ADVERTISEMENT

മങ്ങിയ വഴികൾ (കഥ)

 

പാടവക്കിലെ വഴിയരികിൽ മൂവരും മൊബൈലും നോക്കി ഇരുന്നപ്പോഴാണ് നിശ്ശബ്ദതയെ ഉണർത്തി ബെൻസ്സന്റെ ശബ്ദം മുഴങ്ങിയത്. ‘‘ഹരീഷേ, നീ ഒന്നൂടൊന്ന് വിളിച്ചേ, എവിടെ പോയാലും ആദ്യം വരുന്നത് അവനായിരുന്നല്ലോ, ഇതിപ്പം എന്നാപ്പറ്റി. ഇന്നലെ പിരിഞ്ഞപ്പോൾ സമയം പറഞ്ഞതായിരുന്നല്ലോ.’’ സൈഡ് സ്റ്റാൻഡിൽ വച്ച ബൈക്കിൽ ഇരുന്നു കൊണ്ട് ബെൻസൻ പറയുമ്പോൾ നെൽപാടങ്ങൾക്കപ്പുറം പാളത്തിലൂടെ പോകുന്ന ട്രെയിന്റെ ഹോൺ ഉച്ചത്തിൽ കേൾക്കാമായിരുന്നു. ഒരു നല്ല ദിവസം പിറവിയെടുക്കും പോലെ പ്രഭാതത്തിൽ നിദ്രയിൽ നിന്നുണർന്ന് വിളഞ്ഞു നിൽക്കുന്ന നെൽമണികൾ ചുറ്റിനും കാണാം.  

‘‘ദേ എട്ടുമണിക്കുള്ള പരശുറാമും പോയി.’’ ഒതുക്കുകല്ലിൽ മേൽ ഇരുന്നു കൊണ്ട് സുധി പറഞ്ഞു. 

ട്രെയിന്റെ ചൂളം വിളികൾ പതിയെപ്പതിയെ നിശ്ചലമായി. വീണ്ടും അവിടെമെല്ലാം നിശ്ശബ്ദത സ്ഥാനം പിടിച്ചു. 

‘‘അവനിനി എപ്പോ വരാനാ...’’ കുറേ നേരം  കാത്തിരുന്നു മടുത്തപ്പോൾ ഹരീഷ് ഒന്നു വിളിച്ചു നോക്കി.

‘‘ങ്ഹാ ബെല്ലൊണ്ട്, സുധി നീ ഇപ്പം എവിടാ.? സമയം എട്ടുമണി കഴിഞ്ഞു.’’

‘‘അളിയാ കുരിശിങ്കൽ എത്തിയപ്പോ ബൈക്കിന്റെ ടയറു പഞ്ചറായി. പിന്നെ മണിച്ചേട്ടന്റെ കടയിൽ പോയി നന്നാക്കിയിട്ടുണ്ട്, ഇപ്പോ വന്നേക്കാം.’’

“എടാ... പെട്ടെന്ന് വരണേടാ..’’

“ഒക്കെ ഒക്കെ”  അതു പറഞ്ഞ് സുധി മൊബൈൽ കട്ടു ചെയ്തു. 

“ടയറു പഞ്ചറായതാ, നന്നാക്കിട്ട് ഇപ്പം വരും.” 

 

‘‘തുടക്കം തന്നെ ഒരു വശപെശകാണല്ലോ” ചുണ്ടത്തൊരു സിഗരറ്റുമായി പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ പറത്തി ബൈക്കിന്റെ ടയറും ചെയിനും കുനിഞ്ഞിരുന്ന് നോക്കി സാംകുട്ടി പറഞ്ഞു. എൻജീനിയറിംഗ് കോളജിൽ ഒന്നിച്ചു പഠിച്ച കാലത്തൊക്കെ നാലു പേരും ചേർന്ന് ബൈക്കിലൊരു കറക്കമുള്ളതാ. മൂന്നാറും വാഗമണ്ണുമൊക്കെ നിരവധി തവണ പോയിട്ടുണ്ട്. എങ്കിലും വാഗമണ്ണ് ഒന്നുകൂടി പോകാൻ തോന്നും, ഒരു പ്രത്യേക ഇഷ്ടം. ഹരീഷ് ഫോൺ വിളിച്ചു കൊണ്ട് പാടത്തിനരികിലെ റോഡിലൂടെ അല്പം മുന്നോട്ട് നടന്നു. കവിതയുടെ ഫോൺ വരുമ്പോഴൊക്കെ ഹരീഷ് ദൂരെ മാറി നിന്നേ സംസാരിക്കാറുള്ളു. എൻജിനീയറിംഗ് കോളജിൽ പഠിക്കുന്ന സമയത്ത് വാഗമൺ യാത്രയിൽ കവിതയും കാണുമായിരുന്നു. കോളജ് ക്യാംപസിൽ തുടങ്ങിയ പ്രണയം, ഇപ്പോഴും ആ പ്രണയത്തിന്റെ ത്രില്ലിൽ തന്നെയായിരുന്നു ഹരീഷ്. ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ ഒരോ ധ്രുവങ്ങളിലും ഇരുന്നു കൊണ്ട് മൂന്നു പേരും മൊബൈലിൽ സ്വകാര്യ സംഭാഷണത്തിൽ മുഴുകി.

