ADVERTISEMENT

തെളിഞ്ഞ പ്രഭാതം. ജാലകത്തിനുവെളിയില്‍  നേര്‍ത്ത മണല്‍ത്തരികള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് അയാള്‍ തലയുയര്‍ത്തി. ഉറക്കത്തില്‍ അയാള്‍ എവിടെയൊക്കെയോ ആയിരുന്നു.  അയാള്‍ അപ്പോള്‍ യാതൊന്നും ചിന്തിച്ചിരുന്നില്ല.  അയാള്‍ക്കു മുന്നിലുള്ള അപ്പഴപ്പോഴുള്ള സംഭവങ്ങള്‍ മാത്രം അയാള്‍ക്കു പ്രത്യക്ഷീഭവം ആയിരുന്നു. ജാലകത്തിനപ്പുറത്തെ മണല്‍ത്തരികളില്‍ പാദങ്ങള്‍ അമരുകയും കൊലുസുകള്‍ ചിരിക്കുകയും ചെയ്തു.  നീളം കൂടിയ ദാവണിയായിരുന്നു അവള്‍ ധരിച്ചിരുന്നതെന്നു തോന്നി. ദാവണിയുടെ കോന്തലുകള്‍ പാദങ്ങളിലെ കൊലുസുകളില്‍ തട്ടിയാണ് കൊലുസുകള്‍ ചിരിക്കുന്നതെന്ന് അയാള്‍ക്കു മനസ്സിലായി.  അത്രയുമേ അയാള്‍ ശ്രദ്ധിച്ചിരുന്നുള്ളു. ഈ സുന്ദരമായ പ്രഭാതത്തില്‍ ആരുടെയാണ് കൊലുസുകള്‍ ചിരിക്കുന്നത്? ആ കൊലുസുകളുടെ ചിരി അല്ലാത്തതെല്ലാം അയാള്‍ക്ക് അന്യമായി തോന്നി. പുറത്തു വീശിയ ഇളങ്കാറ്റില്‍ നീണ്ട ദാവണി ധരിച്ച് അലക്ഷ്യമായി നടന്നകലുന്ന അവളെ അയാള്‍ സ്വല്‍പം സങ്കോചത്തോടെയാണെങ്കിലും  നോക്കിയിരുന്നു.  നീണ്ട കാര്‍ക്കൂന്തലുകള്‍ അവളുടെ മുഖം മറച്ചുകളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവള്‍ ഒരു സുന്ദരിയാകാമെന്നയാള്‍ കരുതി. എങ്ങോട്ടാവും അവള്‍ പോയത് ? അനുധാവനം ചെയ്യാന്‍ അയാളുടെ മനസ്സ് അനുവദിച്ചിരുന്നില്ല.  ഒരുപക്ഷേ ഏറെക്കാര്യങ്ങള്‍ അവള്‍ക്കു ചെയ്തു തീര്‍ക്കാനുണ്ടാവും എന്നയാള്‍ ഊഹിച്ചു. താന്‍ എന്തിനാണ് അതിനൊരു തടസ്സമാകുന്നത് എന്നയാള്‍  വിചാരിക്കുന്നുണ്ടായിരുന്നു. കൊലുസുകളുടെ ചിരിയും  ദാവണിയുടെ കോന്തലുകളും അയാളുടെ ദ്യഷ്ടിയില്‍ നിന്നും മറഞ്ഞു.  അയാള്‍ തന്‍റെ ലോകത്ത് വീണ്ടും തനിച്ചായി. പെട്ടെന്നാണ് വെയില്‍ മങ്ങിയത്. ആകാശം മഴയെ വരവേല്‍ക്കാനെന്നവണ്ണം കറുത്തിരുണ്ടു.  പ്രസന്നതയില്ലാത്ത ആ ആകാശകാഴ്ച്ച അത്ര മനോഹരമായി അയാള്‍ക്കു തോന്നിയില്ല.  എങ്കിലും പതുക്കെയെത്തിയ മഴയ്ക്ക് അപ്പോള്‍ എന്തോ ഒരു മനോഹാരിത തോന്നി. ആ മഴകാണാന്‍ അയാള്‍ ജാലകം തുറന്നിട്ടു. മഴത്തുള്ളികള്‍  മുറ്റത്തെ ചെടിയുടെ ഇളംതണ്ടുകളില്‍ വേദനയുണ്ടാക്കാതെ ചിതറിവീഴുന്നത് അയാള്‍ നോക്കിയിരുന്നു. ഇളംതണ്ടുകള്‍  ആ മഴയില്‍ അവളുടെ കൊലുസുകളെ ഓര്‍മ്മിപ്പിക്കാനെന്നവണ്ണം  ഇളകിയാടി.  പുലര്‍കാലത്തില്‍ വീണ്ടും കിളികള്‍ ചിലച്ചു.  മന്ദമായി വന്ന തെന്നലില്‍ തലേദിവസം മരത്തില്‍ തങ്ങിയിരുന്ന ജലകണങ്ങള്‍ താഴേയ്ക്കുവീണു ചിതറിത്തെറിച്ച് ഇല്ലാതായി. മരങ്ങള്‍ക്കിടയിലൂടെ ആദിത്യ കിരണങ്ങള്‍  ജാലകത്തിനുള്ളിലേയ്ക്ക് ഒളിഞ്ഞുനോക്കി പ്രഭാതത്തെ വരവേറ്റു. അപ്പോള്‍ വീണ്ടും കൊലുസുകള്‍ ചിരിച്ചു.  അയാള്‍ കാതുകൂര്‍പ്പിച്ചു. അവള്‍ അണിയാറുള്ള ദാവണിയുടെ കോന്തലുകള്‍ അയാളെ ആവേശം കൊള്ളിച്ചു. കൊലുസിന്‍റെ കിലുക്കം അടുത്തു വരുകയാണോ അതോ തിരിച്ചു പോകുകയാണോ? ഒന്നും മനസ്സിലായില്ല. അവള്‍ ആരാണ്? ഉത്തരം കിട്ടാത്ത  ചോദ്യമായി അതുമാത്രം അവശേഷിച്ചു.  കൊലുസുകള്‍ ഉറക്കെച്ചിരിക്കുന്നതുകേട്ട് പെട്ടെന്നയാള്‍ തലയുയര്‍ത്തിയെങ്കിലും  ഒന്നും കാണാനായില്ല. ഇത്രവേഗം അവള്‍ അപ്രത്യക്ഷയായോ എന്നയാള്‍ ചിന്തിക്കാതിരുന്നില്ല.  അന്ന് അയാള്‍ നേരത്തെ ഉണര്‍ന്ന് വളരെയേറെ പ്രതീക്ഷയോടെ ആ വഴിയിലേയ്ക്കു തന്നെ  ശ്രദ്ധിച്ചിരുന്നു. അവള്‍ ആരാണെന്നറിയണം എന്നയാള്‍ തീര്‍ച്ചപ്പെടുത്തി. ഈ പ്രഭാതത്തില്‍ ആ കൊലുസുകളുടെ കിലൂക്കം വീണ്ടും കേള്‍ക്കണം. 

