ADVERTISEMENT

നക്ഷത്രങ്ങളെ കാവലും പ്രതിമയും രാജകുമാരിയും ഋതുഭേദങ്ങളുടെ പാരിതോഷികവും ഉദകപ്പോളയും നന്മകളുടെ സൂര്യനും മഞ്ഞുകാലം നോറ്റ കുതിരയും രതിനിർവേദവും പോലുള്ള സുന്ദരങ്ങളായ നോവലുകളും നോവലൈറ്റുകളും.. ലോലയും അവളുടെ കഥയും മറ്റുള്ളവരുടെ വേനലും നിശാശലഭവും കരിയിലക്കാറ്റും പ്രഹേളികയും കൈകേയിയും പുകക്കണ്ണടയും അമൃതേത്തും പോലെ മനോഹരങ്ങളായ ചെറുകഥകളും കഥാസമാഹാരങ്ങളും. 

 

പെരുവഴിയമ്പലം മുതൽ സംവിധാനം നിർവഹിച്ച ജീവിതഗന്ധികളായ എണ്ണം പറഞ്ഞ പതിനെട്ട് സിനിമകൾ.. പ്രയാണം മുതൽ തിരക്കഥാകൃത്തായി മുപ്പത്തിയാറ് സിനിമകൾ. നാല്പത്തിയാറാം വയസ്സിൽ ഭൂമിയിൽ നിന്ന് തിരിച്ചുപോകുന്നതിന് മുൻപ് മലയാളസാഹിത്യചലച്ചിത്ര ലോകത്തിന് പത്മരാജൻ എന്ന അതുല്യപ്രതിഭയുടെ സമാനതകളില്ലാത്ത പാരിതോഷികങ്ങൾ മേൽപ്പറഞ്ഞൊതൊക്കെയാണ്. 

 

മുതുകുളത്തെ വീട്ടിൽ അമ്മയിൽനിന്ന് കഥകൾ കേട്ട് വളർന്ന ബാല്യമാവാം മലയാളസിനിമ കണ്ട മഹാപ്രതിഭയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമത്തിന് കരുത്തു പകർന്നത്. കഥകൾ പറഞ്ഞു പറഞ്ഞ് അമ്മയാണ് മകനെ കഥാകാരനാക്കിയത്. അമ്മയിൽനിന്ന് കേട്ട കഥകൾ കൂടെക്കളിക്കുന്ന കൂടപ്പിറപ്പുകളോടും അയൽപക്കത്തെ കുട്ടികളോടും  അവരിൽ അത്ഭുതം നിറച്ചും ആദരവ് പിടിച്ചുപറ്റും വിധം പറഞ്ഞുകൊണ്ട് അവരുടെ മനസ്സായിരുന്നു പത്മരാജൻ എന്ന കഥാകാരൻ ആദ്യം കീഴടക്കിയത്. 

 

തന്റെ സൃഷ്ടികൾകൊണ്ട് മലയാളസിനിമയുടെ സുവർണ്ണകാലഘട്ടത്തിന്റെ സന്ദേശവാഹകനായിരുന്നു പത്മരാജൻ. ചലച്ചിത്രസാഹിത്യരംഗത്തുള്ളവരും അല്ലാത്തവരും ഇത്രമാത്രം വൈകാരികതയോടെ പറഞ്ഞ ഇന്നും ആഘോഷിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പേരുണ്ടോ എന്ന് സംശയമാണ്. 

 

പകയും പ്രതികാരവും പ്രണയവും രതിയും സ്വാർഥതയും സ്നേഹവും അങ്ങനെ മനുഷ്യമനസ്സിന്റെ ഭാവങ്ങളെ ഏറ്റവും തീവ്രമായി എന്നാൽ തീർത്തും ലളിതമായി അഭ്രപാളിയിൽ പകർത്തിയ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെകുറിച്ചും

അതിന്റെ തീക്ഷ്ണങ്ങളായ ഉള്ളാഴങ്ങളെകുറിച്ചുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. 