 

ഏറെ കഴിഞ്ഞ് സുധിയെയും കൂട്ടി യാത്ര തിരിക്കുമ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. ഹരീഷിന്റെ പുറകിൽ സുധിയും, ബെൻസ്സനും സാംകുട്ടിയും ഒരോ ബൈക്കുകളിലുമായി യാത്ര തിരിച്ചു. കുട്ടിക്കാനം വഴിയുള്ള യാത്രയിൽ ഇടയ്ക്ക് ചായ കുടിക്കാൻ നിർത്തിയപ്പോൾ അങ്ങകലെ മലമുകളിലും അടിവാരത്തും മഞ്ഞുതരികൾ പറന്നു നടക്കുന്നതു കാണാമായിരുന്നു. 

 

ഒരിക്കൽ എക്സാമെല്ലാം കഴിഞ്ഞ് കവിതയുമായി വാഗമണ്ണിൽ പോയി തിരിച്ചു വന്നപ്പോൾ കാഴ്ചയെ മങ്ങലേൽപ്പിച്ച്, വഴിയിൽ നിറയെ കോടമഞ്ഞായിരുന്നു. ഭയന്നു വിറച്ച് ബൈക്കിൽ എന്നോടൊപ്പം കെട്ടിപ്പിടിച്ചിരുന്നത് ഓർത്തു പോയി. ഓർമ്മകളിൽ കുളിരുള്ള മഞ്ഞുകണങ്ങൾ വിതറുന്നു. മനസ്സിൽ സുഗന്ധം നിറഞ്ഞ പൂക്കൾ അടർന്ന് വീഴുന്നു. വീണ്ടും വീണ്ടും ഓർക്കാൻ എന്തു സുഖം. വഴിയരികിലെ കടയിൽ നിന്ന് ദോശയും ചട്നിയും ഇലയിൽ കഴിച്ച് അല്പനേരം കൂടി ബൈക്കിൽ തന്നെ ഇരുന്നു. എത്രയോ നനുത്ത ഓർമ്മകൾ സമ്മാനിച്ചതാ എനിക്കീ വഴികൾ. ഹരീഷ് ഒരു നിമിഷം ഓർത്തു. കോളജിൽ പഠിക്കുമ്പോഴൊക്കെ കവിതയെ കാണുമായിരുന്നു. ബാംഗ്ലൂരിൽ പോയതിൽ പിന്നെ ഫോൺവിളികൾ മാത്രമായി. പലപ്പോഴും ആലോചിക്കും അങ്ങോട്ടൊന്നു പോകാൻ, ഒരോ കാരണങ്ങൾ കൊണ്ട് ഒന്നും നടന്നില്ല. ഇപ്പോൾ എന്നിൽ നിന്ന് എന്തോ ഒളിക്കുന്ന പോലെയാണ് അവളുടെ സമീപനം. ഒരു പക്ഷെ എന്നിലെ സംശയങ്ങളായിരിക്കുമോ ഇങ്ങനെയൊക്കെ തോന്നാൻ..? ഏയ്… ഇത്രയും നാളും എനിക്കിതു പോലെ തോന്നാതിരുന്നത് എന്തുകൊണ്ടായിരുന്നു. അവളോടുള്ള സംസാരത്തിൽ എനിക്കങ്ങനൊരു അനുഭവം ഇപ്പോൾ ഉണ്ടായതുകൊണ്ടല്ലേ. കുറെ ബൈക്കുകൾ ഇരപ്പിച്ച് തന്റെ ചുറ്റിനും കിടന്നു കറങ്ങുന്നപോലെ പല ചിന്തകളും ഹരീഷിന്റെ മനസ്സിലൂടെ കറങ്ങി നടന്നു. ആ ഇരമ്പലിൽ മനസ്സാകെ അസ്വസ്ഥമാകും. എന്താണെങ്കിലും ബാംഗ്ലൂരിലെ നവലോകം എന്തൊക്കെയോ മാറ്റം അവളിൽ വരുത്തിയിട്ടുണ്ട്, നിശ്ചയം തന്നെ. 

 

പലപ്പോഴും ഫോൺ വിളികൾ അവസാനിക്കുന്നത് ഹരീഷിന്റെ ചിന്തകളിൽ അസ്വസ്ഥതയുടെ വിത്തുകൾ പാകിയായിരിക്കും. കോളജിൽ പഠിക്കുമ്പോൾ നിശ്ശബ്ദമായ പ്രണയ സംഭാഷണങ്ങളായിരുന്നു അവർ തമ്മിൽ. നേർത്ത മഞ്ഞും നിലാവും പോലെയുള്ള പ്രണയം. ഇപ്പോഴൊക്കയത് ഉച്ചത്തിലെ അവസാനിക്കാറുള്ളു. തന്നെ ഒഴിവാക്കുന്നതായി പലപ്പോഴും ഹരീഷിന് തോന്നും. ദോശയും ചട്നിയും കഴിച്ചിട്ട്, ഇല കൊക്കയിലേക്ക് വലിച്ചെറിഞ്ഞു തിരികെ നടന്നെത്തിയപ്പോഴാണ് സുധി പറഞ്ഞത്.

