ADVERTISEMENT

പ്രവാസിയുടെ സ്വപ്‌നങ്ങൾ (കഥ)

 

സ്വന്തം നാടിനെ മറന്ന് ജീവിക്കാനായി വേറൊരു രാജ്യത്തേക്ക് കുടിയേറിപ്പാർത്തവർ ആണ്  പ്രവാസികൾ. കുടുംബത്തെയും നാടിനെയും ഉപേക്ഷിച്ചു കൊണ്ട് ജീവിതത്തിന്റെ നല്ല ഭാഗം മുഴുവൻ അന്യ ദേശത്ത് പണിയെടുക്കുന്നവർ. ശിഷ്ടകാലം ജീവിതം കൈയിൽ എത്തുമ്പോൾ വാർദ്ധക്യം ബാധിച്ചു കഴിഞ്ഞവർ. കിട്ടിയത് മുഴുവൻ സ്വന്തം കുടുംബത്തിനു വേണ്ടി ചെലവാക്കി കീശ കാലിയായ ദുഃഖം അറിയിക്കാതെ ജീവിക്കുന്ന ഏറ്റവും നല്ല അഭിനേതാക്കൾ.

അവധിക്ക് നാട്ടിൽ വരുമ്പോൾ തിരിച്ചു പോകുന്ന ദിവസത്തെ ഓർക്കാൻ ആഗ്രഹിക്കാത്തവർ.

 

എന്നെ പോലെ ഓരോ പ്രവാസിക്കും ഓരോ കഥ പറയാനുണ്ടാകും അനുഭവിച്ച നൊമ്പരങ്ങളുടെയും ഒറ്റപ്പെടലുകളുടെയും വേദനകളുടെയും കഥകൾ. ഈ ഞാനും അവരിൽ ഒരാളായിരുന്നു.. എന്റെ വിവാഹത്തിനു ശേഷം എനിക്ക് ഡ്രൈവറുടെ ജോലി കിട്ടി വിദേശത്തേക്ക് ചേക്കേറി. ഭാവിജീവിതം സന്തോഷകരമാവാൻ വേണ്ടി അത് ഉപകരിക്കുമെന്ന് കരുതി. ഭാര്യ സൈറ നല്ലൊരു നാളേക്ക് വേണ്ടി എന്റെ ആഗ്രഹത്തോട് മനസ്സില്ലാ മനസ്സോടെയാണെങ്കിലും സമ്മതിച്ചു. പക്ഷേ എന്റെ ബാപ്പിച്ചിക്ക് ഇതിനിടയിൽ വയ്യാതായി. എനിക്കാണെങ്കിൽ പോകാൻ സമയമടുത്തു വരുന്നു. വേറെ വഴിയില്ലാതെ വന്നപ്പോൾ ബാപ്പച്ചിയെ സൈറയെ ഏൽപ്പിച്ച ശേഷം ഞാൻ യാത്രയായി.

 

ആഴ്ചകളും, മാസങ്ങളും കടന്നുപോയി. ആശിച്ചു കിട്ടിയ ജോലിയോ വിശ്രമം ഇല്ലാത്ത ഓട്ടം തന്നെയായിരുന്നു. മാസം കിട്ടുന്ന ശമ്പളത്തിന് അതിന്റെ നാലിരട്ടി ജോലി  ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. അല്പം കാരുണ്യത്തിനു വേണ്ടി പോലും ആരുടെയും മുൻപിൽ കൈനീട്ടാൻ എന്റെ മനസ്സാക്ഷി ഒരിക്കലും അനുവദിച്ചില്ല. ഇപ്പോഴത്തെ കഷ്ടതകൾ നാളെയുടെ സന്തോഷങ്ങൾ ആണെന്ന് എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചു. സ്വന്തം കുടുംബം എന്ന വലിയ ഉത്തരവാദിത്വം എല്ലാ വേദനയും മറക്കാനും സഹിക്കാനും എന്നെ നിർബന്ധിച്ചു.

