ADVERTISEMENT

ലിവിങ് ടുഗദർ (കഥ)

 

മുമ്പൊരിക്കലും അയാളുടെ ചിന്തകൾക്ക് ഇത്രയേറെ ആഴമുണ്ടായിരുന്നില്ല.  വർഷങ്ങൾക്കു ശേഷം ആ വഴികളിലൂടെ യാത്ര ചെയ്തപ്പോഴാണ് അയാളുടെ മനസ്സിൽ സമുദ്രത്തോളം ആഴമേറിയ ചിന്തകൾ ഉടലെടുത്തത്. അജ്ഞാത ശക്തികൾ തന്നിൽ ഉറങ്ങിക്കിടക്കുന്ന ഓർമ്മകൾ ഉണർത്തും പോലെ, പണ്ടെങ്ങോ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് സ്ഥിരമായി കാണാറുള്ള ഭ്രാന്തിത്തള്ളയെപ്പറ്റി ഓർത്തത്. ചീകിയൊതുക്കാത്ത മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും, പല്ലുകളിൽ നിറയെ വെറ്റിലക്കറയും ഭയപ്പെടുത്തുന്ന രൂപവുമായി എപ്പോഴും മുന്നിൽ വരാറുള്ള ഭ്രാന്തിത്തള്ളയെ. സ്കൂളിലേക്ക് പോകുന്ന നേരത്തും ഉച്ചയ്ക്ക് പാത്രം കഴുകാൻ കിണറ്റുകരയിൽ ചെല്ലുമ്പോഴുമെല്ലാം  ഭ്രാന്തിത്തള്ളയെ കാണും. കിഴക്കാംതൂക്കായ വീതി കുറഞ്ഞ മൺപാതയുടെ വശങ്ങളിലെ പാറക്കൂട്ടങ്ങളുടെയും പൊന്തക്കാടിന്റെയും ഉള്ളിൽ നിന്ന് ഞങ്ങളുടെ നേരെ നടന്നുവരും. ഭയന്നുവിറച്ച് ഞങ്ങളെല്ലാവരും ഓടി മറയും. മഞ്ഞുതരികൾ ഭൂമിയ്ക്ക് മേലെ അരിച്ചിറങ്ങുന്ന പോലെ കള്ളിമുള്ളു ചെടികൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്രയിൽ ഭയത്തിന്റെ സ്ഫുരണങ്ങൾ ഞങ്ങളുടെ മേൽ സ്പർശിച്ചു കടന്നുപോകും. അപസർപ്പകഥകളിലെ ദുർമന്ത്രവാദി സ്ത്രീയെ പോലെയായിരുന്നു അവരുടെ നോട്ടം ഞങ്ങളിൽ പതിച്ചത്.

 

ഒരിക്കൽ ഭയപ്പെട്ട് ഓടിയപ്പോൾ കൈയിലുള്ള പുസ്തകക്കെട്ടുകളെല്ലാം നിലത്തുവീണു. പേടിച്ചോടി ഞങ്ങൾ ദൂരെ മാറി പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചു നിന്നു. അന്നു കണ്ട കാഴ്ച ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. നിലത്തുവീണ പുസ്തകങ്ങളെല്ലാം പെറുക്കിയെടുത്ത് ഞങ്ങളെ കൈയാട്ടി വിളക്കുന്ന ഭാന്ത്രിത്തള്ളയെയാണ് കണ്ടത്. അവർക്ക് കുട്ടികളോടിത്ര സ്നേഹം വരാനുണ്ടായ കാരണം ഒരിക്കൽ പോലും ചിന്തിക്കാൻ തോന്നിയില്ല. അന്നൊക്കെ ഭയപ്പെടുത്തുന്നൊരു രൂപമായി മാത്രമേ ഭ്രാന്തിത്തള്ളയെ കണ്ടിരുന്നുള്ളു. 

 

പിന്നീട് ഹൈസ്കൂളിലും കോളജിലും പഠിക്കുമ്പോഴൊന്നും അങ്ങനെയുള്ള ചിന്തകൾ ജോസഫിന്റെ മനസ്സിലേക്ക് കടന്നു വന്നതേയില്ല. അനാഥത്വത്തിന്റെ നാല് ചുവരുകളിൽ നിന്നും വിശാലമായ ലോകത്തേക്കുള്ള സഞ്ചാരപഥത്തിൽ പല പുതിയ കാഴ്ചകളും അയാളുടെ ഓർമ്മകളെ മങ്ങലേൽപ്പിച്ചിരുന്നു. എങ്കിലും താനൊരു അനാഥനാണന്നുള്ള ചിന്ത ഒരോ നിമിഷവും അലട്ടിക്കൊണ്ടിരുന്നു.

 

കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഏറെ നാളുകളുടെ പരിശ്രമഫലമായി കിട്ടിയ സർക്കാർ ഉദ്യോഗം ആരോരുമില്ലാത്ത അയാൾക്ക് വലിയൊരാശ്വാസമായിരുന്നു. ആയിടയ്ക്കായിരുന്നു ഓഫീസിൽ പുതുതായി വന്ന ദീപ്തിയുമായി അടുത്തത്. ഏകാന്തമായ ജോസഫിന്റെ ജീവിതത്തിൽ സ്നേഹസാഗരമായി ദീപ്തി മാറിയിരുന്നു. അനാഥത്വത്തിന്റെ ഭാരവും പേറിയായിരുന്നു ജോസഫിന്റെ ബാല്യകാലം. ഓർമ്മവെച്ച നാൾ മുതൽ പള്ളിയോട് ചേർന്നുള്ള അനാഥാലയവും സ്കൂളുമായിരുന്നു അവൻ വരയ്ക്കുന്ന ചിത്രങ്ങളിൽ കൂടുതലും. ബദാം മരത്തിന്റെ ചുവട്ടിൽ കൊഴിഞ്ഞു വീണ വലിയ ഇലകൾകൊണ്ട് കൂട്ടുകാരുമൊത്ത് കളിവീടുകൾ ഉണ്ടാക്കി കളിക്കുമ്പോൾ അമ്മയും അച്ഛനും എന്ന നനുത്ത ചിത്രം ജോസഫിന്റെ മനസ്സിൽ പതിയും. പിന്നെ ഏറെ നേരം കുഞ്ഞു ജോസഫിന്റെ മനസ്സിൽ ആ രൂപം മാത്രമേ കാണുകയുള്ളു. പിന്നെ അങ്ങനെയുള്ള വർണ്ണചിത്രങ്ങൾ അവൻ വരയ്ക്കും. പലപ്പോഴും അവന്റെ സ്വപ്നങ്ങളിൽ നൂതന ചിത്രങ്ങൾ തെളിഞ്ഞുവരും.

 

വർഷങ്ങൾക്കു മുമ്പൊരു തണുത്ത പാതിരാവ്. മാനത്ത് നക്ഷത്രങ്ങൾ മിന്നിമറയുന്ന രാത്രിയിലായിരുന്നു പള്ളിയുടെ വാതിലിന് ചേർന്നുള്ള കൽപടവിൽ പട്ടുമെത്തയിൽ തുണികൊണ്ട് പൊതിഞ്ഞൊരു ചോരക്കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ക്രിസ്മസ് ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിൽ മുഴുകി പള്ളിയ്ക്കുള്ളിൽ നിൽക്കുമ്പോഴാണ് ആ കുഞ്ഞുകരച്ചിൽ ഗബ്രിയേൽ അച്ചന്റെ കാതുകളിൽ മുഴങ്ങിയത്. ഓടി വന്ന് കൽപടവിൽ നിന്ന് കുഞ്ഞിനെ വാരിയെടുക്കുമ്പോൾ അകലെ ഇരുട്ടിലേക്ക് മറയുന്ന ഒരു സ്ത്രീയുടെ അവ്യക്തമായ രൂപം ഗബ്രിയേലച്ചന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു. ക്രിസ്മസ് ദിനത്തിൽ കർത്താവ് ദാനം തന്ന കുഞ്ഞിനെ ഫാദർ, ജോസഫ് എന്ന് പേരിട്ടു. പള്ളിയോട് ചേർന്നുള്ള അനാഥാലയത്തിൽ മറ്റു കുട്ടികളോടൊത്ത് വളർന്നു. ബദാം മരത്തിന്റെ ചുവട്ടിലും, ചൂള മരത്തിന്റെ നിഴൽവീണ നിലത്തും മറ്റൊന്നും ചിന്തിക്കാതെ അവൻ കൂട്ടുകാരുമൊന്നിച്ചു കളിച്ചു. എന്നെങ്കിലുമൊരിക്കൽ ജോസഫിനെ തേടി ആ സ്ത്രീ വരുമെന്ന് ഫാദർ ഗബ്രിയേൽ ആഗ്രഹിച്ചു. 

 

ചൂളമരങ്ങൾ നിശ്ചലമായി ഉറങ്ങുന്ന പല രാത്രികളിലും ഫാദർ ഗബ്രിയേൽ ദേവാലയത്തിന്റെ വാതിൽപ്പടികളിൽ കാത്ത് നിൽക്കും. ഇരുട്ടിന്റെ മറവിലൂടെ ആരുടെയെങ്കിലും പദനിസ്വനത്തിനായ് കാതോർക്കും. എന്നെങ്കിലുമൊരിക്കൽ കുഞ്ഞിനെ തേടി വരുന്നതും കാത്ത്. പക്ഷെ ഒരിക്കൽ പോലും ആരും തേടി വന്നില്ല. പിന്നീട് പല ദിവസങ്ങളിലും രാത്രിയുടെ നിശ്ശബ്ദതയിൽ ആ കുഞ്ഞു കരച്ചിൽ നിദ്രയിൽ നിന്നുണർത്തി. പലപ്പോഴും ഫാദറിന്റെ ചിന്തകളിലും നിദ്രയിലും അസ്പഷ്ടമായി ആ സ്ത്രീരൂപം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ആരാണെന്നറിയാൻ പല അന്വേഷണങ്ങളും ഫാദർ രഹസ്യമായി നടത്തി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഫാദർ അതിനുള്ള ഉത്തരം കണ്ടെത്തി. ഇത്രയുംനാളും തേടിക്കൊണ്ടിരുന്ന രഹസ്യം ഫാദർ കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. 

 

നഗരത്തിലെ ജോലി സംബന്ധമായ തിരക്കുകൾക്കിടയിലും താൻ വളർന്ന അനാഥാലയവും സ്കൂളും കാണാൻ ഇടയ്ക്കിടെ ജോസഫ് വരും. വരുമ്പോഴൊക്കെ   ഗബ്രിയേലച്ചനെ തിരക്കുമായിരുന്നു. പലപ്പോഴും അയാൾ അന്വേഷിച്ചുകൊണ്ടിരുന്നു, തന്നെ അനാഥനാക്കി ഉപേക്ഷിച്ചു പോയവരെപ്പറ്റി. ഈ കാലയളവിൽ പല അച്ചൻന്മാരും ആ പള്ളിയിൽ വന്നുപോയി. ജോസഫ് ആ സത്യമറിയാൻ ഗബ്രിയേലച്ചനെ പലയിടത്തും തിരഞ്ഞുകൊണ്ടിരുന്നു. ഏറെ നാളുകളുടെ അന്വേഷണത്തിനൊടുവിൽ വൃദ്ധരായ അച്ചൻമ്മാർ മാത്രം താമസിക്കുന്ന പ്രീസ്റ്റ് ഹോമിൽ വച്ച് ഗബ്രിയേലച്ചനെ കണ്ടുമുട്ടി.

