ADVERTISEMENT

വണ്ടാനിക്കോട്ടമലയിലെ യക്ഷി (കഥ)

 

 

ഒന്നാംഭാഗം – ഉഷഃപൂജ -

 

വണ്ടാനിക്കോട്ടമലയിലെ യക്ഷി മുടിയഴിച്ചു തുള്ളിത്തുടങ്ങി. അവളുടെ മുടിയിഴകളിൽ നിന്നുമുതിർന്ന വിയർപ്പുതുള്ളികളാൽ അന്തരീക്ഷമാകെ സാന്ദ്രമായി.

 

മേലാകെയൊഴുകിയ വിയർപ്പുചാലുകൾ വടിച്ചെടുത്തവൾ വീണ്ടുംവീണ്ടും അലറി. ചാലൊഴുകി, താഴേക്ക്... താഴേക്ക്.

'കണ്ണാ... മോനെ, കണ്ണാ...'

 

അഗാധമായൊരു ഗർത്തത്തിൽ നിന്നുമൊരു നിലവിളികേട്ടു കണ്ണൻ ഞെട്ടിയുണർന്നു. ചുറ്റുംനോക്കി.

 

മേലാകെ വിയർത്തു കുളിച്ചിരിക്കുന്നു. വണ്ടാനിക്കോട്ടമലയിലെ യക്ഷി വീണ്ടും തുള്ളിത്തുടങ്ങിയോ? അവൾക്കു നൊസ്സാണ്. 

 

അമ്മയുടെ വിളി താഴെനിന്നും വീണ്ടും കേട്ടപ്പോൾ ബോധമുണർന്നു. മൂരി നിവർന്നെഴുന്നേറ്റു കണ്ണൻ.

 

'അമ്മേ, ഞാൻ എഴുന്നേറ്റു. വരുന്നു കേട്ടോ', ഉച്ചത്തിൽ താഴെ കേൾക്കുംവിധം കണ്ണൻ വിളിച്ചുപറഞ്ഞു. ഇതുകേട്ടാലമ്മയ്ക്കറിയാം തന്റെ അടുത്തനീക്കങ്ങൾ. അമ്മയ്ക്ക് പടികേറി മുകളിലേക്ക് കയറാൻ പറ്റില്ല. ആൻജിയോ കഴിഞ്ഞേയുള്ളൂ. അമ്മേടെ കാര്യം എല്ലാം നോക്കേണ്ടതിനും താൻ മാത്രേയുള്ളു.

 

സെൽഫോണിൽ സമയം നോക്കി. നാലര ആകുന്നു.

 

മഹാദേവൻ എഴുന്നേറ്റുകാണില്ല. നട തുറക്കാൻ സമയവുമായിട്ടില്ല! ഉഷഃപൂജയ്ക്കുള്ള ഒരുക്കമാവുന്നേയുള്ളു, സമയമുണ്ട്. ഘോരരൂപിയാണ്. പടിഞ്ഞാട്ട് ദർശനം! അഞ്ചുനേരം മുടങ്ങാതെ പൂജയും ശീവേലിയും ഉണ്ടായിരുന്നൂന്ന് കേട്ടിട്ടുണ്ട്. പണ്ടെല്ലാം നിർമ്മാല്യം തൊഴാൻ മാസത്തിലൊരിക്കൽ അമ്മ പോകുമായിരുന്നു. കൂട്ടിനു താനും. 

 

കണ്ണൻ കട്ടിലിൽനിന്നെഴുന്നേറ്റു. ഒരു ദിവസംകൂടി തുടങ്ങിയിരിക്കുന്നു... നീണ്ട ഒരു ദിവസത്തിന്റെ തുടക്കം. യക്ഷിക്കുറങ്ങുവാനുള്ള മുഹൂർത്തമായി!

 

വെട്ടം കണ്ടാലുറക്കം കൊള്ളുന്നയെന്റെ പ്രിയകാമിനീ, 

നീയുറങ്ങുക 

ഞാനെന്റെ ചര്യകൾ തുടങ്ങട്ടെ

നിന്നിലേക്കെത്തുവാനുള്ള

കാലമായില്ലല്ലോ പെണ്ണേ,

നിന്റെ മുടിയിഴകളിലെ 

വിയർപ്പൊപ്പിയെടുക്കാൻ 

ഞാൻ വരുമൊരുനാൾ

പൂവാകകൾ പൂക്കുന്നനാൾ 

കിനാവുകൾ തളിർക്കുന്നനാൾ വരെയും 

നീ കാത്തിരിക്കുക 

നിലാസുന്ദരിയേ...'

 

കണ്ണന്റെ ചുണ്ടിലൊരു പൂവിടർന്നു. ഒരു ദിവസം കൂടി പൂത്താലവുമായി എഴുന്നള്ളുന്നു. ചെയ്യാനേറെയുണ്ട്.

 

ബെഡിൽ നിന്നിറങ്ങിയാൽ ആദ്യം ചെയ്യുക ബാൽക്കണിയിലേക്കുള്ള വാതിൽതുറന്ന് മഹാദേവക്ഷേത്രത്തിന്റെ മകുടത്തിലേക്കുറ്റുനോക്കുക എന്നതാണ്. ദൂരേ ദൂരെയായി ആയിരംകൽമണ്ഡപത്തിൽ മുനിഞ്ഞുകത്തുന്ന തിരികളും, സ്വർണക്കൊടിയും ഒറ്റനോട്ടത്തിൽ കാണാം. മലയക്ഷിയും ഉറക്കം കഴിഞ്ഞാൽ പടിഞ്ഞാറ്റിയിലേക്കാണ് നോട്ടം, എന്തിനോ…

 

ശിവനെക്കുറിച്ചോർത്താലേ ചിരിവരും കണ്ണന്. പണ്ടെന്നോ, പുരാതനകാലത്തെന്നോ ശിവനും വിഷ്ണുവും കളിക്കൂട്ടുകാരായിരുന്നൊരു കാലമുണ്ടായിരുന്നുവത്രെ! അവരൊരുമിച്ചൊരു യാത്രപോയി, ഒരിക്കൽ. 

 നാടെല്ലാം പറന്നുകണ്ടു, ആറെല്ലാം തുഴഞ്ഞുചെന്നു. സ്വർണമത്സ്യങ്ങളായി ഒളിച്ചുകളിച്ചു. അരയന്നങ്ങളായ് അലഞ്ഞുനടന്നു. ആകാശഗംഗയിലും നീന്തിത്തുടിച്ചു. കാട്ടിലെ മദയാനകളൊപ്പം യുദ്ധം ചെയ്തു. 

 

അപ്പോഴേക്കും യുഗങ്ങളേറെക്കഴിഞ്ഞു. ക്ഷീണിച്ചുപോയി ചങ്ങാതികൾ!  അന്നേരം ഹരിയോട് ഹരൻ പറഞ്ഞുപോലും, ‘നല്ലയൊരിടം എനിക്കായി കണ്ടുപിടിച്ചാൽ ഞാനവിടെ തപസ്സു ചെയ്യുമല്ലോ’. 

ഏകാന്തതയിഷ്ടമാണല്ലോ മഹാദേവന്. കാട്ടുതീയാണ് ഹരം. ചുടലപ്പറമ്പിനു പറ്റിയ ഇടം. താണ്ഡവതാളത്തിന് പ്രകൃതിയൊരുക്കിയ വെളിമ്പ്രദേശം! അതാണു ഹരനു പ്രിയം. ഇനിയും യുഗങ്ങളോളം തപസ്സിരിക്കാനുള്ളതാണ്…

 

ചങ്ങാതി അങ്ങനെയല്ല. വീണേടം വിഷ്ണുലോകം!

ഹരി ഒരിടം കണ്ടുപിടിച്ചു. പക്ഷെ, അവിടം കണ്ടു സ്വയംബോധിച്ചപ്പോൾ വിട്ടുകൊടുക്കാനും തോന്നിയില്ല. അവിടെ കുടിയേറി. ചങ്ങാതിക്ക് കൊടുക്കാതെ ഹരി ഏറ്റെടുത്തുവല്ലോ ആ പുൽപ്രദേശവും കാട്ടുചോലയും ചന്ദനഗന്ധവുമായി വരുന്ന കുളുർകാറ്റും. 

മുളങ്കാടൊരു മുരളിക തന്നു. കാട്ടുചോല കാളിന്ദിയായി. മാൻപേടകൾ ഹരിമുരളീരവത്തിന് കാതോർത്തു.

 

കാത്തിരുന്നു മുഷിഞ്ഞ മഹാദേവൻ ചങ്ങാതിയെ തിരക്കി ചെന്നപ്പോൾ കണ്ടത് പുറംതിരിഞ്ഞു സ്വന്തം ഛായയിൽ ആകൃഷ്ടനായി നീർചോലയ്ക്കരികിലെ പാറയിൽ സ്വയംപ്രതിഷ്ഠിച്ച ഹരിയെ. കിഴക്കോട്ടു ദർശനം!

 

ചതി. വല്ലാതെ കോപിഷ്ഠനായ ഹരന്റെ തൃക്കണ്ണും ചുവന്നു. നെഞ്ചുകലങ്ങി. താണ്ഡവതാളം മറന്നു. കളിത്തോഴനോടുള്ള കുശുമ്പിൽ പുറംതിരിഞ്ഞു സ്വയംപ്രതിഷ്ഠിച്ചു, പടിഞ്ഞാറു ദർശനമാക്കി. ചങ്ങാതിയെ കാണാതിരിക്കാനാവും. 

 

അങ്ങനെ ഹരിയും ഹരനും ഒരേക്ഷേത്രത്തിൽ വന്നുപെട്ടുവത്രേ. പക്ഷെ പരസ്പരം കാണാതെ നാളുകൾ കഴിഞ്ഞു മണ്ണടിഞ്ഞു, അവരുടെ ചങ്ങാത്തവും വാടിക്കരിഞ്ഞു. 

 

കലിയുഗത്തിന്റെ ആദ്യത്തിൽ മഴുവെറിഞ്ഞു നേടിയ മണ്ണിൽ ഒരു ഉള്ളാളസ്ത്രീ പുല്ലുചെത്തുമ്പോൾ ഒരു കുടന്ന ചോരയും ഉറവപ്പൊട്ടി. 

 

ദേവപ്രശ്നത്തിൽ അറിഞ്ഞു,  അവിടെയൊരു ശിവപ്രതിഷ്ഠയുണ്ടായിരുന്നു! പാവം, ഹരിയെക്കുറിച്ചധികമൊന്നും ആർക്കും പറയാനുണ്ടായിരുന്നില്ല. ആ ക്ഷേത്രമാണിത്. കണ്ണനെ വളർത്തിയ മണ്ണുള്ളയിടം. 

ഹരിഹരൻമാരുടെ പുറംതിരിഞ്ഞുള്ള ഇരിപ്പോർത്തു ചിരിമുട്ടി.

കഥയിൽ നിന്നും കണ്ണൻ ഇറങ്ങിവന്നു.

 

താഴെ ഇടവഴിയിൽ ചില നിഴലുകൾക്ക് അനക്കം വച്ചുതുടങ്ങിയിരുന്നു. ബാൽക്കണിയിൽ നിന്നും മഹാദേവനോട് യാത്രപറഞ്ഞു മുറിക്കകത്തേക്ക് കയറി, വെളുത്ത കർട്ടനുകൾ വകഞ്ഞുനീക്കി നൂൽവണ്ണത്തിൽ കടന്നുവന്ന സൂര്യകിരണങ്ങളെ കണ്ണുകൊണ്ടുഴിഞ്ഞു കണ്ണൻ.

