്ദ്രോത്ത് പോയാണ് ടി.വി. കാണുന്നത്. മാമ്പഴക്കാലത്ത് ചെല്ലുമ്പോൾ മിക്കവാറും ഭാസ്ക്കരൻനായർ പഴുത്ത മുവാണ്ടൻമാങ്ങ വെളിച്ചെണ്ണയും മുളകുപൊടിയും പുരട്ടി കഴിക്കുകയാവും. ഉണ്ണി പൂമുഖത്തേക്ക് കയറേണ്ട താമസം അദ്ദേഹം പ്ലേറ്റ് അവനുനേരെ നീട്ടി പറയും.

‘‘എടുത്തോടൊ, നല്ല മധിരള്ള മാങ്ങയ....’’

എണ്ണയിലും മുളകുപൊടിയിലും കുളിച്ച് കിടക്കുന്ന മാങ്ങാക്കഷ്ണമെടുത്ത് നാവിൻതുമ്പിൽ വക്കുമ്പോൾ നീരുറവ പൊട്ടുന്നു, ഉമിനീര് പ്രളയമായി പെരുകുന്നു.

ഉച്ചനേരത്ത് ചെല്ലുന്ന ദിവസങ്ങളിൽ സംഭാരമാണ് ഉണ്ടാവുക. മോരിൽ പേരിനുമാത്രം വെള്ളം ചേർത്ത് ഇഞ്ചിയും നാരകത്തിന്റെ ഇലയും കാന്തരിമുളകും ചതച്ചിട്ട സംഭാരം എത്രയോ നട്ടുച്ചകളിൽ തന്റെ ദാഹത്തിന്റെ അടിവേരറുത്തിട്ടുണ്ട്.

അപ്പോൾ അമ്മ പറയാറുള്ളത് അവൻ ഓർക്കും.

‘‘ന്തൊക്കെ ആയാലും ആൾടെ പണിക്കാർക്ക് ഇഷ്ടംപോലെ തിന്നാന്നും കുടിക്കാനും കൊടുക്കും. ഒരു പിശുക്കൂല്ല്യാണ്ടെ കാശും കൊടുക്കും.’’

ഒരുനട്ടുച്ചക്ക് ഉണ്ണി ചന്ദ്രോത്തെ കോലായിലിരുന്ന് ടി.വി. കാണുമ്പോൾ പുറത്തു നിന്ന് ആരോ വിളിക്കുന്നു. ഉമ്മറത്തെ ചാരുകസേരയിൽ ഭാസ്ക്കരൻനായരും ഉണ്ട്....

‘‘മൂത്താരേ.... മൂത്താരേയ്....’’

‘‘ആരാത്!’’

‘‘രാമനാന്നേ...’’

ഭാസ്ക്കരൻനായരുടെ തൊടിയിലെ പണിക്കാരനാണ്.

‘‘ന്താ, രാമാ...’’

‘‘നാളേണ് കുട്ട്യേ ആസ്പത്രീലാക്കാൻ പറഞ്ഞ്ട്ട്ള്ളത്. ന്റേലാച്ച ഒന്നൂല്ല മൂത്താരേ...’’

‘‘ഇയ്യ് ഇരിക്ക്...’’

അതുപറഞ്ഞ് അകത്തേക്ക് പോയ ഭാസ്ക്കരൻനായർ ഒരുകെട്ട് പണം കൊണ്ടുവന്ന് രാമനുകൊടുക്കുന്നത് ഉണ്ണി കണ്ടു.

അപ്പോൾ വിറക്കുന്ന ചുണ്ടുകളോടെ കൈകൂപ്പിക്കൊണ്ട് രാമൻ പറഞ്ഞു.

‘‘മൂത്താര് ഞങ്ങടെ തൈവാണ്...’’

അത് പറഞ്ഞ് തീരുമ്പോൾ അയാളുടെ വൃത്തിഹീനമായ ചെമ്പൻമീശയിലൂടെ കണ്ണീരിന്റെ കുത്തൊഴുക്കുണ്ടായിരുന്നു.

ഒരു വൈകുന്നേരം തൊടിയിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം ഉണ്ണിയുടെ അമ്മയോട് ചോദിച്ചു.

‘‘ചെറ്യാളെ നാളൊന്ന് കൂടെ വിട്വൊ? ഒറ്റപ്പാലത്തക്കാണ്. കോടതിക്കാര്യത്തിനാ. ഒറ്റയ്ക്ക് പോവാൻ വയ്യ!’’

‘‘അതിനെന്താ അവനെ പറഞ്ഞയക്കാലൊ ’’ അച്ഛനാണ് മറുപടി പറഞ്ഞത്. 

