ADVERTISEMENT

കഥ

 

"മോളേ.. നിന്റെ അച്ഛന് വയസ്സായി വരികയാണ്. അതുകൊണ്ടാണ് അമ്മ നിന്നോട് ഇത്ര കെഞ്ചുന്നത്. അധേവ് നല്ലവനാവും. ഒരു അപകടത്തിൽ അവന്റെ ഇടതു കാലിന്റെ നടക്കാനുള്ള ശേഷി നഷ്ടപെട്ടത് മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം കൊണ്ടും അവൻ തികഞ്ഞവനല്ലേ..???" അമ്മയുടെ അപേക്ഷ ധാരയുടെ ചെവിയിലെത്തുമ്പോൾ അവൾ നിശബ്ദയായിരുന്നു.

 

"അമ്മേ.. ഞാനീ വീട്ടിൽ ഒരു അധിക പറ്റായെന്നു എല്ലാവർക്കും തോന്നി തുടങ്ങിയോ..? അത് കൊണ്ടാണല്ലോ എന്റെ വാക്കുകൾക്കു വിലയില്ലാതെ ഒരു വികലാംഗന്റെ തലയിൽ എന്നെ കെട്ടി വെക്കുന്നെ. എന്തായാലും എല്ലാരുടെയും ആഗ്രഹം നടക്കട്ടെ. എനിക്ക് വേണ്ടിയല്ല.. പക്ഷെ നിങ്ങൾക്കു വേണ്ടി ഞാൻ ഈ കല്യാണത്തിന് സമ്മതം മൂളുന്നു. ചെക്കന്റെ വീട്ടുകാരോട് തിയ്യതി ഉറപ്പിച്ചോളാൻ അച്ഛനോട് പറഞ്ഞേക്കൂ" അത്രയും പറഞ്ഞു നിറ കണ്ണുകളോടെ ധാര റൂമിൽ കയറി വാതിലടച്ചു.

 

അങ്ങിനെ മനസ്സ് കൊണ്ട് സമ്മതമില്ലാത്ത ധാരയുടെ കഴുത്തിൽ അധേവ് താലി ചാർത്തി. വിവാഹത്തിന്റെ അന്ന് രാത്രി തന്നെ തന്റെ മനസ്സിൽ തോന്നിയ അനിഷ്ടമെല്ലാം പറയാനൊരുങ്ങിയതാണ് ധാര. എല്ലാം തുടങ്ങുന്ന മുൻപേയാണ് അധേവ് ധാരയോട് ആദ്യം സംസാരിച്ചു തുടങ്ങിയത്.

 

"ധാരയ്ക്കറിയുമോ.. എല്ലാവരെ പോലെയും എനിക്കുമുണ്ടായിരുന്നെടോ ഒരുപാട് സ്വപ്നങ്ങൾ. പണ്ടൊക്കെ കൂട്ടുകാരുമൊത്തു ബുള്ളറ്റിൽ ഹിമാലയം വരെ പോയിട്ടുണ്ട്. യാത്രയെ ഒരുപാട് സ്നേഹിച്ച എനിക്ക് ഇരുപത്തി മൂന്നാം വയസ്സിൽ വന്നൊരു അപകടം. അതിൽ ജീവിതം തന്നെ മാറി മറിഞ്ഞു. ഒരു കാൽ ചലിക്കില്ലെന്നു കരുതി ജീവിതത്തിൽ തോൽക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.

 

പി.ജി കഴിഞ്ഞു പി.എസ്.സി എഴുതി കിട്ടിയതാ കോർപറേഷൻ ഓഫീസിലെ ഗവൺമെന്റ് ജോലി. പിന്നെ സ്വന്തമായി ഈ പുതിയ വീടുണ്ടാക്കി, കാർ വാങ്ങി അങ്ങിനെയൊക്കെ. ജീവിതത്തിൽ ഒരൊറ്റ ആഗ്രഹം കൂടി ബാക്കിയുണ്ട്. കെട്ടുന്ന പെണ്ണുമായി ഹിമാലയം വരെ ഒരിക്കൽ കൂടി ബുള്ളറ്റിൽ യാത്ര പോകണമെന്നത്. കാലിനു വയ്യാത്തോണ്ട് ഇനി ഓടിക്കാൻ കഴിയില്ല. അത്കൊണ്ട് ആ ആഗ്രഹം മാത്രം എപ്പോളും മനസ്സിൽ ബാക്കിയായി നിൽക്കുന്നു. ആ ഒരു വിഷമം ഉണ്ട്. സാരമില്ല. എത്രയോ പേരുടെ എന്തൊക്കെ ആഗ്രഹങ്ങൾ നടക്കാതെ പോകുന്നു അല്ലേ. എന്റേയീ ആഗ്രഹവും അത് പോലെ എഴുതി തള്ളിയ ആഗ്രഹങ്ങളുടെ കൂട്ടത്തിൽ കിടക്കട്ടെ".

