ADVERTISEMENT

അയൽക്കാർ (കഥ)

 

അടുത്ത വീട്ടിൽനിന്നു കരച്ചിൽ കേട്ടിട്ടും സരസന് ടിവി കാഴ്ചയുടെ രസം മുറിക്കാൻ തോന്നിയില്ല. ശരിക്കു കേൾക്കത്തക്കവിധം ശബ്ദം കുറച്ചു കൂട്ടിവച്ച് അയാൾ സെറ്റിയിൽ ടിവിക്കരികിലേക്ക് ഇത്തിരികൂടി ചേർന്നിരുന്നു. സരസന്റെ ഭാര്യ സുമയാണെങ്കിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കിരണിന് ഒന്നാം ക്ലാസ് നേടിക്കൊടുക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. ചെറുക്കന് പഠിത്തത്തിൽ ഒട്ടും ശ്രദ്ധയില്ലെന്ന് അവൾ ഉള്ളിൽ തികട്ടിവന്ന ദേഷ്യം പല്ലിൽ കടിച്ചമർത്തി ചുണ്ടുകോട്ടി.

 

‘‘ലക്ഷ്മി ആന്റീടെ വീട്ടീന്ന് കരച്ചിൽ കേൾക്കുന്നുണ്ടമ്മേ’’ – കിരൺ ഒരുൾഭയത്തോടെ സുമയെ നോക്കി.

സുമ തുറന്നിട്ട ജനൽ കൊട്ടിയടച്ച് ‘‘നീ അവിടെയിരുന്ന് പഠിക്ക്. ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കണ്ട’’ എന്ന് ആക്രോശിച്ചുകൊണ്ട് നിലം ചവിട്ടി മെതിച്ച് പൂമുഖത്തേക്കുപോയി, അവിടെ ടിവി കണ്ടിരുന്ന സരസനെ നോക്കി: ‘‘ശബ്ദം ഇത്തിരി കുറച്ചുവച്ചൂടെ, കൊച്ചിനു പഠിക്കാനുണ്ടെന്നൊരു വിചാരോംല്യ’’ സീരിയൽ കാണാൻ പറ്റാത്ത അമർഷത്തോടെ സരസനേയും ടിവിയേയും മാറിമാറി നോക്കി അടുക്കളയിലേക്കു പാഞ്ഞു. അടുക്കളയിൽ ഇറച്ചിക്കറി വെന്തു തിളയ്ക്കുകയായിരുന്നു.

 

സരസന്റെ അമ്മ നിലവിളി കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ, വല്ലായ്മ കൂട്ടാക്കാതെ അയൽപക്കത്തേക്കോടി. സരസന്റെ അമ്മ ചെല്ലുമ്പോൾ ലക്ഷ്മിയുടെ അച്ഛൻ ടി.എൻ. നായർ എന്ന നാരായണേട്ടൻ ചാരുകസേരയിൽ കണ്ണുമടച്ച് കിടക്കുകയായിരുന്നു. അച്ഛന് കഴിക്കാൻ കൊണ്ടുവന്ന രാത്രിഭക്ഷണമായ രണ്ടു ചപ്പാത്തി ലക്ഷ്മിയുടെ കയ്യിൽനിന്നു നിലത്തുവീണ് കിടക്കുന്നുണ്ടായിരുന്നു. ലക്ഷ്മി അച്ഛന്റെ മാറിൽ തലതല്ലി വാവിട്ടു നിലവിളിക്കുകയായിരുന്നു. അഞ്ചിൽ പഠിക്കുന്ന രാജിയും ലക്ഷ്മിയോടൊപ്പം കരഞ്ഞു. ലക്ഷ്മിയുടെ ഭർത്താവ് ദൂരെ ഓഫിസ് ടൂറിലായിരുന്നു. ഒന്നിൽ പഠിക്കുന്ന വിഷ്ണുവാകട്ടെ അമ്മയോടും ചേച്ചിയോടുമൊപ്പം കരയാൻ തുനിഞ്ഞെങ്കിലും ഗെയ്റ്റ് കടന്ന് ഓരോരുത്തർ വരുന്നതുകണ്ട് അവന്റെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. റസിഡൻസ് അസോസിയേഷനിലെ ഭാരവാഹികളിൽ ചിലർ രാത്രിവേഷത്തോടെ വരുന്നത് അവൻ കൗതുകപൂർവം കണ്ടു.

