‘വാർദ്ധക്യത്തിന്റെ പടിവാതിലിലും തനിക്കു പ്രണയിക്കാൻ ആവുന്നതെങ്ങനെ, അവൾ അതിശയിച്ചു’

happy-senior-couple
Representative Image. Photo Credit : Ruslan Huzau/Shutterstock.com.
SHARE

വൈകിയെത്തിയ വസന്തം (കഥ)

വാർദ്ധക്യത്തിന്റെ പടിവാതിലിലും തനിക്കു പ്രണയിക്കാൻ ആവുന്നതെങ്ങനെ എന്നവൾ അതിശയിച്ചു. ഇനിയൊരിക്കലും തളിർക്കില്ല എന്ന് കരുതിയ വികാരങ്ങൾ ഒന്നായി ഉയർത്തെഴുന്നേൽക്കുന്ന പോലെ.

അവളുടെ മനസ് വായിച്ചെന്നപോലെ,

ചുളിവ് വീണ് തുടങ്ങിയ അവളുടെ നെറ്റിത്തടത്തിൽ ഒരു ഉമ്മ കൊടുത്തു രവി. അവളുടെ നരച്ചു തുടങ്ങിയ മുടിയിഴകളെ തലോടി മുഖം ഉയർത്തിയപ്പോൾ അയാളുടെ കണ്ണിൽ നിന്നും ചൂട് കണ്ണുനീർ അവളുടെ മുഖത്ത് വീണു.

രവി ആ കട്ടിലിൽ ഇരുന്ന് ഗീതയുടെ കരതലം തന്റെ ഉള്ളം കൈയിൽ എടുത്തു തലോടി. അവളുടെ കൈകൾ പതിയെ രവിയുടെ കയ്യിൽ പിടുത്തമിട്ടു. കഴിഞ്ഞതൊക്കെ മറക്കാം ഗീതേ. ഇനിയും നമുക്ക് സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒരുപാട് സമയം ഉണ്ടല്ലോ.

അവളുടെ കണ്ണുകൾ നിറയുന്നതും തന്റെ കയ്യിലെ പിടിത്തം മുറുകുന്നതും രവിയുടെ ഹൃദയത്തിൽ വല്ലാത്ത പിടച്ചിൽ ഉണ്ടാക്കി. മനസ്സ് വല്ലാതെ ആർദ്രമാകുന്ന പോലെ. അവളുടെ വിരലുകൾ കോർത്തു പിടിക്കുമ്പോൾ കാലം ഒരുപാട് പിന്നോട്ട് ഓടുന്ന പോലെ.

25 വർഷമായി വിവാഹം കഴിഞ്ഞിട്ട്. മോളുണ്ടാകുന്നതു വരെ വലിയ കുഴപ്പം ഒന്നുമില്ലാതെ പോയി. പിന്നെ പതിയെ ചെറിയ വഴക്കുകൾ പതിവായി. എങ്കിലും ഒരു രാത്രിക്ക് അപ്പുറത്തേയ്ക്ക് പിണക്കം കൊണ്ടുപോകാതെ നോക്കിയിരുന്നു. കുറച്ചു നാൾ അങ്ങനെ കഴിഞ്ഞു.

പിന്നീട് പിണക്കങ്ങൾ കൂടുതൽ തീവ്രമായ വഴക്കുകളിൽ കലാശിച്ചു. പരസ്പരം കണ്ടാൽ കടിച്ചു കീറുന്ന അവസ്ഥ. പലപ്പോഴും കുഞ്ഞിന്റെ സാന്നിധ്യം പോലും മറന്നു പോയി.

വലിയ കാരണങ്ങൾ ഒന്നുമില്ലാതെയുള്ള പിണക്കങ്ങൾ ദിവസങ്ങൾ നീണ്ടപ്പോൾ, മകൾക്ക് അത് അസ്വസ്ഥത ഉണ്ടാക്കുന്നു, അവൾ കാര്യങ്ങൾ മനസിലാക്കുന്നു എന്ന് തോന്നിയപ്പോൾ രണ്ടുപേരും രണ്ടു മുറികളിൽ ചേക്കേറി തുടങ്ങി.

മകൾക്ക് വേണ്ടി എല്ലാം സഹിക്കുന്ന, അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയായി ഗീത മാറി. താനും ആർക്കൊക്കെയോ വേണ്ടി ജീവിച്ചു. പലതും മനസിലായിട്ടും ഒന്നും മനസിലാകാത്ത പോലെ മോളും വളർന്നു.

