ADVERTISEMENT

സമ (കഥ)

 

പാടം കഴിഞ്ഞ ഉടനെയുള്ള ഇടവഴിയിൽ, കുറച്ചുള്ളിലേക്കു മാറിയാണ് വംശിയുടെ വീട് എന്നു പറഞ്ഞതായാണ് ഓർമ. ഇടവഴികൾ ഇടത്തേയ്ക്കും വലത്തേയ്ക്കും കണ്ടു. ഇതിൽ ഏതു വഴിയാണാവോ? എന്തായാലും റോഡരികിലേക്ക് കാർ ഒതുക്കിയിട്ടു. ഗ്ലാസ് താഴ്ത്തിയിട്ടുള്ളതുകൊണ്ട് പാടത്തു നിന്നുള്ള കാറ്റ് ആവോളം കടന്നു വരുന്നുണ്ട്. അല്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ ഗ്ലാസ് കയറ്റിയിടാറില്ല; അവിടുത്തെ കാറ്റും ഗന്ധവുമൊന്നും മിസ് ചെയ്യരുതെന്ന് നിർബന്ധമുള്ളതുകൊണ്ട് ... മണങ്ങളെന്നുമൊരു വീക്ക്നെസ്സ് ആണല്ലോ.

 

വംശിയുടെ നമ്പരിലേക്ക് വിളിച്ചു. രണ്ടുമൂന്നു തവണ ബെല്ലടിച്ചു നിന്നിട്ടാണ് അവസാനമവൻ ഫോണെടുത്തത്. 

 

‘‘ഹലോ വേദാ’’

 

‘‘വംശീ, താനെവിടാ? ഞാനിവിടെ ഈ കലുങ്കിനടുത്ത് ഇടത്തോട്ടാണോ വലത്തോട്ടാണോന്നറിയാതെ നിൽക്കുവാ..’’

 

‘‘അയ്യോ വേദാ, ഞാൻ വീട്ടിലില്ലെടാ. മംഗലാപുരത്തിന് പൊക്കോണ്ടിരിക്കുവാ. ചേട്ടൻ വീണു കാലൊടിഞ്ഞിട്ട് വിളിവന്നത് പെട്ടെന്നാരുന്നു. ഇനീപ്പോ അവിടുത്തെ കാര്യങ്ങൾ ഒന്നു സെറ്റുചെയ്തിട്ട് വരാൻ മിനിമം ഒരാഴ്ചയേലും പിടിക്കും. നിനക്കൊന്നു വിളിച്ചിട്ടുവരാൻ വയ്യാരുന്നോ? ഒരു കാര്യം ചെയ്യ്. നീ അവിടംവരെ വന്നതല്ലേ? ഞാനില്ലെങ്കിലും സാരമില്ല. ശ്രീലതയോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാ. ചെന്നു കണ്ടിട്ടുപോ... വഴി ഞാൻ പറഞ്ഞുതരാം...’’

 

‘‘അതു വേണ്ട വംശീ, നീ കൂടെ ഉള്ളപ്പോൾ അവരുടെ വീട്ടിൽ പോയാൽമതി. വിളിച്ചിട്ടു വരാനോർത്തില്ല. സാരമില്ല, നീ പോയിട്ടുവാ.’’

 

അല്ലെങ്കിലും ഇത്തരം ചില എടുത്തു ചാട്ടങ്ങൾ കൂടെപ്പിറപ്പാണ്. പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ! 

 

വണ്ടിയെടുത്തു. ഇനിയിപ്പോൾ മുമ്പോട്ടു പോയി ടൗണിലെത്തി മെയിൻറോഡുവഴി മടങ്ങാം. വംശിയുടെ നാട് വളരെ ഭംഗിയുള്ളതാണ്. വന്ന കാര്യം നടന്നില്ലെങ്കിലും ഈ കാറ്റുംകൊണ്ട് വണ്ടിയോടിച്ചു പോകാനൊരു സുഖമുണ്ട്....

 

കുറച്ചുദൂരം ചെന്നപ്പോഴാണ് ഒരു ചെറിയ ചായക്കട കണ്ടത്. ഒരു ചായ കുടിച്ചാലോ എന്നുതോന്നി. ഇങ്ങനെ തിരക്കില്ലാത്തിടത്ത്, ആരും തിരിച്ചറിയാത്തിടത്ത് - അതൊരു സുഖമുള്ള ഏർപ്പാടാണ്. ചായക്കടകൾ പലപ്പോഴും ഒരു നാട്ടിൻപുറത്തിന്റെ നേർച്ചിത്രങ്ങളാണല്ലോ.  അകത്തും പുറത്തുമുള്ള വിശേഷങ്ങൾ കൈമാറപ്പെടുന്നിടം. പല സിനിമകളിലേയും ഒരു പ്രധാന കഥയിടവുമാണ്. അത്തരം പ്രതീക്ഷകൾക്കു വിപരീതമായി കടയിൽ മറ്റാരുമുണ്ടായിരുന്നില്ല. കടക്കാരനാകട്ടെ, ‘‘സാറെവിടുന്നാ, ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ, എങ്ങോട്ടു പോകുന്നു’’ മുതലായ പതിവുചോദ്യങ്ങളൊന്നും ചോദിച്ചുമില്ല. ചായ, പക്ഷേ പ്രതീക്ഷിച്ചതിനേക്കാൾ സ്ട്രോങ്ങായിരുന്നു.

 

ചായകുടിച്ച് പുറത്തിറങ്ങി ഒരു സിഗററ്റെടുത്ത് ചുണ്ടിൽ വച്ചെങ്കിലും വേണ്ടെന്നുകരുതി തിരിച്ചു പാക്കറ്റിലിട്ട് (അല്ലെങ്കിലും ‘സിഗററ്റ് വലി ആരോഗ്യത്തിനു ഹാനികരം’ എന്നെഴുതി കാണിക്കുമ്പോൾ നമ്മൾ ബോധോദയമുണ്ടായി എടുത്ത സിഗററ്റ് തിരിച്ചു പായ്ക്കറ്റിലിടണമെന്നാണല്ലോ വയ്പ്) വണ്ടിയിൽ കയറിയപ്പോഴാണ്, അപ്പോൾ പൊട്ടിമുളച്ചതുപോലെ ഒരു സ്ത്രീ ഡോറിൽ തട്ടിയത്. ഇവരെവിടുന്നുവന്നു? നടന്നുവരുന്നതൊന്നും കണ്ണിൽ പെട്ടില്ലല്ലോ?

 

‘‘ടൗൺവഴിയല്ലേ പോകുന്നത്? വിരോധമില്ലെങ്കിൽ കുറച്ചുദൂരം ഞാൻ കൂടി വന്നോട്ടെ? വണ്ടിയൊന്നും കിട്ടാഞ്ഞാണ്.’’ ഒറ്റയ്ക്കുള്ള യാത്രയുടെ രസം പോകുമല്ലോ എന്നു ചിന്തിച്ചെങ്കിലും സുന്ദരവും കുലീനവുമായ ആ മുഖത്തു നോക്കി വേണ്ടെന്നു പറയാൻ തോന്നിയില്ല. ‘കയറിക്കോളൂ’ എന്നു പറഞ്ഞപ്പോൾ പുറകിലെ ഡോർ തുറന്നു കയറുമെന്നാണ് കരുതിയത്. പക്ഷേ മുൻപിലൂടെ ചുറ്റിവന്ന് ഫ്രണ്ട് സീറ്റിലിരുന്നു.

