ADVERTISEMENT

മെർലിന്റെ ഓർമ്മയ്ക്ക്‌ (കഥ)

 

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. ഈ യാത്ര കഴിയുമ്പോളേക്കും മനസ്സിൽ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടാകണം. യാത്രകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അതിൽ ആദ്യത്തേത് മെർലിനെ കാണണം. സംസാരിക്കണം. അവളോടൊപ്പം കുറെ സമയം ചെലവഴിക്കണം. മറക്കാനാവാത്ത കുറെ നിമിഷങ്ങൾ പങ്കുവെക്കണം. അവളുടെ അടുത്തെത്താൻ പത്തു മണിക്കൂറിലധികം യാത്ര ചെയ്യണം. ഒറ്റക്കുള്ള ബുള്ളറ്റ് ബൈക്ക് യാത്ര എന്നും എനിക്കൊരു ഹരമാണ്. തിരുവനന്തപുരത്തുള്ള ഞാൻ വയനാട് വരെ പോകണം അവളെ കാണാൻ.

 

ഞാൻ യാത്ര തുടങ്ങി. വഴിയിൽ കാണുന്ന ഓരോ പ്രകൃതി ഭംഗിയേറിയ സ്ഥലത്തു നിന്നും എന്റെ dslr ക്യാമറയിൽ ചിത്രങ്ങൾ ഒപ്പിയെടുത്താണ് യാത്ര.

 

മെർലിൻ. അവളെനിക്ക് ആരാണെന്നു ചോദിച്ചാൽ ഞാൻ എഴുതിയ കഥകൾ വായിച്ചു എന്നെ ഇഷ്ടപെട്ട ഒരു പെൺകുട്ടി. മൂന്നു വർഷമായി കാണും ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇടക്ക് എപ്പോളോ കോൺടാക്ട് ഒന്ന്‌ വിട്ടു പോയെങ്കിലും കഴിഞ്ഞ ആഴ്ചയാണ് അവൾ എനിക്ക് വീണ്ടും മെസേജ് അയച്ചത്. അവൾക്കു എന്നെ അത്യാവശ്യമായി ഒന്ന്‌ കാണണം എന്ന്. ആ ആഗ്രഹം എത്രയും പെട്ടെന്നു നടത്തി കൊടുക്കാൻ അവൾ എന്നെ കൊണ്ട് പ്രോമിസ് ചെയ്യിപ്പിച്ചതാണ്. 

 

കോഴിക്കോടും കഴിഞ്ഞു താമരശ്ശേരി ചുരവും കയറി എന്റെ ബുള്ളറ്റ് വയനാടൻ കാടുകളിലേക്ക് കയറി. ഇരുട്ട് വീണു തുടങ്ങിയത് കൊണ്ടാകാം കോടയും ഉണ്ട്. തണുപ്പ് എന്റെ ശരീരത്തെ പിടിച്ചു തുടങ്ങിയിരിക്കുന്നു. ചുരം കഴിഞ്ഞു വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തു. അവൾ പറഞ്ഞു തന്ന അടയാളങ്ങൾ വെച്ച് എസ്റ്റേറ്റ് വഴികളിലൂടെ എന്റെ ബുള്ളറ്റ് പൊട്ടുന്ന ശബ്ദത്തോടെ ഒഴുകി നീങ്ങി. വഴിയിലെങ്ങും ആരെയും കാണുന്നില്ല. അവസാനം ഒരു വലിയ ഇല്ലം പോലത്തെ പഴയ നാല്പതു വർഷത്തോളം പഴക്കം തോന്നിക്കുന്ന മൂന്ന് നില ഓടിട്ട വീടിനു മുൻപിൽ ഞാനെത്തി. 

 

ഗേറ്റ്നു മുൻപിൽ ലൈറ്റ് ഉണ്ടായിരുന്നു. പിന്നെ ഉമ്മറത്തും. അടുത്തൊന്നും വേറെ വീടുകൾ ഒന്നുമില്ല. ഞാൻ മെല്ലെ വീടിന് ഉമ്മറത്തെത്തി. ഒരു പഴയ മണി കെട്ടി തൂക്കി ഇട്ടിരിക്കുന്നു. അതാണ് ബെൽ. ഞാൻ അത് രണ്ടു തവണ അടിച്ചു ശബ്ദം ഉണ്ടാക്കി. അതിന്റെ ശബ്ദം രാത്രിയിൽ ആ മുറ്റം മുഴുവൻ പ്രതിധ്വനിക്കുന്നതായി എനിക്ക് തോന്നി.

 

മെർലിൻ.. ഞാൻ വിളിച്ചു.. ആരും കേട്ടില്ല.. 

