'അവളുടെ സ്‌നേഹോപദേശം കിട്ടിയ ആ ദിവസമാണ് ജീവിതത്തിലെ ഏറ്റവും നാണംകെട്ട ദിവസമെന്ന് തോന്നി'

HIGHLIGHTS
  • അതിഥികള്‍ വരുമ്പോഴാണ് വീടൊന്ന് വെടിപ്പാക്കുന്നത്
sad-man-photo-credit-icsnaps
SHARE

കുറ്റിമുല്ലയും ചിക്കന്‍കറിയും (കഥ) 

കോഴി കൂവുന്നതു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പുറത്തല്ല,  കിടപ്പുമുറിയില്‍. എന്റെ മേശയ്ക്ക് മുകളില്‍  മൊബൈല്‍ ഫോണിലായിരുന്നു കോഴിയുടെ കൂവല്‍. ഭിത്തിയില്‍ തൂക്കിയിട്ട ക്ലോക്കില്‍ സമയം ഏഴുമണി.

കിളികള്‍ക്കൊപ്പം ഉണര്‍ന്നെഴുന്നേറ്റ പുലരി ജന്നലഴികളിലൂടെ എന്റെ മുറിയിലേക്ക് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു.

ഇന്നലെ രാത്രിയില്‍ എന്നോടൊപ്പം ഉറങ്ങിയ മഞ്ഞുതുള്ളികള്‍  ചില്ലു ജാലകങ്ങളില്‍ പറ്റിപ്പിടിച്ച് ഉറഞ്ഞ് പോയിരുന്നു. രാവിലത്തെ വെയിലേറ്റ് അവ നീരടയാളങ്ങളായി ഒലിച്ചിറങ്ങുന്നതു കണ്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ അവയെല്ലാം അലിഞ്ഞ് ഇല്ലാതായിത്തീരുന്നത് കിടക്കയില്‍ മൂടിപ്പുതച്ച് കിടന്നുകൊണ്ട് തന്നെ ഞാന്‍ കണ്ടു.

മുറ്റത്തേക്ക് കാഴ്ചയുടെ പരിധി നീണ്ടു. അവിടെ ചെടിച്ചട്ടികളിൽ മരിച്ച പൂവുകളുടെ തലകള്‍ ചാഞ്ഞ് താഴ്ന്ന് കിടക്കുന്നു. ഗാര്‍ഡനിംഗ് ഒരു ജോലിയാണ്. പ്രകൃതിയുമായി സമരസപ്പെടാന്‍ ഞാന്‍ കണ്ട ഒരു മാര്‍ഗമാണ് ഈ ചെടികളും പൂവുകളും അവയുടെ പരിപാലനവും.

ബെഗോണിയകളാണ് മരിച്ച പൂവുകളുടെ ശവപ്പറമ്പായി നില്‍ക്കുന്നത്. വൈകീട്ടോടെ അവ ഒന്നൊന്നായി നിലംപൊത്തും. പിങ്ക് നിറം അതിരിടുന്ന വെളുത്ത പൂവുകളാണ് ഇവ. നടുവില്‍ മഞ്ഞ നിറത്തിലുള്ള പരാഗകേസരങ്ങളും.

ഡെഡ്‌ബെഡ്ഡിംഗ് ആവശ്യമില്ലാത്ത ഇവ ഇതളുകള്‍ ഒരോന്നായി വീഴ്ത്തി മനോഹരമായി സ്വയം പരിപാലിക്കുന്ന ചെടികളാണ് -സെല്‍ഫ് ക്ലീനിംഗ് പ്ലാന്റ്‌സ്. 

വൃത്തിയുള്ള പൂന്തോട്ടവും, പൂക്കളും, സുഗന്ധവും -മനസ്സില്‍ എന്നും വസന്തകാലം സമ്മാനിക്കുന്ന അനുഭവങ്ങളാണ്..

ഭിത്തിയിലെ ക്ലോക്കില്‍ സമയം ഏഴു മണി കഴിഞ്ഞ് പത്ത് മിനിട്ട്. ഒപ്പം, എന്റെ മൊബൈല്‍ ഫോണില്‍ വീണ്ടും കോഴിയുടെ കൂവൽ  സ്‌നൂസ് അലാം. പുതപ്പുവാരിച്ചുറ്റി എഴുന്നേറ്റ് ജന്നലരികിലേക്ക് നടന്നു..സ്‌നൂസ് ഡിസ്മിസ്.

തലേന്ന് രാത്രിയിലെ അത്താഴത്തിനൊപ്പം കഴിച്ച ചിക്കന്‍ കറിയുടെ മസാല തികട്ടി വരുന്നുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ കോഴിയുടെ കൂവല്‍ കേട്ട് ഉണര്‍ന്നിട്ട് എത്ര നാളായി എന്ന തോന്നലുമായാണ് ആ തികട്ടല്‍ എത്തിയത്. മേശയ്ക്ക് മുകളില്‍ വെച്ചിരുന്ന കൂജയിലെ വെള്ളം ഒരു കവിള്‍ കുടിച്ച് ചിക്കന്‍ മസാലയുമായി വന്ന ആ തികട്ടലിനെ ആമാശയത്തില്‍ തന്നെ ഞാന്‍ അടക്കിയിട്ടു. 

മുറ്റത്ത് കലപിലകൂട്ടുന്ന കരിയിലപക്ഷികളില്‍ കണ്ണുകള്‍ ഉടക്കി. നാലു കോഴികളും ഒരു കോഴിക്കൂടും ഉണ്ടെങ്കില്‍ രാവിലെ കോഴിയുടെ കൂവല്‍ കേട്ടുണരാം. ഒപ്പം മുറ്റത്തൊക്കെ അവ മണ്ണിരകളെയും പുഴുക്കളേയും കൊത്തി നടക്കുന്നത് കണികണ്ടുമുണരാം.. കരിയില പക്ഷികള്‍  പൊടുന്നനെ കോഴികളായി മാറി... !!

