ADVERTISEMENT

ഹൃദയ നൊമ്പരം (കഥ)

 

കുറച്ച് നാളായ് വിട്ടുമാറാത്ത ചുമ. വീടിന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ രണ്ട് വട്ടംപ്പോയി ഇത് മൂന്നാമത്തെ ആഴ്ചയാണ് ചുമയ്ക്ക് കുറവില്ല. ഈ പ്രാവിശ്യം ഡോക്ടർ പറഞ്ഞു. മൂന്നാഴ്ചയിലധികമായി ചുമ -പിന്നെ തനിക്ക് ഭയങ്കര ക്ഷീണമുണ്ട് - താലൂക്കാശുപത്രിയിൽ പോയി കഫം ഒന്ന് പരിശോധിക്കണം.

 

തീരെ വയ്യാ കൂട്ടിനു വരാൻ വീട്ടിൽ അച്ഛനും അമ്മയ്ക്കും പ്രായമായി പിന്നെ എട്ടന്റെ കല്യാണം ഉറപ്പിച്ചിരിക്കാ- അടുത്ത ആഴ്ച-: എങ്കിലും തനിയെ ആലുവയിലെ ഗവൺമെന്റ് ആശുപത്രിയിൽ ചെന്നു.

 

ടെസ്റ്റ് ചെയ്തപ്പോ ക്ഷയരോഗമാണ് -

 

ഡോക്ടർ പറഞ്ഞു ഇവിടെ കിടക്കണം മൂന്ന് മാസം ചികത്സ കഴിഞ്ഞ് പരിശോധിക്കും - ചിലപ്പോ ഒരു മൂന്ന് മാസം കൂടി കിടക്കേണ്ടി വരും -

 

ടി ബി വാർഡിൽ കിടക്കാൻ കട്ടിലൊഴിവില്ല - ഒരാഴ്ച കഴിഞ്ഞാൽ ഒരാൾ പോകും അപ്പോ തനിക്ക് കട്ടിൽ തരാം അറ്റൻഡർ പറഞ്ഞു – തൽക്കാലം ദേ ആ വാർഡിന്റെ വരാന്തയിൽ കിടക്ക് -

 

അങ്ങനെ തല്ല് വാർഡ് എന്ന പേരിൽ അറിയപ്പെടുന്ന എല്ലാ പൊലീസ് കേസിൽ പെട്ടവരും കിടക്കുന്ന അറ്റത്തുള്ള വാർഡിന്റെ വരാന്തയിൽ പോയിരുന്നു ചുമച്ച് ചുമച്ച് നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥ ചെറിയ ശ്വാസം മുട്ടലും -എന്റെ ചുമയുടെ ശബ്ദം കേട്ട് വാർഡിലുള്ളവർ നല്ല പച്ചത്തെറി പറഞ്ഞു -

 

‘‘ഈ പകർച്ച വ്യാധി ക്ഷയരോഗിയെ ഇങ്ങോട്ട് കെട്ടിയടുത്തതെന്തെ - ക്ഷയരോഗ വാർഡിൽ സ്ഥലമില്ലേ?’’

 

വരാന്തയിൽ ഇരുന്ന് മുട്ടിൽ മുഖം കുനിച്ച് ഞാൻ  കരഞ്ഞു '

 

വീട്ടിൽ വിവരമറിയിച്ചിട്ട് ആരും തിരിഞ്ഞു നോക്കിയില്ല - ക്ഷയരോഗമെന്ന് കേട്ടപ്പോൾ എട്ടൻ പറഞ്ഞു പകരുന്ന അസുഖമാ എന്റെ കല്യാണമാ രണ്ടാഴ്ച കഴിഞ്ഞ്. ഇവിടെ നിന്നും ആരും ആശുപത്രിയിൽ പോകുന്നില്ല -

പിന്നെ ആരും അറിയുകയും വേണ്ട.