“മൂന്നാറിലേക്കൊന്നു വിട്ടാല്ലോ..?”

വലിച്ചെറിഞ്ഞ ഇല കാറ്റത്ത് കറങ്ങിക്കറങ്ങി താഴ്വാരത്തിലെ മൂടൽമഞ്ഞിനുള്ളിൽ ഏകനായി അഭയം പ്രാപിച്ചു. കുറെ നേരം അവിടെമൊക്കെ കറങ്ങി വിരസതയാർ ന്നപ്പോഴാണ് സുധിയുടെ ആശയം അവരെ കൂടുതൽ ചിന്തിപ്പിച്ചത്. 

‘‘ഇപ്പം വിട്ടാൽ വൈകും നേരം ആകുമ്പോൾ അവിടെ ചെല്ലാം. അതു കൊള്ളാം, പക്ഷെ, ഇപ്പം സീസൺ ടൈംമാ, റൂമെല്ലാം ബുക്കിടായിരിക്കും, ആദ്യം അതറിയണം” 

നോക്കട്ടെ എന്നു പറഞ്ഞ് ബെൻസൻ മൊബൈലിൽ ഹോട്ടൽ റൂം അവലബിലിറ്റി സെർച്ച് ചെയ്തുകൊണ്ടിരുന്നു. മാതാപിതാക്കൾ കുട്ടികളെ കൊണ്ടും, പ്രണയിനികൾ സ്വപ്നലോകത്തെന്ന പോലെയും പ്രകൃതിയിലെ മാനോജ്ഞ കാഴ്ചയിൽ ലയിച്ചു നിൽക്കുന്നു. ഹരീഷ് അല്പം മാറി മഞ്ഞുമൂടിയ അടിവാരത്തേയ്ക്ക് നോക്കികൊണ്ട് നിന്നു. 

 

“ടൗൺ വിട്ട് കുറെ ഉള്ളിലേക്ക് കേറി ഒരു ഹോട്ടലിൽ രണ്ടു റൂം ഉണ്ട്. കൂടിയ ഹോട്ടലൊന്നുമല്ല, ഓക്കെ ആണെങ്കിൽ ഇപ്പം തന്നെ ബുക്ക് ചെയ്യാം” 

ബെൻസ്സൻ മൂന്നു പേരെയും നോക്കി ചോദിച്ചു. സുധിയും സാംകുട്ടിയും നല്ല ത്രില്ലിലാണ്, പക്ഷെ ഹരീഷ് എന്തോ അങ്ങനെയായിരുന്നില്ല. കവിത തന്നിൽനിന്ന് അകലുന്നതിൽ മനസ്സാകെ അസ്വസ്തയുടെ മുൾക്കാടായി മാറിയിരുന്നു. അവസാന ഫോൺ വിളികൾക്കു ശേഷം ആകെയൊരു ശൂന്യത, ഹൃദയമിടിപ്പുകൾ അനുസൂതം വർദ്ധിക്കുന്നു. പലതും ചിന്തകളിലൂടെ തികട്ടി വരുന്നു. എങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങി എന്തേലും ആട്ടെ എന്നു പറഞ്ഞ് ഹരീഷും സമ്മതിച്ചു. 

 

“ഏതായാലും രാത്രി അടിക്കാൻ സാധനം നേരത്തെ മേടിച്ചതു നന്നായി, അല്ലേപിന്നെ അവിടെ ചെല്ലുമ്പോൾ എവിടെ തിരക്കാനാ...” സുധിയുടെ ആശ്വാസം അതായിരുന്നു.

മുൻപ് വാഗമണ്ണിൽ വന്നപ്പോഴൊക്കെ സന്ധ്യയാകുമ്പോൾ മലയിറങ്ങുമായിരുന്നു. ഇതിപ്പോഴാദ്യമാ ഒരു മൂന്നാറു പോക്ക്. പിന്നീടവരൊന്നും  നോക്കിയില്ല. മൂന്നു ബൈക്കുകളും ഇരമ്പിച്ചുവിട്ടു. ഇരുട്ടും മുമ്പേ മൂന്നാറിലെത്തണം. സന്ധ്യയായാൽ പിന്നെ വഴികാണാത്ത പോലെ മൂടൽമഞ്ഞ് നിറയും. 

 

“ഇവിടുത്തെ തണുപ്പിന് ഇതുകൊണ്ടു തെകയുമോന്ന് തോന്നുന്നില്ല...” ഹോട്ടൽ മുറിയിലിരുന്ന് ഒരു ബോട്ടിൽ വിസ്ക്കി പൊട്ടിച്ചൊഴിക്കുമ്പോൾ സുധി പറഞ്ഞു. ഒന്നിച്ചു കൂടുമ്പോൾ അവരുടെ സംസാരങ്ങളിൽ കോളജ് ലൈഫും ഹരീഷിന്റെ പ്രണയവും എല്ലാം കയറിയിറങ്ങും. 

