ADVERTISEMENT

ഹൃദയത്തിൽ നിന്നൊരു പുഞ്ചിരി (കഥ)

 

അച്ഛനെയും അമ്മയെയും ധിക്കരിച്ചു പ്രണേവിന്റെ കൂടെ കൈ പിടിച്ചു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും മാളുവിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വീട്ടുകാർ അവൾക്കു വേണ്ടി മറ്റൊരു കല്യാണാലോചന കൊണ്ടു വന്നപ്പോളാണ് പ്രണേവിനോട് അവരുടെ കാര്യത്തിൽ എന്തെങ്കിലും പെട്ടെന്നു തീരുമാനമെടുക്കണമെന്നവൾ പറഞ്ഞത്. മൂന്നു വർഷത്തെ പ്രണയം അത്ര പെട്ടെന്ന് മനസ്സിൽ നിന്നും പറിച്ചു കളയാൻ അവൾ ഒരുക്കമല്ലായിരുന്നു.

 

കോളേജിൽ സ്ഥിരം പോകാറുള്ള പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രണേവ്. മൂന്ന് വർഷം എന്നും തുടർച്ചയായി മുൻ സീറ്റിലിരുന്നുള്ള അവളുടെ ആ യാത്ര ഒരു പ്രണയത്തിലേക്കു മൊട്ടിട്ടു വളരാൻ അധികം സമയം വേണ്ടി വന്നില്ല. ഡിഗ്രി കഴിഞ്ഞു ചെറിയൊരു കംപ്യൂട്ടർ കോഴ്സിന് ചേർന്നു ദിവസങ്ങൾ മുന്നോട്ടു നീക്കുമ്പോളാണ് അച്ഛന്റെ വക കല്യാണ ആലോചനകൾ നോക്കാൻ തുടങ്ങിയത്. അതിങ്ങനെയും അവസാനിച്ചു.

 

പ്രണേവിന്റെ വീട്ടിൽ അസുഖം വന്ന് കിടപ്പിലായ അമ്മ മാത്രമേയുള്ളു. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു പോയ പ്രണേവ് ഒറ്റ മകനാണ്. രജിസ്റ്റർ മാര്യേജ് ചെയ്തു മാളുവിനെ ആ വാടക വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ അവന്റെ കുറച്ച് അടുത്ത സുഹൃത്തുക്കളും മാമന്റെ മക്കളായ രണ്ട് ചേട്ടന്മാരും മാത്രമേ കൂടെ നിൽക്കാൻ ഉണ്ടായിരുന്നുള്ളു.

 

ആ വീട്ടിലേക്കു കയറുമ്പോളും മാളുവിന്‌ ഒരു സങ്കടവും ഉണ്ടായിരുന്നില്ല. താലി കെട്ടിയ പ്രണേവിനെക്കാൾ വലുതല്ലായിരുന്നു അവൾക്കു പണവും വലിയ വീടുമൊന്നും. അത് കൊണ്ട് തന്നെ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന മട്ടിലായിരുന്നു അവരുടെ സന്തോഷപ്രദമായ ജീവിതം. മൂന്നു വർഷം അതു പോലെ തന്നെ കടന്നു പോയി. ഒരു മോളും അതിനിടക്ക് അവൾക്കു ജനിച്ചു.

 

അങ്ങിനെയിരിക്കെയാണ് എന്നും പോകുന്ന റൂട്ടിലെ ബസ്സിൽ ആള് കുറഞ്ഞു തുടങ്ങിയപ്പോൾ പ്രണേവ് വേറൊരു ബസ്സിലേക്ക് മാറിയത്. ലോങ്ങ്‌ റൂട്ട് ആയിരുന്നു. കണ്ണൂർ-തൃശൂർ റൂട്ടിലായതുകൊണ്ട് വീട്ടിൽ എന്നും വരാൻ പറ്റാതെയായി. എങ്കിലും ആഴ്ചയിലൊരിക്കൽ അവൻ മാളുവിനെയും മോളെയും കാണാൻ മുടങ്ങാതെ വരും.