 

‘‘പിന്നിലിരുന്ന് നിങ്ങളെപ്പോലെ വലിയൊരാളെ ഡ്രൈവറാക്കാൻ ബുദ്ധിമുട്ടായിട്ടാണു കേട്ടോ..’’

 

‘‘എന്നെ അറിയുമോ?’’

 

‘‘പിന്നെ അറിയാതെ? പ്രശസ്തനായ ഡയറക്ടർ ആൻഡ് പ്രൊഡ്യൂസർ വേദ പ്രകാശിനെ അറിയാത്തതാരാ? പോരെങ്കിൽ താങ്കളുടെ ഹിറ്റായ സ്ത്രീപക്ഷ സിനിമയുടെ ചർച്ച സോഷ്യൽ മീഡിയയിലെ തരംഗമായിരുന്നതല്ലേ?’’

 

അതിലൊരു അവിശ്വസനീയത തോന്നാതിരുന്നില്ല. നടീനടന്മാരെ എവിടെ കണ്ടാലും ആളുകൾ തിരിച്ചറിഞ്ഞേക്കും. പക്ഷേ ഒരു സംവിധായകനെ അങ്ങനെ തിരിച്ചറിയണമെന്നില്ല. പ്രത്യേകിച്ച്, സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ, ഇതുപോലൊരു നാട്ടുമ്പുറത്തെ ഏറെക്കുറെ വിജനമായ വഴിയോരത്ത്......

 

ഇനി അങ്ങനെ തിരിച്ചറിഞ്ഞെങ്കിൽ - ആശ്ചര്യം തന്നെ. ഇത്തിരി അഹന്ത മനസ്സിൽ തോന്നിയില്ലെന്നു പറഞ്ഞാൽ കള്ളമായിപ്പോകും. ‘ആഹാ’ പറഞ്ഞ് വെറുതെ ചിരിച്ചു.

 

ഒന്നു പാളിനോക്കി. കറുപ്പിന്റെ നേർത്ത ബോർഡറുള്ള കടുംചുവപ്പുസാരി നന്നേ ഇണങ്ങുന്നുണ്ടെന്ന് മനസ്സിൽ തോന്നി. ഒപ്പം മറ്റൊന്നുകൂടി ശ്രദ്ധിച്ചു. ഒരു യാത്രയ്ക്കു വേണ്ട മിനിമം സാധനങ്ങളൊന്നും തന്നെ - ഒരു മൊബൈലോ പേഴ്സോ ഒന്നും - കയ്യിൽ കണ്ടില്ലല്ലോ. ചിലപ്പോൾ ചെറിയ ദൂരം പോകാനായതുകൊണ്ടാവും. എന്നാലും!

 

കയറ്റങ്ങളും ഇറക്കങ്ങളും തീരെയില്ലാത്ത റോഡിലൂടെ ചെറിയ വളവുകളും ഒറ്റപ്പെട്ട കടകളും പിന്നിട്ട് വണ്ടി ഓടിക്കൊണ്ടിരുന്നു. 

 

എന്തോ ഒരു ഗന്ധം അവർ കയറിയതു മുതൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. സുഗന്ധം എന്നങ്ങോട്ട് തീർത്തുപറയാൻ കഴിയാത്ത, വലിച്ചടുപ്പിക്കുന്ന പരിചിതമായ ഒരു ഗന്ധം - എന്താണെന്ന് തിരിച്ചറിയാനാവുന്നില്ല. എന്തുകൊണ്ടാണ് തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ചുറ്റും കറങ്ങിയിട്ടും ഓർമ്മകൾ ബോധമണ്ഡലത്തിലേക്ക് പ്രവേശിക്കാത്തതെന്ന് അതിശയത്തോടെ ഓർത്തു.

 

കൂടെയുള്ളത് ഒരു അപരിചിതയാണെങ്കിലും രണ്ടുപേർ മാത്രമുള്ള ആ യാത്രയിലെ മൗനം ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു.

 

എന്തെങ്കിലും ചോദിക്കണ്ടേ എന്നു കരുതി ചോദിച്ചു.

 

‘‘പേരെന്താണെന്ന് പറയുന്നതിൽ വിരോധമില്ലല്ലോ?’’

 

‘‘കുറച്ചു നേരത്തേയ്ക്കല്ലേ ഒപ്പമുണ്ടാവൂ, അതിനിടയ്ക്കൊരു പേരിന്റെ ആവശ്യമുണ്ടോ?’’

 

‘‘നമ്മൾ സംസാരിക്കുകയല്ലേ? എന്തെങ്കിലും വിളിക്കണ്ടേ?’’

 

‘‘അങ്ങനെ നിർബ്ബന്ധമുണ്ടെങ്കിൽ തത്കാലം ‘സമ’ എന്നു വിളിച്ചോളൂ.’’

 

‘‘അതെന്താ അങ്ങനെ? സ്ഥിരായിട്ട് ഒരു പേരില്ലേ?’’

 

‘‘അതുപോരേ? സമത്വം, സമഷ്ടി, സമദൂരം, സമസ്തപാപങ്ങളെയും വച്ചുകെട്ടാവുന്നവൾ, സമസ്താപരാധങ്ങളും പൊറുക്കുന്നവൾ,   പോരാത്തതിന് നിങ്ങളുടെ ഭാര്യ സത്യഭാമയിൽ, അതിലേറെ നിങ്ങൾ നെഞ്ചിലേറ്റി നടക്കുന്ന ‘സിനിമ’ യിലുമില്ലേ?’’

 

‘‘ശരിയാണ്. നമിച്ചു.’’ - ഏതെങ്കിലും അഭിമുഖത്തിലോ മറ്റോ സത്യഭാമയുടെ പേര് പരാമർശിച്ചിരുന്നോ എന്നാലോചിച്ചുകൊണ്ട് പറഞ്ഞു.

 

ഓർമ വന്നില്ലെങ്കിലും മറ്റൊന്നോർത്തു. ആ ഗന്ധം! അതൊരു ശീലമാണ്. കുഞ്ഞുനാൾ മുതൽ ഒരു പുസ്തകം കൈയിൽ കിട്ടിയാൽ - പഴയതോ പുതിയതോ ആകട്ടെ - ആദ്യം ചെയ്യുക തുറന്നു  മണത്തുനോക്കുകയാണ്. മണം ഇഷ്ടപ്പെട്ടാൽ പുസ്തകവും ഇഷ്ടം! വായനയെ ഹൃദയത്തോട് ചേർത്തു നിർത്തുന്നതിൽ മണത്തിനെന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ലെങ്കിലും പുസ്തകങ്ങളെ മണക്കുന്ന ശീലം ഒരിക്കലും ഉപേക്ഷിച്ചില്ല; പുസ്തകങ്ങളെന്നല്ല കൈയിൽ കിട്ടുന്നതെന്തും, അതു ഭക്ഷണമായാൽപോലും.  തിരക്കുകളിലെവിടെയോ മറന്നുവച്ച പുസ്തകങ്ങൾ!