 

ഇനി പ്രാഥമിക കർമ്മങ്ങൾ. എല്ലാം ചെയ്തു ശുദ്ധിവരുത്തി, ബെഡ്‌റൂമിന്റെ വാതിൽ മെല്ലെ ചാരി, ശബ്ദമുണ്ടാക്കാതെ കണ്ണൻ പടിയിറങ്ങി, താഴേക്ക്.

 

അമ്മ എഴുന്നേൽക്കാൻ ശ്രമിക്കുന്നു.  പതുക്കെ കൈപിടിച്ചെഴുന്നേൽപ്പിച്ചു ബാത്ത്റൂമിനടുത്തേക്ക് കൊണ്ടുപോയി.  ടൂത്ത്പേസ്റ്റ് ബ്രഷിൽ തേച്ചുകൊടുത്തു. 

 

കണ്ണൻ അമ്മയെ നോക്കി ടൂത്ത് പേസ്റ്റിന്റെ പരസ്യം പോലെ ചിരിച്ചു. അമ്മയും പാൽപുഞ്ചിരി തൂകി.

 

'കുളി കഴിഞ്ഞു പ്രാർത്ഥന കഴിയുമ്പോഴേക്കും ഇഡ്ഡലിയും ചട്ട്നിയും റെഡിയാവും ട്ടോ, തെന്നിവീഴാണ്ടേ നോക്കണം. മാറാനുള്ളത് എടുത്തുതരണോ അമ്മേ?'. വാത്സല്യത്തോടെ അമ്മയോടു ചോദിച്ചു. 

 

വായിലുള്ള വെളുത്തപുഞ്ചിരി വാഷ്ബേസിനിൽ തൂവി അമ്മ ടാപ്പ്തുറന്നു. പുഞ്ചിരി ഒഴുകുന്നതും നോക്കി അമ്മ നിന്നു, ഒരുനിമിഷം. എന്നിട്ട് കണ്ണനെ നോക്കാതെ പറഞ്ഞു, 'ഞാൻ ചെയ്തോളാം. നീ അടുക്കളയിലേക്ക് പൊയ്ക്കോളൂ കുട്ടീ'.

 

കണ്ണൻ അമ്മയെ നോക്കി. എല്ലാം ഓക്കേ ആണ്. എങ്കിലിനി അടുക്കളയിലേക്ക്.

 

തലേന്ന് അരച്ചുവച്ച മാവെടുത്തു നന്നായി ഇളക്കി. ഇഡ്ഡലിപ്പാത്രത്തിൽ അൽപ്പം വെള്ളം ഒഴിച്ചു. ബർണർ ഓൺ ചെയ്തു. ശിവന്റെ തൃക്കണ്ണിൽ നിന്നും അഗ്നിജ്വലിക്കുംപോലെ ബർണർ കത്തി. ആ ചൂടിൽ വെള്ളം തിളക്കട്ടെ. 

 അതിനിടയിൽ ചട്ട്നിയുണ്ടാക്കാം. അരമുറി തേങ്ങ ഫ്രിഡ്ജിലുണ്ടായിരുന്നത് എടുത്തു വേഗത്തിൽ ചിരവി മിക്സിയിലിട്ടു. ഒപ്പം രണ്ടു പച്ചമുളകും മൂന്നു ചുവന്നുള്ളിയും അൽപ്പം ഇഞ്ചിയും ഉപ്പും ചേർത്തു. അപ്പോഴേക്കും ഒരു വണ്ട് മൂളുന്നൊരു ശബ്ദം. ദൂരേന്നാണോ? മലയക്ഷിയുടെ ഉച്ഛ്വാസമാകുമോ? വെള്ളം തിളയ്ക്കാറായി.

 

ഇഡ്ഡലിത്തട്ടിൽ മാവിട്ടു, മൂടി. വേവട്ടെ, പൂപോലെ വിടരട്ടെ ഇഡ്ഡലിമാവ്. യക്ഷിയുടെ ചിരിയാണ് മനസ്സിൽ തെളിഞ്ഞത്, അവളുടെ കുടമുല്ലച്ചിരി. വേഗം ചട്ട്നിയുമരച്ചു. ഉപ്പ്‌ നോക്കി, പാകം. കാണാനും ചേലുണ്ട്. വെളുത്ത തേങ്ങാചട്ട്നി അമ്മയ്ക്കിഷ്ടമാണ്. കടുക് വറുക്കുന്നത് പിന്നീടുമതി. ഇഡ്ഡലി വേവാൻ അൽപ്പം സമയം എടുക്കും. 

 

ഇനി പൂമുഖത്തേയ്ക്ക്. കണ്ണൻ അടുക്കളയിൽനിന്നും പുറത്തുകടന്നു. അമ്മയുടെ കുളികഴിഞ്ഞിട്ടില്ല. ടാപ്പിൽ നിന്നും സംഗീതമൊഴുകിയെത്തി, കണ്ണന്റെ ചെവിയിലേക്ക്.

 

പൂമുഖവാതിൽ തുറന്നു. ഗേറ്റിനപ്പുറം പലരും നടന്നുപോകുന്ന ശബ്ദം കേൾക്കാം. മുറ്റത്തുകിടന്ന പത്രം എടുത്തു തിരികെവന്നു. മുൻപേജിലേക്കൊന്നു ഓടിച്ചു നോക്കിയേ ഉള്ളു. ലോക്ക്ഡൗൺ പ്രഖ്യാപനം വെണ്ടയ്ക്കാ വലുപ്പത്തിലുണ്ട്. വായന പിന്നെ. തിരികെ അടുക്കളയിലേക്ക്. ഇഡ്ഡലിപ്പാത്രം തുറന്നപ്പോൾ വെന്തമാവിന്റെ മണവും ആവിയം മുഖത്തേക്കടിച്ചു കയറി. 

 

യക്ഷിയുടെ വിയർപ്പിന്റെ മണം! കണ്ണന്റെ മൂക്കുവിടർന്നു, കണ്ണുകൾ പാതിയടഞ്ഞു. എല്ലാ ഗന്ധവും കണ്ണന്റെ ആത്മാവിലേക്കാഴ്ന്നിറങ്ങി.തൃപ്തിയായി. ഇഡ്ഡലിപ്പാത്രം അടുപ്പിൽ നിന്നും വാങ്ങിവച്ചു. ചീനച്ചട്ടി വച്ചു, കടുകു വറുക്കാൻ. കടുകും രണ്ടായിക്കീറിയ നാലു വറ്റൽമുളകും രണ്ടുതണ്ട് കറിവേപ്പിലയും ഇട്ടു മൂത്തപ്പോൾ ചട്ട്നിയിലേക്കൊഴിച്ചു, ചൂടോടെ.

ശ്… ശ്… 

യക്ഷിയാണോ വിളിച്ചത്, അതൊ മഹാദേവന്റെ കഴുത്തിലെ സർപ്പങ്ങളോ!

 

ചട്ട്നിയിളക്കി. ഉപ്പുനോക്കിയില്ല, കണ്ണനത് ഇഷ്ടമല്ല. ഒരു പാകമുണ്ട്, അതനുസരിച്ചു ചെയ്യും എല്ലാം. 

 

പ്ലേറ്റുകളും ചട്ട്നി പാർന്ന പാത്രവും ഡൈനിംഗ് ടേബിളിൽ കൊണ്ടുവച്ചു. ഒരു ബൗളിലേക്ക് ചൂടുള്ള ഇഡ്ഡലി കോരിയെടുത്തു. അതും ടേബിളിൽ കൊണ്ടുവച്ചു. ചായക്ക് വെള്ളവും വച്ചു. പാകത്തിന് ചായപ്പൊടിയും പാലുമിട്ടു. ഒരാൾക്ക് മാത്രം. 

 

പ്രാതലിനു കണ്ണന് ചായയോ കാപ്പിയോ ഇഷ്ടമല്ല. കുഞ്ഞിലേയുള്ള ശീലം!

 

ചായ പതുക്കെ തിളക്കട്ടെ. സമയം ആറര ആയി. വേഗം അടുക്കളവാതിൽ തുറന്നു. മുറ്റത്തിറങ്ങി. ഒരു മൂലയിലുള്ള കൂട്ടിൽ കിടന്ന കോഴികൾ തന്നെ കണ്ടതോടെ കലപിലകൂട്ടി. കൂടുതുറന്നു.

 

സച്ചിനും ജാനകിയും ചിത്രയും പുറത്തുചാടി ചിറകിട്ടടിച്ചു, കാഷ്ടിച്ചു. ചാടി, ഓടി സ്വാതന്ത്ര്യം ആഘോഷിച്ചു, തിരികെ വന്നു, വിശപ്പോടെ. അന്നേരം, തലേന്നത്തെ വേസ്റ്റ് സൂക്ഷിച്ചുവച്ചത് അവർക്കുള്ള പാത്രത്തിൽ കണ്ണൻ വച്ചുകൊടുത്തു.

 

സച്ചിനെപ്പോലെ ചെരിഞ്ഞുനടക്കുന്നതിനാൽ പൂവനെ സച്ചിൻ എന്നു പേരിട്ടതും കണ്ണൻ. പിടകൾ അൽപ്പം നാണംകുണുങ്ങികളാണ്. നിഴലുപോലെ സച്ചിന്റെ പിന്നാലെയാണെപ്പോഴും, ജാനകി. മെലിഞ്ഞവൾ, നാണം കുണുങ്ങി, മണ്ണിലെപ്പോഴും സ്വപ്നം ചികയുന്നവൾ. ചിത്ര, സ്വർലോക നർത്തകി രംഭയെപ്പോലെ തടിച്ചവൾ, മണ്ണിലും വിണ്ണിലും സാമ്രാജ്യം സ്ഥാപിച്ചവൾ. എന്നാലും ജാനകിയുമായി രമ്യതയിലാണ്. സച്ചിന്റെ കീഴിൽ അടങ്ങിനിന്നോളും.

 

അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞു. ഇനിയെന്താ കൊത്തിപ്പെറുക്കാൻ എന്നമട്ടിൽ ജാനകിയും ചിത്രയും കണ്ണനെ നോക്കി. സച്ചിൻ ഒരു പന്തെറിയുന്ന ലാക്കിലും. കണ്ണൻ ഒന്നുചിരിച്ചശേഷം കൂടിന്റെ വാതിലടക്കാൻ തുടങ്ങി. സച്ചിൻ, ഒരു വിക്കറ്റെടുത്ത ഗമയോടെ ചെരിഞ്ഞു നടന്നു. കൊക്കിക്കൊണ്ട് പിന്നാലെ പിടകളും. 

 

കൂടിന്റെ വാതിലടച്ചശേഷം അകത്തുകയറി കണ്ണൻ. ചായ ചെറുതായി തിളയ്ക്കുന്നുണ്ടായിരുന്നു. കബോർഡിൽ നിന്നും ഒരു അരിപ്പ തപ്പിയെടുത്തു തിളച്ചുകൊണ്ടിരിക്കുന്ന ചായ അരിച്ചെടുത്തു, കപ്പിലൊഴിച്ചു. അരടീസ്പൂൺ പഞ്ചസാരയിട്ടിളക്കി. കപ്പും കൊണ്ട് ടേബിളിനടുത്തു ചെന്നു കസേര വലിച്ചിട്ട് അമ്മയെ കാത്തിരുന്നു കണ്ണൻ. 