 

കഴിഞ്ഞ തവണ വന്നപ്പോൾ അവൾക്കിഷ്ടപ്പെട്ട ചിക്കൻ ബിരിയാണിയുമായാണ് അവൻ വന്നത്. അന്ന് രാത്രി അതൊരുമിച്ചു കഴിച്ചു കിടക്കുമ്പോൾ അവന്റെ അരികിലേക്ക് ചേർന്നു കിടന്ന് അവൾ ചോദിച്ചു

 

‘‘രാപ്പകലില്ലാതെ ഏട്ടൻ ഈ ഓട്ടം ഓടുന്നതൊക്കെ എനിക്കും മോൾക്കും വേണ്ടിയല്ലേ...? അമ്മക്ക് ഇടയ്ക്കു അസുഖത്തിനുള്ള അല്പം മരുന്ന് മതി. എന്നാലും എനിക്ക് കൂടി ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ഏട്ടന്റെ ഈ ബുദ്ധിമുട്ടുകൾ കുറയുമായിരുന്നു അല്ലേ..?’’

 

പ്രണേവ് നീണ്ടൊരു നെടു വീർപ്പിട്ടു. എന്നിട്ടു പറഞ്ഞു ‘‘മാളു.. നീ പറഞ്ഞതൊക്കെ ശരി തന്നെയാണ്. എന്നാലും നമ്മുടെ മോൾ ചെറുതല്ലേ.. പിന്നെ അമ്മയ്ക്കും വയ്യാ.. ഈ ഒരു അവസ്ഥയിൽ നീ കൂടി ജോലിക്ക് പോയാൽ പിന്നെ ഇവരുടെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും..? അത് കൊണ്ട് തൽക്കാലം എന്റെ പോന്നു മോള് ജോലിക്കൊന്നും പോകണ്ട കേട്ടോ... നമ്മുടെ മോൾ അല്പം കൂടി വലുതായിക്കോട്ടെ.. എന്നിട്ടു നമുക്ക് അതിനെ കുറിച്ച് ആലോചിക്കാം. അത് വരെ ഈ വീട്ടിൽ ആരും പട്ടിണി കിടക്കില്ല.. എനിക്ക് ജീവൻ ഉള്ള കാലത്തോളം.. അത് പോരെ..??’’

 

അവൾ ചെറുതായൊന്നു ചിരിച്ചു. മോളുടെയും അമ്മയുടെയും കാര്യത്തിലുള്ള അവന്റെ ശ്രദ്ധ കണ്ടപ്പോൾ പിന്നെ അവളുടെ ആഗ്രഹം അവൾ മനസ്സിൽ മൂടി കെട്ടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.

 

ദിവസങ്ങൾ വീണ്ടും കടന്നു പോയി.

 

ഒരു ദിവസം മോളെയും കളിപ്പിച്ച് ഉച്ച സമയത്ത് ഉമ്മറത്ത് മാളു ഇരിക്കുമ്പോളാണ് വീടിന്റെ മുറ്റത്തേക്കൊരു ആംബുലൻസ് കടന്നു വന്നത്. അതിന്റെ പിന്നിൽ ഒരു കാറിൽ പ്രണേവിന്റെ കുറച്ചു സുഹൃത്തുക്കളും കൂടെ വന്നു.

 

മോളെ താഴെ വെച്ചു മാളു ആംബുലൻസിലേക്ക് ഭയത്തോടെ നോക്കി.

 

അവളെന്താണോ ഭയന്നത് അത് തന്നെ സംഭവിച്ചു. കാറിൽ വന്ന കൂട്ടുകാർ ആംബുലൻസിന്റെ പിന്നിലെ വാതിൽ തുറന്നു. അതിൽ നിന്നും വെള്ള പുതപ്പിച്ച പ്രണേവിന്റെ ശരീരം അവർ ആ മുറ്റത്തേക്ക് ഇറക്കി. ഒരു മാത്ര ആ മുഖത്തേക്ക് നോക്കിയതേ ഉള്ളൂ മാളു. അപ്പോൾ തന്നെ മുറ്റത്തവൾ തല കറങ്ങി വീണു.

