‘സ്വന്തം കല്യാണമായിട്ട് ഇവർക്കെന്താണ് ഒരു സന്തോഷമില്ലാത്തത് ? ’

indian-bride
Representative Image. Photo Credit : Sultan Shah / Shutterstock.com
SHARE

അവരുടെ മാറ്റിവെച്ച ഇഷ്ടങ്ങളാണ് നമ്മുടെ ഉത്തമ കുടുംബം (കഥ)

തറവാട്ടിലെ കല്യാണ തിരക്കുകൾക്കിടയിലും  എത്ര നിയന്ത്രിച്ചിട്ടും സാധിക്കാതെ വാലിട്ടെഴുതിയ കണ്മഷിക്കിടയിലൂടെ പുറത്തു വന്ന കണ്ണുനീർ  ഇടതു കൈകൊണ്ട് അമർത്തി തുടച്ചു മാമന്റെ മുറിയിലെ സ്റ്റിക്കർ പൊട്ടിന്റെ അടയാളമില്ലാത്ത പുതിയ കണ്ണാടിയിലൂടെ ഞാൻ ഒരിക്കൽ കൂടി മുഖം നോക്കി . 

ഇല്ല ചേരുന്നില്ല ഈ കടും നീല ഉടുപ്പ് എനിക്കൊട്ടും ചേരുന്നില്ല. എത്ര തവണ പറഞ്ഞതാണ് മാമന്റെ കല്യാണത്തിന് എനിക്ക് ഈ ഡ്രസ് വേണ്ടെ എന്ന്. കല്യാണത്തിന് ഒരാഴ്ച മുന്നേ അമ്മ ഡ്രസ്സ് വാങ്ങിച്ചപ്പോഴേ ഞാൻ എന്റെ അഭിപ്രായം അറിയിച്ചതാണ് പക്ഷേ ഒരു രണ്ടാം ക്ലാസ്സുകാരിയുടെ അഭിപ്രായത്തിന് എന്ത് വില. 

കുട്ടികളായിരിക്കുക എന്നത് ഒരുതരം ഗതികേട് കൂടിയാണ്. സ്വന്തം ജീവിതം മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് എങ്ങനെ ജീവിക്കണമെന്നുള്ളതിന്റെ ദീർഘമായ ട്രെയിനിങ് ക്ലാസ്സുകളാണ് ശരിക്കും നമ്മുടെയെല്ലാം കുട്ടികാലം. 

എനിക്ക് ഇഷ്ടമില്ലാത്ത ഡ്രസ്സ് എടുത്തത് പോട്ടെയെന്നു വയ്ക്കാം. അമ്മയെന്തിനാണ് എനിക്ക് ഈ കടും കളറും മിന്നുവിന് നല്ല മഞ്ഞ ഉടുപ്പും വാങ്ങിച്ചത്. ഞാൻ അല്ലേ അമ്മയുടെ മോൾ എന്നിട്ടെന്താ എപ്പോഴും നല്ലാതെല്ലാം അവൾക്ക് മാത്രം കൊടുക്കുന്നത്. ഇതൊക്കെ പോരാഞ്ഞിട്ട് ‘‘മിന്നൂന് ഈ കളർ നല്ലണം ചേരുന്നുണ്ട് ട്ടോ’’ എന്ന മൂത്തമ്മമാരുടെ കൊഞ്ചിക്കൽ വേറെ. 

