ADVERTISEMENT

ജനിക്കാനായി മരിക്കുന്നവർ (കഥ)

 

ഈ കഥ നടക്കാൻ പോകുന്നത് ഏകദേശം നൂറു വർങ്ങൾക്ക‍ു ശേഷമായിരിക്കാം.

ഇതൊരു ഫിക്ഷൻ സ്റ്റോറിയാണ്. എന്നിരുന്നാലും നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ. 

 

നല്ല തണുപ്പുള്ള ഡിസംബറിലെ ഒരു പ്രഭാതം. ഏകദേശം പത്തുമണിയായിക്കാണും.

അമേരിക്കയിലെ അരിസോണയിലെ അൽക്കോർ എന്ന മെഡിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനത്തിന്റെ പാർക്കിങ് ലോട്ടിൽ ഒരു ആധുനിക കാർ വന്നു നിന്നു.

അതിൽ നിന്നും എവ്‌ലിൻ ജോസഫും ഭർത്താവ് ആർതർ ഹെൻറി ജോസഫും ഇറങ്ങി.

ആർതർ തന്റെ വോക്കിങ് സ്റ്റിക് പിടിക്കുന്നതോടൊപ്പം ഭാര്യ എവ്‌ലിനെയും ചേർത്തുപിടിച്ചു. അൽക്കോറിന്റെ പ്രവേശന കവാടം  ലക്ഷ്യമാക്കി പതുക്കെ നടക്കുന്നു.

പ്രായത്തിന്റെ അസ്വസ്ഥതകൾ രണ്ടുപേരെയും അലട്ടുന്നുണ്ടെന്ന് നടത്തം കണ്ടാലറിയാം.

 

അൽക്കോറിന്റെ സ്വീകരണ മുറിയിൽ അവർ ഇരുന്നു.

 

ഇനി അൽകോർ എന്ന മെഡിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനം എന്താണെന്നു പറയാം. വീണ്ടും ജനിക്കാനായി ആഗ്രഹിക്കുന്നവർ, ആഗ്രഹം മാത്രം പോരാ അളന്നാൽ തീരാത്ത പണവും വേണം അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ് ഈ സ്ഥലം.

 

ഏതെങ്കിലും കാരണത്താൽ അകാല മരണത്തിനടിമപ്പെടുമെന്നു മുൻകൂട്ടി അറിവുള്ളവർക്കു ഈ സ്ഥലം പ്രയോജനപ്പെടും. ഉദാഹരണത്തിന് നിങ്ങൾ ചികിത്സയില്ലാത്ത ഏതെങ്കിലും കാൻസർ രോഗത്തിൽ പെട്ട് മരിക്കാൻ പോകുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഈ സ്ഥാപനത്തെ ബന്ധപ്പെട്ടു പണമടച്ചു രജിസ്‌ട്രേഷൻ  ചെയ്തു കഴിഞ്ഞാൽ നിങ്ങൾ നിയമപരമായും ജൈവശാസ്ത്രപരമായും മരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളെ ഈ സ്ഥാപനത്തിന്റെ ലാബിൽ കൊണ്ടുവരും.

 

അവരുടെ ആശയപ്രകാരം നിങ്ങൾ മരിച്ചിട്ടില്ല. നിങ്ങൾ അവരുടെ പേഷ്യന്റ് ആണ്.

കാരണം തലച്ചോറും ശ്വാസകോശവും നിലച്ചുകഴിഞ്ഞാൽ നിങ്ങൾ നിയമപരമായി മരിച്ചു എന്ന് പറയും. എങ്കിലും നിങ്ങളുടെ ശരീരത്തിലെ മറ്റു കോശങ്ങളും ആന്തരിക അവയവങ്ങളും ഒന്നും മരിക്കുന്നില്ല. അത് മരിക്കണമെങ്കിൽ പിന്നെയും കുറെ മണിക്കൂറുകൾ കഴിയണം.