 

********   *******   *******    ******

 

വിളക്ക് കത്തിച്ചു വെച്ച്, അവന്റെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ അവൾ ഒരു പ്രതിമയെ പോലെ മനോനില തെറ്റി കുഞ്ഞിനെയും പിടിച്ചിരുന്നു. അവളൊന്ന് നില വിളിക്കുകയോ കരയുകയോ ചെയ്‌തില്ല. മരിച്ചു കിടക്കുന്ന അവന്റെ മുഖത്തേക്ക് മാത്രം നോക്കി അങ്ങനെ ഒരേ ഇരിപ്പാണ്.

 

അവളുടെ മടിയിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങി കരയുന്ന കുഞ്ഞിനെ അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ് എടുത്തു പുറത്തേക്കു കൊണ്ട് പോയി കരച്ചിൽ നിർത്തിയത്. അവന്റെ ശരീരം പൊതു ശ്മശാനത്തിലേക്കു എടുത്തപ്പോൾ മാത്രം സർവ നിയന്ത്രണങ്ങളും വിട്ട് അവൾ അലറി കരഞ്ഞു. ആ കരച്ചിൽ പിന്നീട് നേർത്തൊരു തേങ്ങലായി കുറേ നേരത്തിനു ശേഷം അവസാനിച്ചു.

 

അപ്പോൾ അവിടുന്നാരോ വന്ന ഒരാളോട് പറയുന്നുണ്ടായിരുന്നു. ‘‘നല്ലൊരു പയ്യനായിരുന്നു. ട്രിപ്പ്‌ മുടങ്ങണ്ട എന്ന് വിചാരിച്ചു മരണ പാച്ചിലല്ലേ ഈ ബസ്സുകാർ തമ്മിൽ. ഒരു മിനിറ്റ് വൈകിയാൽ അപ്പോൾ അടിയാണ് അടുത്ത ബസ്സുകാരുമായി. അങ്ങിനെ ഒരു പാച്ചിലിൽ ഒരു കാറിനെ ഓവർ ടേക്ക് ചെയ്തപ്പോൾ മുന്നിൽ വന്ന വേറൊരു ബസ്സുമായി കൂട്ടിയിടിച്ചതാ. പാവം, അപ്പോൾ തന്നെ തീർന്നു. കഷ്ടമായി പോയി..!!’’

 

മകന്റെ വേർപാട് കൂടിയായപ്പോൾ അവന്റെ അമ്മ മാനസികമായി ഒന്നൂകൂടി തളർന്നു. വരുമാനം നിന്നത്തോടെ വീട്ടിൽ പണത്തിന് ആവശ്യം വന്നു തുടങ്ങി. അരിയും പച്ചക്കറിയും വാങ്ങാൻ വരെ പണമില്ലാത്ത അവസ്ഥ വന്നു മാളുവിന്‌. കൂടെ അമ്മയുടെ മരുന്നിനുള്ള പൈസയും. ആദ്യമാദ്യം അയൽ വീട്ടുകാരുമായും അവന്റെ കൂട്ടുകാരുടെ പക്കൽ നിന്നുമൊക്കെ അവൾ കടം വാങ്ങി. പിന്നെ എത്ര എന്ന് വെച്ചാ.. വീണ്ടും ചോദിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.

 

ഒരിക്കൽ ഒരൊറ്റ രൂപ പോലും കയ്യിൽ എടുക്കാൻ ഇല്ലാത്ത അവസ്ഥ വന്നപ്പോൾ അവൾ മോളെയും കയ്യിൽ പിടിച്ചു കരഞ്ഞു പോയി. വിഷമങ്ങൾ പങ്കു വെക്കാൻ ആരുമില്ലാതെ അവളുടെ മനസ്സിന്റെയും താളം തെറ്റാൻ തുടങ്ങി. ഒറ്റയ്ക്കൊരു പെൺകുട്ടി ജീവിക്കുന്നത് കണ്ടപ്പോൾ രാത്രി കാലങ്ങളിൽ വീടിന്റെ അടുത്തൂടെ നടന്നു പോകുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം ചൂളം വിളിയും ജനലിൽ മുട്ടലും റോഡിലൂടെ നടക്കുമ്പോൾ അശ്ലീല ചുവയുള്ള കമന്റുകളുമായി കൂടി വന്നു. അവളതൊന്നും വക വെക്കാതെ ധൈര്യത്തോടെ തന്നെ അരിവാൾ തലയണക്കു അടിയിൽ വെച്ച് രാത്രികൾ നീക്കി.