 

ഒരു കുപ്പിയുമായി ഒത്തുകൂടുമ്പോഴൊക്കെ അല്പം പോലും കഴിക്കാതെ എല്ലാവർക്കും സപ്ലൈ ചെയ്യുന്ന സാംകുട്ടി പറഞ്ഞു. “ഹരീഷേ… നമ്മുക്ക് നാട്ടിൽ ചെന്നിട്ട് ബാംഗ്ലൂരിലേക്ക് ഒന്നു വിടാം. കവിതയെ കണ്ടു നീ സംസാരിക്ക്. എന്നാ പറയുന്നതെന്ന് നോക്കാമല്ലോ….” ഹരീഷ് ചോദിച്ചു. “മൂന്നാറിലെ തീ പോലെയുള്ള തണുപ്പിൽ പച്ചയാട്ടിരിക്കാൻ എങ്ങനെ തോന്നും സാമേ..” 

“ഏതൊരു കാര്യവും ശീലിക്കുന്ന പോലെയിരിക്കും.” സാംകുട്ടിയുടെ നിലപാട് അങ്ങനെയായിരുന്നു. 

“അല്ലേലും പെണ്ണ് ചതിക്കുമെടാ.” മൂന്നാമത് ഒരണ്ണം കൂടി അടിക്കാൻ ഗ്ലാസ് ചുണ്ടോട്  ചേർത്തു വയ്ക്കുമ്പോൾ ബെൻസൻ വികാരാധീരനായി. 

 

“വിവേകിന്റെ കൈയിലെ പൂത്തപണം കണ്ടിട്ടല്ലേ അവൾ എന്നെ വിട്ടിട്ട് അവന്റെ കൂടെ പോയത്. ഒന്നാലോചിച്ചാൽ അവളു പോയതു നന്നായി.” ഒരോന്നു പറഞ്ഞിരുന്നു പോയപ്പോൾ രാത്രി ഇരുട്ടി. സാധനം തീരുകയും ചെയ്തല്ലോ. മൂന്നാറിലെ തണുപ്പിൽ തീർന്ന കാര്യം അവരറിഞ്ഞതേയില്ല. “ഈ രാത്രിയിൽ, ഈ തീ പോലെയുള്ള തണുപ്പത്ത് എവിടെ ചെന്നു വാങ്ങാനാ. നാട്ടിലെ പോലെ എല്ലായിടത്തും ബിവറേജുണ്ടോ? ഏതായാലും ഞാനും ശ്യാമും കൂടി വണ്ടിയെടുത്തൊന്ന് നോക്കിയിട്ടു വരാം.” മേശപ്പുറത്ത് വച്ച ബൈക്കിന്റെ കീയും എടുത്ത് ഹരീഷും ശ്യാമും ടൗണിലൊന്ന് കറങ്ങി.

 

പലയിടത്തും അന്വേഷിച്ചപ്പോഴാണ് മൂന്ന് കിലോമീറ്റർ മാറിയൊരു ബിവറേജ് ഉണ്ടെന്ന് മനസ്സിലായത്. “ഏതായാലും ഇവിടെ വന്നതല്ലേ, അവിടേംകൂടി പോയി നോക്കാം” അതും പറഞ്ഞ് കുറെകൂടി മുന്നോട്ടുപോയി. കോടമഞ്ഞിൽ പൊതിഞ്ഞ വഴികളിലൂടെ വളരെ പ്രയാസപ്പെട്ട് ബൈക്കോടിച്ചവർ പോയി. അകലെ ചെറിയ വെളിച്ചം കണ്ടിട്ടാണ് സ്ളോ ചെയ്തത്. തട്ടുകടയുടെ മുന്നിൽ നിർത്തിയിട്ട ഇന്നോവ കാറിൽ നിന്നും ഒരു യുവതിയും മൂന്നു ചെറുപ്പക്കാരും എന്തൊക്കെയോ സംസാരിക്കുന്നു. ഹരീഷിന്റെ മനസ്സിലൂടെ ചെറുസംശയം മിന്നി മറഞ്ഞപ്പോഴാണ് അവിടെ നിർത്തി നോക്കാം എന്നു തോന്നിയത്. “സുധി... ബൈക്കൊന്നു ചവിട്ടിക്കെ...” 

“എന്നാ ഇവിടെ... ഇവിടാണോ ബിവേറേജ് ?” സുധി ചോദിച്ചു. 

 

“പരിചയമുള്ള ഒരു മുഖം കണ്ടപോലെ.” വഴിയരികിൽ നനഞ്ഞ പുൽപുറത്തേക്ക് വണ്ടി ഒതുക്കി നിർത്തി. അവ്യക്തമായി കണ്ട യുവതി ആരാണന്നറിയാൻ ഇന്നോവ പാർക്ക് ചെയ്ത വഴിയരികിലെ തട്ടുകടയുടെ അടുത്തേക്ക് ഹരീഷ് നടന്നു. പനിനീര് പോലെ മഴപെയ്യുന്ന രാവിൽ ഹരീഷിന്റെ ഓരോ ചുവടുകളിലും സംഭ്രമം നിറഞ്ഞിരുന്നു. തട്ടുകടയിലെ നേർത്ത വെട്ടത്തേക്ക് ഹരീഷ് വന്നപ്പോഴേക്കും അവിടെനിന്ന യുവതിയും ചെറുപ്പക്കാരും പൊടുന്നനെ വണ്ടിയിലേക്ക് കയറി വേഗതയിൽ ഓടിച്ചു കടന്നു പോയി. 

