ADVERTISEMENT

ചിത്രശലഭങ്ങളുടെ ലോകം (കഥ)

 

അമ്പലമണികളുടെ നാദം ഉണർന്നു ... ചെമ്പട്ടുചേല ചുറ്റിയ വേലായുധ കുറുപ്പ് ഭഗവതിയിലേക്കുള്ള പരകായ  പ്രവേശത്തിനായി അരമണികൾ മുറുക്കി കെട്ടി ... ഭഗവതിയുടെ ഉടവാൾ അരപ്പട്ടയോടു ചേർത്ത് കുത്തി വെച്ച് നിവർത്തിപിടിച്ചു....

 

ഒരു കുടച്ചിലോടെ കുറുപ്പിൽ ഭഗവതി ഉണർന്നു.... ചിലങ്ക കെട്ടിയ കാലുകൾ താളാത്മകമായി ചലിച്ചു.... അരമണികൾ കിലുങ്ങി.... ചുവന്ന പട്ടുകൾ കാറ്റിൽ ഉലഞ്ഞു.... തളയണിഞ്ഞ ഇടതു കൈ, മുടിയിഴകളിലൂടെ, ആ ഭഗവതീദാസൻ ഓടിച്ചു .... പാതി കൂമ്പിയ മിഴികൾ എവിടേക്കെന്നില്ലാതെ പറന്നു നടന്നു.....

 

" പൂ ഹേയ് .....ഹോയ്... ഹോയ്....."

 

ഒരു കയ്യിൽ ഉടവാളും മറുകയ്യിൽ ചിലമ്പുമുയർത്തി തലതാഴ്ത്തി വട്ടം കറക്കി ഭഗവതി സ്വതസിദ്ധമായ ശൈലിയിൽ തന്റെ വരവറിയിച്ചു....

 

ഓംകാര ധ്വനികളുയർത്തി ശംഖനാദം മൂന്നു പ്രാവശ്യം മുഴങ്ങി... വലന്തലകളിലും ഇടന്തലകളിലും ചെണ്ടക്കോൽ ഒരേ സമയം ഉയർന്നു വീണു .... സന്ധിവേല കൊട്ടി കയറിയ വാദ്യം പിന്നെ, പതികാലത്തിലൂടെ ഇരമ്പി ആർത്തു .....

 

'തക്കിട്ട.... തരികിട തക്കിട്ട .... തരികിട'

 

കാഴ്ച്ചക്കാർ താളം പിടിച്ചു ... അസുരവാദ്യത്തിന്റെ മാറ്റൊലി വായുവിനെ പ്രകമ്പനം കൊള്ളിച്ചു .... കോമരം ഉറഞ്ഞാടി....  ചെറിയ കുട്ടികൾ ഭയപ്പാടോടെ കണ്ണുകൾ പൊത്തി... ആ ഭഗവതീദാസൻ ആൾക്കൂട്ടത്തിനിടയിലൂടെ കുത്തുവിളക്കിന്റെ സംരക്ഷണയിൽ അടിവെച്ചടിവെച്ചു....

 

സ്വർണ്ണ കോലത്തിൽ ഭഗവതിയുടെ തിടമ്പ് ഗജരാജന്റെ മസ്തകത്തിൽ വിഹരിച്ചു ... മകരം ഒന്നിന്റെ മദ്ധ്യാഹ്നത്തിൽ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവതി, ക്ഷേത്ര മതിൽ കെട്ടിന് പുറത്തേക്ക് എഴുന്നെള്ളുവാൻ തുടങ്ങി.....

 

ക്ഷേത്രത്തിനോട് ചേർന്ന കുളക്കരയിൽ, ഒന്നിലും ചേരാതെ അഖിലാണ്ഡൻ ഇരുന്നു .... കനലെരിയുന്ന ഭൂതകാലത്തിന്റെ സ്മൃതികളിൽ  പാറി പറക്കുകയായിരുന്നു അവന്റെ മനസ്സ്.... വാദ്യഘോഷത്തിന്റെ  ധ്വനികൾ  അവന്റെ ചിന്തകൾക്ക് തടസ്സമായില്ല ...

