ADVERTISEMENT

കൂടണയും നേരം (കഥ) 

 

നീണ്ട ഒരു യാത്രയ്ക്ക് ശേഷം ക്ഷീണിച്ച് വീട്ടിലെത്തിയപ്പോൾ സന്ധ്യയോടടുത്തിരുന്നു. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറിയപ്പോഴാണ് സിറ്റൗട്ടിൽ തൂക്കിയിട്ടിരുന്ന ഓർക്കിഡിൽ പൂക്കൾ വിടർന്നിരിക്കുന്നത് കണ്ടത്. കഴിഞ്ഞാഴ്ച ഇവിടെ നിന്നു പോകുമ്പോൾ പൂമൊട്ടുകളായി വരുന്നതേയുള്ളായിരുന്നു. രോഹിണി ഓർത്തു. കുളിച്ചു ഫ്രഷായി ഒരു ഗ്ലാസ്സ് കാപ്പിയും എടുത്ത് മുകളിലെ തന്റെ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴും രോഹിണിയുടെ മുഖത്ത് വ്യസനം നിഴലിക്കുന്നുണ്ടായിരുന്നു. ഹൃദയത്തിന്റെ കോണുകളിൽ ചെറു നൊമ്പരം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യമായാണ് മകളെ വേർപിരിഞ്ഞു നിൽക്കുന്നത്. ഇപ്പോൾ ശരിക്കും ഒറ്റപ്പെട്ടപോലെ തോന്നുന്നു. പുറത്ത് ഇരുട്ടിലേക്ക് നോക്കുമ്പോൾ മനസ്സിൽ അന്ധകാരം വന്നു നിറയുന്നു. ഒരോ നിമിഷങ്ങളിലും വരാനിരിക്കുന്ന ഏകാന്ത സന്ധ്യകളെ ഓർത്ത് നിരാശപ്പെട്ടു.

 

കൊഴിഞ്ഞുവീണ റോസാപ്പൂക്കളുടെ ഇതളുകൾ ബാൽക്കണിയുടെ തറയിൽ അലസമായി വീണു കിടന്നിരുന്നു. ചട്ടിയിലുള്ള ബിഗോണിയായുടെ ചില ഇതളുകൾ വാടിയും മറ്റു ചിലതു കൊഴിഞ്ഞു വീണുകിടക്കുന്നു. നാലു ദിവസം മാറി നിന്നതു കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ്. അമ്മയെ നോക്കാൻ ഒരു സ്ത്രീയും അടുക്കളപ്പണികൾക്കായി മറ്റൊരു സ്ത്രീയും ഉളളതാണ്. അവർക്കൊന്നും ഈ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല. നീണ്ട യാത്ര പോലെ ജീവിതം അകന്നകന്നു പോകുന്നതായി തോന്നുന്നു. ചുറ്റിനും ഉറങ്ങി കിടക്കുന്ന ഏകാന്തത, മുമ്പെങ്ങും തോന്നാത്ത അകൽച്ച. ഒരു പക്ഷെ കാവ്യ എന്നോടൊപ്പം ഇല്ലാത്ത നിമിഷങ്ങൾ എന്നിലെ ഏകാന്തതയ്ക്ക് കനം വർദ്ധിക്കും. കാവ്യ മെഡിസിന് പഠിക്കാനായി ബാഗ്ലൂരിലേക്ക് പോകുമെന്ന് അറിയുമ്പോഴും, അതിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോഴുമൊന്നും രോഹിണിക്ക് ഇങ്ങനെ തോന്നിയിട്ടില്ല. പക്ഷെ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടപ്പോൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 

 

ഭർത്താവ് ജയകൃഷ്ണനുമായി അകന്നതിൽ പിന്നെ രോഹിണിക്ക് എല്ലാറ്റിനുമൊരു കൂട്ട് മകൾ കാവ്യയായിരുന്നു. ഏകാന്ത സന്ധ്യകളിൽ ഒരു നുള്ളു വെളിച്ചം നൽകിയായിരുന്നു  അവൾ രോഹിണിയുടെ ജീവിതത്തിലേക്ക് വന്നത്. അവളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി രോഹിണി ഓർത്തിട്ടുപോലുമില്ല. ഭർത്താവുമായി മനസ്സുകൊണ്ട് അകന്നെങ്കിലും നിയമപരമായി ബന്ധം വേർപിരിഞ്ഞില്ലായിരുന്നു. അഭിഭാഷകരായിരുന്ന ഇരുവരും അതിന് തുനിഞ്ഞില്ല എന്നു പറയുന്നതാവും ശരി. ഒന്നാകാനായ് വെമ്പുന്ന മനസ്സ് അവർക്കിടയിലുണ്ടായിരുന്നു. ഇടയ്ക്കെപ്പഴോ അവരത് ആഗ്രഹിക്കുകയും ചെയ്യുമായിരുന്നു. പലരും വിവാഹാഭ്യർത്ഥനയുമായി വന്നപ്പോഴും അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയത് മകളെ ഓർത്തുകൊണ്ടു മാത്രമായിരുന്നു. ചെറുപ്പത്തിന്റെ പോലെയുള്ള പ്രസരിപ്പ് ഇക്കാലമത്രയും ആ സ്ത്രീയിൽ നിറഞ്ഞു നിന്നിരുന്നു. ആരു കണ്ടാലും ത്രസ്സിപ്പിക്കുന്ന സൗന്ദര്യം. ഒരു സ്ത്രീയുടെ വികാരങ്ങളെല്ലാം ഉള്ളിലൊതുക്കി ഇത്രയും കാലം ജീവിച്ചത് കാവ്യയ്ക്കു വേണ്ടിയായിരുന്നു. 