 

എല്ലാ രാത്രിയിലും പ്രണേവിന്റെ കാക്കി ഷർട്ട് അവൾ ധരിച്ചു കിടക്കും. എന്തൊക്കെ പ്രശ്നം വന്നാലും അവളിപ്പോളും അവന്റെ കൈകൾക്കുള്ളിൽ സുരക്ഷിതയാണ് എന്നൊരു ചിന്ത അപ്പോളവൾക്കു തോന്നും. അവൾക്കു ചുറ്റും ഇപ്പോളും അവന്റെ ആത്മാവ് രണ്ടു കൈ കൊണ്ടും പൊതിഞ്ഞിട്ടുണ്ട് എന്നവൾ സ്വയം മനസിനെ സമാധാനിപ്പിക്കും.

 

ദാരിദ്യം അവളെ വേട്ടയാടി തുടങ്ങി. കയ്യിൽ നയാ പൈസയില്ല എന്തേലും വാങ്ങാൻ. വീട്ടിൽ ഒരു അരിമണി പോലുമില്ല ചോറ് വെക്കാൻ. കിണറിലെ വെള്ളം കുടിച്ചു ഒരു ദിവസം അവൾ വൈകുന്നേരം വരെ വിശപ്പടക്കി പിടിച്ചു. എന്നിട്ടും താങ്ങാൻ പറ്റിയില്ല. അവസാനം കട്ടിലിന്റെ അടിയിലെ പെട്ടിയിൽ മടക്കി വെച്ചിരുന്ന അവന്റെയൊരു കറുത്ത ഷർട്ടുമെടുത്തിട്ടു മോളെയും കൊണ്ട് സന്ധ്യക്ക്‌ അവൾ ആരോടും യാത്ര പറയാതെ റോഡിലെ ഫുഡ്പാത്തിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. അവളുടെ വസ്ത്രവും പോക്കും കണ്ടു റോഡിലൂടെ പോകുന്ന വണ്ടിയിൽ ഉള്ളവരും നടന്നു പോകുന്നവരും അതിശയത്തോടെ അവളെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു.

 

എത്ര ദൂരം പോയെന്നറിയില്ല. ഇരുട്ട് ശരിക്കും വീണു തുടങ്ങിയിരുന്നു. നടന്നു നടന്ന് അവൾ ബസ്സ് പോകുന്ന ഒരു പാലമെത്തി. പാലത്തിനു മുകളിൽ നിന്നും അവൾ ഇരുട്ടിൽ കുത്തിയൊഴുകുന്ന പുഴയിലേക്ക് കുറച്ചു നേരം നോക്കി നിന്നു. കണ്ണുകൾ ഇറുക്കിയടച്ചു. തണുത്ത കാറ്റ് അവളുടെ മുഖത്തേക്കടിച്ചു അവളുടെ മുടിയിഴകൾ പാറി കൊണ്ടിരുന്നു. പ്രണേവിന്റെ മുഖം അവളുടെ മനസിലേക്ക് വന്നു. അവനെ ആദ്യമായി കണ്ട നിമിഷം മുതൽ അവസാനം ആംബുലൻസ് വന്നത് വരെയുള്ള ഓരോ കാര്യങ്ങളും ഒരു സിനിമയിലെ സീനുകൾ പോലെ അവളുടെ മനസിലൂടെ മിന്നി മാഞ്ഞു കൊണ്ടിരുന്നു. കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി. കുഞ്ഞിനേയും മുറുകെ പിടിച്ചു അവൾ പാലത്തിൽ നിന്നും കണ്ണടച്ച് പുഴയിലേക്ക് ചാടാൻ ഒരുങ്ങിയപ്പോൾ അപ്രതീക്ഷിതമായി പിന്നിൽ നിന്നുമൊരു കുഞ്ഞി കൈ അവളുടെ വലതു കൈമുട്ടിനു താഴെ പിടിച്ചു.

