ADVERTISEMENT

സോളോഗാമി (കഥ)

 

പെൺകുട്ടികളായാൽ സൗന്ദര്യം വേണം, അല്ലെങ്കിൽ ജോലിയോ കുടുംബത്തിൽ സ്വത്തും പണവുമോ വേണം. അങ്ങനെയല്ലെങ്കിൽ ഇക്കാലത്ത് അച്ഛനമ്മമാർക്ക് പെൺമക്കളെകുറിച്ച് ആധിയാകും.

 

നാട്ടിൻപുറത്തെ പലവ്യഞ്ജന കച്ചവടക്കാരനായ രാമൻ നായരുടെ നാല് പെൺകുട്ടികളും പഠിക്കാൻ മിടുക്കരാണ്. പക്ഷേ സൗന്ദര്യത്തിന്റെ കാര്യത്തിൽ മൂത്തവളായ രമ്യയൊഴികെ ഇളയവർ മൂന്നുപേരും അതീവസുന്ദരികളാണ്.  

 

‘‘രമ്യ, രാമന്റെ ഇളയച്ഛൻ കുഞ്ഞിക്കണ്ണനെ പോലെയാണ്, കറുത്ത് മെലിഞ്ഞ് പല്ലുന്തിയിട്ട്. മുടിയും കുറവ്!’’

 

ബന്ധുക്കൾ ഏതെങ്കിലും ചടങ്ങിൽ ഒത്തുകൂടുമ്പോൾ അവൾ കേൾക്കാതെ പറയും; 

 

‘‘ന്നാലും ഈ പെണ്ണിന് ആ അച്ഛന്റേയും അമ്മയുടെയും കോലം കിട്ടീലാലോ ദൈവേ.’’

 

ദൈവം അതുകേൾക്കാൻ ബാധ്യസ്ഥൻ തന്നെയാണ്. നാല് മക്കളുള്ളതിൽ ഒരെണ്ണത്തിന്റെ കാര്യത്തിൽമാത്രം ഇങ്ങനെ വകതിരിവ് കാണിക്കാമോ?!

 

********    *********    ********   *******

 

ടൗണിലെ ഹോൾസെയിൽ കടയിൽനിന്ന് സാധനം വാങ്ങുന്നവർ എന്തെങ്കിലും വാങ്ങാൻ മറന്നുപോയാലോ, മിൽമയുടെ പാൽ വാങ്ങാനോ ആയിരിക്കും രാമന്റെ കടയിൽ വല്ലപ്പോഴെങ്കിലും വരുന്നത്.

 

മൊത്തത്തിൽ വാങ്ങാനുള്ള കാശില്ലാത്ത പാവപ്പെട്ട വീട്ടുകാർക്ക് രാമൻനായരുടെ കടയെത്തന്നെ ആശ്രയിക്കണം. അങ്ങനെയൊക്കെ തുച്ഛമായ വരുമാനം കൊണ്ട് രാമൻനായർ വീട്ടുകാര്യങ്ങൾ വളരെ അരിഷ്ടിച്ചിട്ടാണ് നടത്തിക്കൊണ്ടുപോകുന്നത്.

 

മറന്നുപോയ സാധനങ്ങൾ വാങ്ങാൻ വരുന്നവരെയോർത്ത് ഇളയമകൾ അച്ഛനോട് തമാശമട്ടിൽ പറയും; ‘‘അച്ഛന്റെ പീടികക്ക് ‘മറവി സ്റ്റോർ’ എന്നു പേരിടണം.’’

 

അതുകേട്ട് രാമൻ പല്ല് പുറത്തുകാട്ടാതെ ചിരിക്കും; ജീവിതം അയാളെ പല്ലുകൾകാട്ടി ചിരിക്കുന്നതിൽനിന്ന് വിലക്കിയതുപോലെ.

 

********   *********    *********   *********

 

രാമന്റെ കഷ്ടപ്പാടിന് ആശ്വാസമായി, രമ്യയ്ക്ക് പിഎസ്​സി വഴി റവന്യൂബോർഡിൽ ജോലി കിട്ടി. ഇളയ മൂന്നുപേരുടേയും കാര്യം നോക്കാൻ മൂത്തവൾ കൂടിയുണ്ടല്ലോ.