 

ഇതെന്തൊരു സൃഷ്ടി എന്നാലോചിക്കുമ്പോഴേക്ക്  അടുത്ത ചോദ്യം വന്നു. ‘‘വംശിയെ കണ്ടില്ല അല്ലേ? അതുകൊണ്ട് ശ്രീലതയേയും  കാണുന്നില്ല എന്നു തീരുമാനിച്ചോ?’’

 

ഞെട്ടിപ്പോയി. തനിക്കും വംശിക്കും മാത്രമറിയാവുന്ന കാര്യം ഇവരെങ്ങനെ അറിഞ്ഞു?

 

‘‘സമ, വംശീടെ ആരാ? ഫ്രണ്ടാണോ?’’

 

‘‘അല്ല. അതവിടെ നിൽക്കട്ടെ. ഒരിക്കൽ വംശി പറഞ്ഞ ശ്രീലതയെന്ന പരിചയക്കാരിയുടെ കഥയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് അനിഷ്ടജീവിതത്തിൽ നിന്നു സ്വാതന്ത്ര്യത്തിലേക്ക് കൈവീശി ഇറങ്ങിപ്പോയവളുടെ സിനിമ നിർമ്മിച്ചത്. ഇപ്പോ അവൾ വെട്ടിപ്പിടിച്ച ആകാശങ്ങളെക്കുറിച്ച് അതിന്റെ രണ്ടാംഭാഗം എടുക്കാൻ തീരുമാനിച്ചപ്പോൾ, പലതും അന്വേഷിക്കുന്നതിനൊപ്പം, അവരുടെ ഇപ്പോഴത്തെ ജീവിതത്തെപ്പറ്റിയും അറിയണമെന്ന് നിങ്ങളാഗ്രഹിക്കുന്നു. അതല്ലേ ഈ യാത്രയുടെ ഉദ്ദേശ്യം?’’

 

കാർ നിർത്തിയിട്ട് ‘ഇറങ്ങിപ്പോകൂ’ എന്ന് പറയാനുള്ളത്ര ദേഷ്യം തോന്നിയെങ്കിലും എന്തുകൊണ്ടോ കഴിയുന്നില്ല; എന്താണിങ്ങനെ?

 

സമ തുടർന്നുകൊണ്ടിരുന്നു.

 

‘‘അന്നു നിങ്ങൾ കേട്ടത് ശ്രീലതയുടെ ഭൂതകാലമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങൾ സന്ദർശിക്കുന്നത് അവളുടെ വർത്തമാനത്തെയാണ്. അവിടെ അവൾ മാത്രമാകണമെന്നില്ല. അതവളെ എത്തരത്തിൽ ബാധിക്കുമെന്നും നിങ്ങൾക്കുറപ്പില്ല, ശരിയല്ലേ?’’

 

ഇവർ തന്റെ മനസ്സിലൂടെയാണോ ചിന്തിക്കുന്നത്? വംശി പോലും ചോദിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഇവരെങ്ങനെ പറയുന്നു?  സ്വകാര്യതകളിലേക്കുള്ള ഈ കടന്നുകയറ്റം തീരെ ഇഷ്ടപ്പെടുന്നുണ്ടായില്ല. സമ അതു ശ്രദ്ധിച്ചതേയില്ല.

 

‘‘നിങ്ങൾക്കു ദേഷ്യം വരുന്നുണ്ടാവാം. ഒരു കാര്യം ചെയ്യൂ,  ഈ വരവ് വെറുതെയാകണ്ട. എന്നെ വിശ്വസിച്ച് എന്റെ ഒപ്പം വരൂ. ഞാൻ നിങ്ങൾക്കു വേണ്ടതെല്ലാം കാട്ടിത്തരാം.’’

 

‘നിങ്ങളാരാണ് എന്റെ കാര്യങ്ങളിൽ ഇടപെടാൻ’ എന്നു മനസ്സ് ചോദിക്കുന്നുണ്ടായിരുന്നെങ്കിലും ചോദ്യം പുറത്തു വന്നില്ല. ആ ശബ്ദത്തിൽ, കണ്ണുകളുടെ തീക്ഷ്ണതയിൽ - അനുസരിപ്പിക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. ‘വേണ്ട’, ‘പറ്റില്ല’ എന്നൊന്നും പറയാൻ തോന്നിക്കാത്ത പോലെ.....

 

സമ നയിച്ച വഴികളിലൂടെ യാത്ര തുടർന്നു. ഭംഗിയുള്ള ഒരു വീടിനു മുമ്പിൽ കാർ നിന്നു. ഭർത്താവും ഭാര്യയും കുട്ടികളുമുള്ള വീട്. അവരുടെ സ്വീകരണം വളരെ ഹൃദ്യവും അന്തസ്സുറ്റതുമായിരുന്നു. സമയുടെ ബന്ധുക്കളോ പരിചയക്കാരോ ആണെന്നു തോന്നി. വീട്ടുവേഷത്തിൽ പുഞ്ചിരിയോടെ നിന്ന ആ വീട്ടമ്മയുടെ മുഖം എവിടെയോ കണ്ടുമറന്ന പോലെ.... ഓർമ്മ വീണ്ടും ചതിക്കുന്നു.

 

ചായയോടൊപ്പം ചൂടുള്ള ഇലയട കൊണ്ടുവച്ചപ്പോൾ വിസ്മയം കൊണ്ട് കണ്ണുകൾ വിടർന്നു! ഇലയട തന്റെ എക്കാലത്തെയും ദൗർബല്യങ്ങളിലൊന്നാണെന്ന് ഇവർക്കറിയാമോ? പോരെങ്കിൽ ആ സ്നേഹധനനായ ഭർത്താവ്, ‘‘ഇഷ്ടമാണല്ലോ - ഒരെണ്ണം കൂടെ കഴിക്കൂ’’ എന്ന് നിർബന്ധിക്കുകകൂടി ചെയ്തപ്പോൾ -

 

അവിടെനിന്നിറങ്ങി യാത്ര തുടരവേ സമയോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല - ‘‘നമ്മളെന്തിനാണ് അവിടെ കയറിയത്, ഒരു പരിചയവുമില്ലാത്തിടത്ത്? അവരുടെ പേരുപോലും ചോദിക്കരുതെന്ന് താൻ പറഞ്ഞിരുന്നതെന്തിനാ?’’

 

‘‘ഒരു പരിചയവുമില്ലാത്തവരെ കാണാൻ തന്നെയല്ലേ വന്നത്? പിന്നെ പേരുകൾ.... അതിനിവിടെ ഒരു പ്രസക്തിയുമില്ലതാനും.... അതുപോട്ടെ. എന്തു തോന്നി?’’

 

‘‘എന്തു തോന്നാൻ, സന്തോഷമായി ജീവിക്കുന്നൊരു ഫാമിലി. രണ്ടുപേരും വർക്കിങ്, പഠിക്കുന്ന കുട്ടികൾ. എന്താ കുഴപ്പം?’’

