ADVERTISEMENT

ലോകം കൈകൾക്കുള്ളിൽ (കഥ)

 

ഉന്തും തള്ളും കഴിഞ്ഞ് ഒരു തരത്തിൽ ട്രെയിനിൽ കയറി പറ്റി. അടുത്തത് സൈഡ് സീറ്റ് ലക്ഷ്യമാക്കിയുള്ള അന്വേഷണമായി. ഒടുവിൽ അതും കിട്ടി. എപ്പോൾ യാത്ര ചെയ്യേണ്ടി വന്നാലും സൈഡ്‌ സീറ്റിലിരിക്കാനാണിഷ്ടം. അതിനു കാരണം നശ്വരമായ ഈ ലോകത്തിന്റെ കാഴ്ച്ചകൾ തന്നെയാണ്. ട്രെയിൻ മുമ്പോട്ടു നീങ്ങി തുടങ്ങി. ആളുകൾ അവരവരുടെ സീറ്റ് കണ്ടെത്താൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുവാണ്. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും എല്ലാം ശാന്തമായി. എല്ലാവരും അവരവരുടെ സീറ്റിൽ ഒതുങ്ങി കൂടി. വെളിയിൽ നിന്നു തണുത്ത കാറ്റ് കുളിരു കോരിച്ചു കൊണ്ട് ജനാലയിലൂടെ ഇരച്ചു കയറി. ശരീരത്തിനേയും മനസ്സിനേയും ഒരു പോലെ കുളിരണിയിക്കുന്ന ഈ കാറ്റ് ഇന്നോ ഇന്നലെയോ അല്ല കൊള്ളാൻ തുടങ്ങിയത്. ജോലി കിട്ടിയ കാലം മുതലേ സുപരിചിതമാണ് ഈ കാറ്റും യാത്രകളും. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് തരുന്നത്. പിന്നിലോട്ടു പോകുന്ന ഓരോ ദൃശ്യങ്ങളിലും ജീവിതത്തിന്റ തുടിപ്പുകൾ കാണാം. വയലുകളും തൊടികളും ചെറുതും വലുതുമായ വീടുകളും ബഹുനിലക്കെട്ടിടങ്ങളും എല്ലാം ആ ജീവിതത്തിന്റെ ഓരോ ഏടുകൾ മാത്രം 

 

ട്രെയിൻ അതിവേഗം ഓടിത്തുടങ്ങി. കായലിന്റെ മുകളിലൂടെ പോകുമ്പോൾ അങ്ങകലെ കണ്ടൽക്കാടുകൾ വളർന്നു നിൽക്കുന്നതു കാണാം. ആദ്യമായി കണ്ടൽക്കാടുകൾ കണ്ടപ്പോൾ കൗതുകത്തോടെ നോക്കി നിന്ന ഒരു കാലമുണ്ടായിരുന്നു . ആ കൗതുകം തന്നെയായിരുന്നു ആറ്റുവഞ്ചി ആദ്യമായി കണ്ടപ്പോഴും തോന്നിയത്. അതുവരെ കഥകളിലും കവിതകളിലും മാത്രമാണ് അന്ന് ആറ്റുവഞ്ചിയെക്കുറിച്ചു കേട്ടിട്ടുള്ളത്. അച്ഛന്റെ കൂടെയുള്ള യാത്രയായിരുന്നു അന്നധികവും. ഓരോ സ്ഥലങ്ങളിലെ പ്രാധാന്യവും ഓരോ സ്റ്റേഷനും അന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്. ഷൊർണ്ണൂർ സ്റ്റേഷൻ എത്തിയപ്പോൾ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണിത് എന്നു പറഞ്ഞു തന്നതും ഓർക്കുന്നു. ഇപ്പോൾ ട്രെയിൻ ഷൊർണ്ണൂരും കഴിഞ്ഞിരിക്കുന്നു. ഇന്നു ജീവിതത്തിന്റെ ഭാഗമായ യാത്രയിൽ ആ അറിവുകളിലും കാഴ്ചകളിലും മാറ്റം വന്നു കഴിഞ്ഞു. നന്മ നിറഞ്ഞ പഴയ കാലത്തിന്റെ ഓർമ്മകളും ചിന്തകളുമായി സമയം മുമ്പോട്ടു പോയിക്കൊണ്ടിരുന്നു.