 

രമ്യയ്ക്ക് ജോലികിട്ടി ഒരാഴ്ച കഴിയുമ്പോഴേക്കും തന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്ന മട്ടിൽ കാര്യങ്ങളാകെ മാറിമറിഞ്ഞുവെന്ന് രാമൻനായർക്ക് തോന്നി. സൗന്ദര്യമില്ലാത്ത പെണ്ണിനെ അതുവരെ വിവാഹമാലോചിക്കുവാൻ വീട്ടുപടിക്കൽ ഒരൊറ്റ ചെറുക്കന്മാരും വന്നിരുന്നില്ല. ‘സർക്കാർ ഉദ്യോഗം എല്ലാ വൈരൂപ്യത്തേയും മായ്ച്ചുകളയും’ എന്ന അലിഖിതനിയമം നാട്ടിൽ നടപ്പുണ്ടെന്ന് അരക്കിട്ടുറപ്പിക്കുന്ന മട്ടിൽ പിറ്റേ ആഴ്ചമുതൽ രാമന്റെ വീട്ടിൽ രമ്യയ്ക്കുവേണ്ടി വിവാഹാലോചനയുമായി ചെറുപ്പക്കാർ കയറിയിറങ്ങി.

 

********   ********    *********    ********

 

ഇളയവരായ മൂന്നുപേരേയും വിവാഹം കഴിപ്പിച്ചയച്ചതിനുശേഷം രമ്യയുടെ വിവാഹകാര്യം തീരുമാനിക്കാമെന്ന് രാമന്റെ ഉളളിൽ അറിയാതെ ഒരു മോഹം എപ്പോഴോ പൊട്ടിമുളച്ചിരുന്നു. അതുകൊണ്ട് മകൾക്ക് വരുന്ന ആലോചനകളിൽ അയാൾക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

 

വിവാഹപ്രായമായില്ല എന്നു മകളെപ്പറ്റി ചോദിക്കുന്നവരോട് ഇനിയും പറയാനാകില്ല. ബന്ധുക്കൾ മാത്രമല്ല ഭാര്യ അറിഞ്ഞാൽത്തന്നെ എതിർക്കും. ഇളയവർ മൂന്നുപേർ പിന്നേയും ഉണ്ടല്ലോ മൂത്തവളുടെ കല്യാണം കഴിഞ്ഞാൽ അത്രയ്ക്കെങ്കിലും ബാധ്യത തീർക്കാമല്ലോയെന്ന് പറയും.

 

മകളെ പെട്ടെന്ന് വിവാഹം കഴിച്ചയക്കാതിരിക്കാൻ എന്താ ഒരു വഴി? തലപുകഞ്ഞാലോചിക്കവേ, തേടിയവള്ളി കാലിൽ ചുറ്റി !

 

പത്രത്തിൽ ഒരു വാർത്ത ; 

 

‘‘സോളോഗാമിയായ ഒരു സ്ത്രീ, അവൾ അവളെത്തന്നെ വിവാഹം ചെയ്യുന്നു!’’

 

ഇങ്ങനെയൊരു തോന്നൽ തന്റെ മൂത്ത മകൾക്കുണ്ടായാലോ? താൻ രക്ഷപ്പെട്ടു! മൂന്നു പിള്ളേരുടെ കാര്യത്തിൽ തീരുമാനമാകും. മൂത്തവളുടെ വരുമാനം വീട്ടിൽത്തന്നെ കിട്ടും! തനിക്കും ഭാര്യയ്ക്കും ആജീവനാന്തം ബുദ്ധിമുട്ടുണ്ടാകില്ല! അവൾക്കാണെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പ്രയാസവുമില്ല. രാമൻനായരുടെ മനസ്സിൽ സ്വാർഥത നിറഞ്ഞു.

 

വൈകുന്നേരം ഓഫീസിൽനിന്നും വന്ന മകൾ കാണത്തക്കവിധം രാമൻ ‘സോളോഗാമി’ പത്രവാർത്ത അവളുടെ മുമ്പിൽ വച്ചു. അച്ഛനേയും പത്രത്തേയും നോക്കിക്കൊണ്ട് സോഷ്യൽമീഡിയ വഴി അറിയാത്ത വാർത്ത ഇക്കാലത്തുണ്ടോ, പത്രംകൊണ്ട് അച്ഛന്റെ കടയിൽ സാധനം പൊതിയാൻപറ്റും എന്ന മട്ടിൽ രമ്യ അകത്തേക്ക് കയറിപ്പോയി. 