 

അവിടെയെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ രക്തം മുഴുവൻ അവർ നീക്കം ചെയ്തു ആന്റി ഫ്രീസ് ദ്രാവകങ്ങൾ നിങ്ങളുടെ രക്ത ധമനികളിൽ നിറയ്ക്കും. അതിനുശേഷം നിങ്ങളുടെ തലച്ചോറിനെയും പ്രിസെർവ് ചെയ്യും എന്നിട്ടു നിങ്ങളുടെ ശരീരം പൂജ്യത്തിനുതാഴെ 186 ഡിഗ്രി ഊഷ്മാവിൽ ഒരു സ്റ്റൈൻലെസ്സ് സ്റ്റീൽ ട്യൂബിനുള്ളിൽ ലിക്വിഡ് നൈട്രജൻ നിറച്ചു ശീതീകരിച്ചു വേണ്ടിവന്നാൽ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കും.

 

എന്തിനാണെന്നല്ലേ... വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് പിടിപെട്ട ആ പഴയ കാൻസറിന് ചികിത്സ കണ്ടു പിടിച്ചാൽ ആ ചികിത്സ നടത്തി കാൻസർ ഭേദമാക്കിയ ശേഷം നിങ്ങളെ പഴയ ആളാക്കി തിരിച്ചു കൊണ്ടുവരും. അതുവരെ നിങ്ങൾ അവരുടെ പേഷ്യന്റ് ആണ്. ഇതിനുവേണ്ടി ഏകദേശം 2 കോടി രൂപയാണ് അൽക്കോർ ഇപ്പോൾ ചാർജ് ചെയ്യുന്നത്. ഇത് അമേരിക്കയിൽ ഇന്ന് നടക്കുന്ന സംഭവമാണ്.

 

അതൊക്കെ പോകട്ടെ നമുക്ക് നമ്മുടെ കഥയിലേക്ക്‌ തിരിച്ചു വരാം. ചികിത്സ കഴിഞ്ഞു മരണത്തിൽ നിന്നും ആദ്യമായി കണ്ണ് തുറക്കാൻ പോകുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വക്കച്ചനെ സ്വീകരിക്കാൻ എവ്‌ലിനും ആർതറും കാത്തിരിക്കുന്നു.

 

വക്കച്ചൻ ഇന്നേക്ക് ഏകദേശം 40 വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ കുടിയേറിപ്പാർത്ത ആദ്യകാല മലയാളികുടുംബത്തിലെ ഇളയ സന്തതി. ബിസിനസ്സ് ചെയ്തു കോടീശ്വരന്മാരായ കുടുംബം. വക്കച്ചന് 28-ആം വയസ്സിൽ അന്ന് ചികിത്സയില്ലാത്ത  എന്തോ അസുഖം വന്നു. മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അവന്റെ അപ്പച്ചൻ അവനെ അൽകോറിലെ പേഷ്യന്റ് ആക്കി.. അങ്ങനെ 28 വയസ്സിൽ മരിച്ച വക്കച്ചൻ 100 വർഷങ്ങൾക്കു ശേഷം വീണ്ടും ജനിക്കുകയാണ്. 28 വയസ്സിൽ  വക്കച്ചൻ മരിക്കുമ്പോൾ വക്കച്ചന്റെ മകൾ സാറക്ക് വയസ്സ് മൂന്ന്. സാറയുടെ മകളാണ് എവ്‌ലിൻ. എവിലിനു ഈ കഥ നടക്കുമ്പോൾ വയസ്സ് 75 ആയിരിക്കും പ്രായം..

 

75 വയസ്സുള്ള എവ്‌ലിൻ നൂറു വർഷങ്ങൾക്കു ശേഷം ജനിക്കുന്ന തന്റെ മുത്തശ്ശനെ കാണാൻ വന്നിരിക്കുകയാണ്. 75 വയസ്സുള്ള എവ്‌ലിൻ കാണുന്ന തന്റെ മുത്തശ്ശന് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏകദേശം 128 വയസ്സുണ്ടായിരുന്നേനെ.