 

അമ്മ വരാറായി. പ്രാർത്ഥനാമുറിയിലാണ്. ശിവപഞ്ചാക്ഷര സ്തോത്രത്തിന്റെ നേരിയ അലകൾ അവിടമാകെയൊഴുകിത്തുടങ്ങി.

 

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗ രാഗായ മഹേശ്വരായ

നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ ന-കാരായ നമഃശിവായ…

മന്ദാകിനീ സലിലചന്ദന ചർച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ 

തസ്മൈ മ-കാരായ നമഃശിവായ!'

 

കണ്ണന്റെ ചിന്ത എന്തുകൊണ്ടോ ഹരിയിലേക്കു പോയി. ഹരനു പുറംതിരിഞ്ഞിരിക്കുന്ന ഹരി! 

 എന്താവാം കൂട്ടുകാർക്കിടയിൽ അന്നു സംഭവിച്ചത്? ഹരനെന്തുകൊണ്ട് ഹരിയെ തൃക്കണ്ണ് തുറന്നു ദഹിപ്പിച്ചില്ല? തനിക്കാണെങ്കിൽ ദേഷ്യം വന്നേനെ. ഉവ്വോ? 

 

ഒന്നു നോക്കിയാൽ, താനും അവരെപ്പോലെയല്ലേ? ആണോ, താൻ ആരോടാണ് പുറംതിരിഞ്ഞിരിക്കുന്നത്? ജീവിതത്തോടൊ അതോ തന്നോടുതന്നെയോ അതോ തന്നെയുപേക്ഷിച്ച വിദ്യയോടോ? വിദ്യ! അവളെന്തുചെയ്യുകയാവുമിപ്പോൾ? 

 

വീടുവീട്ടിറങ്ങുമ്പോൾ അവൾ പറഞ്ഞതിപ്പോഴും ഓർമ്മയുണ്ട്, “കണ്ണന് സ്നേഹം ഒരാളോട് മാത്രമേയുള്ളു, കണ്ണനോട് തന്നെ. എനിക്ക് വയ്യ ഇങ്ങനെ നിഴലിനോട് മത്സരിക്കാൻ. പോണൂ, കണ്ണാ… ഒരു പിൻനടത്തമില്ല, ഒരിക്കലും”.

തടഞ്ഞില്ല. അവൾ പോയി. 

 

കണ്ണന്റെ മൂർദ്ധാവിലേക്ക് രക്തം ഇരച്ചുകയറി. 

 

“ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്‍ഗ്ഗപ്രണേതാരം

പ്രണതോസ്മി സദാശിവം

ശിവശിവാ, മഹേശ്വരാ…”

 

അമ്മ ശിവസ്തുതിയോടെ പൂജാമുറിയിൽ നിന്നുമിറങ്ങി വന്നു. പതുക്കെ നടന്നെത്തി, കണ്ണന്റെ അരികിൽ കസേര വലിച്ചിട്ടിരുന്നു. കണ്ണൻ ഒരു പ്ലേറ്റ് അമ്മയുടെ മുൻപിലായി നീക്കിവച്ചു. 

 

അമ്മ രണ്ട് ഇഡ്ഡലിയെടുത്തു പ്ലേറ്റിലിട്ടു. കയിലിൽ ചട്ട്നി കോരിയെടുത്തു ഇഡ്ഡലിക്കു മുകളിൽ തൂവി. വെളുത്ത പൂവുകളിൽനിന്നും പാലോഴുകുംപോലെ പ്ലേറ്റിലാകെ ചട്ട്നിയുടെ ചാറൊഴുകി. അമ്മ കപ്പിലിരുന്ന ചായ സ്വാദുനോക്കി. തൃപ്തിയായി. പിന്നെ ഇഡ്ഡലി പൊട്ടിച്ചെടുത്തു ചട്ട്നിയൊപ്പി വായിലിട്ടു. വെണ്ണയലിയും പോലെ അലിഞ്ഞുവോ! അമ്മ പ്രാതൽ കഴിക്കുന്നത്‌ കൗതുകത്തോടെ നോക്കിനിന്നു കണ്ണൻ. 

 

കുറച്ചു ചട്ട്നി ഒഴിച്ചുകൊടുത്തു, ഒരിഡ്ഡലി കൂടി പ്ലേറ്റിലിട്ടു. അമ്മ ഒന്നും മിണ്ടിയില്ല. ഇഷ്ടമായിക്കാണും. കണ്ണൻ അമ്മയെ നോക്കി ചിരിച്ചു.

 

ഭക്ഷണം തൃപ്തിയോടെ കഴിച്ചു ബാക്കിവന്ന ചായകൂടി ഇറക്കി അമ്മ കൈകഴുകാൻ എഴുന്നേറ്റു. 

 

ഇനി മരുന്നുകൾ. ഓരോ ദിവസത്തേക്കും നേരത്തേക്കുമുള്ളത് കൃത്യമായി വേറെവേറെയാക്കി വച്ചിട്ടുണ്ട്. കോളസ്ട്രോൾ, ഷുഗർ എല്ലാം കണ്ട്രോൾ ചെയ്യണം. എടുത്തുകൊടുത്തു. അമ്മ പരാതി പറയാതെ കഴിച്ചു. കുറച്ചു വെള്ളവും കുടിച്ചു. 

 

“എന്നാ നീയ് പ്രാതൽ കഴിച്ചോളൂ, ഞാൻ പത്രമൊന്നു നോക്കട്ടെ “, എന്ന് പറഞ്ഞു വരാന്തയിലേക്ക് പോയി. 

 

കണ്ണൻ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു ഒരു ഗ്ലാസിൽ നിറച്ചു. അൽപ്പം കുടിച്ചു. പിന്നെ ഒരു പ്ലേറ്റെടുത്തു നാല് ഇഡ്ഡലിയെടുത്തു. ചട്ട്നി വേറെയൊരു പ്ലേറ്റിൽ ഒഴിച്ചു. കണ്ണന് അതാണിഷ്ടം. ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തു ചട്ട്നിയിൽ നന്നായി മുക്കി വായിലിട്ടു. പതുക്കെ വെണ്ണ പോലെ തൊണ്ടക്കുഴിയിലൂടെ ആമാശയത്തിലേക്കിറങ്ങുന്ന തൂവൽസ്പർശം. 

 

ഇഡ്ഡലി കഴിച്ചുതീർത്ത് എല്ലാം ഒന്നൊതുക്കി വച്ചു. ബാക്കിയുള്ള ഇഡ്ഡലിയും ചട്ട്നിയും മൂടിവച്ചു. അമ്മയ്ക്ക് ഇടയ്ക്ക് എനർജി ബൂസ്റ്റ്‌ ചെയ്യാൻ ഇത് മതി ഇന്നത്തേയ്ക്ക്. 

 

ഉണ്ടുകഴിഞ്ഞ പാത്രമെല്ലാം സിങ്കിലിട്ടു. പിന്നെക്കഴുകാം. ഇനി പത്രവായന. വിശദമായി വായിക്കണം. അതിനുശേഷമേ ഉച്ചയ്ക്കുള്ളത് ഒരുക്കേണ്ടതുള്ളു. മുഷിഞ്ഞ വസ്ത്രങ്ങൾ നാളെ അലക്കാം. 

 

പന്തീരടി പൂജക്കുള്ള സമയമായി. മഹാദേവൻ ഒന്നു ശാന്തമായിക്കാണും. ഹരി എന്താവും ഇപ്പോൾ ആലോചിക്കുക. കണ്ണൻ തലയ്ക്കൊന്നു കിഴുക്കി, യക്ഷിയുടെ നൊസ്സ് ഇപ്പോൾ തനിക്കാവും!

കണ്ണൻ മുൻവശത്തേക്ക് നടന്നു. 

 

രണ്ടാം ഭാഗം – ഉച്ചപൂജ 

അമ്മ പത്രം വായിച്ചുകഴിഞ്ഞിരുന്നു. കയ്യിലിപ്പോൾ രണ്ടാമൂഴം ആണ്. പലയാവർത്തി വായിച്ചതാണെങ്കിലും പിന്നെയും വായിക്കാനെടുത്തതാണ്.

 

കണ്ണൻ പത്രം നിവർത്തി വായനയിൽ മുഴുകി. പ്രത്യേകിച്ചൊന്നുമില്ല, കോവിഡ് സംബന്ധമായ സംവാദങ്ങളും ഓരോ നാട്ടിലെ അവസ്ഥയും കൃത്യമായി വിവരിച്ചിട്ടുണ്ട്. ഉൾപേജിലും പ്രത്യേകിച്ചൊന്നുമില്ല. വായന മതിയാക്കി.

അമ്മ രണ്ടാമൂഴത്തിൽ തന്നെ.

 

“അമ്മേ…” കണ്ണൻ വിളിച്ചു. വായനയിൽ നിന്നും കണ്ണെടുക്കാതെ അമ്മ മൂളി. 

 

“ഉച്ചയ്‌ക്കെന്താ അമ്മയ്ക്ക് വേണ്ടത്? “

“ഇന്നലത്തെത് എന്തൊക്കെയോ ബാക്കിയില്ലേ? പോരാത്തത് എന്താണെന്നുവച്ചാൽ മോൻ നോക്കൂ. കഷണങ്ങൾ അരിയാനെന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ചെയ്യാംട്ടോ”. അതും പറഞ്ഞു അമ്മ വായന തുടർന്നു. 

 

നത്തോലി തേങ്ങാപീരയും കുടംപുളിയുമിട്ട് വറ്റിച്ചു വച്ചത് ഫ്രിഡ്ജിലുണ്ട്. ഇന്നത്തേക്ക് പുളിയല്പം മുൻപിലാവും. ഒന്നു ചൂടാക്കിയാൽ മതി. ഉഗ്രൻ. 

 

ഒരു മാമ്പഴപ്പുളിശ്ശേരി കൂടി വയ്ക്കാം. ഇഞ്ചിക്കറിയുണ്ട്. വേണമെങ്കിൽ പപ്പടോം മുളകുകൊണ്ടാട്ടോം വറുക്കാം. തൊടിയിലൊന്നു പോയിനോക്കാം. പഴുത്തമാങ്ങ കുറേ കണ്ടുവച്ചിരുന്നു. ഉണ്ടോ എന്തോ.

 

കണ്ണൻ എഴുന്നേറ്റു. അമ്മ മുഖം പൊക്കിനോക്കി. കണ്ണൻ പറഞ്ഞു, “കുറച്ചു മാമ്പഴപ്പുളിശ്ശേരിയാവട്ടെ ഇന്നുച്ചയ്ക്ക്”. അമ്മ തലയാട്ടി.

 

മുറ്റത്തേക്കിറങ്ങി പിന്നാമ്പുറത്തേക്ക് നടന്നു കണ്ണൻ. തൊടിയിലൂടെ നടക്കുക എന്നും ഹരമായിരുന്നു കണ്ണന്. അതിലൂടെ നടക്കുമ്പോഴാണ് വിദ്യയെ ആദ്യമായി ചേർത്തുപിടിച്ചു പറഞ്ഞത്, അവളെ സ്നേഹിക്കുന്നു എന്ന്. അന്നവൾ കെട്ടിപ്പിടിച്ചുമ്മവച്ചതിന്റെ തരിപ്പ്… നെഞ്ചുതുടിക്കുന്നിപ്പോഴും! 