 

രാമൻനായർ മകൾ നോക്കാത്ത വാർത്ത, രാത്രിയിൽ അത്താഴത്തോടൊപ്പം കുടുംബാംഗങ്ങൾക്കെല്ലാവർക്കുമായി വിളമ്പി. ശേഷം രാമൻനായരുടെ ആത്മഗതം ;

 

‘‘പാവം കുട്ടി, അതിന്റെ വീട്ടിൽ കഴിഞ്ഞുപോകാനുള്ള വകയുണ്ടാകില്ല, മാത്രമല്ല വീട്ടുകാരുടെ ബാധ്യതയൊക്കെ മനസ്സിലാക്കി വളർന്നതിനാൽ അവർക്കുവേണ്ടി ഇങ്ങനെയൊരു കടുംകൈ ചെയ്തതായിരിക്കും! ’’

 

വീട്ടിൽ രമ്യ ഒഴികെ മറ്റെല്ലാ അംഗങ്ങളും രാമൻനായർ പറഞ്ഞ വാർത്തയോട് പ്രതികരിച്ചു. രമ്യ ഒന്നും മിണ്ടിയില്ല. അവൾ എന്തോ ആലോചനയിലായിരുന്നു.

 

‘‘ചേച്ചി എന്താ ഒന്നും മിണ്ടാത്തെ?’’

 

കൂട്ടത്തിൽ ഇളയവളുടെ ചോദ്യം കേട്ട് രമ്യ പെട്ടെന്ന് ഞെട്ടിയതുപോലെ പറഞ്ഞു.

 

‘‘ഹേയ് ഒന്നുമില്ല ഞാൻ വെറുതെയോരോന്ന് ഓർത്തുപോയി’’

 

 

********   ********    *********    ********

 

 

അന്ന് രാത്രി കിടന്നപ്പോൾ പിറ്റേന്നുള്ള കാര്യങ്ങളെപ്പറ്റി രമ്യ ചിന്തിച്ചുകൊണ്ടിരുന്നു. 

 

അച്ഛൻ പറഞ്ഞ ‘‘സോളോഗാമി’’ മനസ്സിൽ വീണ്ടും കയറിവന്നു. അപ്പോൾ പൗലോ കൊയ്​ലോയുടെ ‘ആൽക്കെമിസ്റ്റ്’ വായിച്ചത് അവൾ ഓർത്തുപോയി.

 

‘‘തടാകത്തിൽനിന്നും വെള്ളം കുടിക്കാനൊരുങ്ങുമ്പോൾ സ്വന്തം പ്രതിബിംബം കണ്ട നാർസിസസ്‌ അതിൽ ആകൃഷ്ടനാവുന്നു. തന്നെത്തന്നെ നോക്കി നോക്കി അയാൾ ഒടുവിൽ ആ തടാകത്തിൽ മുങ്ങി മരിക്കുന്നു.’’ 

 

ദേവതമാർ തടാകത്തോട് അസൂയയോടെ ചോദിക്കുന്നു “അല്ലയോ തടാകമേ നിനക്ക് അവന്‍റെ സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള ഭാഗ്യം സിദ്ധിച്ചല്ലോ!” 

 

അതിനു മറുപടിയായി തടാകം പറഞ്ഞു;

 

‘‘അവന്‍റെ സൗന്ദര്യം ഒരിക്കലും എന്‍റെ കണ്ണിൽപ്പെട്ടിട്ടില്ല. ഓരോപ്രാവശ്യവും ഈ കരയിൽ മുട്ടുകുത്തി അവൻ എന്നെ നോക്കുമ്പോൾ അവന്‍റെ കണ്ണുകളിൽ ആഴത്തിൽ ഞാൻ എന്‍റെ സൗന്ദര്യം നോക്കിനിൽക്കുമായിരുന്നു.’’

 

നമുക്ക് നമ്മളോടുള്ള ആത്‌മരതി!! 

 

നമ്മളെമാത്രം സ്നേഹിച്ചുപോവുകയെന്നാൽ ഒരുനാൾ മടുക്കും. ലക്ഷ്യമില്ലാതെ, ജനിച്ചതുകൊണ്ട് മരിക്കുന്നതുവരെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, അതുമല്ലെങ്കിൽ സമൂഹത്തിലുള്ള പല അനീതികൾക്കുമെതിരെ മുഖം തിരിച്ച് ഒറ്റയാൾ പ്രതിഷേധം, ഒടുവിൽ തിരിച്ചറിവുണ്ടാകുമ്പോൾ പരാജയം!!