 

ഞാൻ വീണ്ടും വിളിച്ചു.. ആരും വാതിൽ തുറന്നില്ല..

 

അവളെ വിളിച്ചപ്പോൾ മൊബൈലിനു റേഞ്ചും ഇല്ല..

 

 

ആ സ്ഥലത്തെ അപ്പോളത്തെ സാഹചര്യം എന്നെ ഭയപ്പെടുത്തുന്ന പോലെ എനിക്കപ്പോൾ തോന്നി.

 

ഞാൻ നിരാശപെട്ടു തിരിച്ചു പോകാൻ ഒരുങ്ങി തിരിഞ്ഞു നടന്നപ്പോൾ പിന്നിൽ നിന്നും മധുരമായ ഒരു ശബ്ദം കേട്ടു..

 

‘‘റിവിൻ.. ഇതു വരെ വന്നിട്ടു എന്നെ കാണാതെ തിരിച്ചു പോവാണോ.??’’

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് മെർലിൻ ആയിരുന്നു..

 

ഇളം റോസ് കളറുള്ള ഗൗൺ ആണ് അവളുടെ വേഷം. ആ ഇരുട്ടിലും അവളുടെ മുഖം തിളങ്ങുന്ന പോലെ എനിക്ക് തോന്നി..

 

അവൾ എന്നെ അകത്തേക്കു ക്ഷണിച്ചു. വൈകി അല്ലെ എത്തിയപ്പോളേക്കും.?? ഞാൻ ഒന്ന്‌ മയങ്ങി പോയി.. അതാ വാതിൽ തുറക്കാൻ വൈകിയേ..

 

 

ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന് പോയി.. മൂന്നു വർഷമായി എന്നെ ഫോണിലൂടെ മാത്രം പ്രണയിക്കുന്നവൾ. ഇന്ന് ആദ്യമായി ഞാൻ അവളെ നേരിൽ കാണുന്നു.. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

 

മെർലിൻ.. ഈ വീട്ടിൽ വേറെ ആരുമില്ലെ.?? ഞാൻ ചോദിച്ചു... 

 

‘‘നല്ല ആളാ.. എല്ലാരും ഉണ്ടേൽ ഞാൻ ഇയാളെ വിളിക്കുമോ.?? പപ്പയും മമ്മയും ബാംഗ്ലൂർ പോയതാ. നാളെയെ വരൂ. പിന്നെ മുത്തശ്ശി നേരത്തെ ഉറങ്ങി. എണീക്കാൻ വയ്യാത്ത ആളാണെ.!!’’

 

റിവിൻ ഇരിക്കൂ ... നമുക്കു കഴിക്കാം.. സമയം ഒരുപാടായില്ലേ.. അവൾ പറഞ്ഞു..

 

അവൾ എന്നെ ഊൺ മേശയിലേക്കു ക്ഷണിച്ചു.. ഞാൻ കൈ കഴുകി ഇരുന്നപ്പോൾ ഞാൻ ഉണ്ടാക്കിയ സ്പെഷ്യൽ ഡിഷ് ആണ് കേട്ടോ എന്നും പറഞ്ഞു അവൾ നല്ല ചിക്കൻ കറി എന്റെ പ്ലേറ്റിലേക്കു ഇട്ടു.. അത് ചപ്പാത്തിക്കൊപ്പം കഴിച്ചു തുടങ്ങിയപ്പോൾ നല്ല രുചി ഉള്ളതായി എനിക്കും തോന്നി.!!

 

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾ എനിക്ക് കിടക്കാൻ ഉള്ള മുറി ഒരുക്കി തന്നു. ഇന്നത്തെ ഒരു രാത്രി ഇവിടെ ആവട്ടെ. നാളെ നമുക്കു കുറച്ചു സ്ഥലമൊക്കെ കാണാം. ഇവിടുന്നു കുറച്ചു പോയാൽ വലതു വശത്തേക്കൊരു വളവുണ്ട്. അവിടെ നല്ലൊരു സ്ഥലമുണ്ട്. ഞാൻ കുറച്ചു ദിവസമായി അവിടെയാണ് ഒറ്റക്കാകുമ്പോൾ പോയി ഇരിക്കാറ്. നാളെ ഞാൻ കൊണ്ട് പോകുന്നുണ്ട് അവിടേക്ക്. അപ്പോൾ എന്റെ പൊന്നു മോൻ സുഖമായി ചാച്ചിക്കോ കേട്ടോ.. ഗുഡ് നൈറ്റ്..

 

അതും പറഞ്ഞ് അവൾ പോകാനൊരുങ്ങി..