 

ആശുപത്രി വരാന്തയിൽ ഇരുന്ന് ചുമച്ച് ചുമച്ച് രാത്രി പത്തു മണിയായി - ഒന്നും കഴിച്ചില്ല - ഭക്ഷണം സൗജന്യമായി കിട്ടും - അവിടെ വരെ പോവാൻ ആവതില്ല

 

അറ്റൻഡർ ആ വഴി വന്നപ്പോൾ ഒരു ഷീറ്റ് ചോദിച്ചു - ഇതൊന്നുമില്ലേ അയാൾ ദേഷ്യപ്പെട്ടു. ഒരു പത്ത് രൂപതാ - ഞാൻ ഒരു പത്ത് രൂപ കൊടുത്തു - അയാൾ വാർഡിൽ നിന്നു ഒരു ബഡ്ഷീറ്റും തലയിണയും കൊണ്ട് തന്നു - ഒരാഴ്ച ഇവിടെ തന്നെ കിടക്ക് - അടുത്ത ആഴ്ച ടി.ബി വാർഡിൽ കിടക്കാം -

 

ക്ഷയരോഗമായതുകൊണ്ട് വേറെ വാർഡിൽ കിടത്തില്ല -

 

ഭക്ഷണം കഴിക്കാതെ, കൊതുക് കടി കൊണ്ട് ആ വരാന്തയിൽ ഞാൻ മൂടി പുതച്ച് ഉറങ്ങാൻ നോക്കി പറ്റുന്നില്ല -

 

തൊട്ടപ്പുത്ത് തീവണ്ടിയാപ്പീസല്ലേ എപ്പോഴും അലറി വിളിച്ചു കൊണ്ട് തീവണ്ടി പോകുന്ന ശബ്ദം എന്നെ വല്ലാതെ ഭയപ്പെടുത്തി.

 

ഒന്നു മയങ്ങിത്തുടങ്ങിയപ്പോ ഒരല്പം മാറി വരാന്തയിൽ ഒരു ശബ്ദം.

 

അടങ്ങി കിടക്കടി .... മോളേ പച്ചത്തെറി

 

ഞാൻ തലയുയർത്തി നോക്കിയപ്പോൾ ഒരു സ്ത്രീ വരാന്തയിൽ അറ്റത്ത് പായ വിരിച്ച് കിടക്കുന്നു കൂടെ ഒരാൾ- അപ്പുറത്ത് രണ്ട് പേർ ചാരായം പകർന്ന് കുടിക്കുന്നു - എടീ ഒരു നൂറ് ഒഴിക്കട്ടെ ഉം- താടാ ... മോനേ ആ സ്ത്രീ പറഞ്ഞു ‘‘നിങ്ങൾ രണ്ട് പേരൊള്ളു എന്ന് പറഞ്ഞിട്ട് ഇപ്പോ ഒരാള് കൂടി... എനിക്ക് വയ്യാ, പിന്നെ കാശ് തരുമ്പോ പറഞ്ഞതിലും അൻപത് രൂപ കൂടുതൽ തരണം’’

 

അദ്യമായിട്ടാ-ഇങ്ങെനെയുള്ള കാഴ്ച ഞാൻ കാണുന്നത്. പട്ടച്ചാരായത്തിന്റെ മണം കൂടി അടിച്ചപ്പോൾ ഞാൻ വീണ്ടും ചുമച്ച് തുടങ്ങി. അവർ അപ്പോഴാ എന്നെ കണ്ടത്.

 

അവർ അത് കാര്യമാക്കിയെടുത്തില്ല എന്റെ ചുമ കൂടിക്കൂടി വന്നു - ഞാൻ ചെമ്മീൻ വളയുന്ന പോലെ വളഞ്ഞു. 

 

ആ സ്ത്രീ പറയുന്നത് കേട്ടു, എന്നാ ചുമയാ നിങ്ങൾ കുറച്ച് വെള്ളമെടുത്ത് അയാൾക്ക് കൊടുക്ക് പാവം തോന്നുന്നു ‘മിണ്ടാതിരിയിടി - അവന് വെള്ളമല്ല- ചാരായം കൊടുക്കാം ....’

 

വിശന്നു തളർന്ന് ഒന്നു മയങ്ങിപ്പോയി കണ്ണു തുറന്നപ്പോൾ വെളുപ്പിന് 4 മണി 

 

ഞാൻ തലയുയർത്തി നോക്കി വരാന്തയിൽ ആരുമില്ല -  ചുമച്ച് കഫം തുപ്പാനായി തലപൊക്കിയപ്പോ - എന്റെ പിറകിൽ ഒരു സ്ത്രീരൂപം ഞാൻ ഞെട്ടിപ്പോയി.