 

അവൾ ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ ഒരു പത്തു വയസുകാരൻ തമിഴൻ ഭിക്ഷക്കാരൻ പയ്യനാണ്. അവൻ അവളെ നോക്കി കറുത്ത പല്ല് ഇളിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു ‘‘അമ്മാ.. എതാവത് കൊടുങ്കമ്മാ.. ഒന്നുമേ സാപ്പിടല്ലേ..!’’

 

തന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്ന അവന്റ മുഖത്തേക്ക് നോക്കി തന്നെക്കാൾ കഷ്ടമാണല്ലോ അവന്റെ അവസ്ഥ എന്നവൾ ആലോചിച്ചു. അവളിട്ട കറുത്ത ഷർട്ടിന്റെ പോക്കറ്റിൽ അറിയാതെയവൾ കയ്യിട്ടപ്പോൾ അതിൽ നിന്നുമൊരു അൻപതു രൂപയുടെ നോട്ട് അപ്രതീക്ഷിതമായി അവൾക്കു കിട്ടി. അവളാ അൻപത് രൂപ നോട്ടിലേക്കു അതിശയത്തോടെ നോക്കി. ഇത്രയും ദിവസം കാണാത്ത ഒരു അൻപത് രൂപ. ഇതെവിടുന്നിപ്പോൾ വന്നുവെന്നു അവൾ ചിന്തിച്ചു.

 

പണ്ടെങ്ങോ പ്രണേവ് ആ ഷർട്ടിന്റെ പോക്കറ്റിൽ മറന്നു വെച്ച് പെട്ടിയിൽ പൂട്ടിയിട്ടു പോയതാവും എന്നവൾ ഊഹിച്ചു. മരിക്കാൻ പോകുന്ന ആൾക്കെന്തിനാ അൻപതിന്റെ നോട്ട് എന്നവൾ മനസ്സിൽ വിചാരിച്ചു. എന്നിട്ട് ആ നോട്ട് തമിഴൻ ചെക്കന് കൊടുത്തു അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു. അവൻ കയ്യിൽ ആ നോട്ട് മടക്കി ചുരുട്ടി ഒരു തമിഴ് പാട്ടും പാടി കൊണ്ട് പാലത്തിനു തൊട്ടടുത്ത ചെറിയ കടയിൽ നിന്നും ഒരു ബിരിയാണി അപ്പോൾ തന്നെ വാങ്ങി. എന്നിട്ടു അതുമായി അവളുടെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു.

 

അവൻ വരുമ്പോൾ ആ കടയുടെ ബോർഡ് അവൾ ശ്രദ്ധിച്ചു.

 

‘‘50 രൂപയ്ക്കു ചിക്കൻ ബിരിയാണി’’. അവന്റെ കയ്യിലെ പൊതിയും അതിനു കണക്കാക്കിയ ഒരു കുഞ്ഞു ബിരിയാണി പൊതി ആയിരുന്നു. ഒരു നേരത്തെ വിശപ്പടക്കാനുള്ള മാത്രം ഭക്ഷണം.

 

അവനവളുടെ അടുത്ത് പാലത്തിലെ ഫുട്പാത്തിൽ വന്നിരുന്നു. എന്നിട്ടു ആ പൊതി തുറന്നു ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അവൻ കഴിക്കുന്നത്‌ അവളതിശയത്തോടെ കുറേ നേരം അങ്ങനേ നോക്കി നിന്നു.

 

അവൾ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ ‘‘എന്നമ്മാ.. സാപാട് വേണമാ...?’’ എന്ന് ചോദിച്ചു കൊണ്ട് അവൻ ഒരു ഉരുള അവൾക്കു നേരെ നീട്ടി.

