ADVERTISEMENT

താറാവുകൾ (കഥ)

 

വെള്ളത്തിനു മുകളിൽ പൊങ്ങിൻ കഷണങ്ങൾ പോലെ ഒഴുകി നടക്കുന്ന താറാവുകൾ. ആകാശത്തു നിന്നും മേഘകഷണങ്ങൾ അടർന്നു വീണതു പോലെയുണ്ട് വെള്ളത്തിന്റെ മുകളിൽ അവ നീങ്ങുന്നതു കണ്ടാൽ. 

 

ഒന്നോ രണ്ടോ എണ്ണം അല്പം മാറി നീന്തുന്നതല്ലാതെ സാധാരണയായി താറാവുകൾ കൂട്ടം തെറ്റാറില്ല. മനുഷ്യനായിരുന്നെങ്കിൽ ഇത്തരം ഒറ്റപ്പെട്ടവരെ വിമതർ എന്നോ നേതാവെന്നോ ഒക്കെ വിളിക്കാമായിരുന്നു. 

 

പക്ഷേ പാവം താറാവുകൾ!

അവർക്ക് രാഷ്ട്രീയവും മതവും ഒന്നുമില്ലല്ലോ. അതുകൊണ്ടു അധ്വാനിക്കാതെ ജീവിക്കാനുള്ള മാർഗ്ഗങ്ങൾ അവർ അന്വേഷിക്കാറുമില്ല. പകൽ മുഴുവൻ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുക, തന്റെ അധ്വാനത്തിന്റെ ഫലം, അടുത്ത തലമുറയാകേണ്ട തന്റെ ഗർഭഫലം പോലും യജമാനനു നൽകുക, അവസാനം ... അവസാനം  നേരിയ ഒരു ഓർമയ്ക്കു പോലും ഇടം നൽകാതെ ആരുടെയോ തീൻമേശയിൽ രക്തസാക്ഷിയായി    ഇല്ലാതെയാവുക! 

 

അടിമത്തത്തിനും വംശഹത്യക്കും ഇതിലുപരി എന്ത് ഉദാഹരണം നൽകാനാണ്? 

 

പാവം താറാവുകൾ! 

 

സത്യം ഇതൊക്കെയാണെങ്കിലും ഇതൊന്നും കേൾക്കാൻ പൊന്നിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ആരാണീ പൊന്ന് എന്നായിരിക്കും നിങ്ങളുടെ സംശയം! 

 

ഈ താറാവുകളുടെ ദൈവമാണ് പൊന്ന്! 

അവരുടെ കാവൽക്കാരൻ, സംരക്ഷകൻ, ശത്രുക്കളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നവൻ, അന്നദാതാവ്, പോകേണ്ടുന്ന വഴി കാണിച്ചുതരുന്നവൻ.

ഇങ്ങനെയൊക്കെയുള്ള ഒരു ആകെത്തുകയെ നമ്മൾ മനുഷ്യർ ദൈവമെന്നല്ലെ സാധാരണ വിളിക്കാറുള്ളത്. 

 

അതു കൊണ്ട് തന്നെയാണ് പൊന്നിനെ വെറുമൊരു താറാവുകാരൻ എന്നതിലുപരി  അവരുടെ ദൈവം എന്ന് വിളിക്കാൻ ഞാനിഷ്ടപ്പെട്ടത്. 

 

ജീവിതത്തിൽ ഇതുവരെ ഒരു തരി പൊന്ന് മോഹിക്കാൻ പോലും കഴിയാത്ത തനിക്കീ പേര് എങ്ങനെ കിട്ടിയെന്ന് പൊന്ന് കൂലംകഷമായി ചിന്തിച്ചു തുടങ്ങിയിട്ട് കുറേക്കാലമായി. 

 

പൊന്നിന്റെ അപ്പനും താറാവുകാരനായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അപ്പൻ ചത്തപ്പോഴാണ് പൊന്നും താറാവുകാരനായത്. അപ്പൻ ചത്തു എന്നേ പൊന്ന് പറയാറുള്ളൂ. താറാവ് ചത്തു എന്നാണ് അപ്പൻ പറയാറുണ്ടായിരുന്നത് .  

താറാവ് മരിച്ചു എന്ന് അവൻ ഒരിക്കലും കേട്ടിട്ടില്ല. അങ്ങനെ പൊന്നിന്റെ അപ്പനും ചത്തു. 

