ADVERTISEMENT

മഴ (കഥ)

 

മഴയില്ലാതെ ഒരോർമ പോലുമില്ലെന്നു എഴുതാനിരുന്നപ്പോഴാണറിഞ്ഞത്.  കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓർമകൾക്ക് മാധുര്യമില്ലാതായതിന്റെ കാരണം മഴയില്ലാത്ത ഈ മരുഭൂമിയിലെ ജീവിതമാണെന്നറിയുന്നതും ഇപ്പോഴാണ്...

 

ഓർമയിലെ ആദ്യത്തെ മഴയ്ക്ക് വർഷമെത്രപഴക്കമുണ്ടെന്നറിയില്ല.

 

ആദ്യ സുഹൃത്തിനെ എന്നു കണ്ടുമുട്ടിയെന്നു ഓർത്തെടുക്കാൻ പലപ്പോഴും കഴിയാത്തത് പോലെതന്നെ..  ആദ്യത്തെ മഴ...  അത് ഇടമുറിയാതെ പെയ്ത പേമാരിയോ ഇളംകാറ്റിനൊപ്പം തൂവി വന്ന ചാറ്റൽ മഴയോ ആയിരുന്നിരിക്കാം..  പക്ഷേ കൂട്ടിനൊരാളായി ഒപ്പമെന്നും ഉണ്ടായിരുന്നു..

 

മഴയെന്നു കേൾക്കുമ്പോൾ ആദ്യമോടിയെത്തുന്നത് ആ നഴ്സറി മുറ്റത്താണ്.  ഇരുവശവും നിറഞ്ഞ പൂന്തോട്ടങ്ങൾക്കിടയിലൂടെ പടിക്കെട്ടുകളിറങ്ങി ചെല്ലുന്ന ചുവപ്പും ക്രീം നിറത്തിലും ചായം പൂശിയ ആ ഒറ്റനിലക്കെട്ടിടത്തിൽ..  ആ വരാന്തയിൽ തട്ടിത്തെറിച്ച മഴത്തുള്ളികൾ..  ക്ലാസ്സ്‌ മുറിയിലെ ജനാലകളിലൂടെ എത്തിനോക്കിക്കണ്ട മഴക്കാലങ്ങൾ..   ആ  മഴയ്ക്കു മണ്ണിന്റെ മാത്രമല്ല കുടകളുടെയും ബാഗിന്റെയും യൂണിഫോമിന്റെയും പുതുമണം കൂടിയുണ്ട്...

 

മഴയാറിയ വൈകുന്നേരങ്ങളിൽ അച്ഛനെ കാത്ത്, വെള്ളം തട്ടിക്കളഞ്ഞ ഊഞ്ഞാൽപ്പടിയിൽ കളിച്ചിരിക്കുന്ന ഓർമകളുടെ തണുപ്പുണ്ട്..  വീട്ടിലെത്തിയാൽ കാത്തിരിക്കുന്ന ചായയുടെയും ടൈഗർ ബിസ്‌ക്കറ്റിന്റെയും പലഹാരങ്ങളുടെയും കൊതിപ്പിക്കുന്ന രുചിയുമുണ്ട്..

 

അവധിക്കാലങ്ങളിലെ മഴകൾക്കെല്ലാം മാമ്പഴത്തിന്റെ തേൻമധുരമാണ്. നേരം തെളിയും മുൻപേ, തലേന്ന് പെയ്ത മഴത്തുള്ളികളെയേറ്റി നിൽക്കുന്ന ചെടികളെ തട്ടിമാറ്റി മഴയിൽ വീണ മാമ്പഴമധുരങ്ങളെ നിറയ്ക്കാനൊരുങ്ങുന്ന യാത്ര..  രാത്രികളിലെന്നും മരം കയറിപ്പറിച്ച മുല്ലമൊട്ടുകളെ കൊരുത്തു കെട്ടാൻ കൂട്ടിനും മഴയുണ്ടാകും..

 

അറിയാതെ തലേന്നത്തെ തണുപ്പിൽ കൂടുതലുറങ്ങുമ്പോൾ ഉണർത്താൻ വരുന്ന കുട്ടിപ്പാട്ടാളത്തിനൊപ്പം ഉറക്കം തെളിയാത്ത കണ്ണുകളോടെ നടന്ന്,  അവർ പറയുന്നിടത്തു ചെന്നു നിൽക്കുമ്പോഴാണ് മഴപോലെ മരം പെയ്യുക. ഉറക്കമെല്ലാം ഓടിയൊളിച്ച് ഒരു നിമിഷം കഴിഞ്ഞാണ് മരച്ചില്ലയിൽ തങ്ങിനിന്ന തുള്ളികളെ കുടഞ്ഞെറിഞ്ഞ കൂട്ടുകാരുടെ പിന്നാലെ ഓടുക....