 

പുറത്ത് ഇരുട്ടു വന്നു മൂടിയിരുന്നു. കാർ പോർച്ചിന്റെ സൈഡിൽ തൂങ്ങി നിൽക്കുന്ന ഇലച്ചെടികളെല്ലാം ആലസ്യത്തിലായി. ഈ വീട്ടിലൊരു മൂകതയാണ് പലപ്പോഴും. കാവ്യ പോയതിൽ പിന്നതു കൂടി വരുന്നു.

"മോളെ... കാവ്യയെ കൊണ്ടു വിട്ടോ... അവൾ എന്തു പറയുന്നു. ഒരിക്കൽ പോലും വീടിനു പുറത്തുപോയി താമസിക്കാത്ത കുട്ടിയാ... അവൾക്ക് അവിടമൊക്കെ ഇഷ്ടമാകുമോ എന്തോ..." 

റിട്ട്. ഹെഡ് മിസ്സ്സസായ സരസ്വതി ടീച്ചർ ഇപ്പോൾ തീർത്തും കിടപ്പിലാണ്. കാവ്യ ഉണ്ടായിരുന്നപ്പോൾ അവളുടെ കൈ പിടിച്ച് ഏറെനേരം വീട്ടിലും മുറ്റത്തും  നടക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു. ആരെലും ഒരാൾ എപ്പോഴും വേണം മരുന്നുകൾ എടുത്തു കൊടുക്കാനും മറ്റും. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ ഒരിടത്തും പോകാറില്ല. വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിൽ തൊഴാനും മറ്റും പോകുന്നതൊഴിച്ചാൽ വീട്ടിൽ തന്നെയായിരിക്കും. 

“കാവ്യയെ വിളിച്ചായിരുന്നോ... രോഹിണി..?” അപ്പുറത്തെ മുറിയിൽ നിന്നും അമ്മ ചോദിച്ചു. 

"രോഹിണി…, കാവ്യ ഇനി വിളിച്ചാൽ എനിക്കൊന്നു സംസാരിക്കണം. അവളു പോയതിൽ പിന്നെ മനസ്സിനാകെ ഒരു തളർച്ച പോലെ... കുസൃതി കാണിച്ച് വീടു മുഴുവനും നിറഞ്ഞു നിന്ന പെണ്ണാ."

 

അമ്മ ഇടയ്ക്കിടക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അമ്മയ്ക്കെന്നും ഒരുപാട് സ്നേഹം നിറഞ്ഞ ചെറുമകളായിരുന്നു കാവ്യ. രാത്രി ഏറെയായിട്ടും രോഹിണിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഏറെ മോഹിച്ച് കാവ്യയ്ക്ക് മെഡിസിന് അഡ്മിഷൻ ബാംഗ്ലൂരിൽ കിട്ടിയപ്പോൾ പൂർണ്ണ സംതൃപ്‌തയായിരുന്നു. അവളുടെ അധ്വാനത്തിന്റെ ഫലം കിട്ടിയതിന്റെ സന്തോഷം ആ വീട്ടിൽ നിറഞ്ഞുനിന്നിരുന്നു. എങ്കിലും ജീവിതം ഒറ്റപ്പെട്ടു പോകുമ്പോൾ ഏതൊരു മനുഷ്യരിലും ഉണ്ടാകുന്ന മാനസിക വ്യഥ രോഹിണിയുടെ ഹൃദയത്തിൽ മൂടി നിന്നു. ഈ മാനസിക വ്യഥ ഇനിയുള്ള ജീവിതത്തിൽ എത്ര നാൾ അല്ലെങ്കിൽ എന്നും നീണ്ടു നിൽക്കുമല്ലോ, എന്നെല്ലാം ഓർത്ത് രോഹിണി അതീവ ദുഃഖിതയായി… പുറത്ത് ഇരുട്ട് വീർത്തു വരുന്നു. വീടിനുള്ളിൽ ഒരിക്കൽ പോലുമില്ലാത്ത നിശ്ശബ്ദത. ഈ നിശ്ശബ്ദത പുറത്ത് അന്ധകാരത്തെ തന്നെ വർദ്ധിപ്പിക്കുന്നു. ഒട്ടും തന്നെ നിലാവില്ലാത്ത ആ രാത്രിയിൽ പുറത്തേക്ക്‌ നോക്കി പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു.

