നിരാശ മുറ്റിയ ശബ്ദത്തിൽ ബുദ്ധു പറഞ്ഞു.
"സീസൺ എത്ര വേഗം കഴിഞ്ഞു, മേംസാബ്!"
"ശരിയാണ്"
"ആരും വന്നില്ല.’’
അവളും അസ്വസ്ഥമായ സ്വരത്തിൽ പറഞ്ഞു.
"ആരും വന്നില്ല"
"അടുത്ത കൊല്ലം നോക്കാം. അല്ലേ, മേംസാബ്..?"
എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാതെ അവൾ അലസമായി ആവർത്തിച്ചു.
"ആ.. അടുത്തകൊല്ലം"
മേംസാബ് വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്ന സംശയത്തോടെ തോൽനിറമുള്ള കനത്ത കുപ്പായത്തിന്റെ നെഞ്ചിൽ തട്ടിക്കൊണ്ട്
ബുദ്ധു കുറച്ചുറക്കെ ചോദിച്ചു.
"വരാതിരിക്കില്ല, അല്ലേ മേംസാബ്?"
അവൾ തലകുലുക്കി.
ബോട്ട് തുഴഞ്ഞു നീങ്ങിയപ്പോൾ ജലപ്പരപ്പിൽ നീണ്ടുകിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കിനിന്നുകൊണ്ട്
അവൾ പിറുപിറുത്തു..
"വരാതിരിക്കില്ല.."
ചിലപ്പോൾ പ്രണയം കാത്തുവെക്കുന്നത് അനന്തമായ കാത്തിരിപ്പാണ്. ഒരിക്കലും അവസാനിക്കാത്ത പ്രതീക്ഷയുമാണ്. മഞ്ഞ് ആദ്യമായി നനയുന്നത് വർഷങ്ങൾക്ക് മുൻപാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണെന്ന് തോന്നുന്നു വായനശാലയിൽ നിന്നും അച്ഛൻ കൊണ്ടുവന്ന പുസ്തകങ്ങളിൽ
ഒന്ന് മഞ്ഞായിരുന്നു.
വീടിനകത്തെ എന്റെ മുറിയിൽ കിടന്ന് ഞാൻ മഞ്ഞിലേക്കിറങ്ങി. കുമയൂൺ മലനിരകൾ കാവൽ നിൽക്കുന്ന നൈനിത്താളിൽ വിമലയോടൊപ്പം ഞാനും സുധീർമിശ്രയെ തിരഞ്ഞു. വിമലക്ക് വേണ്ടി.. ബോർഡിങ്ങ് ഹൗസിലെ മുറിയിൽ അവൾക്ക് വരുന്ന കത്തുകളിലൊന്ന് അയാളുടേതാവണെ എന്ന് പ്രാർത്ഥിച്ചു. അവളുടെ മനസ്സും ശരീരവും കവർന്നെടുത്തുകൊണ്ട് എവിടേക്കോ മറഞ്ഞുപോയ അയാളോട് അങ്ങേയറ്റത്തെ ദേഷ്യം തോന്നി.
നൈനിത്താളിലെ ആ തടാകക്കരയിലേക്ക് ഓടിച്ചെന്ന് "എന്റെ പ്രിയപ്പെട്ട വിമലേ"എന്ന് വിളിക്കാൻ മനസ്സ് വെമ്പി.കാരണം ഞാൻ വിമലയെ സ്നേഹിച്ചു പോയിരുന്നു.. തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരിക്കുക..ഒമ്പത് വർഷങ്ങളായി തുടരുന്ന കാത്തിരിപ്പ്. ഒരിക്കൽ വരും എന്ന വിശ്വാസം ഒരു പ്രാർത്ഥന പോലെ മുറുകെപ്പിടിച്ചുകൊണ്ട്.
വന്നില്ലെങ്കിൽ നഷ്ടം സുധീർ മിശ്രക്കാണ്..
കാരണം വിമലയുടെ സ്നേഹം ഒരു പുരുഷന് ലഭിക്കാവുന്ന മഹാഭാഗ്യമാണ്.
അതുകൊണ്ട് തന്നെയാണ് വിമലയോടുള്ള എന്റെ സഹതാപം ഇഷ്ടമായി മാറിയത്.
ഇരുപത്തിയൊന്ന്കാരിയായ മേൽച്ചുണ്ടിൽ നനുത്ത നീലരോമങ്ങളുള്ള സുന്ദരിയായ വിമലദേവി ബസിൽ വച്ച് ഒരു യാത്രക്കിടയിൽ അവിചാരിതമായാണ് സുധീർകുമാർമിശ്ര എന്ന സഞ്ചാരിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. ശിഥിലമായ തന്റെ കുടുംബത്തിൽ നിന്നും മാനസികമായി അകന്ന് കഴിയുന്ന, ജീവിതത്തിൽ സ്നേഹവും കരുതലും കൊതിക്കുന്ന വിമല അയാളിൽ അനുരക്തയാവുന്നത് തീർത്തും സ്വഭാവികമാണ്.