 

സരസന്റെ അമ്മ നാരായണേട്ടനോടൊപ്പമുള്ള കുട്ടിക്കാലത്തിലേക്ക് ഒരു നിമിഷം ഊളിയിട്ടുപോയെങ്കിലും അടുത്തനിമിഷം വലിയൊരു തിരിച്ചറിവിൽ ഒരു ശരം പോലെ സ്വന്തം വീട്ടിലേക്കു പാഞ്ഞു. സരസൻ അപ്പോഴും ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. താങ്ങാനാവാത്ത സങ്കടത്തോടെ സരസന്റമ്മ പറഞ്ഞു – ‘‘മോനേ നാരായണേട്ടൻ പോയടാ...’’ 

 

‌സരസന്റമ്മയ്ക്ക് ഒന്നു പൊട്ടിക്കരഞ്ഞാൽ മതിയെന്നു തോന്നി. സരസൻ അപ്പോൾ ടിവി പ്രോഗ്രാമിലെ അവസാനസംഭാഷണം കേൾക്കാനുള്ള ശ്രദ്ധയിലായിരുന്നു. അതായിരുന്നു ആ പരിപാടിയിലെ മർമം. അതുകേട്ടില്ലെങ്കിൽപ്പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് സരസനു തോന്നി. സരസന്റമ്മയ്ക്ക് സങ്കടത്തോടൊപ്പം ദേഷ്യവും കുമിഞ്ഞുകൂടി. അവസാന സംഭാഷണത്തിനുശേഷം ടിവിയിൽ കോണ്ടത്തിന്റെ പരസ്യം തെളിഞ്ഞപ്പോൾ സരസൻ അമ്മയെ നോക്കി – ‘‘എപ്പോ...?’’    

 

സരസന്റമ്മ അതു കേട്ടില്ല. ഒരു കണ്ണുനീർത്തുള്ളിപോലെ അമ്മ അയൽവീട്ടിലേക്ക് വീണ്ടും ഒഴുകിപ്പോയി.

‘‘കണ്ടോ, ഇപ്പോ ഒരസുഹോംല്യ’’ – സുമ അടുക്കളയിൽനിന്ന് ഇറച്ചിക്കറി ഇളക്കിയ കയിലുമായി പൂമുഖത്തേക്കുവന്നു. സുമ പറഞ്ഞത് തന്റെ അമ്മയെക്കുറിച്ചാണെന്നു മനസ്സിലാക്കിയ സരസൻ ഒരു ചമ്മിയ ചിരിയോടെ വിഷയം മാറ്റി- ‘‘നമ്ക്കൊന്നു പോണ്ടേ?’’

സുമയുടെ ഉത്തരം കിട്ടുംമുമ്പേ ഒരുവിധം എഴുതിത്തീർത്ത കിരൺ പുസ്തകവുമായി ഓടിവന്നു – ‘‘കഴിഞ്ഞമ്മേ എഴുതിക്കഴിഞ്ഞു.’’. അച്ഛനെ നോക്കി പറഞ്ഞു – ‘‘നമ്ക്കു പോകാം അച്ഛാ രാജിചേച്ചീടെ വീട്ടിൽ.’’

‘‘നീ പുസ്തകമവിടെവച്ചിട്ട് വല്ലതും വന്ന് കഴിക്കാൻ നോക്ക്’’ – സുമ കിരണിനോട് പറഞ്ഞു.  