വർഷങ്ങൾക്കു ശേഷമുള്ള ആ കാഴ്ച. ഫാദർ ഒരുപാട് മാറിയിരിക്കുന്നു. വാർദ്ധക്യം അതിന്റെ പൂർണ്ണാവസ്ഥയിൽ എത്തിയിരിക്കുന്നു. ജോസഫ് ചുറ്റുപാടും കണ്ണോടിച്ചു. സ്വന്തമെന്ന് പറയാൻ എല്ലാവരും ഉണ്ടായിട്ടും ഏകാന്തത അനുഭവിക്കുന്നവർ, വാർദ്ധ്യകത്തിൽ മക്കൾ ഉപേക്ഷിച്ചവർ, ജനനത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട മറ്റു ചിലർ. താൻ അനുഭവിച്ചതും ഇതേ ഒറ്റപ്പെടൽ തന്നെ, തന്റെ ജനനം മുതൽ ഇന്നേവരെ അനുഭവിച്ച എകാന്തത. ജോസഫിന്റെ മനസ്സിൽ ഒരു നിമിഷം അങ്ങനെയുള്ള ചിന്തകൾ കടന്നുപോയി. 

 

ഫാദർ ഏറെ മാറിയിരിക്കുന്നു. ജോസഫിനെ കണ്ട മാത്രയിൽ ചെറുചിരി ഫാദറിന്റെ മുഖത്ത് വന്നു. 

"എന്നെ തേടി വന്നല്ലോ കുഞ്ഞേ, ഞാൻ വളർത്തിയ പല കുട്ടികളും ഇവിടെ വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിന്നെ ഒന്നു കാണാൻ. നിനക്ക് ഉദ്യോഗമൊക്കെ കിട്ടിയെന്നറിഞ്ഞു, നന്നായി വരട്ടെ മോനെ."

ജോസഫ് കട്ടിലിനരികിൽ ഗബ്രിയേലച്ചന്റെ കൈകളിൽ തടവിക്കൊണ്ടിരുന്നു. ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ കണ്ടുമുട്ടിയാൽ മനസ്സിൽ വീർപ്പുമുട്ടിക്കുന്ന ഒരു ചോദ്യം മാത്രമേ ജോസഫിനുള്ളായിരുന്നു. ഒരു പക്ഷെ ഇപ്പോഴതറിയാൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും തുറക്കാത്ത രഹസ്യങ്ങളുടെ നിധികുംഭം പോലെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി താഴും.

"ഫാദർ, പലപ്പോഴും അറിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഫാദറിനോട് ചോദിക്കുമ്പോഴൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറും. ഇനിയെങ്കിലും എന്നോട് അതു പറഞ്ഞുകൂടെ..."

ദൈന്യഭാവം നിറഞ്ഞ ചോദ്യത്തിൽ ജോസഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പ്രസന്നഭാവം നിറഞ്ഞു ചുളിവു വീണ മുഖം പൊടുന്നനെ വിഷാദത്തിലായി. അല്പനേരം ചിന്തയിലാണ്ടു. വിറയാർന്ന ചുണ്ടുകൾ പതിയെ ചലിച്ചു തുടങ്ങി.

 

"ഞാൻ പറയാം, എന്റെ മരണത്തിന് മുമ്പേ ആ രഹസ്യം നീ അറിയണം. അല്ലെങ്കിൽ നിന്നോട് ഞാൻ ചെയ്യുന്ന വലിയ തെറ്റായിരിക്കും." കട്ടിലിനരികിലുള്ള കസേരയിലേക്ക് ഫാദറിനെ സാവധാനം പിടിച്ചിരുത്തി. ജനാലയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി അല്പനേരം ചിന്താമഗ്നനായിരുന്നു. മരക്കൊമ്പിൽ ഏകയായി ഇരിക്കുന്ന പക്ഷി ആരെയൊക്കയോ പ്രതീക്ഷിക്കുന്നതായി തോന്നി. ഫാദർ പതിയെ ശാന്തമായി സംസാരിച്ചു തുടങ്ങി.