 

കടലാസ് വഞ്ചിയൊഴുക്കി കളിക്കാനായി ആരുമറിയാതെ മുറ്റത്തെ വെള്ളം ഒഴുകിപോകുന്ന പൈപ്പിൽ കല്ലും കവറുകളും തുണികളും കുത്തിനിറച്ച് അതടച്ചതും, വെള്ളം പോകാതെ മുറ്റം നിറഞ്ഞപ്പോൾ അനിയനൊപ്പം വഞ്ചിയൊഴുക്കി കളിച്ചതും, അമ്മ കണ്ടുപിടിച്ചു വഴക്കു പറഞ്ഞതുമെല്ലാം ഇന്നലെയാണെന്നു തോന്നുന്നു.. ബാല്യത്തിലെ ഓർമ്മകൾക്കു പോലും മഴപോലെ കുളിരാണ്...

 

പിന്നെയൊരു മഴക്കാലത്തായിരുന്നു പനി കൂടി ആശുപത്രിയിലായതും. ഏതോ മത്സരപ്പരീക്ഷയ്ക്ക് സ്കൂളിൽനിന്ന് തിരഞ്ഞെടുത്ത ഒരേയൊരാളായ ഞാൻ കൃത്യം അതിന്റെ തലേന്നാൾ പനിപിടിച്ചു ആശുപത്രിയിൽ. ആ മഴക്കാലത്തിനു ആശുപത്രിയുടെ മണമായിരുന്നു..  മരുന്നുകളുടെ ചവർപ്പായിരുന്നു..  ജനലിലൂടെ മാത്രം നോക്കിക്കണ്ട കുറുമ്പില്ലാത്ത കുസൃതി നിറയാത്ത മഴക്കാലം..  പിന്നീടെപ്പോഴും ഓരോ പരീക്ഷക്കാലത്തും എന്നെ കാണാനെത്തുന്ന സ്ഥിരം സന്ദർശകനായി പനി കൂടെ കൂടി....

 

അക്ഷരങ്ങളെപ്പെറുക്കി വെച്ച് എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങിയതും ജനലിലൂടെ കണ്ടിരുന്ന മഴയെ സാക്ഷിയാക്കിയാണ്..  ആ ജനൽപ്പാളിയിലൂടെ വീശുന്ന തണുത്ത കാറ്റും തട്ടിത്തെറിക്കുന്ന മഴചാറ്റലുകളും കൂട്ടിനുള്ളപ്പോഴാണ് മഷിത്തുമ്പിൽ പോലും വാക്കുകൾ വിരുന്നെത്താറുള്ളൂ....

 

കലാലയത്തിന്റെ ഇടനാഴികളിലും അരമതിലിലും തട്ടിത്തോർന്ന മഴകൾക്കെല്ലാം സൗഹൃദത്തിന്റെ തണുപ്പായിരുന്നു..  ഏറെ പ്രിയപ്പെട്ട മഴക്കാലങ്ങളെല്ലാം ആ നാലു വർഷങ്ങളായിരുന്നു സമ്മാനിച്ചത്. ഒരു ഫിൽറ്റർ കോഫിയും പഴംപൊരിയും പങ്കുവെച്ചു വാകയ്ക്കു താഴെ അരമതിലിലിരുന്നു കണ്ടിരുന്ന മഴകളെല്ലാം സൗഹൃദത്തിന്റെ ചർച്ചാവേദികളായിരുന്നു. നിലയ്ക്കാത്ത പൊട്ടിച്ചിരികളും കുസൃതികളും ചെറിയ പിണക്കങ്ങളും അതിലും പ്രിയമുള്ള ഇണക്കങ്ങളും സമ്മാനിച്ച സൗഹൃദമെന്ന മഴനൂൽ...