എനിക്കൊട്ടും ഇഷ്ടമില്ലാത്ത അമ്മയുടെ സ്ഥിരം ഹൈർസ്റ്റൈലായ രണ്ടു കൊമ്പും കെട്ടി രണ്ടു വശത്തും ചെവി വരെ തൂക്കിയിട്ട മുല്ലപൂവും വച്ചു മാമന്റെ കല്യാണ ദിവസം കണ്ണാടിയിൽ നോക്കി വിതുമ്പി കരഞ്ഞു കൊണ്ടിനിരുന്ന എന്നെ 

‘‘ഇത്രയും ആൾക്കാർ പുറപ്പെടാൻ ഉള്ളപ്പോഴാ പെണ്ണിന്റെ സ്റ്റൈൽ നോക്കൽ ഐശ്വര്യ റായി ഒന്നും ആയിട്ടില്ല.’’ എന്ന ഒറ്റ ഡയലോഗിൽ വീണ്ടും അടപടലം തളർത്തി റോഷി ചേച്ചി തൂക്കി മുറിക്ക് പുറത്താക്കി.

രണ്ടു മാമൻമാരുടെയും കല്യാണം ഒരുമിച്ചാണ്. തറവാട്ടിലെ ആകെയുള്ള മൂന്നു മുറികളിൽ ഒന്നിൽ മാമന്മാരെ വടി പോലെ നിർത്തി കൂട്ടുകാർ ഷാർട്ടിടിക്കുന്നു ,പൗഡറിടുന്നു ,സ്‌പ്രേ അടിക്കുന്നു. ഇതെന്താ ഇവർക്കിതൊന്നും ചെയ്യാൻ അറിയാഞ്ഞിട്ടാണോ ? എന്നും ഇവരൊക്കെ വന്നു സ്‌പ്രേ അടിച്ചിട്ടാണോ മാമൻ ഒരുങ്ങാറുള്ളത് ?പിന്നെന്തിനാണ് കല്യാണ ദിവസം മാത്രം ക്യാമറക്ക് മുന്നിൽ ഇത്ര പ്രഹസനം.  

ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന മാമൻമാരുടെ മുഖത്തു നോക്കിയപ്പോൾ ലേശം ആശ്വാസം തോന്നി. സ്വന്തം കല്യാണത്തിന് ഇത്ര ദയനീയമായി ഒരുങ്ങാൻ ആണ് ഇവരുടെ അവസ്ഥ എങ്കിൽ എന്റെ നീല ഉടുപ്പ് വലിയ ശാപമല്ലെന്ന ആശ്വാസത്തിൽ ഞാൻ പെട്ടിയൊരുക്കുന്ന റൂമിലേക്ക് നടന്നു. 

കല്യാണ പെണ്ണിനെ പുറപ്പെടീക്കാൻ ചെക്കന്റെ വീട്ടിൽ നിന്നും രാവിലെ പെണ്ണുങ്ങൾ പോകുന്ന ഒരു ചടങ്ങുണ്ട്‌ . അതിന് വേണ്ടിയുള്ള പെട്ടിയൊരുക്കമാണ് നടന്നു കൊണ്ടിരിക്കുന്നത്. പെണ്ണിനുടുക്കാനുള്ള സാരി ,ചെരുപ്പ് ,കല്ലുവച്ച സ്റ്റിക്കർ പൊട്ട് , ചീർപ്പ് തുടങ്ങി ആ പെട്ടിക്കുള്ളിലുള്ളതെല്ലാം പുതിയതാണ്. വരാൻ പോകുന്ന മാമിമാരെ കണ്ടിട്ടില്ലെങ്കിൽ പോലും റോസ് സാരിവച്ച പെട്ടി ആരുടേതാണോ ആ കല്യാണത്തിന് പോകാമെന്ന് ഞാൻ ഉറപ്പിച്ചു. 

മുഹൂർത്തം ഏകദേശം ഒരേ സമയമായതിനാൽ ആളുകൾ രണ്ടായി പിരിഞ്ഞു പെട്ടിയെടുത്തു. ഏഴ് മക്കളുള്ള കുടുംബത്തിൽ ഭർത്താക്കന്മാരും ഭാര്യമാരും അവരുടെ കുട്ടികളുമെല്ലാമായി അംഗസംഖ്യക്ക് കുറവൊന്നുമുണ്ടായില്ല. മൂത്ത മാമന്റെ പെണ്ണ് വീട് കുറച്ചു ദൂരെയായതിനാൽ പെട്ടിയുമായി മൂത്തമ്മമാർ നേരത്തെ ഇറങ്ങാൻ ഒരുങ്ങി. റോസ് സാരി വച്ച പെട്ടി അടയാളമിട്ട് ഞാനും അവർക്ക് പിറകെ കൂടി. 

