ADVERTISEMENT

ഹൃദയം (കഥ)

 

അവൻ അവൾക്ക് അവന്റെ ഹൃദയം സമ്മാനിച്ചു. എനിക്കെന്തിനാ നിന്റെ ഹൃദയം?, നീ എന്റെ കരൾ അല്ലല്ലോ? അവൾ ചോദിച്ചു. സാരമില്ല നീ എന്റെ കരളാണ്, ഇത് നിനക്ക് ഇരിക്കട്ടെ, എന്നെങ്കിലും നിനക്കിത് പ്രയോജനപ്പെടും, അവൻ പറഞ്ഞു. അവൾ അത് വാങ്ങി, അവൻ സന്തോഷത്തോടെ മടങ്ങി, ഹൃദയം ഇല്ലാത്തവനായി.

 

അവൾ അവന്റെ ഹൃദയം കയ്യിൽ എടുത്തു, തിരിച്ചും മറിച്ചുമൊക്കെ നോക്കി,  അവന്റെ ഹൃദയം മോശമല്ല, കൊള്ളാം, അവൾക്ക് സന്തോഷം തോന്നി. അവൾ ഒരു കത്തിയെടുത്ത് അവന്റെ ഹൃദയത്തെ പിളർന്നു. ആരെയും കാണിക്കാതെ ഇത്രയും കാലം അവൻ സൂക്ഷിച്ചു വച്ച അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിലെല്ലാം അവൾ വെളിച്ചം തെളിച്ചു പരിശോദിച്ചു.  അവന് അവളോടുള്ള സ്നേഹത്തെ അവൾ അവിടെ കണ്ടു. അവൾ അവന്റെ ഹൃദയത്തിൽ ഏൽപ്പിച്ച ഉണങ്ങാത്ത മുറിവുകളും അതിൽ നിന്നും ചിന്തിയ രക്തം അവന്റെ ഹൃദയ ഭിത്തികളിൽ കട്ട പിടിച്ചിരിക്കുന്നതും അവൾ കണ്ടു. അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

 

അവൾ അവന്റെ  ഹൃദയത്തെ ചെറിയ കഷ്ണങ്ങളായി നുറുക്കി, അടുപ്പിൽ വച്ച് ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുത്തു. നിറയെ ചുവന്ന പൂക്കൾ ഉള്ള മനോഹരമായ ഒരു പാത്രത്തിലേക്ക് വെന്തു പാകമായ അവന്റെ ഹൃദയത്തിന്റെ കഷ്ണങ്ങൾ അവൾ പകർന്നു വച്ചു. അവളതെടുത്ത്‌ അവളുടെ അരുമയായ നായയ്ക്കു നൽകി, അവൻ അതൊന്ന് മണത്തു നോക്കിയിട്ട്  അവളെ നോക്കി വാലാട്ടി, അവൾ അവന്റെ തലയിൽ സ്നേഹത്തോടെ തലോടി. അവൻ അത് മുഴുവനും കഴിച്ചു തീർക്കുന്നതു വരെ അവൾ നോക്കി നിന്നു, സ്നേഹത്തിന്റെ വിശപ്പടങ്ങട്ടെ.

 

Content Summary: Hrudhayam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com