 

നേർത്ത വെട്ടത്തിൽ മൂടൽ മഞ്ഞിന്റെ ഉള്ളിൽ കണ്ട യുവതി കവിതയാണോ…? അതോ എനിക്ക് തോന്നിയതാകുമോ...? ഹരീഷ് അങ്ങനെ പലതും ഓർത്തു കൊണ്ടിരുന്നപ്പോഴാണ് സുധി പറഞ്ഞത്. “നീ ഒരു കാര്യം ചെയ്യ്, ഒന്നു വിളിച്ചു നോക്ക് ” വഴിയരികിൽ നിന്നു തന്നെ കവിതയെ വിളിച്ചു. ഫോൺ ബെല്ലൊണ്ട്, പക്ഷെ എടുക്കുന്നില്ല. അവൾ ഉറങ്ങി കാണുമോ? ഒന്നുകൂടി വിളിച്ചു. വീണ്ടുമൊരു നീണ്ട ബെല്ലിനു ശേഷം നിശ്ചലമായി. ഹരീഷിന്റെ സംശയം കൂടുതൽ ബലപ്പെട്ടു വന്നു. അവൾ എന്നെ കണ്ടിട്ടുണ്ടാകുമോ? തന്നെ കണ്ടതുകൊണ്ടാണ് അവർ പെട്ടെന്ന് വണ്ടിയോടിച്ച് പോയത്. അകാരണമായൊരു ഭയം തന്നെ പിടികൂടുന്നതായി തോന്നി. നിനക്ക് ചിലപ്പോൾ തോന്നിയതായിരിക്കാം. സുധിയോടീക്കാര്യം പറഞ്ഞപ്പോഴെല്ലാം ഇതായിരുന്നു മറുപടി. ഒരു തീരുമാനത്തിലെത്താതെ വിഷമിച്ചു അല്പനേരം അവിടെ തന്നെ നിന്നു. എം. എച്ചിന്റെ ഒരു ഫുള്ളും വാങ്ങി റൂമിലെത്തിയപ്പോഴും ആ കാഴ്ച മനസ്സിനെ വിടാതെ പിന്തുടർന്നു. ആ രാത്രിയിലെ നിദ്രയിൽ ഹരീഷ് പലപ്പോഴും ഞെട്ടിയുണർന്നു. 

 

നേർത്ത മഞ്ഞും നിലാവും പരന്നൊഴുകിയ രാവിൽ ഒരു നിമിഷാർദ്രം കണ്ണുകളിൽ പതിഞ്ഞ്, മാഞ്ഞു പോയ രൂപം കവിത തന്നെയാണോ…?  അതോ ആ മുഖം മനസ്സിൽ പതിഞ്ഞു പോയതു കൊണ്ട് തനിക്ക് തോന്നിയതാകുമോ...? മൂന്നാറിലെ മരം കോച്ചുന്ന തണുപ്പിൽ, ലഹരി തലയ്ക്ക് പിടിച്ചപ്പോൾ തോന്നിയതാണോ..? അല്ല. ഹരീഷ് ഗാഢമായി ചിന്തിച്ചു. അവളുടെ നിഴലുകൾ പോലും എനിക്ക് സുപരിചതമല്ലേ. എന്റെ കണ്ണുകളെ പൂർണമായും വിശ്വസിക്കാം. മഞ്ഞുകണങ്ങൾ ഭൂമിയിൽ പൊതിഞ്ഞ എത്രയോ നിലാവുള്ള സന്ധ്യകളിൽ അവളോടൊപ്പം അകലങ്ങളിലേക്ക് നടന്നിട്ടുണ്ട്. എന്നിട്ടും... എന്നിട്ടുമെനിക്കിപ്പോൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല. വീണ്ടുമെന്റെ ഓർമ്മകളിൽ കവിത നിറഞ്ഞു നിൽക്കുന്നു. എന്റെ ഊഹം ശരിയാണെങ്കിൽ ബാംഗ്ലൂരിൽ നിന്ന് നീണ്ട യാത്രചെയ്ത് എന്തിനാണവൾ മൂന്നാറിലേക്ക് വന്നത്...? അതും അപരിചതരായ മൂന്നു ചെറുപ്പക്കാരുടെ കൂടെ..? അങ്ങനെ ഒരോ ചോദ്യങ്ങളും ഹരീഷിനെ അലട്ടിക്കൊണ്ടിരിരുന്നു. മദ്യത്തിന്റെ ലഹരിയിൽ ആ രാത്രി തീരശ്ശീല വീണു.