 

പഠിച്ചിരുന്ന കാലത്ത് ജയകൃഷ്ണനുമായുള്ള പ്രണയ വിവാഹമായിരുന്നു രോഹിണിയുടേത് സമ്പന്ന കുടുംബത്തിൽപ്പെട്ട ഇരുവർക്കും പ്രണയിക്കുന്നതിലും വിവാഹം കഴിക്കുന്നതിലുമൊന്നും ഒരു തടസവുമില്ലായിരുന്നു. എൽ. എൽ. ബിയ്ക്ക് പഠിക്കുന്ന കാലം. നിയമ പഠനത്തിന്റെയും കോളജ് യൂണിയൻ സമരങ്ങളുടെയും കാലം. എൽ. എൽ. ബി ക്ലാസുകൾ തുടങ്ങി കുറെ ദിവസങ്ങൾ കഴിഞ്ഞായിരുന്നു ജയകൃഷ്ണനെ ആദ്യമായി കാണുന്നത്. സൗഹൃദത്തിൽ തുടങ്ങിയ ഞങ്ങളുടെ ബന്ധം പതിയെപ്പതിയെ ദൃഢമായ മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. രോഹിണി ആദ്യമായാണ് ഒരാളെ പ്രണയിക്കുന്നത്. സ്കൂളിലും കോളജിലുമൊക്കെ പഠിച്ചിരുന്നപ്പോൾ പലരും പ്രണയാഭ്യർത്ഥനയുമായി വന്നിരുന്നെങ്കിലും കർക്കശമായ വീട്ടിലെ സാഹചര്യം ഒരു പ്രണയത്തെപ്പറ്റി ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. കൗമാരത്തിന്റെ തീവ്രതയിൽ തോന്നാത്ത പ്രണയം രോഹിണിക്ക് ഇപ്പോൾ തോന്നിയിരിക്കുന്നു. പക്വത വന്നപ്പോൾ രോഹിണിക്ക് കൂടുതൽ ധൈര്യം കിട്ടിയതുപോലെ. കൗമാരത്തിലെ പ്രണയം പലപ്പോഴും ആർത്തലച്ചൊഴുകുന്ന പുഴയെ പോലെ അതിദ്രുതം എങ്ങോ പോയി ചേരും. ഒരു നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ഒഴുക്ക്. ഒരു പക്ഷെ ആ ഒഴുക്കിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരിക്കാം. തരളിതമായ സ്വപ്നങ്ങളെല്ലാം പ്രണയത്തിനും പ്രണയിനിക്കായും അവൾ മാറ്റി വെച്ചു. അങ്ങനെ കോളജ് ക്യാമ്പസിലും കോഫി ഷോപ്പുകളിലും പ്രണയം മൊട്ടിട്ടു. സുഗന്ധ വാഹിനിയായ തെന്നൽ പോലെ അവരുടെ പ്രണയം ക്യാമ്പസിലെ മരങ്ങൾക്കിടയിലൂടെ ഒഴുകി നടന്നു.

 

"രോഹിണി, ഇന്നു കോളജിൽ സമരമാ, ക്ലാസില്ല. നമ്മുക്കൊരു സിനിമയ്ക്ക് പോയാലോ..?" സമരമാണന്നറിഞ്ഞ് ബാഗുമായി വീട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് ജയേട്ടൻ ചോദിച്ചത്. 

"വേണ്ട ജയേട്ടാ, ആരെങ്കിലും കണ്ടാൽ... എനിക്ക് പേടിയാ..."

 

