കുഴിയാനകൾ (കഥ)
വീടിന് മുൻപിലെ ഇടവഴിയിലേക്ക് കണ്ണും നട്ട് വെറുതെയിരിക്കുമ്പോഴാണ് ഒരിക്കലും നടക്കാത്ത ദിവാസ്വപ്‌നങ്ങളിലേക്കും ഗതകാലത്തെ ഓരോ ദിനങ്ങളും ഒരിക്കലും വിസ്മരിക്കാതെ മനസിലേക്ക് കടന്നു വരുന്നതും ...
ഓർമ്മ വെച്ച കാലം മുതലുള്ള ഭൂതകാല അനുഭവങ്ങൾ അവ ചിലത് ജയകാന്തനെ പലപ്പോഴും ഒരു ഭൂതകാല സഞ്ചാരിയാക്കി മാറ്റുന്നു... ജീവിതത്തിന്റെ ഓരോ മേഖലകളിലും നിറം ചേർക്കപ്പെടുന്നത് അത്തരം പഴയകാല അനുഭവങ്ങളിൽ നിന്നുള്ള ഛായകൂട്ടുകളാണ് എന്ന് അയാൾക്ക് തോന്നിയിരുന്നു. വീടിന് മുൻപിലുള്ള വഴിയിലൂടെ കുട്ടികൾ കനത്ത സ്കൂൾ ബാഗും ചുമന്നു കടന്നു പോയപ്പോൾ അയാളുടെ സ്കൂൾ കാലവും മനസിലേക്ക് കടന്നു വന്നു ....
ആദ്യം കടന്നു വന്നത് എഴുത്തക്ഷരം പഠിപ്പിച്ച ആശാന്റെ പരുക്കൻ എന്ന് തോന്നുന്ന ഗർവുള്ള ശബ്ദമായിരുന്നു .... അതെപോലുള്ള ശബ്ദം ജീവിതത്തിൽ ഒരിക്കലും പിന്നെ നാളിതുവരെ കേട്ടിരുന്നില്ല...
അദ്ദേഹം ഒരു പക്ഷെ ഞങ്ങൾ കുറച്ചുപേർക്കു വേണ്ടി മാത്രം ദൈവം തന്നതാണെന്നു തോന്നുന്നു...എത്രയോ സമയമെടുത്തു ഓരോ അക്ഷരവും പഠിപ്പിച്ച ഞങ്ങളുടെ കളരി ആശാൻ .....ഇടവേളകിൽ മുടങ്ങാതെ അദ്ദേഹത്തിന്റെ വാക്കുകൾ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു....
പത്തറുപതു വർഷങ്ങൾ മുൻപല്ലേ അന്ന് , നഴ്സറികളോ അംഗൻവാടികളോ ഇല്ലല്ലോ...
ഏതെങ്കിലും ഒരു വീട്ടിൽ ചുറ്റുവട്ടത്തുള്ള കുറെ കുട്ടികളെ സംഘടിപ്പിച്ചു അക്ഷരം പഠിപ്പിക്കും ..അതിനെ കളരി എന്നാണ് പറയുക...
പാക്കും പൊയിലയും കൂട്ടി വെറ്റില വായിക്കകത്തു നിറയെ നിക്ഷേപിച്ചു അക്ഷരം പഠിപ്പിക്കുന്ന ആശാന്റെ പേര് അറിയില്ലായിരുന്നു.....
വീട്ടിൽ നിന്നും ഉച്ചയ്ക്ക് അമ്മ പറ്റുന്നപോലെ ഉച്ച ഊണ് ശരിയാക്കി കൊടുക്കും....
ഇടവേളകളിൽ ഞങ്ങൾ കുട്ടികൾ തൊടിയിലും പറമ്പിലുമെല്ലാം ഓടി നടക്കും പുളിമരത്തിലും ചെമ്പരത്തിയിലും കയറും ...
പലപ്പഴും വീണിരുന്നു ....
ഓരോ വീഴ്ചയിലും അത് ഒട്ടും കാര്യമാക്കാതെ എഴുന്നേക്കാൻ പഠിച്ചിരുന്നു....
എത്ര വീണാലും ആരും പിന്നെ ആ മരങ്ങളിൽ കയറാതിരുന്നിട്ടില്ലായിരുന്നു ...
ദീപുവും, അജിയും മിനിയും , സലീനയും , സാബുവും , ജയകാന്തനും എല്ലാം പിന്നെയും പിന്നെയും മരത്തിൽ കയറുകയും വീഴുകയും പിന്നെയും ……. കയറുകയും....
അയാൾ സ്വയം ചിരിച്ചു .....
ശരിക്കും ജീവിതമല്ലേ അന്ന് പഠിച്ചു തുടങ്ങിയത് ആ ആശാൻ കളരിയുടെ തിരുമുറ്റത്ത് നിന്നും , അക്ഷരങ്ങൾ മാത്രമായിരുന്നില്ലല്ലോ ........
മണ്ണിലും പൂഴിയിലും ചാടി മറിയും ....മുറ്റത്തെ പൂഴിമണ്ണിന്റെ ഗന്ധം അയാളുടെ മൂക്കിലേക്ക് കടന്നു വന്നു .....