 

പോയ രാത്രിയിലെ സംഭവങ്ങൾ ദുസ്വപ്നം എന്ന പോലെ ഹരീഷിനെ ഉണർത്തിക്കൊണ്ടിരുന്നു. ഇരുൾ മൂടിയ വഴികളിലൂടെ ഒരിക്കൽക്കൂടി പോകണമെന്ന് തോന്നി. ഏല്ലാവരും ഉണരും മുമ്പേ കഴിഞ്ഞ രാത്രിയിൽ പോയ വഴികളിലൂടെ ഹരീഷ് യാത്ര ചെയ്തു. എങ്ങും മഞ്ഞുമൂടിയ വഴികളും മലനിരകളും മാത്രം. വഴിയോരത്ത് തട്ടുകടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഇരുട്ടത്ത് കണ്ട വഴികൾ പ്രകാശം വീണപ്പോൾ എന്തോ മാറ്റം സംഭവിച്ച പോലെ ഹരീഷിന് തോന്നി. തന്റെ മനസ്സിൽ അടക്കിവെച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെയാണ് മൂന്നാറിൽ നിന്നും മടങ്ങിയത്.

 

മൂന്നാറിൽ നിന്ന് വന്നിട്ട്  ദിവസങ്ങൾ കഴിഞ്ഞിട്ടും ആ സംഭവത്തെപ്പറ്റി പിന്നീടൊന്നും അറിഞ്ഞില്ല. അന്ന് യുവതിയുടെ കൂടെ ഉണ്ടായിരുന്ന നാലഞ്ചുപേർ ആരൊക്കെയായിരുന്നു..? എന്തിനാണവർ പെട്ടെന്ന് മറഞ്ഞത്...? അന്നു മുതൽ കവിതയുടെ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ...? പലതും ചേർത്തു വയ്ക്കുമ്പോൾ ഒരപകടത്തിന്റെ സൂചന തെളിഞ്ഞു വരുന്നു. പിന്നീട് ഓർക്കുമ്പോഴൊക്കെ വിളിക്കും. സ്വിച്ച് ഓഫ് തന്നെ.

ഒരു ദിവസം രാവിലെ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശ്യാമിന്റെ ഫോൺ വന്നത്. കോളജിൽ പഠിച്ചിരുന്ന സുഹൃത്തുക്കളിൽ ശ്യാമിന്റെ വീട് മാത്രമായിരുന്നു അടുത്ത്. 

“ഹരീഷേ, വേഗമൊന്ന് സ്കൂൾ ഗ്രൗണ്ടിലേക്ക് വാ…” 

“എന്നാപ്പറ്റി ശ്യാമേ.” 

“നീ വാ പറയാം.” പതിവില്ലാത്ത ആ വിളിയിൽ എന്തോ നിഗൂഢത ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ഹരീഷിന് തോന്നി. എന്തോ ആഴമേറിയ വിഷയം സംസാരിക്കാനായിരിക്കും, അല്ലെങ്കിൽ ഇത്രയും രാവിലെ വിളിക്കില്ല. ഹരീഷ് വേഗം ബൈക്കെടുത്ത് സ്കൂൾ ഗൗണ്ടിലേയ്ക്ക് വിട്ടു. സ്കൂൾ ഗൗണ്ടിലെത്തിയപ്പോൾ സുധിയും ബെൻസനും കൈയിലൊരു പത്രവുമായി മതിലിൽ ഇരിക്കുന്നു. ഇവരെന്നാ ഇവിടിരിക്കുന്നത്, എന്തുണ്ടെങ്കിലും വീട്ടിലേക്ക് വരുന്നതാണല്ലോ. വന്നയുടനെ ബെൻസനും ശ്യാമും പത്രമെടുത്ത് എന്റെ നേരെ നീട്ടി. ദേ ഇതു കണ്ടോ..? 

‘‘മൂന്നാറിലെ കൊക്കയിൽ എൻജീനിയറിംഗ് വിദ്യാർഥിയുടെ അഴുകിയ ജഡം.’’

 

പത്രത്തിലെ വാർത്തയും ചിത്രവും കണ്ട ഹരീഷ് സ്തബ്ദനായി നിന്നു. ഒരു വേള തല ചുറ്റുന്നതായി തോന്നി. ഭാരമില്ലാതെ ഒഴുകി നടക്കുന്നതു പോലെ... ഒരിക്കൽ താൻ സ്നേഹിച്ച, തന്റെതു മാത്രമാകാൻ കൊതിച്ചവൾ. ഹരീഷിന് വിശ്വസിക്കാൻ പറ്റുന്നതല്ലായിരുന്നു ആ വാർത്ത. ഒരു കാലത്ത് തനിക്ക് എല്ലാമെല്ലമായിരുന്നവൾ. താൻ വല്ലാത്തൊരു കുരിക്കിലാണല്ലോ വന്നുപെട്ടത്. 

“നിന്റെ ഊഹം ശരിയായിരുന്നു ഹരീഷേ.. അന്ന് മൂന്നാറിൽ വച്ച് കണ്ടത് കവിതയായിരുന്നെടാ.” 