 

‘അയാൾ ഇറങ്ങിയിരിക്കുന്നു.... ഒരു പോറലുമേൽക്കാതെ....’

 

അവന്റെ മനസ്സ് നീറിപ്പുകഞ്ഞു.... മുറിവേറ്റ നാഗത്തെ പോലെ അവൻ ശീൽക്കാരം പുറപ്പെടുവിച്ചു.... അവന്റെ കണ്ണുങ്ങൾ തീക്ഷ്ണങ്ങളായി... അവന്റെ ഹൃദയ താളം ഉയർന്നു പൊങ്ങി ....

 

വാദ്യഘോഷം ഒരു താളവട്ടം പൂർത്തിയാക്കി എടവട്ടത്തിലേക്ക് കൊട്ടിക്കയറി .... ഗ്രാമപ്പറ സ്വീകരിച്ച് ഭഗവതി നിവാസികളെ വീക്ഷിച്ച് യാത്ര തുടർന്നു ....

 

അകലെ മരുത്വാമലയിൽ നിന്ന് ഒരു നിലവിളി അഖിലാണ്ഡന്റെ കാതുകളിൽ മാത്രം കേട്ടു.... ഒരു ഞെട്ടലോടെ അവൻ  ചിന്തകളിൽ നിന്ന് ഉണർന്നു....  അവന്റെ  ശരീരം വിയർപ്പിൽ കുതിർന്നു ... ശബ്ദം കേട്ട ദിക്കിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു ....

 

‘അതെ.... അതവളുടെ ശബ്ദമാണ്... കാർത്തൂന്റെ ശബ്ദം.... എന്നും കാതുകളിൽ പതിക്കുന്ന അതേ ശബ്ദം... ഗതികിട്ടാതെ ആ മലയടിവാരത്തിൽ ഇന്നും അവൾ രക്ഷയ്ക്കായി നിലവിളിക്കുന്നു ...’ അവന്റെ മുഖം ദുഃഖവും ക്രോധവും കൊണ്ട് വലിഞ്ഞു മുറുകി. നിലയില്ലാ കയത്തിലകപ്പെട്ടവനേപോലെ ഒരു താങ്ങിനായി അവൻ പരതി .

 

ആ നിലവിളി നേർത്തു നേർത്തു വന്നു...  ഒരു തേങ്ങലായി അത് അവന്റെ കാതുകളിൽ നിറഞ്ഞു....

 

"എന്താ ആണ്ടാ ഇവിടീർന്ന് .... നെന്നെ അമ്പലത്തീലും കണ്ടീല്ല ... ?"

 

കതിനക്കാരൻ രാഘവൻ ഭഗവതിയെ പറഞ്ഞയച്ച് ഒന്ന് മുങ്ങി നിവരാനാണ് കുളത്തിലേക്ക് ഇറങ്ങിയത് ... അഖിലാണ്ഡനെ കണ്ട് ഒരു നിമിഷം കൽപ്പടവുകളിൽ, മാറിലെ നരച്ച മുടികളിൽ വിരലോടിച്ച്‌ അയാൾ നിന്നു ... അയാളുടെ മെലിഞ്ഞൊട്ടിയ വയറിനെ മറച്ചു കെട്ടിയ തുവർത്ത് ഇപ്പോൾ അഴിഞ്ഞു വീഴും എന്ന മട്ടിൽ കിടന്നു..

 

അഖിലാണ്ഡൻ ഒന്ന് തിരിഞ്ഞു... പക്ഷേ അവൻ ഒന്നും പറഞ്ഞില്ല...

