ADVERTISEMENT

ഒരു ചിത്രകഥ (കഥ)

 

“ഈ സുന്ദരിക്കുട്ടി ഇപ്പോൾ എവിടെയായിരിക്കും?” അവൾ ആ ഫോട്ടോ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി.

 

വേറെ ഒന്നും ചെയ്യാനില്ലാഞ്ഞിട്ട് പഴയ ആൽബങ്ങൾ എടുത്ത് നോക്കുന്നതിനിടയിലാണ് ആ കൂട്ടുകാരിയുടെ ഫോട്ടോ കൈയിൽ പെട്ടത്. പഠിക്കുന്ന സമയത്ത് ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. അതിനുശേഷവും കുറേ നാളുകൾ കത്തുകൾ വഴി ബന്ധം പുതുക്കിയിരുന്നു. പക്ഷേ, പോകപ്പോകെ കത്തുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം നീണ്ടു. പിന്നീട് കത്തുകൾ പാടെയില്ലാതായി. 

 

കല്യാണത്തിന് പോലും കത്തയക്കാൻ പറ്റിയില്ല. അഡ്രസ്സ് തന്നെ കൈമോശം വന്നിരുന്നു. അവളും തന്നെ മറന്ന മട്ടാണ്. ഇനി അവൾ എവിടെയെന്ന് കണ്ടുപിടിക്കാൻ എന്താ മാർഗ്ഗം?

 

ആലീസ് കൈയിലിരിക്കുന്ന ഫോട്ടോയിലെ കൊച്ചുസുന്ദരിയെ നോക്കി ചിരിച്ചു. “നീ എവിടെയാടിയെന്റെ പ്രിയപ്പെട്ട കൂട്ടുകാരി, മോഹലോചനേ?” 

 

അവളുടെ ചിന്തകൾ പഠനകാലത്തെ ഓർമ്മകളിലേയ്ക്ക് പറന്നു. ഇരുപത്തഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് എറണാകുളത്തെ വലിയൊരു ആശുപത്രിയോട് ചേർന്നുള്ള നേഴ്സിംഗ് സ്കൂൾ.  മൂന്ന് വർഷത്തെ സൗഹൃദം. ഒരേ മുറിയിൽ ഒന്നിച്ചുകഴിഞ്ഞ മൂന്ന് കൊല്ലങ്ങൾ! ഒരേ മനസ്സുള്ള രണ്ട് ഹൃദയങ്ങൾ! രണ്ടുപേരുടേയും നാടിന്റെ പേരും ഏകദേശം ഒരുപോലെ – കോഴഞ്ചേരിയും കോടഞ്ചേരിയും. കോടഞ്ചേരിക്കാരി വെള്ളമടിച്ചാൽ കോഴഞ്ചേരിയാകുമെന്ന് മറ്റുള്ളവർ പറഞ്ഞ് കളിയാക്കാറുണ്ട്.

 

ഒഴിവ് ദിവസങ്ങൾ വരുമ്പോൾ അവൾ തെക്കോട്ട് നൂറ് കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ കൂട്ടുകാരി വടക്കോട്ട് ഇരുന്നൂറ് കിലോമീറ്റർ പോകും. കോഴിക്കോടിനടുത്തുള്ള കോടഞ്ചേരിയായിരുന്നു ലൂസിയുടെ വീട്.

 