"നീയും പയ്യോളിക്കാണോ പോണേ നമുക്കെന്നാ ബീച്ചിൽ പോകാം ട്ടോ മാമീടെ വീടിന്റെ തൊട്ടടുത്താണ് ബീച്ചും " 

എന്നു പറഞ്ഞു വിശേഷ ദിവസങ്ങളിൽ മാത്രം ഇൻസൈഡ് ചെയ്യാറുള്ള പാന്റ് ഒന്നുകൂടെ വലിച്ചു കേറ്റി ഇസ്തിരിയിട്ട പിസ്ത പച്ച ഷർട്ട് നേരെയെയാക്കി കിട്ടു ഏട്ടൻ മുന്നിലോടി. ഈ പെണ്ണിനെ ഒരുക്കാൻ പോകുന്നിടത്തു ആണ്പിള്ളേർക്കെന്താ കാര്യം എന്ന ചിന്ത മനസ്സിൽ ഓടിയെങ്കിലും പെട്ടി പിടിച്ചത് അമ്മായി ആയതിനാൽ കിട്ടു ഏട്ടൻ പോകാതിരിക്കില്ലെന്നു ഉറപ്പായി. അല്ലെങ്കിലും ചില കാര്യങ്ങളിൽ കുട്ടികൾക്ക് ആണ് പെണ്ണ് എന്നൊന്നുമില്ല കുട്ടികൾ എല്ലാം കുട്ടികൾ തന്നെ. 

"ദേ മേമേ നിമ്മു ഏച്ചി ഈ വണ്ടീൽ കേറി പോണ്" 

ജീപ്പിൽ കയറാൻ നിന്ന എന്റെ കൈ പിടിച്ചു മിന്നു അമ്മയെ നീട്ടി വിളിച്ചു. അത്രേം ദൂരം ഒന്നും യാത്ര ചെയ്യാൻ എന്നെ കൊണ്ടാകില്ല നമുക്ക് ഇളയമാമന്റെ കല്യാണത്തിന് പോകാമെന്ന ഒറ്റ ഡയലോഗിൽ എന്റെ  ബീച്ചു സ്വപ്നത്തെ തല്ലി കെടുത്തി അമ്മ പുറകേട്ടു വലിച്ചു. തുറന്നിട്ട ജീപ്പിന്റെ പിൻ വശത്തിരുന്നു കിട്ടു ഏട്ടൻ എന്നെ സഹതാപത്തോടെ നോക്കി കൈവീശി. 

വീണ്ടും ഒരു കരച്ചിലിന് തയ്യാറായ എന്നോട് ഇളയ മാമന്റെ കല്യാണത്തിന് പോയാൽ ചെക്കൻ വരുന്ന സമയത്തു പനനീർ തളിയ്ക്കാൻ എനിക്ക് അവസരം താരമെന്ന ഓഫർ മുന്നോട്ട് വച്ച് അമ്മ പ്രശ്നം പരിഹരിച്ചു. കിട്ടുവേട്ടനെ പോലെ സ്വന്തമായി ജീപ്പിൽ സീറ്റൊന്നും കിട്ടിയില്ലെങ്കിൽ പോലും 11 മണിക്കുള്ള കല്യാണത്തിന് പെണ്ണിനെ ഒരുക്കാൻ പോയ മൂത്തമ്മമാരുടെ മടിയിൽ ഞാനും മിന്നുവും ഇടംപിടിച്ചു. 

