‘എനിക്ക് പാവാട ഉടുത്തു കൊണ്ട് സ്കൂളിൽ പോകണ്ട, പാന്റിട്ടാൽ മതി!’

school-going-students
Representative Image. Photo Credit : Wichai Prasomsri1/Shutterstock.com
SHARE

ഒരു പാവാട രഹസ്യം (കഥ)

  

‘‘അവൾക്ക് സ്കൂളിൽ പോകാൻ വയ്യത്രേ?’’ രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ വിമ്മിഷ്ടപ്പെട്ടിരിക്കുമ്പോൾ ചായ കപ്പ് നീട്ടി ഭാര്യ പറഞ്ഞു. ‘‘നമ്മുടെ ഭാഷ ഇവിടുത്ത്കാർക്ക് മനസ്സിലാവുന്നില്ലത്രേ, ഞാനപ്പോഴെ പറഞ്ഞില്ലേ കുട്ടിയെ ഏതേലും CBSE സ്കൂളിൽ ചേർക്കാൻ ഇനിയിപ്പോ അച്ഛനും മോളും അനുഭവിച്ചോ?’’ ഒരാഴ്ച്ചയെ ആയുള്ളു പുതിയ ട്രാൻസ്ഫറിൽ മലപ്പുറത്ത് എത്തിയിട്ട്. സാധാരണ മലബാർ സർവീസ് വരുമ്പോൾ അല്പം ടെൻഷനാണ് തിരുവിതാംകൂറുകാർക്ക്. എന്നാൽ ട്രാൻസ്ഫർ ചങ്ങരംകുളത്തിനാണെന്ന് കേട്ടപ്പോൾ കുടുംബത്തെയും കൂടി കൂട്ടാൻ തോന്നി.

അച്ഛൻ പഠിച്ച സ്ക്കൂളിൽ പഠിക്കണമെന്ന മീനുവിന്റെ ആശ കൂടി വളർന്നതുകൊണ്ടാണ് അവളെ പണ്ടു പഠിച്ച ജനതാ സ്കൂളിൽ തന്നെ ചേർത്തത്. സ്റ്റേഷനിലെ തിരക്ക് കാരണം അഡ്മിഷനും   മറ്റും പോയത് ഭാര്യയായിരുന്നു.

താഴേക്ക് വന്നപ്പോൾ അമ്മയുടെ വഴക്കു പേടിച്ചു മീനു സ്കൂളിൽ പോകാൻ തയാറായി മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ടു. കവിളിൽ നുണക്കുഴിയും കറുത്ത മറുകുമുള്ള മൂന്നാം ക്ലാസുകാരിയുടെ മുഖത്തെ പരിഭവം കണ്ടപ്പോൾ അതു തീർത്തിട്ടു പോകണമെന്ന് തോന്നി. ‘‘എന്താ മീനു പ്രശ്നം, ആരാ അച്ഛന്റെ മോളെ കളിയാക്കുന്നെ? അച്ഛൻ ഇന്നു സ്കൂളിൽ കൊണ്ടു വിടാം കേട്ടോ’’ കാർമേഘം പൂത്തു നിന്ന മീനുട്ടിയുടെ മുഖത്ത് അല്പം വെളിച്ചം തെളിഞ്ഞ പോലെ തോന്നി. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഒരുങ്ങി പുറത്തിറങ്ങിയപ്പോൾ മീനു സ്റ്റേഷൻ ഡ്രൈവർ കാദറിനരികെ  നിന്നു കുശലം പറയുന്നത് കണ്ടു.

‘‘അല്ല സാറെ ഇന്ന് നമ്മൾ മോളുട്ടിയുടെ ഇസ്ക്കൂളു വഴിയാ പോണത്?, ഓൾടെ സ്ക്കൂളിലെ കുട്ടികൾക്കൊന്നും പോലീസിനെ പേടില്ലാത്രേ... എങ്കിൽ അതൊന്നു മാറ്റി കൊടുക്കാന്ന് ഞാനും പറഞ്ഞു’’. കാദറിന്റെ  കൊമ്പൻ മീശ പിരിച്ചു ചിരിച്ചുള്ള വർത്തമാനം കേട്ടപ്പോൾ മീനുന്റെ വായ തുറന്ന് മുല്ലപ്പുപല്ലുകൾ വെളിയിൽ ചാടി. ‘‘അല്ല കുട്ട്യേ അനക്ക് യൂണിഫോം ഇല്ലേ?’’, മീനു സ്കൂൾ യൂണിഫോമിൽ അല്ലെന്നുള്ള കാര്യം അപ്പോഴാ ഞാനും ഓർത്തത്. പാവാടയ്ക്ക് പകരം ജീൻസ് ആണ് ഇട്ടിരിക്കുന്നത്. മീനുവിൽ ഭാവഭേദമൊന്നും കാണാത്തതു കൊണ്ട് ഒന്നും ചോദിച്ചില്ല.