 

എന്തോ മനസ്സിലുറപ്പിച്ച് രമ്യ കണ്ണുകളടച്ചു കിടന്നു.

 

********   ********    *********    ********

 

പിറ്റേദിവസം അവൾ ഓഫീസിലേക്ക് പോയി. രാമൻ നായർ കടയിലേക്കും ഭാര്യ മീനാക്ഷിയമ്മ അടുപ്പിലെ പുക തിന്നാൻ അടുക്കളയിലേക്കും പോയി.

 

വൈകുന്നേരം രാമൻനായരുടെ മൊബൈൽ ശബ്ദിച്ചു. ഫോൺ എടുത്തുനോക്കിയപ്പോൾ രമ്യയുടെ നമ്പറാണ്. ഇവളെന്താ ഈ സമയത്ത് വിളിക്കുന്നതെന്നോർത്ത് കോൾ അറ്റന്റ് ചെയ്തു..

 

‘അച്ഛാ ഞാനാണ് രമ്യ’

 

ഇവളെന്താ ഇങ്ങനെയൊരു പരിചയപ്പെടുത്തൽ എന്നോർത്തുനിൽക്കവേ മകളുടെ അടുത്തശബ്ദം കാതിലെത്തി.

 

 

‘‘ഇന്നെന്റെ വിവാഹം കഴിഞ്ഞു !

 

വരൻ ഓഫീസിൽത്തന്നെയുള്ള ക്ലർക്ക് സുരേഷ്. എന്നെപ്പോലെ സൗന്ദര്യം ഇല്ലാത്തവനാണ്. അപ്പോൾപ്പിന്നെ കോംപ്ലക്സുണ്ടാകില്ല. കീഴ്ജാതിക്കാരനാണ്, ജാതി ഇക്കാലത്ത് വിഷയമല്ലെങ്കിലും, തുറന്നുപറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ലെന്ന് കഴിഞ്ഞരാത്രിയിൽ ബോധ്യമായി. അതുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നത്. അച്ഛൻ ക്ഷമിക്കണം. അമ്മയെ ആശ്വസിപ്പിക്കണം.’’

 

എല്ലാം സ്വയം തീരുമാനിക്കുന്ന, അതിന് മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുന്ന ന്യൂജൻ യുവത്വം!!

 

‘‘പിന്നേ അച്ഛൻ പേടിക്കേണ്ട, എന്റെ ശമ്പളത്തിൽനിന്ന് ഞാൻ മരിക്കുന്നതുവരെ ഒരു തുക അച്ഛനെയും അമ്മയെയും സംരക്ഷിക്കാനായി തരും. ഞങ്ങളെയൊക്കെ വളർത്തി പഠിപ്പിച്ച് ഇത്രയൊക്കെ ആക്കിയത് അച്ഛനല്ലേ. അതൊരിക്കലും മറക്കില്ല. അച്ഛനമ്മമാരുടെ പ്രയാസങ്ങൾ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വളർത്തുമൃഗങ്ങളേക്കാൾ താഴ്ന്നുപോകില്ലേ?!’’

 

ന്യൂജൻതലമുറയുടെ വേറൊരു മുഖം !!

 

********   ********    *********    ********

 

ഇത്രയും കുടുംബസ്നേഹമുള്ള തന്റെ കുട്ടിയെപ്പറ്റിയാണോ താൻ കഴിഞ്ഞദിവസം ഓരോന്ന് ചിന്തിച്ചുകൂട്ടിയത്.. രാമൻനായരുടെ കണ്ണുകൾ നിറഞ്ഞു.

 

‘‘എന്റെ പൊന്നുമോളേ.. അച്ഛനോട് ക്ഷമിക്കൂ..’’

 

ഗതികെട്ട ഒരച്ഛന്റെ നിസ്സഹായതയുടെ വാക്കുകൾ പുറത്തേയ്ക്ക് വരാതെ തൊണ്ടയിൽ കുരുങ്ങി.

 

Content Summary: Sologamy, Malayalam short story written by Bindhu Sundhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com