തെരുവപുല്ലു മേഞ്ഞ പഴയ വീടിന്റെ വശങ്ങളിലെ പൂഴിമണലിലെ കുഴിയാനകളെ തേടുന്നതായിരുന്നു ഏറ്റവും മികച്ച വിനോദങ്ങളിലൊന്ന്....ഉച്ചയ്ക്ക് പ്രാദേശിക വാർത്ത തുടങ്ങുമ്പോൾ അക്ഷരം പഠിപ്പിക്കുന്നതിന് ആശാൻ ഞങ്ങൾക്ക് ഇടവേള നൽകും ...അപ്പോൾ കുഴിയാനകളെ തേടിയുള്ള ഞങ്ങളുടെ യാത്ര ആരഭിക്കുമായിരുന്നു...
ആദ്യം കുഴിയാനയെ പരിചയപ്പെടുത്തിയത് അജി ആയിരുന്നു...സൂക്ഷിച്ചു നോക്കിയാൽ പൂഴിമണ്ണിൽ തീർത്ത ചെറിയ കുഴികൾ കാണാൻ പറ്റും...
വീണ്ടും നിരീക്ഷണം തുടർന്നു...
ആ കുഞ്ഞൻ കുഴിയുടെ കരയിലൂടെ കൂടി തീറ്റ തേടി അതാ ഒരു കുഞ്ഞൻ ഉറുമ്പ്.......
" എവിടെ …….കുഴിയാന ..."-
"ആകാംഷയോടെ അവൻ ചോദിച്ചു...."-
ഇതുവരെ അവൻ ഒരു ആനയെ കണ്ടിട്ടില്ല ...പടത്തിലല്ലാതെ....
അപ്പോൾ , അതിന്റെ കുഞ്ഞൻ സൈസ് കാണാനുള്ള തിടുക്കമായിരുന്നു ....
"-ശ് ..ശ് ...."- ..മിനി , ചുണ്ടിൽ വിരൽ വെച്ച് ഒച്ചയെടുക്കാതെ എന്ന് ആംഗ്യം കാട്ടി...
പിന്നെ ആ കുഞ്ഞൻ കുഴിയിലേക്കായി ഒരു ഡസൻ കുഞ്ഞിക്കണ്ണുകളുടെ അതി സൂക്ഷ്മമായ ശ്രദ്ധ ...
പൂഴിയിൽ ഉണ്ടാക്കിയ കുഴി അവാൻ ശ്രദ്ധിച്ചു ..എത്ര വിദഗ്‌ദ്ധമായാണ് അത് ചെയ്തിരിക്കുന്നത്...അതിന്റെ കരയിൽ നിന്ന് കാലു തെറ്റിയാൽ ഒരിക്കലും രക്ഷപ്പെടാതെ ഇര , ആ നിലയില്ലാകുഴിയിലേക്ക് കൂപ്പു കുത്തും ...കരകയറാൻ ശ്രമിച്ചാലും ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല...
കുഴിയാനയുടെ എൻജിൻറിങ് തന്ത്രം……
അങ്ങനെ ശ്രദ്ധിച്ചിരിക്കുമ്പോൾ കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന കുഞ്ഞുറുമ്പു കാലു തെറ്റി കുഴിയാനയുടെ കുഴിയിലേക്ക് വീണിരിക്കുന്നു...
കരക്ക് കയറാൻ തുടങ്ങുമ്പോൾ പൂഴി മൺതിട്ട അടർന്നു വീണു കൊണ്ടിരുന്നു...
പൊടുന്നനെ , കുഴിയുടെ അകത്തളത്തിലെ പൂഴിമണലിൽ ഒളിച്ചിരുന്ന കുഴിയാന അതാ പുറത്തെത്തിയിരിക്കുന്നു.. .ജീവിതത്തിൽ ആദ്യമായി കണ്ട കുഴിയാന ...അത് ഇപ്പോൾ .....തന്റെ ഇരയെ അവൻ പിടിച്ചു കഴിഞ്ഞിരിക്കുന്നു....അവൻ ആലോചിച്ചു ...
കുഴിയാനയുടെ ബുദ്ധി....
അവിടെ ഞങ്ങളുടെ ഗവേഷണം ആരഭിക്കുകയായിരുന്നല്ലോ ....
കുഞ്ഞുറുമ്പിനെ എങ്ങനെ കുഴിയിൽ വീഴാതെ രക്ഷപ്പെത്താത്താമെന്ന് പിന്നീട് ആശാൻ കളരിയിലെ ഇടവേളകളിൽ കുഴിയാനകളെ പിടിക്കുക എന്നതായിരുന്നു ജയകാന്തന്റെ വിനോദം ....
കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു ചുറ്റിത്തിരിയുമ്പോൾ ഇപ്പോഴും മനസ്സിൽ നിന്ന് മായാതെ കളരി ആശാന്റെ പരുപരുത്ത ശബ്‌ദത്തിലുള്ള അക്ഷരങ്ങളുടെ നിലക്കാത്ത ഒഴുക്കും .....
പിന്നെ , ഒരു ഓർമ്മപ്പെടുത്തലായി കുഴിയാനയും ...
അതെ , ശ്രദ്ധിക്കുക .. . കുഴിയാനകൾ അന്നും എന്നും നമുക്ക് ചുറ്റും പൂഴിമണലുള്ള മനോഹരമായ കുഴികൾ നിർമ്മിച്ച് കാത്തിരിക്കുന്നു. പുതിയ ഇരകൾക്കായി ............!!

Content Summary: Kuzhiyanakal, Malayalam short story