ADVERTISEMENT

പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങൾ (കഥ)

 

വയസ്സ് 10 കഴിഞ്ഞു, ചെയ്യാൻ പറ്റുന്ന ചെറിയ പണികൾ ഒക്കെ ചെയ്യരുതോ. മേശപ്പുറം അടുക്കി പെറുക്കി വെയ്ക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല, കിടക്കുന്നത് കണ്ടില്ലേ.

മോളെ ശകാരിച്ചുകൊണ്ട് ജ്യോതി മേശപ്പുറത്തു കിടന്ന പുസ്തകവും പേനയും ഒക്കെ അടുക്കി വെച്ചു.

 

പേനയും പെൻസിലും ഒക്കെ ആവശ്യം കഴിയുമ്പോൾ ഡ്രോയിൽ വെയ്ക്കണ്ടേ. നിരത്തിയിട്ടേക്കുന്നതു കണ്ടില്ലേ. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

 

പൊന്നു.. പൊന്നു.. ജ്യോതി ഉച്ചത്തിൽ അല്പം ദേഷ്യത്തോടെ വിളിച്ചു 

 

ജ്യോതിയുടെ മോൾ കീർത്തന, വീട്ടുകാർക്ക് എല്ലാം പൊന്നുവാണ്.

 

മോളെ ഒന്ന് വഴക്ക് പറയണം. എന്നും ഇതിങ്ങനെ നിരത്തിയിട്ടാൽ പറ്റില്ലല്ലോ. എന്തെല്ലാം പണികൾ കഴിഞ്ഞു വേണം തനിക്കു ജോലിക്ക് പോകാൻ, ജ്യോതി മനസ്സിലോർത്തു.

 

മോളെ വിളിച്ചുകൊണ്ടു തന്നെ ജ്യോതി പേനയും പെൻസിലും ഇടാൻ ഡ്രോയർ വലിച്ചു തുറന്നു.

 

എന്താമ്മേ എന്ന് ചോദിച്ചുകൊണ്ട് പൊന്നു വന്നതും ജ്യോതിയുടെ കണ്ണുകൾ ഡ്രോയറിൽ കിടക്കുന്ന ചോക്ലേറ്റുകളിൽ ഉടക്കി. ഇത്രയധികം ചോക്ലേറ്റ് ഇവൾക്ക് എവിടുന്നു കിട്ടി. താൻ ഇവിടെ ഇല്ലാത്തപ്പോ ആരെങ്കിലും വന്നെങ്കിൽ അമ്മയോ അച്ഛനോ പറയേണ്ടതല്ലേ. അല്ലെങ്കിൽ ഗോകുൽ പറയേണ്ടതല്ലേ.

 

ജ്യോതിയുടെ ഭർത്താവ് അരുണിന്റെ പെങ്ങളുടെ മകൻ ആണ് ഗോകുൽ. കോളജിൽ പോകാൻ ഉള്ള സൗകര്യാർഥം അമ്മ വീട്ടിൽ നിന്നാണ് ആണ് പഠിക്കുന്നത്.

 

എന്തിനാമ്മേ വിളിച്ചേ, പൊന്നുവിന്റെ ചോദ്യം ജ്യോതിയെ ഉണർത്തി.

 

ആരാ നിനക്കീ ചോക്ലേറ്റ് തന്നത്. ഇവിടെ ആരെങ്കിലും വന്നിരുന്നോ.

 

ഇവിടെ ആരും വന്നില്ലമ്മേ. ഈ ചോക്ലേറ്റ് എനിക്ക് ഗോകുൽ മാമൻ തന്നതാ.

 

എന്തിനാ നിനക്ക് ഇത്രയും ചോക്ലേറ്റ് വാങ്ങി തന്നത്.

 

അത് ഞാൻ പറയില്ല. ആരോടും പറയാതെ ഇരുന്നാലേ ഇനിയും വാങ്ങി തരൂ എന്നാ മാമൻ പറഞ്ഞെ,

 

അതെന്ത് കാര്യം ആണെന്ന് എന്നോട് പറയാൻ മേലേ. എങ്കിൽ ഇപ്പോ തന്നെ ഞാൻ അവനോട് ചോദിക്കട്ടെ.

 

അയ്യോ വേണ്ടമ്മേ, മാമൻ എന്നെകൊണ്ട് സത്യം ചെയ്യിച്ചതാ. അമ്മയോട് ഞാൻ പറഞ്ഞാൽ മാമൻ പിണങ്ങില്ലേ.