 

ഒരു പാതിരാത്രിയിലായിരുന്നു നിന്നെ എന്റെ കൈയിൽ കിട്ടിയത്. പള്ളിയുടെ കൽപടവുകളിൽ നിന്ന് കരച്ചിൽ കേട്ട് വാരിയെടുക്കുമ്പോൾ ഒന്നോ രണ്ടോ മാസം മാത്രം ഓമനത്തമുള്ള ശിശു ആയിരുന്നു നീ. ഡിസംബർ മാസത്തെ തണുത്ത പാതിരാവിൽ ഇരുട്ടിന്റെ മറവിൽ നടന്നകന്ന ആ സ്ത്രീയുടെ മങ്ങിയ രൂപം ഇന്നുമെന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നു. ആ സ്ത്രീ ആരാന്നറിയാൻ എന്റെതായ ചില മാർഗ്ഗങ്ങളിലൂടെ അന്വേഷിച്ചു. എത്ര തേടി നടന്നിട്ടും ആ സ്ത്രീയെപ്പറ്റി ഒരു വിവരവും കിട്ടിയില്ല. അന്വേഷണങ്ങൾക്കൊന്നും ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ പതിയെ അതു മറന്നു തുടങ്ങി. പിന്നെ നിന്നെപ്പറ്റി മാത്രമായി എന്റെ ചിന്തകൾ. നിന്റെ വളർച്ചയിലും പഠിപ്പിലും കൂടുതൽ ശ്രദ്ധിച്ചു. അങ്ങനെയിരിക്കെ ഒരു സായഹ്നത്തിൽ പള്ളിയ്ക്കുള്ളിൽ ധ്യാനിക്കുമ്പോഴാണ് മുപ്പത് വയസു തോന്നിക്കുന്ന സുന്ദരിയായ യുവതി കടന്നു വരുന്നത്. എന്തോ പ്രത്യേകത ആ സ്ത്രീയിൽ എനിക്ക് തോന്നി. നിഗൂഢമായ ശോകഭാവം നിറഞ്ഞ കണ്ണുകൾ. ഏറെ പരിഭ്രമത്തോടെ കണ്ട ആ സ്ത്രീയുടെ ഉള്ളിൽ ആരൊടെങ്കിലും തുറന്ന പറയാൻ വെമ്പുന്ന രഹസ്യമുണ്ടെന്ന് എനിക്കു തോന്നി. അത്രമാത്രം നിരാശ ആ സ്ത്രീയുടെ മുഖത്ത് ദർശ്ശിക്കാമായിരുന്നു.

 

"എനിക്കൊന്ന് കുമ്പസരിക്കണം ഫാദർ" എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ  ഭാവമായിരുന്നു ആ മുഖത്ത്.

"കുമ്പസാര സമയം കഴിഞ്ഞല്ലോ കുഞ്ഞേ…. നാളെ വരു." ഫാദർ ഗബ്രിയേൽ സൗമ്യനായി പറഞ്ഞു.

"ഫാദർ ഇന്നു ഞാൻ കുമ്പസരിക്കാതെ തിരികെ പോയാൽ ഈ രാത്രിയിൽ തന്നെ എന്നോടൊപ്പം ഈ രഹസ്യങ്ങളും നിശ്ചലമാകും." ദൃഢനിശ്ചയത്തോടുള്ള ആ വാക്കുകൾ എന്നിൽ അമ്പരപ്പുളവാക്കി. ഞാൻ എത്ര പറഞ്ഞിട്ടും ആ സ്ത്രീ തിരികെ പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഞാൻ അനുവദിച്ചു. പിന്നെ ഞാൻ കേട്ട കാര്യങ്ങളെല്ലാം ചിന്തകൾക്ക് അരുതാത്തതായിരുന്നു. അവൾ പറഞ്ഞു തുടങ്ങി.

 

"നഴ്സിംഗ് പഠിക്കാനായാണ് ഞാൻ ബാംഗ്ലൂരിൽ വന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് ബാംഗ്ലൂരിലെത്തിയ എനിക്ക് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അല്പം സമയമെടുത്തു. പതിയെപ്പതിയെ മാസ്മരിക മോഹവലയത്തിൽ വീണു പോയ മനസ്സിൽ വർണ്ണസ്വപ്നങ്ങൾ കൂമ്പാരങ്ങളായി നിറഞ്ഞു തുടങ്ങി. പകലുകൾക്ക് അന്ത്യമില്ലാത്ത നഗരം. മാദക മണമുള്ള രാത്രികൾ. ഉറങ്ങാത്ത നഗരത്തിലെ രാത്രികൾ പലതും സ്വർഗ്ഗതുല്യങ്ങളായിരുന്നു. പ്രവർത്തികൾക്കും ചിന്തകൾക്കുമെല്ലാം സ്വയം ശരികൾ നിശ്ചയിച്ചു. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വീണു പോയത് ഞാൻ പോലുമറിഞ്ഞിരുന്നില്ല. ചെറുപ്രാണികൾ വിളക്കു വെട്ടത്തിലേക്ക് പറന്നടുക്കുന്ന പോലെ സ്വയം നശിക്കുമെന്നറിയാതെ നശ്വരമായ പ്രകാശം തേടി പോയി. അവസാനം ആ തീ നാളത്തിൽ സ്വയം എരിഞ്ഞടങ്ങാൻ. ആ പ്രകാശം അനിശ്ചിതകാലത്തെ ഇരുട്ടിലേക്കുള്ള പ്രയാണമാണെന്ന് തിരിച്ചറിയാൻ എനിക്ക് സാധിച്ചില്ല.