നാവില്‍ തികട്ടിവന്ന തലേന്നത്തെ ചിക്കന്‍ കറിയുടെ ചില ഭാഗങ്ങള്‍ താമരശ്ശേരി ചുരം കയറി മാനന്തവാടി വരെ പോയി.. വയനാട്ടിലെ രാത്രികളും, പുലരികളും, പകലുകളും... കോഴിയുടെ കൂവലും കരച്ചിലും മരണവെപ്രാള നിലവിളികളും ... അതെല്ലാം കേട്ട് ഉറങ്ങിയതും ഉണര്‍ന്നതും, ഓര്‍മകളില്‍ ഒരായിരം കൂവലുകളുമായി അലയടിക്കുന്നു.. 

അങ്കവാലും വിറപ്പിച്ച് തല ഉയര്‍ത്തിപ്പിടിച്ച് ചിറകുകള്‍ വീശിഅടിച്ച് ഒരു പൂവന്‍ കോഴി കൂവുന്ന ഇടമുണ്ടോ എവിടെയെങ്കിലും. ?

ചിക്കന്‍ സ്റ്റാളുകളില്‍, ഒന്നരയടി പൊക്കവും വീതിയുമുള്ള ഇരുമ്പുകൂടുകളില്‍ തിങ്ങിനിറഞ്ഞ് നിസ്സാഹയതോടെ നോക്കുന്ന കൊക്കില്ലാത്ത കോഴി മുഖങ്ങള്‍ ഓര്‍മയില്‍ വന്നു. 

ടൈം പീസുകളും അലാമുകളും വന്നതോടെയാണ് മനുഷ്യന്‍ പൂവന്‍ കോഴികളെ മറന്നത്. അവയെയെല്ലാം പിന്നീട് ചിക്കന്‍ കറികളായി മാറി. അങ്ങിനെ പൂവന്‍കോഴികളും പിടക്കോഴികളും വംശം അറ്റപ്പോള്‍ ചിക്കന്‍ കടകളിലെ കൂടുകളില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ബ്രോയിലര്‍ കോഴികള്‍ മാത്രമായി കോഴിലോകം ചുരുങ്ങി. വിരിഞ്ഞ മുട്ടകള്‍ ബ്രോയിലര്‍ ചിക്കനായും വിരിയാത്ത മുട്ടകള്‍ തട്ടുകടകളില്‍ ബുള്‍സൈകളും ഓംലെറ്റുകളുമായും മാറി.. 

ചെറുനഗരങ്ങളായി മാറിയ ഗ്രാമങ്ങളിലെല്ലാം കൂണുകള്‍ മുളച്ചു പൊന്തുന്നതു പോലെ ബ്രോയിലര്‍ ഫാമുകളാണ്. തന്തൂര്‍ അടുപ്പുകളെന്ന ചുടുകാട്ടില്‍ അവസാനിക്കുന്ന ജന്‍മങ്ങളെ പടച്ചുവിടുന്ന ഫാക്ടറികളാണ് അവ. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രേസിയാന്റിയുടെ വീട്ടില്‍ താമസിച്ചു പഠിച്ച കാലത്താണ് കോഴികളുമായി സഹവാസം ഉണ്ടായത്. ജോര്‍ജങ്കിളും ഗ്രേസിയാന്റിയും ചേര്‍ന്ന് നടത്തുന്ന കോഴിഫാം.

അമ്മ മരിച്ചതോടെ അപ്പന്‍ എന്നെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ കൂടെ പൊറുതി ആരംഭിച്ചിരുന്നു. അമ്മാമ്മയൊടൊപ്പമായിരുന്നു പിന്നീട് എന്റെ താമസം. ഒരു ദിവസം അമ്മാമ്മയും യാത്രയായി. 

അന്ന് വീട്ടിലെത്തിയ ഗ്രേസിയാന്റി എന്നെ മാനന്തവാടിക്ക്  കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 

ആൻ്റിയുടെ വീട്ടിലെ കോഴിഫാമിലെ ജോലിയൊക്കെ പന്ത്രണ്ട് വയസ്സുള്ള ഞാന്‍ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. കള്ളുകുടിയനായ അങ്കിള്‍ ഉച്ചകഴിഞ്ഞാൽ പുരയില്‍ നിന്നിറങ്ങും പിന്നെ വെളുക്കുമ്പോഴാണ് വരവ്. അതുവരെ ആന്റിക്ക് ആണ്‍തരി കൂട്ട് ഞാനായിരുന്നു. മക്കളില്ലാത്ത അവര്‍ക്ക് പിറക്കാതെ പോയ മകനാണ് താനെന്ന് വീട്ടില്‍ വരാറുള്ള എല്ലാവരോടും ആന്റി പറയുമായിരുന്നു. എന്നാല്‍, കോഴിഫാമിലെ വെറും ജീവനക്കാരനായാണ്  തന്നെ ആൻ്റി കാണുന്നതെന്ന് അവരുടെ പെരുമാറ്റത്തിലൂടെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.

അല്പം അകലെയുള്ള സ്‌കൂളില്‍ നിന്ന് വരാന്‍ വൈകിയാല്‍ ആന്റിയുടെ ശകാരം കേള്‍ക്കാം. കോഴികളുടെ തീറ്റ, കൂട് വൃത്തിയാക്കല്‍, കോഴിക്കാട്ടം ചാക്കില്‍ കോരി നിറയ്ക്കല്‍.. അതു കൂടാതെ വീട്ടിലേക്കുള്ള പലചരക്ക് സാമാനങ്ങള്‍ വാങ്ങിക്കാന്‍ പീടികയില്‍ പോകല്‍.. 

കോഴിഫാം വീടിനു പുറത്താണെങ്കിലും കോഴിയുടെ ചൂര് ആ വീടുമുഴുവന്‍ നിറഞ്ഞിരുന്നു. അടുക്കളയിലും സ്വീകരണമുറിയിലും എല്ലാം  കോഴികളുടെ വിളയാട്ടമായിരുന്നു. ജീവനുള്ളതും, ഇല്ലാത്തതും കഴുത്തറുത്ത് മാറ്റിയിട്ടതും, പപ്പും പൂടയും പറിച്ച് ഒരുക്കി വെച്ചതും...പൂവന്‍ കോഴികളുടെ കൂവലും പിടയുടെ കരച്ചിലും..കത്തിവെയ്ക്കുമ്പോഴുള്ള പിടഞ്ഞുള്ള കരച്ചിലും..