 

"തനിക്കു എന്നെ പൂർണമായി ഉൾക്കൊള്ളാൻ സമയമെടുക്കുമെന്നു തന്റെ മുഖം കണ്ടാലറിയാം, അതുമല്ല കല്യാണത്തിന് മുൻപ് നമ്മൾ ഫോണിലൊന്നും അധികം സംസാരിച്ചിട്ടില്ലല്ലോ. ധാര എന്തായാലും സമയമെടുത്തോളൂ.. എന്നേലും എന്നെ മനസു കൊണ്ട് ഇഷ്ടമാവുമ്പോൾ പറഞ്ഞാൽ മതി" അത്രയും കാര്യങ്ങൾ മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു കൊണ്ടാണ് അധേവ് പറഞ്ഞു നിർത്തിയത്.

 

ധാരയ്ക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. എങ്കിലും ഒരു മൗനം മാത്രം മറുപടിയാക്കി അവൾ അവനരികിൽ തിരിഞ്ഞു കിടന്നു.

 

ആ വീട്ടിൽ എല്ലാവർക്കും ധാരയോട് ഭയങ്കര സ്നേഹമായിരുന്നു. അച്ഛനും അമ്മയ്ക്കും അനിയനുമെല്ലാം. എല്ലാമുണ്ടായിട്ടും അതൊന്നും ധാരയ്ക്ക് ആദ്യമൊന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഓരോ ദിവസവും അഭിനയ ജീവിതം പോലെ അവൾ അവനോടൊപ്പം തള്ളി നീക്കി.

 

അധേവ് അവളുടെ ഒരു ആഗ്രഹങ്ങളെയും എതിർത്തിരുന്നില്ല. അവൾക്കു ടീച്ചറായി അടുത്തുള്ള സ്കൂളിൽ ജോലി ചെയ്യാൻ വേണ്ടി പലരെയും വിളിച്ചു പറഞ്ഞു ജോലി ശരിയാക്കികൊടുത്തു. ടീച്ചിങ് ഒരുപാട് ഇഷ്ടമുള്ള അവൾക്കതൊരു ആശ്വാസമായി തോന്നി.

 

ഒരു കാലിനു വയ്യെങ്കിലും ജീവിതത്തിൽ അധേവ് വിജയി ആയിരുന്നു. ഓട്ടോമാറ്റിക് ഗിയർ ഉള്ള കാർ വാങ്ങി അവളെയും കൊണ്ട് സിനിമയ്ക്കും ബീച്ചിലും വീക്കെൻഡിൽ കൊണ്ട് പോകും.

 

ടൗണിലെ ഏറ്റവും നല്ല ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കൊടുക്കും, നല്ല ഷോപ്പിൽ നിന്നും ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങി കൊടുക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവളെ സന്തോഷിപ്പിക്കാനും അവൾക്കു വേണ്ടി സമയം ചിലവഴിക്കാനും അധേവ് എപ്പോളും ശ്രമിച്ചിരുന്നു.

 

അധേവിന്റെ ആ സ്നേഹം ഒരിക്കലും ധാര മനസിലാക്കിയിരുന്നില്ല എന്നതാണ് സത്യം.

 

രാത്രികളിൽ കാറിൽ പെരും മഴയത്തു റൊമാന്റിക് പാട്ടുമിട്ടു യാത്ര പോയി വരുമ്പോൾ അധേവ് അവളെ നോക്കി പറയും "ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്‌തിട്ടുണ്ട്. അത് കൊണ്ടാണ് നിന്നെ ഈ ജന്മത്തിൽ എനിക്ക് കിട്ടിയത്" എന്ന്. അധേവിനു എങ്ങിനെയാണ് തന്നെ ഇങ്ങിനെ സ്നേഹിക്കാൻ കഴിയുന്നത് എന്ന് ധാര പലപ്പോഴും അവളോട്‌ തന്നെ ചോദിക്കാറുണ്ട്.

