ADVERTISEMENT

ഭക്തി പ്രണയം കാമം (കഥ)

 

തറവാടിന്റെ മുറ്റം അവസാനിക്കുന്നിടത്ത് ഒരു കുഞ്ഞ് അരുവിയുണ്ട്. ആ അരുവിയുടെ ഓരം ചേർന്ന് ഒരു കാവുമുണ്ട്. ഋതുമതിയായി ഏഴാംനാൾ കുഞ്ഞയും മാമ്മിയും എന്നെ മഞ്ഞൾ തേച്ച് കുളിപ്പിച്ചത് ആ കൊച്ചുതോടിന്റെ കല്ലിൽ ഇരുത്തിയായിരുന്നു.

 

കാലുകൾ വെള്ളത്തിലേക്കിടുമ്പോൾ കൊച്ചുമീനുകൾ ഇക്കിളിയിടും. അവയെ ഭയപ്പെടുത്താതെ മീനുകളുടെ ചുണ്ടുകൾ ഉമ്മവയ്ക്കാനായി കാലുകൾ ചലിപ്പിക്കാതെ നീട്ടി വയ്ക്കും. അതൊരു ഫീൽ ആണ്. എന്നിലെ പെണ്ണിനെ ഞാനാദ്യം തിരിച്ചറിയുന്നത് ആ കൊച്ചരുവിയിലെ കുഞ്ഞു മീനുകളിലൂടെയാണ്. മീനുകൾ വിരലുകളിൽ നിന്നും വിരലുകളിലേക്ക് മൃദുവായി ചുംബിച്ചപ്പോഴാണ്.

 

അന്ന് ഞാൻ അറിഞ്ഞോ അറിയാതെയോ ധ്യാനം ചെയ്തിരുന്നു. തോടിന്റെ സ്ലാവിൽ എത്ര സമയം വേണമെങ്കിലും മൗനിയായി മനസ് ശൂന്യമാക്കി ഇരിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. അപ്പോഴൊക്കെ  ഉൾക്കണ്ണിൽ തെളിഞ്ഞത് ദേവന്റെ അവ്യക്തമായ മുഖമാണ്. ആ മുഖത്തോട് സംസാരിച്ച് സംസാരിച്ച് ഒടുവിൽ ഞാനതിനെ എന്റെ ആത്മാവിലേക്ക് ആവാഹിച്ചിരുന്നു. അവ്യക്തമായ ആ മുഖത്തിന് ഒരു രൂപം കൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ ഒരിക്കൽപോലും എനിക്കതിനായില്ല. അതൊരു വെളിച്ചം മാത്രമായി നിലകൊള്ളുന്ന ഒന്നായിരുന്നു. അങ്ങനെ എന്റെ ചിന്തകളും ഞാനും കൊച്ചുതോടും കാവും ദേവനും ആർക്കും അറുത്തുമുറിച്ച് എറിയാനാവാത്ത വിധം പരസ്പരം ബന്ധപ്പെട്ടുകിടന്നു. 

 

കാവിലൊരു സർപ്പമുണ്ടായിരുന്നു. ഒരു കറുത്ത സർപ്പം. കുട്ടിക്കാലത്തുപോലും ഞാൻ സർപ്പത്തെ ഭയന്നിട്ടില്ല. എനിക്കു തോന്നിയത് ദേവന്റെ മറ്റൊരു രൂപമാവാം അതെന്നാണ്.  കാവിൽ നിന്നും സർപ്പമിറങ്ങി വീടുമുറ്റത്തേക്കു വന്നപ്പോഴും ആരെങ്കിലുമതിനെ ഉപദ്രവിച്ചേക്കുമോ എന്ന് ഭയന്ന് രഹസ്യമായി ഞാനതിനെ കാവിലേക്ക് പറഞ്ഞുവിട്ടിരുന്നു. 

