ADVERTISEMENT

(കവിത )

 

നിന്റെ മനസ്സിന്റെ 

വിളർത്ത ചുവരില്‍ ഞാന്‍ 

ഇന്നൊരു മുഷിഞ്ഞ 

ഛായാപടമായിരിക്കാം സഖേ… 

എങ്കിലും, നിറങ്ങള്‍ തന്‍ 

വസന്തോത്സവങ്ങളെ 

ഒരുമിച്ചൊന്നായ്

വരവേറ്റവരല്ലേ നമ്മള്‍...? 

എത്രയോ നിനവുകള്‍ 

തിണിർത്ത കൗമാരത്തിന്റെ 

നിലയില്ലാ ദുഃഖക്കയങ്ങള്‍ 

ഒരുമിച്ചു നീന്തിയതല്ലേ നമ്മള്‍...? 

ക്ഷമിക്ക നീയെന്നോട്‌... 

ഒരു വാക്കോതാതെ ഞാന്‍ 

യൗവ്വനത്തിലേക്ക് 

നമ്മില്‍ നിന്നിറങ്ങിപ്പോയ്...

അറിക നീയെന്നാലും...

വാസനിച്ചിട്ടില്ലെന്റെ 

മുല്ലകളതിൽപിന്നെ 

തളിർത്തിട്ടില്ലെന്റെ 

ചെമ്പകക്കിനാവുകള്‍....

ഒരു ദുസ്വപ്നത്തില്‍ മാത്രം 

ഞാന്നു കിടക്കും രാവാണ്‌ ഞാന്‍

മരിച്ച കമിതാക്കള്‍ പോലെ

നാമകന്നുപോയ്‌...

നിന്റ നനുത്ത പൊടിമീശ 

കിരുകിരുക്കുന്നെന്റെ 

വിരലില്‍, 

മറന്നുവോ… 

ഒരുമിച്ചു നാം 

മിഴിയില്‍ വരച്ചിട്ട 

പഴയ വഴിയോരക്കാഴ്ചകള്‍...?

വിശ്രാന്തികള്‍..?

വെറുക്കാനായെങ്കിലും

ഓർക്കുക ഒരു വട്ടം

അപരാധിനി എന്നു 

പഴിക്കാനായെങ്കിലും ഓർക്കുക 

ഇവളെ നീ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com