 

അപ്പൻ ചത്തപ്പോൾ അപ്പന്റെ കയ്യിലിരുന്ന വടി പൊന്നിന്റെ കയ്യിൽ വന്നു ചേർന്നു.

രാജാക്കന്മാരും മെത്രാൻമാരുമൊക്കെ മരിക്കുമ്പോൾ പിന്തുടർച്ചക്കാരന് ലഭിക്കുന്ന അംശവടി പോലെ! ഒരറ്റത്ത് പ്ലാസ്റ്റിക് കൂട് കെട്ടിയിട്ട ആ ഈറ്റക്കമ്പ് ലഭിച്ച നിമിഷം മുതൽ പൊന്നും ഒരു താറാവുകാരനായി. 

 

വെറും ഒരു ഈറ്റക്കമ്പായിരുന്നെങ്കിലും അതിലെന്തൊക്കെയോ മാജിക് അടങ്ങിയിരിക്കുന്നുവെന്നാണ് പൊന്ന് വിശ്വസിച്ചിരുന്നത്. പൊന്നിന് അത് അവന്റെ അപ്പനായിരുന്നു. വടിയുടെ അറ്റത്തുള്ള കൂട്ടിൽ അവൻ കൊണ്ടു നടന്നത് അവന്റെ  അപ്പന്റെ ആത്മാവായിരുന്നു! അതു കൊണ്ടു തന്നെയാണ്  ഈ താറാവുകൾ തന്നെ അനുസരിക്കുന്നതെന്നായിരുന്നു അവന്റെ വിശ്വാസം.  

 

ഉറങ്ങാൻ കിടക്കുമ്പോൾ മാത്രമാണ് അവനാ കമ്പ് താഴെ വച്ചിരുന്നത്. പക്ഷേ അപ്പോഴും അവൻ അത് അവനോട് ചേർത്ത് വച്ച് കിടക്കും.

അപ്പൻ കൂടെയുണ്ടെന്ന തോന്നൽ..

ഒറ്റക്കല്ല എന്ന വിശ്വാസം ..

അതു മാത്രം മതിയായിരുന്നു അവന് പിടിച്ചു നിൽക്കാൻ ! 

 

‘‘നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു’’

ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ! 

 

പാവം താറാവുകൾ...

അനുസരണയുള്ള താറാവുകൾ.

അരയന്നത്തെപ്പോലെ അഴകോ കോഴിയെപ്പോലെ സാമർഥ്യമോ ഇല്ലാത്ത പാവങ്ങൾ !

അനുസരിക്കാനും വിധേയപ്പെടാനും മാത്രം വിധിക്കപ്പെട്ട സാധുക്കൾ. 

 

തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്നറിഞ്ഞിട്ടു കൂടി ഒരു ഈറ്റക്കമ്പിനും

അതിനറ്റത്തെ പ്ലാസ്റ്റിക് കൂടിനും സ്വയം വിധേയപ്പെടുത്തിക്കൊടുത്ത നിസ്സഹായർ.

മനുഷ്യരുടെ ഭാഷയിൽ പറഞ്ഞാൻ ജനാധിപത്യ രാജ്യത്തെ പൗരന്മാർ! 

 

പൊന്ന് എപ്പോഴും യാത്രയിലായിരിക്കും. പക്ഷേ ഒരിക്കലും അവന് വേണ്ടിയായിരുന്നില്ല ആ യാത്രകൾ. ഈ താറാവുകളായിരുന്നു അവന്റെ എല്ലാം. ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം അവറ്റകളായിരുന്നു. 

 

അവർക്കു വേണ്ടിയാണ് അവൻ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഒരു മാധുര്യവുമില്ലാത്ത അവരുടെ  ഭാഷ അവന് തിരിച്ചറിയാൻ കഴിയുമായിരുന്നു. അവന്റെ ശബ്ദം അവർക്കും. 

ആടുജീവിതത്തിലെ നജീബിനെപ്പോലെ പൊന്നും ഇതിനോടകം ഒരു താറാവായി മാറിക്കഴിഞ്ഞിരുന്നു. 

 

പരാതിയില്ലാത്ത, പ്രതികരിക്കാത്ത, പ്രതിരോധിക്കാത്ത, പ്രതിക്ഷേധിക്കാത്ത സാധാരണ താറാവുകളിൽ ഒരാൾ. 

