തീവണ്ടി (കഥ)
കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴാണ് അവൾ പറഞ്ഞത്.
‘‘മനുഷ്യേനെ... എന്റെ നെഞ്ചിന് കീഴെ ഏതാണ്ടും ഉരുണ്ടു പെരണ്ട് വരുന്നുണ്ട് കേട്ടാ... മൊഴയാന്ന് തോന്നുന്നു.’’
‘‘അയ്യോന്റേടീ കാൻസറാണ് എന്നാണോഡീയേ മോളി നീ പറഞ്ഞു വെരുന്നത്.’’
അവളുടെ മുഖം മങ്ങി. നനഞ്ഞ മുടി തുവർത്തു കൊണ്ട് പിറകിൽ കെട്ടി ഇടുപ്പിൽ രണ്ടു കൈയും കുത്തിയേച്ച് അവളെന്നെ ഒരു നോട്ടം.
‘‘നിങ്ങക്ക് ഞാനെന്നാ പറഞ്ഞാലും തമാശയാ... എത്ര ദെവസമായി ഞാനിത് പറയുന്നു. നിങ്ങക്ക് പണിയൊഴിഞ്ഞു നേരമില്ല... ആശൂത്രിയിൽ പോകാൻ.’’
‘‘നാളെനമ്മക്കാ ഗിരി ഡോട്ടറെ പോയൊന്ന് കാണാം. നീ വെഷമിക്കാതിരി...’’
അവൾ കഞ്ഞി വിളമ്പി. പിഞ്ഞാണത്തിലേയ്ക്ക് കുപ്പിയിൽ നിന്നും അച്ചാറ് സ്പൂണു കൊണ്ട് കോരിയിട്ടു. ഉണക്കചെമ്മീൻ വറുത്തു പൊടിച്ച ചമ്മന്തിയും കൂടെയിട്ടു. പൊറത്ത് തുലാ മഴ പെയ്യുവാണ്. ഈയാണ്ടിൽ നല്ല മഴയാണ്. കഴിഞ്ഞ ആണ്ടിലെ വെള്ളപൊക്കത്തിൽ വീട് മുഴുവനും വെള്ളം കേറിയായിരുന്നു. എന്തോ ഭാഗ്യത്തിന് ഈ പ്രാവശ്യം വെള്ളപ്പൊക്കം വലുതായി ഉണ്ടായില്ല. മോളി പറഞ്ഞതു പോലെ മലയാറ്റൂർ മുത്തപ്പന് നേർച്ച നേർന്നോണ്ടാവും.
എനിക്കും മോളിക്കും രണ്ടു പെൺമക്കളായിരുന്നു. കേട്ടോ
രണ്ടു പേരും അങ്ങ് പുറംനാട്ടിലാണ്. ഹാ...അവര് പോയി ജീവിക്കട്ടന്നേ... എനിക്ക് നോക്കി നടത്താൻ ഇച്ചിരി പറമ്പൊണ്ട്, രണ്ടാടുണ്ട് നാലുമൊയലുണ്ട്, ഒരു പശുവൊണ്ട്. അവറ്റകൾ ചാച്ചായി, അമ്മച്ചി എന്നൊക്കെയാ നമ്മളെ വിളിക്കുന്നതെന്ന് മോളി പറയും. അവള് ചെലപ്പോ ആ കറിയാപ്പിന്റെ ചോട്ടിൽ നിന്നും അതിനോട് വർത്താനം പറയുന്നത് കേൾക്കാം.
‘‘എന്റേടീ പെണ്ണേ... ആ സരസു നിന്നെ കട്ടു പറിച്ചോണ്ട് പോയ ലക്ഷണം ആണല്ലോ... അമ്മിച്ചീടെ പെണ്ണിങ്ങനെ വെഷമിക്കാതെ... ഒന്നിങ്ങ് ഉഷാറായി വന്നേ...’’
‘‘എടീ ഇരുമ്പൻപുളിക്കാരി, നീ കഴിഞ്ഞയാണ്ടിൽ കായ്ച്ചത് പോലെ ഈയാണ്ടിൽ കായ്ച്ചില്ല കേട്ടോ... ഞാൻ നെന്റെ ചോട്ടിൽ ഈ കണ്ടതൊക്കെ ഇട്ടേച്ചും നെനക്കെന്നാ പെണ്ണേ കായ്ച്ചാൽ...’’
മോളി അങ്ങനാ... അവൾ മിണ്ടാത്തതായി ഈ ലോകത്ത് ഒരു മനുഷ്യൻമാരുമില്ല.
അന്ന് വൈകുന്നേരം ലണ്ടനിൽ നഴ്സായ മകള് വിളിച്ചിട്ടും അമ്മച്ചിയെ അത്യാവശമായി ആശൂത്രിൽ കൊണ്ടോവണം എന്ന് പറഞ്ഞു കേട്ടോ. അവളുടെ കൂട്ടുകാരത്തി ജോലി ചെയ്യുന്ന ഒരാശുപത്രീടെ പേരും പറഞ്ഞു.
