ADVERTISEMENT

സൈക്കിൾ (കഥ)

 

‘‘മാമാ... എനിചെപ്പോലാ അമ്മ സൈക്കിൾ വാങ്ങി തരാ.!!’’

 

കുഞ്ഞാവ പിന്നിൽ നിന്നും ഷർട്ട് പിടിച്ചു വലിച്ചു ചോദിക്കുന്നത് കേട്ടപോളാ കിച്ചു തിരിഞ്ഞു നോക്കിയത്.

 

 

കിച്ചു ബാംഗ്ലൂരിൽ വിപ്രോയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. കിച്ചു പഠിച്ചു നല്ല ജോലിയൊക്കെ ആയപ്പോളാണ് ആ വീട്ടിൽ കഷ്ടപ്പാടൊക്കെ തീർന്ന് സന്തോഷം എന്താണെന്ന് എല്ലാരും അറിഞ്ഞു തുടങ്ങിയത്.വിനായക ചതുർഥി ആയപ്പോൾ ഒരാഴ്ച ലീവെടുത്തു നാട്ടിൽ വന്നതാണ്. മീര ചേച്ചിയും കിച്ചുവും കട്ട ചങ്ക്‌സാണ്. കിച്ചു വന്നാൽ അപ്പോൾ തന്നെ ചേച്ചി മീരയും അളിയന്റെ വീട്ടിൽ നിന്നും കുഞ്ഞാവയെയും കൊണ്ട് ഓടി വരും.പിന്നെ ഒരു ആഘോഷമാണ് വീട്ടിൽ. അങ്ങിനെ ഇത്തവണത്തെ ലീവിനു വന്നപോളാ കുഞ്ഞാവയുടെ ഈ ചോദ്യം.

 

 

"കുഞ്ഞാവയ്ക്കു സൈക്കിൾ വേണോ.??!" കിച്ചു ചോദിച്ചു..

 

 

"മേണം മാമാ.!!" അപ്പുറത്തെ വീട്ടിലെ അനു മോൾക്കും വാവാച്ചികുമൊക്കെ സൈക്കിൾ ഉണ്ട്. എന്നും അവർ നമ്മുടെ വീടിന്റെ മുന്നിലൂടെ ഓടിച്ചു കളിച്ചും. എനിച്ചു ഓടിക്കാൻ അറീല. അതോണ്ട് അവർ എനിച്ചു തരൂല മാമാ.!!!"

 

മീര ചേച്ചിയുണ്ട് തൊട്ടടുത്ത് നിന്നും അളിയനുമായി ഫോണിൽ കത്തിയടിച്ചിരിക്കുന്നു. 

 

"നിനക്ക് കുഞ്ഞാവക്കൊരു സൈക്കിൾ മേടിച്ചു കൊടുത്തൂടെ.??" കിച്ചു മീരയോടായി ചോദിച്ചു.

 

"ആഹ്.. ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ. LKG യിൽ എത്തീട്ടു തന്നെ മുഴുവൻ സമയവും മൊബൈൽ ഗെയിമും ടീവീയിലെ കാർട്ടൂൺ പ്രോഗ്രാമും കണ്ടിരിക്കലാ. ഒന്നും പഠിക്കാറില്ല. ഊണും ഇല്ല ഉറക്കവും ഇല്ല.. സ്കൂൾ വിട്ടു വന്നാൽ ഇതു തന്നെ പണി. നീ ഇതും പറഞ്ഞു നാളെ ബാംഗ്ലൂർക്ക് പോകും. പിന്നെ ഞാൻ തന്നെ വേണ്ടേ ഈ കുരുപ്പിനെ നോക്കാൻ. അതിന്റെ മേലേക്കാണ് ഇനി ഒരു സൈക്കിൾ കൂടി.!! പിന്നെ നീ വരുമ്പോളല്ലേ ഞാൻ ഇങ്ങോട്ടു വരാറുള്ളൂ. ബാക്കി ദിവസം ഒക്കെ അവിടെയല്ലേ. ഇനി ഇപ്പോൾ സൈക്കിൾ വാങ്ങിയാലും ഞങ്ങൾ പോയാൽ അതിവിടെ കിടന്നു പൊടി പിടിച്ചു കിടക്കും. അല്ലേൽ എല്ലാം കെട്ടി പേറി അങ്ങോട്ടു കൊണ്ട് പോണം. എനിക്ക് വയ്യാ അതിനൊന്നും. അവൾ അങ്ങിനെ പലതും പറയും. നീ അതൊന്നും കേൾക്കണ്ട. മീരയുടെ മറുപടി കേട്ടപ്പോൾ കുഞ്ഞാവയുടെ മുഖം വാടുന്നത് കിച്ചു ശ്രദ്ധിച്ചു.