 

‘‘വേണ്ടാ.. നീ തന്നെ കഴിച്ചോ..!’’ അത് പറയുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പ്രണേവ് അവസാനമായി കൊണ്ട് വന്ന ബിരിയാണി ഒരുമിച്ചു കഴിക്കുമ്പോൾ അവളവന് വാരി കൊടുത്ത ഓർമ അവളുടെ മനസിലേക്ക് ഒരു നേർത്ത വേദനയോടെ തികട്ടി വന്നു.

 

ആ തമിഴ് പയ്യൻ ബിരിയാണി മുഴുവൻ കഴിച്ചു കൈകൾ അവന്റെ കുപ്പായത്തിൽ തന്നെ തുടച്ചു, കീറി പറിഞ്ഞ മുഷിഞ്ഞ ട്രൗസർ മേലേക്ക് വലിച്ചു പിടിച്ചു ആ ഫുട്പാത്തിലൂടെ ഇരുട്ടിലേക്കു നടന്നു മറഞ്ഞു.

 

 

മാളു ഒരു നിമിഷം ആ പോയ പയ്യനെ കുറിച്ച് തന്നെ ഓർത്തു. വീണ്ടും മരിക്കാൻ പുഴയിലേക്ക് ചാടാൻ പോയപ്പോൾ അവളുടെ കയ്യിലിരുന്ന കുഞ്ഞ് ചിരിക്കുന്ന ശബ്ദമുണ്ടാക്കി. ഒരു നിമിഷം അവളാ കുഞ്ഞു മുഖത്തേക്ക് നോക്കി. ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കമായ മുഖം. ചുറ്റും നടക്കുന്ന ഒന്നുമറിയാത്ത ദൈവത്തിന്റെ സൃഷ്ടി. തന്റെ പ്രാണനായ പ്രണേവിന്റെ ചോരയിൽ പിറന്ന മോൾ.. അവളുടെ ഉള്ളിലെ മാതൃത്വം ആ കുഞ്ഞിലേക്കു ലയിക്കപ്പെട്ടു. മോളെ കെട്ടിപിടിച്ചു ഒരുപാട് ഉമ്മ വെച്ച് അവൾ വീട്ടിലേക്കു തിരിച്ചു നടന്നു. 

 

അടുത്ത ദിവസം ആ നാട്ടിലെ ഒരു കൂട്ടം യുവാക്കളുടെ ക്ലബ്ബിന്റെ സഹായത്തോടെ അവൾ കുറച്ചു അരിയും സാധനങ്ങളും വാങ്ങി. എന്നിട്ടു അത് കൊണ്ട് ബിരിയാണിയുണ്ടാക്കി ഒരു കുഞ്ഞു പൊതിയിലാക്കി അടുത്തുള്ള വീടുകളിൽ പണിക്കു വരുന്നവർക്ക് കൊണ്ട് കൊടുക്കാൻ തുടങ്ങി. രുചി കൊണ്ട് കൂടുതൽ ആളുകൾക്ക് ആവശ്യം വന്നപ്പോൾ അവൾ വീടിനു മുമ്പിൽ ഒരു മെറ്റൽ ഷീറ്റ് ഇട്ട് തട്ട് കട പോലെ ബിരിയാണി കൊടുക്കാൻ തുടങ്ങി. പിന്നെയും ആവശ്യക്കാർ കൂടിയപ്പോൾ രണ്ടു ചെറിയ ടേബിളും കസേരയും കൂടിയിട്ടു പന്തലും കെട്ടി ഒരു ബോർഡ് കൂടി വെച്ചു ‘‘50 രൂപയ്ക്കു ബിരിയാണി’’.