കണ്ണൻ മുന്നോട്ടു നടന്നു. 

 

അത്യാവശ്യം പച്ചക്കറികൾ അമ്മ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കിളികൾക്കുള്ളതും വീട്ടിലേക്കുള്ളതും കഴിഞ്ഞു ബാക്കി അയൽവക്കത്തിന്. അതാണ് കണക്ക്. കുട്ടികളെ പഠിപ്പിക്കുന്ന അതേ പാഠങ്ങൾ അമ്മയും പ്രവൃത്തിപഥത്തിൽ വരുത്താറുണ്ട്, പഠനമുറിയിലും ജീവിതത്തിലും.

 

ഇപ്പോൾ മഹാദേവക്ഷേത്രത്തിൽ നിന്നും ഭക്തിഗാനങ്ങൾ കൃത്യമായി കേൾക്കാം. ഉച്ചപ്പൂജയ്ക്കുള്ള ഒരുക്കം തുടങ്ങിക്കാണും. ഭക്തജനങ്ങൾ കുറവാണ്. ചുറ്റുവട്ടത്തുള്ള പ്രായം ചെന്നവർ പോയി പ്രാർത്ഥിക്കും. ചെന്നാൽ രണ്ടുപേരെയും തൊഴുതിട്ട് വരാലോ എന്നാവും. 

 

വാഹനങ്ങളുടെ അരോചകമായ ഹോണടി ക്ഷേത്രത്തിൽ നിന്നുമൊഴുകിയ ഗാനവീചികളെ കീറിമുറിച്ചു. 

 

കണ്ണൻ തെക്കോട്ടു നോക്കി, വണ്ടാനിക്കോട്ടമലയ്ക്ക് നീലഛവിയുണ്ടിപ്പോൾ. യക്ഷി ഉറക്കത്തിലാണ്. അവളുടെ ഉച്ഛ്വാസവായു മൂടൽമഞ്ഞുപോലെ അകലെ പടരുന്നു. 

 

കണ്ണൻ നാട്ടുമാവിന്റെ ചോട്ടിലേക്ക് നടന്നു. ചാരിവച്ചിരുന്ന തോട്ടിയെടുത്തു. മഞ്ഞഛവിയുള്ള മാങ്ങകൾ തോണ്ടിയിട്ടു. അഞ്ചെട്ടെണ്ണം കിട്ടി. വാരിക്കൂട്ടി മുണ്ടിന്റെ കോന്തലയിലിട്ട് അടുക്കള ഭാഗത്തേക്കു നടന്നു. 

 

കണ്ണൻ പെട്ടെന്ന് നിന്നു. അൽപ്പം ദൂരേ കരിയിലികൾക്കിടയിൽ എന്തോ ഇഴയുന്നു! ഒന്നൂടെ നോക്കി. മഹാദേവന്റെ കഴുത്തിൽനിന്നുമിറങ്ങിവന്ന സർപ്പത്തിന്റെ കുഞ്ഞുങ്ങൾ ഇവിടെയായോ താമസം! 

 

ഓഹോ, രണ്ടെണ്ണമുണ്ട്, ഇണചേരുന്ന അസുലഭമൂഹൂർത്തം! ശല്യപ്പെടുത്തിക്കൂടാ. ഒരുനിമിഷം നോക്കിനിന്നു. ഇണയിലൊന്നിനു തന്റെ മുഖമുണ്ടോ! കൂടെയുള്ളതോ? ആരാണോ…

 

കണ്ടുനിൽക്കേ കണ്ണന് മലയക്ഷിയെ കാണണം എന്നുതോന്നി. അവളുടെ കഴുത്തിൽ ചുണ്ടമർത്തണം, അവളുടെ മുടിയിഴകളിലൂടെ വിരലോടിക്കണം. യക്ഷിയുടെ വിയർപ്പു നുണയണം. അവളിൽ ലയിക്കണം!

 

അഡ്രിനാലിൻ തന്റെ മേലാകെ പടരുന്നത് പോലെ. വല്ലാതെ ദേഷ്യംതോന്നി. എന്തിനോടോ…

 

മൂർദ്ധാവിലേക്ക് തീ പടർന്നുകയറി. ശിവന്റെ ഉഗ്രഭാവം അങ്ങ് ദൂരേനിന്നും തന്നെയെത്തിനോക്കുന്നുവോ? 

 

നടന്നു. ഇണകളെ അവരുടെ പാട്ടിനുവിട്ട് കണ്ണൻ അടുക്കളയിലേക്ക് നടന്നു, ചാരിക്കിടന്ന വാതിൽ തുറന്ന് അകത്തുകടന്നു. ഫ്രിഡ്ജ് തുറന്നു വാട്ടർ ബോട്ടിൽ എടുത്തു. കോർക്ക് തുറന്നു അപ്പാടെ വായ്ക്കുള്ളിലേക്ക് കമഴ്ത്തി. രണ്ടുകവിൾ തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങി, നെഞ്ചിനെ തഴുകിയൊഴുകി, താഴേക്ക്. അൽപ്പം ആശ്വാസമായി. ഒരുമാത്ര, കണ്ണടച്ചുനിന്നു. 

 

മാങ്ങയെല്ലാം മടിയിൽനിന്നും ഒരു ബൌളിലിട്ടു. 

 

ഇനി ഉച്ചയൂണിനുള്ള ഒരുക്കം. ബർണറിൽ അരിക്കലം വച്ചു. ഒരു കപ്പ് പാലക്കാടൻ മട്ടയരി കഴുകിയിട്ടു.  ബൗളിൽ വച്ചിരുന്ന മാങ്ങയെല്ലാം ഞെക്കിനോക്കി. കൊള്ളാം. പഴുപ്പു തോന്നിച്ചതെല്ലാം എടുത്തു, അതിൽ നാലെണ്ണം മാറ്റിവച്ചു. 

 

ഒരു കഷണം പൂളിയെടുത്തു സ്വാദ് നോക്കി. കണ്ണന്റെ മുഖം ചുളിഞ്ഞു. പുളിയും മധുരവും നാവിലൂടെയിറങ്ങിയപ്പോൾ എന്തോ ഓർത്തു ചിരിച്ചു. 

 

വിദ്യയുടെ ചുവപ്പുരാശിയുള്ള ചുണ്ടിന്റെ ചുവ. യക്ഷിയുടെ വിയർപ്പിന്റെ ചുവയെന്താവും? നൊസ്സ്!

 മാങ്ങയുടെ തൊലി ചെത്തിക്കളഞ്ഞശേഷം ഒരു കൽച്ചട്ടിയിലിട്ടു വെള്ളമൊഴിച്ചു രണ്ടാമത്തെ ബർണറിൽ വച്ചു. അൽപ്പം മഞ്ഞളും ഉപ്പും ചേർത്തിളക്കി. ഡൈനിങ് ടേബിളിൽ വച്ചിരുന്ന സെൽഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. കൈ തുടച്ചു ഫോണെടുത്തു. വിശ്വനാഥനാണ്. അറ്റൻഡ് ചെയ്തു. “ഹലോ വിച്ചു”

 

“എടാ, നീ എവിടെയാ…”, വിശ്വന്റെ സ്വരത്തിൽ സൗഹൃദം തുളുമ്പി. 

 

“അടുക്കളയിൽ…”, കണ്ണൻ ഹാസ്യഭാവത്തിൽ ചിലമ്പി, പിന്നെ അൽപ്പം ഗൗരവത്തിൽ പറഞ്ഞു, “ഡാ, ലീവ് നീട്ടി എന്നറിയാലോ... അമ്മയ്ക്ക് ഒരറ്റാക്ക് ഉണ്ടായി. ആൻജിയോ ചെയ്തു. ബെഡ് റസ്റ്റ്‌ ആണ്. മൂന്നുമാസം വീട്ടില് തന്നെയാകും. അതുകഴിഞ്ഞേ ഇനിയെന്ത് എന്ന് തീരുമാനിക്കൂ. ചേച്ചി ഇടയ്ക്ക് വരും. ഇപ്പോൾ ഞാനാ ഇവിടത്തെ രാജാവ്”. 

 

കണ്ണൻ ലളിതമായ സ്വരത്തിൽ വിശദീകരിച്ചു. വിച്ചു അക്ഷമനായി.

 

“ഡാ, എന്ന് പറഞ്ഞാലോ, ചില പ്രൊജക്ടുകൾ വന്നുകിടപ്പുണ്ട്. നിന്നെ റിലൈ ചെയ്തുള്ള വർക്കാണ് എന്നറിയാലോ. എനിക്കൊറ്റയ്ക്ക് പറ്റില്ലല്ലോ”. വിശ്വം അക്ഷമനായി.

 

“വിച്ചു, നിനക്കറിയില്ലേ എന്റെ കാര്യങ്ങൾ. അമ്മയ്ക്ക് വയ്യ. ഈ അവസ്ഥയിൽ ഇവിടെ നിന്നേപറ്റൂ. ഒരു കാര്യം ചെയ്യൂ, നീ പ്രൊജക്റ്റുകളുടെ ഡീറ്റെയിൽസ് ഇമെയിൽ ചെയ്യൂ. എന്നിട്ട് നമുക്ക് നോക്കാം, പോരേ…? 

 

വിച്ചു കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു. കണ്ണൻ ചിരിച്ചു, “നീയെന്താ എനിക്കു പുറംതിരിഞ്ഞിരിക്കുകയാണോ, വച്ചിട്ടുപോ, പോയി പറഞ്ഞത്പോലെ ചെയ്യൂ, കേട്ടോ…”. കണ്ണൻ ഒരീണത്തിൽ പറഞ്ഞതു കേട്ടാവാം വിശ്വം ഒന്നു തണുത്തു.

 

“എന്നാലും നീയെന്റെ കൂടെയുള്ളപ്പോൾ മനസ്സിനൊരു ബലമാണ് കണ്ണാ, വേഗം വരൂ. നമുക്കമ്മയെ ഇങ്ങോട്ട് കൊണ്ടുവരാം”.കണ്ണന് ചിരിവന്നു. “ഓക്കേ ഓക്കേ, വച്ചിട്ട് പോ, എന്റെ മാമ്പഴപ്പുളിശ്ശേരി വിളിക്കുന്നു, എന്നെ. പിന്നെക്കാണാം ട്ടോ. രാത്രി വിളിക്ക്, ഓക്കേ ഡാ “. 

 

സെൽഫോൺ ടേബിളിൽ വച്ചു കണ്ണൻ അടുക്കളയിലെത്തി. അരി തിളയ്ക്കുന്നു. മാമ്പഴം വെന്തിരിക്കുന്നു.

 

പൊതിച്ചുവച്ചിരുന്ന ഒരു തേങ്ങ വെജിറ്റബിൾ റാക്കിൽ നിന്നുമെടുത്തു രണ്ടാക്കി. രണ്ടായി മുറിച്ച തേങ്ങയിൽ നിന്നുമുള്ള വെള്ളം വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയത് കണ്ണൻ ഒരു ഗ്ലാസിൽ സൂക്ഷിച്ചൊഴിച്ചു. ഗ്ലാസു നിറയെ വെള്ളം. മുഴുവൻ കുടിച്ചു. നല്ല മധുരം!