മാമന്റെ ഭാര്യയെ ആദ്യമായി കാണാൻ പോകുന്നതിലുള്ള സന്തോഷത്തേക്കാളേറെ പനിനീർ തളയ്ക്കാൻ പോകുന്ന ആവേശമായിരുന്നു എനിക്ക് . റോഡിൽ ജീപ്പ് നിർത്തി ഇടുങ്ങിയ ഇടവഴിയിലൂടെ ഞങ്ങൾ പെണ്ണിന്റെ വീട്ടിലേക്ക് നടന്നു. ആരൊക്കെയോ വന്നു കവിളത് പിടിച്ചു വലിച്ചും കെട്ടി വച്ച മുടിയുടെ കൊമ്പിൽ പിടിച്ചുമെല്ലാം സ്നേഹ പ്രകടനം നടത്തി. പാൽ ചായയും പലഹാരങ്ങളും കഴിച്ചു മേക്കപ്പ് പെട്ടിയുമായി പെണ്ണുങ്ങൾ മുറിയിലെത്തി. 

മുറിയുടെ ഒരു മൂലക്ക് ചുരിദാരിട്ട് ചന്ദനമൊക്കെ തൊട്ട് മാമി നിൽക്കുന്നു. ഇത്രേം ചെറിയ കുട്ടിയെ ആണോ മാമൻ കല്യാണം കഴിക്കാൻ പോകുന്നതെന്ന സംശയത്തോടെ ഞാൻ  മാമിയെ അടി മുടി നോക്കി. പുള്ളിക്കാരി ആരോടും വലിയ മിണ്ടാട്ടമൊന്നുമില്ലാതെ ഒന്നു ചിരിക്കുക പോലും ചെയ്യാതെ മാറി നിൽപ്പാണ്. സ്വന്തം കല്യാണമായിട്ട് ഇവർക്കെന്താണ് ഒരു സന്തോഷമില്ലാത്തത് ? തല നിറയെ മുല്ലപ്പൂ വച്ചൂടെ ?  ഈ പെട്ടിയിലിരുക്കുന്ന പുതിയ സാധനങ്ങളൊക്കെ കിട്ടില്ലേ ? തറവാട്ടിലെ പെയിന്റടിച്ച പുതിയ അലമാരയുള്ള മുറി കിട്ടില്ലേ ? അതിന്റെ സന്തോഷമൊന്നും മുഖത്തു കാണാനില്ലലോ ? 

മാമിയെ അരികെ വിളിച്ചു മൂത്തമ്മമാരും ചേച്ചിമാരും കൂടെ മേക്കപ്പ് പരിപാടികളിലേക്ക് കടന്നു. പെട്ടിയിലെ ഏർപ്പിനുകൾ വാരി മടിയിൽ വച്ചു മുല്ലപ്പൂ കുത്തി കൊണ്ടിരുന്ന മൂത്തമ്മക്ക് കൈമാറുന്നതിനിടെ ഞാൻ രഹസ്യമായി ചെവിയിൽ ചോദിച്ചു. 

"അതേ നമുക്ക് പെണ്ണ് മാറി പോയെന്നു തോന്നുന്നു ഇത് നമ്മുടെ മാമി ആവാൻ ചാൻസ് ഇല്ലാട്ടോ"  