 

അധേവ് അങ്ങിനെയായിരുന്നു. തന്റെ കുറവുകളെ ഒരിക്കലും കുറവുകളായി കണ്ടിരുന്നില്ല. വൈകല്യങ്ങൾ ഉണ്ടായിട്ടും ജീവിതത്തിൽ വിജയിച്ച "സ്റ്റീഫൻ ഹോകിൻസിനെയും മോട്ടിവേഷണൽ സ്പീക്കർ അൻസിബ മസിരി"യെ കുറിച്ചുമെല്ലാം അധേവ് നന്നായി സംസാരിക്കുമായിരുന്നു.

 

ഒരു ഞായറാഴ്ച വീടിന്റെ മുന്നിലെ സ്റ്റെപ്പിൽ ധാര തെന്നി വീണപ്പോൾ വയ്യാത്ത കാലും കൊണ്ട് അപ്പോൾ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും ഒരു ദിവസം മുഴുവൻ ഉറക്കമിളച്ചു അവളോടൊപ്പം ഹോസ്പിറ്റലിൽ നിന്നതുമെല്ലാം അവൾക്കിഷ്ടമില്ലാത്ത ആ ഒന്നര കാലൻ ആയിരുന്നു.

 

 

ഹോസ്പിറ്റലിൽ നിന്നും ബാൻഡേജ് കെട്ടിയ കാലുമായി തിരിച്ചു വരുമ്പോൾ കാറിന്റെ ഗ്ലാസിനു മുകളിലൂടെ ഒലിച്ചിറങ്ങിയ മഴ തുള്ളികൾക്കൊപ്പം അവളുടെ കണ്ണിൽ നിന്നും കണ്ണു നീർ വീണു.

 

 

 

 

ഡ്രൈവിങ്ങിൽ നിന്നും പെട്ടെന്ന് ശ്രദ്ധ തിരിച്ചു അധേവ് ചോദിച്ചു. "ധാരയുടെ കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നെ..?? കാലിനു ഇപ്പോളും വേദനയുണ്ടോ...??"

 

 

 

 

അത് കേട്ടപ്പോൾ അവളുടെ തേങ്ങൽ ഒന്നൂടി ഉച്ചത്തിലായി. അധേവ് വണ്ടി ഒതുക്കി നിർത്തി,

 

"എന്താ പറ്റിയെ ധാര..?? എന്നോട് പറ. എന്തിനാ കരയുന്നെ...??" അവനവളുടെ കണ്ണുകളിലേക്ക് നോക്കി.

 

 

 

 

"ഞാൻ...!!! എന്റെ.. കാലുകൾ ഇപ്പോൾ ഒടിഞ്ഞിരുന്നേൽ ഒരിക്കലും നേരെ ആയില്ലാ എങ്കിൽ ഞാനും ഏട്ടനെ പോലെ ആവുമായിരുന്നില്ലേ...?" അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

 

 

 

 

"അതാണോ കാര്യം.. അങ്ങിനെ ആയില്ലല്ലോ.. അതിനു മുൻപേ നമ്മൾ ഹോസ്പിറ്റലിൽ പോയില്ലേ.. അപ്പോൾ സമാദാനിക്കാലോ..?" അധേവ് പറഞ്ഞു.

 

 

 

 

"അപ്പോൾ.. അന്ന് ആക്‌സിഡന്റ് ആയ സമയത്ത് ഏട്ടനെയും ആരേലും കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നേൽ ഒരു പക്ഷെ ഏട്ടനും.....!!" അവൾ മുഴുമിപ്പിച്ചില്ല. അതിനു മുൻപേ അവന്റെ കണ്ണുകൾ നിറഞ്ഞു.

 

 

 

 

"സാരമില്ല.. അതൊക്കെ കഴിഞ്ഞില്ലേ.. നമുക്കു ഇപ്പോൾ വീട്ടിലേക്കു പോകാം..!" അതും പറഞ്ഞു അധേവ് കാറെടുത്തു.

 

 

 

 

വീട്ടിലെത്തിയിട്ടും അധേവ് തന്നെയായിരുന്നു അവളെ ഒരു കൊച്ചു കുട്ടിയെ പോലെ മൂന്നു ആഴ്ച നോക്കിയിരുന്നത്. ബാൻഡേജ് അഴിച്ചു അവൾ നടക്കാൻ ശ്രമിക്കുമ്പോളും ആ ഒന്നര കാലിൽ അധേവ് അവളെ തോളിൽ സപ്പോർട്ടായി താങ്ങി പിടിച്ചിരുന്നു.