 

 

"അമ്മ എപോലും ഇങ്ങിനെയാ മാമാ.. കുഞ്ഞാവയെ ഇഷ്ടമേ അല്ല അമ്മക്ക്.!!" കുഞ്ഞാവയുടെ പരാതി വന്നു..

 

 

"അച്ചോടാ.. സാരമില്ല ട്ടോ.. അടുത്ത വിഷുവിനു കുഞ്ഞാവയുടെ അച്ഛൻ ദുബായിൽ നിന്നും വരുമല്ലോ. അപ്പോൾ നമുക്കു അച്ചനെ കൊണ്ട് ഗൾഫിൽ നിന്നും നല്ല ഫ്രീക് സൈക്കിൾ കൊണ്ട് വരുത്തിക്കാം കേട്ടോ.!!" കിച്ചു കുഞ്ഞാവയെ ആശ്വസിപ്പിച്ചു.. 

 

"അതിനു വിഷു എപ്പോലാ മാമാ.. ഇനിം കൊറേ ദിവസം ഉണ്ടോ വിഷു ആവാൻ.?? കുഞ്ഞാവയുടെ സംശയം തീർന്നില്ല..

 

"കൊറേ ഒന്നും ഇല്ലാ. കുറച്ചേ ഉള്ളൂ.. കുഞ്ഞാവക്കു സ്കൂൾ പൂട്ടുമ്പോളേക്കും വിഷു വരും ട്ടോ.!!" കിച്ചു കുഞ്ഞാവയെ സമാധാനിപ്പിച്ചു..

 

അത് കേട്ടപ്പോൾ കുഞ്ഞാവക്കു സന്തോഷമായി നേരെ കുഞ്ഞാവ കളിക്കാൻ പോയി.

 

മീര ചേച്ചി ഫോൺ കഴിഞ്ഞു ചോദിച്ചു..

 

"കഴിഞ്ഞോ മാമനും മരുമോളും പരാതികൾ..?"

 

"ആഹ്.. കഴിഞ്ഞു.. എന്നാലും നീ അതിന്റെ ആഗ്രഹങ്ങൾ ഒക്കെ നടത്തി കൊടുക്കാഞ്ഞത് ശരിയായില്ല." കിച്ചു മീരയോടായി പറഞ്ഞു.

 

"നീ ഒന്ന്‌ മിണ്ടാതെ നിന്നെ കിച്ചു. ഇനി സൈക്കിളിൽ നിന്നു വീണു കയ്യും കാലും ഒടിഞ്ഞിട്ടു വേണം അമ്മയും അച്ഛനുമെല്ലാം എന്റെ തലേൽ മെക്കിട്ടു കേറാൻ. അപ്പോൾ നിനക്ക് സമാധാനം ആകുമല്ലോ.!. അവൾ ചൂടാവാൻ തുടങ്ങി.

 

 

"മതി.. മതി. ഇനി അതിനെ ചൊല്ലി ഒരു വഴക്കു വേണ്ടാ. നീ പോയി അമ്മയെ സഹായിച്ചോ. ഞാനൊന്നു പുറത്തു പോയി വരാം." അതും പറഞ്ഞു കിച്ചു ബൈക്കുമെടുത്തു ഗേറ്റ് കടന്നു ഓടിച്ചു പോയി. പോകുമ്പോൾ അപ്പുറത്തെ ഗ്രൗണ്ടിൽ കുട്ടികളുമായി കളിച്ചു കൊണ്ടിരുന്ന കുഞ്ഞാവ ടാറ്റാ തരാൻ മറന്നില്ല. 