പക്ഷേ അവൾ ഇപ്പോൾ കാണാൻ പോകുന്നത് മനസ്സുകൊണ്ടും ശരീരം കൊണ്ടും 28 വയസ്സുള്ള തന്റെ അപ്പൂപ്പൻ വക്കച്ചനെയായിരിക്കും എന്ന് അൽകോറിന്റെ ആൾക്കാർ കൗസിലിംഗ് നൽകി അവളുടെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്.

 

ഡോക്ടർമാരുടെ ഉള്ളിൽ ഇനിയുള്ള കടമ്പ കണ്ണ് തുറക്കുമ്പോൾ വക്കച്ചൻ  എങ്ങനെയായിരിക്കും പെരുമാറുക എന്നുള്ളതാണ്. 100 വർഷങ്ങൾ കഴിഞ്ഞുള്ള താൻ ജീവിച്ചതിനേക്കാൾ ഒരുപാടു വ്യത്യാസമുള്ള പുതിയ ലോകത്തേക്ക് വരുമ്പോൾ വക്കച്ചൻ എങ്ങനെയാണു കാര്യങ്ങൾ ഉൾക്കൊള്ളുക.

 

അൽകോറിലെ ഡോക്ടർമാർ എവ്‌ലിനെ വക്കച്ചൻ കിടത്തിയിരിക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. വക്കച്ചൻ കണ്ണ് തുറക്കുമ്പോൾ എവ്‌ലിൻ അവിടെ ഉണ്ടായിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു.

ഡോക്ടർ വക്കച്ചനെ തട്ടി വിളിച്ചു. വക്കച്ചൻ കണ്ണുകൾ മെല്ലെ തുറന്നു. 100 വർഷത്തെ ഉറക്കത്തിനു ശേഷം.  

 

ഡോക്ടർ പരിചയപ്പെടുത്തി ഇത് എവ്‌ലിൻ, താങ്കളുടെ മകളുടെ മകൾ. വക്കച്ചന്റെ ചിന്തകൾ പുറകിലോട്ടു കുതിച്ചോടി. തന്റെ മൂന്ന് വയസ്സുകാരി സാറയുടെ മുഖം വക്കച്ചന്റെ മനസ്സിൽ ഓടിയെത്തി.

 

എവിടെ എന്റെ മകൾ സാറ? എവിടെ എന്റെ പ്രിയതമ ക്ലാര? എവിടെ എന്റെ അപ്പച്ചനും അമ്മച്ചിയും ? എവിടെ എന്റെ സഹോദരങ്ങൾ.? ഒരുപാടു ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി. ഇന്നലെ ഞാനവരെ കണ്ടതാണല്ലോ. വക്കച്ചൻ  മരിക്കുന്നതിന് തൊട്ടു മുൻപുള്ള എല്ലാ കാര്യങ്ങളും അയാളുടെ മനസ്സിലൂടെ കടന്നുപോയി.

 

ഉടൻ തന്നെ വക്കച്ചനെ കൗൺസിലിങ്ങ് ചെയ്യാനുള്ള ആൾക്കാർ എത്തി. അയാൾക്ക്‌ വേണ്ടത്ര കൗൺസിലിങ് കൊടുത്താൽ മാത്രമേ നൂറു വർഷങ്ങൾക്കു ശേഷം പുനർജനിച്ച വക്കച്ചന് ഈ ലോകത്തു ജീവിക്കാൻ കഴിയുകയുള്ളു.