സ്കൂളിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയിട്ടും കൂടെ ക്ലാസിലേക്ക് ചെല്ലണമെന്ന മീനുവിന്റെ  നിർബന്ധ കാരണം അവളെ അനുഗമിക്കുമ്പോൾ  ജീപ്പിനു ചുറ്റും കുട്ടികളുടെ തിരയിളക്കം കണ്ടു. പണ്ട് അച്ഛന്റെ ജീപ്പിൽ സ്കൂളിൽ വന്നിറങ്ങുമ്പോൾ കൂട്ടുകാരൊക്കെ ദൂരെ നിന്ന് അടുക്കാൻ കൂട്ടാക്കാതെ അച്ഛന്റെ കൊമ്പൻ മീശ ഭയഭക്തി ബഹുമാനങ്ങളോടെ  നോക്കി കാണുന്നത് ഒരു വേള മിന്നായം പോലെ ഓർത്തെടുത്തു.

‘‘മീനാക്ഷി കുട്ടിടെ ഫാദറാണല്ലെ, ഞാൻ ഓൾടെ ക്ലാസ് ടീച്ചറാണ്’’. ക്ലാസിൽ നിന്നിറങ്ങി വന്ന വലിയ പൊട്ടിട്ട ടീച്ചർ പരിചയപ്പെട്ടു. ഭാഷാ പ്രയോഗത്തിലെ തിരുവതാംകൂർ ശൈലി കാരണം മീനുട്ടിക്കുണ്ടായ മനോവിഷമം ടീച്ചറെ ധരിപ്പിച്ചു തിരികെ നടക്കാൻ പോയപ്പോൾ വീണ്ടും മീനുട്ടി കണ്ണു നിറയ്ക്കുന്നതു കണ്ടു. ‘‘എന്താ മോളുടെ വിഷമം?’’ ‘‘എനിക്ക് പാവാട ഉടുത്തു കൊണ്ട് വരാൻ വയ്യ!!, എനിക്ക് പാന്റിട്ടാൽ മതി!.’’ ടീച്ചറുടെ ആവർത്തിച്ചുള്ള സ്നേഹാന്വേഷണങ്ങൾക്ക്  മീനുട്ടിയുടെ മറുപടി കേട്ട് എനിക്കും ജിജ്ഞാസ തോന്നാതിരുന്നില്ല. കാരണം പറയാൻ മോളു കൂട്ടാക്കത്തതു കൊണ്ടും തീരുമാനമെടുക്കാൻ കഴിയാത്തതു കൊണ്ടും ടീച്ചർ ഹെഡ് ടീച്ചറെ കാണാൻ കൂട്ടിക്കൊണ്ടുപോയി. പർദയിട്ട ഒരു ഗൗരവക്കാരി. ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നറിഞ്ഞപ്പോൾ ടീച്ചറുടെ മുഖത്ത് ഒരു ചിരി വിടർന്നു. ‘‘ങ്ങക്ക് ഒരാളെ പരിചയപ്പെടുത്താം... അറിയ്യോന്ന് നോക്ക്, ഓൾ ആ കാലത്ത് ഇവിടെ പഠിച്ചതാ, ഇയ്യ് ആ മോളി ടീച്ചറെ ഇങ്ങട്ട് വിളിച്ചേ.’’ ഓഫീസ് റൂമിലേക്ക് കടന്നുവന്ന സാരിക്കാരി എന്നെ  ഓർത്തെടുത്തെങ്കിലും എനിക്ക് അതിന് കഴിയാത്തതിനാൽ ചെറുപുഞ്ചിരിയിൽ പരിചയം പുതുക്കി. 