അങ്ങനെയാണ് അന്നാട്ടിലെ ഒരു ചെറുപ്പക്കാരനുമായി അടുത്തത്. ഒരു ലിവിങ് ടുഗദറിൽ അവസാനിച്ച അടുപ്പം, ഉന്മാദ നിമിഷങ്ങൾ. മദ്യപാനം ജീവിതത്തെ കൂടുതൽ വികൃതമാക്കി. മദ്യത്തിനും ലൈംഗീകതയ്ക്കും പോലും എന്നിൽ സുഖം കണ്ടെത്താനായില്ല. അതിലും മേലെയുള്ള സുഖങ്ങൾക്കായി മയക്കുമരുന്നിന്റെ ഉപയോഗത്തിലായി. ഒന്നിനും ഒരു തൃപ്തി കണ്ടെത്താനാകാതെ എന്തിനൊക്കെയോ വേണ്ടി വീണ്ടും അലഞ്ഞു. രാത്രിയുടെ പല യാമങ്ങളിലും ശരീരത്തിലൂടെ പലതും ഇഴഞ്ഞു നടന്നു, പിന്നീടെപ്പോഴൊ ഉണരും. ചിലപ്പോൾ പ്രഭാതത്തിൽ അല്ലെങ്കിൽ മദ്ധ്യാഹ്നത്തിൽ. ഒന്നിനും ഒരു നിശ്ചയമില്ലാതെയായി. ഉണരുമ്പോൾ ചിതറിക്കിടക്കുന്ന വസ്ത്രങ്ങളെടുത്ത് നഗ്നമായ ശരീരത്ത് ചേർത്തുവയ്ക്കും. ഒരോ രാത്രികളും അങ്ങനെ കഴിഞ്ഞു.

ആധുനികലോകത്തിന്റെ നൂതന കണ്ടെത്തലുകൾ. ലിവിങ് ടുഗദർ. പ്രണയത്തിന്റെ  കപട സൃഷ്ടി. മാസങ്ങളോളം തുടർന്നു. പിന്നീട് ഞങ്ങളുടെ മനോഭാവത്തിൽ വിരസതയാർന്നു. നവലോകം തേടി വീണ്ടും യാത്രയായി. എന്തൊക്കയോ നേടാമെന്നും, പുതിയ ലോകം കണ്ടെത്താമെന്നും എത്തിപ്പിടിക്കാമെന്നുമുള്ള വ്യർത്ഥമായ മോഹം. പരാജയങ്ങൾ മാത്രമായിരുന്നു പിന്നീടുള്ള ജീവിതം സമ്മാനിച്ചത്. 

 

വർഷങ്ങൾക്കു ശേഷം ഒരു കൈക്കുഞ്ഞുമായി ഈ നാട്ടിലേക്ക് വരുമ്പോൾ രഹസ്യമായി ഉപേക്ഷിക്കാനായിരുന്നു വീട്ടിൽ നിന്നുള്ള നിർദേശം. കുഞ്ഞിനെ ഉപേക്ഷിക്കാതെ എനിക്കൊരഭയം തരാൻ വീട്ടുകാർ തുനിഞ്ഞില്ല. എതൊരാൾക്കും പൊരുത്തപ്പെടാൻ കഴിയാത്തതായിരുന്നു അത്. മകളെ പഠിക്കാൻ പുറം നാട്ടിൽ വിട്ടത് ഇങ്ങനെയൊരു ദുരവസ്ഥയ്ക്കു വേണ്ടിയായിരുന്നോ…? മുൻ ജന്മങ്ങളുടെ ശാപഫലങ്ങളാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് അമ്മാമ എപ്പോഴും അച്ചാച്ചനോട് പറഞ്ഞു വിലപിക്കുന്നതു കാണാമായിരുന്നു.

 

അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഡിസംബർ മാസത്തെ പാതിരാത്രിയിൽ ഏതോ ഒരു പള്ളിയുടെ വാതിൽപ്പടിയിൽ ഉപേക്ഷിച്ചു പോയത്. പലയിടത്തും ഉപേക്ഷിക്കാൻ ശ്രമിച്ചപ്പൊഴും അത് സാധിക്കാതെ വന്നതു കൊണ്ടാണ് പള്ളിമുറ്റത്തു കൊണ്ട് കിടത്തിയത്. തന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഏതു പള്ളിയാണെന്നോ എവിടെയാണെന്നോ നിശ്ചയമില്ലാതെയായി. അങ്ങനെ അറിയാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല ഞാൻ. എനിക്കിതിൽ നിന്നൊരു മോചനം വേണം ഫാദർ. ഇന്നെനിക്ക് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ ഞാൻ ഉണ്ടാകില്ല. തന്റെ പാപങ്ങൾ പറഞ്ഞ് കുമ്പസാരിക്കുമ്പോൾ ഇടയ്ക്കൊക്കെ കണ്ണുകളിൽ ജലകണങ്ങൾ നിറയും. കൈയിൽ കരുതിയ ടൗവൽ കൊണ്ട് മിഴിനീർ തുടയ്ക്കും. എങ്കിലും മനസ്സിനെ തന്റെ നിയന്ത്രണത്തിലാക്കാൻ ആ സ്ത്രീ ശ്രമിച്ചുകൊണ്ടിരുന്നു. 

 

ആ രാത്രിയിൽ കുമ്പസാരക്കൂട് വിട്ടിറങ്ങുമ്പോൾ ഏറെ കാലമായി മനസ്സിൽ കൊണ്ടു നടന്ന ഭാരം ഇറക്കിവെച്ച പോലെയായിരുന്നു ആ മുഖത്ത്. പലപ്പോഴും മനസ്സിനെ   ഏകമായ ബിന്ദുവിൽ കേന്ദ്രീകരിക്കാതായി വരും. ഏറെ കാലമായി തേടിക്കൊണ്ടിരുന്ന രഹസ്യങ്ങൾ കുമ്പസാരത്തിലൂടെ കേട്ടപ്പോൾ ഫാദർ ഒരു നിമിഷാർദ്ദം സ്തബ്ദനായി നിന്നു പോയി. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിട്ടും നാവിൽ നിന്ന് ഒരു വാക്ക് പോലും പുറത്ത് വന്നില്ല. ഇരുൾ മൂടിയ വഴികളിലൂടെ ആ സ്ത്രീ നടന്നകലുന്നതുവരെ നിശ്ചലമായി നോക്കി നിൽക്കാനെ ഫാദറിന് കഴിഞ്ഞുള്ളു. ഒരിക്കൽ താൻ തേടി നടന്ന രഹസ്യങ്ങൾ ഇപ്പോൾ തന്നെ തേടി വന്നിരിക്കുന്നു. ഫാദർ ഓർത്തു.