ഏതു നേരത്താണോ ഈശ്വരാ അവിടേയ്ക്ക് പോകാൻ തോന്നിയത്. ആ ദുർനിമിഷത്തിന്റെ ഓർമ്മ എന്റെ ഹൃദയ സ്പന്ദനത്തിന്റെ ആക്കം കൂട്ടുന്നു. ഹരീഷ്  ഓർത്തുപോയി.

 

“ഈ സംഭവം നടക്കുമ്പോൾ എന്റെയും അവളുടെയും ഫോൺ ഒരേ ടവർ ലോക്കേഷന്റെ കീഴിലായിരുന്നല്ലോ, ഒരു പക്ഷെ പോലീസ് അന്നേ ദിവസം വിളിച്ച കോളുകൾ പരിശോധിച്ചാൽ എന്റെയും നമ്പർ കാണുമല്ലോ. എല്ലാം കൂടി ചേർത്തു വച്ചാൽ പോലീസ് എന്നെക്കൂടി സംശയിക്കത്തില്ലേ. വാഗമൺ വരെ പോയി വന്നിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കത്തില്ലായിരുന്നു. എന്റെ ജീവിതത്തിൽ നിന്നകന്നത്, ഈ അവസ്ഥയിലാകാനായിരുന്നോ.’’ ഓർക്കുമ്പോൾ നിരാശയുടെ കയങ്ങളിലേക്ക് ആഴ്ന്ന് പോകുന്ന പോലെ.

 

കവിതയ്ക്ക് എന്താണ് അവിടെ വെച്ച് സംഭവിച്ചത്..? ആരിൽ നിന്നാണ് ചതിക്കപ്പെട്ടത്..? പല ചോദ്യങ്ങളും ഹരീഷിനെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു. ഒരിക്കൽ സുധിയെയും കൂട്ടി  കവിതയുടെ വീട്ടിലേക്ക് പോയി. കഷ്ടിച്ച് ഒരു ബൈക്ക് മാത്രം കടക്കുന്ന ഇടനാഴിയിലൂടെ കുറേ പോകണം. ഇടനാഴി അവസാനിക്കിന്നിടത്ത് ഒരു തോട്, തോടെന്ന് പറയാൻ സാധിക്കില്ല. ജലസാനിധ്യം ഒട്ടും തന്നെ ഇല്ലാതെ വറ്റിവരണ്ടു കിടക്കുന്ന ഒരു ചാല്, തോട്ടും കരയിലെ ഓടിട്ട ചെറിയ വീട് കണ്ടാൽ തന്നെ നിരാശ തോന്നും. ചെറുകാറ്റത്ത് നിലംപൊത്തുന്ന നിലയിലായിരുന്നു ആ അവസ്ഥ. ചുറ്റുപാടുകൾ വൃത്തിഹീനമായി കിടക്കുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ കവിതയുടെ അമ്മ തോട്ടുംകരയിലിരുന്ന് തുണി അലക്കുകായിരുന്നു. കവിത തന്നോട് പറഞ്ഞിരുന്നത് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ! ഹരീഷ് ഒരു നിമിഷം ഓർത്തു. തിരക്കേറിയ റോഡിന്റെ സൈഡിൽ മതിലിനുള്ളിൽ വലിയ വീടും, കാറും പിന്നെന്തൊക്കെയായിരുന്നു തന്നോട് പറഞ്ഞിരുന്നത്. വീടിനുള്ളിൽ കഴിയുന്നവരുടെ സ്ഥതിയായിരുന്നു അതിനേക്കാൾ പരിതാപകരം. കടുത്ത നിരാശയിൽ ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന കവിതയുടെ അച്ഛൻ ഈ സംഭവത്തിന് ശേഷം എങ്ങും പോകാതെയായി. കവിതയുടെ കൂടെ പഠിച്ചതാണന്നു പറഞ്ഞപ്പോൾ അല്പനേരം സംസാരിച്ചു. മകളെപ്പറ്റി പറയുമ്പോൾ പലപ്പോഴും പൊട്ടിക്കരയുന്നുണ്ടായിരുന്നു. അവരെ എന്തു പറഞ്ഞാശ്വസിപ്പിക്കണം. എല്ലാവരുടെയും പ്രതീക്ഷയായിരുന്ന ഏക മകൾക്ക് ഇങ്ങനൊരാപത്ത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. 

 

ജീവിക്കാൻ മോഹിച്ച പെൺകുട്ടി ആഢംബരത്തിന്റെയും സുഖത്തിന്റെയും പിന്നാലെ പോയി. പിന്നീടത് ചതിയുടെ വലയിൽ കുടുങ്ങിയ ജീവിതമായി മാറി. പല കഥകളും കേട്ടു തുടങ്ങി. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ അറ്സ്റ്റ് ചെയ്തു എന്ന വാർത്ത പിന്നീട് പത്രങ്ങളിൽ കണ്ടു. ദാരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടി ബാഗ്ലൂരിലെ വിശാലമായ ലോകത്ത് വന്നപ്പോൾ ഉണ്ടായ വിഹ്വലത. ആരുടെയും നിയന്ത്രണമില്ലാത്ത ലോകത്ത് അവൾ എന്തൊക്കയോ നോടാമെന്ന് മോഹിച്ചു. ഒരിക്കലും കിട്ടാത്ത സാതന്ത്ര്യം അനുഭവിച്ചപ്പോൾ അതിൽ മതിമറന്നു. സോഷ്യൽ മീഡീയായിലൂടെയാണ് അജ്ഞാത യുവാവിനെ പരിചയപ്പെട്ടത്. ചാറ്റിംഗിലൂടെ ആ ബന്ധം വളർന്നു. അങ്ങനെ ഒരേ സമയം തന്നെ അവൾ രണ്ടു പ്രണയങ്ങളും സൂക്ഷിച്ചു.