 

ജ്യോതിയുടെ മനസ്സിൽ എന്തോ ഒരു ആശങ്ക. തന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യം ആകും, കാലം നല്ലതല്ല.

 

എന്തായാലും അറിഞ്ഞിട്ട് തന്നെ.

 

അപ്പൊ നിനക്ക് എന്നേക്കാൾ ഇഷ്ടം മാമനോടാണല്ലേ. ഇനി അമ്മ മിണ്ടില്ല, എന്നോടും മിണ്ടരുത്.

 

ജ്യോതി അതും പറഞ്ഞു പിണക്കം നടിച്ചു.

 

അമ്മേ പിണങ്ങാതെ, ഞാൻ പറയാം.

 

ഇന്നലെ അമ്മയും അച്ഛനും ജോലിക്ക് പോയപ്പോ, മാമൻ ഇവിടെ ഉണ്ടായിരുന്നു. ഇന്നലെ കോളജിൽ പോയില്ല. മാമൻ ഇന്നലെ എന്നെയും കൊണ്ട് നമ്മുടെ പറമ്പിൽ ഒക്കെ കളിക്കാൻ പോയി. അമ്മ അറിഞ്ഞാൽ വഴക്ക് പറയും എന്ന് ഞാൻ പറഞ്ഞു, സാരമില്ല അമ്മ വരുന്നതിനു മുൻപ് തിരിച്ചു വരാന്നും പറഞ്ഞു. അമ്മയോട് പറയാതെ ഇരിക്കാൻ എനിക്ക് ഒത്തിരി ചോക്ലേറ്റ് തന്നു.

 

ജ്യോതിയുടെ ഉള്ള് പിടഞ്ഞു. ദൈവമേ എന്താവും നടന്നത്. അമ്മയോട് പറയരുത് എന്ന് പറയണം എങ്കിൽ,

 

നിങ്ങൾ എന്ത് കളിയാണ് കളിച്ചത്.

 

മാമൻ എനിക്ക് ഒരുപാട് ഉമ്മ തന്നു. പെൺപിള്ളേർ മറ്റുള്ളവരെക്കൊണ്ട് ദേഹത്തു തൊടിക്കരുത് എന്നും ഇങ്ങനെ തൊടുന്നത് ബാഡ് ടച്ച്‌ ആണെന്നും അമ്മ പറഞ്ഞിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞതാ. അപ്പോ പറയുവാ, അത് പൊന്നുകുട്ടിനെ വേറെ ആരും സ്നേഹിക്കുന്നത് അമ്മയ്ക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണെന്ന്. 

 

ജ്യോതിക്ക് തല പെരുക്കുന്നപോലെ തോന്നി. ദൈവമേ തങ്ങളുടെ കുഞ്ഞിനോട് അവൻ കാണിച്ച സ്നേഹം ഇതായിരുന്നോ.

 

എന്നിട്ട് മോളുടെ എവിടെ ഒക്കെ തൊട്ടു അവൻ.

 

മാമൻ പറയുവാ. നല്ല രസമുള്ള കളിയുണ്ട്. അത് മോളെ കാണിച്ചു തരാന്ന് പറഞ്ഞു, എല്ലായിടത്തും പിടിച്ചു. എനിക്ക് വേദന എടുത്തപ്പോ ഞാൻ പറഞ്ഞു അമ്മയോട് പറഞ്ഞു കൊടുക്കൂന്ന്.

 

പറയാതെ ഇരുന്നാൽ ഇന്നു എനിക്ക് മാലയും വളയും പിന്നെ നല്ല ഐസ്ക്രീമും വാങ്ങി തരാന്നാ പറഞ്ഞെ. ഇനി വേദന എടുപ്പിക്കില്ല എന്നും പറഞ്ഞു.

 

ആ കുഞ്ഞിന്റെ  നിഷ്കളങ്ക മുഖത്തേയ്ക്ക് നോക്കി അവളെ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു ആ അമ്മയ്ക്ക്.

 

മോൾ ആരോടും പറയണ്ട. ഇനി അമ്മ ഇല്ലാത്തപ്പോൾ എങ്ങും പോകല്ലേ മോളെ. അമ്മയ്ക്ക് പൊന്നു മാത്രം അല്ലേ ഉള്ളൂ.