 

പിന്നീടുള്ള നിദ്രകളിലെല്ലാം ആ സ്ത്രീയുടെ രൂപം ഫാദറിന്റെ മനസ്സിൽ തെളിഞ്ഞു വരും. അന്തരംഗം നീറി പുകയും. അവർ തേടിക്കൊണ്ടിരുന്ന കുട്ടി ഇവിടെയുണ്ടെന്ന് എന്തുകൊണ്ട് പറയാൻ കഴിഞ്ഞില്ല..? തന്നിൽ ഉരിതിരിഞ്ഞ സ്വാർത്ഥനിമിഷങ്ങൾ കൊണ്ടായിരിക്കുമോ അങ്ങനെ പറയാൻ സാധിക്കാതിരുന്നത്. ജോസഫിനെ എന്നിൽ നിന്ന് അകറ്റുന്ന നിമിഷങ്ങളിൽ നിന്ന് എങ്ങനെനിക്ക് ഓടി മറയാൻ സാധിക്കും... ആ നിമിഷങ്ങൾ എന്നിലേക്ക് അടുക്കുകയാണോ..? ഒരിക്കൽ അത് സംഭവിക്കുമോ...? ജോസഫിനെ എനിക്ക് നഷ്ടപ്പെടുമോ..? ആർത്തലച്ചു പെയ്യുന്ന പെരുമഴ പോലെ ചോദ്യങ്ങൾ ഒരോന്നായി ചിന്തകളിൽ തിമിർത്തു പെയ്തു. വീണ്ടും വീണ്ടും അലോചിക്കുമ്പോൾ ഒന്നിനും ശരിയായ ഉത്തരമില്ല. കണ്ണുകൾക്കു നേരെ വരുന്ന അസ്ത്രങ്ങൾ പോലെ പലചോദ്യങ്ങളും തന്റെ മുന്നിലേക്ക് അടുക്കുന്നു. ചോദ്യങ്ങളായി മാത്രം, തന്നോട് തന്നെ. അങ്ങനെ പല ചിന്തകളും ഫാദറിന്റെ മനസ്സിൽ രൂപം കൊണ്ടു.  വീട്ടുകാരറിയാതെ ഏതോ വലിയ തെറ്റ് ചെയ്ത കൊച്ചു കുട്ടിയെപോലെ ഓരോ ദിവസങ്ങൾ കഴിയും തോറും കുറ്റബോധമേറി വന്നു. മനസ്സിൽ മൂടി വെയ്ക്കപ്പെട്ട സത്യം അറിയിക്കാൻ ഒരിക്കൽ അവരുടെ വീട്ടിൽ പോയി. പള്ളിയോട് ചേർന്നുള്ള സ്കൂളിന്റെ ചരുവിലായിരുന്നു അവരുടെ വീട്. കൺമുമ്പിൽ തന്നെ ഉണ്ടായിരുന്നിട്ടും അറിയാൻ കഴിഞ്ഞില്ലല്ലോ എന്ന തോന്നൽ ഫാദറിൽ ഉണ്ടായി. 

 

വളരെ പഴകിയ വീട്. വീടിനുള്ളിൽ താമസിക്കുന്നവരുടെ ദുഃഖാവസ്ഥ മുഴുവനും ആ വീട്ടിലേക്ക് നോക്കിയാൽ കാണാൻ കഴിയും. തൂവലുകളെല്ലാം കൊഴിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ കഴിയാത്ത നിസ്സഹായരായ പക്ഷികളെ പോലെ ആ വീട്ടിൽ രണ്ടുപേരും ശൂന്യതയിലെ അർത്ഥതലങ്ങളിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്. സ്വന്തം വിധിയെ പഴിച്ച് ജീവിതം നിരർത്ഥകമായി നീങ്ങുന്നു. അവരോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും സമനില തെറ്റി ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. ആരെയും തിരിച്ചറിയാൻ കഴിയാതെ, തന്റെ ഭൂതകാലത്തിൽ സംഭവിച്ചെതെന്തന്ന് ഓർത്തെടുക്കാൻ കഴിയാത്ത തലത്തിലായിരുന്നു. ജോസഫ് ഒരു നിമിഷം നിശ്ചലമായി നിന്നു പോയി..! ഫാദറിന്റെ വാക്കുകൾ ജോസഫിനെ കുട്ടിക്കാലത്തെ ഓർമ്മകളുടെ കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരിക്കൽ താൻ വെറുക്കപ്പെട്ട സ്ത്രീ, ചെറുപ്പത്തിൽ കണ്ട ഭാന്ത്രിത്തള്ള തന്റെ അമ്മ തന്നെയാണെന്നറിഞ്ഞപ്പോൾ ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. 