 

പെട്ടെന്ന് ഞാൻ അവളെ വിളിച്ചു.. മെർലിൻ..

 

എന്തോ കാര്യമായിട്ട് പറയാൻ ഉണ്ടെന്നു പറഞ്ഞത്.. എന്താണത്..? ഞാൻ ചോദിച്ചു..

 

അവൾ എന്റെ അടുത്തേക്ക് വന്നു.. എന്റെ തൊട്ടടുത്ത് നിന്ന് എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു.. എന്നിട്ട് സൈഡിലെ ടേബിളിൽ ഒഴിച്ച് വെച്ചിരുന്ന രണ്ടു വൈൻ ഗ്ലാസിൽ ഒന്ന്‌ എന്റെ നേർക്കു നീട്ടി..

 

‘‘റിവിൻ ഇതു കുടിച്ചു നോക്കു ആദ്യം.. എന്നിട്ടാവാം സ്നേഹ പ്രകടനമൊക്കെ..!’’

 

ഞാൻ അവളുടെ കൈയിൽ നിന്നും ആ വൈൻ വാങ്ങി കുടിച്ചു. അവൾ എന്നെ കിടക്കയിലേക്ക് നയിക്കുന്നതായി എനിക്ക് തോന്നി. എന്റെ കണ്ണുകൾ പാതി അടഞ്ഞു തുടങ്ങി.. ആ രാത്രി അവൾക്ക് വേണ്ടിയുള്ളതാണെന്നു ആ മയക്കത്തിലേക്ക് വീഴുമ്പോൾ എനിക്ക് തോന്നി..

 

സമയം രാവിലെ 5.45 കഴിഞ്ഞു.. അല്പം ഇരുട്ടുണ്ട്.. സൂര്യൻ ഉദിക്കുന്നെ ഉള്ളൂ..

 

 

പൊടി മൂക്കിൽ കേറി ഒരു തുമ്മലൊടെ ഞാൻ കണ്ണ് തുറന്ന് ഞെട്ടി ഉണർന്നു.. ഉറക്ക ചടവോടെ കണ്ണ് തുറന്നു നോക്കിയപ്പോൾ കട്ടിലിനു മുന്നിൽ ചുറ്റും ചിലന്തി വല കെട്ടിയിരിക്കുന്നു.. റൂമിലൊക്കെ നിറയെ പൊടി പിടിച്ചിരിക്കുന്നു. ടേബിളിൽ നോക്കിയപ്പോൾ പൊട്ടി കിടക്കുന്ന പൊടി പിടിച്ച വൈൻ ഗ്ലാസ് കണ്ടു.. ഞാൻ പിടഞ്ഞെഴുന്നേറ്റു.. എന്താണിത്.. മെർലിൻ എവിടെ.?? 

 

 

ഭയം വീണ്ടും എന്നെ പിടി കൂടി. ഞാൻ എന്റെ റൂമിന്റെ വാതിൽ തള്ളി തുറന്നു വീടിനു പുറത്തേക്കു ഓടി. ഓടുമ്പോൾ ഹാളിൽ വെച്ച് പെട്ടെന്ന് എന്റെ കാലിൽ ഒരു ഫ്രെയിം പൊട്ടിയ ഫോട്ടോയുടെ ഗ്ലാസ് തട്ടി. ഞാനാ ഫോട്ടോ നോക്കിയപ്പോൾ ഒരു പ്രായമായ മുത്തശിയുടെ മരിച്ച ഫോട്ടോ ആയിരുന്നു അത്. എന്റെ കൈ കാലുകൾ വിറച്ചു തുള്ളാൻ തുടങ്ങി. ഞാൻ ജീവനും കൊണ്ട് ഓടി വീടിനു മുന്നിലെ മെയിൻ വാതിൽ തുറന്നു..

 

വാതിൽ തുറന്നപ്പോൾ രണ്ടു വിളറി വെളുത്ത കാലുകൾ എന്റെ മുന്നിൽ തൂങ്ങിയാടുന്നത് ഞാൻ കണ്ടു. മുഖം നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. ഞാൻ ഓടി ഗേറ്റിനടുത്തു വെച്ചിരുന്ന ബൈക്ക് എടുത്തു പുറത്തേക്ക് ഓടിച്ചു. വന്ന വഴിയൊക്കെ ഭയത്തിൽ മറന്നു പോയിരുന്നു. കുറച്ചു ദൂരം പോയപ്പോൾ വലതു വശത്തെ വളവു കണ്ടു. അപ്പോൾ അവിടെ കണ്ടു ഒരു ശ്‌മശാനം. തലേന്ന് രാത്രി അവൾ പറഞ്ഞ ഓരോ കാര്യവും 