 

"നീ അറിഞ്ഞില്ലേ.... വീരഭദ്രനെ വെറുതെ വിട്ടൂന്നു ... തെളിവില്ലാത്രേ .... നാണ്വാരുടെ ചായക്കടേല് കാലത്ത് ഒരു നോട്ടം കണ്ടു... ഇപ്പോ ഭഗവതീടെ ഒപ്പന്നെണ്ട് അവൻ.... ജയിച്ചു വന്നിരിക്കല്ലേ..." 

 

അഖിലാണ്ഡൻ നിശബ്ദനായിരുന്നു.... അവന്റെ ചിന്തകളിൽ കാർത്തൂന്റെ തേങ്ങൽ മാത്രമായിരുന്നു....

 

രാഘവൻ കുളത്തിലിറങ്ങി വെള്ളത്തിലേക്ക് ഊളയിട്ടു... രണ്ട് തവണ മുകളിലേക്ക് ഉയർന്ന് വന്ന് മുടിയിഴകളിൽ കൈവിരലോടിച്ച് കഴുകി... പിന്നെ കരയ്ക്കു കയറി അരയിൽ കെട്ടിയ നനഞ്ഞ തുവർത്ത് അഴിച്ച് പിഴിഞ്ഞു...

 

വെള്ളതുള്ളികൾ  തുടയ്ക്കുമ്പോൾ അയാൾ അഖിലാണ്ഡനു നേരെ വീണ്ടും നോട്ടമെറിഞ്ഞു .... 

 

"ഭഗവതി ഒരു വഴി കാട്ടാണ്ടിരിക്കില്ലാ.... എല്ലാം ഭഗവതി കാണണതല്ലേ ...."

 

തുവർത്ത് വീണ്ടും പിഴിഞ്ഞ് അരയിൽ കെട്ടി അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ നടന്നു ... അഖിലാണ്ഡന്റെ മനസ്സിൽ അപ്പോൾ വാദ്യം ദ്രുതതാളം കൊട്ടുകയായിരുന്നു ... അവന്റെ ഓർമ്മകൾ പുറകിലേക്ക് ചിറകടിച്ചു പറന്നു  ....

 

മരുത്വാമലയിൽ അന്ന് കാർത്തു ഒറ്റയ്ക്കാണ് പോയത് ....  പച്ചപുതച്ച പുൽമേടുകൾക്കപ്പുറം ഇടതൂർന്ന മരങ്ങൾക്കിടയിൽ പതിയിരുന്ന  അപകടം ഒരുപക്ഷേ  അവൾ  പ്രതീക്ഷിച്ചിരിക്കില്ല.... 

 

മലയുടെ താഴെ ശാന്തമായൊഴുകുന്ന കുറവൻ ചോല. ചോലയുടെ തീരത്തു ഒരാളിലും പൊക്കത്തിൽ  ഉയർന്നു നിൽക്കുന്ന കൈതക്കാടുകൾ. അതിനപ്പുറം താഴ്വരയിൽ, എങ്ങും പച്ച വിതറിയ പുൽനാമ്പുകൾ.  ഒരുഭാഗത്തു റബ്ബർ മരങ്ങളാൽ സമൃദ്ധമായ കാട്.. ഇതൊക്കെ ചേർന്ന മനോഹര ഭൂമികയാണ് മരുത്വാമല. ആ മനോഹാരിതയ്ക്കു കളങ്കം ചാർത്തി,  കൈതയുടെ മറപറ്റി നിർലോഭം തുടരുന്ന  കള്ളവാറ്റും ആഭാസത്തരവും മാത്രം അതിനെന്നും അപവാദമാകുന്നു.  