ബ്രോയിലര്‍ കോഴികള്‍ക്കൊപ്പം ടർക്കി, കാടക്കോഴി, നാടന്‍കോഴി, ക്രോസ്ബ്രീഡ്, പോരുകോഴി എല്ലാം ഗ്രേസീ സ് ചിക്കൻ ഫാമിലുണ്ടായിരുന്നു.  

ചിക്കനാണ് വീടുമുഴുവനെങ്കിലും തീന്‍മേശയില്‍ ഇതിനെ കാണണമെങ്കില്‍ വീട്ടില്‍ അതിഥികളാരെങ്കിലും വരണമായിരുന്നു. കോഴിയെ മുഴുവനായും മസാലപുരട്ടി പൊരിച്ച് കഴിക്കുക എന്നത് അക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു .. പക്ഷേ, ആ ആഗ്രഹം കേവലം കോഴിക്കാലില്‍ ഒടുങ്ങുകയാണ് പതിവ്. 

അതിഥികളാണെങ്കിലോ  എല്ലല്ലാതെ ഒന്നും മിച്ചം വെയ്ക്കുകയും ഇല്ലായിരുന്നു. 

അതിഥികള്‍ വരുമ്പോഴാണ് വീടൊന്ന് വെടിപ്പാക്കുന്നത്. വന്നുകേറുന്നവരെയൊക്കെ ഞാന്‍ ശപിക്കുമായിരുന്നു. ആരു വന്നുകയറിയാലും വീടുവൃത്തിയാക്കുന്ന പണി എനിക്കാണ്. ഡെറ്റോള്‍ കലക്കിയ വെള്ളവും വലിയ ബക്കറ്റും തുണിയുമായി ആ വീടുമുഴുവന്‍ തുടച്ച് വൃത്തിയാക്കണം. എത്ര ഡെറ്റോളിട്ട് കഴുകിയാലും കോഴിമണം ആ വീട്ടില്‍ നിന്നൊഴിയില്ലായിരുന്നു. 

കോഴിയെ കൊല്ലാനും വൃത്തിയാക്കാനും എല്ലാം ആന്റി തന്നെ വേണം. അതു കഴിഞ്ഞ്  പാചകം ചെയ്യാനും . ഈ നേരമെല്ലാം ആന്റിയുടെ ദേഹത്ത് കിടക്കുന്ന ചുവന്ന നിറമുള്ള ഒരു നൈറ്റിയുണ്ട്. അതുകൂടി ഡെറ്റോളിട്ട് കഴുകിയാലേ വീട്ടിലെ കോഴിനാറ്റം പോകുകയുള്ളുവെന്ന് പറയണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതു പോലെ അങ്കിളിന്റെ മുഷിഞ്ഞു നാറിയ ഒരു തോര്‍ത്തു മുണ്ടും.. കുളിക്കാന്‍ നേരത്ത് വെള്ളത്തില്‍ മുക്കുമെങ്കിലും സോപ്പ്, കാരം എന്നിവയൊന്നും ആ തുണികളുടെ ഏഴയല്‍ പക്കത്തുകൂടെ ഒരിക്കല്‍ പോലും പോയിട്ടില്ല. 

പത്ത് പതിനാലു വര്‍ഷം കഴിഞ്ഞിട്ടും കോഴിഫാമിന്റെ മണം എന്റെ മൂക്കിലെവിടെയോ ഉറഞ്ഞുപറ്റിപ്പിടിച്ച് ഇരിക്കുന്നുണ്ട്. ചുവന്ന നൈറ്റിയും മുഷിഞ്ഞ തോര്‍ത്തും കണ്ടാല്‍ ഇന്നും കഴിച്ച ഭക്ഷണമെല്ലാം പുറത്തുചാടും. പത്താം ക്ലാസ് പഠനം കഴിയുന്നതുവരെയുള്ള രണ്ടര വര്‍ഷമാണ് മാനന്തവാടിയുമായുള്ള എന്റെ ബന്ധം. 

മാനന്തവാടി എന്നു ഓര്‍ക്കുമ്പോള്‍ കോഴിഫാമിന്റെ നാറ്റവും കോഴികളുടെ കൊക്.. കൊകോ ഒച്ചയും മാത്രം.

പള്ളിമുക്കിലെ ഗ്രേസീസ് കോഴിഫാം. കോഴിക്കൂടു പോലുള്ള വീട്. അവിടെ, ഗ്രേസിയാന്റിയും കുടിയനായ ോര്‍ജങ്കിളും. പിന്നെ, അയല്‍പക്കത്തെ പാപ്പിച്ചന്‍, ഏലി അവരുടെ മകള്‍ ആലീസ്, ഭർത്താവ് മൈക്കിൾ ഇവരുടെ ഒരേയൊരു മകള്‍ ദീപ്തി. 

ദീപ്തിയുടെ വീട്ടിലേക്കുള്ള ഗേറ്റ് കടന്നാല്‍ നീളന്‍ വഴിയാണ്. പലവര്‍ണ്ണത്തിലുള്ള പൂക്കളുടെ വരവേല്‍പ്പ് ഏറ്റുവാങ്ങിയാണ് ആരും വീട്ടിലെത്തുക. ആലീസാന്റിക്ക് കുറ്റിമുല്ലയുടെ കൃഷിയാണ്. പൂക്കളുടെ നഴ്‌സറിയാണ് ആ വീട്. ആന്തൂറിയം പോലുള്ള പുതിയ ചെടികളും, എല്ലാം ആ മുറ്റം മുഴുവന്‍ നിറഞ്ഞിരിക്കും. 

കോഴിഫാമിലെ കൂടുകള്‍ കഴുകി ഡെറ്റോളില്‍ മുങ്ങി പുറത്തിറങ്ങുന്ന എനിക്ക് ആലീസാന്റിയുടെ വീട്ടിലേക്ക് പോകാന്‍ തന്നെ മടിയാണ്. നല്ല മണമുള്ള ചെടികളാണ്  മുറ്റം നിറയെ. ആ വീട്ടിലേക്ക് ഡെറ്റോള്‍ മണവുമായി കയറിച്ചെല്ലാനുള്ള ഒരു ചമ്മല്‍. 