 

പെട്ടെന്നാണ് കണ്ണ് എവിടെയോ ഒന്നു ഉടക്കിയത്. ഓർമ്മകളെ തൽക്കാലം മാറ്റി നിർത്തി. ആളും അലങ്കാരങ്ങളുമെല്ലാമുള്ള ആ ക്ഷേത്രം പെട്ടെന്നു തന്നെ വിദൂരതയിലേക്ക് മാഞ്ഞു. ഒന്നേ കണ്ടുവെങ്കിലും അവിടെ ഉത്സവമാണന്ന് മനസ്സിലായി. ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ കുളിരമ്പിളി വളയങ്ങൾ തോരണമായി ....... എന്ന ഗാനമാണ് മനസ്സിലോട്ട് അപ്പോൾ ഓടി വന്നത്. പച്ച വിരിച്ചു കിടക്കുന്ന പാടത്തിനു നടുവിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്യുമ്പോൾ മനസ്സിനൊരു ശാന്തതയാണ്. കണ്ണിനും മനസ്സിനും കുളിർമയും ആനന്ദവും തരുന്ന കാഴ്ചകളിലൊന്നാണ്. കാഴ്ചകൾ ഇങ്ങനെ ഓരോന്നായി പിറകോട്ട് പോയിക്കൊണ്ടിരുന്നു. കുറച്ചു കൂടി കഴിഞ്ഞാൽ ഇറങ്ങാനുള്ള സ്റ്റേഷനാകും. പുറത്തെ കാഴ്ച ആസ്വദിച്ചിരുന്ന ഞാൻ വെറുതെ അകത്തോട്ടു ഒന്നു നോക്കി. ഒട്ടുമിക്കപ്പേരും തലകുമ്പിട്ടിരിപ്പാണ്. കൈയ്യിൽ തൂക്കാനുളള സ്ലേറ്റുമുണ്ട്. മിക്കവാറുമുള്ള കാഴ്ച്ചയാണിത്. അതുകൊണ്ട് വലിയ അദ്ഭുതമൊന്നും തോന്നിയില്ല. ലോകം കൈകൾക്കുള്ളിലൂടെ മറിയുമ്പോൾ പുറത്തെ കാഴ്ച്ചയൊന്നും ഒന്നുമല്ല. അത്രവേഗം സ്മാർട്ടായി ആ സ്ലേറ്റ് നമ്മളെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നല്ല പദവിയുളള പേരും വന്നു. സ്മാർട്ട് ഫോൺ, ഞാനും അതിലൊന്നു സ്വന്തമാക്കിയിട്ടുണ്ട്. അല്പനേരം കഴിഞ്ഞപ്പോൾ ചായേ ചായേ എന്നുള്ള വിളി കേട്ടതും എല്ലാവരും തലയൊന്നു പൊക്കി. എല്ലാവരും ഫോണിനകത്തു നിന്നുണർന്നു. ചായ കുടിക്കു ശേഷം വീണ്ടും എല്ലാവരും പഴയപടിയായി. ഡിജിറ്റൽ യുഗത്തിലെ യാത്രക്കാരാണ് നമ്മളെല്ലാവരും. ട്രെയിൻ അതിവേഗം മുമ്പോട്ടു പോവുകയാണ്. അതിന്റെ വേഗതയും ഏതോ ഒരു ലക്ഷ്യത്തേക്ക് എത്താനുളള തത്രപ്പാടിലാണന്നു തോന്നും.  

 