 

അതേ രാത്രി വരാന്തയിൽ കണ്ട വേശ്യ : എനിക്കവരോട് വെറുപ്പു തോന്നി-

 

അവർ കുറച്ച് വെള്ളം ഒരു കുപ്പിയിൽ എടുത്ത് എനിക്ക് നേരെ നീട്ടി. നല്ല പരവേശമുണ്ടെങ്കിലും ഞാൻ മേടിക്കാൻ മടിച്ചു. അവർ പറഞ്ഞു- ഞാൻ ചീത്തയാ പക്ഷേ ഈ വെള്ളം നല്ലതാ മോൻ കുടിച്ചോ നിന്നെ കണ്ടാലറിയാം രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ലാന്ന്.

 

വിറയ്ക്കുന്ന കൈയ്യോടെ ഞാൻ കുപ്പി വാങ്ങി അവരെ നോക്കി - ഒരു പത്ത് നാൽപത്തഞ്ചുവയസിൽ കൂടുതൽ പ്രായമുണ്ടാവാൻ വഴിയില്ല മുഖത്ത് ഒരു വാത്സല്യഭാവം കാണുന്നു എന്തോ അവരുടെ കണ്ണുകളിലെ ദൈന്യത അത് തെളിഞ്ഞ് കാണാമായിരുന്നു

 

നിന്റെ കൂടെ ആരുമില്ലേ - ഇല്ല ഞാൻ മറുപടി പറഞ്ഞു -

 

വിശക്കുന്നില്ലേ എന്താ ഈ വരാന്തയിൽ കിടക്കുന്നേ, വാർഡിൽ സ്ഥലമില്ലേ ?

 

പതിയെ ഞാൻ അവരോട് എന്റെ കാര്യം പറഞ്ഞു. എനിക്ക് ക്ഷയരോഗമാണ് നിങ്ങൾ അൽപം നീങ്ങി നിൽക്ക് - പകരും -

 

അവർ എണീറ്റ് പോയി അര മണിക്കൂർ കഴിഞ്ഞപ്പോ ഒരു പൊതിയുമായി എന്റെ അടുത്ത് വന്നു - മൂന്നാല് ഇഡലിയും രണ്ട് ഉഴുന്ന് വടയും, കടയൊന്നും തുറന്നിട്ടില്ല നാല് മണി കഴിഞ്ഞിട്ടേ ഉള്ളു ഇത് തീവണ്ടിയാപ്പീസിന്ന് വാങ്ങിയതാ തീവണ്ടിയിൽ വിൽക്കുന്നവരുടെ അടുത്തു നിന്ന് - ‘മോൻ കഴിച്ചോ’ 

 

അവർ എന്നെ മോനെ എന്ന് വിളിച്ചപ്പോൾ- എന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു -

 

ലൈംഗികതൊഴിലാളികളോട് വെറുപ്പായിരുന്ന ഞാൻ അങ്ങനെയൊരാളുടെ കാശു കൊണ്ട് അതിലുപരി അവരുടെ കാരുണ്യം കൊണ്ട് - വിശപ്പകറ്റുന്നു -

 

ഞാൻ ഒന്നും മിണ്ടാതെ കഴിച്ചു കൊണ്ടിരുന്നു - പെട്ടെന്ന് ചുമച്ച് ഞാൻ കണ്ണു മിഴിച്ചു പോയ് - അവർ എന്റെ തലയിൽ തട്ടി - നെഞ്ചു തിരുമി തന്നു എന്നിട്ട് പറഞ്ഞു കുറച്ച് വെള്ളം കുടിക്ക് - നെഞ്ചിൽ കെട്ടിയതാ- വെറും വയറല്ലേ

 

ഞാൻ അവരെ ഒന്നു സൂക്ഷിച്ചു നോക്കി - 

 

രാത്രിയിലെ കാര്യമോർത്തിട്ടാണോ മോൻ എന്നെയിങ്ങനെ നോക്കുന്നത് - വല്ല ലോഡ്ജിൽ മുറിയെടുത്താ പൊലീസിന്റെ ശല്യമാ- പിന്നെ കിട്ടുന്നതിൻ്റെ ഒരു വീതം അവർക്ക് കൊടുക്കണം ചില ശവം തീനികൾ കഷ്ടപ്പെട്ടത് മുഴുവൻ പിടിച്ചുപറിക്കും. ഈ വരാന്തയിലാണെങ്കിൽ കൊതുകിന്റെ ശല്യം മാത്രള്ളൂ.

 

ഇവർ എന്നോട് എന്തിനിത്ര കാരുണ്യം കാണിക്കുന്നു എന്ന് എനിക്ക് മനസിലായില്ല.