 

കാർത്തൂന്റെ ദിനചര്യകളിൽ ഒന്നാണ്, സ്ക്കൂൾ വിട്ടു വന്നാൽ ഉണ്ണിക്കുട്ടനേം കൂട്ടി മരുത്വാമലയുടെ താഴ്വരയിൽ  പോകുന്നത്... അവളുടെ പ്രിയപ്പെട്ട മണിക്കുട്ടിയും  കണ്ണനും ഇളം പുല്ലു നുകരുമ്പോൾ, ഉണ്ണിക്കുട്ടന്റെ കയ്യും പിടിച്ചു ചോലയുടെ തീരങ്ങളിൽ അവൾ പാറിപറക്കും... പൂക്കളോടും വണ്ടിനോടും കിന്നാരം പറയും. കുയിൽ നാദത്തിനൊത്തു പാട്ടു പാടും.. ശലഭങ്ങളോടൊത്തു ആനന്ദ നൃത്തം വെക്കും ..  അന്ന് പക്ഷേ ഉണ്ണിക്കുട്ടൻ കിടപ്പിലാണെന്നറിഞ്ഞ് അവൾ ഒറ്റയ്ക്കു പോയി .  ആ ദിവസം അവൾ ഒഴിവാക്കേണ്ടതായിരുന്നു... 

 

അന്ന് അവൾക്കായി വാങ്ങിവന്ന  പുസ്തകങ്ങൾ ആ വീട്ടിൽ ചിതറി വീണ് അനാഥമായതാണ് ... 

 

ചിന്തകൾ അവന്റെ മനസ്സിനെ മുറിവേൽപ്പിച്ചു ... അവന്റെ കൺതടത്തെ നനച്ച് ജലകണങ്ങൾ കവിളിലൂടെ താഴേക്ക് കിനിഞ്ഞു. 

 

ക്ഷിപ്രപ്രസാദിയായ ഭഗവതി,  ഗ്രാമവാസികളുടെ ക്ഷേമം തേടി അപ്പോഴും യാത്ര തുടർന്നു. ..  താളവട്ടങ്ങൾ മാറി മാറി ദ്രുതതാളങ്ങൾ പിറന്നു....

 

ദാരികാസുര നിഗ്രഹ ശേഷം ആനന്ദ നിർത്തമാടിയ കാളിയുടെ ഉടവാൾ രക്ത ധൂളികളോടെ തെറിച്ചു വീണതും , കാലങ്ങൾക്കു ശേഷം, ആ ഉടവാൾ കണ്ടെടുത്ത ഒരു ബ്രാഹ്മണന് കാളി,  വർഷത്തിൽ ഒരിക്കൽ  സ്വരൂപത്തിൽ വന്നു കൊള്ളാം എന്ന് ഉറപ്പു നൽകിയതുമായ ആ സുദിനത്തിൽ ഭഗവതിയെ ദർശിക്കാൻ ഭക്തർ ഒഴുകിയെത്തി.. 

 

അനാഥരായ ആടുകൾ വീടു തേടി മടങ്ങിവരുന്നതുവരെ കാർത്തു മരത്വാമലയുടെ താഴ് വരയിൽ അർദ്ധ പ്രാണയായി കിടന്നു കാണില്ലേ....?. അച്ഛനെ വിളിച്ചുള്ള  അവളുടെ നിലവിളി ആ മലയുടെ അരികുകളിൽ തട്ടി മുഴങ്ങി നിന്നിരിക്കില്ലേ....   

 

അഖിലാണ്ഡൻ വീണ്ടും ചിന്തയിലേക്ക് തിരിച്ചു കയറി.... 

 

തന്റെ മടിയിൽ കിടന്നല്ലേ അവസാന ശ്വാസത്തിന് മുൻപ് അവൾ ആ പേരു പറഞ്ഞത്.... അവൻ.... വീരഭദ്രൻ ..... തന്റെ കുട്ടിയെ അവൻ....

 

അഖിലാണ്ഡൻ രോഷം കൊണ്ട് പല്ലുകൾ കൂട്ടി അമർത്തി .... അവന്റെ ശ്വാസോച്വാസം  ഉയർന്നു പൊങ്ങി..

 

ഒരു നനുത്ത സ്പർശം അവനെ ചിന്തകളിൽ നിന്നുണർത്തി.... വർണ്ണങ്ങൾ വിതറിയ ഒരു ശലഭം അവന്റെ  കൈത്തലത്തിൽ വന്നിരുന്നു  .... കുഞ്ഞിച്ചിറകുകൾ വീശി അത് പാറി നടന്നു....അവന്റെ തലക്കു മുകളിൽ വട്ടമിട്ടു ....