‘‘ഇപ്പോ വേണ്ടമ്മേ വന്നിട്ടു കഴിക്കാം’’ – കിരൺ അച്ഛന്റെ കയ്യിൽ പിടിച്ചുവലിച്ചു. അവൻ രാജിചേച്ചിയേയും വിഷ്ണുവിനേയും കുറിച്ചോർത്തു. അവരുടെയൊപ്പം കളിക്കാൻ കിട്ടുന്ന അവസരങ്ങളെക്കുറിച്ചോർത്തു.

‘‘ഒറ്റയടിവച്ചു തന്നാലുണ്ടല്ലോ’’  - സുമ ദേഷ്യപ്പെട്ടു. സരസനോടായി പറഞ്ഞു – ‘‘പോയാ ഇപ്പോഴെങ്ങും വരാൻ പറ്റൂല്ല. വല്ലതും കഴിച്ചിട്ടു പോ.’’

സരസനും തോന്നി അതു ശരിയാണെന്ന്.

 

സരസനും സുമയും കിരണുംകൂടി ലക്ഷ്മിയുടെ വീട്ടിലേക്കെത്തുമ്പോൾ ദൂരത്തുള്ള ലക്ഷ്മിയുടെ ബന്ധുക്കളുൾപ്പെടെ കുറേപ്പേർ അവിടെ കൂടിനിൽപ്പുണ്ടായിരുന്നു. നാരായണേട്ടൻ അപ്പോൾ നിലത്തുകിടക്കുകയായിരുന്നു. തലയ്ക്കൽ നിലവിളക്കുകത്തുന്നുണ്ടായിരുന്നു. സരസൻ ടൈൽസിട്ട ഇത്തിരി മുറ്റത്തുനിന്നു. സുമ അകത്തേക്കുകയറി. കിരൺ വിഷ്ണുവിനെ അന്വേഷിച്ചു.

 

അരമണിക്കൂർ മുമ്പേ നാരായണേട്ടനെ കണ്ടതാണല്ലോ എന്ന് സരസൻ അപ്പോൾ വെറുതേ ഓർത്തു. ഇത്രേയുള്ളു മനുഷന്റെ കാര്യംന്ന് മനസ്സിൽ പറയേം ചെയ്തു. ഗെയ്റ്റ് കുറ്റിയിടാൻ പുറത്തേക്കിറങ്ങിയതായിരുന്നു സരസൻ. ഒരു കയ്യിൽ സഞ്ചിയുമായി നാരായണേട്ടൻ ഗെയ്റ്റിനുമുമ്പിൽ വന്നുനിന്നു. 

 

‘‘പീട്യവരെ പോയതാ... ഹൊ... എന്താപ്പോ സാധനങ്ങൾക്ക് വെല... നാല് കോഴിമുട്ടേം ഒരു കിലോ ഏത്തപ്പഴോം വാങ്ങി. നൂറുരൂപ തീർന്നു.’’ – നാരായണേട്ടൻ പറയുന്നതുകേട്ട് സരസൻ വെറുതെ ചിരിച്ചു. – ‘‘അയൽക്കാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം. നമ്മള്തമ്മില് കാണണെ തന്നെ കഷ്ട്യാ. കണ്ടാലോ മിണ്ടാനൊട്ട് നേരോല്യേനും’’ –നാരായണേട്ടന്റെ ആ പറച്ചിലിലും സരസൻ ഒന്നു ചിരിച്ചതേയുള്ളു. പിന്നെയും നാരായണേട്ടൻ എന്തൊക്കെയോ പറയുന്നതിനുമുമ്പേ അകത്ത് ഫോണടിച്ചു. ‘‘ഫോണടിക്കണു ഞാനങ്ങട് ചെല്ലട്ടെ’’ എന്ന് സരസൻ അകത്തേക്കു മുങ്ങി. പിന്നേയും എന്തൊക്കെയോ പറയാനാഞ്ഞ് നാരായണേട്ടൻ സരസന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് കുറച്ചുനേരം അവിടെ നിന്നത് ഉള്ളിലെ കർട്ടൻ മാറ്റി, പുറത്തേക്കുമാത്രം കാണാവുന്ന ജനൽചില്ലിലൂടെ സരസൻ കണ്ടു. പിന്നെ സരസൻ ടിവി ഓൺ ചെയ്തു.

