ADVERTISEMENT

വർഷം 2050. സിഡിഎഫ് (സെൻട്രൽ ഡെമോക്രാറ്റിക് ഫ്രണ്ട്) കേരളം ഭരിക്കുന്നു. ഭരണപക്ഷത്തെ പ്രധാന പാർട്ടി സെവന്റി തേർട്ടിയാണ്. ഈ പാർട്ടിയിൽ 70% ബംഗാളികളും 30% മലയാളികളും അസം ഒഴികെയുള്ള മറ്റു സംസ്ഥാനക്കാരും. 

സിഡിഎഫിലെ മറ്റൊരു പ്രധാന ഘടകകക്ഷി അസം കേരള പീപ്പിൾസ് പാർട്ടിയാണ്. 

സെ.തേയുടെ നേതാവ് ബഹുമാന്യനായ അസന്തോഷ് ഭട്ടാചാര്യയെന്ന ബംഗാളിയാണു മുഖ്യമന്ത്രി. ഗൗരവക്കാരനായ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തിനു സ്ഥാനമില്ല. ആഭ്യന്തരം അതേ പാർട്ടിയിലെ അവിവേക് ബാനർജിയും വിദ്യാഭ്യാസം അതധി ചക്രവർത്തിയും കെവശം വച്ചിരിക്കുന്നു. 

 

പൊതുമരാമത്ത്, റവന്യൂ, ആരോഗ്യം എന്നിവ അസംകാരായ മന്ത്രിമാർക്കാണ് നൽകിയിരിക്കുന്നത്. ധനകാര്യവും ഗതാഗതവും, കാര്യമായി വല്ലതും തടയാൻ വകുപ്പില്ലാത്ത ചില വകുപ്പുകളും സിഡിഎഫിലെ മലയാളികൾക്കും. ധനമന്ത്രിയായി ബുദ്ധിയും വിവരവുമുള്ള മലയാളി തന്നെ വേണമെന്ന് സിഎമ്മിനു നിർബന്ധമായിരുന്നു. കടംവാങ്ങലിൽ ഓക്സ്ഫഡിൽനിന്നു ഡോക്ടറേറ്റെടുത്ത ഡോ. ഔസേപ്പ് മുറ്റത്തായിരുന്നു ധനമന്ത്രി.

 

ഇപ്പോഴത്തെ എൽഡിഎഫും യുഡിഎഫും പ്രതിപക്ഷത്താണ്. അഖിലേന്ത്യാ തലത്തിൽ സിപിഎമ്മും കോൺഗ്രസും ഒരേ മുന്നണിയിലാണെങ്കിലും കേരളത്തിൽ അത് സാധ്യമല്ലായിരുന്നു. കെ റെയിലിന്റെ പണി 2023 ൽ തിരുവനന്തപുരത്തുനിന്നു തുടങ്ങിയത് വർക്കല വരെ എത്തി നിൽക്കുന്ന പശ്ചാത്തലത്തിലാണ്  ഇനി പറയുന്ന കഥ തുടങ്ങുന്നത്.

 

2050 ഡിസംബറിലെ തണുപ്പുള്ള പാതിരാത്രി. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് പറയുന്ന കുറെ സായിപ്പന്മാർ ഹെലികോപ്റ്ററിൽ വർക്കല കടപ്പുറത്തിനടുത്തുള്ള ഒരു മൈതാനത്തിറങ്ങി. ഹെലികോപ്റ്ററിൽ എ റെയിൽ എന്നെഴുതിയിരുന്നു. ഇതു കണ്ട നൈറ്റ് പൊലീസുകാർ സായിപ്പന്മാരോടു സംസാരിച്ചതിൽനിന്നു മനസ്സിലായത് അവർ അമേരിക്കയിൽനിന്നു വന്നവരാണെന്നാണ്. 