കൃഷ്ണൻനായരുടെ സ്റ്റുഡിയോവിൽ ഒരുമിച്ച് പോയി എടുത്തതായിരുന്നു ആ ഫോട്ടോ. അവൾക്കേറ്റവും ഇഷ്ടപ്പെട്ട വേഷം. നീല ടോപുള്ള ചുഡിദാർ. അതിന്റെ കൈകൾ അവൾ പറഞ്ഞ് തയ്പിച്ചതാണ് – ഏണിപ്പടികളിലെ ശാരദയുടെ ബ്ലൗസ് പോലെ പഫ് വച്ചത്. എഴുപത്തിമൂന്നിലെ ഫാഷൻ അവൾക്കന്നും പ്രിയപ്പെട്ടതായിരുന്നു. ഇഷ്ടപ്പെട്ട ആരെങ്കിലും പറഞ്ഞത് കൊണ്ടാണോയെന്ന് ചോദിച്ചതിന് അവൾ ഒരിക്കലും മറുപടി പറയുകയുണ്ടായില്ല. സ്വതവേയുള്ള ചിരി മാത്രം. പക്ഷേ, ഒരിക്കൽ അവളുടെ ഡയറി അറിയാതെ തുറന്നപ്പോൾ കണ്ടു, അതിന്റെ തുടക്കത്തിൽ ഒട്ടിച്ച് വച്ചിരിക്കുന്ന ഫോട്ടോയും അതിനടിയിൽ ഭംഗിയുള്ള കൈപടയിൽ എഴുതിച്ചേർത്ത വരികളും - “മോഹനലോചനങ്ങൾക്കായി മാത്രം, ഒരിക്കലും ഇത് കാണുകയില്ലെന്നറിഞ്ഞിട്ടും!”

 

അവളുടെ ചിരി – ആരേയും മയക്കാൻ പോന്നത്. കൈയിലിരുന്ന ഫോട്ടോയിലുള്ള മിടുക്കി ചിരിക്കുന്നത് കണ്ടില്ലേ! ആലീസ് ഫോട്ടോയിലെ ലൂസിയുടെ ചുണ്ടുകളിൽ വിരലോടിച്ചു. എപ്പോഴും ചിരിക്കുന്ന പ്രകൃതമായിരുന്നു ലൂസിയ്ക്ക്. അവൾ കരഞ്ഞോ ദേഷ്യപ്പെട്ടോ കണ്ടിട്ടേയില്ല. ആ ചിരി അവളുടെ അഴക് വർദ്ധിപ്പിച്ചു.

 

ഒരു ബ്യൂട്ടിപാർലറിലും പോകാതെ തന്നെ ജന്മസിദ്ധമായ നീണ്ട പുരികക്കൊടികളും മിഴിവാർന്ന കണ്ണുകളും. മോഹലോചനങ്ങൾ - ആലീസ് അവളോട് ഇടയ്ക്കിടെ പറയാറുള്ളതായിരുന്നു. അവളുടെ കണ്ണുകൾ ആരേയും മോഹിപ്പിക്കുന്നതായിരുന്നു. നെറ്റിയിൽ തൊട്ടിരിക്കുന്ന പൊട്ട് അവളുടെ മുഖത്തിന് ചേർന്നത് തന്നെ. കാൽനൂറ്റാണ്ടിന് മുമ്പെടുത്ത ഫോട്ടോ ആയിട്ട് പോലും ലൂസിയുടെ ഭംഗി അപ്പാടെ തെളിഞ്ഞുവരുന്നു.

 

ലൂസിയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണമെന്ന ആഗ്രഹം ആലീസിന്റെ മനസ്സിലേറിവന്നു. ഒരുമിച്ച് കാട്ടിക്കൂട്ടിയ വികൃതികൾ, ഒരുമിച്ച് നടത്തിയ യാത്രകൾ! ഓരോന്നായി അവളുടെ മനസ്സിലേയ്ക്കോടിയെത്തി.

 

താൻ പറഞ്ഞതുകൊണ്ടാണ് ലൂസി അവളുടെ ഡയറിയിൽ മോഹലോചനങ്ങളെന്ന് എഴുതിയതെന്നാണ് ആദ്യം കരുതിയത്. പിന്നീട് മനസ്സിലായി അവളെഴുതിയത് മോഹലോചനങ്ങളെന്നല്ല, മോഹനലോചനങ്ങൾ എന്നാണെന്ന്. അന്നൊരിക്കൽ സ്റ്റെല്ലസിസ്റ്ററിനോടൊപ്പം മൂന്നാംനിലയിലെ റൂം നമ്പർ 307-ൽ പോയപ്പോഴാണ് സംശയം തോന്നിയത്. ഡോക്ടർ സുബ്ബറാവുവിന്റെ വാർഡാണ്. കാറപകടത്തിൽ കോമയിലായ നരേന്ദ്രനെ ശുശ്രൂഷിക്കാൻ ബന്ധുക്കളേക്കാൾ ശുഷ്ക്കാന്തി കാട്ടിയിരുന്നത് അയാളുടെ മൂന്ന് സുഹൃത്തുക്കളായിരുന്നു. 