 

സുമ ആശ്വസിപ്പിക്കാൻ ലക്ഷ്മിയുടെ ദേഹത്തൊന്ന് തൊട്ടതും തളർന്ന ലക്ഷ്മി സുമയുടെ തോളത്തുചാഞ്ഞു. സങ്കടത്തിന്റെ ഏങ്ങലടികൾ അടക്കാനാവാതെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അസ്വസ്ഥയായ സുമ ദുഃഖത്തിന്റെ തിരമാലകൾ തന്നെ നനയ്ക്കുന്നതറിഞ്ഞു. ഒരു നിമിഷം.

 

സുമ പയ്യെ ലക്ഷ്മിയെ താങ്ങി കട്ടിലിൽ കിടത്തി. സുമയും ലക്ഷ്മിയും തമ്മിൽ ഒരു അടിച്ചുനനയ്ക്കൽ ബന്ധമുണ്ടായിരുന്നു. വല്ലപ്പോഴുമുള്ള അടിച്ചുനനയ്ക്കലിൽ അരമതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് അലക്കുകല്ലിൽ തുണിതിരുമ്മിക്കൊണ്ടവർ സംസാരിച്ചു. അല്ലാതെ അവർ കാണുക തന്നെ ചുരുക്കമായിരുന്നു. മുറിയിൽ ലക്ഷ്മിയുടെ കട്ടിലിൽ പെണ്ണുങ്ങൾ കൂടി വന്നപ്പോൾ സുമ പതുക്കെ അവിടെനിന്നെഴുന്നേറ്റു. 

 

രാജിചേച്ചി കരയുന്നതുകണ്ട് വിഷ്ണുവിനടുത്തേക്കു ചെന്ന കിരൺ, വിഷ്ണുവിനോടൊപ്പം, ഓടുന്ന കരടിക്ക് കീ കൊടുത്തു. തൊട്ടടുത്ത അയൽക്കാരനായിരുന്നിട്ടും അവർ തമ്മിൽ ഒരുമിച്ചു കളിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഇതിനുമുൻപ്, ചില വൈകുന്നേരങ്ങളിൽ തങ്ങളുടെ ചെറിയ സൈക്കിൾ ചവിട്ടിക്കൊണ്ട് ആളില്ലാവഴിയുടെ ഇരുവശവും പരസ്പരം മിണ്ടുകയോ ചിരിക്കുകയോ ചെയ്യാതെ പോസ് കാണിച്ച് നീങ്ങുന്നതായിരുന്നു അവർ തമ്മിലുള്ള കളി. ഇന്നിപ്പോൾ ആദ്യമായി ഒത്തുചേർന്ന രസത്തിലായിരുന്നു ഇരുവരും. കിരണിന് വിഷ്ണു പിന്നെയും ചില കളിപ്പാട്ടങ്ങൾ കാണിച്ചുകൊടുത്തു. കളിക്കാൻ കൊടുത്തു. 

‘‘പിന്നെ പോകാംമ്മേ’’ - സുമ വിളിക്കുമ്പോൾ കിരൺ പറഞ്ഞു.

‘‘മോൻ അമ്മേടെ അടുത്തേക്കു ചെല്ല് ’’ – വിഷ്ണുവിനോട് സുമ പറഞ്ഞു. കൂട്ടത്തിൽ കിരണിനൊരു നുള്ളും. കരയാൻ ഓങ്ങിനിന്ന കിരണിനെയും കൊണ്ട് മുറ്റത്തേക്കിറങ്ങിയ സുമ, പോകാൻ ധൃതികൂട്ടി നിൽക്കുന്ന സരസനെ കണ്ടു. 