ഇറങ്ങാനുള്ള സ്റ്റോപ്പ് ആകാറായി. പയ്യെ സീറ്റിൽ നിന്നു എണീറ്റു നടവഴിയുടെ മധ്യത്തിലായി നിന്നു. അപ്പോഴാണ് വാതിൽക്കൽ കുറച്ചു ചെറുപ്പക്കാർ നില്ക്കുന്നതു കണ്ടത്. അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. കളിതമാശ പറച്ചിലും സെൽഫിയെടുക്കുന്നതിന്റെയും ആഹ്ലാദത്തിലാണവർ. ഒന്നൂടെ ശ്രദ്ധിച്ചപ്പോഴാണ്‌ അവരിലൊരാൾ വ്ളോഗ് ചെയ്യുകയാണെന്ന് മനസ്സിലായത്. യാത്രയിലെ രസകരമായ നിമിഷങ്ങളായിരിക്കാം അവർ ഷൂട്ട് ചെയ്യുന്നത് എന്ന് എനിക്ക് തോന്നി. യാത്രക്കാരിൽ ചിലർ അവരുടെ ഈ പരിപാടികളൊക്കെ കണ്ട് ആസ്വദിക്കുന്നുമുണ്ട് ചിലർ മുറുമുറുക്കുന്നുമുണ്ട്. ഇതിനിടയിൽ പെട്ടെന്നാണ് ഭയങ്കര ശബ്ദത്തിൽ അവരുടെ അലറി വിളി കേട്ടത്. എന്തോ സംഭവിച്ചു. ഞാനുൾപ്പെടെ എല്ലാവരും അവരുടെ അടുത്തെത്തി. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി ട്രെയിനിൽ നിന്ന് വീണു. ട്രെയിനിന്റെ അതിവേഗതയിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. യാത്രക്കാർ എല്ലാവരും കൂടി മറ്റു കുട്ടികളെ അവിടെ നിന്നു പിടിച്ചു മാറ്റി സീറ്റിലിരുത്തി. അലമുറയിട്ട കരച്ചിലും ബഹളവുമായി കുറച്ചുനേരം അവിടെയാകെ കലുഷിതമായി. വണ്ടിയുടെ വേഗത കുറഞ്ഞു. ആരോ അപായച്ചങ്ങല വലിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തു നിന്നും കുറച്ചു മാറിയാണ് ട്രെയിൻ നിന്നത്. എല്ലാവരും പിറകോട്ട് ഓടി. കൂടെ ഞാനും. ഒന്നേ നോക്കിയുള്ളൂ. കണ്ണിൽ ഇരുട്ടുകയറുന്നതു പോലെ തോന്നി. രക്തത്തിൽ വാർന്നു കിടക്കുന്ന ആ കുട്ടിയെ കണ്ട് ഹൃദയം നീറാൻ തുടങ്ങി. മനസ്സിൽ ചിന്നുവിന്റെ മുഖമാണ് ഓർമ്മ വന്നത്. അങ്ങനെ കുറേ സമയം എങ്ങനെയോ പോയി. റെയിൽവേ ലൈനിനടുത്തുള്ള റോഡിൽ ആംബുലൻസ് വന്നു നിന്നു. എല്ലാവരും കൂടി കുട്ടിയെ കയറ്റി. കൂടെ മറ്റു കൂട്ടുകാരും.

 

സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം പെട്ടെന്ന് വേദനയുടെ കടലായി. എല്ലാവരും ട്രെയിനിൽ കയറി. ട്രെയിൻ സാവകാശം നീങ്ങിത്തുടങ്ങി. അധികം താമസിയാതെ ട്രെയിൻ സ്റ്റേഷനിലെത്തി. തിക്കിലും തിരക്കിലൂടെയും നടന്ന് വേഗം സ്റ്റേഷനു പുറത്തെത്തി. സമയം കടന്നു പോയതു കൊണ്ട് ഓട്ടോ വിളിച്ച് ഓഫീസിൽ എത്തി. എത്രയും പെട്ടെന്ന് തന്റെ സീറ്റിലെത്താനുള്ള വെപ്രാളമായിരുന്നു എനിക്ക്. അതിന്റെയിടയിൽ ആരൊക്കെയോ വൈകി വന്നതിന്റെ കാരണം തിരക്കി. അവരോടെല്ലാം ട്രെയിൻ ലെയ്റ്റ് എന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

 