കർത്താവാണേ മോളിയെയും കൊണ്ടാശ്രൂത്രിയിൽ പോവുമ്പോഴും അവക്കടെ തോന്നലാ എന്നാ കരുതിയേ. അവക്ക് ഇങ്ങനെ ഇടയ്ക്കിടെ ഓരോന്ന് തോന്നാറുണ്ട് താനും. എന്നാലും ഞാൻ കളിയാക്കിയതു പോലെ അവക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ മാതാവാണേ... ഞാൻ ഞെട്ടിപ്പോയി. പക്ഷേ വെഷമിച്ചിരിക്കാൻ പറ്റുവോ
എന്റെ മോളി, അവളങ്ങ് തകർന്നു പോയെന്ന് പറഞ്ഞാ മതി. എന്റെ മുഖം വാടിയാൽ അവളുടനെ കരയും. അവക്ക് അപ്പടീം സങ്കടാണ്. അവളങ്ങ് പോയാൽ ഞാനൊറ്റയായി പോവുമത്രെ.
ഞാനാ ഭാഗമേ ചിന്തിക്കുന്നില്ല. എന്നാന്നറിയാമോ ഒരു ശൂന്യതയാണ് നെഞ്ചിനകത്ത് അന്നേരം...
ഓപ്പറേഷൻ കഴിഞ്ഞു പുറത്തെറങ്ങി വന്ന് എന്നെ കണ്ടപ്പോൾ നിറകണ്ണുകളോടെ അവളൊരു പറച്ചിൽ.
‘‘മനുഷ്യേനെ എന്റെ പാപ്പം ഒക്കെ ചെത്തി കണ്ടിച്ചെടുത്തു കേട്ടോ.’’
സത്യാവായിട്ടും എന്റെ കണ്ണങ്ങ് നെറഞ്ഞു വന്നതാ... അവളെ വെഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി അങ്ങ് ചിരിച്ചു.
ഉള്ളത് പറഞ്ഞാൽ മോളി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്ന് ഞാൻ കരുതിയതേയല്ല. എത്ര പ്രാവശ്യം അവളാ ഓക്സിജൻ വരണ കുന്ത്രാണ്ടം എടുത്തു മൊഖത്ത് വച്ചു. എനിക്ക് അറിയാമേല... ഞാനെരിഞ്ഞു തീരുവായിരുന്നു.
മരുന്നും മന്ത്രോമായി ജീവിതം പിന്നെയും മുമ്പോട്ട് പോയപ്പോൾ ജീവിതത്തിലെ സായന്തനകാലം അടുക്കറായി എന്നൊരു തോന്നൽ. പത്തു മുപ്പത്തഞ്ചു വർഷം എന്റെ കൂടെ ജീവിച്ച അവളോട് ഞാനങ്ങനെയാ ചോദ്യം ചോദിച്ചു.
‘‘എടീയെ മോളീ...നിനക്ക് വല്ല പൂതിം ഉണ്ടോടീയേ...’’
മോളി ആശൂത്രിലായപ്പോൾ വീട്ടിലെ മൃഗങ്ങളെ ഒക്കെ വിറ്റു. പഴയത് പോലെ അവക്ക് ആരോടും മിണ്ടാൻ തോന്നുന്നില്ലാത്രെ.
ഇരുമ്പൻപുളിമരത്തിൽ പിടിച്ച് നിന്ന്, തോളൊപ്പം വളർന്ന മുടിയുമായി നിന്ന് അവളൊരു ചിരി.
‘‘രണ്ടെണ്ണം അടിച്ചേച്ചും ആകാശത്തേയ്ക്ക് നോക്കി കെടന്ന് നാലു തെറി പറയണം.’’
‘‘പിന്നെ...’’
‘‘പിന്നെന്നാ പെട്ടിലടക്കുമ്പോ, കൂടെ നിങ്ങളും പോന്നോണം.’’
‘‘പിന്നെ...’’
‘‘മനുഷ്യനേ... പച്ചപുൽമേട്... ആകാശത്ത് പാറുന്ന ബലൂൺ...’’
‘‘പിന്നെ....’’
‘‘അന്നത്തെ പോലെ... നിങ്ങള്, പള്ളി പെരുന്നാളിന് വന്നപ്പോൾ ആരും കാണാതെ കവിളൊത്തൊരുമ്മ തന്നില്ലേ... അതു പോലെ... ഒന്ന്...’’
മോളിക്കുട്ടിയുടെ മുഖത്ത് നാണം.
മനുഷ്യൻമാരേ ഞങ്ങളിപ്പോ ഏതോ തീവണ്ടിയിൽ ഇരിക്കുവാണ്. സ്റ്റോപ്പെത്തുമ്പോൾ ഇറങ്ങിയാൽ മതീലോ...
Content Summary: Theevandi, Malayalam short story