anto-velloor
ആന്റോ വെള്ളൂർ

 

അയാള്‍ കാതോര്‍ത്തിരുന്നുവെങ്കിലും  ആ വഴിയിലൂടെ വന്നവരാരും കൊലുസുകള്‍ ധരിച്ചിരുന്നില്ല അവളെ കാണാത്തതില്‍ അയാള്‍ നിരാശനായി.  വഴിയില്‍ നേര്‍ത്ത മണല്‍ത്തരികളില്‍  കൊലുസിട്ട പാദങ്ങള്‍ അമരുന്നോ എന്നയാള്‍ കാതുകൂര്‍പ്പിച്ചു. ദൂരെ നിന്ന് അത് വളരെ മന്ദഗതിയിലാണ് സഞ്ചരിക്കുന്നതെന്നുതോന്നി. പ്രതീക്ഷ കൈവിട്ടയാള്‍  തലതാഴ്ത്തി.  തന്‍റെ കാത്തിരിപ്പുകള്‍ എന്തിനുവേണ്ടിയെന്നറിയാതെ അയാല്‍ സ്വയം ശപിച്ചു. ഉറക്കത്തില്‍   കൊലുസുകള്‍ ചിരിക്കുന്നത് കെട്ട് അയാള്‍ ചാടിയെഴുന്നേറ്റ് ജാലകം തുറന്നിട്ടു.  പക്ഷേ അപ്പോള്‍ പുറത്തുനിന്നും എത്തിയ കനത്ത മഴ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അയാളുടെ ജാലകം കൊട്ടിയടച്ചു.  മുറ്റത്തെ ചെടിയുടെ ഇളംതണ്ടുകള്‍ കനത്ത മഴയുടെ പ്രഹരമേറ്റ് നിലംപതിച്ചു. കൊലുസുകളുടെ ചിരി മിഥ്യയായിരുന്നുവെന്നയാള്‍ക്കു തോന്നി.  തെളിഞ്ഞ ഒരു പ്രഭാതത്തിനുവേണ്ടി അയാള്‍ കൊതിച്ചു.  എന്നാല്‍  മാന്ത്രികക്കുതിരയായ  അയാളുടെ മനസ്സ്  ഉറക്കത്തിന്‍റെ കാണാപ്പുറങ്ങളിലേയ്ക്ക്  അയാളെ വിളിച്ചുകൊണ്ടുപോയി.  പുലര്‍കാലത്ത് മനസ്സെന്ന ദേവീക്ഷേത്രത്തില്‍  അയാള്‍ കുളിച്ചു തൊഴുതു.  കഴിഞ്ഞ ദിവസങ്ങളിലെ കൊലുസുകളുടെ ചിരി കേള്‍ക്കാന്‍ അയാള്‍ കൊതിച്ചില്ല.  പ്രഭാതത്തെ വരവേറ്റുവന്ന കാറ്റിനൊപ്പം കൊലുസിട്ടപാദങ്ങളും ദാവണിയുടെ കോന്തലുകളും  ഒഴുകിപ്പോയത് അയാള്‍ അറിയുന്നുണ്ടായിരുന്നു.  ഒന്നും പ്രതീക്ഷിക്കാന്‍ അയാള്‍ക്കു തോന്നിയില്ല.  കൊലുസിന്‍റെ ചിരി മാത്രം ഒരു മിഥ്യയായി അവശേഷിച്ചു.

 

Anto Karickacherry (H), 

Velloor P.O, 

Pampady – 686501

Phone No: +91 8589836952

E-mail:antokjdtp@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com