 

ശരിയെന്നോ അല്ലെന്നോ പറഞ്ഞില്ല. പകരം നിഷേധാർഥത്തിൽ തല ചലിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു ‘‘നിങ്ങൾക്ക് ഇലയട ഇഷ്ടമായിരുന്നു എന്നതുപോലെ തന്നെയായിരുന്നു സത്യഭാമയ്ക്ക് അവ ഇഷ്ടമല്ലായിരുന്നു എന്നതും. ചൂടോടെ ഇല വിടർത്തുമ്പോഴുള്ള ഗന്ധം എത്രത്തോളം നിങ്ങൾ ആസ്വദിച്ചിരുന്നോ അത്രത്തോളം തന്നെ അവൾ വെറുത്തിരുന്നു! സത്യഭാമ നിങ്ങളുടെ ഇഷ്ടങ്ങളെ മാത്രം പിൻപറ്റി നടന്നപ്പോൾ നിങ്ങൾക്കിടയിൽ പ്രണയം പൂത്തുലഞ്ഞുനിന്നു. അവൾ എപ്പോഴോ അവളുടെ ഇഷ്ടങ്ങളെക്കൂടി തിരിച്ചറിഞ്ഞുതുടങ്ങിയപ്പോൾ ആ പ്രണയം വറ്റിവരണ്ടുപോയി. അതിനർഥം നിങ്ങൾ യഥാർഥത്തിൽ അവളെയല്ല, അവളുടെ വിധേയത്വത്തെയാണ് പ്രണയിച്ചിരുന്നത് എന്നല്ലേ?’’

 

സത്യഭാമയെക്കുറിച്ചുള്ള പരാമർശങ്ങൾ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു..

 

‘‘അവളെ ഞാൻ സ്നേഹിച്ചിരുന്നില്ല എന്നൊരിക്കലും പറയരുത്’’ അതൊരു പിറുപിറുക്കലായിരുന്നു; സ്വയം വിശ്വസിപ്പിക്കാനുള്ളത്.

 

‘‘ഒരു കാര്യത്തിൽ നിങ്ങളെ ഞാൻ മതിക്കുന്നു വേദപ്രകാശ്, മനസ്സിലും ജീവിതത്തിലും അവൾക്കുള്ള ഇടം നിങ്ങൾ ഒഴിച്ചിട്ടിരിക്കുന്നു.’’

 

അതുകേട്ടപ്പോൾ പ്രിയാഞ്ജലിയെ ഓർമ്മ വന്നു; സജയന്റെ വാക്കുകളും. ‘‘എടാ നീയവടെ കണ്ണുകൾ ശ്രദ്ധിച്ചോ? എന്തോ ഒരു വശപ്പിശകില്ലേ? പ്രത്യേകിച്ചും നിന്റടുത്തു നിൽക്കുമ്പോ?’’

 

പ്രിയ തന്റെ രണ്ടു ഫിലിമുകളിലെ അഭിനേത്രി ആയിരുന്നു. ക്യാമറയ്ക്കു മുമ്പിൽ, അസാധാരണമായ തന്മയീഭാവത്തോടെ കഥാപാത്രത്തിലേക്ക് ഇഴുകിച്ചേരുന്ന അവളെ തനിക്കു വളരെ ഇഷ്ടവുമായിരുന്നു. പക്ഷേ ഓരോ സീനുകളെക്കുറിച്ചും വിശദീകരിച്ചു കൊടുക്കുന്നതും ശ്രദ്ധിച്ച് തനിക്കരുകിൽ നിൽക്കുമ്പോൾ അവൾ, നുണക്കുഴികളും കണ്ണുകളിൽ കുട്ടിത്തവുമുള്ള പത്തു വർഷം മുമ്പത്തെ അതേ ബാലതാരം തന്നെയായിരുന്നു. ആ കുട്ടിത്തമല്ലാതെ അവളുടെ കണ്ണിൽ മറ്റൊന്നും താൻ കണ്ടതുമില്ല.

 

മഞ്ഞവാകകൾ പൂത്തുനിൽക്കുന്ന വഴിയിലൂടെ സഞ്ചരിക്കവേ, സമ പറഞ്ഞു. ‘‘തോളിലൊരു പഴ്സും തൂക്കി, രണ്ടു കൈകളും വീശി നിങ്ങളുടെ സിനിമയിൽ നായികയ്ക്ക് സ്വാതന്ത്ര്യത്തിലേക്ക് നടന്നു പോകാൻ കഴിഞ്ഞത് അവളുടെ കാലുകളെ പിന്നോട്ടു വലിക്കുന്നതൊന്നും ഇല്ലായിരുന്നതുകൊണ്ടാണ്. അവിടംകൊണ്ട് അവളുടെ പ്രശ്നങ്ങൾ എല്ലാം തീർന്നെന്ന് നിങ്ങൾ കരുതിയോ?’’

 

സമയുടെ ശബ്ദം ഒരിളംകാറ്റുപോലെ നേർത്തിരുന്നു. അവളോട് തോന്നിയ വിരോധം, കാരണമില്ലാതെ അലിഞ്ഞു പോകുന്നത് അറിയുന്നുണ്ടായിരുന്നു. എവിടെനിന്നോ വലിഞ്ഞുകയറിവന്ന്, തന്റെ ജീവിതത്തിന്റെ അറിയാമർമ്മങ്ങളിൽ കുത്തിവലിക്കുന്ന ഒരാളായി തോന്നുന്നില്ല. ഈ ശബ്ദവും സാമീപ്യവും പിന്നിട്ട വഴികളിലെവിടൊക്കെയോ ഒപ്പമുണ്ടായിരുന്നപോലെ...

 

‘‘നിങ്ങളാ വീട്ടിൽ കണ്ടത് ശ്രീലതയെ അല്ല; അവളെപ്പോലെയുള്ള അനേകം പേരിലൊരാൾ. നിങ്ങളുടെ സിനിമയിൽ കൈയുംവീശി ഇറങ്ങിപ്പോയവളെ അങ്ങനെതന്നെയിരിക്കാൻ സമൂഹം സമ്മതിക്കുമോ? അവൾ എത്തപ്പെട്ടിടമാണ് നിങ്ങൾ കണ്ടത്. ‘എന്താ കുഴപ്പ’മെന്ന് നിങ്ങൾ ചോദിച്ചില്ലേ? ആ ചോദ്യം ചോദിപ്പിക്കുക എന്നതേ വേണ്ടൂ. ഇനി അതിനുള്ളിലെ അവൾ യഥാർഥത്തിൽ എന്താണെന്ന് നിങ്ങൾക്കു കാണണ്ടേ?’’

 

‘‘എന്തു യാഥാർഥ്യം? മറ്റുള്ളവർ കാണരുതെന്ന് ഒരാൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നമ്മൾ തലയിടേണ്ട കാര്യമുണ്ടോ?’’

 

‘‘വേദപ്രകാശ്, നിങ്ങൾ വെറുമൊരാളല്ലല്ലോ? സിനിമ നിർമ്മിക്കുന്നവനാണ് - അതും അവളുടെ ജീവിതത്തെക്കുറിച്ച്. ആ നിങ്ങൾ ജീവിതത്തിന്റെ ഉപരിതലക്കാഴ്ചകൾ മാത്രമല്ല, ആഴത്തിൽ സഞ്ചരിച്ച് അവിടത്തെ അടിയൊഴുക്കുകൾ കൂടി കാണേണ്ടവനാണ്. ’’

 

‘‘ശരി. എങ്ങനെ?’’

 

പൂക്കൾ കൊഴിഞ്ഞുകൊണ്ടിരുന്ന ഒരു മഞ്ഞവാകച്ചുവട്ടിൽ നിർത്തിയിട്ട കാറിൽ ഇരിക്കുകയായിരുന്നു അപ്പോൾ.