 

തേങ്ങ ചിരവി. ജീരകവും മഞ്ഞളും അല്പം മുളകുപൊടിയും കൂട്ടി മിക്സിയിൽ നന്നായരച്ചു. മഞ്ഞനിറത്തിൽ അരപ്പിന്റെ കൂട്ട് കാണാമായിരുന്നു. മിക്സി ഓഫാക്കിയിട്ട് കുറച്ചു വെള്ളമിട്ടു കുലുക്കി അരപ്പ് ചട്ടിയിലിട്ട് ചെറുതായിട്ടിളക്കി. വെന്തമാങ്ങയും അരപ്പും ചേർന്ന മണം കണ്ണനെ മത്തുപിടിപ്പിച്ചു. അൽപ്പം കറിവേപ്പിലയും ഇട്ടു. തിളയ്ക്കട്ടെ. കുറുകട്ടെ, ഉപ്പും മധുരവും ഇടകലർന്നു നിറയട്ടെ.

 

ചോറായീന്നു തോന്നുന്നു. തവിയിട്ടിളക്കി, വെന്തു. കൊലാണ്ടർ തപ്പിയെടുത്തു സിങ്കിൽ വച്ചു. ചൂടുള്ള ചോറ് അതിലേക്ക് കഞ്ഞിയോടൊപ്പം സൂക്ഷിച്ചൊഴിച്ചു, കൈ പൊള്ളരുതല്ലോ. നീരാവി കണ്ണനെ പൊതിഞ്ഞു. കഞ്ഞിയുടെ മണം. യക്ഷിയുടെ വിയർപ്പിനെന്ത് മണമാണ്? കലം മാറ്റിവച്ചു, കൊലാണ്ടർ മൂടിവച്ചു. വശങ്ങളിലൂടെ ആവി പൊന്തി. അതുനോക്കിനിൽക്കെ തന്നെക്കാത്തുനിൽക്കുന്ന മലയക്ഷിയെ വീണ്ടും ഓർത്തു.

 

ക്ഷമയോടെ കിടന്നുറങ്ങൂ നീ എന്റെ മോഹിനീ, ഞാൻ വരുമെന്ന് ചൊല്ലിയല്ലോ. പിന്നെയും ഓർമ്മിപ്പിക്കുന്നതെന്തിന്. കണ്ണൻ പരിഭവിച്ചു.ബർണറിൽ പുളിശ്ശേരി തിളയ്ക്കുന്നു. മഞ്ഞനിറത്തിൽ വെട്ടിത്തുളുമ്പുന്നതിൽ ചിലത് പുറത്തേക്കും തെറിച്ചു വീണു. അവന്റെ മുണ്ടിലും മഞ്ഞത്തുള്ളികൾ പൊട്ടുകുത്തി. ചട്ടി മാറ്റിവച്ചതിനുശേഷം കടുകു താളിക്കാൻ ചീനച്ചട്ടി വച്ചു. 

 

കടുക് പൊട്ടിച്ച ശേഷം ഒരുതണ്ടു കറിവേപ്പില, രണ്ട് വറ്റൽ മുളക് കീറിയത്, വെളുത്തുള്ളി രണ്ടല്ലി, ചതച്ചത് എല്ലാം കൂടി ഇട്ടു മൂപ്പിച്ചു ചൂടോടെ പുളിശ്ശേരിയിൽ ഇട്ടു. സർപ്പങ്ങൾ അക്ഷമരായി. ശീൽക്കാരത്തിന്റെ ഈർച്ചയിൽ കൊഴുത്ത പുളിശ്ശേരിയിൽനിന്നും ആവിപൊങ്ങി. ഇണസർപ്പത്തിന്റെ മുഖം അപ്പോഴും വ്യക്തമായി കണ്ടില്ല. വേണ്ട. 

 

തവിയിട്ട് ഇളക്കി പുളിശ്ശേരിക്കലം മൂടി. പപ്പടം പിന്നെ വറുക്കാം. സമയം പതിനൊന്നായേ ഉള്ളൂ. മൂടിവച്ചിരുന്നതിൽ നിന്നും രണ്ടു ഇഡ്ഡലിയും അൽപ്പം ചട്ട്നിയും ഒരു പ്ലേറ്റിലാക്കി ഒരു ഗ്ലാസ് വെള്ളവുമായി കണ്ണൻ പൂമുഖത്തേക്ക് ചെന്നു. അമ്മ ഉറക്കം തൂങ്ങുകയായിരുന്നു. 

 

പ്ലേറ്റും ഗ്ലാസ്സും കോഫിടേബിളിൽ വച്ചിട്ട് മെല്ലെ അമ്മയെ തൊട്ടുവിളിച്ചു. അമ്മ കണ്ണുതുറന്നു നോക്കി. കണ്ണനെ നോക്കി പുഞ്ചിരിച്ചു. 

 

“ഷുഗർ ലെവൽ കുറയേണ്ട, ഇഡ്ഡലി കഴിക്കൂ”, കണ്ണൻ മൃദുസ്വരത്തിൽ പറഞ്ഞു. അമ്മ ഗ്ലാസിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചശേഷം ഒന്നുമുരിയാടാതെ പ്ലേറ്റ് കയ്യിൽ പിടിച്ചു ഇഡ്ഡലി കഴിച്ചുതുടങ്ങി. കണ്ണൻ നോക്കി നിന്നു. 

 

“എവിടെയെത്തി ഭീമൻ…”, കണ്ണൻ കുസൃതിയോടെ ചോദിച്ചു.

 

“യുദ്ധത്തിനൊരുക്കം തുടങ്ങിയല്ലോ”, അമ്മ ദീർഘനിശ്വാസത്തോടെ പറഞ്ഞു, വ്യഥകളും സംഘർഷങ്ങളും ഒഴിയണ കാലമുണ്ടോ മനുഷ്യന്? സഹിക്കുക തന്നെ…”

കണ്ണൻ വിഷയം മാറ്റി. 

“ഉച്ചപൂജ തുടങ്ങാറായി, അമ്മേടെ മഹാദേവന്. അമ്മയ്ക്കും ഊണിനു നേരമാവുന്നു. കാലായിട്ടോ. മീൻപീര ഒന്ന് ചൂടാക്കണം, കൊണ്ടാട്ടോം പപ്പടോം വറുക്കണം. ധിറുതിയില്ലല്ലോ? ഉറങ്ങണ്ടാട്ടോ, ഊണ് കഴിച്ചു മര്ന്നു കഴിച്ചിട്ട് മതി. ചേച്ചിയെ ഒന്നു വിളിക്കട്ടെ. അമ്മ വായിച്ചോളൂ “. 

 

കണ്ണൻ പ്ലേറ്റും ഗ്ലാസുമെടുത്തു അടുക്കളയിലേക്കു നടന്നു. സിങ്കിൽ പാത്രങ്ങൾ വച്ചു. കഴുകണം. ആദ്യം ചേച്ചിയെ വിളിക്കാം.

 

സെൽ ഫോണിൽ നമ്പർ ട്രാക്ക് ചെയ്തു കാൾ ബട്ടൺ അമർത്തി. പോകുന്നുണ്ട്.  റിംഗ് ടോൺ കേൾക്കാം. എടുത്തു.

“ഹലോ…” ചേച്ചി.

“ആ, കണ്ണാ  അമ്മയ്ക്കെങ്ങനെയുണ്ട് “, ചേച്ചിയുടെ ഉൽക്കണ്ഠ ഫോണിൂടെ കണ്ണന്റെ കാതിലേക്ക് ആഴ്ന്നിറങ്ങി. 

 

“അമ്മ ഓക്കേയാണല്ലോ. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. ഇപ്പൊ ദാ, രണ്ടിഡ്ഡലി കൂൾ ആയി വീണ്ടും കഴിച്ചിരിക്കുന്നു. കുറച്ചുകഴിഞ്ഞു ഊണ് റെഡിയാകും. ഭക്ഷണം നന്നായി കഴിക്കുന്നു, വിഷമിക്കേണ്ട “. കണ്ണൻ ഉത്സാഹത്തോടെ പറഞ്ഞു. 

 

ചേച്ചി ഒന്നു മടിച്ചു, പിന്നെ മെല്ലെ പറഞ്ഞുത്തുടങ്ങി, “ ഞാൻ വിളിക്കാനിരിക്കുകയായിരുന്നു. വിദ്യ വിളിച്ചിരുന്നു “.

 

കണ്ണന്റെ വിരലുകൾ തണുത്തു. ഗംഗാപ്രവാഹം നെഞ്ചിൽ നിന്നും തലയിലേക്കിരച്ചു കയറുമ്പോലെ. ശിവന്റെ ജഡയിൽ നിന്നും ഗംഗയൊഴുകി കണ്ണനെ കുളിപ്പിച്ചു. രക്തം ചൂടുപിടിച്ചു. തൃക്കണ്ണ് തുറന്നുവോ, അഗ്നി ജ്വലിച്ചുവോ…

 

കണ്ണന്റെ അടിവയറ്റിൽ നിന്നും രോഷം പൊട്ടിയൊഴുകി. 

 

ഫോണിലൂടെ അവൻ അലറി. “ഇതൊക്കെ എന്നോട് പറയുന്നതെന്തിന്? ഇനി പറഞ്ഞിട്ടെന്താ. അമ്മയ്ക്ക് സുഖമില്ലാത്തപ്പോൾ എല്ലാം ഇട്ടെറിഞ്ഞു പോയതല്ലേ, അവൾ. അവൾക്ക് വലുത് അവളുടെ കരിയർ ആയിരുന്നല്ലോ. പോകട്ടേ. അവളുടെ സ്വപ്നത്തിനുപിന്നാലെ അവൾ പോകട്ടേ. ദയവുചെയ്തു അവൾ വിളിക്കുന്നു എന്നൊക്കെ എന്നോട് പറയരുത്. എന്റെ മനസ്സിലുള്ളത് ഞാൻ ആരോടും പറയുന്നില്ലല്ലോ…”, 

 

കണ്ണൻ കിതച്ചു. തല പെരുക്കുന്നുണ്ടായിരുന്നു. ചേച്ചി വേറെയൊന്നും പറഞ്ഞില്ല. പിന്നെ വിളിക്കാം എന്നു പിറുപിറുത്തു ഫോൺ വച്ചു.

 

കണ്ണനാകെ വിറച്ചു. ഫ്രിഡ്ജിൽ നിന്നും കുറച്ചു തണുത്തവെള്ളമെടുത്തു കുടിച്ചശേഷം കസേരയിലിരുന്നു. കണ്ണടച്ചു. തീയടങ്ങി. മനസ്സൊന്നൊതുങ്ങിയപ്പോൾ അടുക്കളയിലേക്കു പോയി. പാത്രങ്ങൾ കഴുകാനുള്ള ഒരുക്കമായി.

 

അങ്ങനെയാണെപ്പോഴും. മനസ്സ് അസ്വസ്ഥമായാൽ ഏതെങ്കിലും പണിയിലേർപ്പെടും കണ്ണൻ. വേസ്റ്റേല്ലാം പെറുക്കി ഒരു പാത്രത്തിലിട്ടു  സച്ചിനും പിടകൾക്കും വൈകിട്ടത്തേയ്ക്കത്താഴമായി. 

