ADVERTISEMENT

പ്രണയവൈഖരികൾ (കവിത)

 

പ്രണയമെന്നത്,

ഒരു ചോദ്യോത്തരപംക്തിയല്ല.

മനസ്സിന്റെ നനുത്ത പാളികളെ 

സ്പർശിച്ചത് സന്തോഷം നൽകണം.

 

പ്രണയമെന്നത്,

ഒരു വിൽക്കൽ വാങ്ങൽ കരാറല്ല.

സ്നേഹമാകുന്ന നിക്ഷേപത്തിൽ 

ഉള്ളം നിറഞ്ഞ് നിർലോഭം തൂവണം.

 

പ്രണയമെന്നത്,

മറ്റൊരാളിൽ സ്ഥാപിക്കുന്ന അധികാരമല്ല

പ്രണയമാം നദി കുതികുതിച്ചൊഴുകി  

സ്മരണയുടെ സിംഹാസനങ്ങൾ താനേ ഉയരണം.

 

പ്രണയമെന്നത്,

യാചിച്ചു നേടേണ്ടതല്ല.

സ്വയംഭൂവായി മനസ്സിൽ നിന്നുയർന്ന് 

പ്രണയിതാവിന്റെ പാനപാത്രത്തിലേക്ക് 

നിർലോഭം പകരുന്നതാവണം.

 

പ്രണയമെന്നത്,

ഒരാളുടെ മാത്രം സഹനമല്ല.

പ്രണയസാഗരത്തിൽ പരസ്പരമലിഞ്ഞ്  

എന്നിൽ നീയും നിന്നിൽ ഞാനുമാകണം.

literature-channel-my-creatives-writers-blog-resmi-prakash-author-image
രശ്മി പ്രകാശ്

 

പ്രണയമെന്നത്,

ഋജുവായ രേഖയല്ല.

മനസ്സിന്റെ ചെറുചലനങ്ങളെപ്പോലും 

അതിലോലമായ് ഉഴിഞ്ഞ് 

അതിർവരമ്പുകളില്ലാത്തൊരു തൂവലായ് പാറിപ്പറപ്പിക്കണം.

 

പ്രണയമെന്നത്,

നിർജ്ജീവമായ പാതയിലെ യാത്രയല്ല.

പര്സപരമറിഞ്ഞ ജീവന്റെ തുടിപ്പുകൾ 

കൊക്കിനാൽ, ചുണ്ടിനാൽ, ഉടലിനാൽ പടർത്തേണം.

 

പ്രണയമില്ലെങ്കിലോ?

ചതുപ്പിൽ പുതഞ്ഞ ഉടൽപോൽ 

വെളുക്കെ പുണർന്ന തീജ്വരം പോൽ

നീയില്ല, നമ്മളില് , ഞാൻ മാത്രം ഈ ഞാൻ മാത്രം.

 

Content Summary: Prenaya Vaigharikal poem by Resmi Prakash 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com