ADVERTISEMENT

ദൈവമേ കൈ തൊഴാം (കഥ)

 

നിലാവിന്റെ വെട്ടത്തിനു മറുവെട്ടമേകി നിറയെ നക്ഷത്രങ്ങൾ അനന്തമായി പരന്നു കിടക്കുന്ന ആ രാത്രിയിലെ ആകാശത്തിന്റെ മനോഹാരിത അയാൾക്ക് കാണാനായില്ല. അയാൾക്ക് മുമ്പിൽ എല്ലാം ഇരുട്ടായിരിക്കുന്നു.

 

അയാൾ ദൃഡ നിശ്ചയത്തോടെ മരണ ഗർത്തത്തിലേക്കുള്ള യാത്രയിലാണ്. ഒറ്റക്ക് ആത്മത്യ ചെയ്യാൻ അയാൾ ആദ്യം വിചാരിച്ചത്, പക്ഷെ ഭാര്യയും മകളും വീണ്ടും അപമാനിക്കപെടും എന്ന വിചാരത്തിൽ അയാൾ അവരെ അറിയിക്കാതെ യാത്രയിൽ ഒപ്പം കൂട്ടി. കാർ ഇനിയും കുറച്ചു ദൂരം ചെന്നാൽ വലിയ കയറ്റം കയറി മുകളിൽ എത്തും. മുകളിൽ എത്തിയാൽ റോഡിനോട് ചേർന്നുള്ള കൊക്കയാണ് അയാൾ ലക്ഷ്യമാകുന്നത്. അവിടെ നിന്ന് താഴേക്ക് കാർ ഡ്രൈവ് ചെയ്യുമ്പോൾ എല്ലാം അവസാനിക്കുമെന്ന് അയാൾ കരുതുന്നു.

 

പുറകിലെ സീറ്റിൽ കിടന്നുറങ്ങുന്ന ഭാര്യയെയും മകളെയും അയാൾ തിരിഞ്ഞു നോക്കി. രണ്ടു പേരും അയാൾ കൊടുത്ത ജ്യൂസ് കുടിച്ചു നല്ല ഉറക്കത്തിലാണ്. 

 

സംസാര ശേഷിയില്ലാത്ത അവളെ ഭാര്യക്കിയത് വെറും സഹതാപം കൊണ്ടായിരുന്നില്ല മറിച്ച് മുഖം നിറയെ വെള്ള പാണ്ടുള്ള ചെമ്പിച്ച മുടിയുള്ള അയാളുടെ വിവാഹാലോചന പലവട്ടം മുടങ്ങി പോയതുകൊണ്ടായിരുന്നു. 

 

നാൽപത്തഞ്ച് കഴിഞ്ഞ, വില്ലേജ് ഓഫീസറായ അയാൾ ജീവിതത്തിലും തൊഴിലിലും എല്ലാം ഒരു പൂർണ സത്യസന്ധനായിരുന്നു. ആ നാട്ടിൽ അയാൾക്ക് ഏക ശത്രു ഉത്തമൻ മാത്രമായിരുന്നു. പേരിൽ മാത്രം ഉത്തമനായ അയാൾ നേർ വിപരീതനുമായിരുന്നു.   

 

എതിരെ വരുന്ന വാഹനങ്ങളെ വേണ്ടത്ര ഗൗനിക്കാതെയുള്ള അയാളുടെ ഡ്രൈവിങ്ങിൽ റോഡിലൂടെയുള്ള മറ്റു വാഹനങ്ങളിലുള്ളവർ ഹോണടിച്ചും, കയ്യും കലാശം കാണിച്ചും അമർഷം കാണിച്ചിരുന്നു. പെട്ടെന്നാണ് വളവിൽ എത്തിയപ്പോൾ ഒരു വണ്ടി നേർക്കുനേർ എതിർദിശയിൽ നിന്ന് വന്നതും അയാൾ ഇടത് വശത്തേക്ക് അല്പം സൈഡ്ഡ് മാറ്റിയെങ്കിലും എതിരെ വന്നവണ്ടി വലതു വശം ചേർന്ന്മുകളിലേക്ക് പൊങ്ങി രണ്ടു കരണം മറച്ചിൽ. 