 

ഇന്ന്‌ അമ്മ പോയ്കഴിഞ്ഞു കളിക്കാൻ പോണം എന്നാ മാമൻ പറഞ്ഞെ.

 

ജ്യോതി ഓർത്തു. നേരാണ് ഈ ആഴ്ച അവനു ക്ലാസ്സ്‌ ഇല്ല. സ്റ്റഡി ലീവ് ആണ്.

 

ജ്യോതി ആരോടും ഒന്നും പറഞ്ഞില്ല. പതിവ് പോലെ ജോലിക്ക് ഇറങ്ങി. ബസ് സ്റ്റോപ്പ്‌ വരെ പോയിട്ട് മറ്റൊരു വഴിയിൽ കൂടി വീടിന്റെ പിന്നാമ്പുറത്തു ഒരു ഇടവഴിയിൽ പതുങ്ങി നിന്നു.

 

അച്ഛൻ ജംഗ്ഷനിൽ പോയി കാണും. അമ്മ കോഴി, പട്ടി എന്നൊക്കെ പറഞ്ഞു നടപ്പുണ്ട്.

 

ഇത്തിരി കഴിഞ്ഞു അവൻ പൊന്നുവിനെയും കൂട്ടി ഇറങ്ങുന്നത് കണ്ടു. കയ്യിലുള്ള കൂടിന് വേണ്ടി അവൾ കെഞ്ചുന്നുണ്ട്.

 

ഇത്തിരി കഴിഞ്ഞു തരാം പൊന്നു, നിനക്ക് തന്നെ അല്ലേ ഇത്‌. അതും പറഞ്ഞു അവൻ മോളെയും കൂട്ടി താഴെ റബ്ബർ ചെടികൾക്ക് ഇടയിലേയ്ക്ക് നടന്നു.

 

അവർ നടന്നു ഇത്തിരി പുറകെ മാറി ജ്യോതിയും.

 

അവന്റെ കൈകൾ, എങ്ങും വളർച്ച എത്തിയിട്ടില്ലാത്ത അവളുടെ മാറിൽ തലോടുന്നുണ്ട്.

ജ്യോതിയുടെ സമനില തെറ്റുന്നപോലെ തോന്നി. അവൻ മോളെ അടുത്ത് ചേർത്ത് നിർത്തി. എന്നിട്ട് മൊബൈൽ എടുത്തു എന്തോ കാണിച്ചു.

 

കണ്ടോ, ഇതുപോലെ നമുക്കും കളിക്കാം. ദേ മാമൻ മോൾക്ക് വേറെ ഉടുപ്പും വാങ്ങിയിട്ടുണ്ട്. അതും പറഞ്ഞു അവൻ കൂട് തുറന്നു ഒരു ഉടുപ്പ് എടുത്തു.

 

അവളുടെ ഉടുപ്പുകൾ ഊരി മാറ്റാൻ തുടങ്ങി..

 

എനിക്കു നാണവാ മാമ, ഞാൻ പിന്നെ ഇട്ടോളാം.

 

പിന്നെ, മോൾ എന്തിനാ നാണിക്കുന്നെ, മോൾടെ മാമൻ അല്ലേ ഞാൻ. അല്ലേലും വേറെ ആരു കാണാൻ. നമ്മൾ രണ്ടാളും അല്ലേ ഇവിടുള്ളു.

 

അതുംപറഞ്ഞു അവളുടെ ഉടുപ്പ് ഊരി അവളുടെ നഗനതയിലേക്ക് അവന്റെ വിരലുകൾ പരതി തുടങ്ങി, ദേ ഇങ്ങനെ. അവൻ മൊബൈൽ മോളെ കാണിച്ചു.

 

കയ്യിൽ കരുതിയിരുന്ന വടി എടുത്തു ജ്യോതി ഒറ്റ ശ്വാസത്തിൽ അവളുടെ കുഞ്ഞിന്റെ അടുത്ത് എത്തി, മോളെ പിടിച്ചു മാറ്റിയിട്ട് അവനെ തലങ്ങും വിലങ്ങും തല്ലി.

 

അമ്മായി, തല്ലല്ലേ അമ്മായി. തെറ്റ് പറ്റിപ്പോയി

 

അവന്റെ കരച്ചിൽ കേട്ടപ്പോൾ അവൾക്ക് കലി കൂടി. അവന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുത്തു.