ഒരേ സ്‌കൂളിലാണെങ്കിലും വേറേ ക്ലാസുകളിലാണ് ദീപ്തിയും ഞാനും പഠിച്ചിരുന്നത്. ഒരിക്കല്‍ ഒരുമിച്ച് മടങ്ങി വരുംവഴി ദീപ്തി പറഞ്ഞു. 

"ഇയാള്‍ക്ക് എപ്പോഴും കോഴിക്കാട്ടത്തിന്റെ മണമാണ്. അല്ലെങ്കില്‍ ഡെറ്റോളിന്റെ. കൂട്ടുകാരായതുകൊണ്ടാണ് ഞാനിത് പറയുന്നത്. നല്ല മണം തുണികള്‍ക്കുണ്ടാകാന്‍ ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിലിട്ടു കഴുകിയാല്‍ മതി പറ്റുമെങ്കില്‍ അലക്ക് സോപ്പും ഇടണം." 

അവളുടെ സ്‌നേഹോപദേശം കിട്ടിയ ആ ദിവസമാണ് ജീവിതത്തിലെ ഏറ്റവും നാണംകെട്ട ദിവസമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.   

അഞ്ചു രൂപയുടെ അലക്ക് സോപ്പ് വാങ്ങിക്കാന്‍ അനുമതി ചോദിച്ച് ആന്റിയുടെ അടുത്ത് ചെന്ന എനിക്ക് അന്ന് വയറു നിറച്ചു കിട്ടി. അറിയാവുന്ന തെറിയെല്ലാം ആന്റി പറഞ്ഞു. 

"നീ അറബിനാട്ടിലെ അത്തറ് മുഴുവന്‍ കൊണ്ടുവന്ന് അടിച്ചാലും ഈ കോഴിമണം പോവില്ല.." ആന്റി വഴക്കിനിടെ പറഞ്ഞു. 

തന്റെ അവസ്ഥ ദീപ്തിയോട് പറഞ്ഞപ്പോള്‍ അവള്‍ വീട്ടില്‍ ഉപയോഗിച്ചു തേഞ്ഞ് പരന്ന അലക്കു സോപ്പ് കടലാസില്‍ പൊതിഞ്ഞുകൊണ്ടുവന്നു തന്നു പ്രശ്‌നം പരിഹരിച്ചു

അവളുടെ വീട്ടിലെ അലക്കുസോപ്പ് അലക്കി അലക്കി അവസാനമാകുമ്പോള്‍ അത് എനിക്ക് കടലാസില്‍ പൊതിഞ്ഞുകൊണ്ടുതരുന്നത് പിന്നീട് ഒരു പതിവായി.  

വീട്ടില്‍ അതിഥികള്‍ വന്ന ഒരു ഞായറാഴ്ച രാത്രി ചിക്കന്‍ നിര്‍ത്തിപ്പൊരിച്ചത് ആന്റി ഉണ്ടാക്കി. നാലാമത്തെ ചിക്കന്‍ പൊരിക്കുന്നതിന്നിടെ ആന്റി നെല്ലിട്ട് വാറ്റിയ ചാരായം കുടിക്കുന്നത്  കണ്ടു. ഈ തക്കം നോക്കി പൊരിച്ച ഒരു ചിക്കനുമെടുത്ത് ഞാന്‍ ദീപ്തിയുടെ വീട്ടിലേക്ക് ഓടി.. അവര്‍ കുടുംബ പ്രാര്‍ത്ഥന ചൊല്ലുന്ന നേരമായിരുന്നു. എന്റെ 'ശു... ശ് ' വിളികേട്ട് ദീപ്തി മെല്ലെ പുറത്തുവന്നു. നിര്‍ത്തിപ്പൊരിച്ച ചിക്കന്‍ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവന്നത് അവള്‍ക്കു നേരേ നീട്ടി. 

അത് വാങ്ങി അവള്‍ അടുക്കളയിലേക്ക് ഓടി. തിരിഞ്ഞുപോലും നോക്കാതെ.. 

മടങ്ങും വഴി.. ആ ന്യൂസ്‌പേപ്പറില്‍ ഒട്ടിയിരുന്ന മസാലയും പറ്റിപ്പിടിച്ചിരുന്ന എണ്ണയും നക്കി എന്റെ കൊതിതീര്‍ത്തു. 

അവളുടെ പൂന്തോട്ടത്തിലെ  ചെടികളുടെ ഇലകള്‍ പറിച്ച് കൈകള്‍ തുടച്ചു.

വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍. ചാരായമടിച്ച് ഫിറ്റായ ആന്റി പൊരിച്ച കോഴികളുടെ എണ്ണമെടുത്ത് വട്ടാകുന്നത് കണ്ട് എനിക്ക് ചിരിപൊട്ടി.  

പിറ്റേന്ന് സ്‌കൂളില്‍ വെച്ച് കണ്ടപ്പോള്‍ കോഴിപൊരിച്ചതിന്റെ രുചിയെക്കുറിച്ച്  പറഞ്ഞ് അവള്‍ വാചാലയായി. പിന്നെ പുസ്തക സഞ്ചിയില്‍ നിന്നും കടലാസു പൊതി എടുത്തു നീട്ടി.കൂടുംബത്തിലുള്ളവരുടെയെല്ലാം തുണി അലക്കി അലക്കി പട്ടിനാക്കുപോലെ പരന്നുപോയ സോപ്പ് അവള്‍ പകരമായി തന്നു. 

ഒരിക്കല്‍ സ്‌കൂളില്‍ വെച്ച് അവള്‍ പൊതി തരുന്നത് ചില കൂട്ടുകാര്‍ കണ്ടു. പിന്നീട് എന്നേയും അവളേയും ചേര്‍ത്ത് വെച്ച് ക്ലാസുമുറിയിലും ബോര്‍ഡിലും എല്ലാം 'ലൗ' ചിഹ്നം വരച്ചുവെച്ച ഒരു സംഭവവുമുണ്ടായി.  ബിനോജ് + ദീപ്തി = ലൗ എന്നായിരുന്നു കറുത്ത ബോര്‍ഡില്‍ കളര്‍ ചോക്കുകളും മറ്റും ഉപയോഗിച്ച് എഴുതിവെച്ചിരുന്നത്. 