സീറ്റിൽ വന്നിരുന്നതിനു ശേഷം ആദ്യമേ തിരഞ്ഞത് ബ്രേക്കിംഗ് ന്യൂസാണ്. ഭാഗ്യം ഒന്നു സംഭവിച്ചിട്ടില്ല. ഒരു ദീർഘശ്വാസത്തോടെ ഞാൻ എന്റെ ജോലിയിൽ വ്യാപൃതനായി. അല്പ സമയം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നു കോൾ വന്നു. സ്ഥലത്തെത്തിക്കഴിഞ്ഞാൽ ഒന്നു വിളിക്കുന്ന ശീലം ഉണ്ടായിരുന്നു. പതിവ് സമയം കഴിഞ്ഞിട്ടും എന്റെ കോൾ കണാത്തതിന് അന്വേഷിച്ച് വിളിച്ചതാണ്. അവിടെയും കൂടുതലൊന്നും പറഞ്ഞില്ല. ട്രെയിൻ ലെയ്റ്റായിരുന്നു എന്ന മറുപടി മാത്രം. ഫോൺ കട്ടായതിനു ശേഷം ഞാനും ഫോണിൽ ഒന്നു തൂക്കാൻ തുടങ്ങി. വാർത്തകളുടെ അപ്ഡേറ്റ് ഓരോന്നായി വന്നു തുടങ്ങി. അധികം താമസിയാതെ മനസ്സിൽ തീ കോരിയിട്ടുകൊണ്ട് ആ വാർത്തയും വന്നു. ട്രെയിനിൽ നിന്നു വ്ളോഗർ വീണു മരിച്ചു. ബാക്കി താഴോട്ട്‌ വായിക്കാൻ മനസ്സ്‌ അനുവദിച്ചില്ല. ഫോൺ അടച്ചു ടേബിളിൽ വെച്ചു. കുറച്ചു നിമിഷങ്ങൾ മാത്രമേ ഞാൻ അവളെ കണ്ടുള്ളൂ. എങ്കിലും അവൾ എന്റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു. ചിന്നുവിന്റെ മുഖം വീണ്ടും വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു. . അവളും കംപാർട്ട്മെന്റിന്റെ വാതിൽക്കൽ എങ്ങാനും പോയി നില്ക്കുവാണോ. ഫോണെടുത്തു കോള് ചെയ്യാനൊരുങ്ങി. വേണ്ട അവൾ സ്വസ്ഥമായി യാത്ര ചെയ്യട്ടെ. ഞങ്ങൾ ഒരുമിച്ചാണ് ട്രെയിനിന് പോകാൻ ഇറങ്ങിയത്. ചിന്നുവിനെ മംഗലാപുരത്തേക്കുള്ള ട്രെയിനിൽ കയറ്റി വിട്ടതിനു ശേഷമാണ് എന്റെ ട്രെയിൻ വന്നത്. ഒരു നിമിഷം ഞാൻ കണ്ണുകളടച്ച് മനമുരുകി സകല ദൈവങ്ങളേയും വിളിച്ചു പ്രാർഥിച്ചു. എന്റെ കുഞ്ഞിനെ രക്ഷിച്ചു കൊള്ളണേ. അപകടം നേരിട്ടു കണ്ട ഏതൊരച്‌ഛന്റെയും നെഞ്ച് പിടയുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. ഒന്നും ഓർക്കാൻ വയ്യ. ഇനി ആ വാർത്തയുടെ കോളം ചെയ്യേണ്ടി വന്നാൽ ആലോചിച്ചു നിൽക്കാനും പറ്റില്ല. അത് ജോലിയുടെ സ്വഭാവമാണ്. ചെയ്തേ തീരൂ. മാത്രമല്ല ഇന്നത്തെ നൈറ്റ് ഷിഫ്റ്റിൽ ആളു കുറവുമാണ്. ജോലിയോടുള്ള ഉത്തരവാദിത്വം കാണിക്കാതിരിക്കാൻ പറ്റില്ല. എല്ലാ വൈകാരിതകളേയും അതിജീവിച്ച് മുമ്പോട്ടു പോവണം. അത് ജോലിയോടു കാണിക്കേണ്ട ആത്മാർഥതയാണ്.

 

ഫോണെടുത്തു യൂട്യൂബ് ഒന്നു നോക്കി. അപകട വാർത്തയെ കുറിച്ച് പലരുടേയും പല രീതിയിലുള്ള വ്ളോഗുകളും വന്നു തുടങ്ങി. ചുരുങ്ങിയ നിമിഷം കൊണ്ട് ആ വാർത്ത വൈറലാവുകയും ചെയ്തു.

 

ലോകത്തെ പരിചയപ്പെടുത്താൻ ഇറങ്ങിയവൾ ഇന്ന് ലോകം അറിയപ്പെടുന്നവളായി. ലോകം കൈക്കുള്ളിൽ കൊണ്ടു നടക്കുന്ന മനുഷ്യൻ ഇതിൽ തെറ്റുകാരനല്ല. മറിച്ച്‌ അത് വിധിയുടെ തെറ്റാണ്. അതാണ് ലോകം.  

 

Content Summary: Lokam kaikullil, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com