 

വിം പൗഡർ സ്പോഞ്ചിൽ തൂവി പാത്രമോരോന്നായി കഴുകിത്തുടങ്ങി. ആദ്യം ഗ്ലാസുകളും കപ്പും, പിന്നെ പ്ലേറ്റുകൾ, സ്പൂൺ തുടങ്ങിയവ. അതു നന്നായി മെഴുക്കിളക്കി. ടാപ്പ് തുറന്നു. അഴുക്കെല്ലാം വെള്ളവുമായി കലർന്നു സിങ്കിലൂടെ പുറത്തേക്കൊഴുകി. ബാക്കിയുള്ളത് കലങ്ങളാണ്. ഉറങ്ങുംമുൻപ് ഒരുമിച്ചു കഴുകാം. 

 

ഇനി പപ്പടം വറുക്കാം. ചീനച്ചട്ടി വീണ്ടും ബർണറിൽ വച്ചു, അടുപ്പ് കത്തിച്ചു. ചട്ടി ചൂടായപ്പോൾ വെളിച്ചെണ്ണയൊഴിച്ചു. അഞ്ചാറു പപ്പടം വറുത്തു മാറ്റി. പിന്നെ ഒരുപിടി മുളകുകൊണ്ടാട്ടവും. 

 

പപ്പടം വറുക്കുന്ന മണം കൊണ്ടോ പുകയുടെ ആധിക്യം കൊണ്ടോ യക്ഷി വന്നെന്തൊക്കെയോ മന്ത്രിച്ചു. ഇണസർപ്പങ്ങൾ നിശബ്ദമായി പിൻവാങ്ങി. പാചകം ചെയ്യുന്ന തിരക്കിൽ കണ്ണനതറിഞ്ഞില്ല. പിന്നെ മീൻപീരയെടുത്തു വേറെയൊരു ചട്ടിയിൽ ഇട്ടു ചൂടാക്കാൻ ബർണറിൽ വച്ചു. നേരിയ മൂളൽ കേട്ടുതുടങ്ങിയപ്പോൾ കയിലെടുത്തു ഇളക്കിത്തുടങ്ങി. ചെറുതായി ചൂടായാൽ മതി. 

 

തീ കെടുത്തി. പുകയടങ്ങി. കലിയടങ്ങി. 

 

ഭക്ഷണമെല്ലാം ടേബിളിൽ ഒരുക്കി. പ്ലേറ്റുകളും കയ്യിലുകളും നിരത്തി. വെള്ളം എടുത്തുവച്ചു. രണ്ടു ഗ്ലാസ്സുകളും. എന്നിട്ട് അമ്മയെ വിളിച്ചു.

കണ്ണൻ കാത്തിരുന്നു. മെല്ലെ മതിലിൽ കൈ താങ്ങി അമ്മ നടന്നുവന്നു കസേരയിൽ ഇരുന്നു.

 

“ക്ഷീണം തോന്നുന്നുണ്ടോ അമ്മേ”, കണ്ണൻ വാത്സല്യത്തോടെ ചോദിച്ചു.

 

“ഒന്നൂല്ല. ഊണ് കഴിഞ്ഞൊന്നു കിടക്കണം, അത്രേയുള്ളൂ”. അമ്മയുടെ സ്വരം വിതുമ്പുന്നുണ്ടോ? ഹേയ് തോന്നീതാവും. 

 

അമ്മയുടെ മുൻപിലേക്ക് പ്ലേറ്റ് നീക്കിവച്ചു. അമ്മ വേണ്ടതുപോലെ വിളമ്പി എടുത്തോളും. പപ്പടോം കൊണ്ടാട്ടോം എടുത്തുകൊടുത്തു. അമ്മ കഴിക്കാൻ തുടങ്ങിയപ്പോൾ കണ്ണനും പ്ലേറ്റ് എടുത്തു വിളമ്പിത്തുടങ്ങി. ആദ്യം ഒരു കയിൽ ചോറെടുത്തു. അൽപ്പം പുളിശ്ശേരി എടുത്തു. ചോറ് കുഴച്ചു ഉരുളയാക്കി വായിലിട്ടു. 

 

“പുളിശ്ശേരി ഉഗ്രനായിരിക്കുന്നു കേട്ടോ “, അമ്മ പ്രശംസിച്ചു. 

“മുളക് കുറച്ചേ ഇട്ടുള്ളു, അസിഡിറ്റി കൂട്ടണ്ടാന്ന് കരുതി”, കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 

ഒരു പപ്പടം പൊട്ടിച്ചെടുത്തു, കൊണ്ടാട്ടമുളക് ഇടയ്ക്കൊന്നു കടിച്ചു, ചോറ് തീർന്നപ്പോൾ അടുത്ത കയിലെടുത്തു. ഇനി മീൻപീര ചേർത്തുകഴിക്കാം. ഡ്രൈ ആയി. അതാണിഷ്ടം. ഒപ്പം പപ്പടം, കൊണ്ടാട്ടത്തിന്റെ എരിവ് ഉള്ളിലേക്ക് കിനിഞ്ഞിറങ്ങിയപ്പോൾ ഒരു കവിൾ വെള്ളം കുടിച്ചു. പ്ലേറ്റ് കാലിയായി. 

 

ഇനി ചോറില്ലാതെ പുളിശ്ശേരി മാത്രം, മാങ്ങയണ്ടിയും. പുളിശ്ശേരിയിലെ മാങ്ങയണ്ടി കണ്ണന് പണ്ടേ വലിയ ഇഷ്ടമാണല്ലോ. അമ്മയുടെ ഊണ് കഴിഞ്ഞു. കണ്ണൻ കഴിക്കുന്നത് കൗതുകത്തോടെ നോക്കിനിന്നു അമ്മ. ഒരു ചിരി ചുണ്ടിലൂറി. 

 

“അമ്മ കൈ കഴുകിക്കോളൂ, ഞാൻ ഇതൊക്കെ ഒന്നു ഒതുക്കിവച്ച ശേഷം പിൽസ് എടുത്തുതരാം കേട്ടോ”. കണ്ണൻ മാങ്ങയണ്ടിയുടെ ചാറു ഊറ്റിവലിക്കുന്നതിനിടയിൽ പറഞ്ഞു. 

 

അമ്മ എഴുന്നേറ്റു. വാഷ്ബേസിനിൽ കൈ കഴുകി, പതുക്കെ നടന്നു സോഫായിൽ ഇരുന്നു. 

 

കണ്ണൻ ഊണ് കഴിഞ്ഞെഴുന്നേറ്റു. വേസ്റ്റ് എല്ലാം ഒരു പ്ലേറ്റിൽ ഇട്ടശേഷം എച്ചിൽപാത്രങ്ങളെല്ലാമെടുത്ത് എഴുന്നേറ്റു. എല്ലാം സിങ്കിലിട്ടു. തിരികെവന്നു വാഷ്ബേസിനിൽ കൈ കഴുകി. ബാക്കി വന്നതെല്ലാം കൊച്ചു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാക്കി ഫ്രിഡ്ജിൽ എടുത്തുവച്ചു. ബാക്കിവന്ന പപ്പടവും കൊണ്ടാട്ടവും ഒരു ചോറ്റു പാത്രത്തിലാക്കി മൂടിവച്ചു. 

 

ചോറ് കലത്തിൽ തന്നെയിരിക്കട്ടെ. വെള്ളമിട്ട് വയ്ക്കാം. വൈകിട്ട് അമ്മയ്ക്ക് കഞ്ഞി മതി. തനിക്ക് ഓട്സും. 

 

വേസ്റ്റ് ഡിഷുകൾ അടുക്കളയിൽ കൊണ്ടുവച്ചു. ടേബിൾ ഒന്നു ഒതുക്കി. കുറച്ചു വെള്ളം കുടിച്ചു. പാത്രം കഴുകുന്നതിനു മുൻപ് അമ്മയ്ക്ക് മരുന്നു കൊടുക്കണം. 

 

ഒന്നു റിലാക്സ് ചെയ്തിട്ട് പാത്രം കഴുകാം. ലാപ്ടോപ്പിൽ കുറച്ചു വർക്കുള്ളത് നോക്കാനുമുണ്ട്. വിച്ചു ഇമെയിൽ അയച്ചുകാണുമോ ആവോ. 

 

അമ്മയ്ക്ക് പിൽസ് എടുത്തുകൊടുത്തു. വെള്ളവും. അതു വിഴുങ്ങി., ഗ്ലാസ്‌ കണ്ണന് നേരേ നീട്ടി കണ്ണിറുക്കികാട്ടി ചിരിച്ചു അമ്മ. കണ്ണനും ചിരിച്ചു. 

“അമ്മ പോയി ഉറങ്ങിക്കോളൂ. എനിക്ക് കുറച്ചു പണിയുണ്ട്. നാലുമണിക്ക് ചായ ഇട്ടുതരാം. പോരേ?”, കണ്ണന്റെ സംസാരം കേട്ട് അമ്മ ചിരിച്ചു വീണ്ടും.

 

“അങ്ങനെയാകട്ടെ, നിന്റെ പണി നടക്കട്ടെ”, അമ്മ എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി.

 

കണ്ണൻ സോഫയിൽ ഇരുന്ന് ഒരു പില്ലോ മടിയിൽ വച്ചു ലാപ്ടോപ് അതിനു മുകളിൽ അഡ്ജസ്റ്റ് ചെയ്തു ഓണാക്കി. ഇനി കുറച്ചുനേരം ലാപ്ടോപ്പിൽ. അതുകഴിഞ്ഞു പാത്രങ്ങൾ കഴുകാം. അപ്പോഴേക്കും നാലുമണിയാകും. 

 

മഹാദേവൻ ഇപ്പോൾ എന്ത് ചെയ്യുകയാവും? ബോറടി മാറ്റാൻ ഹരിയുമായി ചതുരംഗം കളിക്കുകയാവുമോ, അതോ ഭൂതഗണങ്ങളുമായി ഒളിച്ചുകളിക്കുകയോ? 

 

ക്ഷേത്രത്തിൽ ദീപാരാധനയ്ക്കു വരുന്ന ഭക്തരെക്കാത്തു അക്ഷമയോടെ ഇരിക്കുകയുമാവാം. ദൈവങ്ങൾക്ക് ഉച്ചയുറക്കം പതിവുണ്ടോ എന്തോ.

 

എന്തൊക്കെയോ ആലോചിക്കുന്നു. വട്ട് തന്നെ. ദീപാരാധനയ്ക്കുള്ള തയ്യാറെടുപ്പു തുടങ്ങാൻ നേരമാവുന്നേയുള്ളു. ആളില്ലെങ്കിലും ദേവനുള്ളത് മുടങ്ങരുതല്ലോ. 

 

തോന്നലുകളെ അതിന്റെ പാട്ടിനുവിട്ട് ലാപ്ടോപ്പിൽ കണ്ണുനട്ടു കണ്ണൻ.

 

ക്ഷേത്രത്തിൽ നിന്നുമുള്ള ശിവസ്തോത്രം ഒഴുകിയെത്തി. 

 

“നീരും നിരന്ന നിലവും കനലോടു കാറ്റും ചേരും 

ചിദംബരമതിങ്കലിരുന്നിടും നീ പാരിൽ കിടന്നലയുമെൻ 

പരിതാപമെല്ലാമാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ…”

 

കണ്ണനറിയാതെ ഒന്നുമയങ്ങിയോ? തലകുടഞ്ഞു. ഉച്ചയുറക്കം പതിവില്ല കണ്ണന്. 

 

 

 

ഭാഗം മൂന്ന് – അത്താഴപ്പൂജ

 

ഇനി കാത്തിരിപ്പിന്റെ നാളുകൾ! പുതുവസന്തങ്ങൾ കച്ചയണിഞ്ഞൊരു വരവുണ്ട്. ഒപ്പം, ചേലുള്ള ശലഭങ്ങൾ പിന്നാലെയും!