സ്കൂൾ ടീച്ചർമ്മാരായ അച്ഛന്റെയും അമ്മയുടെയും ശിക്ഷണത്തിൽ വളർന്ന രോഹിണിക്ക് ഇങ്ങനൊക്കെയുള്ള കാര്യങ്ങളിൽ വല്യ പേടിയായിരുന്നു. പല ഒഴിവുകൾ പറഞ്ഞെങ്കിലും, അവസാനം ജയകൃഷ്ണന്റെ നിർബ്ബന്ധത്തിനു വഴങ്ങി ആദ്യമായി അന്നു ഞങ്ങൾ സിനിമയ്ക്ക് പോയി. അതുവരെ കോളേജു ക്യാമ്പസിലും കോഫി ഷോപ്പിലുമായി ഒതുങ്ങിനിന്ന ഞങ്ങളുടെ പ്രണയം, കോളേജു ക്യാമ്പസ് വിട്ട് പുറത്തേക്ക് ആയി… അങ്ങനെ ഞങ്ങളുടെ മനതാരിൽ പ്രണയ മുന്തിരികൾ തളിർത്തു. അതിലെ മധുര ഫലങ്ങൾ ഞങ്ങൾ ആസ്വാദിച്ചു തുടങ്ങി. പ്രണയത്തിന്റെ ലഹരിയിൽ മുങ്ങിപ്പോയ രാവുകൾ. പരസ്പരം സംസാരിച്ചും കത്തുകളെഴുതിയും രാവുകളെ നിദ്രാവിഹീനങ്ങളാക്കി. ഒരോ നിമിഷങ്ങളിലും പ്രണയാർദ്രമായ ചിന്തകൾ മനസ്സിന്റെ ഉളളകങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പക്വതയില്ലാത്ത എന്റെ മനസ്സിന്റെ വികാരങ്ങൾ പൊട്ടിയ പട്ടംപ്പോലെ പലപ്പോഴും പറന്നു നടന്നു. അങ്ങനെ പകൽക്കിനാവുകൾ നിയന്ത്രണങ്ങളില്ലാതെ ശൂന്യതയിൽ ഒഴുകി. ഇപ്പം ചിന്തിക്കുമ്പോൾ തോന്നും ബുദ്ധിശൂന്യമായ എന്റെ മനസ്സിന്റെ ഒരോ വിഡ്ഢിത്തങ്ങൾ. തിരുത്താനാകാത്ത വിഡ്ഢിത്തങ്ങൾ. സ്ഥായിയായി നിൽക്കാത്ത ആകാശത്തിലെ മേഘങ്ങളുടെ രൂപം പോലെ, പലപ്പോഴും എന്റെ മനസ്സിലെ പ്രണയ ചിന്തകൾ മാറിക്കൊണ്ടിരുന്നു.

 

ആയിടയ്ക്കാണ് അമ്മാവൻ മാധവൻകുട്ടിമാമന്റെ മകനുമായുള്ള ആലോചന വന്നത്.  ബന്ധം കൊണ്ട് എന്റെ മുറച്ചെറുക്കനായിരുന്നു ഗിരിയേട്ടൻ. യു. എസ്സിൽ എഞ്ചിനീയറായ ഗിരിയേട്ടൻ അവധിക്ക് വീട്ടിൽ വരുമ്പോഴൊക്കെ എന്നോട് സംസാരിക്കാൻ തിടുക്കം കൂട്ടും. അപ്പോഴൊന്നും ഗിരിയേട്ടന്റെ മനസ്സിൽ ഇങ്ങനെയൊരാഗ്രഹം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. വീട്ടുകാർക്കെല്ലാം ആ ബന്ധത്തോട് വളരെ താല്പര്യപൂർവമായ സമീപനമായിരുന്നു. ഒരു പക്ഷെ ജയകൃഷ്ണനുമായി അടുത്തിരുന്നില്ലെങ്കിൽ ഗിരിയേട്ടനുമായുള്ള ഈ ബന്ധത്തിന് സമ്മതിക്കുമായിരുന്നു. രോഹിണി ഇതിൽ നിന്ന് ഒഴിഞ്ഞു മാറുമ്പോഴൊക്കെ അമ്മ പല ഘട്ടത്തിലും നിർബന്ധിച്ചുക്കൊണ്ടിരിക്കും.  

 

“രോഹിണി, നിനക്കു കിട്ടാവുന്നതിലും ഏറ്റവും അനുയോജ്യമായ ബന്ധമാണിത്. നിന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ളതാ ഗിരി. നിന്നെ ഒരുപാട് ഇഷ്ടമാണ്.”അമ്മ ചില നേരങ്ങളിൽ പറയും. എക്സാമിന്റെ അവധി കാരണം കുറേ ദിവസങ്ങളായി കോളേജിൽ പോകുന്നില്ലായിരുന്നു. ജയകൃഷ്ണനോട് ഈ കാര്യം എങ്ങനെ അവതരിപ്പിക്കും. രോഹിണിക്ക്  തിടുക്കമായി. ഒരിക്കൽ കോളേജിൽ വന്നപ്പോൾ ജയകൃഷ്ണനോട് പറഞ്ഞു.

"ജയേട്ടാ… എനിക്ക് പല കല്യാണാലോചനകളും വീട്ടിൽ നടക്കുന്നുണ്ട്, അച്ഛനും അമ്മയും നിർബന്ധിക്കുന്നു. എത്രയും വേഗം നമ്മുടെ കാര്യത്തിനൊരു തീരുമാനം പറയണം."