 

ശലഭത്തിൽ നിന്നും ശ്രദ്ധ മാറ്റി അവൻ മരുത്വാമലയിലേക്ക് വീണ്ടും ദ്യഷ്ടികളെറിഞ്ഞു ....

 

സംശയത്തിന്റെ ആനുകൂല്യത്തിൽ വീരഭദ്രൻ നല്ലവനായിരിക്കുന്നു .... തെളിവുകളും സാക്ഷികളും  പണത്തിനു മുന്നിൽ വളഞ്ഞിരിക്കുന്നു ..... കാർത്തു, ഗതികിട്ടാതെ ഇന്നും  മരുത്വാമലയിൽ അലഞ്ഞു തിരിയുന്നു .....

 

സമയം കൊടുങ്കാറ്റിന്റെ വേഗതയോടെ പാഞ്ഞു ....  ഗ്രാമ പ്രദക്ഷിണത്തിനിറങ്ങിയ ഭഗവതി ക്ഷേത്ര മൈതാനത്തേക്ക് തിരിച്ചു കയറി ... വാദ്യം എടനില  കൊട്ടി മൂർദ്ധന്യത്തിലേക്ക് വീണു ... ക്ഷേത്രമതിൽ കെട്ടു കടന്ന്  ഭഗവതി സ്വന്തം നടയുടെ മുന്നിലേക്ക് വന്നു കയറി.....

 

അഖിലാണ്ഡന്റെ മനസ്സ്  ദു:ഖഭാരത്താൽ അപ്പോഴും വിങ്ങി കൊണ്ടിരുന്നു ..... 

 

കാർത്തു ... അവൾ കാൽ തെന്നി വീണതാണെന്ന് വിധിച്ചിരിക്കുന്നു .. വീഴ്ചക്കു മുൻപോ ശേഷമോ അവൾ പീഡിക്കപ്പെട്ടില്ല പോലും...... വീരഭദ്രൻ,  ദൂരെ ഏതോ ആശുപത്രിയിൽ ആ സമയം കിടപ്പിലായിരുന്നത്രേ ....

 

അവൻ കണ്ണുകൾ ഇറുക്കിയടച്ച് മതിൽ കെട്ടിലേക്ക് തല ചായ്ച്ചു ....  അവന്റെ തലയിലേക്ക് പെരുപ്പ് കയറി തുടങ്ങി....

 

നനുത്ത ചിറകുകൾ വീശി ചിത്രശലഭം വീണ്ടും അവന്റെ കാഴ്ചയിലേക്കടുത്തു ., അവനെ വട്ടം ചുറ്റി പറന്നു ..  ചിറകടിച്ചുയർന്ന്  ക്ഷേത്രത്തിനു നേർക്ക് നീങ്ങി ... 

 

ഏതോ ഉൾപ്രേരണയിൽ ആ നിമിഷം അഖിലാണ്ഡൻ ചാടി എഴുന്നേറ്റു .... ഉന്മാദത്തിലെന്ന പോലെ അവൻ  മുന്നോട്ട്   കുതിച്ചു.... ശലഭം ക്ഷേത്രമതിൽ കടന്ന് അപ്പോൾ ഭഗവതി നട ലക്ഷ്യമാക്കി പറന്നു തുടങ്ങിയിരുന്നു  .... അഖിലാണ്ഡൻ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി.... ദൂരെ നിന്നു തന്നെ ആ രൂപം അഖിലാണ്ഡന്റെ ദൃഷ്ടിയിൽ പതിഞ്ഞു. വാദ്യക്കാരുടെ പുറകിൽ താളം പിടിച്ചു നിൽക്കുന്നു .  അവൻ..... വീരഭദ്രൻ .....