 

‘‘ഇനിയുള്ള കാഴ്ചകൾ ഉൾക്കണ്ണു കൊണ്ടു കാണണം വേദപ്രകാശ്. അതിന് സൂര്യപ്രകാശത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ അടച്ചുപിടിക്കുക’’

 

അവളെ അനുസരിക്കാൻ ഇപ്പോൾ മടിയൊന്നും തോന്നിയില്ല. എന്നു മാത്രമല്ല,  ഒരു കുട്ടിയെപ്പോലെ അവളുടെ അടുത്തിരിക്കാൻ എന്തു കൊണ്ടോ ആഗ്രഹിക്കുകയും ചെയ്തു. 

 

റാണിയേച്ചിയുടെ അടുത്തിരിക്കുന്ന പോലെ......

 

സത്യത്തിൽ അവർക്ക് ‘ചേച്ചി’ എന്നു വിളിക്കാനുള്ള പ്രായക്കൂടുതലൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ഒരു ശീലം കൊണ്ട് അങ്ങനങ്ങു വിളിച്ചുപോന്നു.

 

ഒരു നക്ഷത്രം പോലെ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ, അഭിനയ രംഗത്തു നിന്നും പെട്ടെന്നൊരുനാൾ പിൻതിരിഞ്ഞുപോയവൾ. അതുവരെ വാനോളം ഉയർത്തിയിരുന്നവരൊക്കെ ഒരു ദാക്ഷിണ്യവുമില്ലാതെ അപവാദങ്ങൾ പറഞ്ഞിട്ടും അവരതൊന്നും ശ്രദ്ധിച്ചതേയില്ല. കയ്യിലിരുന്ന വലിപ്പം കൂടിയ കാപ്പിക്കപ്പിൽ നിന്നും പൊങ്ങിയ ആവിക്കു പിന്നിൽ അവരുടെ വലിയപൊട്ടുതൊട്ട മുഖം ജ്വലിക്കുന്നുണ്ടായിരുന്നു. വാക്കുകൾക്കു വേണ്ടി തപ്പിത്തടയുമ്പോൾ അവർ പറഞ്ഞു ‘‘നീ പറഞ്ഞോടാ വേദാ, നിന്നെ എനിക്കിഷ്ടാ. കാരണം നീ നാവുകൊണ്ടല്ല ഹൃദയം കൊണ്ടാ എന്നെ ചേച്ചീന്നു വിളിക്കുന്നത്.’’ 

 

‘‘അല്ല ചേച്ചീ, തനിച്ചായകൊണ്ടല്ലേ മറ്റുള്ളോരിങ്ങനെയോരോന്ന് പറയാൻ ധൈര്യം കാണിക്കുന്നെ, ചേച്ചിക്കൊരു കൂട്ടുണ്ടായിരുന്നെങ്കിൽ...’’

 

ഒരു നിമിഷം സൂക്ഷിച്ചു നോക്കീട്ട് റാണിയേച്ചി ഒച്ചവച്ചുള്ള സ്വതസിദ്ധമായ ആ ചിരി ചിരിച്ചു ‘‘ഊന്നുവടികളൊക്കെ ഉണ്ടാകുമായിരുന്നെടാ വേദാ, പക്ഷേ അതൊക്കെ എപ്പോഴും പൂത്തു നില്ക്കുന്ന പൂമരങ്ങൾക്കു മാത്രമാ...’’

 

- സമ കൈത്തണ്ടയിൽ പിടിച്ചപ്പോൾ, വിരലുകൾ തൊട്ടിടം പൊള്ളുന്നപോലെ. ഉടലിനു ഭാരംകുറഞ്ഞ് പഞ്ഞിക്കെട്ടുപോലെ ഒരു മഞ്ഞ വെളിച്ചത്തിന്റെ ലോകത്തിലേക്ക് പ്രവേശിച്ചു. അടഞ്ഞ കണ്ണുകളിൽ സമയെയും അവൾ കാണിക്കുന്ന കാഴ്ചകളുമല്ലാതെ മറ്റൊന്നും കാണാനാവുമായിരുന്നില്ല. 

 

‘‘നിനക്കെന്തിനാ സ്വാതന്ത്ര്യം? തിന്നാനില്ലേ? ഉടുക്കാനില്ലേ? ആവശ്യങ്ങളൊക്കെ നടക്കണുണ്ട്.... അഹങ്കാരം അല്ലാണ്ടെന്താ?’’

 

അവളുടെ വിയർപ്പിന്റെ വില സ്വന്തം കീശയിലേക്കു തിരുകുന്നതിനിടയിൽ അയാളാക്രോശിക്കുമ്പോൾ ആ വീട്ടമ്മ, സ്വന്തം കാലിന്റെ അസഹ്യമായ വേദന സൗകര്യപൂർവം മറന്ന്, വയ്പുകാൽ അയാളുടെ കാൽമുട്ടിൽ വരുത്തിയ പാടുകളിൽ പുരട്ടുന്നതിനുള്ള തൈലം ഷെൽഫിൽ പരതുകയായിരുന്നു. ഏറെക്കാലം മുമ്പ് കമ്പിപൊട്ടിയ അവളുടെ വീണ, തുണിയിൽ പൊതിഞ്ഞുകെട്ടിയ ഒരു ജോടി ചിലങ്കയോടൊപ്പം അതേ ഷെൽഫിന്റെ മുകൾത്തട്ടിലെ മൂലയിൽ പൊടിപിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അല്പം മുമ്പ് , ‘ഒരെണ്ണം കൂടി കഴിക്കൂ’ എന്ന് നിർബ്ബന്ധിക്കുന്നിടത്തു കണ്ട ജലസമൃദ്ധമായ സ്നേഹനദി, അപ്പോൾ അഴുക്കുചാലിനേക്കാൾ മലിനവും ദുർഗ്ഗന്ധപൂരിതവുമായിരുന്നു.

 

‘‘അവളുടെ ആവശ്യങ്ങളുടെ പരിധി നിശ്ചയിക്കേണ്ടത് മറ്റൊരാളാണോ. അവൾ തന്നെയല്ലേ? രക്ഷപ്പെട്ടുകൂടെ?’’ തന്റെ ചോദ്യത്തിനു നേർക്ക് സമ കൂർപ്പിച്ചുനോക്കി. ആ നോട്ടത്തിന്റെ പൊരുൾ ‘അപ്പോൾ സത്യഭാമ?’ എന്നായിരുന്നു.

 

‘‘ഒരിക്കൽ സ്വാതന്ത്ര്യത്തിലേക്കു നടന്നുപോയവളാണ്. വീണ്ടും കൂട്ടിലടച്ചപ്പോൾ ഇനിയൊരിക്കൽക്കൂടി അവൾക്കതിനു കഴിയുമെന്നു കരുതുന്നുണ്ടോ? അവളുടെ ശരീരത്തിലേക്കു പ്രിയപ്പെട്ടവരെ ബന്ധിച്ചിരിക്കുന്ന അസംഖ്യം കാണാച്ചരടുകളില്ലേ? വേദനിപ്പിക്കാതെ അതിലൊന്നെങ്കിലും വേർപെടുത്താൻ കഴിയുമോ? ഈ രക്ഷപ്പെടൽ എന്നു പറയുന്നത് അത്ര ഈസിയല്ല വേദപ്രകാശ്, പലപ്പോഴും അത് അസാധ്യമോ അതിസങ്കീർണ്ണമോ ആണ്; പ്രത്യേകിച്ച് ആകാശം നഷ്ടപ്പെട്ട ഒരു രണ്ടാമൂഴക്കാരിക്ക്!’’