 

ശരീരത്തിനെപോലെ മനസ്സിലും മഴ കുളിരു നിറച്ചത് ആദ്യമായി പ്രണയം അറിഞ്ഞപ്പോഴായിരുന്നു..

anjali-arun
അഞ്ജലി അരുൺ

 

മഴ നനയാൻ കൊതിച്ച്, കുട നിവർത്താതെ ചാറ്റൽമഴയിൽ നടക്കവേ തലയ്ക്കു മുകളിലൊരു കുടയായി വന്ന പ്രണയം.. നിർബന്ധമായി കയ്യിലാ കുട പിടിപ്പിച്ച്  മഴയിലേക്കിറങ്ങി നടന്ന്,  തിരിഞ്ഞുനോക്കി കണ്ണിറുക്കിച്ചിരിച്ച ആദ്യപ്രണയം.

 

അന്നൊക്കെ ഉള്ളിലെന്നും മഴയായിരുന്നു... പ്രണയത്തിന്റെ മഴക്കാലം..

 

മഴതോർന്ന ഇടവഴികളിലൂടെ അമ്പലത്തിലെ ദീപാരാധന തൊഴുതുള്ള മടക്കം. പുറകിൽ ഒരു വിളിക്കപ്പുറം പ്രണയമൊരു കാവലാളായ് നടന്ന വൈകുന്നേരങ്ങൾ.. മണ്ണിൽ പെയ്തു തോർന്നിട്ടും മനസ്സിൽ പെയ്തുകൊണ്ടേയിരുന്ന മഴക്കാലങ്ങൾ...

 

വർഷങ്ങൾക്കിപ്പുറം ആ പേരിന്റെയും താലിയുടെയും അവകാശിയായി, ആ കൈകളാൽ സീമന്തരേഖ ചുവപ്പിച്ചു മറ്റൊരുവൾ ആ ജീവിതത്തിലേയ്ക്കും മനസ്സിലേയ്ക്കും വലതുകാൽ വെച്ചുകയറിയതും ഒരു മഴക്കാലത്തായിരുന്നു....

 

ഇനി ‘നമുക്കായി’ ഒരു മഴക്കാലമില്ലെന്നു പറഞ്ഞവൻ നടന്നകന്നപ്പോൾ മഴക്കാറ് നിറഞ്ഞത് മാനത്തും എന്റെ മനസ്സിലും ഒന്നിച്ചായിരുന്നു.. അന്ന് ആ മഴയിൽ കണ്ണീരിനൊപ്പം ഒഴുക്കിക്കളഞ്ഞതത്രയും നിറമുള്ള സ്വപ്നങ്ങളുമായിരുന്നു..  മൂടിപ്പുതച്ചു മുറിയടച്ചിരുന്ന,  മൗനത്തെ കൂട്ടുപിടിച്ച മഴക്കാലം......

 

ഋതുക്കൾ മാറിമറയവേ വീണ്ടും മഴയെന്നെ ചിരിക്കാൻ പഠിപ്പിച്ചു.  സ്വപ്നം കണ്ടിരുന്ന പോലെ ആദ്യമായി ആധ്യാപികയായി ജോലി ലഭിച്ചപ്പോൾ ആദ്യദിവസം മഴയുമെനിക്ക് കൂട്ടുവന്നിരുന്നു..  ശക്തിയായി പെയ്യുന്ന മഴയിൽ കുട ചൂടി സാരിയൊതുക്കിപ്പിടിച്ച് ആദ്യമായി ഞാനാ കലാലയത്തിന്റെ പടി കയറുമ്പോൾ ഓർമകളിലേക്കേറ്റവും പ്രിയമുള്ളൊരിടം കൂടി സ്വന്തമാകുകയായിരുന്നു....

 

സിന്ദൂരത്തിന്റെ ചുവപ്പ് നെറുകയിലും താലിയുടെ തണുപ്പ് നെഞ്ചിലുമേറ്റു വാങ്ങുമ്പോൾ ആ മീനച്ചൂടിലും മഴ എത്തിനോക്കിയിരുന്നു.. എന്റെ ഉള്ളിലെ ചൂടിനെ തണുപ്പിക്കാൻ പുറത്തൊരു നേർത്ത ചാറ്റലായ് വന്നു മടങ്ങിയ എന്റെ മാത്രം അതിഥി..

 

ഒരേ ജീവിതത്തിന്റെ തോണിയിൽ അപരിചിതരെ പോലെ നിന്നപ്പോൾ, താലി ചാർത്തിയ കൈകൾ ആദ്യം വെച്ചുനീട്ടിയത് സൗഹൃദമായിരുന്നു..