 

ഒരിക്കൽ അറിയണമെന്ന് ആഗ്രഹം തോന്നി, അതിനുള്ള ശ്രമങ്ങളും നടത്തി. പക്ഷെ സത്യം അറിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ല എന്ന തോന്നൽ ജോസഫിന് ഉണ്ടായി. തന്നിലെ അനാഥത്വത്തിന് കൂടുതൽ കനം വന്നതു പോലെ. തന്നെ അനാഥത്വത്തിലേക്ക് തള്ളിവിട്ട ഈ ലോകത്തെ നൂതന സൃഷ്ടികൾ, സാഹചര്യങ്ങൾ, സമൂഹം, എല്ലാറ്റിനോടും വെറുപ്പ് തോന്നി. ഫാദറിനോട് വിട പറഞ്ഞിറങ്ങുമ്പോൾ താൻ ഇത്രയും നാളും അന്വേഷിച്ചു കൊണ്ടിരുന്നതിന് ഉത്തരം ലഭിച്ചിരുന്നു. എങ്കിലും മനസ്സിലെവിടെയോ ഒരു കനൽ എരിയുന്നുണ്ടായിരുന്നു. ഒരിക്കൽക്കൂടി ഒന്നു കാണണം. തന്റെ അമ്മ എന്ന സ്ത്രീയെ, പാതിരാത്രിയിൽ പള്ളിമുറ്റത്ത് ഉപേക്ഷിച്ചു പോയ, തന്നെ ഏകനാക്കിയ, തന്നിലെ ബാല്യത്തെ ഇല്ലാതാക്കിയ, ഒരിക്കൽ ഭയത്തോട് മാത്രം കണ്ടിരുന്ന തന്റെ അമ്മയെന്ന ആ സ്ത്രീയെ... 

ദീപ്തിയോടിത് പറയുമ്പോഴെല്ലാം ജോസഫിന്റെ കണ്ണുനിറയും. അങ്ങോട്ടുള്ള യാത്രയിൽ ദീപ്തിയെയും കൂട്ടിയിരുന്നു. കാർ സ്കൂൾ മൈതാനത്തെ മരച്ചുവട്ടിലേക്ക് ദീപ്തി ഒതുക്കി നിർത്തി. താൻ പറഞ്ഞ കഥകളിൽ, പഠിച്ച സ്കൂൾ കാണണമെന്ന് ദീപ്തി പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്ന കാര്യം ജോസഫ് ഓർത്തു. ദീപ്തിയുമായി വരാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സാധിച്ചിട്ടില്ല.

 

“ഇത്ര മനോഹരമായ സ്കൂളിൽ ഒരിക്കൽക്കൂടി പഠിക്കാൻ കൊതിയാവും, അല്ലേ...?” ഇലകൾ കൊഴിഞ്ഞ ചെമ്പകത്തിൽ ചാരി നിന്നുകൊണ്ടവൾ പറഞ്ഞു. എങ്ങു നിന്നോ വന്ന കാറ്റിൽ അവളുടെ സൗന്ദര്യം അനാവരണം ചെയ്തുകൊണ്ട് സാരി അലക്ഷ്യമായി പറക്കുന്നുണ്ടായിരുന്നു. മാറിപ്പോയ സാരിയുടെ ഞൊറിവുകൾ മറോട് ചേർത്ത് നേരെയാക്കിയിട്ടു. അങ്ങിങ്ങായി പുലർകാലത്തു വിടർന്ന ചുവന്ന ചെമ്പകപ്പൂക്കൾ, കുറെയെണ്ണം നിലത്തു കൊഴിഞ്ഞു വീണു കിടക്കുന്നതും കാണാം. പിന്നെയും ഏറെ കാഴ്ചകൾ. അല്പം അകലെയുള്ള ദേവാലയത്തിൽ നിന്നും പള്ളിമണികൾ സ്കൂളിന്റെ ഭിത്തികളിൽ തട്ടിത്തെറിച്ച് എങ്ങോട്ടൊക്കെയോ പോകുന്നു. എവിടെ നിന്നോ ദുഃഖ ഗാനത്തിന്റെ ഈരടികൾ ഇടയ്ക്കൊക്കെ കേൾക്കാം. “ഞാൻ പഠിച്ച കോൺവെന്റ് സ്കൂളിലൊന്നും പ്രകൃതിക്ക് ഇത്ര ഭംഗി തോന്നിയിട്ടില്ല” അതു പറയുമ്പോൾ ദീപ്തിയുടെ കണ്ണുകൾ തിളങ്ങിയിരുന്നു. ദീപ്തി സ്കൂൾ മുറ്റവും മരങ്ങളുമെല്ലാം ജോസഫിന്റെ കൈപിടിച്ച് കണ്ടുനടന്നു.

 

“കുട്ടികൾക്കിത് ഇത്രമാത്രം ആസ്വദിക്കാൻ പറ്റുമോ...? ഒരു പക്ഷെ അവർ പ്രായമാവുമ്പോൾ ആസ്വാദനം കൂടുതൽ ഹൃദ്യമാകും, അല്ലേ..” അവളുടെ സംശയത്തിൽ ജോസഫ് ഒന്നും പറഞ്ഞില്ല. മൗനമായി നിന്നതേയുള്ളു. നിത്യനിഗൂഢമായി ഉറങ്ങി കിടക്കുന്ന ഭൂമിയെ അയാൾ നോക്കി കണ്ടു. എത്രയോ വർഷങ്ങൾക്ക് ശേഷം ഇവിടെ വന്നിട്ടും തനിക്ക് ദീപ്തിയെ പോലെ ഇതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ എന്ന തോന്നൽ ജോസഫിലുണ്ടായി. ഒന്നാലോചിക്കുമ്പോൾ തോന്നും ഒന്നും അറിയേണ്ടതില്ലായിരുന്നു. ഉള്ളറകൾ തേടി പോകേണ്ടതില്ലായിരുന്നു. വീണ്ടും ചിന്തിക്കുമ്പോൾ ഇതെല്ലാം എന്റെ മനോവ്യഥയുടെ ആഴങ്ങൾ കൂട്ടുന്നു.