 

സങ്കടം നെഞ്ചിൽ കൊത്തി വലിക്കുമ്പോൾ മരണം എന്നിൽ നിന്നും വേർപെടുത്തിയ എന്റെ പൊന്നുമ്മയെ ഓർത്ത് ഒരുപാട് കരയുമായിരുന്നു ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ആശ്വാസവാക്കുകൾ കൊണ്ട് എന്റെ സങ്കടങ്ങളെ ഇല്ലാതാക്കുമായിരുന്നു. ഇതിനിടയിൽ എന്റെ ബാപ്പയുടെ കാര്യം വളരെയേറെ കഷ്ടത്തിലായി. ഭർതൃ വീട്ടിൽ സൈറയുടെ ഈ കഷ്ടപ്പാട് സൈറയുടെ സ്വന്തം വീട്ടുകാർക്ക് താങ്ങാൻ കഴിഞ്ഞില്ല. അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഉള്ള ശ്രമം തുടങ്ങി.. സൈറയുടെ പെരുമാറ്റത്തിൽ നിന്നും അവൾ അത് ആഗ്രഹിക്കുന്നുവെന്ന് തോന്നി. പറഞ്ഞിട്ട് കാര്യമില്ല. ഒന്നു മിണ്ടാൻ പോലും വീട്ടിൽ ആളില്ലാതെ അവൾ അവിടെ വീർപ്പു മുട്ടി കാണും എന്റെ ബാപ്പയുടെ അവസ്ഥ ഒന്നുകൊണ്ടു മാത്രം അവൾ ആ വീട്ടിൽ തന്നെ മനസ്സില്ലാ മനസ്സോടെ കഴിയുന്നു.  ഉമ്മ എപ്പോഴും പ്രാർഥിച്ചിരുന്ന ഒരു കാര്യമുണ്ട്. എന്റെ ബാപ്പ ഉമ്മാക്ക് മുൻപേ മരിക്കണേ എന്ന പ്രാർഥന. അതിന്റെ അർഥം എനിക്ക് മനസ്സിലായത് ഏറെ വൈകിയാണ്. അത്ര വലിയ ഒറ്റപ്പെടൽ ഈ ഭൂമിയിൽ വേറെ ഇല്ല.

 

ഇനിയും ഒരു വർഷം നാലു മാസം കൂടി എനിക്ക് ഇവിടെ കഴിയണം. വന്നിട്ട് ഇപ്പോൾ എട്ടു മാസം മാത്രം ആകുന്നു. എന്റെ വീട്ടിലെ അവസ്ഥ അല്പം മോശം ആയി തുടങ്ങി. സൈറയുടെ കൈവശം ഉള്ള കാശ് എല്ലാം തീർന്നു. ബാപ്പയുടെ മരുന്നിനു ധാരാളം പണം വേണം. അവൾ സ്വന്തം ആഭരണങ്ങൾ എല്ലാം നേരത്തെ തന്നെ ലോക്കറിൽ വച്ചിരുന്നു. രാത്രി സമയങ്ങളിൽ സമയം കിട്ടുന്നതുപോലെ ബാപ്പയോട് ഞാൻ ഫോണിൽ സംസാരിക്കും തീരെ വയ്യാതെയുള്ള ബാപ്പയുടെ സ്വരം എന്നെ ഏറെ അസ്വസ്ഥനാക്കും. സൈറ ആണെങ്കിൽ ഇപ്പോൾ പഴയതുപോലെ ബാപ്പയെക്കുറിച്ച് കാര്യമായി ഒന്നും സംസാരിക്കുന്നില്ല. അവളുടെ ആ അകൽച്ച എന്തിനു വേണ്ടിയാണെന്ന് എനിക്ക് മനസ്സിലായി. സ്വന്തം വീട്ടിൽ പോകാൻ അവൾ ആശിക്കുന്നുണ്ട്.