 

മൂന്നുമാസങ്ങൾക്കു ശേഷം

 

28 വയസ്സുള്ള അല്ലെങ്കിൽ 128 വയസ്സുള്ള വക്കച്ചൻ 75 വയസ്സുള്ള തന്റെ കൊച്ചുമകൾ എവിലിന്റെ വീടിന്റെ സ്വീകരണ മുറിയിൽ അയാളുടെ ഒപ്പം ജീവിച്ചിരുന്ന  സഹോദരങ്ങളുടെ മക്കളുടെ മക്കളെയും അവരുടെ മക്കളെയും ഒക്കെ പരിചയപ്പെട്ടു സംസാരിച്ചുകൊണ്ടിരിക്കുന്നു.

 

അവരൊക്കെ വക്കച്ചനെ വളരെ ആകാംഷയോടെ കാത്തിരുന്നവരാണ്. ആ ആകാംഷയൊക്കെ അവരുടെ മുഖത്ത് തെളിഞ്ഞു കാണുകയും ചെയ്യുന്നുണ്ട്.

എന്നാൽ വക്കച്ചന് ശരിയായ കൗൺസിലിങ് കിട്ടിയതുകൊണ്ടാവണം വക്കച്ചന്റെ മുഖത്ത് വലിയ ഭാവഭേദങ്ങൾ ഒന്നും ഇല്ലാത്തത്. എന്നാലും എവിടെയോ ഒരു നിരാശയുടെ ലാഞ്ചന വക്കച്ചന്റെ മുഖത്ത് കാണാമായിരുന്നു. പിന്നെയും ദിവസങ്ങൾ കടന്നു പോയി.

 

വക്കച്ചൻ താൻ പണ്ട് താമസിച്ചിരുന്ന ടൗണും അവിടെയുള്ള വീടും ഒക്കെ കാണുവാനായി അവിടേക്കു പോകാൻ തുടങ്ങുകയാണ്. ഏകദേശം ഒന്നര മണിക്കൂർ എടുക്കും അവിടേക്ക് എത്താനായി. അഡ്രസ് സെറ്റ് ചെയ്തു വക്കച്ചൻ യാത്രയായി.

 

കാർ ഒരു റെഡ് ലൈറ്റിൽ സ്റ്റോപ്പ് ചെയ്തിരിക്കുന്നു. ഫുള്ളി ഓട്ടോ പൈലറ്റ് ആയ കാറിന്റെ ഡ്രൈവർ സീറ്റിൽ വക്കച്ചൻ പകുതി മയക്കത്തിൽ ഇരിക്കുന്നു. പെട്ടെന്ന് കാറിന്റെ പിന്നിൽ എന്തോ വന്നിടിച്ച ആഘാതത്തിൽ വക്കച്ചൻ ഞെട്ടിയുണർന്നു. തന്റെ കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചതാണെന്നു മനസ്സിലായ വക്കച്ചൻ ഡോറ്  തുറന്നു പുറത്തിറങ്ങി.

 

പിന്നിലെ കാറിന്റെ ഡോറു തുറന്നു വെളുത്തു സുന്ദരിയായ ഒരു യുവതി പുറത്തിറങ്ങി. ഏകദേശം 20 വയസ്സ് തോന്നിക്കും. പേര് എലീന. അവൾക്കൊപ്പം മറ്റൊരു പെൺകുട്ടി ഏകദേശം 25 വയസ്സ്. പേര് ജൂലി. എലീനയും വക്കച്ചനും മുഖാമുഖം കണ്ടയുടനെ അവൾ സോറി പറഞ്ഞുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് തിരക്കി. എനിക്ക് കുഴപ്പമില്ല നിങ്ങൾക്കോ എന്ന് അവനും തിരിച്ചു ചോദിച്ചു. എന്റെ കാറിന്റെ സെൻസർ ഫെയിലിയർ ആയെന്നു തോന്നുന്നു. ഞാൻ ഉറക്കത്തിൽ ആയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ഉറങ്ങിയത് റിസേർച്ചിന്റെ ഭാഗമായി ഒരുപാടു വർക്ക് ഉണ്ടായിരുന്നു അവൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.