അടുത്ത ദിവസം അതിരാവിലെ ഭാസ്ക്കരൻനായരും ഉണ്ണിയും യാത്രത്തുടങ്ങി. രാത്രി വേട്ടക്കുപോയിരുന്നതും പലരേയും കേസ് പറഞ്ഞ് ജയിച്ചതും തന്നേക്കാൾ പോന്നവരെ തല്ലിത്തോൽപ്പിച്ചതും യൗവനം ആഘോഷമാക്കിയതും അങ്ങനെയങ്ങനെ ഭാസ്ക്കരൻനായർ ഉണ്ണിക്കുമുമ്പിൽ കഥകളുടെ രസച്ചരട് പൊട്ടിച്ചിട്ടു. ഇഷ്ടഭക്ഷണങ്ങളും മാസ്മരിക കഥകളുമായി ആ പകൽ മുഴുവൻ അവർ ചേർന്നിരുന്നു. വക്കീലാപ്പീസിലും മറ്റും അവനെ പുറത്തിരുത്താതെ കൂടെയിരുത്തി. നാട്ടുകാർ പറഞ്ഞുകേട്ട ക്രൂരനായ മനുഷ്യനിൽ നിന്ന്, വേട്ടപ്പട്ടിയുമായി വേട്ടക്കിറങ്ങുന്ന, ശത്രുക്കളെ തോക്കിന്റെ പാത്തിക്കടിച്ച് വിസർജ്യം തീറ്റിക്കുന്ന, എതിർക്കുന്നവന്റെ നെഞ്ചുപിളർക്കാൻ മടിയില്ലാത്ത ഭാസ്ക്കരൻ നായരിൽ നിന്ന് ഉണ്ണി ഒരു പച്ചമനുഷ്യനെ കണ്ടെത്തി. കൂടെ നിൽക്കുന്നവരെ വിശപ്പറിയിക്കാത്ത, ചേർന്നു നിൽക്കുന്നവരെ പുറത്തിരുത്താത്ത, കഥകളും പൊട്ടിച്ചിരികളും എല്ലാം നിറഞ്ഞ ഒരു പച്ചമനുഷ്യൻ.

ആ യാത്രക്കുശേഷം അദ്ദേഹം മുറ്റത്തിലൂടെ തൊടിയിലേക്ക് പോവുകയും വരികയും ചെയ്യുമ്പോൾ അവൻ ചിരിക്കുകയും കുശലം പറയുകയും ചെയ്തുതുടങ്ങി. ആ ചിരിയാണ് ഇപ്പോൾ മറഞ്ഞിരിക്കുന്നതെന്ന് അവൻ ഓർത്തു. അദ്ദേഹത്തെ കുറ്റംപറഞ്ഞിരുന്നവരാരും ഒരിക്കൽപോലും അദ്ദേഹത്തിന് നേരെ നിന്ന് ഒച്ചയനക്കുന്നത് അവൻ കണ്ടിട്ടില്ല. ദുരിത മരണം ആഗ്രഹിച്ചവരുടെ മുന്നിൽ നിമിഷാർദ്ധങ്ങളുടെ വേദന മാത്രം ചവച്ചിറക്കി ഭാസ്ക്കരൻമാമ ഒരിക്കൽക്കൂടി വിജയിച്ചിരിക്കുന്നു. 

അപ്പോഴും അവൻ അമ്മ പറയാറുള്ളത് ഓർത്തു.

‘‘ന്തൊക്കെ ആയാലും ആൾടെ പണിക്കാർക്ക് ഇഷ്ടംപോലെ തിന്നാന്നും കുടിക്കാനും കൊടുക്കും. ഒരു പിശുക്കൂല്ല്യാണ്ടെ കാശും കൊടുക്കും.’’

ഈ ലോകത്തിലെ ഏറ്റവും വലിയ വേദന വിശപ്പാണെന്നും അനേകങ്ങളുടെ ആ നോവിൽ മരുന്ന് പുരട്ടിയതുകൊണ്ടാണ് വേദനത്തിന്നാതെ മരണത്തിലും ശത്രുക്കൾക്കു മുമ്പിൽ അദ്ദേഹം ജയിച്ചതെന്ന് തിരിച്ചറിയാൻ വേണ്ട വിവേകം കുരുന്നുമനസ്സിന് ഉണ്ടായിരുന്നു.... അവൻ ദീർഘമായൊന്ന് നിശ്വസിച്ച് ആ മനുഷ്യന്റെ മൃതശരീരം വരുന്നതും കാത്തിരുന്നു. ദൂരെ ഒരു തോക്ക് തിരത്തുപ്പുന്നത്പോലെ തോന്നി. കുറുക്കനും കറുനരിയും ഭയന്ന് മാളത്തിൽ ഒളിക്കുന്നതു പോലെ, കൂടിയാൻമാർ അന്തിക്ക് കൂലി വാങ്ങി പൊട്ടിച്ചിരിക്കുന്നതുപോലെ തോന്നി. അപ്പോഴേക്കും ചുറ്റിലും കൂടിത്തുടങ്ങിയവർ ഇന്നലെ ദുരിതമരണം ആഗ്രഹിച്ചവർ അദ്ദേഹത്തെ വാഴ്ത്തിത്തുടങ്ങിയിരുന്നു.... ചുറ്റിലും പെരുകുന്ന ശബ്ദങ്ങളൊന്നും അവനെ ബാധിക്കുന്നില്ല. അവൻ ഇപ്പോഴും കാത്തിരിപ്പിലാണ്...

Content Summary: Kathirippu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA
;