 

എത്രയും പെട്ടെന്ന് അല്പം കാശുണ്ടാക്കി നാട്ടിലേക്ക് തിരിച്ചു പോകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ഒടുവിൽ അത് സംഭവിച്ചു. എന്നോട് പറയാതെ തന്നെ ഒരു ദിവസം സൈറ അവളുടെ വീട്ടിലേക്ക് പോയി. വീട്ടിൽ പോകുന്നെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ലെന്ന് അവൾക്ക് നന്നായി അറിയാം. അയല്പക്കത്തെ നാസറിക്കയെ വിളിച്ചു എന്നെ വിവരം അറിയിക്കാൻ ഏൽപ്പിച്ചു. വിവരമറിഞ്ഞപ്പോൾ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. പക്ഷേ ബാപ്പ എന്റെയല്ലേ, ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ വിളിച്ചു പറഞ്ഞതിന് പിന്നാലെ ബാപ്പയുടെ അനുജൻ വന്നു ബാപ്പയെ അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

 

നാട്ടിൽ വന്നിട്ട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്നത് മിക്ക ഗൾഫുകാരെയും പോലെ എന്റെയും സ്വപ്നമായിരുന്നു ആ ആഗ്രഹം ഞാൻ സൈറയോട് കുറെ നാൾ മുൻപ് പറഞ്ഞിരുന്നു. അന്ന് ഒരുപാട് പുതിയ ആശയങ്ങൾ ഞങ്ങൾ പങ്കു വച്ചു. പക്ഷേ യഥാർഥ ജീവിതം അവളെ ഒരുപാട് മാറ്റി കളഞ്ഞു. എല്ലാം പെട്ടെന്ന് ഉണ്ടായ ഈ പറിച്ചു നടൽ മൂലം സംഭവിച്ചതാണെന്ന് ഞാൻ ഒരാശ്വാസത്തിനായി വിശ്വസിച്ചു പക്ഷേ പിന്നീട് ആത്മ വിശ്വാസം വല്ലാതെ കുറഞ്ഞു വന്നു. ഇനി അവളെ ചെന്നു വിളിച്ചാൽ വരുമോ എന്ന് പോലും ഞാൻ സംശയിച്ചു. ബാപ്പയെ എത്രയും പെട്ടെന്ന് പോയി കൊണ്ട് വരണം. മറ്റുള്ളവരെ സ്വന്തം മകൻ ഉള്ളപ്പോൾ എന്തിനു ബുദ്ധിമുട്ടിക്കണം? 

 

‘‘എന്റെ ഇക്കാ, രണ്ടു പെങ്ങന്മാരെ കെട്ടിച്ച കടം വീട്ടണം, എന്റെ ഉമ്മയുടെ ഏറ്റവും വലിയ സ്വപ്നമായ വീടിന്റെ ആധാരം ബാങ്കിലാണ്.. അത് തിരിച്ചു പിടിക്കണം. പിന്നെ അല്പം കാശ് സമ്പാദിക്കണം. ഇതിനെല്ലാം ചുരുങ്ങിയത് ഒരു പത്തു പതിനഞ്ചു വർഷം വേണ്ടി വരും. അതു വരെ ഞാൻ അയക്കുന്ന ചെറിയ തുക കൊണ്ട് ഉമ്മയും എന്റെ ബീവിയും എങ്ങനെയെങ്കിലും ജീവിക്കട്ടെ.’’ എന്റെ അടുത്തിരിക്കുന്ന കൂട്ടുകാരൻ റഷീദ് നെടുവീർപ്പോടെ പറയുന്നു.

 

പാവം, അവന്റെ കുഞ്ഞിന് ആറു മാസം പ്രായം കാണും. അതിനെ പോലും കൊഞ്ചിക്കാൻ കഴിയാതെ അവനും ഇവിടെ കഴിയുന്നു. ഇത് ജീവിതമാണ്. പണം ബന്ധങ്ങൾക്ക് അടുപ്പവും അകലവും നിശ്ചയിക്കുന്ന ഈ കാലത്ത് ഞങ്ങൾ പ്രവാസികൾ ഇവിടെ ഇങ്ങനെ കഴിഞ്ഞു പോരുന്നു. തിരികെ നാട്ടിൽ എല്ലാം അവസാനിപ്പിച്ചു ചെല്ലുമ്പോൾ എല്ലാ പ്രശ്നങ്ങളും ശരിയാകുമെന്ന ഒരു വിശ്വാസം എങ്കിലും ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. അവിടെ ചെല്ലും വരെയെങ്കിലും ആ വിശ്വാസം ഞങ്ങൾക്ക് വലിയ ആശ്വാസമാകട്ടെ .

 

Content Summary: Prevasiyude Swapnangal, Malayalam Short Story written by Smitha Stanly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com