 

പൊന്നു പേടിച്ചരണ്ട് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

 

എടാ ദ്രോഹി, സ്വന്തം കൂടെപ്പിറപ്പിനെ പോലെ അല്ലേ നിന്നെ ഞാൻ സ്നേഹിച്ചേ. നിനക്ക് എന്നോട് എങ്ങനെ ഇത്‌ ചെയ്യാൻ പറ്റി. നിന്റെ മാമന്റെ മോൾ, ഈ കുരുന്നിനോട്..

 

അവൾക്ക് ഭ്രാന്ത് പിടിച്ച പോലെ തോന്നി. കൊന്നാലോ എന്ന് ഒരു നിമിഷം ഓർത്തു. പിന്നെ പറഞ്ഞു, ഇന്ന്‌ പൊക്കോണം ബാഗും എടുത്തു, മേലാൽ എന്റെ വീട്ടിൽ കാണരുത്.

 

അമ്മായി, ഇത്‌ മാമൻ അറിഞ്ഞാൽ എന്നെ കൊല്ലും, എന്റെ അമ്മ അറിഞ്ഞാൽ എന്നെ കൊന്നിട്ട് അമ്മ ചാകും. അമ്മായി ആരോടും പറയല്ലേ, ഞാൻ കാലുപിടിക്കാം. അമ്മായി ആരോടെങ്കിലും പറഞ്ഞാൽ ഞാൻ മരിക്കത്തെ ഉള്ളൂ 

 

അവൻ, കാല് പിടിക്കാൻ കുനിയും മുൻപേ അവൾ പറഞ്ഞു.

 

നീ കാലൊന്നും പിടിക്കേണ്ട..  ഒന്ന് പോയി തന്നാൽ മതി. ഞാൻ എങ്ങനെ നീയുള്ള വീട്ടിൽ എന്റെ കുഞ്ഞിനെ ആക്കിയിട്ടു ജോലിക്ക് പോകും.

 

അതും പറഞ്ഞു പേടിച്ചരണ്ടു നിന്ന പൊന്നുവിനെ ഉടുപ്പും ഇടുവിച്ചു അവൾ നടന്നു. ആരോടും ഒന്നും പറയില്ല എന്ന് പറഞ്ഞാലും അറിയേണ്ടവർ അറിയട്ടെ എന്ന് തന്നെ കരുതി, ഫോണിൽ വിളിച്ചു അരുണിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.

 

താൻ വിഷമിക്കാതെ, ഞാൻ വരട്ടെ. താൻ സുഖമില്ലെന്നു പറഞ്ഞു കിടന്നോ. മോളെയും കൂട്ടിക്കോ. അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. ഇനിയും അവൾക്ക് ഇങ്ങനെയൊന്ന് ഒരിടത്ത് നിന്നും ഉണ്ടാവരുത്.

 

ജ്യോതി മോളെ ചേർത്തു പിടിച്ചു. അപ്പോഴും നടന്നത് എന്തൊക്കെ എന്ന് മനസിലാകാതെ പൊന്നുവും കൂടെ ഇരുന്നു.

 

ജോലിക്ക് പോകുന്ന അമ്മമാർ മക്കളെ എത്രമാത്രം ശ്രദ്ധിക്കണം. പതിവില്ലാതെ എന്തെങ്കിലും സമ്മാനങ്ങൾ ഒക്കെ കണ്ടാൽ അതിന്റെ പിന്നിലെ വസ്തുത കണ്ടു പിടിക്കണം. മക്കളോട് ദിവസവും സംസാരിക്കാൻ, അന്ന് ആരോടൊക്കെ കൂട്ട് കൂടി, എന്തൊക്കെ കളികൾ കളിച്ചു, ആരൊക്കെയായിരുന്നു കൂട്ട് എന്നൊക്കെ അന്വേഷിക്കണം എന്ന് പറയുന്നത് എത്ര സത്യം.

 

കുട്ടികളോട് പറയാൻ നാണം എന്ന് വിചാരിച്ചു ഇനിയുള്ള കാലം ഇരുന്നാൽ മക്കളെ പ്രതി വേദനിക്കേണ്ടി വരും. കുഞ്ഞായിരിക്കുമ്പോഴേ തന്റെ ശരീരം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യം അവളെ ബോധ്യപ്പെടുത്തി കൊടുത്തപ്പോൾ അവളും പറഞ്ഞു.