എന്റെ പ്രണയം പറയാതെ പറഞ്ഞതിന് കൂട്ടുകാര്‍ക്ക് അന്ന് മനസ്സുകൊണ്ട് ഞാന്‍ നന്ദിപറഞ്ഞു. എന്നാല്‍, ആ സംഭവത്തിനു ശേഷം എന്നെ കാണുമ്പോള്‍ അവള്‍ ഓടി അകലുമായിരുന്നു. അലക്കു സോപ്പ് പിന്നീട് ഒരിക്കലും അവള്‍ തന്നില്ല. 

പൊരിച്ചകോഴികള്‍ പലകുറി വീട്ടില്‍ വറുത്ത് പൊങ്ങിയെങ്കിലും അവയിൽ ഒന്നു പോലും ദീപ്തിയുടെ വീട്ടിലേക്ക് എത്തിയതുമില്ല. 

ഒരു ഞായറാഴ്ച പള്ളിയിലേക്കുള്ള വഴിയില്‍ ഞങ്ങള്‍ മുഖാമുഖം കണ്ടുമുട്ടി. അമ്മയുടെ സാരിത്തുമ്പില്‍ മുഖം മറച്ചുപിടിച്ച് അവള്‍ നടന്നു പോയി. 

പ്രാര്‍ത്ഥനാഹാളില്‍ അവളുടെ മുഖം ഞാന്‍ തിരഞ്ഞു. ഒടുവില്‍ കണ്ടെത്തി. ഒന്ന് ഒളികണ്ണിട്ടുപോലും അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. 

വീട്ടിലെത്തി കോഴിഫാം വൃത്തിയാക്കുന്നതിനിടെ ഗ്രേസിയാന്റി അങ്കിളിനോട് പറയുന്നതു കേട്ടു ആലിസിന്റെ മോള് വയസ്സറിയിച്ചുവെന്ന്. 

പിറ്റേന്ന് ക്ലാസില്‍ എത്തിയപ്പോള്‍ കൂട്ടുകാരായ ചിലരാണ് വയസ്സറിയച്ചതിന്റെ പൊരുള്‍ പറഞ്ഞ് തന്നത്. മടങ്ങിവരും വഴി ദീപ്തി മുന്നിലായി നടന്നു പോകുന്നതു കണ്ട് പിന്നാലെ എത്തിയ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചു. 

"എന്താ..? "

അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി 

"അടുത്തു വരണ്ട.. "

അവളുടെ മറുപടി കേട്ട് ഞാന്‍ അമ്പരന്നു. 

"ദീപ്തി ..നില്ല് .. നീ പഴേതു പോലെയല്ല.. എന്നെ കാണുമ്പോള്‍ നീ ഓടി മറയാ ല്ലേ.. ? ഞാന്‍ എന്തു തെറ്റാണ് ചെയ്തത്. "

"എനിക്കൊന്നും പറയാനില്ല.. "

അവള്‍ നടത്തത്തിന് വേഗത കൂട്ടി. 

"ഞാന്‍ അറിഞ്ഞു..ഉം ..ഉം. !"

"എന്ത്. ? "

അവളുടെ ആശ്ചര്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ല.. 

"ബോര്‍ഡിലെഴുതിവെച്ചത് ഞാനല്ല.. ആരാന്ന് അറിയില്ല. പക്ഷേ, അത് സത്യമാണ്. "

അവള്‍ ഓടിമറയുന്നതിന്നിടെ മനസ്സിലുള്ളതെല്ലാം ഞാൻ വിളിച്ചു പറഞ്ഞു. 

അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. പിറ്റേന്ന് സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങവെ ഗ്രേസിയാന്റിയുടെ ഉത്തരവു വന്നു. 

"ഇന്ന് നീ പോണ്ട. ഇവിടെ കുറച്ചാളുകള്‍ വരും.. നിന്റെപ്പനുമുണ്ടാകും. "

ഉച്ചയോടെയാണ് അപ്പനും മറ്റു രണ്ടുപേരും എത്തിയത്. എന്നെ കണ്ടിട്ടു പരിചയ ഭാവംപോലും അപ്പന്‍ നടിച്ചില്ല. 

ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ടാണ് മുന്‍വശത്തേക്ക് ഞാന്‍ എത്തിയത്. ആന്റി കോഴിയെ വെട്ടുന്ന തിരക്കിലായിരുന്നു. മൂന്നാമത്തെ കോഴിയുടെ തല 'കീയോ' എന്ന ശബ്ദത്തോടെ തെറിച്ചുവീണു. ചോരയുടെ ചെറിയ ഒരു തോട് ഒരപ്പുരയുടെ വശം വഴി ഒഴുകിവന്നു. 

അങ്കിളും അപ്പനും തമ്മിലുള്ള വാക്കേറ്റമാണ്. എന്റെ പേരിലുള്ള സ്വത്താണ് വിഷയമെന്ന് കുറച്ച് കഴിഞ്ഞ് എനിക്ക് മനസ്സിലായി. അമ്മയുടെ പേരിലുള്ള സ്വത്തിന്റെ നേരവകാശി ഞാനാണ്. കടമുറികളും റബ്ബര്‍പുരയിടവും... മാസവരുമാനം പതിനായിരത്തോളം വരുമത്രെ. അതിന്റെ പാതി അപ്പനും വേണമെന്നായിരുന്നു ആവശ്യം. ചില്ലിക്കാശ് തരില്ലെന്ന് ഗ്രേസിയാന്റിയും. കടമുറികള്‍ തരണമെന്നായി അപ്പന്‍ . ഒരു തുക തന്ന് സമരിയാക്കാമെന്ന് ജോര്‍ജ്ജങ്കിളിന്റെ നിര്‍ദ്ദേശം വന്നു. അപ്പന്‍ വഴങ്ങിയില്ല. 

"ഇവന്റെ തളള ചത്തപ്പോള്‍ കുഴിയില്‍ ഒരു പിടിമണ്ണുവാരിയിട്ടതല്ലാതെ കൊച്ചിനെ നോക്കാനായോ നിനക്ക്? "  ഗ്രേസിയാന്റിയുടെ തൊള്ള തുറന്നുള്ള ചോദ്യം വളരെ വ്യക്തമായി ഞാന്‍ കേട്ടു.