 

പ്രയാണത്തിലെ അരവിന്ദൻ മുതൽ തകരയും രാമനും രതിയും പപ്പുവും ഫയൽവാനും ശാലിനിയും മീരയും ക്യാപ്റ്റൻ തോമസും റോയിയും സക്കറിയയും സോളമനും സോഫിയയും കള്ളൻ പവിത്രനും നിമ്മിയും സാലിയും ഭാസിയും വിശ്വനാഥനും മുത്തച്ഛനും നരേന്ദ്രനും ശരതും ജീവനും ജയകൃഷ്ണനും ഭാമയും അങ്ങനെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ നമുക്കിടയിൽതന്നെ ഉള്ളവരായിരുന്നു. 

 

ഞാനാദ്യം കണ്ട പത്മരാജസൃഷ്ടി കള്ളൻ പവിത്രൻ ആണെന്ന് തോന്നുന്നു.

പത്മരാജൻ എന്ന പേര് ആദ്യമായി മനസ്സിൽ പതിഞ്ഞത് അന്നായിരുന്നു. അച്ഛമ്മ കഥ പറയുന്നതുപോലെ ‘‘ഒരിടത്തൊരിടത്തു ഒരു കള്ളനുണ്ടായിരുന്നു’’ എന്ന രീതിയിൽ എത്ര മനോഹരമായാണ് അദ്ദേഹം ആ കഥ പറഞ്ഞു തന്നത് എന്ന് പിന്നീടോർത്തു അത്ഭുതപ്പെട്ടിട്ടുണ്ട്. 

 

നവംബറിന്റെ നഷ്ടമോർത്തു അഭിമാനം തോന്നിയതും സീസൺ കണ്ട് അതുപോലൊരു സുഹൃത്തുണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചതും മൂന്നാംപക്കവും ഇന്നലെയും കണ്ട് കരഞ്ഞതും തൂവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും കണ്ട് പ്രണയിച്ചതും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രം കണ്ട് നടുങ്ങിയതുമെല്ലാം അതിന് ശേഷമാണ്. 

 

പിന്നെയാണ് ‘ഞാൻ ഗന്ധർവൻ’ ഹൃദയം കീഴടക്കിയത്. ഒരു മുത്തശ്ശികഥപോലെ എത്ര മനോഹരമായാണ്‌ അദ്ദേഹം ഗന്ധർവനെകുറിച്ച് പറഞ്ഞത്.. ആ ഒരു ചിത്രത്തിൽ മാത്രം പത്മരാജൻ എന്ന മഹാപ്രതിഭയെ കുരുക്കിയിടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അതിസുന്ദരമെന്ന് വിശേഷിപ്പിക്കാവുന്ന അവതരണം കൊണ്ടും പാട്ടുകൾകൊണ്ടും മനോഹരങ്ങളായ സംഭാഷണശകലങ്ങൾ കൊണ്ടും ഇന്നും ഓരോ കാഴ്ചയിലും ഗന്ധർവൻ എന്നെ മത്തുപിടിപ്പിക്കുന്നുണ്ട്. 

 

പത്മരാജൻ എന്ന മഹാപ്രതിഭ ഭൂമിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ എനിക്ക് ഒമ്പത് വയസ്സ് മാത്രമാണ് പ്രായം. പക്ഷേ എഴുതിയിടുന്ന ഈ വാക്കുകൾക്കുമപ്പുറം അദ്ദേഹമെന്നെ 

ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ എന്നെ കീഴടക്കിയ അത്ഭുതപ്പെടുത്തിയ കഥപറച്ചിലുകാരൻ പത്മരാജനാണ്. ജീവിതത്തിലൊരിക്കലും നേരിൽ കാണാത്ത ഒരാളോട് ഹൃദയം കൊണ്ട് തോന്നുന്ന അടുപ്പമാണ് എനിക്ക് പപ്പേട്ടനോട്. 

 

സൂര്യസ്പർശമുള്ള പകലുകളും ചന്ദ്രസ്പർശമുള്ള രാത്രികളും ഉപേക്ഷിച്ചു നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന മറ്റേതോ ലോകത്തേക്ക് എന്റെ പപ്പേട്ടൻ യാത്രയായിട്ട് മുപ്പത്തിയൊന്ന് വർഷങ്ങൾ കടന്നുപോയിരിക്കുന്നു.ഇന്നും ഓരോ വായനയിലും കാഴ്ചയിലും എനിക്ക് മനസ്സിലാകുന്നു.. ഋതുഭേദങ്ങളുടെ പാരിതോഷികമായിരുന്നു പത്മരാജൻ.

 

Content Summary: Remembering the genius of P Padmarajan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com