 

അടുത്തുനിന്ന മറ്റൊരയൽക്കാരനോട് ‘‘ഞാനിപ്പോ വരാം, സുമയെ വീട്ടിലേക്കാക്കട്ടെ’’ എന്നു പറഞ്ഞ് തടിതപ്പി സരസൻ. അയൽക്കാരൻ ആ ഒരു സന്ദർഭത്തിലായതുകൊണ്ട് പൊട്ടിച്ചിരിച്ചില്ലെന്നേയുള്ളു. സുമയുടെ വീട്ടിലെ ജനൽ തുറന്നാൽ ലക്ഷ്മിയുടെ വീട്ടിലെ ചുമരിൽ മുട്ടുമായിരുന്നു. മൂന്നും നാലും സെന്റിലായിരുന്നു സുമയുടേയും ലക്ഷ്മിയുടെയും വലിയ വീടുകൾ. രണ്ടു വീടിന്റെയും സൺഷെയ്ഡുകൾ തമ്മിലുള്ള അകലം അതിർത്തിതിരിച്ച മതിലിന്റെ ഇഷ്ടികവീതിയായിരുന്നു. ഒരു വീട്ടിൽനിന്നല്ല, ഒരു മുറിയിൽനിന്ന് അടുത്തമുറിയിലേക്കു പോകുന്ന ദൂരമേ വീടുകൾ തമ്മിലുണ്ടായിരുന്നുള്ളൂ. എന്നിട്ടും രക്ഷപ്പെടാൻ അങ്ങനെയൊരു തോന്നലേ സരസനു തോന്നിയുള്ളു. 

 

സ്വന്തം വീട്ടിലേക്കുകയറിയപ്പോൾ ചുട്ടുപഴുത്ത ഒരു ചൂളയിൽനിന്ന് എയർകണ്ടീഷൻ റൂമിലേക്കുകയറിയ സുഖമായിരുന്നു സരസനും സുമയ്ക്കും.

‘‘ഇനിയിപ്പോ നാളെ എടുക്കോള്ളു. ലക്ഷീടെ ഭർത്താവ് കണ്ണൻ വരണ്ടെ.’’.- സരസൻ പറഞ്ഞു.

‘‘വാ... ലൈറ്റു കെടുത്തി കിടക്കാൻനോക്ക്...’’  – സുമ പറഞ്ഞു. 

‘‘ആ വശത്തെ ലൈറ്റ് കിടന്നോട്ടെ. അല്ലെങ്കിൽ ആൾക്കാർക്കെന്തുതോന്നും.’’

‘‘ആർക്കെന്തു തോന്നാൻ. എല്ലാരും ഇപ്പോ മുങ്ങും. രാത്രി കാത്തുനിന്നിട്ടെന്തിനാ’’ – സരസൻ പറഞ്ഞു. 

 

വലിയൊരു ചങ്ങലയുമായി പുറത്തേക്കിറങ്ങി ഗെയ്റ്റ് താഴിട്ടുപൂട്ടി അകത്തേക്കു കടക്കുമ്പോൾ സരസനും ഉറക്കംതൂങ്ങിയിരുന്നു. അകത്ത് കിരണും സുമയും ഉറങ്ങിക്കഴിഞ്ഞിരുന്നു. സരസൻ വന്ന് കട്ടിലോരംചേർന്ന് കിടന്നു. അപ്പോൾ അമ്മയെക്കുറിച്ചോർക്കാൻ സരസനായില്ല.

സരസന്റെ അമ്മയോ, ആളുകൾ പിരിഞ്ഞുപോയിട്ടും നാരായണേട്ടനരികെ നിലത്തിരുന്നു. കത്തുന്ന നിലവിളക്കും അവരും മാത്രമേ അപ്പോൾ നാരായണേട്ടനടുത്തുണ്ടായിരുന്നുള്ളു.