 

ആദ്യമായൊന്നിച്ചുള്ള യാത്രയിൽ,  വഴിയറിയാതെ, ദിശ നോക്കാതെ വെറുതെ സഞ്ചരിച്ചത് മഴ പെയ്യാനൊരുങ്ങി നിൽക്കുന്നൊരു  സന്ധ്യയിലായിരുന്നു..  ആദ്യമായൊന്നിച്ചു നനഞ്ഞ മഴ..  ‘ഞാനും നീയും’ എന്നതിൽ നിന്നും ‘ഞങ്ങളി’ലേയ്ക്കുള്ള  ദൂരം ആ യാത്രയായിരുന്നു...

 

പിന്നീടുള്ളതെല്ലാം പ്രണയത്തിന്റെ, കരുതലിന്റെ, തനിച്ചല്ലെന്ന ഓർമ്മപ്പെടുത്തലുകളുടെ മഴക്കാലങ്ങളായിരുന്നു..  ഈ മരുഭൂമിയിലെ വേനൽമഴയ്ക്കായുള്ള  കാത്തിരിപ്പുകളായിരുന്നു..

 

ഏറെ പ്രിയപ്പെട്ട മഴക്കാലങ്ങളിലൊന്നിലായിരുന്നു എന്റെ വീടും മുറിയും ഒരു കുഞ്ഞുപുഞ്ചിരിക്കായി കാതോർക്കാൻ തുടങ്ങിയത്. മഴയുടെ താളത്തിനൊപ്പം ഞാനും താരാട്ട് മൂളാൻ തുടങ്ങിയത്.  ദൈർഘ്യമറിയാത്ത വേദനയുടെ മണിക്കൂറുകൾക്കപ്പുറം ആ കുഞ്ഞിളം നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ എന്റെ നെഞ്ചും മിഴികളും പെയ്യുകയായിരുന്നു..  അമ്മ ആയതിനും അമ്മയെ അറിഞ്ഞതിനും സാക്ഷിയും ആ മഴയായിരുന്നു...

 

കാലം വീണ്ടും നീങ്ങവേ നഷ്ടങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രിയമുള്ളൊരാളെ സമ്മാനിച്ചു മറ്റൊരു മഴക്കാലവും വന്നു.  ഏറെ പ്രിയപ്പെട്ട സൗഹൃദത്തെ നൂലുകൾ പൊട്ടിച്ചു കാണാമറയത്തേക്കയച്ച മഴക്കാലം..  കടലാഴങ്ങൾക്കിപ്പുറം ഉള്ളിലിന്നും പെയ്തുതോരാത്ത നൊമ്പരത്തിന്റെ മഴക്കാലവും പേറി സൗഹൃദം തീർത്ത തുരുത്തിൽ ഞാനൊറ്റയ്ക്ക്...

 

പിന്നീടൊരു മഴക്കാലത്തേയും കാത്തിരുന്നിട്ടില്ല..  ഈ മണൽപ്പരപ്പിൽ ഇടയ്ക്കു ചാറുന്ന മഴത്തുള്ളികളെ കൊതിയോടെ നോക്കിനിന്നിട്ടുമില്ല..  നിന്നോടൊപ്പം നീ കൊണ്ടുപോയതിൽ മഴയോടുള്ള എന്റെ ഭ്രമവും ഉണ്ടായിരുന്നിരിക്കണം.. കാണുന്ന മഴകളെല്ലാം സമ്മാനിച്ചത് വിങ്ങുന്ന നിന്നോർമ്മകൾ മാത്രമായതിനാലാവാം. ഒരു നിലവിളി നെഞ്ചിലിന്നും പുറത്തു വരാനാവാതെ കുരുങ്ങിക്കിടക്കുന്നതിനാലുമാവാം....

 

കാലങ്ങൾക്കു ശേഷം വീണ്ടും മഴ നനയാൻ കൊതി തോന്നുന്നു..  പഴയ പാവാടക്കാരിയായി,  ഉമ്മറത്തിണ്ണയിലിരുന്നു തോർന്നു വീഴുന്ന മഴനൂലുകളെ കൊതിയോടെ നോക്കുന്ന,  ഓരോ മഴയേയും മെയ്യിലും മനസ്സിലുമേറ്റു വാങ്ങുന്ന ആ പഴയ മഴപ്പെണ്ണാവാനും വെറുതെ ഒരു മോഹം......  !!!!!

 

Content Summary: Mazha malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com