 

പാർവതി സാറാണോ മോനെ നോക്കുന്നത് - അതെയെന്ന് ഞാൻ പറഞ്ഞു. എന്നാ മോന് കട്ടിൽ കിട്ടും ഞാൻ പറയാം ആഴ്ചയിൽ ഒരിക്കൽ അവരുടെ വീട്ടിൽ ഞാൻ വീട്ടുപണിയ്ക്ക് പോകുന്നുണ്ട്-

 

നേരം വെളുത്തു തുടങ്ങി ഞാൻ വീട്ടിൽ പോവുകയാ എന്റെ മോളിന്ന് വീട്ടിൽ വരും. അവളെ ഒരു മഠത്തിൽ  നിർത്തേയേക്കുവാ. എന്റെ മോളെ എനിക്ക് ഒറ്റയ്ക്ക് സംരക്ഷിക്കാൻ പറ്റിയെന്ന് വരില്ല.

 

അവളെ പെണ്ണുകാണാൻ ഒരു കൂട്ടര് വരുന്നുണ്ട്- അതൊന്ന് കഴിഞ്ഞിട്ട് വേണം ഈ നശിച്ച ജന്മം ഒന്ന് അവസാനിപ്പിക്കാൻ -

 

പോകും വഴി പാർവതീ ഡോക്ടറുടെ ശുപാർശയിൽ എനിക്ക് വാർഡിൽ ഒരു കട്ടിൽ തരപ്പെടുത്തി തന്നു.

 

പിറ്റേന്ന് അവർ കുറച്ച് ആഹാരവുമായി എന്റെ അടുത്ത് വന്നു - ഞാൻ ചോദിച്ചു മോളെല്ലാണ്ട് വേറെയാരുമില്ലേ 

ഉം അവർ ഒന്നു മൂളി - രണ്ട് കുട്ടികളായപ്പോ  ഭർത്താവ് വേറൊരുത്തിയുടെ കൂടെപ്പോയ്...

 

മകൻ.. അവൻ ക്ഷയം പിടിച്ച് ഈ ആശുപത്രിയിൽ കിടന്നാ മരിച്ചേ -

 

അവർ കരഞ്ഞു. അവന്റെ ചികത്സയ്ക്ക് പണം കടം ചോദിച്ച് ചെന്നവർക്ക് പകരം എന്റെ ശരീരം വേണമായിരുന്നു. എന്നെ സഹായിക്കാൻ ആരും വന്നില്ല എന്റെ മോന്റെ പ്രാണനെയോർത്ത് മടിക്കുത്തഴിക്കേണ്ടി വന്നെനിക്ക് - പണം കിട്ടി -

 

പക്ഷേ എന്റെ മകനും പോയി... മാനവും പോയി..

 

വെറുതെയല്ലാ ഇവർ എന്നെ മോനേ എന്ന് വിളിച്ചത് എന്റെ പ്രായമായിരുന്നു അവരുടെ മകന്- അവരോട് എനിക്ക്  ആദരവ് തോന്നി തുടങ്ങി. എനിക്കവർ പലവട്ടം ഭക്ഷണം കൊണ്ടുവന്നു തന്നു സ്വന്തം മകനെപ്പോലെ പരിചരിച്ചു.

 

ഒരു ദിവസം അറ്റൻഡർ അവരെയും എന്നെയും നോക്കിപ്പറഞ്ഞു ഇപ്പോ ചെറുപ്പക്കാരെയാണല്ലോടീ നീ വച്ചോണ്ടിരിക്കുന്നത്-

 

പ്ഫ - ഒരാട്ട് ആട്ടി അവർ... നിന്റെ തന്തേനെയാടാ –––––– മോനേ ഒരു തെറി - എടാ മാന്യാ... പാതിരായ്ക്ക്  നീ എത്ര പ്രാവിശ്യം എന്റെയടുത്ത് വന്നിട്ടുണ്ടെടാ

 

അറ്റൻഡർ ജീവനും കൊണ്ടോടി -

 

എന്റെ രോഗം മാറിത്തുടങ്ങി നഷടപ്പെട്ട പ്രസരിപ്പും ചുറുചുറുക്കും തിരിച്ചുകിട്ടി - മൂന്ന് മാസം ആശുപത്രിവാസം. ഇപ്പോ അവർ വരാറില്ല, നാളെ പേര് വെട്ടി വീട്ടിൽ പോകാം ആ രാത്രി ഞാൻ വല്ലാതെ അസ്വസ്ഥനായി. അവർ നാളെ വരുമോ.. ഒരു യാത്ര പറയാൻ... തളർന്ന് വീണ എന്നോട് കാരുണ്യം കാണിച്ച ആ അമ്മയോട് ഒരു യാത്ര പറയാൻ - സ്വന്തം ഉണ്ണിയേപ്പോലെ എന്നെ പരിപാലിച്ചതിന് നന്ദി പറയാൻ.