വാക്കുതര്‍ക്കവും സമരിയാക്കലും മുറപോലെ തുടര്‍ന്നു..ഇവരെല്ലാം ചേര്‍ന്നിരുന്നു വാറ്റ് ചാരായം കഴിക്കുന്നതും കോഴിപൊരിച്ചത് കടിച്ചുപറിച്ച് തിന്നുന്നതും  മാറി നിന്ന് ഞാൻ കണ്ടു. ഇടയ്ക്ക് വീണ്ടും ഒച്ചകേട്ടു. ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല. എന്റെ പേരിലുള്ള സ്വത്തിനെ കുറിച്ചുള്ള അടിപിടിയില്‍ എനിക്കെന്ത് കാര്യം. ഞാന്‍ കോഴികളുടെ ഇടയാനാണ്. കോഴിപാലകന്‍.

അടുത്ത നിമിഷം വലിയ ഒരു നിലവിളി ഉയര്‍ന്നു.. കോഴിയെ വെട്ടുന്ന കത്തിക്ക് അപ്പന്റെ തലയ്ക്ക് വെട്ടുന്ന ഗ്രേസിയാന്റിയും അവരെ പിടിച്ച് മാറ്റുന്ന ജോര്‍ജങ്കിളും- ഇന്നും മായാതെ മനസ്സിലുള്ള ചിത്രം. 

അപ്പന്റെ തലയില്‍ നിന്നും ചോരയുടെ ചാലുകീറി. ഒരപ്പുരയുടെ പിന്നില്‍ കോഴികളുടെ ചോരയുമായി അത് ചേര്‍ന്നൊഴുകി.  

ആലീസാന്റിയുടെ വീട്ടില്‍ നിന്നുമാണ് ആദ്യം ആരോ ഓടിയെത്തിയത്. പിന്നീട് ഗ്രേസീസ് ഫാമിലും ചുറ്റുവട്ടത്തുമാകെ പെരുന്നാളിന്റെ ആള്‍ക്കൂട്ടമായിരുന്നു 

പോലീസെത്തി ആന്റിയെ കൈവിലങ്ങ് അണിയിക്കുമ്പോള്‍ അവര്‍ ചാരായം തലക്കുപിടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. വെട്ടേറ്റ് ചോര വാർന്ന് തറയിൽ കമിഴ്ന്ന് കിടന്ന അപ്പനെ ഒരു നോക്കേ കണ്ടുള്ളു. കോഴിവെട്ടും ചോരയും ഒത്തിരി കണ്ട എനിക്ക് അപ്പനെ ഒരു പോരു കോഴിയായി മാത്രമേ കാണാനായുള്ളു. അപ്പനെ ആൻ്റി കണ്ടതും അങ്ങിനെ തന്നെ ആയിരിക്കും. 

ആലീസാന്റി അന്ന് വൈകീട്ടായപ്പോൾ എന്നെ വിളിച്ചുകൊണ്ടു പോയി.. ദീപ്തിയുടെ വീട്ടിലേക്കുള്ള ഗേറ്റ് കടന്നപ്പോള്‍  കുറ്റിമുല്ലയുടെ മണം എന്നെ സ്വീകരിച്ചു.  അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയ ആലീസാൻ്റി ഒരു പിഞ്ഞാണത്തിൽ കഞ്ഞിയും കപ്പയും മീൻചാറും വിളമ്പിത്തന്നു. ഉച്ച തൊട്ട് ഒന്നും കഴിക്കാതെ വിശന്നു വലഞ്ഞ അവസ്ഥയിലായിരുന്ന ഞാൻ ആർത്തിയോടെ അതെല്ലാം കഴിച്ചു.  വയറ് നിറയും വരെ പിഞ്ഞാണത്തിലേക്ക് കഞ്ഞിയും, പയറും, മീൻ ചാറും എത്തി.  വീടിന്റെ ഹാളില്‍ പായ വിരിച്ചു തന്ന ആന്റിയോട് ഞാന്‍ ചോദിച്ചു... 

"ദീപ്തിയെന്ത്യേ ? "

"അവള്‍ ഉറങ്ങി.. "

ആലീസാന്റിയുടെ മറുപടി കേട്ട്, മുല്ലപ്പൂവുകളുടെ മണവും ആസ്വദിച്ച് ഞാനും ഉറങ്ങി.. 

പിറ്റേന്ന് അതിരാവിലെ ആലീസാന്റിയുടെ ഭര്‍ത്താവ് മൈക്കിളങ്കിള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. വീട്ടുമുറ്റത്തെ ഷെഡ്ഡിലുള്ള ജീപ്പിലേക്ക്.. 

വയനാടന്‍ ചുരമിറങ്ങിയ ആ യാത്ര ചെന്നു നിന്നത് ഏതോ പള്ളിമുറ്റത്തെ അനാഥമന്ദിരത്തിലായിരുന്നു. അവിടുത്തെ പൂന്തോട്ടത്തിലും നിറയെ വർണ്ണപ്പൂക്കളുകൾ ഉണ്ടായിരുന്നു.

പഠിക്കുമ്പോഴും ഒഴിവു സമയങ്ങളിലും എല്ലാം പൂന്തോട്ടത്തില്‍ എന്നെ കണ്ട വികാരിയച്ചനാണ് ഗാര്‍ഡനിംഗിനെ കുറിച്ച് എനിക്ക് കൂടുതല്‍ അറിവു പകര്‍ന്നു തന്നത്. പ്ലസ് ടു കാലവും കഴിഞ്ഞ് ബോട്ടണി മുഖ്യവിഷയമായി ബിഎസ് സിയും, ഹോര്‍ട്ടികള്‍ചറില്‍ പിന്നീട് ബിരുദാനന്തരബിരുദവും നേടാന്‍ ഇത് സഹായകമായി. 