 

ഒന്നു നിശ്വസിച്ച് സമ മറ്റൊരു കാഴ്ചയിലേക്കു നയിച്ചു.

 

‘‘ഒരാളെക്കൂടി കാണണം. ആ ഇരിക്കുന്ന സ്ത്രീയെ കണ്ടോ?’’

 

- നിഴൽ മറച്ച മുഖത്തിന്റെ പാതി മാത്രമേ കാണാനാവുമായിരുന്നുള്ളു. അതു തന്നെ ഒരുതരം കല്ലിച്ച നിർവ്വികാരത നിറഞ്ഞതായിരുന്നു. ഇപ്പോഴും എവിടെയോ കണ്ടുമറന്ന, അതേ തോന്നൽ...

 

‘‘നിങ്ങളറിയും. അടുത്തയിടെ നഗരത്തിലെ പുസ്തകമേളയിൽ നിന്ന് കൗതുകപൂർവ്വം വാങ്ങിക്കൊണ്ടു പോയിട്ട് വായിക്കാതെ നിങ്ങളുടെ ബുക്ക് ഷെൽഫിൽ തിരുകിവച്ച പുസ്തകത്തിലുണ്ടവർ. 

 

ശരീരത്തിനൊത്ത് വളരാത്ത മനസ്സുമായി ജനിച്ച മകനോടൊപ്പം ജീവിതത്തിൽ തനിച്ചായിപ്പോയവൾ. അവനെ ഒറ്റയ്ക്കു വിട്ട് ഒരു തൊഴിലെടുക്കാൻ പോലും നിവൃത്തിയില്ലാതിരുന്നവൾ. പ്രാണനെക്കാൾ സ്നേഹിച്ച മകനെ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും മർദ്ദനങ്ങളിൽ നിന്നും സർവ്വോപരി വിശപ്പിൽ നിന്നും രക്ഷിക്കാൻ അവന്റെ പ്രാണനെടുത്തവൾ. അപ്പോൾ മാത്രം അവൾക്കു ചുറ്റുമുള്ളവർ ഉണർന്നു. ‘എന്റെ പിഴ, എന്റെ വലിയ പിഴ എന്നവളെക്കൊണ്ടു പറയിക്കാൻ - അവൾ കരഞ്ഞില്ല,  ഒരക്ഷരവും മിണ്ടിയില്ല, എങ്ങോട്ടും ഓടിപ്പോയുമില്ല.’’

 

ന്യായാധിപൻഅവളോടു ചോദിച്ചു - ‘‘നിന്റെ മകനാണെങ്കിലും ജീവിക്കാനവകാശമുള്ള ഒരു കുട്ടിയോട് നീയെത്ര വലിയ തെറ്റാണു ചെയ്തതെന്നറിയാമോ? അതിനു നീ എത്ര വലിയ ശിക്ഷ അർഹിക്കുന്നുവെന്നറിയാമോ?’’

 

- വളരെ സാവധാനം അവൾ ശബ്ദിച്ചു. ‘‘അവനോട് ഞാൻ ചെയ്ത ഏക ശരിയായിരുന്നു അത്. അതിന് പരമാവധി ശിക്ഷ എനിക്കെപ്പോഴേ കിട്ടിക്കഴിഞ്ഞു - അവനില്ലാതെ ഞാൻ ജീവിച്ചിരിക്കുന്നു എന്ന ശിക്ഷ..’’ സമ കിതച്ചു.

 

- ശ്വാസഗതിക്കു കുറുകെ ഒരു വിങ്ങൽ വീണു തടഞ്ഞുകിടന്നു. വിശപ്പിന്റെ ഉഷ്ണവേനൽ, ഒരു പാത്രം കപ്പപ്പുഴുക്കും അതിനു പിന്നിലെ കണ്ണീരു കല്ലിച്ച കണ്ണുകളും ഓർമ്മവന്നു. വറുതിയുടെ കാലത്ത് മകനെ ചേർത്തു പിടിക്കുകയും, അവന്റെ സമൃദ്ധിയുടെ കാലത്ത് തിരികെ ചേർത്തു പിടിക്കാൻ(ഭാരമാകാനും) അവസരം കൊടുക്കാതെ ഒരുറക്കത്തിൽ കടന്നുപോകയും ചെയ്ത അമ്മയുടെ ഛായയാണ് ഈ കണ്ട മുഖങ്ങളിലെല്ലാമെന്ന് എന്തേ തിരിച്ചറിഞ്ഞില്ല?

 

സമ അപ്പോഴും പറയുകയായിരുന്നു -

 

‘‘സ്വാതന്ത്ര്യത്തിന്റെ ആകാശത്ത് വിഹരിക്കുന്ന ഒരുപാടുപേരെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. പക്ഷേ ഇവരെപ്പോലെ യഥാർഥത്തിൽ വിമോചനം അർഹിക്കുന്ന അനേകർക്ക് ഇപ്പോഴും അതെത്രയോ അകലെയാണ്. ഉദാരതയും സ്നേഹിക്കാനുള്ള മനസ്സും ചൂഷണം ചെയ്യുന്ന സിസ്റ്റം അന്നും ഇന്നും അവളുടെമേൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?’’

 

ചുറ്റും പടരുന്ന, അറിയപ്പെടുന്ന എല്ലാ വൈറസിനെക്കാളും മാരകമായി ഉള്ളിൽ പ്രവേശിച്ച്, ഇമോഷണൽ ബ്ലാക് മെയിലിംഗ് ഉൾപ്പെടെയുള്ള പലതരം പ്രവർത്തനമേഖലയിലൂടെ അതിവിദഗ്ദ്ധമായി അവളുടെ അകത്തും പുറത്തുമുള്ള എല്ലാ ഇമ്യൂണിറ്റിസിസ്റ്റത്തേയും തകർത്തുകളയുന്നു. എന്തിനധികം, കണ്ണുനീർ ഗ്രന്ഥികളെവരെ ഇല്ലാതാക്കുന്നു.  

 

സദാ കണ്ണീരൊലിപ്പിച്ചിരിക്കുന്ന ട്രെഡീഷണൽ ദുരന്തനായികമാരെയല്ലേ നിങ്ങൾക്കു പരിചയമുള്ളു? 

 

ഇപ്പോ പെണ്ണുങ്ങളൊന്നും അങ്ങനെയല്ല വേദപ്രകാശ്.... നല്ല ഭംഗിയായി ചിരിച്ചുകൊണ്ടിരിക്കും. ആ ചിരിയുടെ മുഖാവരണം അവളുടെ ജീവിതാവസാനം വരെ ധരിക്കാനുള്ളതാണ്.

 

അവളുടെ ശബ്ദത്തിൽ ആഴത്തിൽ പതിഞ്ഞ വേദനയുണ്ടായിരുന്നു. ‘‘എല്ലാ കഥകൾക്കും ഒരെൻഡ് ഉണ്ടാകണമെന്നില്ല. മാറിനിന്നു കാണുന്നവർ ഓരോരുത്തരും ഓരോ അവസാനങ്ങൾ സ്വന്തമായി സങ്കൽപ്പിക്കേണ്ടി വരും. 

