ഒരുകാലത്തെ മലയാളിയുടെ നായകസങ്കല്പത്തിന്റെ മറുപേര്, പ്രേംനസീർ

prem-nazir
പ്രേം നസീർ
SHARE

യേശുദാസും ജയചന്ദ്രനുമൊക്കെ ആലപിച്ച മലയാളത്തിലെ സുവർണ്ണ ഗാനങ്ങൾ മനുഷ്യരൂപം പ്രാപിച്ചാൽ അത് പ്രേംനസീറായിരിക്കും. അതാണ് പ്രേംനസീർ എന്ന നിത്യഹരിതനടന് ഞാൻ നൽകുന്ന വിശേഷണം. 

എം.കെ. ചാരി സംവിധാനം ചെയ്ത് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ  അബ്ദുൾഖാദർ എന്ന പ്രേംനസീർ തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ വയലാറും ഭാസ്കരൻമാഷും ശ്രീകുമാരൻതമ്പിസാറും ഒൻവിയും അടക്കം മറ്റനേകം പ്രതിഭകൾ സൃഷ്ടിച്ച മനോഹരങ്ങളായ ഗാനങ്ങൾ അഭ്രപാളിയിൽ മറ്റാര് അവതരിപ്പിക്കുമായിരുന്നുവെന്ന് ഞാൻ ആലോചിക്കാറുണ്ട്. 

രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി മുതൽ പിന്നീടുള്ള മുപ്പതിൽപരം വർഷങ്ങൾ പ്രേംനസീർ എന്ന നടൻ യേശുദാസിന്റെ ശബ്ദം പോലെ മലയാളിയുടെ ജീവിതത്തോട് ചേർന്ന് നിന്നു. അക്കാലത്തെ മലയാളിയുടെ നായകസങ്കല്പത്തിന്റെ മറുപേരായിരുന്നു പ്രേംനസീർ. അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലുമൊക്കെ പെൺകുട്ടികളുടെ സ്വപ്നകാമുകൻ. 

മൂന്ന് പതിറ്റാണ്ടുകൾ നീണ്ടുനിന്ന ചലച്ചിത്രജീവിതത്തിൽ അഭിനയിച്ച എഴുന്നൂറിൽപരം ചിത്രങ്ങളും ചെയ്ത കഥാപാത്രങ്ങളും സുന്ദരഗാനങ്ങളും ഇന്നും അനശ്വരമായിതന്നെ നില നിൽക്കുന്നു. 

കാൽപ്പനികതയുടെ പ്രതിരൂപമായി നിലകൊളളുമ്പോഴും തന്റെ അഭിനയശേഷി പുറത്തെടുത്ത നല്ല ചിത്രങ്ങളും അദ്ദേഹം ചെയ്തു. നിണമണിഞ്ഞ കാൽപ്പാടുകളിലെ പട്ടാളക്കാരനായ തങ്കച്ചനും മുറപ്പെണ്ണിലെ സാധുവായ ബാലനും ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധനും ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലെ വില്ലൻ സ്വഭാവമുള്ള സുരേഷും നദിയിലെ ജോണിയും കള്ളിച്ചെല്ലമ്മയിലെ കുഞ്ഞച്ചനും വിടപറയും മുൻപേയിലെ മാധവൻകുട്ടിയും പടയോട്ടത്തിലെ തമ്പാനും പ്രശ്നം ഗുരുതരത്തിലെ ശുദ്ധനായ രാമമൂർത്തിയും ധ്വനിയിലെ രാജശേഖരൻ നായരുമെല്ലാം പ്രേംനസീർ എന്ന നടന്റെ അഭിനയപ്രതിഭ തെളിയിച്ച കഥാപാത്രങ്ങളായിരുന്നു. 

എങ്കിലും പ്രേംനസീർ എന്ന പേര് മനസ്സിൽ വരുമ്പോൾ എന്റെ ഓർമ്മയിലേക്കാദ്യം വരുന്നത് ഒരുപാട് നല്ല ഗാനങ്ങളുടെ പ്രവാഹമാണ്. യേശുദാസിന്റെ സുന്ദരശബ്ദം അത്രക്കും ഇണങ്ങിയ മറ്റൊരു നടനില്ല.യേശുദാസ് ആദ്യമായി പാടിയ കാൽപ്പാടുകളിൽ പ്രേംനസീർ അഭിനയിച്ചിരുന്നത് കാലത്തിന്റെ നിയോഗമാകാം. 

സത്യഭാമ, ഒരാൾകൂടി കള്ളനായി, സ്നാപകയോഹന്നാൻ, കലയും കാമിനിയും എന്നിങ്ങനെ പിന്നാലെ വന്ന നസീർ ചിത്രങ്ങളിലെല്ലാം യേശുദാസ് പാടിയെങ്കിലും ഇരുവരും ഒത്തു ചേർന്നുള്ള തേരോട്ടം തുടങ്ങിയത് 1964ൽ പുറത്തുവന്ന ഭാർഗ്ഗവിനിലയം എന്ന ചിത്രത്തോടെയായിരുന്നു. ഭാസ്കരൻ മാഷും ബാബുക്കയും ചേർന്നൊരുക്കിയ ‘താമസമെന്തേ വരുവാൻ’ എന്ന അതിമനോഹരഗാനം നാദവും രൂപവും ഒത്തുചേർന്ന വിസ്മയങ്ങളുടെ തുടക്കമായിരുന്നു. 