 

പലപ്പോഴും ഈ കാര്യം പറയുമ്പോൾ ജയകൃഷ്ണൻ ഒഴിഞ്ഞു മാറുമായിരുന്നു. സ്വന്തമായി പ്രാക്ടീസ് തുടങ്ങട്ടെ, ഒരു വരുമാനമാകട്ടെ എന്നുമൊക്കെ.

"ഇന്നെന്തെങ്കിലുമൊരു തീരുമാനം പറയണം.” രോഹിണി വീണ്ടും പറഞ്ഞു.

“ജയേട്ടൻ എന്റെ വീട്ടിൽ വന്ന് അച്ഛനെ കണ്ടു സംസാരിക്കണം. അല്ലെങ്കിൽ മറ്റൊരാളുടെ മുമ്പിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടി വരും." രോഹിണി അതു പറയുമ്പോൾ കണ്ണുകളിൽ നിന്നു നീർതുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു. സ്കൂൾ ടീച്ചർമ്മാരായ അച്ഛനും അമ്മയും ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. എന്നാലും ജയകൃഷ്ണനെ വിട്ടു പിരിയാൻ എനിക്കാകുമായിരുന്നില്ല. എന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങളുടെ വിവാഹം നടന്നു. 

 

ഒരുപാട് സന്തോഷിച്ച ദിനങ്ങളായിരുന്നു അതൊക്കെ. എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തോന്നിയ നാളുകൾ. ആത്മവിശ്വാസം കൂടി വന്നു. മനസ്സുകൊണ്ട് ഇണങ്ങിയ ആളോടൊപ്പം ജീവിക്കുക എന്നത് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. മനസ്സിൽ ഇഷ്ടം തോന്നിയ ആളിനോടൊപ്പം, അവളുടെ വികാരങ്ങളും പ്രണയ ചിന്തകളും പങ്കുവെയ്ക്കുക എന്നത്. എത്ര നാളുകളായി കൊതിച്ച നിമിഷങ്ങൾ. അങ്ങനെ അവരുടെ വക്കീൽ ജീവിതം തുടങ്ങി. മകൾ കാവ്യയുടെ വരവോട് കൂടി അവരുടെ ജീവിതത്തിൽ സന്തോഷം അധികമായി. എന്നാൽ ആ സന്തോഷം അധികനാൾ അവർക്കിടയിൽ നീണ്ടുനിന്നില്ല. തന്റെ പ്രഫഷനിൽ കൂടതൽ ശ്രദ്ധിച്ച ജയകൃഷ്ണൻ പലരുമായും അടുത്തിടപെഴകി.

ചില കേസുകളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ പലപ്പോഴും ജയകൃഷ്ണനെ കാണാൻ വരുമായിരുന്നു. മാദകത്വം നിറഞ്ഞ ശരീരം, ഏകദേശം മുപ്പതു വയസു തോന്നിക്കുന്ന സ്ത്രീ. ജയകൃഷ്ണൻ പലപ്പോഴും ആ സ്ത്രീയോട് അമിതമായ സ്വാതന്ത്ര്യം കാണിക്കുന്നതായി രോഹിണിക്ക് തോന്നി. ആ സ്വാതന്ത്യം അവരെ രഹസ്യമായ ചില ബന്ധങ്ങളിലേക്ക് നയിച്ചു. അവരൊന്നിച്ചുള്ള ചില സംഗമങ്ങൾ, യാത്രകൾ, പലരും പറഞ്ഞ് രോഹിണി അറിഞ്ഞിരുന്നു. പതിയെ ജയകൃഷ്ണൻ മറ്റൊരു മനുഷ്യനായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രോഹിണിയുടെ ജീവിതത്തിൽ നിന്നകന്നു തുടങ്ങി.

 

പലപ്പോഴും അവരുടെ ജീവിതത്തിൽ സ്വരച്ചേർച്ച ഇല്ലാതെയായി. പ്രെഫഷണലിസത്തിന്റെ ഈഗോകൾ അവരിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. സ്വരച്ചേർച്ചകൾ പലതും വഴക്കിൽ കലാശിച്ചു. ചെറിയ ചെറിയ പിണക്കങ്ങൾ ആ രണ്ടു ജീവിതങ്ങൾ അകറ്റി. പിന്നീട് എത്രയോ വർഷങ്ങൾ കടന്നുപോയി. രോഹിണിയുടെ ഏറ്റവും വലിയ ശക്തിയായ അച്ഛൻ അതിനിടയിൽ എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു.