 

ശബ്ദത്തെക്കാൾ പതിന്മടങ്ങു വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന ഒരു റെയിൽവേ ലൈൻ അമേരിക്കയിൽനിന്നു തിരുവനന്തപുരം വരെ ഇടുകയാണ്. ആ സൂപ്പർലൈറ്റ് ട്രെയിനിന് ഒരു സ്റ്റോപ്പു മാത്രം, ദുബായിൽ. പരിപൂർണ ഡിജിറ്റലായതുകൊണ്ടു മുൻകൂട്ടി കടലാസു പണികളൊന്നും വേണ്ടി വന്നില്ല. പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ റെഡി. സായിപ്പു പണ്ടേ റെഡി.

ഇതെന്തിനു സായിപ്പേ എന്ന് നമ്മുടെ പൊലീസ്.

 

കേരളത്തിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേഗത്തിൽ അമേരിക്കയിൽ എത്താൻ വേണ്ടിയാണിതെന്ന് അവർ പറഞ്ഞു. ഇത്തരക്കാരിൽ രോഗപീഡകൾ വർധിച്ചിരിക്കുന്നു. ചികിത്സയ്ക്ക് ഇടയ്ക്കും തലയ്ക്കും അമേരിക്കയിലേക്കു കുതിക്കേണ്ടതുണ്ട്. രാത്രി നേരത്തേ അത്താഴം കഴിച്ച് എ റെയിൽ കേറിയാൽ പുലർച്ചെ സ്ഥലത്തെത്തും.  

 

അപ്പോൾ ആഘാതപഠനത്തിനുള്ള അതിരുകല്ലുകൾ എവിടെ എന്നായി കേരള പൊലീസ്. റെയിലിന്റെ സിഇഒ സായിപ്പ് സംഗതി വിശദീകരിച്ചു. ഈ റെയിൽ ആകാശത്തുകൂടിയാണ്. സാറ്റലൈറ്റിൽ കൂടി ആഘാതം പഠിച്ചതുകൊണ്ട് പഴയപടിയുള്ള മഞ്ഞക്കുറ്റി വേണ്ട. തന്നെയുമല്ല, ആകാശത്തിനു വേണ്ടത്ര വീതിവിസ്താരമുള്ളതിനാൽ കാര്യമായ സാമൂഹിക ആഘാതമുണ്ടാവാൻ സാധ്യത കുറവ്. പത്തു മണിക്കൂർ കൊണ്ടു തിരുവനന്തപുരത്തുനിന്ന് ട്രെയിൻ അമേരിക്കയിലെത്തും. ഹമ്പട കേമാ എന്നു കേരള പൊലീസ് മനസ്സിൽ വിചാരിച്ചു. ഇപ്പോഴത്തെ വിമാനങ്ങൾക്ക് വേഗം കുറവായതിനാൽ തിരുവനന്തപുരത്തുനിന്ന് അമേരിക്കയിലെത്താൻ ഇരുപതു മണിക്കൂറിലേറെ വേണം. ശബ്ദാതിവേഗമുള്ള ഈ ആകാശ ട്രെയിൻ കേരളത്തിന്റെയും അമേരിക്കയുടെയും സുസ്ഥിരവികസനത്തിന് അത്യാവശ്യമാണെന്നു സായിപ്പന്മാർ പറഞ്ഞു. വരുംതലമുറ രാഷ്ട്രീയക്കാർക്ക് ജലദോഷത്തിനും ചുമയ്ക്കും അമേരിക്കയിൽ അതിവിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത് 2050 ൽ അധികാരത്തിൽ വന്ന കേരള സർക്കാറിന്റെ പ്രഖ്യാപിത വികസന നയമാണെന്ന വിവരം സായിപ്പ് ചികഞ്ഞെടുത്തിരുന്നു. അതുവച്ചാണ് പദ്ധതി വിഭാവനം ചെയ്ത് ഏതു പൊലീസിനും മനസ്സിലാകുംവിധം ഡിപിആർ തയാറാക്കിയത്. 

 

കുറ്റിയിടുമ്പോൾ വേണ്ടിവരുന്ന ക്രമസമാധാനപാലനം വേണ്ടുംവിധം നടത്താൻ അവസരം നഷ്ടപ്പെട്ടതിൽ കേരള പൊലീസ് തെല്ലു ഖിന്നരായി. ഈ ട്രെയിൻ ഇടിച്ച് വിമാനങ്ങൾ തകരില്ലേ എന്നായി അവർ. 