 

അവർ പരസ്പരം ഇൻഷുറൻസ് കാർഡും ഫോണും കൈമാറി അവരവരുടെ കാറിന്റെ അടുത്തേക്ക് നീങ്ങി. കാറിൽ കയറുന്നതിനു മുൻപ് അവൾ വക്കച്ചനെ ഒന്നുകൂടി  നോക്കി. ആ കണ്ണുകളിൽ ഒരു മാസ്മരികത. ഒരു പുതുയുഗ ഇലക്ട്രോ മാഗ്നെറ്റിക് തരംഗം അവളുടെ ഹൃദയത്തെ കീറിമുറിച്ചു കടന്നുപോയതുപോലെ അവൾക്കു  തോന്നി. വക്കച്ചന് പക്ഷേ എലീനയെ എവിടെയോ കണ്ട ഒരു ഓർമ. ഓർക്കാൻ പലവട്ടം ശ്രമിച്ചു കഴിയുന്നില്ല.

 

ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർക്കു മൂന്നുപേർക്കും യാത്ര തുടരാനുള്ള കാറുകൾ എത്തി അവരുടെ കേടുപറ്റി കാറുകൾ വന്ന ടീം ഏറ്റെടുത്തു.

 

വക്കച്ചൻ തന്റെ പഴയ ടൗണിലെത്തി.

എലീനയും ജൂലിയും അവരുടെ റിസേർച് സെന്ററിലും. അവർ DNA വച്ച് ആൾക്കാരെ കണക്ട് ചെയ്യുന്ന ഒരു പ്രൊജക്റ്റ് ആണ് ചെയ്യുന്നത്. ആൾക്കാർ അവരുടെ DNA ടെസ്റ്റ് ചെയ്തു DNA ഡാറ്റാബേസിൽ പേര് ചേർത്താൽ അവരുടെ പൂർവികരെ കണ്ടുപിടിക്കാൻ പറ്റും. അവരുടെ ചരിത്രം എന്തെങ്കിലും ആ ടാറ്റ ബേസിൽ ഉണ്ടെങ്കിൽ.

എലീന റിസേർച് സെന്ററിൽ എത്തിയ ഉടൻ വക്കച്ചൻ കൊടുത്ത ഇൻഷുറൻസ് കാർഡ് നോക്കി ഫോൺ ഡയൽ ചെയ്തു. നിങ്ങൾ എവിടെയാണ്. എനിക്ക് നിങ്ങളെ വീണ്ടും കാണണം.

 

വക്കച്ചൻ ചോദിച്ചു എന്തിനുവേണ്ടി ?

 

അവൾ പറഞ്ഞു നിങ്ങൾ എന്റെ തലച്ചോറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്ത് ഒരു വൈറസ് ആയി കടന്നു കൂടിയിരിക്കുന്നു. ആ വൈറസ് എന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ നശിപ്പിക്കുന്നതല്ല മറിച്ചു ഉത്തേജിപ്പിക്കുന്നതാണ്. നമുക്ക് വീണ്ടും കാണാൻ കഴിയുമോ?

 

വക്കച്ചൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഒന്ന് പരുങ്ങി.

 

അവസാനം അയാൾ പറഞ്ഞു ഓക്കേ വീണ്ടും കാണാം.

 

വക്കച്ചന്റെ മനസ്സ് ഒരു പ്രണയത്തിന്റെ മൂഡിലായിരുന്നില്ല കാരണം ത‌‌ന്റെ 3 വയസ്സുള്ള  സാറയെന്ന മകൾ അവളുടെ അമ്മ, തന്റെ യൗവനയുക്തയായ ഭാര്യ എല്ലാം മനസ്സിൽ നിൽക്കുന്നു.

 

പക്ഷേ വക്കച്ചൻ വീണ്ടും യാഥാർഥ്യത്തിലേക്ക് വന്നു. തനിക്കിനി ജീവിക്കാൻ ഒരു തുണ വേണം

 

പക്ഷേ അവൾ വരട്ടെ .

