ADVERTISEMENT

തികച്ചും, സാങ്കൽപിക ലോകത്തിൽ കൂടിയാണ് ഞാൻ കടന്ന് പോകുന്നതെന്ന ചിന്ത എന്നിൽ എപ്പോഴോ കടന്നു കൂടിയിരിക്കുന്നതായി ഞാൻ അറിയുന്നു. ഞാനെന്ന എഴുത്തുകാരിയെ പാടെ മറന്നുകൊണ്ട്, അടുത്ത സുഹൃത്ത് എന്നെ കളിയാക്കി വിളിച്ചതു മുതൽ ഞാൻ മറ്റൊരു ലോകത്ത് എത്തിയപോലെ എനിക്ക് തോന്നി.... അവളെന്തിനാണ് എന്നെ പരസ്യമായി അത്തരത്തിൽ പേരിട്ട് വിളിച്ചത് ? അവളെ തിരിച്ചൊരു പേരിട്ട് വിളിച്ചാലോ എന്ന് വരെ കരുതി പോയ നിമിഷത്തിൽ എന്നിലെ എഴുത്തുകാരിയുണർന്നു..

 

‘‘വേണ്ട, വേണ്ട പേനയല്ലേ കൈകളിൽ

പിന്നെ ഞാനാരെ പേടിക്കണം’’

എന്നതായിരുന്നു എന്റെ ചിന്ത...

പേനയെടക്കുമ്പോൾ മാത്രം പേടി കൊണ്ട് ശത്രുക്കൾ മിത്രങ്ങളായ് എന്നിൽ കടന്നു കൂടാറുണ്ട്...

 

വിവാദങ്ങൾ സൃഷ്ടിച്ച എന്റെ പുതിയ നോവലിനെ വിമർശിച്ചവരിൽ ഒരുവൻ അത്തരത്തിലൂടെ എന്നിലേക്ക് പ്രവേശിച്ചവനായിരുന്നു....

 

സാഹിത്യത്തിൽ സഹനമുള്ളവർ കുറവെന്ന കണക്കെ, പുതുതായി പരിചയം സൃഷ്ടിച്ച ആ യുവാവിനെ ഞാനിനി എന്റെ ഓർമയിലെ മറവില്‍ നിന്ന് വെളിയിൽ കൊണ്ട് വരാം...അന്ന് എറണാകുളത്തെ സാഹിത്യവേദിയിൽ വെച്ചാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. 

 

പൊതുവെ എഴുത്തുകാർ ജാഡക്കാരെന്ന വാദത്തെ ഒട്ടും കുറയ്ക്കാതെ തന്നെ ഞാനിരുന്നു... 

 

‘‘വൈദേഹി നമ്പ്യാരല്ലേ? ഹോ, ഞാൻ നിങ്ങടെ ഒരു ആരാധകനാണ് കേട്ടോ. കണ്ടതിൽ സന്തോഷം’’.

 

അവിചാരിതമായ അയാളുടെ വാചാലതയ്ക്ക് മറുപടി പറയാൻ എനിക്ക് അന്നേരം തോന്നിയില്ലെന്ന് മാത്രമല്ല, ചുണ്ടിലൊരു ചിരി വിടർത്തി ഞാൻ അവിടെ നിന്നും കടന്ന് കളഞ്ഞു...

 

ദിവസങ്ങൾ കടന്ന് പോയി...

 

ഒരിക്കൽ ഒരു ലൈബ്രറിയിൽ വച്ച് വീണ്ടും ഞാനാ യുവാവിനെ കണ്ടുമുട്ടി. 

 

ഇത്തവണ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. നിറയെ തമ്മിൽ തമ്മിൽ സംസാരിച്ചു...

 

അയാൾക്ക് പറയാൻ ഒരുപാടുണ്ടായിരുന്നു. എനിക്ക് പറയാൻ പ്രത്യേകിച്ചൊന്നും ഇല്ലായിരുന്നു...

 

പേര് അറിയാത്ത ആ യുവാവിനെ, പിന്നീട് ഞാൻ കണ്ടതേയില്ല..

 

ഞാനാരോടും അയാളെ പറ്റി തിരക്കിയതുമില്ല...

 

ആ... ഇടയ്ക്കാണ് അയാളുടെ ഒരു പുതിയ നോവൽ ഇറങ്ങുന്ന വിവരം ഞാനറിയുന്നത്, അതെന്നെ പറ്റിയുള്ളതാണെന്ന സത്യം ഞാൻ തിരിച്ചറിയുന്നത് വളരെ വൈകിയായിരുന്നു. 

 

അയാളെന്നെ, അയാളുടെ നോവലിൽ പ്രതിഷ്ഠിക്കുകയായിരുന്നു. നിറയെ വിമർശനങ്ങൾ കൊണ്ടെന്നെ തളച്ചിടുകയായിരുന്നു...

 

നേരിൽ ഞാൻ ചെന്ന് അയാളെ പരിഹസിച്ചപ്പോൾ, അയാളെന്നെയും തിരിച്ചു പരിഹസിച്ചു. ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു. ഇനി പറയട്ടെ അയാളുടെ നോവലിന്റെ പേര് ‘ഓർമകളുടെ പടവുകൾ’ എന്നതായിരുന്നു.

 

എന്നിലേക്ക് എവിടെയോ മറഞ്ഞു നിൽക്കുന്ന ആ വ്യക്തിയുടെ ഓർമകൾ എങ്ങനെ എന്നെ സ്വാധീനിക്കുന്നു. 

 

ഒന്നാലോചിച്ചാൽ വിചിത്രമെന്നേ പറയാൻ സാധിക്കൂ അല്ലേ?

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com