 

തകരുന്ന വിമാനങ്ങൾക്കു പകരം അതിന്റെ ഇരട്ടി വിലയുള്ള വിമാനങ്ങൾ അമേരിക്ക കൊടുക്കും. മരിക്കുന്ന യാത്രക്കാരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുകയുടെ നാലിരട്ടി. അമേരിക്കൻ സർക്കാരിന്റെ മരണ, പെടുമരണ പാക്കേജിൽ അതിനു വ്യവസ്ഥയുണ്ട്. അതു കിട്ടിയ അനുഭവമുള്ള രാജ്യക്കാർ പലരുണ്ട്. അവരൊക്കെ ധാരാളം വിമാനമുള്ള കൂടുതൽ റൂട്ടുകളിൽ എ റെയിലുകൾ സ്ഥാപിക്കൂ, വികസനം കൊണ്ടുവരൂ എന്ന മുറവിളിയുള്ള ബാനറുകളുയർത്തി വിവിധ നാടുകളിലെ സർക്കാർ കെട്ടിടങ്ങൾക്കു മുന്നിൽ സമരത്തിലാണ്. പോരേ? സായിപ്പിന്റെ ചോദ്യം.

 

അടുത്ത ഏരിയയിലുള്ള എല്ലാ പൊലീസും ഒന്നൊഴിയാതെ തിരുവനന്തപുരത്തെത്താൻ അത്യാധുനിക കമ്പിയില്ലാക്കമ്പി വഴി കേരള പൊലീസിനു കോഡ് ഭാഷയിൽ സന്ദേശമെത്തിയതും സായിപ്പിന്റെ കുറിക്കുകൊള്ളുന്ന ചോദ്യവും ഏതാണ്ട് ഒപ്പമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ കിടപ്പു സമരം നടത്തുന്ന പരിഷകൾ ഗേറ്റ് പൊളിച്ച് അകത്തേക്കു കുതിക്കുന്നത്രേ. തിരോന്തരം മുതൽ കാസർകോട് വരെയുള്ള കെ റെയിൽ മേഖലയിൽ നിന്നെത്തിയ കക്ഷികളാണ്. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ജീവിച്ചുവന്ന സ്ഥലം സർക്കാർ ഏറ്റെടുത്തതല്ലാതെ നഷ്ടപരിഹാരവും കിടപ്പാടവും കിട്ടിയിട്ടില്ലെന്നാണു പരാതിപ്പെട്ടിയിൽ. 

അതിന്റെ പേരിൽ നിയമപരമായ മാർഗങ്ങൾ നോക്കാതെ ഭരണസിരാകേന്ദ്രത്തിന്റെ ഗേറ്റ് പൊളിക്കുന്നവന്മാരുടെ മുതുകത്തു ചവിട്ടാൻ കേരള പൊലീസിന്റെ കാൽ മുൻകൂർ തരിച്ചു.

 

വീടു നഷ്ടപ്പെട്ടവരെപ്പറ്റിയുള്ള ഫയൽ സെക്രട്ടറിയേറ്റിൽ കാണാതായതുകൊണ്ടുള്ള കാലതാമസം മാത്രമാണ്, സംഭവം ഒറ്റപ്പെട്ടതാണ് എന്നു മുഖ്യമന്ത്രിയും വകുപ്പു മന്ത്രി ബിശ്വാസ് മൊഹന്തിയും പലകുറി പറഞ്ഞതാണ്. അവറ്റയ്ക്കു തൃപ്തിയില്ല. വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് എന്നു പ്രതിപക്ഷത്തോടും പറഞ്ഞതാണ്. സമ്മതിക്കില്ല. എന്തായാലും എ റെയിൽ അതിന്റെ മുറയ്ക്കു നടക്കട്ടെ സായിപ്പേ എന്നു പൊലീസ് പറഞ്ഞുതീർന്നില്ല, ഇടിവണ്ടി സെക്രട്ടേറിയറ്റിലേക്കു പറപറന്നു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com