 

അന്ന് രാത്രി കിച്ചു അത്താഴം കഴിക്കുമ്പോൾ അമ്മ പറഞ്ഞു. ഡാ.. മറ്റന്നാൾ കുഞ്ഞാവയുടെ പിറന്നാളാ. നീ ഇവിടെ ഉള്ളതല്ലേ. അതിനു എന്തേലും മേടിച്ചു കൊടുത്തേക്കു. നിന്നെ വല്യ ഇഷ്ടാ അതിന്.

 

 

ശരിയാണല്ലോ. മറ്റന്നാൾ കുഞ്ഞാവയുടെ പിറന്നാളാണ്‌. കിച്ചുവും അപ്പോളാ ഓർത്തത്. എന്താ ഇപ്പോൾ കൊടുക്കാ.. കേക്ക് എന്തായാലും വാങ്ങണം. പിന്നെ ഉടുപ്പ്. ടെഡി ബിയർ. കുഞ്ഞാവ ഹാപ്പിയാകും. അത് തന്നെയാക്കാം. കിച്ചു തീരുമാനിച്ചു.

 

പിറ്റേന്ന് രാവിലെ കിച്ചു ഉമ്മറത്തിരുന്നു ചങ്കുമായി ഫോണിൽ സംസാരിക്കയായിരുന്നു. അപ്പോളുണ്ട് കുഞ്ഞാവ മുറ്റത്തെ അടച്ചിട്ട ഗേറ്റിന്റെ കമ്പികൾ പിടിച്ചു അപ്പുറത്തെ ഗ്രൗണ്ടിലേക്ക് നോക്കി നിൽക്കുന്നു. കിച്ചു കുഞ്ഞാവയെ ഉറക്കെ വിളിച്ചു ചോദിച്ചു ..

 

"കുഞ്ഞാവേ ഇന്ന് കളിക്കാൻ പോയില്ലേ.?? എന്താ അവിടെ തന്നെ നില്കുന്നെ.?? നാളെ കൂട്ടുകാരോടൊക്കെ നമ്മുടെ വീട്ടിലേക്കു വരാൻ പറയൂ ട്ടോ കുഞ്ഞാവയുടെ പിറന്നാൾ ആഘോഷിക്കണ്ടേ നമുക്ക്.??"

 

"കുഞ്ഞാവ ഇന്ന് കളിക്കാൻ പോയില്ല മാമാ.. അവരെന്നെ കലിക്കാൻ കൂട്ടിലാ.. അവരൊക്കെ സൈക്കിൾ ഓടിച്ചു കലിച്ചാ.!!" അതും പറഞ്ഞു കുഞ്ഞാവ വിഷമത്തോടെ മറ്റു കുട്ടികൾ സൈക്കിൾ ഓടിക്കുന്നത് നോക്കി നിന്നു.

 

 

അപ്പോളതിലൊരു കുട്ടി കുഞ്ഞാവയോടു ചോദിച്ചു.

 

"കുഞ്ഞാവക്കു സൈക്കിൾ ഇല്ലേ.?? അച്ഛൻ എപ്പോളാ കുഞ്ഞാവക്കു സൈക്കിൾ വാങ്ങി തരാ.??"

 

 

"എന്റെ അച്ഛൻ അടുത്ത വിഷുനു വിമാനത്തിൽ വരുമല്ലോ. അപ്പോൾ കുഞ്ഞാവക്കും സൈക്കിൾ കൊണ്ട് തരും..!!" അത് പറയുമ്പോളും കുഞ്ഞാവ ആ കുഞ്ഞി കൈകൾ കൊണ്ട് നിറഞ്ഞ കണ്ണ് തുടക്കുന്നതും കവിളിൽ നിന്നും കണ്ണ് നീർ ഉടുപ്പു കൊണ്ട് മായ്ച്ചു കളയുന്നതും കിച്ചു കണ്ടു.