 

അയാളിലെ മനുഷ്യത്വം ഉണർന്നു പ്രവർത്തിച്ചു. കാർ വേഗം പാർക്ക് ചെയ്ത് അയാൾ ഓടി ചെന്നു. ഒരാൾ വെള്ളം വെള്ളം എന്ന് ചോദിച്ചു ചോരയിൽ കിടക്കുന്നു. മറ്റേ ആൾ അനങ്ങുന്നില്ല.

 

ഓടിച്ചെന്നു കാറിലുണ്ടായിരുന്ന വെള്ളമെടുത്തു വന്ന് അയാളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തപ്പോൾ അയാൾ ആ മുഖം നിലാവിന്റെ വെട്ടത്തിൽ മെല്ലെ കണ്ടു. ‘ഉത്തമൻ’ അയാൾ ഞെട്ടി പുറകിലേക്ക് മാറി. അപ്പോഴേക്കും മറ്റു വാഹനങ്ങൾ നിറുത്തി ആളുകൾ ഓടി വരുന്നുണ്ടായിരുന്നു. അയാൾ മെല്ലെ അവിടെനിന്ന് കുറച്ചു മാറി നിന്നു. എല്ലാവരും മൊബൈൽ ഫോണിന്റെ ലൈറ്റും വണ്ടികളുടെ ഹെഡ് ലൈറ്റുമൊക്കെ ഇട്ട് രക്ഷ പ്രവർത്തനം തുടങ്ങിയിരുന്നു. ആ കൂട്ടത്തിൽ ആളുകൾ പറയുന്നുണ്ടായിരുന്നു രണ്ടു പേരും പോയിന്നാ തോന്നുന്നത്.

 

മറ്റൊരു കാറിന്റെ ഹെഡ് ലൈറ്റിൽ അയാൾ ഉത്തമന്റെ തകർന്നു പോയ ഫ്രണ്ട് ഗ്ലാസിലെ സ്റ്റിക്കറിൽ ആ വാചകം കണ്ടു ‘‘ദൈവമേ കൈ തൊഴാം’’ തൊട്ടപ്പുറത്ത് പൊട്ടി കിടക്കുന്ന ഒരു ബ്രാണ്ടി കുപ്പിയും.  

 

അയാൾ തന്റെ കാർ മെല്ലെ സ്റ്റാർട്ട് ചെയ്തു ഗിയറിന്മേൽ കൈ വച്ച്  കുറച്ചു നേരം ശങ്കിച്ച് നിന്നു. പിന്നെ മെല്ലെ ജീവിതത്തിലേക്ക് റിവേഴ്‌സ് എടുത്തു.

 

അയാളുടെ നനഞ്ഞ കണ്ണുകൾ കൊണ്ട് ഇപ്പൊ അയാൾ ആകാശവും നിലാവും നക്ഷത്രങ്ങളും കാണുന്നുണ്ട്. കാറിന്റെ വിൻഡോകൾ പതിയെ താഴ്ത്തിയപ്പോൾ ചെറിയ തണുപ്പുള്ള കാറ്റ് അയാളുടെ മനസ്സിനും ശരീരത്തിനും കുളിരേകി. അയാൾ തിരിച്ചറിഞ്ഞു സ്വച്ഛന്ദമായി ഒഴുകുന്ന അരുവി പോലും ഒഴുക്കിൽ തടസമായി നിൽക്കുന്ന പാറക്കെട്ടുകളെയും കല്ലിനെയും മുള്ളിനെയും വള്ളികളെയും എല്ലാം മറികടനാണ് അത് ലക്ഷ്യത്തിലെത്തുന്നത്.  