 

പതിയെപ്പതിയെ അജ്‌ഞാത സുഹൃത്ത്, ചതിയുടെ വലകൾ ഒരു വേട്ടക്കാരന്റെ വൈഭവത്തോടെ വളരെ സമർത്ഥമായി നെയ്തുകൊണ്ടിരുന്നു. അവധി ദിവസങ്ങളിൽ ബാഗ്ലൂര്‍ നഗരത്തിലെ ഹോട്ടൽ മുറികൾ വിരസതയാർന്നപ്പോഴാണ് പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്രയായത്. അങ്ങനെയാണവർ ഒരു ശനിയാഴ്ച ദിവസം വൈകുംനേരം  ബാഗ്ലൂരിൽ നിന്ന് മൂന്നാറിലേക്ക് യാത്ര തിരിച്ചത്. വഴിയിൽ വച്ചാണ് സുഹൃത്തുക്കളായ ചെറുപ്പക്കാർ കാറിൽ കയറിയത്.

 

കാമുകന്റെ സുഹൃത്തുകൾക്കു വഴങ്ങാതിരുന്നപ്പോഴാണ് ആക്രമിച്ചത്. അതൊരു കൊലപാതകത്തിലേക്ക് നയിച്ചു. നിഗൂഢമായ രഹസ്യങ്ങൾ അറിഞ്ഞെങ്കിലും മറ്റു പല കഥകളും നാട്ടിൽ കേൾക്കാൻ തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പല തവണ ഹരീഷിനെ വിളിപ്പിച്ചിരുന്നു. ഹൃദയത്തിന്റെ കോണുകളിൽ എപ്പഴോ പതിഞ്ഞു പോയ രൂപം, എത്രയൊക്കെ കഥകൾ കേട്ടിട്ടും മനസ്സിൽ നിന്നും മായുന്നില്ല. പല രാത്രികളിലും അതോർത്തു ദുഃഖിക്കും.

 

സപ്ലി എക്സാമും ഇന്റർവ്യൂവും ഒക്കെയായി ദിവസം പലതു കഴിഞ്ഞിരുന്നു.  hതിയെപ്പതിയെ കവിതയെപ്പറ്റിയുള്ള ചിന്തകൾ ഹരീഷിന്റെ മനതാരിൽ നിറം മങ്ങിയ ഓർമ്മകളായി. പ്രഭാതത്തിൽ വശ്യമനോഹരമായ ഏതോ സ്വപ്നത്തിൽ മയങ്ങുമ്പോഴാണ് മേശ പുറത്തിരുന്ന മൊബൈൽ മുഴങ്ങിയത്. മുഴുമിക്കാതെ നിശ്ചലമായ സ്വപ്നത്തിന്റെ ആലസ്യത്തിലുണർന്ന ഹരീഷ് പാതി അടഞ്ഞ കണ്ണുകളുമായി മൊബൈലിൽ നോക്കി.

ബെൻസനാണല്ലോ..!

എന്നാ പറ്റി ഈ നേരത്ത്....!

‘‘ഹരീഷ് നമ്മുക്കൊന്ന് ഗവി വരെ പോയാലോ. ശ്യാമും സാംകുട്ടിയുമെല്ലാമുണ്ട്.’’

അങ്ങേ തലയ്ക്കലേന്ന് ബെൻസ്സന്റെ ശബ്ദം കേട്ട് ഹരീഷ് അല്പനേരം നിശ്ശബ്ദനായി നിന്നശേഷം ഫോൺ കട്ട് ചെയ്തു. ഒരിക്കൽ സുഹൃത്തുക്കളുമായുള്ള യാത്രകൾ ഒരുപാട് ആസ്വദിച്ചിരുന്നു. ആ ഒരു സംഭവത്തിന് ശേഷം യാത്രകളോട് തന്നെ മടുപ്പ് തോന്നിത്തുടങ്ങി. പകുതിയിൽ അവസാനിച്ച സ്വപ്നത്തിനായി മയങ്ങാനായി കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിച്ചില്ല. മുഴുമിക്കാത്ത സ്വപ്നങ്ങൾ പിന്നീടൊരിക്കൽ പോലും ഉണർന്നില്ല. അവയെല്ലാം ഉറങ്ങി, നിശ്ശബ്ദമായി തന്നെ.

 

Content Summary: Mangiya Vazhikal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com