 

തനിക്കു കാത്തിരിക്കാൻ ഇനിയെന്താണുള്ളത്? യക്ഷിയെ മാത്രം…

 

ഇമെയിലുകളെല്ലാം നോക്കി. അത്യാവശ്യം വേണ്ടതിനു മറുപടി എഴുതി. പ്രൊജക്ടുമായി ബന്ധമുള്ളതിന് കുറച്ചു നോട്സ് തയ്യാറാക്കണം. മറുപടി നാളേയ്ക്ക് മതിയാവും.

 

സെൽഫോണിലും മെസ്സേജ്കൾ നോക്കി, പ്രത്യേകിച്ചാരും ഒന്നും എഴുതീട്ടില്ല. വിച്ചൂന്റെ ടെക്സ്റ്റ്‌ ഉണ്ട്. ഇമെയിൽ നോക്കി പ്രൊജക്റ്റ്‌കളുടെ ഡീറ്റൈൽ അയച്ചുതരണമെന്ന് ഓർമ്മിപ്പിച്ചു. എല്ലാം നാളെ. 

 

ലാപ്ടോപ് ഓഫ്‌ ചെയ്തു. കണ്ണൻ എഴുന്നേറ്റു. ഇനി പാത്രങ്ങൾ കഴുകാം. എന്നിട്ട് ചായക്കുള്ള വെള്ളം വയ്ക്കാം. പാല് ഫ്രിഡ്ജിൽ ഉണ്ട്. ഇന്നത്തേയ്ക്ക് അതുമതി.

 

അമ്മയുടെ മുറിയിലേക്ക് എത്തിനോക്കി. ഉറങ്ങുന്നു, ശാന്തമായി. മുഖം മതിലിനോട് തിരിഞ്ഞാണ് ഉറങ്ങുന്നത്. വെട്ടം കാണണ്ട എന്ന് കരുതിയാവും. ഉറങ്ങട്ടെ.

 

അടുക്കളയിൽ ചെന്നു. ഒന്നു നോക്കി ചുറ്റും. വേസ്റ്റ്കളെല്ലാം ഒന്നാക്കി പ്ലേറ്റിലിട്ടു. സച്ചിനും ഇണകൾക്കും വിശപ്പുണ്ടാകും. കഴിക്കട്ടെ. 

 

അടുക്കളവാതിൽ തുറന്നപ്പോഴേ സച്ിൻ ഓടിവന്നു. കൊക്കിക്കൊക്കി ഇണകളെ ആകർഷിച്ചു. അവരും വന്നു. ജാനകി ആർത്തി കാണിച്ചില്ല. അവളിപ്പോൾ ചികയുന്നത് ഏതു സ്വപ്നമാവും? ചിലപ്പോൾ സച്ചിന്റെ ജീവിതത്തിൽ നിന്നും എങ്ങനെ രംഭയെ മാറ്റിനിർത്താം  എന്നാവുമോ?

 

സ്വപ്നങ്ങളിൽ മാത്രം അഭിരമിക്കുന്ന ജാനകിയും ഹരിയും താനും. കണ്ണൻ ചിരിച്ചു. തങ്ങൾ മൂന്നുപേരും മൂന്നു ലോകത്തിൽ അഭിരമിക്കുന്നവരല്ലേ. ഒരു ചേർച്ചയുമില്ലല്ലോ!

 

ഇല്ലേ… താനും സ്വപ്നലോകത്തിലല്ലേ? വിദ്യ കുറ്റപ്പെടുത്തിയതും അതല്ലേ! എന്തിനാണവൾ ഇട്ടേച്ചുപോയത്? എല്ലാം പറഞ്ഞതാണല്ലോ… പ്രൊജക്റ്റ്കളുടെ നൂലാമാലകളിൽ നിന്നും ഒന്നൊഴിഞ്ഞിട്ടൊരു നീണ്ട അവധി, അവൾക്കിഷ്ടമുള്ള ലോകം, അവളാഗ്രഹിക്കുന്ന അവളുടെ ഫാഷൻ ഡിസൈനിങ്… എല്ലാറ്റിനുമൊപ്പം കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ടും അവൾ വാശിയെടുത്തു. 

 

വെള്ളം തിളയ്ക്കുന്ന ശബ്ദം കണ്ണനെ അടുക്കളയിലേക്കെത്തിച്ചു. ചായപ്പൊടിയും പാലും ഇട്ടിളക്കി. തിളയ്ക്കുവാൻ ക്ഷമയോടെ കാത്തുനിന്നു. ആദ്യത്തെ കുമിള മെല്ലെ ആഴത്തിൽ നിന്നുമെത്തി നോക്കി, തന്നെനോക്കി മിഴിച്ചുനിന്നു. പൊട്ടിത്തെറിച്ചു. പിന്നാലെ ഒരുപാട് കുമിളകൾ വന്നു കുറ്റപ്പെടുത്തികൊണ്ടേയിരുന്നു. തിളച്ചചായ മെല്ലെ പതയോടെ പൊന്തിവന്നപ്പോൾ കണ്ണൻ ബർണർ ഓഫാക്കി.

 

ചായ രണ്ടു ഗ്ലാസ്സിലാക്കി അരിച്ചെടുത്തു. പേരിനു മധുരവുമിട്ടു. കബോർഡിൽ നിന്നും സ്നാക്കിന്റെ ടിൻ എടുത്തു കുറച്ചു ബിസ്കറ്റുകളെടുത്തു ഒരു ചെറുപ്ലേറ്റിലാക്കി. 

 

ഡൈനിംഗ് ടേബിളിൽ എല്ലാം കൊണ്ടുവച്ചശേഷം ഉച്ചത്തിൽ അമ്മയെ വിളിച്ചു.

 

വിളികേട്ട് അമ്മ എഴുന്നേറ്റു, പതുക്കെ മൂരിനിവർത്തി. കണ്ണന് അവിടെ നിന്നാൽ അമ്മയെ കാണാം. 

 

അമ്മ എഴുന്നേറ്റുവന്നു, വാഷ് ബേസിനിൽ ചെന്നു മുഖം കഴുകി സാരിത്തുമ്പിൽ മുഖം തുടച്ചു. “നാലുമണി കഴിഞ്ഞോ? ഞാനൊന്നു മയങ്ങി”. 

 

അമ്മ കസേരയിൽ ഇരുന്നു ചായയിൽ ബിസ്കറ്റ് മുക്കി കഴിച്ചുതുടങ്ങി. കണ്ണനും കപ്പെടുത്തു ചായ കുടിച്ചുതുടങ്ങി. ഇഷ്ടമില്ലെങ്കിലും നാട്ടിലുള്ളപ്പോൾ വൈകിട്ട് അമ്മയുടെകൂടെ ഇത് ശീലമായി. 

 

“വൈകിട്ട് കഞ്ഞി തരാം. മെഴുക്കുപുരട്ടി വേണോ, മീൻപീര പോരേ, അമ്മേ?”, കണ്ണൻ തിരക്കി. 

 

“ഓ, ധാരാളം. പിന്നെ കടുമാങ്ങയുമുണ്ടല്ലോ. അതുമതി, ട്ടോ. ചിലപ്പോൾ സമയം നീങ്ങുന്നില്ല എന്നുതോന്നും, നീ എന്താ ചെയ്യാൻ പോണേ?”, അമ്മ ആകാംക്ഷയോടെ തിരക്കി. 

 

“കുറച്ചു വർക്കുണ്ട്. ഒരു പ്രൊജക്റ്റ്‌ പ്രൊപ്പോസൽ കംപ്ലീറ്റ് ചെയ്യണം. എംഡി തിരക്ക്കൂട്ടുന്നു. കോടികളുടെ റിടേൺസ് കിട്ടുന്നത്. വിച്ചു പുറകീന്നു മാറുന്നില്ല. അതൊന്നു പഠിക്കണം. ഫൈനലൈസുചെയ്യണം. കിട്ടിയാൽ നല്ലതാ. അമ്മ മുറ്റത്തൊന്നു നടന്നോളൂ കുറച്ചുനേരം”. കണ്ണൻ ലാപ്ടോപ്പിൽ കണ്ണുനട്ടിരുന്നു. 

 

അമ്മ മെല്ലെ നടന്നുപോയി…

 

വൈകിട്ടെല്ലാം തിരക്കിട്ടു കഴിഞ്ഞു. അമ്മ കഞ്ഞികുടിച്ചു. പിൽസ് എടുത്തുകൊടുത്തു. 

 

കണ്ണൻ ഓട്സ് പാലിട്ട് കഴിച്ച ശേഷം ഒരാപ്പിളും കടിച്ചുതുടങ്ങി. അമ്മയ്ക്ക് വേണ്ടെന്നു പറഞ്ഞു. നിർബന്ധിച്ചില്ല. 

 

സമയം ഏഴര ആയി. അത്താഴപ്പൂജ കഴിഞ്ഞു നടയടക്കാൻ നേരമായി. അമ്മ കിടക്കാൻ നോക്കൂ, വെള്ളം ജഗ്ഗിൽ കൊണ്ടുവയ്ക്കാം. പാത്രങ്ങൾ നാളെ കഴുകാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബെല്ലമർത്തിയാൽ മതി. ഞാൻ മുകളിലേക്ക് പോകട്ടേ?”.

 

അമ്മ സമ്മതിച്ചു. കുറച്ചുനേരം കട്ടിലിൽ ഇരിക്കും, മാഗസിൻ വായിക്കും, എന്നിട്ടേ ഉറങ്ങു. അതാണ് അമ്മയുടെ ശീലം.

 

ഇനി തന്റെ ലോകം. തന്റെ മുറിയിലും ടീവിയുണ്ടല്ലോ, എന്തെങ്കിലും പ്രോഗ്രാം കാണാം. സെൽഫോൺ കയ്യിലെടുത്തു. ചാർജറും. ചുറ്റിലും നോക്കി, ഓക്കേ അല്ലേ? 

 

അടുക്കള വാതിലടയ്ക്കുന്നതിനു മുൻപ് കോഴിക്കൂട് ചെന്നടച്ചു. സച്ചിനും കൂട്ടരും തന്നത്താനേ കൂട്ടിൽ കേറും. കൂടടയ്ക്കാൻ പക്ഷെ താൻ പോകണം. മൂന്നുപേരും മുട്ടിക്കൂടിയിരിക്കുന്നു.

 

അറിയാതെ മൂളി, 

‘അങ്ങേ കൊമ്പിലെ പൂമരകൊമ്പിലെ 

ചങ്ങാലിപെണ്ണ് ചോദിച്ചു 

നിന്റെ നെഞ്ഞത്തെങ്ങാനും 

ചൂടൊണ്ടോ…”

 

ചിത്രയുടെ മാറിലാണ് ജാനകി കിടക്കുന്നത്. സച്ചിൻ രണ്ടുപേർക്കുമിടയിൽ കൊക്കുരുമ്മി ഉറക്കം തൂങ്ങുന്നു.

 

കണ്ണൻ കൂടടച്ചശേഷം അടുക്കളവാതിലും അടച്ച് മുൻവശത്തെ വാതിൽ അടയ്ക്കുവാൻ ചെന്നു. പുറത്തുനോക്കി. നല്ല നിലാവുണ്ടല്ലോ. അത്താഴപ്പൂജ കഴിഞ്ഞു ഭൂതഗണം ഉറങ്ങാൻ കിടന്നുവോ?