 

ഒരു കയ്യ് സ്റ്റീറിങ്ങിൽ പിടിച്ചു മറു കയ്യ് കൊണ്ട് തിരികെ കൊണ്ടുവന്നു വച്ച വാട്ടർ ബോട്ടിൽ തുറന്നു കുറച്ചു വെള്ളം അയാൾ ഭാര്യയുടെയും മകളുടെയും മുഖത്തു മെല്ലെ കുടഞ്ഞു. വെള്ളം തട്ടിയപ്പോൾ അവർ മെല്ലെ ആലസ്യത്തിൽ എന്തോ പറഞ്ഞു. കുഴപ്പമില്ല ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ് അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു

 

അടുത്ത വീട്ടിലെ കരച്ചിലും ബഹളവും കേട്ടാണ് അയാൾ ഉണർന്നത്. തന്റെ സുഹൃത്തായിരുന്ന സുകുവിന്റെ വീടാണത്, എന്നാൽ ഇപ്പോൾ തന്റെ ജീവിതം തകർത്തവന്റെ വീടാണത്. എങ്കിലും എന്താണ് കാര്യം എന്നറിയാൻ അയാൾക്ക് ഉത്കണ്ഠയായി. അപ്പോഴാണ് ആംബുലൻസ് വന്നു നിന്നതും എന്റെ ഏട്ടൻ പോയാലോ എന്ന അലർച്ചയും. ഒരു ഞെട്ടലോടെ അയാൾ ഓർത്തു “അപ്പോൾ ഇന്നലെ ഉത്തമന്റെ കാറിൽ ഉണ്ടായിരുന്ന മറ്റേ ആൾ സുകുവായിരുന്നോ ! ”.

 

കുറച്ചു ദിവസങ്ങൾക്ക് മുൻപ്-

 

സുകു അയാളുടെ മുൻപിൽ നിന്ന് വിഷമം അടക്കി കൊണ്ട് പറയുകയാണ്.

 

സുകു ‘‘വീട് ജപ്തി ചെയ്താൽ പിന്നെ മാനം പോയി ഞാൻ ജീവിച്ചിരിക്കില്ല. ഞാൻ ഒരു മുഴം കയറിൽ തീർക്കും എല്ലാം.’’

 

അയാൾ ‘‘ഇത്രയും ലോൺ ഉള്ള വിവരം നീ ഇത്രയും കാലം പറയാതെ ഇപ്പൊ പറഞ്ഞിട്ട് എവിടെന്നു അറേഞ്ച് ചെയ്യാം പറ്റും. എനിക്ക് ഒരു വഴിയും തോന്നുന്നില്ല,  ഇത്രയും സംഖ്യ നമുക്ക് കൂട്ടിയാൽ കൂടും തോന്നുന്നില്ല , കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം മാനേജ് ചെയ്യുന്നവനാ ഞാൻ എന്നത് നിനക്കറിയാലോ, എനിക്ക് ഇടപാടുകളും , കടം മേടിക്കുന്നതുമൊന്നും ഇഷ്ട്ടവുമല്ല  പരിചയവുമില്ല, നീ ബാങ്കുകാരോട് സമയം നീട്ടി ചോദിക്ക്’’.

 

സുകു, ഒരു പാട് നീട്ടി നീട്ടി ലാസ്റ്റ് ആണ് ഇപ്പൊ, ചില വഴികൾ കണ്ടു വച്ചിരുന്നത് കൊണ്ട് ആരോടും പറയാതെ എല്ലാം ശരിയാവുമെന്ന് കരുതി അതുകൊണ്ടാണ് നിന്നോടും കൂടി ഞാൻ മറച്ചു വച്ചത്, പക്ഷേ ഒന്നും നടന്നില്ല, പിന്നെ ആകെ യുള്ളത് ഉത്തമൻ സഹായിക്കാമെന്ന് പറഞ്ഞതാണ് , പക്ഷേ അതിനു പകരമുള്ള അവന്റെ ആവശ്യം എന്നെകൊണ്ട് തീർക്കാവുന്നതല്ല’’. 

 

അയാൾ ‘‘എന്ന് വച്ചാൽ’’

 

നീ ഉത്തമന്റെ ആ സ്ഥലത്തുള്ള തടസ്സം മാറ്റികൊടുത്താൽ അയാൾ എനിക്ക് ആവശ്യമുള്ള പൈസ കടം തരും. നമ്മൾ തമ്മിലുള്ള അടുപ്പം അയാൾക്ക് അറിയാം, അത് അറിഞ്ഞുകൊണ്ടാണ് ഇങ്ങനൊരു വാഗ്ദാനം.