 

 

 

 

അവളെ കാണാൻ അവളുടെ വീട്ടുകാർ വന്നപ്പോൾ അധേവിന്റെ കൈ കൊണ്ടുണ്ടാക്കിയ ബിരിയാണിയാണ് അന്നെല്ലാവരും കഴിച്ചത്. പോകാൻ നേരം വീടിന്റെ സൈഡിലേക്ക് വിളിപ്പിച്ചു രണ്ടായിരത്തിന്റെ രണ്ടു നോട്ട് അവളുടെ അമ്മയുടെ കയ്യിൽ മടക്കി വെച്ച് കൊടുത്തു പറഞ്ഞു "അച്ഛന് പണിയൊക്കെ കുറവല്ലേ. അമ്മയിതു കയ്യിൽ വെച്ചോളൂ. മരുന്നൊക്കെ വാങ്ങാൻ ഉപകരിക്കും". വേണ്ട മോനെന്നു രണ്ടു മൂന്നു തവണ അമ്മ എതിർക്കുമ്പോളും അധേവ് അമ്മയുടെ കയ്യിൽ നിർബന്ധിച്ചു പിടിപ്പിക്കുന്നത് ധാര ജനലിന്റെ ഉള്ളിലൂടെ കണ്ടിരുന്നു. ഒരു നിമിഷം ധാരക്ക് അവനോടു മതിപ്പു തോന്നിയ നിമിഷമായിരുന്നു അത്.

 

 

 

 

മറ്റൊരിക്കൽ അനിയത്തിയുടെ കോളേജ് ഫീസ് ധാരായറിയാതെ അടച്ചതും അധേവായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ട ക്യാഷ് സ്ലിപ്പിൽ നിന്നാണതവൾക്കു മനസിലായത്. അങ്ങിനെ എല്ലായിടത്തും അധേവ് അവളെ തോൽപിച്ചു കൊണ്ടേയിരുന്നു.

 

 

 

 

ശരിക്കും നടക്കാൻ തുടങ്ങിയതിന്റെ അടുത്ത ദിവസം ധാരയുടെ പിറന്നാളായിരുന്നു. കഷ്ടപ്പാടിൽ വളർന്ന അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പിറന്നാളായാണ് അധേവ് ഒരുക്കങ്ങൾ നടത്തിയത്. അവൾക്കിഷ്ടമുള്ള ഭക്ഷണം.. കേക്ക്.. വസ്ത്രങ്ങൾ... അവസാനം ഒരു പിറന്നാൾ സമ്മാനമായി ഒരു ചെറിയ ഗിഫ്റ്റ് ബോക്സും.

 

 

 

 

ആഘോഷങ്ങളെല്ലാം കഴിഞ്ഞു എല്ലാരും പോയി കഴിഞ്ഞപ്പോൾ രാത്രി റൂമിൽ നിന്നും ധാര ആ ബോക്സ്‌ തുറന്നു നോക്കി. ഒരു സെറ്റ് ചിലങ്കയായിരുന്നു അത്. അതിൽ തൊട്ടതും അവളത് മുഖത്തേക്ക് പൊത്തി വെച്ച് പൊട്ടി കരഞ്ഞു. അപ്പോൾ പിന്നിൽ നിന്നും അധേവ് അവളുടെ രണ്ടു ചുമലിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു,

 

 "പണ്ട് ഫീസ് കൊടുക്കാൻ പൈസയില്ലാതെ നിർത്തിയ നിന്റെയൊരു ആഗ്രഹമല്ലേ.. അത് പൂർത്തിയാക്കിയേക്കൂ.. ഇനി അതായിട്ട് ബാക്കി വെക്കേണ്ട.. തനിക്കു പിറന്നാൾ സമ്മാനമായി ഇതല്ലാതെ മറ്റെന്തു വലിയ സമ്മാനമാണ് ഞാൻ തരിക ..!"

 

 

 

 

അവൾ തിരിഞ്ഞു അവന് അഭിമുഖമായി നിന്നു. എന്നിട്ടു കാൽക്കൽ വീണു. "എന്നോട് ക്ഷമിക്കണം.. ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. അനിഷ്ടം കാണിച്ചിട്ടുണ്ട്.. എല്ലാം പൊറുക്കണം..!" അവൾ തേങ്ങി കരഞ്ഞു.

 

 

 

 

അവനവളെ പിടിച്ചെഴുന്നേൽപ്പിച്ചു. "സാരമില്ല ധാരാ. ആരും ഈ ലോകത്ത് പൂർണരല്ല, എല്ലാം ഉള്ളവനായി ജനിച്ചവനും എല്ലാം നഷ്ടപ്പെടാൻ ഒരൊറ്റ ദിവസം മതി. അത് കൊണ്ട് കഴിഞ്ഞതൊന്നും ഓർക്കേണ്ട. എനിക്ക് എല്ലാം മനസിലാവും..!" അത് പറഞ്ഞു അവനവളെ നെഞ്ചോടു ചേർത്തു പിടിച്ചു. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവന്റെ നെഞ്ചോടു ആദ്യമായി ചേർന്നു നിന്നു.