 

വിവാഹ സമയത്ത് അച്ഛനും അമ്മയും എത്രയോ വട്ടം എന്നെ പിന്തിരിപ്പിക്കാൻ  നോക്കിയിരുന്നു. അപ്പോഴെല്ലാം പ്രണയത്തിന്റെ ചാപല്യത്തിൽ, ഹൃദയം ഏതോ സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരിക്കലും ഉയർന്നു വരാത്തപോലെ അകപ്പെട്ടുപോയിരുന്നു. ആ ഇഷ്ടങ്ങളിലും സൗന്ദര്യത്തിലും മയങ്ങിപോയിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്നോടു തന്നെ വെറുപ്പ് തോന്നുന്നു. ഇളകി തെറിച്ച മനസ്സിന്റെ തെറ്റായ തീരുമാനം. കുടുംബജീവിതത്തിൽ ഒരിക്കൽ തെറ്റുകൾ സംഭവിച്ചാൽ തിരിച്ചു പോക്കുകൾ അസാധ്യമാകും. ഒരു പക്ഷെ ജീവിതം എന്നന്നേക്കും കൈവിട്ടു പോകാം.

രോഹിണിയുടെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ ഓർത്ത് അമ്മ പലപ്പോഴും സങ്കടപ്പെടുന്നതു കാണാം. രോഹിണിയെ അരികിലിരുത്തി ഒരിക്കൽ അമ്മ പറഞ്ഞു. 

 

cicil-kudilil
സിസിൽ മാത്യു കുടിലിൽ

"മോളെ, ഞാനെത്രയോ കുട്ടികളെ പഠിപ്പിച്ച് അവരുടെ ജീവിതം കണ്ടതാണ്. ഒരോത്തരുടെയും ജീവിതത്തിലുണ്ടാകുന്ന ഉയർച്ചയും താഴ്ചയും. ജയകൃഷ്ണന് എന്തായിരുന്നു ഒരു കുറവ്, ആരോഗ്യവും സൗന്ദര്യവുമെല്ലാം ആവോളം, എന്നിട്ടും എന്തുപറ്റി നിന്റെ ജീവിതത്തിൽ; നിനക്കുമില്ലേ ആഗ്രഹങ്ങൾ…, ഒരാൺതുണ നീയും ആഗ്രഹിക്കുന്നില്ലേ...? നിങ്ങൾ ഒന്നിക്കണം, ഇനിയും സമയമുണ്ട്." 

 

അമ്മയുടെ വാക്കുകൾ രോഹിണിയുടെ മനസ്സിൽ ദുഃഖത്തിന്റെ കണങ്ങൾ പരത്തി. അമ്മയുടെ കൈകളിൽ ചേർത്തുപിടിച്ച് ആവോളം കരഞ്ഞു. ആ രാത്രിയിൽ ഉറങ്ങാതെ വീടിന്റെ ബാൽക്കണിയിൽ പോയി ഇരുന്നു. കൂടുതൽ സങ്കടം വരുമ്പോൾ രോഹിണി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരിക്കും. പുറത്ത് നല്ല നിലാവുള്ള രാത്രി. പക്ഷെ രോഹിണിയുടെ മനസ്സ് കാർമേഘങ്ങളാൽ മൂടി വിഷാദ ഭാവമായിരുന്നു. ഇവിടിരിക്കുമ്പോഴാണ് രോഹിണിക്ക് അല്പം ആശ്വാസം കിട്ടുന്നത്. ചിലപ്പോൾ രാത്രി വൈകി ഇവിടിരുന്ന് ഉറങ്ങി പോകും. ഒരു സ്ത്രീയുടെ വികാരങ്ങൾക്കപ്പുറം ഒരു സമൂഹത്തിന്റ മുമ്പിൽ എല്ലാ സാഹചര്യങ്ങളോടും പൊരുതി ജീവിച്ചവളായിരുന്നു രോഹിണി. അതിനുള്ള മനകരുത്തും നേടിയിരുന്നു. എങ്കിലും ചില നേരങ്ങളിൽ ഹൃദയം തകർന്നു പോകുന്നതായി തോന്നും. തന്നിൽ നിന്നകന്നെങ്കിലും മകളെ പിരിയാൻ ഒരിക്കലും ജയകൃഷ്ണൻ ആഗ്രഹിച്ചിരുന്നില്ല. അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ ആവോളം അനുഭവിച്ചായിരുന്നു കാവ്യ വളർന്നത്. പക്ഷെ രോഹിണിയിലെ സ്ത്രീ ഹൃദയം സ്നേഹത്തിനായി പലപ്പോഴും കൊതിക്കുമായിരുന്നു. 