 

അവയുടെ കാൽവിരലുകൾ ഓടി രക്ഷപെടാനാവാത്ത വിധം പരസ്പരം ബന്ധിക്കപ്പെട്ടവയായിരുന്നു. ചിറകുകൾ പറക്കാനാവാത്ത വിധം വികാസമില്ലാത്തവയുമായിരുന്നു. ഒരുതരത്തിലും രക്ഷപെടാനാവാത്ത വിധം ബന്ധിക്കപ്പെട്ടവർ. അധികാരവർഗത്തിന് ഇവരെയാണ് വേണ്ടിയിരുന്നതും. 

രക്ഷപെടാൻ ശ്രമിക്കാത്ത അടിമകൾ!! 

 

ഒരിക്കൽ മാത്രമാണ് ഈ താറാവുകളെ ഒറ്റയ്ക്കാക്കിയിട്ട് അവൻ മാറി നിന്നത്. 

 

വരണ്ട ഹൃദയങ്ങളിൽ പോലും പ്രണയം പൂക്കുന്ന ഒരു മകരമാസ സന്ധ്യയിൽ അവൻ മുത്തിനെ കുറിച്ചോർത്തു. 

മുത്ത്....തന്റെ കൗമാരസ്വപ്നങ്ങൾക്ക് തീ പിടിപ്പിച്ചവൾ!

അവളെ കാണാനുള്ള ആസക്തി  തന്നെ മൂടിക്കളയുന്നതു പോലെ അവനു തോന്നി.

താറാവുകളെ വേഗം വലയിലാക്കിയിട്ട് അവൻ നടക്കാൻ തുടങ്ങി. 

അപ്പന്റെ വീട് ഉണ്ടായിരുന്ന സ്ഥലത്തേക്ക് അവൻ ഒടുകയായിരുന്നു. മുത്തിന്റെ വീടും അവിടെത്തന്നെയായിരുന്നു. 

 

നേരം ഇരുട്ടി തുടങ്ങി.  

നാട്ടുവഴി ടാർ റോഡിൽ ചേരുന്ന വളവിൽ അവൾ നിൽക്കുന്നത് അവന് ദൂരെ നിന്നേ കാണാമായിരുന്നു.

സ്വയം നിയന്ത്രിക്കാനാവാതെ അവൻ ഉറക്കെ വിളിച്ചു

‘‘മുത്തേ.....’’

സ്വപ്നത്തിലെന്ന പോലെ അവൾ തിരിച്ചുവിളിച്ചു

‘‘പൊന്നേ...’’

 

അവൾ കുറേ കൊഴുത്തിരിക്കുന്നു. അയവങ്ങളുടെ മുഴുപ്പ് അവൾക്ക് അഴകല്ല നൽകിയത്... അപരിചിതമായ ഒരു തരം മാദകത്തമാണ്. അത് അവന് തികച്ചും അന്യമായി തോന്നി. ചുണ്ടുകളിൽ അരോചകമാം വിധം ചായം പുരട്ടിയിരിക്കുന്നു,

മുടിയിൽ ഓറഞ്ച് നിറമുള്ള പൂക്കൾ, ഏതോ വില കുറഞ്ഞ സ്പ്രേയുടെ ഗന്ധം അവൾക്കു ചുറ്റും കറങ്ങുന്നുണ്ടായിരുന്നു. 

 

എന്നിട്ടും മുത്തിന്റെ തിളക്കം കുറഞ്ഞതു പോലെ! കണ്ണുകളിൽ പ്രണയമല്ല, ഭയവും നിസ്സഹായതയുമാണവൻ കണ്ടത്. 

 

അവരുടെ അടുത്തു നിന്നും ഒരല്പം മാറി ഒരു റിക്ഷാ വന്നു നിന്നു. 

 

‘‘പൊന്നേ... നീ പൊയ്ക്കോളൂ

ഞാൻ നിന്റെ പഴയ മുത്തല്ല....

നീ ഇനി ഇവിടെ നിൽക്കണ്ട: ... പോയ്ക്കോളൂ, നിന്റെ മുത്തല്ലേ പറയുന്നത്, പൊയ്ക്കോളൂ...’’

 

ഇത്രയും പറഞ്ഞ് റിക്ഷായിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതവൻ കണ്ടു... റിക്ഷാ പോകുന്നതിനു മുമ്പ് തന്നെ അവൻ  നടക്കാൻ തുടങ്ങി.. തിരിഞ്ഞു നോക്കാതെ ... 