 

നിങ്ങളുടെ പുസ്തകഷെൽഫിന്റെ അരികിൽ ചെന്നുനിന്ന് ഒന്നു ചെവിയോർക്കൂ. തടിച്ച പുറംചട്ടയുള്ള ഇതിഹാസങ്ങൾക്കുള്ളിൽനിന്നു പോലും കേൾക്കാം കണ്ണീരില്ലാത്ത നിലവിളിയൊച്ചകൾ. എന്തു രാജനീതിക്കു വേണ്ടിയാണെങ്കിലും നിന്നെ ഞാൻ അവിശ്വസിക്കില്ല, അവഗണിക്കില്ല, അപമാനിക്കില്ല എന്നൊരു വാക്കിനാൽ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒഴിവാക്കപ്പെടുമായിരുന്ന എത്രയോ മഹാശാപങ്ങൾ, മഹായുദ്ധങ്ങൾ! 

 

നിങ്ങളുടെ തട്ടകം സിനിമയാണല്ലോ? കഴിയുമോ അതിലൂടെ അവളുടെ പച്ചയായ ജീവിതം തുറന്നുപറയാൻ? ധൈര്യമുണ്ടോ അവളുടെ മനസ്സിനേയും ശരീരത്തേയും ഒരുമിച്ചൊന്നു രക്ഷപ്പെടുത്താൻ?’’

 

സമ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ഒച്ച ചീളുകളായി ചിതറിത്തെറിച്ച്  തുളച്ചിറങ്ങിയപ്പോൾ കൈകൾകൊണ്ട് ചെവികൾ അടച്ചുപിടിച്ചു. എത്രയോ നേരം! പിന്നെപ്പോഴോ അടച്ചുവച്ച കൺപോളകളെ അവളുടെ അനുവാദത്തിനു കാത്തുനിൽക്കാതെ വലിച്ചുതുറന്നപ്പോൾ വിയർപ്പുകൊണ്ട് നനഞ്ഞു കുതിർന്നിരുന്നു. അപ്പോൾ, മഞ്ഞവാകച്ചുവട്ടിൽ, കാറിനുള്ളിൽ സമ ഉണ്ടായിരുന്നില്ല. കാഴ്ചയെത്തുന്ന ദൂരത്തെങ്ങും അവളെ കണ്ടില്ല. ‘സമ’ എന്നുറക്കെ വിളിച്ചുകൊണ്ട് പുറത്തിറങ്ങി അവിടെയാകെ നോക്കി.

 

അവൾ എവിടെ പോയിരിക്കും? മാഞ്ഞു പോകുമോ? 

 

ഒടുവിൽ തിരികെ കാറിൽ കയറി വണ്ടിയിലിരുന്ന കുപ്പിവെള്ളത്തിന്റെ മുക്കാൽ ഭാഗവും ഒറ്റയടിക്കു കുടിച്ചു. മുമ്പ്, അവൾ വന്നപ്പോളെന്നപോലെ ഡോറിൽ തട്ടി വിളിച്ചേക്കുമെന്ന് പ്രതീക്ഷിച്ച് കുറച്ചു നേരം കൂടി കാത്തെങ്കിലും പ്രയോജനമുണ്ടായില്ല.

 

*********   ***********    **********    **********

 

കോളിംഗ് ബെല്ലിന്റെ അരോചകമായ ശബ്ദം തുടർച്ചയായി കേട്ട് ഉണർന്നെങ്കിലും എഴുന്നേറ്റു ചെല്ലാൻ ക്ഷീണം അനുവദിച്ചില്ല.

 

‘‘വേദാ, എടാ വേദാ...’’ സജയന്റെ വിളിയൊച്ച.

 

‘‘എടാ ദേ ഡോർ ലോക്കു ചെയ്തിട്ടില്ല.’’ വാതിൽ തള്ളിത്തുറന്നുകൊണ്ട് ശ്യാം പറഞ്ഞു. 

 

‘‘ ആഹാ, ബെസ്റ്റ്! റൂമിൽ വരെ നടന്നുപോകാൻ പോലും മെനക്കെടാതെ ആളിവിടെ സെറ്റിയേത്തന്നെ കെടപ്പ്ണ്ട്. ’’

 

‘‘എന്തൊരു കെടപ്പാ വേദാ ഇത്. നിന്റെ കെട്ടുവിട്ടില്ലേ?  രാത്രി നീ ഗേറ്റും ഡോറും ഒന്നും ലോക്കുചെയ്യാതെ സെറ്റിയേലാണോ കെടന്നെ? ഇതാ വീട്ടിൽ ഭാര്യയില്ലേലൊള്ള കൊഴപ്പം! എന്റെ പൊന്നു വേദപ്രകാശാ, വേഗം ചെന്ന് പെണക്കം എന്താന്നെച്ചാ പറഞ്ഞുതീർത്ത് സത്യഭാമേ വിളിച്ചോണ്ടുപോന്നോണം കേട്ടോ.’’

 

എഴുന്നേറ്റ് സെറ്റിയിൽതന്നെ  ഇരുന്നു.

 

‘‘എനിക്കൊരു കുഴപ്പോമില്ല. രാവിലെ എന്താ രണ്ടുപേരും കൂടെ? അതുപറ.’’

 

‘‘നിന്റെ ഫോണിനെന്തു പറ്റി? വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ? നീ ഇന്ന് വംശിയേം കൂട്ടി ആരാണ്ടെ കാണാൻ പോവാന്നും, പോയിവന്നിട്ടു വേണം വൈകിട്ട് മഹീന്ദ്രൻ സാർ വിളിക്കുമ്പോ സജഷൻസു പറയാനെന്നും ഒക്കെ പറഞ്ഞിരുന്നതല്ലേ? വേഗം റെഡിയായി പോകാന്നോക്ക്...’’

 

‘‘ഞാനിന്നലെ പോയിട്ടു വന്നല്ലോ! അവിടെച്ചെന്നപ്പോ വംശി സ്ഥലത്തില്ല. എന്നാലും പോയി, കാണേണ്ടവരെ കാണുകേം ചെയ്തു...’’

 

‘‘നിനക്കു സത്യത്തി വട്ടാണോ വേദാ? ഇന്നലെ സന്ധ്യവരെ ഡിസ്കഷനുമായിട്ട് നമ്മളിവിടെ ഒന്നിച്ചല്ലാരുന്നോ? ഞങ്ങളു പോകുമ്പത്തന്നെ നീ നല്ലപോലെ ഫിറ്റാരുന്നു; നീ മാത്രോല്ല ഞങ്ങളും. ആ നീയാണോ പിന്നെ രാത്രീ പത്തമ്പതു കിലോമീറ്റർ വണ്ടിയോടിച്ചുചെന്ന് - അവിടുന്ന് പിന്നേം എങ്ങാണ്ടൊക്കെ പോയേച്ച് തിരിച്ചുംവന്ന് ഇവിടിപ്പം കിടക്കുന്നേ?’’ സജയൻ ചോദിച്ചു.

 

‘‘സജയാ, അവൻ നമ്മളു പോയിക്കഴിഞ്ഞ് പിന്നേം വലിച്ചുകേറ്റിക്കാണും. ഒറ്റയ്ക്കല്ലേ? ആരാ ചോദിക്കാൻ? അതാ കാര്യം.’