 

അമ്മേ, കരയണ്ട. ഇനി ആര് വിളിച്ചാലും പൊന്നു എങ്ങും പോകില്ല. ഒരു സമ്മാനവും വാങ്ങില്ല. എനിക്ക് അമ്മയും അച്ഛനും തരുന്ന സമ്മാനം മാത്രം മതി. 

 

ജ്യോതി മകളെ ചേർത്ത് പിടിച്ചു.. കോഴികുഞ്ഞിനെ അമ്മക്കോഴി ചിറകിൻ കീഴിൽ ഒളിപ്പിക്കുന്ന പോലെ.

 

മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്‌ദം കേട്ടതെ മോൾ പറഞ്ഞു, അമ്മേ അച്ഛൻ വന്നല്ലോ. ഇന്ന്‌ അച്ഛൻ എന്താ നേരത്തെ വന്നേ.

 

അരുൺ വീടിനുള്ളിലേയ്ക്ക് കയറാൻ തുടങ്ങിയപ്പോൾ, ഗോകുൽ പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

 

നീ എങ്ങോട്ടാ.. ഒന്നും അറിയാത്ത പോലെ അരുൺ ചോദിച്ചു.

 

ആകെ പകച്ചു പോയ ഗോകുൽ പെട്ടെന്ന് പറഞ്ഞു, ഈ ആഴ്ച സ്റ്റഡി ലീവ് അല്ലേ മാമാ, വീട്ടിൽ പോകുവാ.

 

അതെന്താ പെട്ടെന്ന്, നീ രാവിലെ ഒന്നും പറഞ്ഞില്ലല്ലോ.

 

സ്റ്റഡി ലീവാണ് എന്നു പറഞ്ഞപ്പോ അമ്മയാ പറഞ്ഞെ, എങ്കിൽ അങ്ങോട്ട് ചെല്ലാൻ.

 

ഓ, അതു ശരി, എങ്കിൽ നീ ഒറ്റയ്ക്ക് പോകണ്ട, ഞാൻ കൊണ്ടാക്കാം, ഒത്തിരി നാളായി ചേച്ചിയെ ഒന്ന് കണ്ടിട്ടും.

 

വേണ്ട മാമാ, ഞാൻ ഒറ്റയ്ക്ക് പൊക്കോളാം, അതും പറഞ്ഞു ഇറങ്ങാൻ നോക്കിയ അവനോട്, നിക്ക് ഞാൻ വന്നിട്ട് പോയാൽ മതി എന്ന് പറഞ്ഞു അരുൺ അകത്തേയ്ക്ക് പോയി.

 

അരുണിനെ കണ്ടതും പേടികൊണ്ട് പൊന്നു അമ്മയെ ഇറുക്കെ പിടിച്ചു.

 

അരുൺ പതിയെ നിലത്തിരുന്നു അവളെ ചേർത്ത് പിടിച്ചു, പൊന്നു പേടിക്കണ്ട കേട്ടോ, അച്ഛനും അമ്മയും മോൾടെ നല്ലഫ്രണ്ട്സ് അല്ലേ. ആരെങ്കിലും മോളോട് കൂടുതൽ സ്നേഹം കാണിക്കുകയോ കളിക്കാൻ വിളിക്കുകയോ ഒക്കെ ചെയ്താൽ അമ്മയോടും അച്ഛനോടും പറയണം കേട്ടോ.

 

അവൾ തലയാട്ടി.

 

പിന്നെ ജ്യോതിയോടായി പറഞ്ഞു. വേഗം മോളെ റെഡി ആക്കി ഇറങ്ങു, നമുക്ക് ചേച്ചിടെ വീട് വരെ പോകാം.

 

അത് വേണോ, നമ്മൾ എങ്ങനെ അവിടെ ചെന്നു ഇത്‌ പറയും. ചേച്ചിയോട് ഫോൺ വിളിച്ചു പറഞ്ഞാലോ. ചേച്ചി അവനെ തല്ലുകയോ മറ്റോ ചെയ്താൽ അവൻ എന്തെങ്കിലും ചെയ്താലോ, ആരെങ്കിലും അറിഞ്ഞാൽ ചത്തു കളയും എന്നാ പറഞ്ഞെ.

 

താൻ റെഡി ആയി ഇറങ്ങാൻ നോക്ക്.

 

അതും പറഞ്ഞ് അരുൺ പുറത്തേയ്ക്ക് ഇറങ്ങി.

 

വീടെത്തുമ്പോൾ ഉമ്മറത്തു ചേച്ചിയും ഭർത്താവും ഉണ്ടായിരുന്നു.