 

വർഷങ്ങൾക്കുമുൻപ്, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പറമ്പിലെ രണ്ടറ്റത്തായിരുന്നു നാരായണേട്ടന്റെയും തന്റെയും വീടുകളെന്ന് സരസന്റമ്മ ഓർത്തു. എന്നിട്ടും മനസ്സുകൾ തമ്മിലുള്ള അടുപ്പം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. സ്വന്തം ചേട്ടനെപ്പോലെയായിരുന്നു നാരായണേട്ടൻ.

ഭാഗം കഴിച്ചും ഓരോരുത്തരുടെ ഭാഗങ്ങൾ മുറിച്ചുവിറ്റും മനസ്സുകൾ പോലെ സ്ഥലവും ഇടുങ്ങിവന്നു. മണ്ണപ്പം പോലെ പറമ്പിലാകെ വീടുകൾ പൊങ്ങിവന്നു നിറഞ്ഞു. കെട്ടിടങ്ങൾക്കിടയിലെ ഇത്തിരി സ്ഥലത്തെ വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ അകന്ന മനസ്സുമായി പുതിയ തലമുറ നടന്നു.

 

മകൻ പണിത വീടിന്റെ മുകളിൽ കയറിനിന്നാൽ തലചുറ്റും. കുളവും പേരയും മാവും പ്ളാവും അസ്ഥിത്തറയും ഇന്ന് ഓരോ വീടുകളാണ്. കാഴ്ച തൊട്ടടുത്ത വീടിന്റെ ചുമരിൽതട്ടി നിൽക്കും. വീട്ടൽനിന്ന് പുറത്തേക്കിറങ്ങാൻ ഒരു കാൽച്ചുവടുസ്ഥലമേയുള്ളു. എന്നിട്ടും മനസ്സുകൾക്കിത്ര അകൽച്ചയെന്ത്യേ....?

 

രാവിലെ, പൂട്ടിയ ഗെയ്റ്റിൽ മുട്ടുകേട്ട് ശല്യം സഹിക്കവയ്യാതെ സരസൻ വാതിൽ തുറന്നു. മൂന്നുനാലു പരിചയമുഖങ്ങൾ.

‘‘എന്താ രാധാകൃഷ്ണാ... കണ്ണൻ വന്നോ... ശവം എടുക്കാറായോ..?’’

‘‘അതല്ല സരസേട്ടാ...’’. – അവൻ ഒന്നുപരുങ്ങി -  ‘‘അമ്മ....’’

ഓ...- സരസൻ അപ്പോൾ അമ്മയെക്കുറിച്ചോർത്തു. ഇന്നലെ അമ്മ അവിടെയായിരുന്നല്ലേ...

അപ്പോൾ നാലഞ്ചുപേർ അമ്മയെ എടുത്തുകൊണ്ടുവരുന്നത് സരസൻ കണ്ടു.

 

‘‘ഭാഗ്യം ചെയ്ത ജന്മാ. ഒന്നും അറിയാതെയങ്ങ്പോയി...’’  – ഒരാൾ സരസനോടു പറഞ്ഞു. – ‘‘നേരം വെളുക്കുംവരെ നാരായണേട്ടന്റെ ശവത്തിനരികെ ഇരിക്കുകയായിരുന്നു. കണ്ണൻ വന്നപ്പോൾ നാരായണേട്ടന്റെ ശവം കുളിപ്പിക്കാൻ എടുക്കാൻവേണ്ടി ഇത്തിരി നീങ്ങിയിരിക്ക് ജാനേടത്തീന്ന് പറഞ്ഞതാ.... ആ ഇരിപ്പുകണ്ടാ തോന്നൂല്ലാ മരിച്ചാ ഇരിക്കണേന്ന്.....’’

 

ബാക്കി പറഞ്ഞതൊന്നും സരസൻ കേട്ടില്ല. സരസന് കരയാനും തോന്നിയില്ല.

 

Content Summary: Ayalkkar, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com