 

നേരം വെളുത്തപ്പോൾ അവർ വന്നു - കൂടെ മകളുമുണ്ടായിരുന്നു. രണ്ട് പേരുടെയും മുഖത്ത് വല്ലാത്ത സങ്കടം.

 

മകളെ എന്റെയടുത്ത് നിന്ന് നീക്കി നിർത്തിയിട്ട് എന്നോട് പറഞ്ഞു.

 

മോളുടെ കല്യാണം മുടങ്ങി- വേശ്യയുടെ മകളും അങ്ങനെ തന്നെയല്ലേ എന്നവർ ചോദിച്ചു–

 

എന്റെ നശിച്ച ജീവിതം കൊണ്ട് എന്റെ മകളുടെ ജീവിതവും പോയ്..

 

അന്ന് ഞാനവരെ ആദ്യമായ് അമ്മേ എന്നു വിളിച്ചു - അമ്മയക്ക് വിരോധമില്ലങ്കിൽ ഞാൻ മോളെ കല്യാണം കഴിച്ചോളാം.

 

അവർ സന്തോഷം കൊണ്ട് എന്നെ കെട്ടിപിടിച്ചു കരഞ്ഞു - ഇനിയെനിക്ക് ഒന്ന് സ്വസ്ഥമാവണം അവർ പറഞ്ഞു.

 

കല്യാണം ഒരു രജിസ്ട്രാഫീസിൽ നടന്നു - ഒരു  വീട് വാടകയ്ക്ക് എടുത്ത് ഞാനും ഭാര്യയും അങ്ങോട്ട് മാറി.

 

ആദ്യരാത്രിയുടെ പകിട്ടൊന്നും എനിക്കുണ്ടായില്ല - ഒരു മനോവേദന.

 

മകളുടെ കല്യാണം കഴിഞ്ഞ് മകൾക്കും കുടുബത്തിനും ചീത്തപ്പേരില്ലാതിരിക്കാൻ ഈ നശിച്ച ജന്മം അവസാനിപ്പിക്കണം എന്നു അവർ പറഞ്ഞത് ഞാനോർത്തു.

 

വെളുപ്പിന് എണീറ്റ് ഭാര്യയോട് ഇപ്പോ വരാം എന്ന് പറഞ്ഞ് അവളുടെ വീട്ടിലേയ്ക്ക് ഞാൻ ഓടി.

 

ഞാൻ ചെന്നപ്പോൾ ഉമ്മറ വാതിൽ തുറന്ന് കിടക്കുന്നു. പതിയെ ഞാൻ അകത്ത് കയറി അമ്മേ എന്നു വിളിച്ചു - മറുപടിയില്ല. അടുക്കളയുടെ ഉത്തരത്തിൽ അതാ അവർ...  ഒരു ജീവിതം തൂങ്ങിയാടുന്നു. ആർക്കും പിടികൊടുക്കാതെ ശല്യമാവാതെ, പരിഹാസമവാതെ, മകൾക്ക് ഇനിയും ചീത്തപ്പേര് കേൾക്കാതിരിക്കാൻ... ജീവിതം ബലിയായ് നൽകി....

 

വിറയ്ക്കുന്ന കാലുകളോടെ അടുക്കളയുടെ ചുമരിൽ ഞാൻ ചാരി നിന്നു വിതുമ്പി: 

 

ഈ അമ്മയുടെ ഉദരത്തിൽ പിറക്കാനായില്ലല്ലോ...

 

ഈ അമ്മയുടെ മുലപ്പാൽ കുടിക്കാനായില്ലല്ലോ.

 

‘‘... അറിയാതെ ഓർത്തു പോയ് ’’

 

വെറുതെയാണോ ദൈവപുത്രൻ രണ്ടായിരം വർഷം മുമ്പേ... വ്യഭിചാരത്തിൽ പിടിക്കപ്പെട്ട് കല്ലെറിഞ്ഞ് കൊല്ലാൻ കൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചത് ?

 

Content Summary: Hrudaya Nombaram, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com