 

സ്കൂളിന്റെ പുറകിലൂടെയുള്ള വഴി കേറി പോകുന്നത് ഭ്രാന്തിത്തള്ളയുടെ വീടിന്റെ ഓരത്തൂടെയാണ്. നടപ്പാത മാത്രമുള്ള ഈ വഴി ഇപ്പോൾ ഒന്നും കാണാത്ത പോലെ കരിയിലകൾ വീണു നിറഞ്ഞിരിക്കുന്നു. പഠിക്കുന്ന കാലത്ത് തെളിഞ്ഞ ഒറ്റയടി പാതയാണെന്ന കാര്യം അയാൾ ഓർത്തെടുത്തു. ഈ വഴിയിൽ ഇപ്പോൾ ആൾസഞ്ചാരം ഇല്ലാതായിരിക്കുന്നു. സ്വന്തം മകനെ കാണുമ്പോൾ ഒരു പക്ഷെ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കില്ലോ… പഴയ കാര്യങ്ങൾ ഈ അവസ്ഥയിൽ ഓർത്തെടുക്കാൻ കഴിയുമോ..? നടന്ന സംഭവങ്ങൾ അറിയുമ്പോൾ അവർക്കുൾക്കൊള്ളാൻ പറ്റുമോ..? അങ്ങനെ പലതും ആ വഴിയിലൂടെയുള്ള യാത്രയിൽ ഓർത്തുകൊണ്ടിരുന്നു. പിന്നെയും മുന്നോട്ട് നടന്നപ്പോഴാണ് അകലെ ചരുവിലുള്ള വീടിന് മുന്നിലുള്ള മരച്ചുവട്ടിൽ കുറെ ആളുകൾ കൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടു മൂന്ന് കാറുകൾ റോഡിന്റെ ഓരം ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നു. 

“എന്താ അവിടൊരാൾക്കൂട്ടം” മരച്ചുവട്ടിൽ പാർക്ക് ചെയ്ത കാറിൽ ചാരിനിന്ന  യുവാവിനോട് ജോസഫ് ചോദിച്ചു.

 

“ഒറ്റയ്ക്ക് താമസിക്കുന്നൊരു സ്ത്രിയുണ്ടല്ലോ. ആ ഭ്രാന്തിത്തള്ള, അവര് മരിച്ചു. ഇന്ന് അടക്കമാണ്. ആരും വരാനില്ലായിരുന്നു, ബോഡി ഇപ്പമെടുക്കും” 

അപരിചിതന്റെ വാക്കുകൾ നിർവികാരതയോടെയാണ് ജോസഫ് കേട്ടത്. അവസാനം ഒരിക്കൽ കൂടി കണ്ടു. ജീവിതത്തിലെ ദുഃഖങ്ങൾക്കെല്ലാം വിട നൽകി ശാന്തമായി ഉറങ്ങുകയാണ്. ഇനി ഒരിക്കലും ആ നാവിൽ നിന്ന് മറച്ചുവെക്കപ്പെട്ട സത്യം പുറത്തു വരില്ല. ഒരു തവണ മാത്രമേ ജോസഫ് നോക്കിയുള്ളു.  

"എടുക്കുകാ… ആരും കാണാനില്ലല്ലോ" എന്ന് ആരോ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പറയുന്നുണ്ടായിരുന്നു. ജോസഫും കാഴ്ചക്കാരെപ്പോലെ നിന്നതേയുള്ളു. നൊന്തു പ്രസവിച്ച മകൻ വർഷങ്ങളോളം കയ്യെത്തും ദൂരെത്തുണ്ടായിട്ടും അവരുടെ മനസ്സിൽ അജ്ഞാതമായ മകനുവേണ്ടിയുള്ള അലച്ചിലായിരുന്നു. അതിന്റെ അന്ത്യം ഏകാന്തതയും ശൂന്യവും, ഭാന്ത്രൻ ചിന്തകളുമായ മനസ്സുള്ളവളാക്കി. കുറെ ആളുകൾ എടുത്ത് വണ്ടിയിലേക്ക് കയറ്റി. ശവവണ്ടി ദൂരെ വളവിലേക്ക് മറയുന്നവരെ നോക്കി അവിടെ തന്നെ നിന്നു.

 

കാറിന്റെ സ്റ്റിയറിംഗിൽ കമഴ്ന്ന് കിടന്നുകൊണ്ട് ഏറെ നേരം അയാൾ കരഞ്ഞു. ചുമലിൽ ദീപ്തിയുടെ കൈ വന്നു മുട്ടിയപ്പോഴാണ് നിർജീവമായ അവസ്ഥയിൽ നിന്ന് ജോസഫ് ഉണർന്നത്. “പോകാം...” ദീപ്തിയുടെ വാക്കുകളിൽ ജോസഫ് ഒന്നും പറഞ്ഞില്ല, ഒന്നു മൂളുക മാത്രമേ ചെയ്തുള്ളു. മൂകനായി കാർ സ്റ്റാർട്ടാക്കി മുന്നോട്ട് നീങ്ങുമ്പോൾ ജോസഫിന്റെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു. ദീപ്തി ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കികൊണ്ടിരുന്നു.

 

 

സിസിൽ കുടിലിൽ

കുടിലിൽ വീട് 

നൂറോമ്മാവ് പി.ഒ, പുന്നവേലി  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com