 

തോട്ടിലെ വെള്ളത്തിലൂടെ ഒഴുകി വന്ന് സർപ്പം കാലിൽ ചുറ്റിയേക്കുമോ എന്ന് ഭയന്നുതുടങ്ങിയത് ഋതുമതി ആയതിനുശേഷമാണ്. കാരണം എന്റെ ശരീരമാകെ ആ സമയങ്ങളിൽ മഞ്ഞളിന്റെയും മറ്റും സുഗന്ധമായിരുന്നു. സർപ്പം ഒരു സ്ത്രീയുടെ ശരീരത്തിലേക്ക് ചുറ്റികയറുകയാണെങ്കിൽ ദിവസങ്ങളോളം ഇറങ്ങിപോകാതെ ശരീരത്തിൽ പറ്റിപിടിച്ച് വരിഞ്ഞുമുറുക്കുമത്രെ.... യഥാർഥത്തിൽ അത് ശത്രുവിനോട് കാണിക്കുന്ന പകയല്ല സ്ത്രീയോടുള്ള പ്രണയമാണന്ന് ഒരു കളിക്കൂട്ടുകാരിയാണ് പറഞ്ഞുതന്നത്. 

 

അതോടുകൂടി ഋതുമതിയായശേഷം വാതിലും ജനാലകളും ഭദ്രമായി കുറ്റിയിട്ട് നാൽപതുവട്ടം മുറിയുടെ ഓരോ മൂലയിലും ടോർച്ചടിച്ച് സർപ്പത്തിന് ഇഴഞ്ഞുകേറാനുള്ള എല്ലാ സാഹചര്യത്തെയും അടച്ചുറപ്പിച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്. 

 

അങ്ങനെ തോടും മീനുകളും കാവും ദേവനും ഞാനും ഒപ്പം സർപ്പവും പരസ്പരം ബന്ധപ്പെട്ടുകിടന്നു. 

 

കുറച്ചുകൂടി വളർന്നപ്പോൾ എനിക്ക് തോന്നി ഈ കൂട്ടുകൾ എല്ലാം അവസാനിപ്പിച്ച് പ്രണയം എന്നത് മനുഷ്യന് മനുഷ്യനിലേക്ക് എന്നാക്കി മാറ്റണമെന്ന്.... എല്ലാവരെയും പോലെ ചിന്തിച്ചുതുടങ്ങണമെന്ന്... അപ്പോഴും ദേവനുമായി വേർപിരിയുന്നതോർത്ത് ഞാൻ വല്ലാതെ വേദനിച്ചിരുന്നു....എ ങ്കിലും ശക്തമായി എല്ലാത്തിൽ നിന്നും അകലണമെന്ന് ആഗ്രഹിച്ചു... അരുവിയിലേക്ക് പോവാതായതും മീനുകളെ കാണാതിരുന്നതും കാവിലെ കരിനാഗത്തെ കണ്ണുകൾകൊണ്ട് തിരയാതിരുന്നതും അതുകൊണ്ടാണ്.

 

അന്ന് വീട്ടിൽ ഞാൻ തനിച്ചായിരുന്നു. എനിക്കപ്പോൾ ദേവനെക്കുറിച്ചോർമ്മ വന്നു. അറിയാതെ കണ്ണുനിറഞ്ഞു... ദേവൻ ചിലനേരങ്ങളിൽ എല്ലാ അർത്ഥത്തിലും എന്റെ കാമുകനായി മാറാറുണ്ട്... കണ്ണുകൾ അടച്ചുകിടന്നാൽ അത് തിരിച്ചറിയാം... അന്ന്  പറഞ്ഞയച്ചതുകൊണ്ടാവാം എത്രനേരം കണ്ണടച്ചുകിടന്നിട്ടും ദേവന്റെ സാമിപ്യം  എനിക്കറിയാനായില്ല. ഗന്ധമില്ല... കൺപീലികൾകൊണ്ട് കവിളുകളിൽ  മൃദുവായി ചുംബിച്ചിരുന്ന ദേവനെ എനിക്കറിയാൻ ആവുന്നില്ല.