 

അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി ഒരു പ്രണയ വല്ലരി പൂത്തോ അവിടെ ? ഇല്ല എലീനയുടെ വല്ലരി പൂത്തില്ല പക്ഷേ പടർന്നു കയറുന്നു അനന്തമാം വിഹായസ്സിലേക്ക്. അവർ പല ദിവസങ്ങളിലും കണ്ടുമുട്ടി പ്രണയം അവൾക്കു കൊടുമ്പിരികൊണ്ടു അവൾക്കു മാത്രം എലീനക്ക്. എലീന വക്കച്ചനെ കാണാൻ വരുമ്പോളൊക്കെ ജൂലിയും കൂടെയുണ്ടാകുമായിരുന്നു.

 

ഏകദേശം മൂന്നുമാസത്തോളം കൊണ്ട് നടന്ന ഒരു വൺ വേ പ്രേമത്തിന് ശേഷം  എലീനയെ വക്കച്ചൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

 

എന്നാലും ഒരു പിൻവലി. എന്തോ ഒരു തടസ്സം വക്കച്ചന്റെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. എലീനയും ജൂലിയും അവരുടെ റിസേർച്ചിന്റെ ഭാഗമായി വക്കച്ചന്റെ DNA സാമ്പിളും ശേഖരിക്കുന്നു. ഡാറ്റാബേസ് വന്നു. വക്കച്ചനും എലീനയും ഒരേ ഫാമിലിയിലുള്ളവർ. എലീന ഞെട്ടി.

 

വക്കച്ചനും.

 

അവർ വേരുകൾ ചികഞ്ഞു. എലീനയുടെ അമ്മ ബ്രിജിറ്റ് ബ്രിജിറ്റിന്റെ അമ്മ മേരി ചികഞ്ഞു ചികഞ്ഞു മേരിയുടെ ഫോട്ടോ കമ്പ്യൂട്ടർ കാണിച്ചപ്പോൾ വക്കച്ചൻ ശരിക്കും ഞെട്ടി.

 

തന്റെ കൂടെ കോളജിൽ പഠിച്ച തന്റെ കാമുകി മേരി. ന്യുയോർക്കിലെ ബ്രൂക്‌ലിൻ കോളജിൽ ഒന്നിച്ചു പഠിച്ചിരുന്നവർ .

 

പക്ഷേ മേരിയുടെ മകളുടെ മകൾ എങ്ങനെ വക്കച്ചന്റെ ഫാമിലിയാകും എലീനക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പക്ഷേ വക്കച്ചന്റെ മുഖം വിളറിവെളുത്തു. വക്കച്ചൻ ആ കാലം ഓർത്തു. തന്റെ അപ്പൻ കണ്ടുപിടിച്ച കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതും മേരിയെന്ന തന്റെ കാമുകിയെ ഉപേക്ഷിക്കേണ്ടിവന്നതും തന്റെ വിവാഹശേഷം മേരി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞതും എല്ലാം.

 

അങ്ങനെ കഥകളെല്ലാം പറഞ്ഞു വന്നപ്പോൾ എലീന വക്കച്ചന്റെ കൊച്ചു മകളാണ്. എലീനയും വിളറി വെളുത്തു.

 

സങ്കടം സഹിക്കാൻ കഴിയാതെ എലീന പൊട്ടിക്കരഞ്ഞു.

 

പക്ഷേ ആ പൊട്ടിക്കരച്ചിലിൽ വക്കച്ചന്റെയും എലീനയുടെ കൂട്ടുകാരി ജൂലിയുടെയും മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.

 

അത് എലീന അറിഞ്ഞോ എന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.

 

നമുക്കും കാത്തിരിക്കാം ....

 

Content Summary: Janikkanayi Marikkunnavar, Malayalam short story written by Binu Alex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com