 

 

 

 

ആറ് മാസം കഴിഞ്ഞുള്ള ഡിസംബറിലെ ഒരു ശനിയാഴ്ച.

 

 

 

 

അന്ന് അധേവിന്റെ പിറന്നാൾ ആയിരുന്നു. രാവിലെ എണീറ്റു കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ മു്റത്തേക്ക് വന്നപ്പോൾ അവിടെയൊരു പുത്തൻ ബുള്ളറ്റ് സെന്റർ സ്റ്റാൻഡിൽ നിർത്തിയിട്ടത് കണ്ടു. ബുള്ളറ്റ് അധേവിനൊരു വികാരമാണ്. അവനതിന്റ അടുത്ത് ചെന്നു അതിന്റെ സീറ്റിലൂടെ മെല്ലെ തലോടി. പണ്ട് ബുള്ളറ്റ് ഓടിച്ചതും പഴയ യാത്രകളും അവന്റെ മനസിലേക്ക് താനേ ഓടിയെത്തി. ഇനിയൊരിക്കലും അങ്ങിനെയൊരു ബുള്ളറ്റ് യാത്ര പോകാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.

 

 

 

 

ധാര അപ്പോളങ്ങോട്ടേക്ക് വന്നു ചോദിച്ചു . "ബുള്ളറ്റ് ഇഷ്ടായോ ഏട്ടന്..??"

 

 

 

 

"ഇഷ്ടായോന്നോ..?? ഇത് ആരുടെയാ ധാരാ..?" അവൻ ആകാംഷയോടെ ചോദിച്ചു.

 

 

 

 

"എന്റെ ഏട്ടന്റെ തന്നെ.. വേറെ ആരുടേതാ.. ജോലി കിട്ടി സമ്പാദിച്ച വകയിൽ എന്റെ വക എട്ടനുള്ള പിറന്നാൾ സമ്മാനം. എന്നാൽ നോക്കി വെള്ളമിറക്കാതെ ഏട്ടൻ കേറിക്കോ." അവൾ പറഞ്ഞു.

 

 

അത് കേട്ടപ്പോൾ അധേവിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.

 

"ഞാനോ.. ഞാനീ കാലും വെച്ച് ഇതെങ്ങിനെ ഓടിക്കാനാ ധാരാ.. നീ വെറുതെ എന്നെ രാവിലെ തന്നെ കളിയാക്കല്ലേ.." അധേവ് പരിഭവിച്ചു.

 

 

"എന്റെ ഏട്ടാ.. മുന്നിൽ കേറാൻ നിങ്ങളോടാരാ പറഞ്ഞെ..?? പിന്നിൽ കേറിക്കോളാനാ ഞാൻ പറഞ്ഞെ..!" ധാര പൊട്ടിച്ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.

 

 

"പിന്നിലോ..?? നിനക്ക് ബുള്ളെറ്റ് ഓടിക്കാനൊക്കെ അറിയുമോ..? അതും എന്നെയും കൊണ്ട്..?" അധേവ് ആശ്ചര്യപ്പെട്ടു.

 

 

ധാര ചുരിദാറിന്റെ ഷാൾ അരയിൽ വലിച്ചു മുറുക്കി കെട്ടി ബുള്ളറ്റിൽ കയറി സ്റ്റാൻഡ് തട്ടി സ്റ്റാർട്ടാക്കി. അധേവ് കഷ്ടപ്പെട്ട് പിന്നിൽ കയറി.

 

"ഇനി പിടിച്ചിരിക്കാനും ഞാൻ പ്രത്യേകം പറയണോ..??" അവൾ പിന്നിലേക്ക് നോക്കി ചോദിച്ചു.

 

അത് കേട്ടതും അധേവ് അവളുടെ അരയ്ക്ക് മുകളിലൂടെ മുറുകെ ചുറ്റി പിടിച്ചിരുന്നു.

 

 

അങ്ങിനെ പൊട്ടുന്ന ശബ്ദവുമായി ബുള്ളറ്റിൽ ഗേറ്റും കടന്നു മഞ്ഞു വീണ വഴികളിലൂടെ അവർ പോകുകയാണ്... അധേവിന്റെ ഇഷ്ട സ്ഥലമായ ഹിമാലയത്തിലേക്ക് ഒരിക്കൽ കൂടി....!!!!

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com