 

അത് നടക്കില്ലെന്ന് പറയാൻ അയാളുടെ നാവ് പൊങ്ങിയതാണ്, ജീവിതത്തിൽ അതിരുവിട്ടും നിയമ വിരുദ്ധമായും പ്രവർത്തിക്കാത്ത അയാളുടെ മനസ്സ് സ്വന്തം സുഹൃത്തിന്റെ വിഷമാവസ്ഥയിൽ മാറി ചിന്തിച്ചു.

 

അയാളുടെ മനസ്സ് അയാളോട് പരസ്പരം പട വെട്ടി ‘സുഹൃത്തിനെ രക്ഷിക്കുന്നതും ധർമം തന്നെയണല്ലോ എന്നയാൾ തീരുമാനിച്ചു . മാത്രമല്ല തന്റെ ജോലി സ്ഥാനത്തു ഉത്തമൻ ഉദ്ദേശിക്കുന്ന മറ്റൊരാൾ വന്നാൽ ഉത്തമന്റെ കാര്യം നടക്കുകയും ചെയ്യും തന്റെ സത്യസന്ധത കൊണ്ട് ഉത്തമന്റെ കാര്യത്തിൽ ഫലമില്ലാതെ പോകുകയും ചെയ്യും ’’

 

ശരി സുകു, ഉത്തമന്റെ പേപ്പർ ഞാൻ ശരിയാക്കി കൊടുക്കാം.

 

സുകു സന്തോഷത്തോടെ പറഞ്ഞു ‘‘എങ്കിൽ ഞാൻ ഉത്തമനോട് പറയാം , അവൻ നിന്റെ കൈയിൽ പൈസ തരും’’

 

അയാൾ ‘എന്റെ കൈയിൽ എന്തിന്, അത് പറ്റില്ല’’

 

സുകു ‘‘ഒരു ഉറപ്പിന് അങ്ങനെ വേണമെന്നാണ് ഉത്തമൻ പറഞ്ഞത്’’

 

മനസില്ലാ മനസോടെ അയാൾ അതിനും സമ്മതിച്ചു. ഉത്തമൻ മേശ പുറത്തു വച്ച പൊതി അയാൾ തന്റെ ബാഗിലേക്ക് എടുത്തുവയ്ക്കുന്നതിനിടയിലാണ് വിജിലൻസ് കടന്നുവന്നത്. പിന്നെ എല്ലാം കൈവിട്ടു പോയി.  

 

TV യിലും പത്രത്തിലും സോഷ്യൽ മീഡിയയിലും എല്ലാം എല്ലാം വാർത്ത വന്നു. അയാളുടെയും കുടുംബത്തിന്റെയും അഭിമാനം ഒരു നിമിഷം കൊണ്ട്  ഇല്ലാതായി, ഒരു വിധം ജാമ്യത്തിലിറങ്ങി എങ്കിലും നാട്ടുകാരുടെ മുമ്പിൽ പരിഹാസപാത്രമായി. ഉത്തമനും സുകുവും ചേർന്ന് കളിച്ചാതാണെന്ന് അയാൾക്ക് പിന്നെ മനസിലായി. അതുകൊണ്ട് തന്നെ കേസിൽ ജയിക്കില്ലെന്ന് അയാൾ സ്വയം ഉറപ്പിച്ചു. കൂട്ടുകാർക്കിടയിൽ മകൾക്ക് വലിയ അപമാനം സഹിക്കേണ്ടിവന്നു. പ്രതീക്ഷ കൈവിട്ട നിസ്സഹായനായ അയാൾ ആ രാത്രിയിൽ ഭാര്യയെയും മകളെയും കൂടെ കൂട്ടി മരണ ഗർത്തവും ലക്ഷ്യമാക്കി യാത്ര തിരിച്ചു.  

 

Content Summary: Daivame Kai Thozham, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com