 

അന്ന് കൂട്ടത്തിൽ രണ്ടുപേരെ ഉണ്ടായിരുന്നുള്ളു. സ്റ്റെല്ലസിസ്റ്ററെ കണ്ടയുടൻ അതിലൊരാൾ ചോദിച്ചു, “ശാരദക്കുട്ടി ഇന്നെവിടെ പോയി?” 

 

“അവളിന്ന് വെറെ വാർഡിലാണ് ഡ്യൂട്ടി. പകരം വന്നതാണ് ഇവൾ, ആലീസ്.” സ്റ്റെല്ലസിസ്റ്റർ മറുപടി പറഞ്ഞു.

 

പിന്നീട് സ്റ്റെല്ലസിസ്റ്ററോട് ആരാണീ ശാരദക്കുട്ടിയെന്ന് ചോദിച്ചപ്പോളാണ് അത് ലൂസിയ്ക്ക് അവരിട്ടിരിക്കുന്ന പേരാണെന്ന് മനസ്സിലായത്. അവരുടെ കൂടെയുള്ള മൂന്നാമനാണ് ഒരിക്കൽ സ്റ്റെല്ലയോട് പറഞ്ഞത് ലൂസിയ്ക്ക് ഏണിപ്പടികളിലെ ശാരദയുടെ ഭംഗിയാണെന്ന്. 

 

അത് കേട്ടപ്പോൾ ആലീസിന് മനസ്സിലായി ആർക്ക് വേണ്ടിയാണ് ലൂസി പഫുള്ള ടോപ് തയ്പിച്ചതെന്ന്. താനാണ് അവളെ മോഹലോചനം എന്ന് വിളിച്ചതെങ്കിലും അവളുടെ ഡയറിയിലെ മോഹനലോചനം വേറെയായിരുന്നു. അന്ന് അവിടെയില്ലാതിരുന്ന ആ മൂന്നാമന്റെ പേര് മോഹനെന്നായിരുന്നു.

 

ലൂസി മിടുക്കി തന്നെ. തന്റേതാവില്ലെന്ന് നല്ല നിശ്ചയമുള്ളതുകൊണ്ട് അവളുടെ ഇഷ്ടം ഒരു ഫോട്ടോയിലും അതിനടിയിലെ ഒരു ഡയറിക്കുറിപ്പിലും അവസാനിപ്പിച്ചു. ലൂസി അതിനെ കുറിച്ച് ഇത്രയും അടുത്ത കൂട്ടുകാരിയായ ആലീസിനോട് പോലും പറഞ്ഞിരുന്നില്ല. സ്റ്റെല്ല പറഞ്ഞുള്ള അറിവ് മാത്രമായിരുന്നു അവൾക്ക്. കിട്ടാത്ത ഒന്നിനെ കുറിച്ചുള്ള ആശ കൂടുതലാവാതെയിരിക്കാൻ അവൾ ലൂസിയോട് അതിനെ പറ്റി സംസാരിച്ചതേയില്ല.

 