 

‘‘അല്ല ശ്യാം, നിങ്ങൾ രണ്ടു പേരും കേൾക്ക്, ഞാനിതിവിടെ ഡ്രോപ് ചെയ്താലോന്ന് ആലോചിക്കുവാ...’’

 

‘‘നീയെന്താ വേദാ ഈ പറയുന്നെ? സിനിമേടെ രണ്ടാംഭാഗം ഒടനേയൊണ്ടെന്ന് ലോകം മുഴുവൻ കൊട്ടിഘോഷിച്ച് ഇത്രേംവരെ കൊണ്ടെത്തിച്ചിട്ട് ഇപ്പം വേണ്ടന്നുവയ്ക്കാമ്മാത്രം എന്താണ്ടായേ? നിനക്കെന്താ പറ്റിയെ?’’ അന്തംവിട്ടായിരുന്നു ശ്യാമിന്റെ ചോദ്യം.

 

‘‘എനിക്കൊന്നും പറ്റിയതല്ല. ഇപ്പം ഇതു ചെയ്യണ്ട, എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നൊരു തോന്നൽ.’’

 

‘‘എടാ ഫിനാൻസ് ഒരു പ്രശ്നേയല്ലെന്ന് നീതന്നല്ലേ പറഞ്ഞെ? ഇനി അതല്ല, ഇൻവെസ്റ്റ് ചെയ്യാനാണെങ്കി എത്ര പേര് വേണം?!’’

 

‘‘അതൊന്ന്വല്ല ശ്യാം. ആ സിനിമ ആവശ്യപ്പെടുന്നതെന്താണോ ആ ലക്ഷ്യത്തോട് നീതി പുലർത്താൻ കഴിയില്ല എന്നൊരു തോന്നൽ. ഇനി എടുത്താലും, ഒരു നല്ല ക്ലൈമാക്സ് കണ്ടെത്താൻ പ്രയാസമാണ്.’’

 

‘‘അതൊക്കെ സ്ക്രിപ്റ്റ് റൈറ്റർ മഹീന്ദ്രൻ സാർ റെഡിയാക്കിക്കോളുല്ലോ. നിനക്കു തൃപ്തിയാകുന്ന ഒരു ക്ലൈമാക്സ് പുള്ളി പറഞ്ഞുതരില്ലേ? ആൾ പുലിയല്ലേ? ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം!!’’

 

 

നിഷേധാർഥത്തിൽ തലയാട്ടി. ‘‘ഇല്ല, അയാക്കു പറ്റില്ല, ഒരു പക്ഷേ അവൾ തന്നെ പറയണമായിരുന്നു..’

 

‘‘ഏതവൾ? എടാ സജയാ, ഇവന് കാര്യായ എന്തോ തകരാറുണ്ട്.’’

 

‘‘എനിക്കറിയത്തില്ല. എടാ വേദാ എന്തായാലും നീയാദ്യം പോയി വിസ്തരിച്ച് ഒന്നു കുളിച്ച് ഫ്രഷാക്. എന്നിട്ട് സ്ട്രോങ്ങായിട്ട് ഒരു ബ്ലാക്ടീയൊക്കെ ഇട്ടുകുടിക്ക്. തലയ്ക്ക് വെളിവുവീഴട്ട്. എന്നിട്ട് പോയിട്ട് വാ. ഞങ്ങൾ വൈകിട്ട് വരാം.’’

 

- അവർ പോയി. അവരോട് ഒന്നും വിസ്തരിച്ചു പറഞ്ഞിട്ട് കാര്യമില്ല: പ്രത്യേകിച്ചും സമയെക്കുറിച്ച് .. വിശ്വസിക്കില്ല. 

 

അതേപോലൊരു നേരിയകറുപ്പു ബോർഡറുള്ള കടുംചുവപ്പുസാരി സത്യയുടെ അലമാരയിലുമുണ്ടാവും... ഒരു പിറന്നാൾ സമ്മാനമായി ചെന്നൈയിൽ നിന്നും താൻ വാങ്ങിക്കൊണ്ടുവന്നു കൊടുത്ത, അവൾക്കൊരുപാട് ഇഷ്ടമുണ്ടായിരുന്ന,സാരി..

 

ചുറ്റും നോക്കി. ഓരോ കോണിലും സത്യഭാമയുടെ അഭാവം നിറഞ്ഞുനിൽക്കുന്ന വീട്.... 

 

മനസ്സിന്റെ തിരശ്ശീലയിലൂടെ ഓരോ രംഗങ്ങളും തെളിഞ്ഞു മായുന്നുണ്ടായിരുന്നു -

 

പ്രണയനാളുകളിലെങ്ങോ മഞ്ഞപ്പട്ടുപാവാടയിൽ അതീവസുന്ദരിയായിരുന്ന സത്യ...

 

എന്നും തന്റെ മനസ്സിലെ സിനിമാസ്വപ്നങ്ങളുടെ പങ്കുപറ്റിയിരുന്നവൾ -

 

രണ്ടു പേരുടെയും പേരു ചേർത്ത് സത്യപ്രകാശ് പ്രൊഡക്ഷൻസ് എന്ന പേരിടണമെന്നുപോലും ആഗ്രഹിച്ചവൾ.

 

ജീവിതത്തിൽ ഒരുമിച്ചശേഷം പിന്നെ തിരക്കുകളായതും ആ തിരക്കുകളിലെപ്പോഴോ അവളുടെ സ്നേഹത്തേയും അവളെത്തന്നെയും സൗകര്യപൂർവ്വം മറന്നതും ആ മറവി ഒരു ശീലമായപ്പോൾ അവൾ അവളുടെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയതുമെല്ലാം...

 

‘എന്റെ വീട്ടിൽ എനിക്കിഷ്ടമുള്ളതേ നടക്കൂ’ എന്ന ഒരൊറ്റ അലർച്ചയിൽ അവസാനിപ്പിക്കണമായിരുന്നോ എല്ലാം?

 

വേദപ്രകാശ് എന്ന സാധാരണക്കാരൻ നാലുപേരറിയുന്ന ഒരു സിനിമാക്കാരനായതിന്റെ പിന്നിലെ ശക്തിയായി അവളുമുണ്ടായിരുന്നു എന്ന് എപ്പോഴാണ് മറന്നത്?

 

അഥവാ, ഇനി ശ്യാമും സജയനും പറഞ്ഞതുതന്നെയാണോ നേര്?

 

കൂട്ടിയും കിഴിച്ചുമുള്ള ചിന്തകൾക്കൊടുവിൽ തീരെ അപ്രധാനമല്ലാത്ത ഒരു തീരുമാനത്തിലേക്ക് മനസ്സുറപ്പിക്കുമ്പോഴാണ് കൈത്തണ്ടയിലൊരു ചുവന്ന വിരൽപ്പാട് ശ്രദ്ധയിൽപ്പെടുന്നത്. ജനാലക്കാഴ്ചയിൽ പോർച്ചിൽ കിടക്കുന്ന കാറിൽ ഫ്രണ്ട്ഗ്ലാസിനോട് ചേർന്ന് രണ്ടുമൂന്നു മഞ്ഞവാകപ്പൂക്കൾ അപ്പോഴും പറ്റിക്കിടപ്പുണ്ടായിരുന്നു. 

 

Content Summary: Sama, Malayalam short story written by Simple Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com