 

ആകാശത്തിലെ നക്ഷത്രങ്ങൾ സുവർണരേഖകൾ തീർക്കുന്നു, വരിവരിയായി മിന്നിമിന്നി ചക്രവാളത്തിലേക്കിഴയുന്നുമുണ്ട്. ഉറങ്ങാൻ കൂട്ടാക്കാതെ ചന്ദ്രൻ ചിരിക്കുന്നു. താഴെ മഹാദേവക്ഷേത്രത്തിലെ ആയിരംകൽമണ്ഡപത്തിൽ മുനിഞ്ഞുകത്തുന്നു നെയ്ത്തിരിനാളങ്ങൾ. ഉറങ്ങാറായില്ലേ? ഇനിയെന്താ? 

 

ഹരിക്കു നിവേദിച്ച പാൽപ്പായസത്തിന്റെ പങ്കുകിട്ടിയോ ഭൂതങ്ങൾക്ക്? നിവേദ്യം കഴിച്ചശേഷം രാത്രി നീരാട്ടിനിറങ്ങും ഭൂതങ്ങൾ എന്നു കേട്ടിട്ടുണ്ട്. 

 

അപ്പോഴാണ് ഓർത്തത്, താനും കുളിച്ചിട്ടില്ല, മേലാകെ വിയർപ്പുണ്ട്. യക്ഷിയുടെ വിയർപ്പിനും ഇതേ ഗന്ധമാകുമോ? കാമനകൾ ഉണർന്നു.അകലെ ഭൂതഗണങ്ങൾ കുണുങ്ങിച്ചിരിച്ചു. ആടിത്തിമിർത്തു. കാറ്റ് മെല്ലേയിളകിയാടി കണ്ണന്റെ അരികിൽവന്നു കിന്നാരം ചൊല്ലി. 

 

കണ്ണൻ കാറ്റിനോട് മന്ത്രിച്ചു. ഇന്നത്തെ പൂജകളെല്ലാം കഴിഞ്ഞു, ഇനി നീരാട്ട്. പോരുന്നോ ചന്ദനക്കാറ്റേയെന്റെ കൂടെ, എന്റെ മേലാകെ ഹരിചന്ദനം പൂശാൻ, എന്നെ താരാട്ട് പാടിയുറക്കാൻ…

 

കാറ്റ് ചിരിച്ചു, നാണംകുണുങ്ങി ഒഴുകിപ്പോയി. അങ്ങ് കുന്നിനുമേലേ യക്ഷിയോട് പയ്യാരം ചൊല്ലാനോ, കുസൃതിക്കാറ്റേ? അതോ ഹരിമുരളീരവം കേൾക്കാനോ? തിരക്കൊഴിഞ്ഞിതുവഴി വീണ്ടും വരില്ലേ, നിന്നെ കാണാതെ വയ്യെന്റെ കാറ്റേ…

 

ഞാൻ വാതിലടയ്ക്കട്ടെ? 

 

കണ്ണൻ വാതിലടച്ചു, ചുറ്റിലും ഒന്നുനോക്കി. എല്ലാം ഓക്കേയാണ്. അമ്മ കിടന്നു. ബെഡ് ലാമ്പ് ഓണാണ്. സിറ്റിംഗ് റൂമിലെ ലൈറ്റ് ഓഫാക്കി. 

 

പതുക്കെ പടികൾ കയറി. സ്വന്തം കാമനകളിലേക്ക്.

 

ഒന്ന്, രണ്ട്, മൂന്ന്… പതിനെട്ടില്ല, പത്തുപടികൾ മാത്രം!

 

റൂമിലെത്തി. ബാൽക്കണിവാതിൽ തുറന്നു. കാറ്റ് വീണ്ടും ഓടിവന്നുമ്മവച്ചു. നെറ്റിയിൽ, കവിളിൽ, കഴുത്തിൽ, മേലാകെ. ഹോ!

 

ലൈറ്റിട്ടു. ടീവി ഓൺ ചെയ്തു. സെൽഫോൺ ചാർജ് ചെയ്യാൻ വച്ചു. 

 

വിയർപ്പൊതുങ്ങി. ബാത്റൂമിൽ കയറി. ബ്രഷ് ചെയ്തു. കണ്ണാടിയിലെ നിഴലിനെ നോക്കി കണ്ണിറുക്കി. കണ്ണിലേക്കുറ്റുനോക്കി. ചിരിച്ചു. കുളിക്കുവാൻ പോകുന്നു, കണ്ണൻ… 

പോകട്ടെ, എന്റെ നിഴലേ? 

 

ഷവർടാപ്പ് തുറന്നു. സൂചിമുനകൾ മുടിയിഴകളെ വകഞ്ഞുമാറ്റി കുത്തിയിറങ്ങി. സുഖമുള്ള നൊമ്പരം മേലാകെ ഒഴുകി. 

 

കുറച്ചുനേരം കണ്ണടച്ചുനിന്നു. ജലധാരയൊഴുകി. മനസ്സ് ആർദ്രമായി. ജാസ്മിൻ ഗന്ധമുള്ള ഡോവ് ഉപയോഗിച്ചു മേലാകെ പതപ്പിച്ചു. ഇന്ന് ഷാമ്പൂ വേണ്ട.

 

കുറച്ചുനേരംകൂടി ഷവറിൽ നിന്നു കുതിർന്നു. പിന്നെ ടവൽ എടുത്തു തുവർത്തി മേലാകെ, ക്ഷമയോടെ.

 

പിന്നെ ഒട്ടും ധിറുതികൂട്ടാതെ പുതുവസ്ത്രങ്ങൾ ഉടുത്തു. മുടി ചീകാതെ കുളിമുറിയിൽ നിന്നും ഇറങ്ങി. 

 

ന്യൂസ്‌ചാനലിൽ ചൂടൻചർച്ച, ഇനി ബാൽക്കണിയിൽ കുറച്ചുനേരം.അവിടെനിന്നാലേ ഹരന്റെയും യക്ഷിയുടെയും ഒളിസേവ കാണാനൊക്കൂ. ഭൂതഗണം ഉറങ്ങിയാലേ അതിനു സൗകര്യം ഉണ്ടാകയുള്ളു. അവരുറങ്ങുമോ? 

 

ഹരി ഇതൊന്നുമറിയാതെ കിഴക്കുനോക്കി നിൽക്കുന്നുണ്ടാകും, നാളത്തെ ചോന്നപൊട്ട് ആദ്യം കാണാൻ.

 വണ്ടാനിക്കോട്ടയിലേക്കെത്തിനോക്കി കണ്ണൻ. അവിടമാകെ മൂടലുണ്ട്. മഞ്ഞോ പുകയോ? 

 

ഭൂതങ്ങൾ ചൂട്ടുകത്തിച്ചു തുള്ളിക്കളിച്ചതോ? അറിയില്ല. മഹാദേവന്റെ ക്ഷേത്രത്തിൽ നിന്നുമൊരു ഒറ്റവിളക്ക് മലയുടെ ഭാഗത്തേക്കൊഴുകുന്നത് കണ്ടു, കണ്ണൻ. 

 

ഇതാ, നടയടച്ചപ്പോൾ സംബന്ധത്തിനിറങ്ങിയിരിക്കുന്നു ഹരൻ!  

“കപാലം ത്രിശൂലം കരാഭ്യാദധാനം

പദാംഭോജനമ്രായ കാമം ദധാനം

പലീവർഗയാനം സുരാണാം പ്രധാനം

ശിവം ശങ്കരം ശംഭുമീശാനമീഡേ…”

 

വണ്ടാനിക്കോട്ടമലയിന്നു രാത്രി ചുടലപ്പറമ്പാകും. അവിടെയാകും മന്മഥൻ പുനർജനിക്കുക. യക്ഷി കാത്തിരിക്കുന്നു, അവളുടെ നിറഞ്ഞ മാറുയർന്നുതാഴുന്നല്ലോ.കാറ്റിൽ വിയർപ്പിന്റെ ഗന്ധം, വിയർപ്പിനു ഉന്മദഗന്ധം… അനംഗന്റെ പുഷ്പബാണങ്ങൾ തേൻ ചുരത്തിത്തുടങ്ങി. 

 

യക്ഷിയോട് കണ്ണന് വെറുപ്പ്‌ തോന്നി. എങ്ങനെ കഴിയുന്നു ഒന്നിൽ കൂടുതൽ പേരെ പ്രണയിക്കാൻ? അവളുടെ മുടിക്കെട്ടഴിഞ്ഞുലഞ്ഞു. കാറ്റിലിളകിയാടിയ കുറുനിരകൾ ആകാശത്തോളം പൊങ്ങി. ഹരന്റെ കഴുത്തിൽ നിന്നുമിറങ്ങിവന്ന വാസുകിയെ തേടി ഇണസർപ്പങ്ങൾ ഇഴഞ്ഞുവന്നു. ഇളകിയാടി, കാമകേളി തുടങ്ങി. യക്ഷിയുടെ മുടിയെല്ലാം സർപ്പങ്ങളായി മണ്ണിലാകെ പടർന്നു. ഗംഗ കണ്ണീരൊഴുക്കിത്തുടങ്ങി. തിങ്കൾകല ഗംഗയെ മാറോടു ചേർത്തു പറഞ്ഞു, നിന്നെ ഞാൻ ആകാശഗംഗയാക്കാം, വിഷമിക്കരുത്.

 

യക്ഷി ഒന്നുമറിഞ്ഞില്ല. അവൾ പാതിയടഞ്ഞ കണ്ണുകളോടെ എന്തോ മന്ത്രിക്കുന്നുവല്ലോ. ഹരൻ മൂന്നുകണ്ണുകളും തുറന്നിരിക്കുന്നു. 

 

കണ്ണന് സഹിച്ചില്ല. അവരുടെ രതിനിർവേദം കാണാൻ പറ്റില്ല. തന്നെയാണ് ഹരൻ നോക്കുന്നത്. വിജയിയുടെ ധാർഷ്ട്യം. മൂന്നു കണ്ണുകളിലും കത്തുന്ന തീ മെല്ലെ, മെല്ലെ അണഞ്ഞു.

 

കണ്ണൻ വിയർത്തുകുളിച്ചു. പാതിമയക്കത്തിലാണോ താൻ!

 

എങ്ങനെയോ എഴുന്നേറ്റു മുറിയിലേക്ക് കടന്നു. അവിടെ അവൻ കണ്ടു, കാമാതുരയായി കണ്ണുകളിൽ മദജലമൊഴുക്കി മലർന്നുകിടന്നു തന്നെ ക്ഷണിക്കുന്നു, മോഹിനി, യക്ഷി!

 

കണ്ണൻ അവളുടെ വിജ്രുംഭിത മാറിലേക്ക് പടർന്നുകയറി. ഹരിച്ചന്ദനഗന്ധവും പേറിനിന്ന കാറ്റ് വിതുമ്പിക്കൊണ്ട് പുറത്തേക്കൊഴുകി. മൗനം കണ്ണനെ പൊതിഞ്ഞു. അവളുടെ കരവലയത്തിൽ അവൻ അലിഞ്ഞുചേർന്നു…

 

ദൂരേ, ദൂരെയേതോ വിജനതയിൽ നിന്നുമൊരു വേണുനാദമുയർന്നു.

വിഷാദസാന്ദ്രവിരഹനാദം!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com