ഒരിക്കല്‍ കൂടി മാനന്തവാടി കണ്ടത്  അവിടത്തെ സര്‍ക്കാര്‍ സ്‌കൂളില്‍  പ്ലസ്ടു അദ്ധ്യാപകനായി എത്തിയപ്പോഴാണ്. വകുപ്പിലുള്ള ചിലരുടെ സഹായത്തോടെയാണ് മാനന്തവാടിയിലേക്ക് നിയമനം വാങ്ങിച്ചത്. വയനാട്ടിലേക്ക് ആദ്യ നിയമനം ചോദിച്ചത് തന്നെ അവര്‍ക്ക് അത്ഭുതമായിരുന്നു. കാസര്‍ഗോഡും, വയനാടും, ഇടുക്കിയും പണിഷ്‌മെന്റ് നിയമനങ്ങള്‍ക്കുള്ള സ്ഥലങ്ങളാണെന്ന് ഹയര്‍സെക്കണ്ടറി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

ജോയിന്‍ ചെയ്ത അന്നു തന്നെ പള്ളിമുക്കിലെ ഗ്രേസീസ് കോഴി ഫാം തിരഞ്ഞു ഞാന്‍ ചെന്നു. ഗ്രേസീസ് കോഴി ഫാമിനു പകരം കുറേ റബ്ബര്‍ മരങ്ങളുടെ കൂട്ടമാണ് കണ്ടത്. വീടു നിന്നിരുന്ന സ്ഥലം പുകപ്പുരയും. !

തൊട്ടടുത്തുള്ള ആ ചായക്കടയ്ക്ക് പുറമേ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഒരു ചായ കുടിക്കാനായി അവിടെ കയറിയ ഞാൻ പരിചയമുള്ള മുഖങ്ങൾ തിരഞ്ഞു. ക്യാഷ് കൗണ്ടറിലെ ചേട്ടൻ പോലും മാറിയിരിക്കുന്നു. 

ചായ കഴിച്ചു കഴിഞ്ഞ് പണം നല്‍കുന്നതിനിടെ കൗണ്ടറിലിരുന്നയാളോട് ചോദിച്ചു. 

"ആ കോഴി ഫാം ഒക്കെ അടച്ചു പോയോ.. ? "

"അത് കൊറേ നാളായീ. ഒരു കൊലയ്ക്കു ശേഷം അവിടുത്തെ പെമ്പ്രന്നോര് അകത്താണ്. പത്ത് പന്ത്രണ്ട് കൊല്ലായി. ജീവപര്യന്തമാ.. ഭര്‍ത്താവ് ഒരുത്തനുണ്ടായിരുന്നു പെട്ടവിലയ്ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി അയാള്‍ എവടെയോ പോയി. ഇതൊക്കെ ആരോ പറഞ്ഞു കേട്ടതാണ്. ഞാൻ തെക്കനാണ്. അഞ്ചാറു കൊല്ലമേയായുള്ളു കട എടുത്തിട്ട്. 

സാർ ഏതാ ? ഇവിടെ പുതിയാളാണോ ? "

"അതെ , സ്കൂളിലെ പുതിയ മാഷാണ് " അധികം വിശദീകരിക്കാതെ ചായക്കാശും നൽകി ഞാൻ ഇറങ്ങി. 

ആലീസാന്റിയുടെ വീട്ടിനു മുന്നിലേക്ക് മെല്ലെ നടന്നു ചെന്ന ഞാന്‍ ഗേറ്റിനു സമീപം പലവര്‍ണ്ണങ്ങളില്‍ പൂത്തുനിന്നിരുന്ന ചെടികളെ തിരഞ്ഞു.  പൂന്തോട്ടമൊന്നും അവിടെയുണ്ടായിരുന്നില്ല. കുറ്റിമുല്ലയുടെ നഴ്‌സറിയും ഇല്ല.  ജാതി മരവും കൊക്കോയും ഒക്കെയാണ് പകരം കാണാനായത്. 

മടിച്ച് മടിച്ച്  മുറ്റത്തേക്ക് ചെന്നു കയറി. വാതിലിനു മുന്നിലെ ബെല്‍ അടിച്ചു. ആരേയും കാണാനില്ലാതെ വീടിനു പിന്നാമ്പുറം വരെ ചെന്നു. അവിടെ മുടിയില്‍ നരകയറിയ ആലീസാന്റി തുണി അലക്കുന്നുണ്ടായിരുന്നു. 

അലക്കി തേഞ്ഞ ഒരു സോപ്പ് കഷ്ണം കല്ലിലേക്ക് മാറ്റിവെച്ച് മുഖം ഉയര്‍ത്തി അവര്‍ നോക്കി. 

"ആരാത് ? " 

"ഞാനാണ് "

"മനസ്സിലായില്ല.. ആരാന്നാ പറഞ്ഞേ. ? "

"മാഷാണ്.. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളിലെ.. വാടകയ്ക്ക് ഒരു വീടു കിട്ടുമോ എന്ന് അന്വേഷിച്ച് ഇറങ്ങിയതാ. "

"അറിയില്ല.. സാറെ.. 

പള്ളിമുക്കിലാരോടെങ്കിലും ചോദിക്ക്.. അവരാരെങ്കിലും സഹായിക്കും. "

 "ശരി.. "

അധികം നേരം അവിടെ നില്‍ക്കാതെ ഞാന്‍ പിന്തിരിഞ്ഞു നടന്നു. പൂക്കളില്ലാത്ത ആ വീട്ടുമുറ്റത്ത് എന്റെ കണ്ണുകള്‍  തിരഞ്ഞുകൊണ്ടേയിരുന്നത് പഴയ ആ സഹപാഠിയെ, പ്രണയിനിയെയായിരുന്നു.

നടക്കുന്നതിന്നിടയിൽ പിന്തിരിഞ്ഞ് നിന്ന് ഞാന്‍ ചോദിച്ചു 

"അമ്മ മാത്രമേയൊള്ളോ..? ഇവിടെ താമസം. ? "

"അല്ല അതിയാനുണ്ട്. പുറത്ത് പോയിരിക്കുകയാ." 

"മക്കള്‍. ? "

"മകളുണ്ടായിരുന്നു. അവളെ കെട്ടിച്ചയച്ചു. ഗൾഫിലാ. "

വർത്തമാനത്തിനിടെ, അലക്കി മാറ്റിവെച്ച സോപ്പു കഷ്ണം കല്ലിന്റെ മുകളില്‍ നിന്നും മണ്ണിലേക്കു വീണു. 

"നാശം .. സോപ്പ് മണ്ണില് വീണു. " അവർ പിറുപിറുത്തു. 