 

പൊടി പാറിച്ചു കൊണ്ട് ശക്തമായ കാറ്റ് അവിടെ ആഞ്ഞു വീശി ... അസുരവാദ്യത്തിന്റെ അലകൾ വായുവിൽ ഉയർന്ന് പൊങ്ങി.... ഗജവീരൻമാർ ചെവിയാട്ടി താളം പിടിച്ചു... ഭഗവതീദാസൻ വാളും ചിലമ്പും വായുവിൽ ഉയർത്തി നിറഞ്ഞാടി.... വാദ്യം ഇരുകിട മൂർദ്ധന്യത്തിലെത്തി 'ഗണപതി കൈ' കൊട്ടി കലാശത്തിലേക്ക് കയറി ...

 

അഖിലാണ്ഡന് പെരുവിരലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറി.... അവന്റെ മുന്നിൽ കാഴ്ചകൾ പരിമിതമായി... അകലെ മരുത്വാമലയിൽ നിന്നും ഒരു പതിഞ്ഞ തേങ്ങൽ  അവന്റെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു .... അവന്റെ ഹൃദയം ദ്രുതതാളം മുഴക്കി.... ആ നിമിഷം ഇരയെ കണ്ട വ്യാഘ്രത്തെപ്പോലെ അലർച്ചയോടെ അവൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചാടി.... 

 

ഭഗവതീദാസനടുത്തേക്കു അവൻ ഓടിയടുത്തു.... ക്ഷണനേരത്തിൽ സ്വർണ്ണം കെട്ടിയ ഭഗവതിയുടെ ഉടവാൾ അവന്റെ കൈകളിൽ വിളങ്ങി... നിന്നനിൽപ്പിൽ ഒന്ന് തിരിഞ്ഞ്, അവന്റെ കാലുകൾ വായുവിൽ ഉയർന്ന് താണു.... ആൾക്കൂട്ടത്തിനിടയിലേയ്ക്ക് വീരഭദ്രൻ തെറിച്ചു വീണു .... 

 

വാളേന്തിയ അഖിലാണ്ഡന്റെ  വലതു കൈ വായുവിൽ ഉയർന്നു.... ശക്തിയോടെ വാൾ താഴേക്ക് പതിച്ചു....   എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിവുണ്ടാകുന്നതിനു മുൻപേ വീരഭദ്രന്റെ ശിരസ്സ് ശരീരത്തിൽ നിന്ന് വേർപെട്ടു ....

 

കാറ്റു നിലച്ചു... ഗജവീരൻമാർ ആട്ടം നിർത്തി കാതുകൾ കൂർപ്പിച്ചു ... അരയാലിൻ കൊമ്പിൽ നിന്ന് അമ്പല പ്രാവുകൾ കളകളാരവത്തോടെ പറന്നകന്നു...  പരിഭ്രാന്തരായി ജനം ചിതറി..  വാദ്യക്കാരുടെ ഉയർന്ന കൈകൾ വായുവിൽ തന്നെ നിശ്ചലമായി നിന്നു... ഭഗവതീദാസൻ സ്തബ്ദനായി...

 

കൂടിയടുത്ത ജനസാമാന്യത്തിനു  നേരെ അവൻ വാൾ വീശി... അവർ ദൂരേയ്ക്ക് മാറി....  ജനക്കൂട്ടത്തിനിടയിലൂടെ അവൻ പാഞ്ഞു.... അവന്, ചിത്രശലഭം വഴികാട്ടിയായി.... അത് മരുത്വാമല ലക്ഷ്യമാക്കി പറന്നു....

 

മരുത്വാമലയിൽ നിന്ന് നിലവിളികൾ അപ്പോൾ നിലച്ചിരുന്നു..... ഭഗവതിയുടെ വാളുമായി അഖിലാണ്ഡൻ അപ്പോഴും ഓട്ടം തുടർന്നു... കാർത്തുവിനടുത്തേക്ക് .....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com