 

എന്നും മാളുവിന്റെ ബിരിയാണിക്കു ആവശ്യക്കാർ കൂടി കൂടി വന്നു. രാപ്പകൽ ഇല്ലാതെ അവൾ കഷ്ടപ്പെട്ട് ബിരിയാണി കച്ചവടം പൊടി പൊടിച്ചു. ‘‘മാളു ചേച്ചിന്റെ മെസ്സ്’’ എന്ന പേരിൽ കോളേജ് പിള്ളേരും സ്കൂൾ പിള്ളേരെയും കൊണ്ട് അവിടെ നിറഞ്ഞു. പിന്നെ പിന്നെ വിളി ചുരുങ്ങി ‘‘ചേച്ചി മെസ്സ്’’ എന്നായി. മാളു ഒന്ന് രണ്ടു ജോലിക്കാരെ കൂടി വെച്ചു. കിട്ടുന്ന പണമൊക്കെ സ്വരൂപിച്ചു വാടക വീട്ടിൽ നിന്നും സ്വന്തമായി ചെറിയ വീടുണ്ടാക്കി. ചേച്ചി മെസ്സിലെ ബിരിയാണിയുടെ ടേസ്റ്റ് പത്രത്തിലും സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ചു. മാളുവിന്റെ ‘‘50 രൂപയുടെ ബിരിയാണി’’ കട അഞ്ചു വർഷം കൊണ്ട് ബിരിയാണി റെസ്റ്റോറന്റ് ലെവലിലേക്ക് വളർന്നു. കൂടെ അടുത്ത ജില്ലയിൽ വേറെ ഒരു ബ്രാഞ്ചും കൂടി തുടങ്ങി.

 

ഇടക്കൊരു ദിവസം തിരക്കിനിടയിലെപ്പോളോ അവളുടെ അച്ഛനും അമ്മയും കൂടി അവിടെ വന്നു ബിരിയാണി കഴിച്ചു പോകുന്നത് അവൾ കണ്ടു. പ്രണേവ് മരിച്ചപ്പോൾ ഒന്ന് മുഖം കാണിക്കാൻ വന്നിരുന്നു അവർ. ആ ഒരു അവസ്ഥയിൽ പോലും അവളെ അവർ തിരിച്ചു സ്വീകരിച്ചിരുന്നില്ല. എന്നിട്ടിപ്പോൾ മോൾ പണക്കാരി ആയപ്പോൾ ആരും കാണാതെ വന്നിരിക്കുന്നു. ഒരു പക്ഷേ അഭിമാനം സമ്മതിക്കുന്നുണ്ടാവില്ല തന്നോട് മിണ്ടാൻ. അതാവും.. അമ്മ പഠിപ്പിച്ചു തന്ന ബിരിയാണി വെച്ചാണ് താനീ ലോകമെല്ലാം വെട്ടി പടുത്തുയർത്തിയത്.. 

 

എന്നാലും അതെല്ലാം കാണാൻ അവർ വന്നല്ലോ.. അതോർത്തപ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു. 

 

ഇന്നത് ആ നാട്ടിലെ അറിയപ്പെടുന്ന എപ്പോളും തിരക്കുള്ള ബിരിയാണി റെസ്റ്റോറന്റ് ആണ്. ‘‘മാളുസ് റെസ്റ്റോറന്റ്’’. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കഠിന പ്രയത്നത്തിലൂടെ തിരിച്ചു വന്ന മാളുവിന്റെ സ്വന്തം റെസ്റ്ററന്റ്. അവളുടെ മോൾ കൂട്ടുകാരെയും കൊണ്ട് അവിടെ വന്നു ഉച്ചക്ക് ഭക്ഷണം കഴിച്ചു പോകുമ്പോൾ കൂട്ടത്തിലെ മോളുടെ കൂട്ടുകാരി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ‘‘മാളു ആന്റി.. ബിരിയാണി ഒരു രക്ഷയും ഇല്ലാ.... രണ്ടെണ്ണം പാർസൽ കൂടി എടുത്തോളൂട്ടോ.. വീട്ടിൽ അച്ഛനും അമ്മക്കും കൂടി കൊടുക്കാനാ..!’’ അത് കേട്ടപ്പോൾ മാളുവിന്റെ മുഖത്തൊരു ചിരി അറിയാതെ വന്നു. ഒരുപാട് വർഷങ്ങൾക്കു ശേഷം ഹൃദയത്തിൽ നിന്നുമുള്ളൊരു പുഞ്ചിരി...!!

 

Content Summary: Malayalam short story written by Rivin

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com