മണ്ണില്‍ വീണ് കല്ലും മണ്ണും പറ്റിപ്പിടിച്ച ആ സോപ്പ് കഷ്ണം അവര്‍ വലിച്ചെറിഞ്ഞു. 

"എന്നാല്‍, ഞാനിറങ്ങട്ടെ.. അമ്മയുടെ അലക്ക് നടക്കട്ടെ.. "

തിരികെ ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ ഒരു പെട്ടി ഓട്ടോ മുറ്റത്തേക്ക് കയറിവന്നു നിന്നു. ജാതിയുടേയും കൊക്കൊ ചെടികളുടേയും ചുവട്ടില്‍ ഇടാനായി കൊണ്ടുവന്ന കോഴിക്കാട്ടത്തിന്റെയും എല്ലുപൊടിയുടേയും ചാക്കുകളായിരുന്നു അതില്‍. കടുത്ത ദുര്‍ഗന്ധമായിരുന്നു അതിന്. കൈകള്‍കൊണ്ട് മൂക്കുപൊത്തി ഒരുവിധത്തില്‍ ഗേറ്റ് കടന്ന് റോഡിലെത്തിയ ഞാന്‍ ശ്വാസം വലിച്ചെടുത്തു. 

മാനന്തവാടി സ്‌കൂളിലെ ആദ്യ ദിനം കടുത്ത നിരാശയുടെതായി മാറി. അവിടെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങിയെങ്കിലും ഒന്നര മാസത്തിനുള്ളില്‍ വേറൊരു സ്ഥലത്തേക്ക് മാറ്റം ചോദിച്ചു ഹയര്‍ സെക്കണ്ടറി വകുപ്പില്‍ എത്തി. 

ആറു മാസം കഴിയാതെ ഇനി ഒരു സ്ഥലമാറ്റം ഇല്ലെന്ന് ഓഫീസര്‍ പറഞ്ഞു.

"കാസര്‍ഗോഡോ, ഇടുക്കിയോ മതി. ഞാന്‍ പൊയ്‌ക്കോളം." 

"എന്താ, മാനന്തവാടി പിടിച്ചില്ലേ..? " അവിടെയുണ്ടായിരുന്ന ഒരു ക്ലര്‍ക്ക് ചോദിച്ചു.

"കാലാവസ്ഥയും ഭക്ഷണവും പിടിക്കുന്നില്ല.." ഞാന്‍ മറുപടി പറഞ്ഞു. 

"എങ്കില്‍ ഒരിടത്തേയും പിടിക്കില്ല. തല്‍ക്കാലം മാനന്തവാടി തന്നെ ുടര്. ഒഴിവു വരുമ്പോള്‍ വേറേ എവിടെയെങ്കിലും തരാം .." അയാള്‍ കാര്‍ക്കശ്യത്തോടെ പറഞ്ഞു. 

ഏതോ ഭാഗ്യത്തിന് ഒരു മാസത്തിനുള്ളില്‍  സ്ഥലമാറ്റ ഉത്തരവ് 

വന്നു. കാസര്‍ഗോഡ്. ബദിയടുക്ക. 

വളരെ സന്തോഷത്തോടെയാണ് സ്ഥലമാറ്റ ഉത്തരവ് അന്ന് കൈപ്പറ്റിയത്. മാനന്തവാടിയിൽ നിന്ന് വീണ്ടും ചുരമിറങ്ങി അങ്ങിനെ ബദിയടുക്കയിലേക്ക് ... 

സ്‌കൂളിനു സമീപം തന്നെയായി ഒരു വാടക വീടും ഒപ്പിച്ചു. അവിടെ താമസിയാതെ ഒരു നല്ല പൂന്തോട്ടവും വെച്ചുപിടിപ്പിച്ചു. കുറ്റിമുല്ലയുടെ ചെടികള്‍ വീടിനു ചുറ്റും നട്ടു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും മുല്ലയുടെ മണം .

മുല്ലപ്പൂക്കള്‍ സ്‌കൂളിലെ കുട്ടികള്‍ക്കും അദ്ധ്യാപികമാര്‍ക്കും വിതരണം ചെയ്യും. കഴിഞ്ഞ ദിവസം നാട്ടില്‍ പോയി മടങ്ങിവന്ന തൃപ്തി മിസ് ആണ് ഒരു പത്രത്തില്‍ കോഴിക്കറിയുമായി എത്തിയത്. വീട്ടില്‍ അമ്മ വെച്ചതാണത്രെ. ഈ രുചി ഒരു ഹോട്ടല്‍ ഭക്ഷണത്തിനും കിട്ടില്ലെന്നും തൃപ്തി മിസ് പറഞ്ഞു. 

വളരെക്കാലത്തിനു ശേഷമാണ് ചിക്കന്‍ കറി ഞാന്‍ കഴിച്ചത്.  ബദിയടുക്കയില്‍ വന്ന ശേഷം സ്വന്തം വെപ്പും കുടിയുമാണ്. പാചകത്തിന് എളുപ്പം പച്ചക്കറിയാണ്. കഞ്ഞിയും കപ്പയും പയറുമൊക്കെയാണ് പലപ്പോഴും. 

ഹോട്ടല്‍ ഭക്ഷണത്തോട് വെറുപ്പുമാണ്. ഇനി കോഴിക്കറി കഴിക്കണമെങ്കില്‍ തന്നെ തൃപ്തി മിസിനെ പോലുള്ളവര്‍ നാട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ ഇതുപോലെ കൊണ്ടുവന്നു തരുമല്ലോ 

കോഴിക്കറിക്ക് പകരമായി തൃപ്തി മിസിന് നല്‍കാന്‍ മുല്ലപ്പു പറിക്കാന്‍ മുറ്റത്തേക്ക് ഇറങ്ങവെ, കരിയിലപ്പക്ഷികള്‍  കൂട്ടക്കരച്ചിലോടെ ഒരുമിച്ച്  പറന്നുയർന്നു.  കുറ്റിമുല്ലകളുടെ അരികിലേക്ക് നടക്കവെ  കോഴി മസാലയുടെ തികട്ടല്‍ മെല്ലെ നെഞ്ചെരിച്ചിലായി മാറിക്കഴിഞ്ഞിരുന്നു.

English Summary : Malayalam Short Story by Manoharavarma

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;