 

കാലങ്ങൾ ഏറെ കഴിഞ്ഞെങ്കിലും മറക്കാൻ ശ്രമിക്കുന്ന പലതും ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ മനസ്സിന്റെ വാതായനങ്ങളിൽ ഇടയ്ക്കിടയ്ക്ക് മുട്ടി വിളിക്കും. പിന്നെ ചിന്തകളുടെ ഉള്ളകങ്ങൾ കയറി ഇറങ്ങും. ആ ചിന്തകൾ രോഹിണിയെ ദുഃഖത്തിന്റെ കാണാകയങ്ങളിലേക്ക് ആഴ്ത്തുന്നതായിരുന്നു. അതിൽ നിന്നൊരു മോചനം പലപ്പോഴും അവൾ ആഗ്രഹിച്ചിരുന്നു. പലതും ചിന്തിച്ച് ഉറങ്ങിപ്പോയ അതികാലാത്തായിരുന്നു അപ്രതീക്ഷിതമായ ആ ഫോൺ കോൾ വന്നത്. ഉറക്ക ക്ഷീണത്തോടുകൂടി ആ കോൾ എടുത്ത രോഹിണി ദുഃഖിപ്പിക്കുന്നൊരു വാർത്തയായിരുന്നു കേട്ടത്. മെഡിക്കൽ കോളജീന്ന് ആന്വൽ ട്രിപ്പിന് പോയ കാവ്യ യാത്ര ചെയ്ത ബസ് മറിഞ്ഞു എന്ന വാർത്ത. പലർക്കും പരിക്കുകളുണ്ടെന്ന് വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്. 

 

രോഹിണി ഏറെ വേദനയോടെ യാത്ര തിരിച്ചു. ആ യാത്രയിൽ അവളുടെ മനസ്സിൽ പല ചിന്തകളും മാറി മറഞ്ഞു. കുടുംബ ജീവിതത്തിൽ ഒരോ പ്രതിസന്ധി വരുമ്പോഴും അതിനെയെല്ലാം അതിജീവിച്ചായിരുന്നു രോഹിണി ഇത്രയും കാലം. പക്ഷെ ചിലതൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആശ്വാസവാക്കുകൾ പറയാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിക്കും. ഇല്ല എന്ന സത്യം മനസ്സിലാക്കി തന്നെ. എങ്കിലും സ്വയമേ അവൾ ആശ്വാസം കണ്ടെത്തും. 

 

ഹോസ്പിറ്റലിന്റെ മുറിയിൽ ചെറിയ പരുക്കുകളോടെ കാവ്യ സുഖമായിരിക്കുന്നുന്ന് അറിഞ്ഞപ്പോഴാണ് രോഹിണിക്ക്  അല്പം ആശ്വാസമായത്. യാത്രയുടെ ക്ഷീണത്തിൽ ഹോസ്പിറ്റലിന്റെ മുറിയുടെ കസേരയിൽ ഇരുന്ന് മയങ്ങി പോയ രോഹിണി, ഉണർന്നപ്പോൾ കണ്ടത് മകളോട് സംസാരിക്കുന്ന അച്ഛനെയാണ്. വർഷങ്ങൾക്കു ശേഷമുള്ള കാഴ്ച. ജയകൃഷ്ണൻ ഏറെ മാറിയതുപോലെ. മകളുടെ അരികിൽ ഏറെ നേരം ജയകൃഷ്ണൻ ഇരുന്നു. ഈയൊരവസ്ഥയിൽ ഒരച്ഛന്റെ സാമിപ്യം മകൾക്ക് എന്നും ഒരു കരുത്തായിരിക്കും.  അവളത് ആഗ്രഹിക്കുകയും ചെയ്തിരുന്നു. രോഹിണി ഓർത്തു.

 

കസേരയിൽ നിന്നെഴുന്നേറ്റ് അല്പം നടന്നു ഹോസ്പിറ്റലിലെ മുറിയുടെ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി രോഹിണി അല്പനേരം ചിന്തിച്ചു നിന്നു. നൂറുകണക്കിന് പക്ഷികൾക്ക് കൂടും, തണലുമൊരുക്കി വലിയ വൃക്ഷം ഹോസ്പ്പിറ്റലിന്റെ മുറ്റത്ത് പന്തലിച്ചു നിൽക്കുന്നു. വലിയ മരത്തിന് താഴെയായി കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. അവരുടേതായ തിരക്കിൽ പലരും ധൃതിയിൽ നടന്നു പോകുന്നു. ചുമലിൽ ആരോ തട്ടി വിളിക്കുന്നതു പോലെ തോന്നിയാണ് ഏറെ നേരം ചിന്തകളുടെ ലോകത്തു  നിന്നും രോഹിണി പുറകിലേക്ക് നോക്കിയത്. അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്തോ പറയാൻ ഭാവിക്കും പോലെ ജയകൃഷ്ണൻ മുന്നിലായി നിൽക്കുന്നു. വർഷങ്ങൾക്കു ശേഷമുള്ള ആ സമാഗമം. ഇരുവരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പരസ്പരം എന്തു പറഞ്ഞു തുടങ്ങണം. രോഹിണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തമ്മിൽ തമ്മിൽ ഉരിയാടാതെ അവർ മിഴികളിൽ തന്നെ നോക്കി നിന്നു.

“രോഹിണി....” 

നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ജയകൃഷ്ണൻ വിളിച്ചു. അകന്നിരുന്നപ്പോൾ പോലും അങ്ങനൊരു വിളി കേൾക്കാൻ അവൾ എത്ര നാൾ കൊതിച്ചിരുന്നു. 

"രോഹിണി… കഴിഞ്ഞ ദിവസമാണ് ഞാൻ അറിയുന്നത്. അറിഞ്ഞപ്പോൾ തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നു. കാവ്യ സുഖമായിരിക്കുന്നതു കണ്ടപ്പോഴാണ് ആശ്വാസമായത്." അല്പനേരം ഇരുവരും മൗനത്തിലായി. വീണ്ടും ജയകൃഷ്ണൻ തുടർന്നു. 

 

"രോഹിണിയോട് പല തെറ്റുകളും ഞാൻ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു പലതും. പലപ്പോഴും തെറ്റുകളിലൂടെ ഞാൻ സഞ്ചരിച്ചു. അതിൽ ആനന്ദം കണ്ടെത്തി. ഇതിൽ നിന്നെല്ലാം തിരികെ വരണമെന്നുണ്ടായിരുന്നു. ഒന്നിനും കഴിഞ്ഞില്ല. വീണ്ടും നമ്മൾ തമ്മിൽ ഒന്നാകണമെന്ന് ഇടയ്ക്കൊക്കെ മനസ്സു പറയും, അപ്പോഴൊക്കെ മനസ്സു തുറന്നും സംസാരിക്കാൻ, ഒന്നു കാണാൻ ഒത്തിരി മോഹിക്കും."

 

സംസാരത്തിനിടയിൽ പലപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു. ജയകൃഷ്ണന്റെ ആ വാക്കുകൾ ക്ഷമാപണം പോലെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നു വരുന്നതായിരുന്നു എന്ന് രോഹിണിക്ക് അറിയാമായിരുന്നു. 

“രോഹിണി... എന്തുകൊണ്ട് വീണ്ടും നമുക്ക് ഒന്നായി കൂടാ…”

ഹൃദയത്തിന്റെ ആഴത്തിൽ പ്രതിധ്വനിച്ച ആ വാക്കുകളിൽ രോഹിണിക്ക് പിടിച്ചു നിൽക്കാനായില്ല. കരഞ്ഞുകൊണ്ട് ജയകൃഷ്ണന്റെ നെഞ്ചോട് ചേർന്നു നിന്നു. ഒന്നും സംസാരിക്കാൻ പോലും കഴിയാതെ ഏറെ കരഞ്ഞു. ഒരിക്കൽ ഒന്നാകാൻ ഏറെ മോഹിച്ചവർ, പ്രണയത്തിന്റെ ചുഴിയിൽ വീണവർ. വിവാഹത്തിലൂടെ ഒന്നിച്ചു. എങ്കിലും വിധിയുടെ ക്രൂരത അവരെ തമ്മിലകറ്റി. ജീവിതത്തിന്റെ നല്ലൊരു ഭാഗം അകന്നു കഴിഞ്ഞവരായിരുന്നു.

ഇതെല്ലാം കണ്ടുകൊണ്ട് കാവ്യ ഹോസ്പിറ്റൽ മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നു. ഓർമ്മവെച്ച നാളുകൾ മുതൽ അകന്നു കഴിഞ്ഞവരായിരുന്നു അവർ. അച്ഛനും അമ്മയും ഒന്നിക്കാൻ ചെറുപ്പത്തിൽ എത്രയോ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. ഒരിക്കലും സാധിക്കില്ലെന്ന് മനസ്സിലായത് കൊണ്ടാവാം പിന്നീടൊന്നും അത്തരത്തിലൊന്നും തോന്നിയിട്ടില്ല. പലപ്പോഴും അച്ഛനടുത്തു വരുമ്പോഴൊക്കെ കാവ്യ ഇതിനെപ്പറ്റി ചോദിക്കുമായിരുന്നു. പക്ഷെ മറുപടികൾ മൗനത്തിലവസാനിക്കും. ആ മൗനം അവളെ ദുഖത്തിന്റെ അനന്തതയിലേക്ക് കൊണ്ടു പോകും. ഇവർ വേർപിരിയാനുള്ള അജ്ഞാതമായ ആ കാരണത്തെപ്പറ്റി ചിന്തിക്കും. ഒരു പക്ഷെ അവരുടെ കുടുംബ ജീവിതത്തിലെ മോശപ്പെട്ട സമയമായിരിക്കാം. 

ജാലകവാതിലിനരികിൽ അവരുടെ സംഭാഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴും ഇതെല്ലാം കണ്ടുകൊണ്ട് ബെഡിൽ കിടന്ന് കാവ്യയുടെ കണ്ണുകളിൽനിന്ന് ആനന്ദാശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com