അച്ഛനും അമ്മയുമായി തങ്ങളുടെ മകൾക്ക് വേണ്ടി എങ്ങനെയൊക്കെയോ ജീവിച്ചു. ഒരു അച്ഛന്റെ സ്ഥാനം അല്ലാതെ മറ്റൊന്നും താൻ തന്റെ മകൾക്ക് നൽകിയിരുന്നില്ല എന്ന് രവിയോർത്തു.

മോളിപ്പോ സന്തോഷം ആയിട്ടിരിക്കുകയാവും അല്ലേ രവിയേട്ടാ.

ഗീതയുടെ സ്വരം രവിയെ ചിന്തകളിൽ നിന്നും ഉണർത്തി.

അവളുടെ സന്തോഷം അല്ലേ നമ്മൾ ആഗ്രഹിച്ചതും.. രവി കൂട്ടിച്ചേർത്തു.

ഇല്ലെങ്കിൽ ഇപ്പോ തന്റെ അരികിൽ ഞാൻ ഉണ്ടാകുമായിരുന്നില്ലല്ലോ.

മകൾക്ക് വേണ്ടി തങ്ങളുടെ താല്പര്യങ്ങളെ മാറ്റിവെച്ചിരുന്നു. ഒരുദിവസം മകൾ രണ്ടുപേരോടുമായി പറഞ്ഞു.

എനിക്ക് ഒരാളെ ഇഷ്ടം ആണ് എന്ന്. അവൾ അവൾക്ക് അനുയോജ്യമായ ഒരു ഭർത്താവിനെ കണ്ടെത്തി. ചെറിയ ഒരു എതിർപ്പ് ഗീത പറഞ്ഞതെ മകൾ പറഞ്ഞു..

അമ്മേ, മനസുകൊണ്ട് എനിക്ക് താല്പര്യം ഉള്ള ആളുടെ കൂടെ ജീവിക്കാൻ ആണ് എനിക്കിഷ്ടം. അച്ഛനെയും അമ്മയെയും പോലെ മനസുകൊണ്ട് പൊരുത്തപ്പെടാൻ ആവാത്ത ആളോടൊപ്പം എങ്ങനെ ജീവിക്കും..

പിന്നെ തങ്ങൾ രണ്ടുപേരും എതിർത്തില്ല. വീട്ടുകാരുടെ ആലോചന പ്രകാരം ജാതകവും പൊരുത്തവും ഒക്കെ നോക്കിയിട്ടും തങ്ങൾക്ക് മാനസികമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. പിന്നെ എങ്ങനെ അവളെ പിന്തിരിപ്പിക്കാൻ ആകും.

മകൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയ്ക്ക് അതൊരു നൊമ്പരമായിയെങ്കിലും പുറമെ കാട്ടിയില്ല. പക്ഷേ തന്നോടുള്ള സമീപനം കുറച്ചൊക്കെ മാറി. പലപ്പോഴും സ്നേഹത്തോടെ സംസാരിക്കാനും ചിരിക്കാനും ഒക്കെ തുടങ്ങി.  ഇനി എനിക്ക് ആരാ ഉള്ളതെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. വിവാഹ കാര്യങ്ങളിൽ അച്ഛന്റെ ഇഷ്ടം അനുസരിച്ചു വേണം ഓരോന്ന് ചെയ്യാൻ എന്ന് മോളോട് പറയുമ്പോൾ എന്റെ ഉള്ളിലും ദേഷ്യം കുറഞ്ഞു വന്നിരുന്നു.

വിവാഹം കഴിഞ്ഞു മോൾ പടിയിറങ്ങിയപ്പോൾ ഗീത വല്ലാതെ തളർന്നു പോയി. ഇത്രയും നാൾ ആർക്കു വേണ്ടി ജീവിച്ചോ അവൾ സ്വന്തം ലോകം തിരഞ്ഞെടുത്തു പോയപ്പോ വല്ലാത്ത ഒറ്റപ്പെടൽ പോലെ.