 

എനിക്കോർമ്മ വന്നു. അവൾ വന്നിരിക്കാറുള്ള സ്ഥലം. കുറെ ദൂരം ഞാൻ നിർത്താതെ ഓടിച്ചു പോയി കാണും. എങ്ങോട്ടെന്ന ലക്ഷ്യ ബോധമില്ലാതെ എന്റെ ബുള്ളറ്റ് കുറെ ഓടിയോടി അവസാനം അവിടെ റോഡ് സൈഡിൽ ഒരു ചെറിയ തട്ട് കട കണ്ടു. അവിടെ വണ്ടി നിർത്തി ഞാൻ കിതപ്പ് മാറ്റി. 

 

അപ്പോൾ ആ ചായ കടക്കാരനോട് ഞാൻ ഭയം ഉള്ളിൽ മറച്ചു വെച്ച് ചോദിച്ചു..

 

"ചേട്ടാ ഇവിടെ അടുത്ത് എസ്റ്റേറ്റിന് നടുവിൽ ഒരു പഴയ ഇരു നില വീടുണ്ടല്ലോ.. അവിടെ ആരുമില്ലേ.??"

 

ഓഹ് അതോ മോനെ.. അവിടെ ഒരു പെൺകുട്ടി ഒരാഴ്ച മുൻപ് തൂങ്ങി മരിച്ചിരുന്നു. എന്തോ പ്രണയ നൈരാശ്യമോ മറ്റോ ആണ് കാരണം. ഒരു അന്യ ജാതിക്കാരനെയാണ് ആ കുട്ടി ഇഷ്ടപെട്ടതെന്ന് വീട്ടുകാർ അറിഞ്ഞപ്പോൾ അവർ നന്നായി അതിനെ എതിർത്തു, അതിന്റെ പേരിൽ ആ കുട്ടിയെ കുറച്ചു ദിവസമായി മാനസികമായും ശാരീരികമായും അവർ പീഡിപ്പിച്ചിരുന്നു. അതിന്റെ മനോ വിഷമത്തിൽ കടും കൈ ചെയ്തതാ എന്ന് കേട്ടു. ആർക്കറിയാം.!!" അയാൾ പിറു പിറുത്തു.

 

മുഖത്തെ ഞെട്ടൽ മറച്ചു ഞാൻ ചായ കാശ് കൊടുത്തു വീണ്ടും യാത്ര തുടങ്ങി. ആ യാത്രയിലെ ഓരോ നിമിഷത്തിലും അവളെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസിനെ വേട്ടയാടി കൊണ്ടേ ഇരുന്നു. അവൾ മരിച്ച വിവരം അവൾക്ക് എന്നെ അറിയിക്കണമായിരിക്കണം. അത് കൊണ്ടാകും എന്നെ ഇങ്ങോട്ടു വരുത്തിച്ചേ.. ഞാൻ മനസ്സിൽ കണക്കുകൾ കൂട്ടി.. കാടും പുഴയും മലയും കടന്ന് എന്റെ ബുള്ളറ്റ് വിശ്രമമില്ലാതെ ഓടി കൊണ്ടേയിരുന്നു. സമയം ഒരുപാടായി. ആ ദിവസത്തെ പകൽ കഴിഞ്ഞു വീണ്ടും ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വണ്ടിയുടെ സ്പീഡ് കൊണ്ട് തണുത്ത കാറ്റു എന്റെ മുഖത്തേക്കു അടിച്ചു കൊണ്ടിരിന്നു. ആ തണുപ്പിൽ അവളുടെ സാന്നിധ്യം ഉണ്ടെന്നു പോലും എനിക്ക് തോന്നി.. ആകാശത്തു നക്ഷത്രങ്ങൾ തിളങ്ങുന്നു.. അതിൽ എന്നെ നോക്കി തിളങ്ങുന്ന നക്ഷത്രത്തിൽ ഒന്ന്‌ മെർലിൻ ആയിരിക്കും എന്ന് എനിക്ക് തോന്നി. മെർലിനെ കുറിച്ച് ഒരു കഥ എഴുതണമെന്ന് ആ നിമിഷം ഞാൻ മനസ്സിൽ കുറിച്ചിട്ടു.ആ കഥക്ക് അനുയോജ്യമായ പേര് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. അവസാനം ഒരു പേര് ഉറപ്പിച്ചു ഞാൻ മനസ്സിൽ കഥ എഴുതി തുടങ്ങി..

 

‘‘മെർലിന്റെ ഓർമയ്ക്ക്..!’’

 

Content Summary: Merlinte Ormmakku, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com