santhosh-gangadharan-JPG
സന്തോഷ് ഗംഗാധരൻ

ലൂസിയോടൊപ്പം കാന്റീനിലിരുന്ന് ആഹാരം കഴിക്കുമ്പോഴാണ് ആദ്യമായി മോഹനെ കണ്ടത്. നല്ലൊരു ചെറുപ്പക്കാരൻ. എല്ലാവരോടും ഒരേപോലെ സ്നേഹത്തോടെ പെരുമാറുന്നു. ആലുവായിലെവിടെയോ ജോലിയാണെന്നാണ് പറഞ്ഞത്. താഴോട്ട് ഒലിച്ചിറങ്ങി നിൽക്കുന്ന കട്ടിമീശ. ലൂസിയ്ക്ക് ചേരുമെന്ന് അവളുടെ മനസ്സ് പറഞ്ഞു. പക്ഷേ, ലൂസി തന്നെ അത് വേണ്ടെന്ന് വച്ചിരിക്കുകയാണെന്നാണ് അവളുടെ ഡയറിയിലെ വാചകത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. പിന്നീടൊരിക്കൽ സ്റ്റെല്ല സിസ്റ്റർ പറഞ്ഞു, “തനിയ്ക്കും വീണിട്ടുണ്ട് ഒരു ഇരട്ടപേര് – ആലിലക്കുരുവി. ആലീസിന്റെ ശബ്ദം ആൽമരത്തിലിരിക്കുന്ന കുരുവിയുടെ പോലെയാണെന്ന്.”  

 

അവരുടെ സുഹൃത്തിന് ബോധം വരുകയും അസുഖമെല്ലാം മാറി ആശുപത്രി വിട്ടുപോകുകയും ചെയ്തതോടെ മോഹൻ ഓർമ്മയിൽ മാത്രമായി. എങ്കിലും ശാരദക്കുട്ടിയുടെ ഫോട്ടോ ഒരു മധുരനൊമ്പരമായി അവരുടെയിടയിൽ നിന്നു. ലൂസിയുടെ എഴുത്തുകളിൽ മോഹനെ പറ്റി പിന്നീടൊരിക്കലും പരാമർശിച്ച് കണ്ടിട്ടില്ല. 

 

ഇന്നിപ്പോൾ ഏതോ നിമിത്തം പോലെ ആ പഴയ സുന്ദരിക്കുട്ടിയുടെ ഫോട്ടോ കൈയിൽ പെട്ടിരിക്കുന്നു. അവളെ ഒന്ന് കാണാനും ആ ശബ്ദം കേൾക്കാനും ഒരാഗ്രഹം. അവളുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടുണ്ടാകാൻ വഴിയില്ല. കോടഞ്ചേരിയിലെ ഗ്രാമാന്തരീക്ഷത്തിൽ വളർത്തിയെടുത്ത ദേഹകാന്തിയല്ലേ, അതൊരിക്കലും നഷ്ടപ്പെടുകയില്ല. 

 

ആലീസ് തന്റെ മൊബൈലെടുത്ത് ശാരദക്കുട്ടിയെന്ന ലൂസിയുടെ ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. അന്വേഷിച്ച് കണ്ടെത്തുമ്പോൾ അവളെ ഒന്ന് അത്ഭുതപ്പെടുത്തണം.

 

പഴയ സുഹൃത്തുക്കളിൽ ഒരു കൊല്ലം സീനിയറായിരുന്ന മേരിക്കുട്ടിയുമായി ഇപ്പോഴും വാട്സാപ്പ് വഴി ബന്ധമുണ്ട്. അവൾ കോഴ്സ് കഴിഞ്ഞയുടനെ ജോലി കിട്ടി സൗദിയിലേയ്ക്ക് പോയി. പിന്നീട് അവൾ വഴിയാണ് ആലീസും സൗദിയിലെത്തിയതും വിവാഹത്തിന് ശേഷം മസ്ക്കറ്റിലേയ്ക്ക് വന്നതും. അതിനിടയിൽ ലൂസിയുമായുള്ള എഴുത്തുകുത്തുകൾ എവിടെയോ കൈമോശം വന്നുപോയി. ഇന്നിനി ലൂസിയെ കണ്ടുപിടിച്ചിട്ട് തന്നെ ഒരു കാര്യം!

 

അവൾ മേരിക്കുട്ടിയെ വിളിക്കാനായി മൊബൈൽ എടുത്തപ്പോഴാണ് അതിലൊരു കാൾ വന്നത്. റോസ് – അവരുടെ ക്ലാസ്സിലെ ഏറ്റവും നല്ല ഓർഗനൈസർ. എല്ലാ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നത് അവളാണ്.

