ADVERTISEMENT

(കവിത)

ഏറെപ്രിയപ്പെട്ട ഒരുവളുടെ

ശവകുടീരത്തിനു സമീപം

അൽപ്പനേരം ഇരുന്നു നോക്കൂ..

നോക്കി നോക്കിയിരിക്കെ 

ഒരു ചെറുകാറ്റ്

നിങ്ങളെ തഴുകി കടന്നു പോവും..

അതിൽ നിങ്ങളവളുടെ കരസ്പർശമറിയും..

 

വിടർന്ന കണ്ണുകളും

പാറിപറന്ന മുടിയിഴകളും

കറുപ്പും വെളുപ്പും കലർന്ന

കുപ്പായവുമിട്ടവൾ

അടുത്തിരിക്കുന്നതായി

ഒരുമാത്രയെങ്കിലും നിങ്ങൾക്ക്

തോന്നും..

 

അടുത്ത നിമിഷം,

കരയിൽ പിടിച്ചിട്ട മീൻ പോലെ

ശ്വാസം കിട്ടാണ്ട്  നിങ്ങൾ പിടയും..

മടങ്ങിപ്പോവാൻ ശ്രമിച്ചാലോ

കഴിയില്ല....

കിണുങ്ങി ചിരിച്ചവൾ

നിങ്ങളെ പിടിച്ചിരുത്തും..

ജീവിച്ചിരുന്നപ്പോൾ അവളുടെ

കൈകൾക്കിത്ര ചൂടുണ്ടായിരു

ന്നില്ലല്ലോയെന്ന് നിങ്ങൾ സന്ദേഹിക്കും..

 

ചിന്തകൾക്ക് തീപിടിച്ചൊരു ദിനം

ഉള്ളിലേയ്ക്ക് ആഞ്ഞുവലിച്ചു കയറ്റിയ,

അത്തറും വിയർപ്പും കലർന്ന

അവളുടെ ശരീരത്തിന്റെ മണം..!!

അതേ,

നിങ്ങളെ ഉന്മത്തനാക്കിയിരുന്ന

അതേ മണം വീണ്ടും നിങ്ങളറിയും..!!

 

നിന്നെക്കാൾ നല്ലൊരാണിനെ

ഞാനിതുവരെ കണ്ടിരുന്നില്ലെന്ന്

അന്നവൾ കിന്നാരം ചൊന്നതും

നീ എത്രപേരെ കണ്ടിട്ടുണ്ടെന്ന

പുരുഷ സഹജമായ സന്ദേഹം

അടക്കാനാവാതെ

അവളുടെ മുന്നിൽ തീരെ ചെറുതായതും

ഒരു നൊമ്പരമായി മനസ്സിൽ തെളിയും..

 

പിന്നെ,

സദാചാരത്തിന്റെ കെട്ടുപാടുകളില്ലാതെ

നിങ്ങളവളെ ചേർത്തു പിടിയ്ക്കും..

പകരാനാവാതെ പോയ ഉമ്മകൾ

നിറച്ച അവളുടെ പാതി 

വിടർന്നചുണ്ടുകളിൽ അമർത്തി ചുംബിക്കും..

(ജീവിച്ചിരുന്നപ്പോൾ ഇത്രമേൽ തീവ്രമായി നിങ്ങളവളെ ചുംബിച്ചിട്ടുണ്ടാവില്ല.)

 

ആ നിമിഷം,

ജീവിച്ചിരുന്നപ്പോൾ

ഒരു മൂളിപ്പാട്ടു പോലും മൂളിയിട്ടില്ലാത്ത

അവളുടെ ചുണ്ടുകൾ

അവസാനമായി എഴുതാൻ കരുതിവച്ചിരുന്ന

സ്നേഹാക്ഷരങ്ങൾ മൂളുന്നുണ്ടാവും..

 

ഒടുവിൽ,

ആ മണ്ണിൽ  ഒരു കാട്ടുപൂവിറുത്തുവച്ച്

(ജീവിച്ചിരുന്നപ്പോഴും കാട്ടുപൂക്കളോടായിരുന്നവൾക്കിഷ്ടം)

നിങ്ങൾ പോരുമ്പോൾ

പിന്നിൽ നിന്നവൾ പറയുന്നുണ്ടാവും..

നോക്കൂ

നിന്നെക്കാൾ നല്ലൊരാണിനെ

ഞാനിതുവരെയും കണ്ടിട്ടില്ല..!!

അന്നേരം.. അന്നേരം മാത്രമാണ്

അവൾ പറഞ്ഞതിന്റെ പൊരുൾ

നിങ്ങൾക്ക് മനസ്സിലാവുക... !!

English Summary : Poem written by Sharmila C Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com