 

തിരികെ താറാവുകളുടെ അടുത്ത് എത്തുമ്പോഴേക്കും നേരം പുലരാറായിരുന്നു.

തന്നെ കാത്ത് ഈ താറാവുകൾ മാത്രമേ ഉണ്ടാവൂ എന്ന തിരിച്ചറിവ് അവന് താങ്ങാവുന്നതിലപ്പുറമായിരുന്നു. 

 

താറാവുകൾ ഉണർന്ന് ശബ്ദമുണ്ടാക്കേണ്ട സമയമായി. പക്ഷേ ആകെ ഒരു നിശബ്ദത. താറാവുകളിൽ പലതും വല്ലാതെ തളർന്നു കിടക്കുന്നു. തല ഉയർത്താൻ പോലും കഴിയാതെ. 

 

അവനും വല്ലാത്ത ക്ഷീണം ... ചെറുതായി പനിക്കുന്നുണ്ടായിരുന്നു. താറാവുകളെ നോക്കാൻ പോലും കഴിയാതെ അല്പം ഒന്ന് മയങ്ങി. അപ്പോഴേക്കും സർക്കാർ ബോർഡ് വച്ച വണ്ടിയിൽ സാറന്മാർ വന്നു. 

പൊന്നിന്റെ താറാവുകൾക്ക് പക്ഷിപ്പനി ആണത്രേ.  പകർച്ചവ്യാധി പിടിച്ച താറാവുകളെയെല്ലാം ചുട്ടു കൊല്ലാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. 

തന്റേതല്ലാത്ത കാരണത്തിന് രക്തസാക്ഷിയാകേണ്ടുന്ന സമൂഹം. 

 

തന്റെ താറാവുകളെ ചുട്ടുകരിക്കുക! പൊന്നിന്റെ നെഞ്ചിലൂടെ ഒരായിരം വാളുകൾ കയറിയിറങ്ങി. താറാവുകൾ കൂട്ടിനില്ലാത്ത പൊന്ന്!

അതിലും നല്ലത് താനും ഇല്ലാതെയാവുകയാണ്. 

 

ചത്തതും ചാവാത്തതും സൂക്കേടുള്ളതുമായ എല്ലാറ്റിനേയും ഒരുമിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു. മസാലയുടെ ആഡംബരമില്ലാതെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം അവിടെ കെട്ടി നിന്നു. 

പൊന്നിന്റെ നഷ്ടങ്ങളുടെ കണക്കിൽ ഈ വലിയ നഷ്ടം കൂടി എഴുതി ചേർക്കപ്പെട്ടു.

താറാവില്ലാതെ തനിക്കെന്തിനീ വടി? അധികാരത്തിന്റെ ഈററക്കമ്പും അതിനറ്റത്തെ പ്ലാസ്റ്റിക് കൂടും അവൻ ആഴിയിലേക്ക് വലിച്ചെറിഞ്ഞു. 

താറാവുകളോടൊപ്പം വടിയുടെ അറ്റത്ത് കൊണ്ടു നടന്നിരുന്ന അപ്പന്റെ ആത്മാവിനെയും അവൻ സ്വതന്ത്രനാക്കി. 

 

ഇതിനിടെ വെള്ളയും നീലയും പടച്ചട്ടയിട്ടവർ പൊന്നിന്റെ മൂക്കിൽ ഈർക്കിൽ കടത്തി പരിശോധിച്ചു. കോവിഡാണത്രേ .

പകർച്ചവ്യാധി !

പുറത്തിറങ്ങരുത്

മനുഷ്യരെ കാണരുത്.... 

 

താറാവുകളെ പോലെ തന്നെയും... അവന് ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി

 

വിധിയുടെ മുമ്പിൽ താറാവും മനുഷ്യനും ഒന്നുപോലെയാണ്..

അവൻ തന്റെ കണ്ണുകൾ മുറുക്കി അടച്ചു. അപ്പനും താറാവുകളും മുത്തും നിശ്ചല ദൃശ്യങ്ങൾ പോലെ അവന്റെ ചുറ്റും തിരിഞ്ഞു കൊണ്ടേയിരുന്നു.

 

Content Summary: Tharavukal, Malayalam short story written by Dr. Biju Thomas 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com