ഒടുവിൽ ഹെഡ് ടീച്ചറുടെ ചെവിയിൽ മീനുട്ടി ആ രഹസ്യം പറഞ്ഞു. ടീച്ചറുമാർ അവളേയും കൂട്ടി ക്ലാസ്സിലേക്ക് പോകുന്നതു കണ്ട് പുറകെ പോയപ്പോഴും എന്ത് വിഷയമാണ് അവളെ അലട്ടുന്നതെന്ന് വ്യക്തമായില്ല. ‘‘ആർക്കാണ്ട പെൺകുട്യോളുടെ പാവാട മാടേണ്ടത്, ഇയ്ക്കിന്നത് അറിയണം. അഹമ്മതി കൂട്യോൻമാർക്ക് ഇവിടല്ല അങ്ങ് പോലീസ് സ്റ്റേഷനിലാ സ്ഥലം’’, ഹെഡ് ടീച്ചറുടെ ശബ്ദം ഉയരുന്നതു കേട്ട് ഞാൻ മെല്ലെ പുറത്തേക്കിറങ്ങി. ഒന്നുരണ്ടു മിനിറ്റ് വീണ്ടും ടീച്ചർ എന്തൊക്കെയോ പറയുന്നതും എന്നെ ചൂണ്ടികാണിക്കുന്നതും കണ്ടു. ‘‘എസ് ഐ സാറ് വിട്ടോ കുഴപ്പമൊന്നുമില്ല. കുറച്ചു പിരിയൻ പിള്ളേരുണ്ടിവിടെ അന്ന് നമ്മളൊക്കെ പഠിക്കുന്ന കാലത്തെപ്പോലെ... അവറ്റകള് മോളുടെ കൂടെയുള്ള പെൺകുട്ടികളെ ശല്യം ചെയ്യുന്നതാ ഓൾടെ വിഷമം, ഹെഡ് ടീച്ചറ് വിരട്ടിയിട്ടുണ്ട്’’. മോളി ടീച്ചറുടെ ചിരിച്ചുള്ള അടക്കം പറച്ചിൽ കേട്ടപ്പോൾ എന്റെ മുഖത്ത് അല്പം അന്താളിപ്പ് തോന്നാതിരുന്നില്ല. സ്കൂൾ കാലത്തെ ഒരു തെറിച്ച മൂന്നാം ക്ലാസുകാരനെ പെട്ടന്ന് എനിക്കും ഓർമ വന്നു. അന്നു പാവാട മാടിയതിൽ ഒരു മോളിയെ പക്ഷേ ഒട്ടും ഓർമ്മ വരുന്നില്ല!!.

ടീച്ചേഴ്സിനോട് യാത്ര പറഞ്ഞ് ജീപ്പിന്റെടുത്ത് എത്തിയപ്പോൾ കാദറിനു  ചുറ്റും തേനിച്ചക്കൂട്  തീർത്ത് പിള്ളേർ!!!. ‘‘അല്ല എന്റെ സാറെ ഇവറ്റകളൊക്കെ വളർന്നു വന്നാൽ എന്താകും പുകില്!!, അല്ല പോലീസ് മാഷേ ങ്ങക്ക് എന്താ സ്റ്റേഷൻ വിട്ടാ പണീന്നാ ഓല്ക്ക് അറിയേണ്ടത്!!!’’

തലമുറ മാറ്റം കാദർ ശ്രദ്ധിക്കാത്തതു കൊണ്ടുള്ള സംശയമാണ്. വൈകിട്ട് തിരിച്ചു വണ്ടിയിൽ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴും എന്റെ മനസ്സ് മുഴുവൻ തിരഞ്ഞത് ജനതാ സ്കൂളിലെ മോളിയെയാണ്. പക്ഷേ എന്തോ എനിക്ക് ഓർമകളെ കോർത്തിണക്കാൻ പറ്റിയില്ല. പക്ഷേ കൈകൾ അറിയാതെ കാൽമുട്ടിന്റെ മടക്കിലേക്ക് നീണ്ടു.... അവിടെങ്ങാനും ഒരു പഴയ ചട്ടുകം പാട് ഇപ്പോഴും തിണർത്ത് കിടപ്പുണ്ടോന്നറിയാൻ!!!!.

Content Summary: Oru pavada rahasyam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA
;