 

നീ എന്തിനാ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത്. ഇവനെന്താ ക്ലാസ്സ്‌ ഇല്ലാരുന്നോ. അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞു നീ വിളിച്ചപ്പോ ഞങ്ങൾ ഹാഫ് ഡേ ലീവ് എടുത്തു പോന്നു.

 

എന്തായാലും വാ, അകത്തോട്ട് ഇരിക്കാം.

 

ഗോകുലിന്റെ അച്ഛൻ പറഞ്ഞു.

 

വേണ്ട അളിയാ, എന്നെ ഏൽപ്പിച്ച ഒരു മുതൽ തിരിച്ചേൽപ്പിക്കാൻ വന്നതാ ഞാൻ.

 

ഗോകുലിന്റെ മാതാപിതാക്കൾ പരസ്പരം നോക്കി, അവർക്ക് ഒന്നും മനസിലായില്ല. ഗോകുലിന്റെ മുഖം ഇപ്പോ കരയും എന്ന മട്ടിൽ ആയി.

 

അരുൺ നടന്ന കാര്യങ്ങൾ പറഞ്ഞു. അവരുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു. ഗോകുലിന്റെ അച്ഛൻ പൊന്നുവിനെ ചേർത്ത് പിടിക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു..

 

അയ്യോ വേണ്ട എന്നെ എന്റെ അമ്മയും അച്ഛനും മാത്രം തൊട്ടാൽ മതി.

 

അവൾ പുറകോട്ട് മാറിയപ്പോൾ ജ്യോതി മകളെ ചേർത്ത് പിടിച്ചു.

 

നിനക്ക് എങ്ങനെ ഇത്‌ തോന്നീടാ.. എന്നും പറഞ്ഞു ഗോകുലിന്റെ അമ്മ അവനെ തലങ്ങും വിലങ്ങും തല്ലി.

 

കൂട്ടുകാർ ഫോണിൽ ഓരോ വീഡിയോ കാണിച്ചപ്പോൾ, അബദ്ധം പറ്റിപ്പോയി, ഇനി ഒരിക്കലും ഇങ്ങനെ ആരോടും ചെയ്യില്ല അമ്മേ.

 

ഗോകുൽ കരഞ്ഞുകൊണ്ട് പറഞ്ഞു.

 

ഈ നാശം പിടിച്ച ഫോൺ.. അതും പറഞ്ഞു അവൻ ആ ഫോൺ ഒരേറു കൊടുത്തു.

 

ആരെങ്കിലും അറിഞ്ഞാൽ ചത്തു കളയും എന്നാണ് ഇവന്റെ ഭീക്ഷണി. അരുൺ പറഞ്ഞു.

 

ശിശു ക്ഷേമ വകുപ്പിൽ ജോലി ചെയ്യുന്ന ചേച്ചിക്ക് അറിയാല്ലോ നിയമവും നീതിയും ഒക്കെ. പിന്നെ അപ്പോഴും ഞാൻ എന്റെ കൂടെപ്പിറപ്പിന്റെ കണ്ണുനീർ കാണണ്ടേ.

 

എങ്കിലും ഞാൻ ഒരു പെൺകുഞ്ഞിന്റ അച്ഛൻ അല്ലേ.

 

അതും പറഞ്ഞു അരുൺ, ഗോകുലിന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം വെച്ചു കൊടുത്തു

ഇത്രയും എങ്കിലും ചെയ്തില്ലേൽ ഞാൻ ഒരച്ഛനാണോ.

 

അടിയുടെ ചൂടിൽ കറങ്ങി താഴെ ഇരുന്ന ഗോകുലിനെ നോക്കി പല്ലിറുമികൊണ്ട് അരുൺ കാറിനടുത്തേയ്ക്ക് നടന്നു, കൂടെ ജ്യോതിയും പൊന്നുവും.

 

സ്വന്തം മകളെ രക്ഷിക്കാൻ ആയെങ്കിലും ഉള്ള് പിടഞ്ഞോരമ്മയും ആണായി പിറന്ന മകൻ വഴിപിഴച്ചു പോയതോർത്തു മറ്റൊരമ്മയും നീറി.

 

അതേ അമ്മമനം പിടയാതിരിക്കുന്നത് എങ്ങനെ, മക്കളെ ഓർത്ത്.

 

Content Summary: Peedippikkappedunna Balyangal, Malayalam short story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com