പാടിയത് നസീർ തന്നെയാണ് എന്ന് വിശ്വസിച്ചുപോകുന്ന അധരപ്രകടനത്തോടെ ആ ഗാനങ്ങളെയെല്ലാം അതിമനോഹരമായി അഭ്രപാളിയിൽ അവതരിപ്പിച്ചു. ഓരോ ഗാനത്തിനും തന്റെ ഭാവം കൊണ്ട് അദ്ദേഹം ആത്മാവ് പകർന്നു. താമസമെന്തേ വരുവാൻ എന്ന ഗാനത്തിന്റെ അനുപല്ലവിയിൽ ‘‘മാകന്ദശാഖകളിൽ രാക്കിളികൾ മയങ്ങാറായി’’ എന്ന ഭാഗം ഉദാഹരണം. ആ രൂപസൗകുമാര്യം മാറ്റിനിർത്തി 

ആ ഗാനത്തിനെകുറിച്ചു ആലോചിക്കാൻ കഴിയില്ല. 

കായാമ്പൂ കണ്ണിൽ വിടരും എന്ന 

ഗാനത്തിന്റെ അനുപല്ലവിയിൽ 

‘‘നിൻമൃദുസ്മേരത്തിൻ ഇന്ദ്രജാലംകണ്ടു

നിത്യവിസ്മയവുമായി ഞാനിറങ്ങി’’

എന്ന ഭാഗമൊക്കെ ആ വരികളുടെ 

ഭാവതീവ്രത അത്രമേൽ ഗംഭീരമായാണ്

അദ്ദേഹം പകർന്നാടിയത്. 

താമസമെന്തേ മുതൽ ധ്വനിയിലെ ഒറ്റക്കമ്പി നാദം വരെയുള്ള ഗാനങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നുന്നത് പാട്ടിന്റെ രാഗഭാവം പോലും പ്രേംനസീർ എന്ന നടൻ ഉൾക്കൊണ്ടിരുന്നു എന്നറിയുമ്പോഴാണ്. ഇന്നും നസീർസാർ അഭിനയിച്ച ഓരോ മധുരഗാനങ്ങളും കാണുമ്പോൾ മനസ്സിലാകുന്നു ആ ഗാനങ്ങളെല്ലാം പൂർണ്ണതയിലെത്തിയത് അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് കൂടിയാണ്. 

ഇഷ്ടം തോന്നുന്ന ഏതൊരു പുരുഷനിലും യുവതികൾ പ്രേംനസീറിനെ തിരഞ്ഞിരുന്ന കാലമായിരുന്നു അത്. വയലാറും ഭാസ്കരൻമാഷും ശ്രീകുമാരൻതമ്പിയുമൊക്കെ അടങ്ങുന്ന മഹാപ്രതിഭകളെഴുതിയ പ്രണയാതുരങ്ങളായ വരികൾ അതിന്റെ എല്ലാ ഭാവത്തോടെയും അദ്ദേഹം അവതരിപ്പിച്ചപ്പോൾ തിയറ്ററിലെ ഇരുട്ടിൽ പ്രണയവിവശരായിതീർന്നു ആരാധികമാർ. 

നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനായിരുന്നു പ്രേംനസീറെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അഭിനയം അഭ്രപാളിയിൽ മാത്രമൊതുക്കി ജീവിതത്തിൽ നന്മയുള്ള ഒരു മനസ്സ് അദ്ദേഹം മരണം വരെ കാത്തു സൂക്ഷിച്ചു. 

ഒരു കാലഘട്ടത്തിൽ ജനം തിയറ്ററുകളിലേക്ക് ഇരച്ചു കയറിയത് ഈ മനുഷ്യനെ കാണാനായിരുന്നു. സിനിമ കണ്ടിറങ്ങിയ ഒരു സാദാ പ്രേക്ഷകന്റെ സ്വപ്നങ്ങളിൽ ഏഴുവർണ്ണവും ചാർത്തിയ സൗന്ദര്യമായിരുന്നു അദ്ദേഹം. പ്രേംനസീർ എന്ന നടനെ മാറ്റിനിർത്തി മലയാളസിനിമയെകുറിച്ചു ചിന്തിക്കാനാകില്ല. 

കൊഴിഞ്ഞുപോയ സുവർണ്ണകാലഘട്ടത്തിന്റെ ഓർമ്മകളിൽ നിത്യഹരിതഗാനങ്ങളുടെ ആ മനോഹരരൂപം എന്നും നിലനിൽക്കും..

Content Summary: Evergreen Hero, Prem Nazir

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA
;