 

“നമ്മുടെ നേഴ്സിംഗ് ക്ലാസ്മേറ്റ്സിന്റെ ഒരു ഗെറ്റുഗതർ ആഘോഷിക്കാനായുള്ള ശ്രമമാണ്. ഞങ്ങൾ നാട്ടിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ ലീവെടുത്ത് വരാൻ സാധിക്കും. നിന്നെ പോലുള്ള പ്രവാസികളെയല്ലെ കിട്ടാൻ പ്രയാസം.” റോസ് വിശദീകരിച്ചു.

 

“എനിയ്ക്ക് സമ്മതം. നിങ്ങൾ തിയതി നിശ്ചയിക്കു. ഞാൻ വരാം.” ആലീസിന്റെ മനസ്സിൽ ലൂസിയെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു. അവളുടെ ഫോട്ടോയെടുത്തു നോക്കിയത് ഒരു നിമിത്തം തന്നെ.

 

“പിന്നെ നിന്റെ അടുത്തെവിടെയോ അല്ലേ, ലൂസി. അവളേയും വിളിച്ച് ഒന്നിച്ച് തീരുമാനിക്ക്.”

 

“പക്ഷേ, എന്റെ കൈയിൽ അവളുടെ നമ്പർ ഇല്ലല്ലോ.”

 

“അതാ ഇപ്പോ നന്നായത്. ഏറ്റവും അടുത്ത കൂട്ടുകാരി തൊട്ടടുത്തുണ്ടായിട്ട് അറിയില്ല. ലൂസിയുടെ നമ്പർ ഞാൻ വാട്സാപ്പ് ചെയ്യാം.”

 

റോസ് ഫോൺ കട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലൂസിയുടെ നമ്പർ അവളുടെ മൊബൈലിൽ വന്നു. ആലീസ് അത് ‘ലൂസുപെണ്ണ്’ എന്ന് സേവ് ചെയ്തു. അവൾ ലൂസിയെ കളിയാക്കി പാടിയിരുന്നതാണ് ‘ലൂസുപെണ്ണേ, ലൂസുപെണ്ണേ, ലൂസിപെണ്ണേ’ എന്ന്.

 

ലൂസിയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായി അവൾ ശാരദക്കുട്ടിയുടെ ഫോട്ടോ അവൾക്ക് വാട്സാപ്പായി അയച്ചു. ആരാണയച്ചതെന്ന് അവൾ കണ്ടുപിടിക്കട്ടെ. ലൂസിയുടെ വാട്സാപ്പ് ഡിപിയിൽ അവളുടെ ഫോട്ടോ ഉണ്ടോയെന്ന് ആലീസ് നോക്കി. ഇല്ല, ഒമാനിലെ ഏതോ ഒരു സീനറിയാണ്. 

 

പത്ത് നിമിഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകണം. അവളുടെ ഫോൺ ശബ്ദിച്ചു. ആലീസ് മൊബൈൽ എടുത്തു. അതേ, അവൾ തന്നെ. അവളുടെ ഫോണിലെ ഡിപി മാറ്റിയിരിക്കുന്നു. താനയച്ചു കൊടുത്ത ഫോട്ടോ. ആലീസിന്റെ ഹൃദയമിടിപ്പ് കൂടി. എത്ര നാളുകൾക്ക് ശേഷമാണ് തന്റെ പ്രിയസ്നേഹിതയുടെ ശബ്ദം വീണ്ടും കേൾക്കാൻ പോകുന്നത്!

 

ആലീസ് ഫോൺ ഓണാക്കിയിട്ട് ഹലോ പറയുന്നതിന് പകരം പാടി, ‘ലൂസുപെണ്ണേ, ലൂസുപെണ്ണേ, ലൂസിപെണ്ണേ’.

 

ഒരു നിമിഷത്തെ നിശ്ശബ്ദത. താൻ ആരാണെന്ന് ആലോചിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. പിന്നീട് അങ്ങേതലയ്ക്കൽ നിന്നും ഒരാൺ ശബ്ദം.

 

“ആലിലക്കുരുവി, ശാരദക്കുട്ടി അടുക്കളയിലാണ്!”

 

Content Summary: Oru chithrakadha malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com