 

കുഞ്ഞാവയുടെ കണ്ണ് നിറഞ്ഞാൽ കിച്ചു മാമന് സഹിക്കില്ല. നേരെ പോയി റൂമിൽ നിന്നും കിച്ചു പേഴ്സും ബൈക്കിന്റെ കീയും എടുത്തു. ബൈക്ക് സ്റ്റാർട്ട് ചെയ്തു കുഞ്ഞാവയെ വിളിച്ചു.

 

"കുഞ്ഞാവേ.. വേഗം വാ.. നമുക്കൊരു സ്ഥലം വരെ പോകാം.."

 

"എങ്ങോട്ടാ മാമാ.." കുഞ്ഞാവ ഉടുപ്പ് മാറീട്ടിട്ടില്ല..

 

കുഞ്ഞാവയുടെ മറുപടി വന്നു.

 

"ഉടുപ്പൊക്കെ അത് മതി കുഞ്ഞാവേ. ചെരുപ്പിട്ടു വേഗം ഓടി വാ." കിച്ചു അവളെ വിളിച്ചു.

 

"കുഞ്ഞാവ വേഗം ഓടി വന്നു കിച്ചുവിന്റെ പള്സറിന്റെ മുന്നിൽ കയറി ഇരുന്നു.!!"

 

പിന്നിൽ നിന്നും മീരയുടെ ശബ്ദം കേട്ടു..

 

"എങ്ങോട്ടാടാ മാമനും മരുമോളും കൂടി ബൈക്കിൽ പോണേ .???"

 

ഒരു പതിനഞ്ചു മിനിറ്റു.. ഞങ്ങളാ അങ്ങാടി വരെ ഒന്ന്‌ പോയി വരാം.. അല്ലെ കുഞ്ഞാവേ.. കിച്ചു കുഞ്ഞാവയോടായി ചോദിച്ചു.

 

"അതെയതെ.. എന്ന് കുഞ്ഞാവ തലയാട്ടി.!!"

 

ബൈക്ക് പോയി നേരെ ചെന്ന് നിർത്തിയത് അനൂപേട്ടന്റെ സൈക്കിൾ ഷോപ്പിന്റെ മുന്നിലാണ്.

 

"ഇറങ്ങു കുഞ്ഞാവേ..!" കിച്ചു അവളെ ബൈക്കിൽ നിന്നും ഇറക്കി കൊടുത്തു..

 

"മാമാ..കൊറേ സൈക്കിൾ അതാ നിർത്തി ഇട്ടിരിക്കുന്നു!!" കുഞ്ഞാവയുടെ മുഖത്തു സന്തോഷം നിറഞ്ഞു. 

 

കിച്ചുവും ഇറങ്ങി നേരെ അനൂപേട്ടന്റെ അടുത്തേക് ചെന്നു..

 

"അനൂപേട്ടാ. നമ്മളെ മുത്തിന് ഒരു സൈക്കിൾ വേണം.. അവളുടെ ഉയരത്തിനു അനുസരിച്ചുള്ള അവൾക്കിഷ്ടമുള്ളതായിക്കോട്ടെ.!!"

 

ഓഹ് അതിനെന്താ കിച്ചു.. വാ വന്നു നോക്കിക്കൊ എല്ലാം.. അനൂപേട്ടൻ സൈക്കിൾ ഓരോന്നായി എടുത്തു കാണിച്ചു.

 

അതിലൊരു പിങ്ക് കളർ ഉള്ള ഒരു ലേഡീസ് സൈക്കിളാണ് കുഞ്ഞാവക്കു ഇഷ്ടായത്.. 

 

"മാമാ.. ഇതിന്റെ മുന്നിൽ ബാഗ് ഒക്കെ ഇടാൻ ഉള്ളതുണ്ട്. അനു മോളത് ഇതു പോലത്തെയാ.. കുഞ്ഞാവക്കും ഇതു മതി.!!"