മൂത്തമ്മയുടെ തറപ്പിച്ചുള്ള നോട്ടത്തിൽ ഞാൻ എന്റെ സംശയത്തെ വാരി അതേ പോലെ മടിയിൽ വച്ചു. അല്ലേലും പെണ്ണ് മാറിയാൽ എനിക്കെന്താ എനിക്ക് പനിനീർ കിട്ടിയാൽ മതിയല്ലോ. ഒരുക്കമെല്ലാം ഏകദേശം കഴിയാറായപ്പോൾ ഞാൻ മിന്നുവിനെയും കൂട്ടി മുറ്റത്തെത്തി. 'അമ്മ പറഞ്ഞത് ശരി തന്നെ പനനീർ കുടയാൻ കുട്ടികൾ ആരെയും കാണാനില്ല . അതിന് ചുറ്റും വട്ടമിട്ട് നടന്നു കൊണ്ടിരുന്ന ഞങ്ങളെ വിളിച്ചു അവിടുത്തെ കാരണവർ പനനീർ ഏൽപ്പിച്ചു മതിലിന്റെ മുകളിൽ കയറ്റി നിർത്തി. മാമനും കുടുംബക്കാരും കയറി വന്നപ്പോൾ അത്യധികം ആത്മാർത്ഥതയോടെ ഞാൻ എന്റെ കർത്തവ്യം നിർവഹിച്ചു. 

കല്യാണമൊന്നും കണ്ടില്ലെങ്കിലും  ഞാനും മിന്നുവും ഭക്ഷണം കഴിക്കാനും ഫോട്ടോ എടുക്കാനും  ഫോട്ടോ പരിപാടിക്കിടെ ചെറുക്കന്റെയും പെണ്ണിന്റെയും ബൊക്ക പിടിക്കാനും മൽസരിച്ചു മുന്നിൽ നിന്നു. 

ഇത്രയും ആത്മാർത്ഥത കാണിച്ചത് കൊണ്ടാകണം അമ്മ എനിക്ക് മാന്റെയൊപ്പം കാറിൽ വരാനുള്ള അനുവാദം നൽകി. മാമിയുടെ കയ്യിലുള്ള ബൊക്കെ പിടിച്ചു അവർക്കൊപ്പം ഇടവഴി ഇറങ്ങി ഞങ്ങൾ കാറിനടുത്തെത്തി. മാമൻ മാമിക്ക് കയറാൻ ഡോർ തുറന്നപ്പോൾ പിന്തിഞ്ഞു നടന്നു മാമി ചേട്ടനെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു. 

എന്തിനാണ് മാമി  കരഞ്ഞതെന്നു സത്യം പറഞ്ഞാൽ എനിക്കന്നു മനസ്സിലായില്ല. 

മാമന്റെ കല്യാണം എനിക്കൊരു ദിവസം മാത്രമിടേണ്ടി വന്ന  ഇഷ്ടമില്ലാതെ നീല ഉടുപ്പിന്റെ ഓർമകൾ മാത്രമായിരുന്നു. പക്ഷെ  മാമിക്കത് തന്റെ ഒരുപാട് ഇഷ്ടങ്ങളുടെ അവസാന ദിവസം കൂടിയായിരുന്നിരിക്കാം. 

പെട്ടിയിലെ പുതിയ സാരിയും കണ്മഷിയുമൊന്നും മാമിയെ സന്തോഷിപ്പിക്കാതിരുന്നത് എന്ത്കൊണ്ടാണെന്നും സ്വന്തം കല്യാണ ദിവസം പോലും മറ്റുള്ളവരുടെ കലാ വിരുതുകൾക്ക് മുഖവും ശരീരവും വച്ചു കൊടുക്കേണ്ടി വരുന്ന നിസ്സഹായതയും , കുറച്ചു ദിവസങ്ങളുടെ പരിചയമുള്ള ഒരാൾക്കൊപ്പം അപരിചിതരായ ഒരു കൂട്ടത്തോടൊപ്പം നേരിൽ കണ്ടിട്ടു പോലുമില്ലാത്ത ഒരു വീട്ടിലേക്ക് പെട്ടന്നൊരു ദിവസം പരാതികളില്ലാതെ കയറി ചെല്ലാൻ വിധിക്കപ്പെട്ട ഒരു പെണ്കുട്ടിയിൽ നിന്ന് കല്യാണ ദിവസം സത്യത്തിൽ എന്ത് സന്തോഷമാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത് ? 