 

പുറത്ത് കരിയിലകൾ കിലുങ്ങുന്ന ശബ്ദംകേട്ട് ഞാൻ കണ്ണുതുറന്നു. ആരാണത്. സംശയത്തോടെ കതകുതുറന്നപ്പോൾ വാതിലിനുനേരെ രണ്ടുസർപ്പങ്ങൾ ചുറ്റിപിടിച്ച് എഴുന്നേറ്റുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്... അതിലൊന്ന് കറുത്ത സർപ്പമായിരുന്നു. ഒരുവാലറ്റം തറയിൽ കുത്തി എന്നെക്കാൾ ഉയരത്തിൽ പാമ്പുകൾ ചുറ്റിവരിഞ്ഞ് ഒടുവിൽ തറയിലേക്ക് ഉരുണ്ടുവീണു.

 

ഭയത്തോടെ വാതിൽ വലിച്ചടച്ച് മുറിയിലേക്കോടി വിങ്ങിവിങ്ങി കരഞ്ഞു. എന്തിനാണ് ഞാനങ്ങനെ കരഞ്ഞത്. എനിക്കറിഞ്ഞുകൂടാ.. പക്ഷേ ഞാനപ്പോൾ തീർത്തുമൊരു സ്ത്രീയായി പ്രണയത്തെ നഷ്ടമായ കാമുകിയുടെ വികാരത്തോടെ നെഞ്ചുപൊട്ടി കരയുന്നുണ്ടായിരുന്നു. 

 

കരിയിലകളുടെ ശബ്ദം അവസാനിച്ചു. എന്നിട്ടും ഞാനന്ന് ഉമ്മറത്തേക്കിറങ്ങിയതേ ഇല്ല. പിറ്റേന്നു പ്രഭാതത്തിൽ ഉറക്കമുണർന്ന് കതകുതുറന്ന് ഉമ്മറത്തിറങ്ങുമ്പോൾ തൊട്ടുനേരെ കാണുന്ന തെങ്ങിലെ രൂപം കണ്ട് ഞാൻ ഭയന്നുപോയി. അമ്മയെ ഉറക്കെവിളിച്ച് ആ കാഴ്ച കാണിച്ചു. കുഞ്ഞയും മാമ്മനും മാമ്മിയും എല്ലാവരും ആ അത്ഭുതം കാണാൻ ഓടിയെത്തി.... തെങ്ങിൽ അതുവരെ ഇല്ലാതിരുന്ന സർപ്പത്തിന്റെ വലിയ രൂപം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

 

എനിക്ക് പേടിതോന്നി തലേദിവസം വീടിനുമ്മറത്തുനടന്ന ഒന്നിനേക്കുറിച്ചും ഞാൻ ആരോടും പറഞ്ഞില്ല... കരിനാഗത്തെ തേടി ഞാൻ കാവിലേക്കോടി... വിളക്കുകൾക്കിടയിലും പ്രതിഷ്ഠകൾക്ക് പിറകിലും കരിയിലകൾക്കടിയിലും കരിനാഗത്തെ അന്വേഷിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു....

 

പിന്നീടിന്നുവരെ കരിനാഗത്തെ കണ്ടിട്ടില്ല... തോട്ടിലെ മീനുകൾക്ക് ചുംബിക്കുവാനായി നിന്നുകൊടുത്തിട്ടില്ല. അന്ന് എന്നിലെ കാമുകിയെ ഞാനവിടെ ഉപേക്ഷിച്ചതാവാം....

 

പക്ഷേ ഇന്നും വീട്ടിലേക്ക് പോകുമ്പോൾ അറിയാതെ ഞാൻ ആ തെങ്ങിലേക്ക് നോക്കാറുണ്ട്... കരിനാഗം തെങ്ങിൽ ചുറ്റിചുറ്റി മുകളിലേക്കിഴയും പോലൊരു തോന്നൽ ഉണ്ടാവാറുണ്ട്....

 

അങ്ങനെ തറവാട്ടിൽ ഞാനുമായി മാത്രം ബന്ധപ്പെട്ടുകിടക്കുന്ന ചില രഹസ്യങ്ങൾ ഇനിയുമുണ്ട്....