 

അനൂപേട്ടാ.. അത് എടുത്തോളു.. അവൾക്കു മാച്ച് ആയതു അതാണ്. കിച്ചു പഴ്സിൽ നിന്നും പൈസ എടുത്തു കൊടുത്തു സൈക്കിൾ പുറത്തേക്കു എടുത്തു വെച്ചപ്പോൾ കുഞ്ഞാവയുടെ മുഖത്തു ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു തിളങ്ങുന്ന സന്തോഷം..!!

 

അല്ല മോനെ.. നീ ഇതിപ്പോൾ എങ്ങിനെയാ കൊണ്ട് പോവാ.. അനൂപേട്ടൻ ചോദിച്ചു..

 

കിച്ചു നേരെ ഫോണെടുത്തു ചങ്കിനെ വിളിച്ചു.. "മച്ചാനെ. എന്റെ ബൈക്ക് അനൂപേട്ടന്റെ കടയുടെ മുന്നിൽ വെച്ചിട്ടുണ്ട്..നീ ഒന്ന്‌ വന്നു എടുത്തോളണെ. ഞാൻ വൈകിട്ടു നിന്റേൽ നിന്നും വാങ്ങിക്കോളാം. കുഞ്ഞാവക്കൊരു സൈക്കിൾ വാങ്ങി. ഞാൻ കുഞ്ഞാവയുടെ സൈക്കിളുമായി അവൾക്ക് കൂട്ടായി നടന്നു പൊയ്‌കോളാം."

 

അവൻ "ഓക്കേ" പറഞ്ഞു..

 

കിച്ചു സൈക്കിൾ എടുത്തു കുഞ്ഞാവയോടു കേറിയിരിക്കാൻ പറഞ്ഞു.

 

"കുഞ്ഞാവ ആദ്യം ഒന്നു പേടിച്ചെങ്കിലും സൈഡിൽ രണ്ടു ചെറിയ ടയർ സപ്പോർട്ട് ആയി ഉള്ളതോണ്ട് ധൈര്യത്തിൽ കയറി ഇരുന്നു. കിച്ചു പിന്നിൽ പിടിച്ചു കൊടുത്തു, കുഞ്ഞാവ മെല്ലെ സൈക്കിൾ ഓടിക്കാൻ തുടങ്ങി.!!

 

കുഞ്ഞാവക്കു ഇതിലും വലിയൊരു പിറന്നാൾ സമ്മാനം കൊടുക്കാനില്ല എന്നു സന്തോഷിച്ചു കുഞ്ഞാവയുടെ സൈക്കിളിന്റെ കണ്ണാടിയിൽ നോക്കുമ്പോൾ പതിനാറ് വർഷങ്ങൾക്കു മുൻപ് ഒരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങാൻ നാന്നൂറ് രൂപ തികക്കാൻ പുലർച്ചെ പെരും മഴയത്തു വീടുകളിൽ പത്രവും പാലും വിറ്റു നടന്നിരുന്ന ഒരു എട്ടാം ക്ലാസുകാരനെ കിച്ചുവിന് ഓർമ വന്നു.!! 

 

"അപ്പോൾ കുഞ്ഞാവയുടെ ചോദ്യം.. മാമൻ എന്തിനാ കണ്ണാടി നോക്കി കരയുന്നെ.!!?"

 

"ഒന്നുമില്ല കുഞ്ഞാവേ.. മാമന്റെ കണ്ണിലെന്തോ കരട് പോയതാ.!! മാമൻ ഇപ്പോൾ കണ്ണ് തുട്ചു.. കുഞ്ഞാവ നല്ലോണം സൈക്കിൾ ഓടിച്ചോ ട്ടോ..!! അതും പറഞ്ഞു കുട്ടികാലത്ത് താൻ പിന്നിട്ട അതെ വഴികളിലൂടെ കിച്ചു വീണ്ടും കുഞ്ഞാവക്കൊപ്പം നടന്നകന്നു..!! 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com