മോൾ ഉണ്ടായിരുന്നത് കൊണ്ട് രവിയും ഗീതയും മൗനത്തിന്റെ തീവ്രത അത്രമേൽ അറിഞ്ഞില്ല. മോൾ പോയപ്പോൾ ഉണ്ടായ സങ്കടം ആണോ, ഒറ്റപ്പെടലിന്റെ വേദന ആണോ, ഇത്രയും നാളത്തെ ഓട്ടപാച്ചിൽ നൽകിയ തളർച്ചയാണോ എന്ന് അറിയില്ല, ഗീത വല്ലാതെ തളർന്നുപോയി. പനിയും മറ്റ് അസ്വസ്ഥതകളും എല്ലാം കൂടി എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ.

തനിക്കു ഒരു ഭർത്താവിന്റെ കടമയും ഉത്തരവാദിത്തവും ഉണ്ടെന്നു തോന്നിയ നിമിഷങ്ങൾ. ഒന്ന് ചാരാൻ ഒരു ചുമൽ വേണം എന്ന് അവൾക്കും തോന്നിയിരിക്കാം. തന്റെ കരുതൽ അവൾ ആഗ്രഹിക്കുന്നപോലെ.

അവൾക്ക് വേണ്ടി മരുന്നും വെള്ളവും ഭക്ഷണവും ആയി താൻ സദാ കൂടെയുള്ളത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

രവിയേട്ടൻ എന്താ ആലോചിക്കുന്നെ..

അവളുടെ ചോദ്യം കേട്ടപ്പോഴാണ് രവി ചിന്തകളിൽ നിന്നും ഉണർന്നത്.

ഞാൻ ആലോചിക്കുകയായിരുന്നെടി, എത്ര വർഷങ്ങൾ ആണ് നമ്മൾ നഷ്ടമാക്കി കളഞ്ഞത്. ഇനി നമുക്ക് ഒന്ന് പ്രേമിക്കണ്ടേ. അയ്യടാ.. വയസ്സനാം കാലത്ത് ഓരോ പൂതി..

അവൾ അത് പറഞ്ഞെങ്കിലും അവളുടെ മിഴികൾ പ്രണയഭാവത്തിൽ തന്നെ നോക്കുന്നത് രവി തിരിച്ചറിഞ്ഞു.

ആരാ പറഞ്ഞെ നമുക്ക് വയസ് ആയിപോയിന്നു. ഇനി നമ്മൾക്കെന്നും ചെറുപ്പമല്ലേ. നീ കേട്ടിട്ടില്ലേ പ്രണയിക്കുന്നവർക്ക് പ്രായം കൂടുകയില്ലെന്ന്. നിന്റെ പനിയൊക്കെ ഒന്ന് കുറഞ്ഞോട്ടെ..

പ്രായം ആയില്ല പോലും.. മുടിയൊക്കെ നരച്ചു തുടങ്ങി. ഇപ്പോഴും കൊഞ്ചക്കമാണ്. പൊക്കോ ഒന്ന്.

രവി അവളുടെ മുഖത്തേയ്ക്ക് നോക്കി, അവൾക്ക് ഇപ്പോ പഴയ ആ പ്രസരിപ്പ് വന്നപോലെ. അയാൾ ഒരു കള്ളച്ചിരിയോടെ അവളുടെ കാതിൽ മെല്ലെ പറഞ്ഞു.

മുടിയെ നരച്ചൊള്ളു, മനസ് ഇപ്പോഴും പഴയ ഇരുപ്പത്തഞ്ചുകാരന്റെ ആണെടി പെണ്ണേ.. അവളുടെ ചുവന്നു തുടുത്ത മുഖം കയ്യിലെടുത്തു അയാൾ പറഞ്ഞു. ചില ഒറ്റപെടലുകൾ, വേർപിരിയലുകൾ അനിവാര്യമാണ് മോളെ, മറ്റ് ചിലതിന്റെ വില അറിയാൻ.

നഷ്ടമാക്കിയ കാലത്തിന്റെ വില അറിയാൻ നമുക്ക് ഒരുപാട് ദൂരം ഓടേണ്ടി വന്നു. ഇത്രയും നാൾ മകൾക്ക് വേണ്ടി അല്ലേ ജീവിച്ചേ. ഇനി നമുക്ക് വേണ്ടി നമുക്ക് ജീവിക്കാം പെണ്ണേ.

അയാളുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞപ്പോൾ അവളുടെ മിഴികൾ പാതി കൂമ്പിപോയി. 

Content Summary: Vaiki ethiya vasantham, Malayalam short story written by Jessy Kottayam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;