 

എന്റെ കല്ല്യാണമാവട്ടെ തറവാട്ടിലെ ഒരു പെൺസന്തതിയുടെ മാറാരോഗമാവട്ടെ തറവാട്ടിലെ മരണങ്ങളാവട്ടെ അതിന്റെ പിന്നിലെ കാരണങ്ങളാവട്ടെ ഓരോന്നും ഞാൻ എത്രയോ മുമ്പെ സ്വപ്നം കണ്ടിരുന്നു. അതേകുറിച്ച് സൂചനനൽകുമ്പോഴൊക്കെ അമ്മ  എന്നെ ശകാരിച്ചിരുന്നു. വരാനിരിക്കുന്ന അനർഥങ്ങൾ സംസാരിക്കുന്നതുകൊണ്ട് മറ്റുള്ളവർ എന്നെ വെറുക്കുമോ എന്ന് അമ്മ ഭയന്നിരുന്നു...

 

ഓരോ സ്വപ്നം അവസാനിക്കുമ്പോഴും കാവിലേക്കിഴഞ്ഞുപോകുന്ന കരിനാഗത്തെ കണ്ടിരുന്നു.... അതൊരു വല്ലാത്ത ഭയംകലർന്ന നോവാണ്.

 

വിവാഹശേഷം എന്നെ ഉപേക്ഷിച്ചുപോയ നാളുകളിൽ ഒരുദിവസം അദ്ദേഹം അതേ കരിനാഗത്തെ ദുഃസ്വപ്നം കണ്ട് ഭയന്ന് എന്റെ വിളികേട്ട് എന്നവണ്ണം അടുത്തേക്ക് ഓടിവന്ന് ഒന്നുറങ്ങണമെന്നു പറഞ്ഞ് മടിയിലേക്ക് ചാഞ്ഞ രാത്രിയെ ഒരിക്കലും മറക്കാനാവില്ല.

 

അന്ന് ഞാൻ കട്ടിലിൽ നിന്ന് കാല് തറയിൽ തൊടുമ്പോൾ പാദങ്ങളെ തലോടി ജലം ഒഴുകുന്നതായും മീനുകൾ ചുംബിക്കുന്നതായും തോന്നിയിരുന്നു. വിവാഹശേഷം അന്നാദ്യമായി വീണ്ടും എനിക്കങ്ങനെയൊരു ഫീലുണ്ടായി... ഒരുപെണ്ണിൽ മാത്രമുണ്ടാവുന്ന പ്രണയമോ കാമമോ എന്ന് തിരിച്ചറിയാനാവാത്ത ഒന്ന്.... കാവിൽ നിന്നുമുള്ള ഭസ്മത്തിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധം അപ്പോൾ മുറിയാകെ നിറയുകയും അരണ്ട വെളിച്ചത്തിലേക്ക് കണ്ണുകളോടിച്ചപ്പോൾ കാവിലെ മണികളുടെ തിളക്കത്തെയും വള്ളികൾ പടർന്നുകിടക്കുന്ന വൃക്ഷങ്ങളെയും ഒരു മിന്നായംപോലെ കാണുന്നുണ്ടായിരുന്നു.. അന്നാണ് എനിക്ക് മനസിലായത് ഹൃദയംകൊണ്ട് ലോകത്തിന്റെ ഏതറ്റം വരെയും മനുഷ്യന് ചെന്നെത്താമെന്നും അവിടെ നമ്മൾ എത്തിയിരുന്നു എന്നതിന് ഒരടയാളം കോറിയിട്ട് തിരിച്ച് വരാമെന്നും...

 

എല്ലാത്തിനും അപ്പുറം മറ്റൊരു സത്യമുണ്ട്.... ഭക്തിയും പ്രണയവും കാമവും ഇവ മൂന്നും മനുഷ്യന് ഇനിയും  വായിച്ചെടുക്കാനാവാത്ത ഒന്നായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.

 

Content Summary: Bhakthi prenayam kamam, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com