പിന്നീടൊരിക്കൽ ഒന്നായിത്തീർന്ന മനസ്സുകളോടൊപ്പം അവരുടെ ശരീരവും ഒന്നാകുന്നതോടെയാണ് വിമലയുടെ പ്രണയം തീവ്രമാകുന്നത്. മനസ്സുകളുടെ ഇഴയടുപ്പത്തിനുമപ്പുറം ആദ്യമായി തന്റെ ശരീരത്തിൽ സ്പർശിച്ച, തന്റെ എല്ലാം സമർപ്പിച്ച ഒരാൾക്ക് വേണ്ടിയാണു വിമല കാത്തിരിക്കുന്നത്..സഫലമായില്ലെങ്കിലും.
വിമലയുടെ കാത്തിരിപ്പ് അഗാധമാണ്. ആഴമേറിയതും നിശ്ശബ്ദവുമാണ്. പരിദേവനങ്ങളോ പരാതികളോ ഇല്ലാതെ വൈകുന്നേരങ്ങളിൽ മഞ്ഞുമൂടിക്കിടക്കുന്ന വഴിത്താരകളിൽ തടാകക്കരയിൽ വന്നുപോകുന്ന സഞ്ചാരികൾക്കിടയിൽ മൗനമായി
അവൾ അയാളെ തേടുന്നു.
ഉറക്കം വരാതെ കിടക്കുന്ന ഒരു രാത്രിയിൽ വിമലയുടെ മനോവികാരം എംടി വരച്ചിടുന്നത് ഉള്ളുതൊടുംവിധമാണ്.
‘ലോകം മുഴുവൻ കാത്തിരിക്കുകയാണ്.
ബസ്സ്റ്റാൻഡിലോ മന്ദിരത്തിന്റെ പടിക്കലോ
പഴയ ഒരു തോലുറ നെഞ്ചിനടുത്തു സൂക്ഷിച്ചുവച്ചുകൊണ്ട് തോണിക്കാരൻ ബുദ്ധു കിടന്നുറങ്ങുകയാവുമിപ്പോൾ.
ഒരിക്കൽ അവന്റെ ഗോരാസാഹിബ് വരാതിരിക്കുകയില്ല..
ഒരിക്കൽ വരാതിരിക്കുകയില്ല..!’
അങ്ങനെ മഞ്ഞ് കാത്തിരിപ്പിന്റെ കഥയാകുന്നു. സുധീറിന് വേണ്ടിയുള്ള വിമലയുടെ, തന്റെ വെള്ളക്കാരൻ പിതാവിന് വേണ്ടിയുള്ള ബുദ്ധുവിന്റെ, വേണമെങ്കിൽ, വിമലയോട് തന്റെ ഇഷ്ടം പറഞ്ഞ സർദാർജിയെയും കൂട്ടാം. അയാളും മറ്റൊരർത്ഥത്തിൽ കാത്തിരിപ്പിലാണല്ലോ..!
ഇപ്പോൾ മഞ്ഞിനെക്കുറിച്ചെഴുതാൻ കാരണം എന്റെ ഒരു പ്രിയ സുഹൃത്താണ്.
പുസ്തകങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ആ സുഹൃത്തിന്റെ വീട്ടിൽ ഒത്തുകൂടിയ ദിവസങ്ങളിലൊന്നിൽ വായിക്കാൻ ഏതെങ്കിലും പുസ്തകം വേണോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.. ‘‘വേണം..മഞ്ഞ്.’’ അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും മഞ്ഞ് നനഞ്ഞു..ന ന്ദി പ്രിയ സുഹൃത്തിന്..
നൈനിത്താളിലെ മഞ്ഞു മൂടിയ തടാകക്കരയിൽ വിമല ഇന്നും കാത്തിരിക്കുന്നുണ്ട്. നീലഞരമ്പുകൾ
തുടിക്കുന്ന ഒരു മുഖം എപ്പോഴെങ്കിലും തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്നപ്രത്യാശയോടെ..
"വരാതിരിക്കുകയില്ല" എന്ന തന്റെ വിശ്വാസം എന്നെങ്കിലുമൊരിക്കൽ സഫലമാകുമെന്ന പ്രതീക്ഷയോടെ വിമല ഇന്നും കാത്തിരിക്കുന്നു..
Content Summary: Manju Novel by MT Vasudevan Nair