ജനിച്ചു വളർന്ന വീട്ടിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങി പോകുമ്പോൾ എങ്ങനെയാണ് അവർ കരയാതിരിക്കുക.  താൽകാലികമാണെന്നറിഞ്ഞിട്ടും ഹോസ്റ്റലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ കരഞ്ഞ എന്നെ എനിക്ക് ഓർമയുണ്ട്‌. ഇനി ഒരു തിരിച്ചു വരവ് അസാധ്യമാണെന്നറിഞ്ഞത് കൊണ്ടാണോ ഓരോ പെണ്കുട്ടിയും കയറി ചെല്ലുന്ന വീട്ടിലെ എല്ലാ ഇല്ലായ്മകളോടും പൊരുത്തപെടുന്നത് ? 

വർഷങ്ങൾക്കിപ്പുറം മാമന്റെ കല്യണത്തിന് പിസ്ത പച്ച ശർട്ടിട്ട  കിട്ടു ഏട്ടന്റെ കല്യാണ സൽക്കാര തലേന്ന് രാത്രി അടുക്കളയിൽ പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുന്നതിനിടെ ഇടക്കിടെ സമയമെന്തായി എന്നന്നേക്ഷിച്ച മാമിയോട്

 "എന്താണ് നിങ്ങൾക്കിത്ര തിരക്ക്  ഇന്നു പരിപാടി എല്ലാം കഴിഞ്ഞു രാത്രി പോയാൽ മതി എന്താണ് ഞങ്ങളോടൊന്നും ഒരു സ്നേഹമില്ലാതെ പെട്ടെന്നോടി പോകുന്നത് ? "

എന്നു ചോദിച്ച എന്നോട് അരിഞ്ഞ കഷ്ണങ്ങൾ മാറ്റി വച്ചു , കഴുകാനായി നിരത്തി വച്ച ചായ ഗ്ലാസുകളിൽ ബാക്കി വന്ന ചായ സിങ്കിലേക്കൊഴിച്ചു മാമി പറഞ്ഞു. 

" ഇവിടെ എല്ലാരുടെയും കൂടെ നിൽക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല മോള് ട്യൂഷൻ വിട്ട് വന്നിട്ടുണ്ടാകും അവർക്ക് ഇങ്ങോട്ട് വരണമെങ്കിൽ ഞാൻ അവിടെ പോണം അല്ലെങ്കിൽ അമ്മ തനിച്ചാകും. " 

അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തറവാട്ടിലേക്ക് കയറി വന്ന മാമി ഒരുപാട് മാറിയിരിക്കുന്നു. അന്നത്തെ അപരിചിതരായ ഞങ്ങളെല്ലാം അവർക്ക് കുടുംബമായിരിക്കുന്നു. കല്യാണമെന്ന പേരിൽ ഒറ്റ ദിവസം കൊണ്ട് എത്ര മനോഹരമായണല്ലേ നമ്മൾ ഓരോ പെണ്കുട്ടികളുടെയും ജീവിതം അവർ പോലുമറിയാതെ മാറ്റി മറയ്ക്കുന്നത്. 

മാമി പറഞ്ഞത് ശരിയാണ് ഇവിടെ ഞങ്ങളോടൊപ്പം നിൽക്കാൻ മാമിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല .പക്ഷെ അവർ മാറ്റി വയ്ക്കുന്ന നൂറു ഇഷ്ടങ്ങളുടെ തടിച്ച ചരടിലാണ് നാം നമ്മുടെയെല്ലാം ഉത്തമ കുടുംബം കെട്ടി പൊക്കിയിട്ടുള്ളത്. സ്വന്തം വീട്ടിൽ അതിഥിയായി കയറി ചെല്ലാൻ വിധിക്കപ്പെട്ട അവരുടെ ഇഷ്ടമില്ലായ്മകളിലാണ് ഓരോ വീടും ദിവസവും പരാതികളില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്നത്.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS