ADVERTISEMENT

പൈതൃകസ്വത്ത് (കഥ) 

 

ഓർമ്മ വച്ചതിനു ശേഷം ഇതുവരെ ഒരിക്കൽ പോലും  നേരിട്ടു കാണാൻ കഴിയാതിരുന്ന വള്ളുവനാടൻ ഗ്രാമത്തിലെ അമ്മയുടെ ആ  തറവാട്ടിലേയ്ക്കുള്ള ആ യാത്ര അവനെ സംബന്ധിച്ചിടത്തോളം ഒരു അസാധാരണ യാത്ര തന്നെയായിരുന്നു ഒരു പുതിയ രാജ്യത്തിലേയ്ക്കുള്ള യാത്ര പോലെ..! 

‘‘ഇവിടെ വരുമ്പോൾ നീ കുറച്ചു കൂടി വിജിലന്റാവണം ഇവിടെ നമ്മുടെ അമേരിയ്ക്കൽ കൾച്ചറല്ല..!  മുത്തശ്ശൻ നിന്നെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും നിന്നെ ഭയങ്കര ഇഷ്ടമായിരിയ്ക്കും എന്ന് അമ്മയ്ക്കുറപ്പുണ്ട് നീയും അതുപോലെ സ്നേഹം കാണിച്ചോണം കാര്യണ്ട് അതോണ്ടാ ഈ അമ്മ പറയിണേ..!" എന്നവനെ അവന്റെ അമ്മ ഫോൺ ചെയ്യുമ്പോൾ എല്ലാം ഓർമിപ്പിച്ചു കൊണ്ടേ ഇരിയ്ക്കുകയായിരുന്നു.

തനിക്കോർമ്മ വച്ചതിനു ശേഷമാണ് മുത്തശ്ശി മരിച്ചത് അന്നും അതിനു ശേഷവും  അച്ഛനും അമ്മയും കൂടി എത്രയോ വട്ടം നാട്ടിലെ ആ തറവാട്ടിൽ പോയി വന്നിരിയ്ക്കുന്നു. 

 

പക്ഷേ അവർ പോകുമ്പോഴെല്ലാം തന്നെ  വീട്ടിലെ വേലക്കാരെയേൽപ്പിച്ച് ഒരു ഹ്രസ്വ സന്ദർശനമാക്കി വേഗം തിരിച്ചു വരുന്നതേ താൻ കണ്ടിട്ടുള്ളൂ. ഒരു പക്ഷേ അവർ ആ നാടിനെ അത്രത്തോളം വെറുത്തിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ ഇപ്രാവശ്യം പോയപ്പോൾ പതിവിൽ കൂടുതൽ ദിവസം നാട്ടിൽ നിൽക്കുക മാത്രമല്ല തന്നെ കൂടി നാട്ടിലേയ്ക്ക് അത്യാവശ്യമായി വിളിച്ചിരിയ്ക്കുന്നു.

 

"ഡൽഹിയിൽ നിന്നും രാജി മേമയും കുടുംബവും മറ്റു ബന്ധുക്കളും എല്ലാം വന്നിട്ടുണ്ട് നീയിങ്ങ് വേഗം പോര് എയർപോട്ടിലേയ്ക്ക് ഡ്രൈവറെ അയയ്ക്കാം" എന്നാണ് അവസാനം വിളിച്ചപ്പോൾ പറഞ്ഞത് 

 

ഒരു പക്ഷേ അവസാന കാലത്ത്  മുത്തശ്ശന് തന്നെ കാണാനുള്ള ആഗ്രഹം തീർത്തു കൊടുക്കാനാവാം ഈ ഒരു യാത്ര സെറ്റിൽ ചെയ്തത്  എന്നവൻ മനസ്സിലുറപ്പിച്ചു കൊണ്ട് വീട് പൂട്ടിയിറങ്ങി നേരേ ജോൺ എഫ് കെന്നഡി എയർപോട്ടിലെത്തി. ഇനി മണിക്കൂറുകളോളം നീണ്ട ഒരു വിമാനയാത്ര..! പിന്നെ ഒരു കണക്റ്റഡ് യാത്രയും അങ്ങിനെയുള്ള  യാത്ര അതിലും ദുഷ്ക്കരം തന്നെ  മാത്രമല്ല വിമാനയാത്ര എന്നത് തീർത്തും വിരസമായി മാത്രമേ എന്നും അവന്  തോന്നിയിട്ടുള്ളൂ.

 

യു എസ്സിൽ  സ്കൂൾ കാലഘട്ടത്തിൽ തുടങ്ങി കോളേജും, അതിനുശേഷം ജോലിയുമായി ബന്ധപ്പെട്ടും മിക്കവാറും യാത്രകൾ ഉണ്ടാവാറുണ്ട് അത് പക്ഷേ വിരസത ഒഴിവാക്കാനായി  മിക്കതും കരമാർഗ്ഗം തിരഞ്ഞെടുക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു എന്നാൽ ഭൂഗണ്ഡങ്ങൾ മാറിയുള്ള യാത്രയ്ക്ക് തൽക്കാലം സ്ഥായിയായ മറ്റു മാർഗ്ഗങ്ങൾ  നിലവിലില്ലല്ലോ..!?

 

ഒരു നീണ്ട യാത്രക്ക് ശേഷം കൊച്ചിയിൽ വിമാനമിറങ്ങി എയർ പോട്ടിൽ നിന്നും പുറത്തു വന്നപ്പോൾ ഡ്രൈവർ ഓടി അരുകിലെത്തി കൊണ്ട് പറഞ്ഞു.

"സാറിന്റെ ഒരു ഫോട്ടോന്നലെ അമ്മ കാണിച്ചു തന്നിരുന്നു."

അവനതിനു മറുപടി ഒന്നും പറഞ്ഞില്ല  എയർപോട്ട് റോഡ് കടന്ന് ഹൈവേയിൽ എത്തിയപ്പോഴേ വൃത്തിഹീനമായ റോഡരുകിലെ മാലിന്യം കണ്ടവൻ ഡ്രൈവറോട് എസി പ്രവർത്തിപ്പിയ്ക്കാൻ പറഞ്ഞു കൊണ്ട് ഗ്ലാസ് ഉയർത്തി..! 

"ഹേ..യ് ..! സാറ് മലയാളം അസ്സലായി സംസാരിയ്ക്കുന്നല്ലോ..!"

"സംസാരിയ്ക്കാൻ മാത്രമല്ല എഴുതാനും വായിയ്ക്കാനും അറിയാം"

അവൻ പറയുന്നത് കേട്ട് അയാൾ അൽഭുതത്തോടെ പറഞ്ഞു.

"ഇവിടെ വാളയാർ വിട്ടാൽ മലയാളം മറക്കണ ആളുകളേ ഞാൻ കണ്ടിട്ടുള്ളൂ ഇതിപ്പോ സായിപ്പിന്റെ നാട്ടില് ജനിച്ചു വളർന്ന ആള് ..! എന്താ കഥ..!"

അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല

പ്രധാന റോഡിലെ ഇരുവശത്തും ദുർഗന്ധം നിറഞ്ഞ തുറന്ന  ഓടകളും മാലിന്യം നിറച്ച ചാക്കുകളും കണ്ട് അവനോക്കാനം വന്നു മുഖം തിരിച്ചത് കണ്ട് ഡ്രൈവർ പറഞ്ഞു.

"സാറ് ജനിച്ചേന് ശേഷം  ആദ്യായിട്ടാണ് മ്മടെ കേരളത്തിൽ വരണത് ല്ലേ..?"

"അല്ല ഓർമ്മ വച്ചതിനു ശേഷം..! മുത്തശ്ശന് ഇപ്പോൾ എങ്ങിനെയുണ്ട്..?"

ഞാൻ ഇരുപതു വർഷമായി മുത്തശ്ശൻ്റെ കൂടെയുണ്ട്  തറവാട് വീട് ഭാഗം കഴിഞ്ഞ അന്ന് രാത്രി അദ്ദേഹത്തിനൊരു നെഞ്ചുവേദന ഉണ്ടായി പ്രായായതോണ്ട് ഒന്നും ചെയ്യാനില്ല എന്നാ എല്ലാരും പറയിണേ മൂന്നു നാലു ദിവസമായി വല്ലാത്ത ഒരവസ്ഥയിലാ.."

ഇതെന്താ ഇങ്ങനെ റോഡരുകെല്ലാം വൃത്തിയില്ലാതെ കിടക്കുന്നത് ഇതെല്ലാം  വൃത്തിയാക്കാനും  നോക്കാനൊന്നും ആരും ഇല്ലേ.?"

"സാറീ ദൈവത്തിൻ്റെ നാട്, വീട്, കൂട് എന്നൊക്കെ  കേട്ടിട്ടില്ലേ ? അദ്ദാണ്...! ൻ്റെ സാറേ ഞങ്ങളെല്ലാരും ഇവടെ ഇങ്ങനെയൊക്കെയാണ് റോഡരുകിലും അഴുക്കുചാലിലും എന്തിന് പുഴയിലും കുളത്തിലും മാലിന്യം തള്ളി  നാറി പുഴുത്തതിൽ നിന്നെല്ലാം ഉർജ്ജം ഉൾകൊണ്ടു് നല്ല പ്രതിരോധ ശേഷി സംഭരിച്ച ഒരു ജനതയാണ് ഇവിടെ ഉള്ളത് എല്ലാവർക്കം നല്ല തൊലിക്കട്ടിയാ..!" 

" ഡ്രൈവർ  വാ പോയ കോടാലി കണക്കേ വെട്ടി ചതയ്ക്കുന്ന ശബ്ദം കേട്ട്  അവന് സ്വൽപം നീരസം തോന്നാതിരുന്നില്ല എന്തായാലും തന്റഎ സ്വന്തം ഡിഎന്‍എ സൃഷ്ടിയ്ക്കപെട്ട സ്ഥലമല്ലേ ഇത് എന്നവൻ അറിയാതെ ഓർത്തു പോകവേ ഡ്രൈവർ  വീണ്ടും തുടർന്നു.

 

"സാറേ ഞങ്ങളിവിടെ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഒക്കെ തുക ചിലവാക്കി  ഒരു മാലിന്യപ്ലാൻ്റ് ഉണ്ടാക്കുന്നതുവരെ കാത്തിരിയ്ക്കും എന്നിട്ട് എമ്മെല്ലേ മന്ത്ര്യോക്കെ വന്ന്  ഉൽഘാടിയ്ക്കും  പിന്നെ അത് ഞങ്ങള് ജനങ്ങള് പരിസര മലിനീകരണോ രോഗോക്കെ പറഞ്ഞ് തുറക്കാൻ സമ്മതിയ്ക്കാതെ പൂട്ടിയ്ക്കും  അതൊക്കെ ഒരു ശീലം..!  മാറ്റാൻ പറ്റൂല്ലാ..! സാറിനി എന്തൊക്കെ കാണാൻ കെടക്കുണു..!" 

ഹൈവേയിൽ  ഒരു വിധ ട്രാഫിക് നിയമങ്ങും പാലിയ്ക്കാതെ ഇടതും വലതും കുത്തിത്തിരുകിയോടിയ്ക്കുന്ന വണ്ടികൾ കണ്ട് അവൻ പേടിയോടെ നോക്കുന്നത് കണ്ട് ഡ്രൈവർ ഒന്നു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

" ഞാൻ പറഞ്ഞില്ലേ സാറേ ഇവിടെ ഇങ്ങനെയൊക്കെയാണ് ഞങ്ങൾ മാറൂല്ല..! 

 

എൻ്റെ സാറേ ഈ മലയാളികൾ എന്ന നിർവചനം തന്നെ സ്വയം പൊങ്ങികൾ എന്നതാണ്.! ഭാരതത്തിൽ എല്ലാ സംസ്ഥാനത്തും വിദേശത്തും നമ്മള് മലയാളികൾ കച്ചോടോം തൊടങ്ങും പണീം ചെയ്യും ഇവിടെ ആരെങ്കിലും എന്തെങ്കിലും തുടങ്ങിയാൽ അപ്പോ അവിടെ പോയി കൊടികുത്തും  നമ്മുടെ ബോഡറങ്ങ് ട് കടന്നാൽ ഓരോ കംബനികൾ  കാണണം ഓരോരോ കുടിൽ വ്യവസായങ്ങൾ കാണണം അവിടെ എല്ലാവർക്കും എന്നും ജോലീണ്ട് ഇവടെ ആകേള്ളപണി ന്താന്നു വച്ചാൽ  കൊടി പിടിയ്ക്കലാ ഹർത്താലും സമരവും ബന്തും ഒക്കെയായി ഇങ്ങനെ എടയ്ക്കെടയ്ക്ക് ആഘോഷിയ്ക്കും ദാ നമ്മള് നമ്മടെ ഒറ്റപ്പാലത്ത് എത്തുണേന് മുന്നേ മിനിമം മൂന്നു ജാഥേങ്കിലും കാണും.!

"ഡ്രൈവറെ മൗനിയാക്കാൻ അവൻ  കണ്ട മാർഗ്ഗം നല്ല ഉറക്കംനടിയ്ക്കലായിരുന്നു.

സീറ്റിൽ ചാരിയിരുന്നു കൊണ്ടവൻ ചിന്തിച്ചു. 

 

താൻ ജനിച്ച വീട്ടിലേക്കൊരു യാത്ര ബാക്കിയെല്ലാം അമ്മ പറഞ്ഞു കേട്ട അറിവു മാത്രമുള്ള ആ വലിയ തറവാട്ടിലെ പ്രതാപിയായ മുത്തശ്ശനേയും, അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ  തെമ്മാടിയായ ശങ്കരൻമ്മാമയേയും, രാജി മേമയേയുമെല്ലാം  മറ്റഗംങ്ങളേയുമെല്ലാം താൻ  ആദ്യമായി  കാണാൻ പോവുകയാണ്..!

അവൻ ആ തറവാടിൻ്റെ മുറ്റത്ത് കാറിൽ നിന്നും ഇറങ്ങുബോൾ ഒരു പാട് പേർ അവിടെ കൂടി നിൽപ്പുണ്ടായിരുന്നു. പലരും വന്നു സ്വയം പരിചയപ്പെടുത്തി കൊണ്ടിരിയ്ക്കവേ അമ്മ പുറത്തേയ്ക്ക് വന്നു കൊണ്ടവനെ വിളിച്ചകത്തേയ്ക്ക് കൂട്ടികൊണ്ടു പോകുന്ന പോക്കിൽ പറഞ്ഞു.

"അതേ നിനക്കിവിടെ ആരെയും അറിയില്ല അതോണ്ട് അധികാരോടും സംസാരിയ്ക്കാൻ പോണ്ട  ഭാഗപത്രത്തിൽ എനിയ്ക്ക് മുത്തശ്ശൻ കുറച്ചധികം തന്നൂന്ന് വച്ച് എല്ലാർക്കും നമ്മളോട് ശത്രുതയാ..! അസൂയാലുക്കൾ.!" 

"മുത്തശ്ശൻ...?"

"മിനിഞ്ഞാന്ന്  വരെ നിന്നെ കാണണം ന്നു പറഞ് വാശിയിലായിരുന്നു ഇന്നലെ എന്തോ വല്ലാത്ത ക്ഷീണം എന്നു പറഞ്ഞ് കിടന്നതാ രാത്രി തീരെ വയ്യാതായി കുടുംബ ഡോക്ടർ രണ്ടു മൂന്നു പ്രാവശ്യം വന്ന് പോയി ഇനി ഏറിയാൽ ഒരു മൂന്നു മണിക്കൂർ..! നീ വാ പോയി ഫ്രഷാവൂ."

" ശങ്കരൻമ്മാമ എവിടെ "

"ഓ.... ശങ്കരമ്മാവൻ...! മുത്തശ്ശൻ്റെ കാര്യമോർത്ത് സങ്കടത്തിലാ മുത്തശ്ശൻ മരിച്ചാൽ ഇവിടെ നിന്നും ഇറങ്ങണം ന്നുള്ള വിഷമവും കാണും."

"എന്തിനിറങ്ങണം"

"അമ്മയ്ക്ക് ഈ വീടും പറമ്പും, രാജിമേമക്ക് പത്തായപ്പുരയും പാടത്തിൻ്റെ പാതിയും പിന്നെ മേലേത്തൊടിയും"

"ശങ്കരൻമ്മാമക്കോ..?"

"ശങ്കരൻമ്മാമ കൃഷിപ്പണിയല്ലേ അറിയൂ.. പോരാത്തതിന് പെണ്ണും കെട്ടീട്ടില്ല..! അതോണ്ട് പാതി പാടവും വീടുവയ്ക്കാൻ മേലേ തൊടിയിൽ നിന്നും ഇരുപതു സെൻ്റു ഭൂമിയും ആണ് മുത്തശ്ശൻ വിൽപത്രത്തിൽ എഴുതീട്ടുള്ളത് "

" ശങ്കരൻമ്മാമക്ക് ഒരു ഗോമതി എന്ന സ്ത്രീയോട് ഒരു ഇഷ്ടമുണ്ടെന്ന് അമ്മ പണ്ട് പറഞ്ഞതായി ഓർക്കുന്നു നിങ്ങൾ ആരും ആ വിവാഹത്തിന്  താൽപര്യപ്പെടാത്തതു കൊണ്ടല്ലേ അത് നടക്കാതിരുന്നത്.?"

"അതിന് അവള് ഏട്ടനെ വശീകരിച്ചതാ മോനേ.. അവള്  ജാതി വേറേല്ലേ..? മാത്രമല്ല അവളുടെ കെട്ട് കഴിഞ്ഞു പോയിട്ട് വർഷങ്ങളായി ഏട്ടനിപ്പോഴും ആ സ്വപ്നത്തിലാ ഞാനിടപെട്ടില്ലായിരുന്നു എങ്കിൽ അവളിപ്പോൾ ഈ വീട് ഭരിച്ചേനേ അസത്ത്..!"

അവൻ അമ്മയുടെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.

"അമ്മ വന്നതിനു ശേഷമാണോ വിൽപത്രം തയ്യാറാക്കിയത്.?"

"അതെ... ഇവിടെ എല്ലാവരും ഉരണ്ടു കളിയ്ക്കുകയായിരുന്നു പ്രത്യേകിച്ച് ശങ്കരമ്മാമ ഞാനാണ് മുത്തശ്ശനോട് പറഞ്ഞ്  അതിന്  മുൻകൈ എടുത്തത്.!"

"അമ്മ മുത്തശ്ശനെ വല്ലാതെ  നിർബന്ധിച്ചിരുന്നോ."

" ഹേയ് ഇല്ല...!  മുത്തശ്ശൻ്റെ കാലശേഷം ഞാനിതുവിൽക്കാൻ ആണ് പ്ലാൻ എന്നു തീർത്തു പറഞ്ഞു എടുക്കാനും ആളുണ്ട്  അപ്പോൾ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമല്ലോ എന്ന വിഷമവും ആ ശങ്കരൻമ്മാമയ്ക്ക്  കാണും "

"അമ്മേ ശങ്കരൻമ്മാമയും  അമ്മയും രാജിമേമയുമെല്ലാം ജനിച്ചു വളർന്ന വീടല്ലേ ഇത് നിങ്ങളൊക്കെ ഒരേ രക്തമല്ലേ എന്നിട്ടും എന്തേ ഇങ്ങനൊക്കെ..!?"

"അതേയ് നീ വല്ലാതെ വക്കീലാവാൻ വരണ്ട നിന്റെ  മുത്തശ്ശി മരിച്ചതിനു ശേഷം എല്ലാ മാസവും കൃത്യമായി ഞാനൊരു തുക അയച്ചിരുന്നതുകൊണ്ടാ ഇവിടെ ചിലവ് കഴിഞ്ഞിരുന്നത് അല്ലാതെ  ശങ്കരൻമ്മാമേടെ മിടുക്കുകൊണ്ടൊന്നുമല്ല അല്ലെങ്കിലും കല്യാണം കഴിയ്ക്കാത്ത ഏട്ടനെന്തിനാ വീട്..? മാത്രമല്ല ഇപ്പോൾ വയസ്സ് അമ്പത് കഴിഞ്ഞു നീ പോയി മുത്തശ്ശൻ്റ കാല് തൊട്ടു വന്ദിച്ചു പോയി ഫ്രഷാവ് നല്ല വാഷ് റൂം പുറത്തുണ്ട് പിന്നെ സംസാരിയ്ക്കാം"

അമ്മ പറഞ്ഞത് എന്തുകൊണ്ടോ അവനുൾക്കൊള്ളാൻ കഴിഞ്ഞില്ല മരണാസന്നനായി കിടക്കുന്ന മുത്തശ്ശൻ്റെ അരുകിൽ വന്ന് കുറച്ചു നേരം നിന്നുകൊണ്ടവൻ വിളിച്ചു നോക്കി ശേഷം അനക്കമില്ലാതെ കിടക്കുന്ന അദ്ദേഹത്തിന്റെ  കാൽതൊട്ടുവണങ്ങി കൊണ്ട് അമ്മ കാണിച്ചു തന്ന  മുകളിലെ മുറിയിലേയ്ക്ക്  പോയി അപ്പോഴേയ്ക്കും ലഗ്ഗേജുകൾ ഡ്രൈവർ മുറിയിൽ കയറ്റി വച്ചിരുന്നു.

 

പുറത്ത് കുളത്തിനോട് ചേർന്നുണ്ടാക്കിയ വിശാലമായ കുളിമുറിയിൽ കയറി നന്നായൊന്നു കുളിച്ചിറങ്ങുന്നതിനു മുന്നേ തന്നെ അകത്തു നിന്നും അവൻ സ്ത്രീകളുടെ നിലവിളി കേട്ടിരുന്നു ഒപ്പം ശങ്കരൻമ്മാമയുടേയും! അടിയന്തിരം കഴിഞ്ഞ് കുടുംബങ്ങൾ എല്ലാം പിരിഞ്ഞു പോയിക്കഴിഞ്ഞ അന്ന് രാത്രി അത്താഴത്തിനിരിയ്ക്കവേ രാജി ഓടിവന്നുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു.

 

"ശങ്കരേട്ടന് അത്താഴം വേണ്ടാത്രേ...! അതാ അവിടെ തളത്തിലെ തിണ്ണയിൽ കരഞ്ഞുകൊണ്ടിരിയ്ക്കണു...!"

അവൻ എഴുനേറ്റു പോയി അയാളെ കൂട്ടികൊണ്ട് വന്ന് ഒരു കസേരയിൽ ഇരുത്തി കഴിയ്ക്കാൻ നിർബന്ധിയ്ക്കവേ ശങ്കരൻമ്മാമ വല്ലാതെ വിങ്ങിപൊട്ടുന്നത് കണ്ട് അവൻ ചോദിച്ചു.

"എന്താമ്മാമേ ഇത് കുട്ട്യോളെപ്പോലെ..?"

ഒരു പൊട്ടിക്കരച്ചിലോടെ അയാളുടെ സംങ്കടം മുഴുവൻ പുറത്തേയ്ക്ക് തെറിച്ചു.

"നാളെ തൊട്ട്  ഇവിടിങ്ങനെ ഇരുന്നുണ്ണാൻ പറ്റില്ലാലോ കുട്ട്യേ... ഞാനും നിന്റഎ അമ്മയും രാജിയും ഒക്കെ ഓടിക്കളിച്ചവളർന്ന വീടാ ഇത് എല്ലാം  ഓരോ വിധികളാ ഞാൻ കൂടി മരിയ്ക്കണവരെ ഈ തറവാട് വിക്കരുത് ന്ന് അമ്മയോട് പറയണം കുട്ട്യേ ആരെങ്കിലും ഇത് വാങ്ങ്യാൽ പൊളിയ്ക്കും നിയ്ക്കത് കാണാൻ വയ്യ.!''

അവൻ ഊണ് മതിയാക്കി എഴുന്നേറ്റ് പുറത്തു പൂമുഖത്ത് വന്നു കുറച്ചു നേരം നിന്നു. മുത്തശ്ശന്റെ ഒഴിഞ്ഞ ചാരുകസേരയിൽ ഒന്നമർന്നിരുന്നു കൊണ്ട്  പുറത്തെ കാഴ്ച്ചകളിലേയ്ക്ക് കണ്ണോടിയ്ക്കവേ ശങ്കരമ്മാമയും അങ്ങോട്ട് കടന്നു വന്നു.

പതിയെ പതിയെ ഒരോ നാട്ടുകാര്യങ്ങൾ ചോദിച്ചു കൊണ്ട് അയാളെ സാധാരണ ഗതിയിലേയ്ക്ക് കൊണ്ടുവന്നവൻ ചോദിച്ചു.

"ശങ്കരൻമ്മാമയ്ക്ക് ഒരാളോട് ഒരിഷ്ടം ഉണ്ടായിരുന്നു അല്ലേ ഇപ്പോഴവർ എവിടെയാണ്..?"

 

"ഒരിഷ്ടം അല്ല മോനേ  ഒരു പാടിഷ്ടമായിരുന്നു...! അന്ന് നിന്റമ്മയുടേയും രാജിമേമയുടേയുമൊന്നും വിവാഹം കഴിഞ്ഞിട്ടില്ല ജാതി മാറീ എന്നു പറഞ്ഞ് നിൻ്റെ അമ്മയാ അദ്യം എതിർത്തത് അതു കണ്ട്  അച്ഛനും രാജിയും എതിർത്തു.. പക്ഷേ  നിന്റഎ മുത്തശ്ശിയ്ക്ക് ഇഷ്ടമായിരുന്നു... പിന്നെ നിന്റെ അമ്മയും രാജി മേമയും വിവാഹം കഴിഞ്ഞു പോയതോടെ അച്ഛനേയും അമ്മയേയും  ഈ വീടുമൊന്നും  ഉപേക്ഷിയ്ക്കാൻ തോന്നിയില്ല..!"

ഇപ്പോൾ അവരെവിടെയുണ്ട് എന്നറിയാമോ ശങ്കരമ്മാമ കാണാറുണ്ടോ?"

 

എന്നെ കാത്തിരിന്നിട്ട് കാര്യമില്ലന്നു തോന്നീട്ടാവും പത്തിരുപതു വർഷം മുന്നേ അവര്  കല്യാണം കഴിഞ്ഞു പോയി..!  പത്തു പതിനഞ്ചു വർഷം കഴിഞ്ഞിട്ടും കുട്ടികളൊന്നുമായില്ല എന്നു പറഞ്ഞവൻ ഉപേക്ഷിച്ചു മറ്റൊരു പെണ്ണിനെ കെട്ടിയെന്നറിഞ്ഞപ്പോൾ ഞാൻ അച്ഛനോട് ഒന്നുകൂടി സൂചിപ്പിച്ചു. മുത്തശ്ശി മരിച്ച് എല്ലാവരും വന്ന സമയത്ത് ആവിഷയം  എല്ലാവരുടേയും മുന്നിൽ ആലോചനയ്ക്കിട്ടു. നിൻ്റെ അമ്മ അന്നും ശക്തമായി എതിർത്തു അങ്ങിനെ ആ മോഹവും ഉപേക്ഷിച്ചു ഇവിടെ നിന്നും വല്യ ദൂരമൊന്നുമില്ല വിവരങ്ങൾ ഒക്കെ എങ്ങനെയെങ്കിലും അറിയുമെങ്കിലും തമ്മിൽ കാണാറില്ല മോനേ"

" ശങ്കരമ്മാമയ്ക്ക് അവരെ ഇനി സ്വീകരിയ്ക്കാൻ താൽപര്യമുണ്ടോ..?"

"രണ്ടു പ്രാവശ്യം സ്വപ്നം കണ്ടു..! നടന്നില്ല..! ഇനിപ്പോ എന്തിനാ മോനേ വയസ്സ് അമ്പത് കഴിഞ്ഞു ഇനി ഈ ജൻമം അങ്ങിനെ അങ്ങ് പോകട്ടെ മോൻ കിടക്കാൻ നോക്ക്.!"

അവൻ ഏറെ നേരം അങ്ങിനെ തന്നെ ഇരുന്നു.! 

പിന്നെ ഒരു കാര്യം മനസ്സിലുറപ്പിച്ചു കൊണ്ട് പറഞ്ഞു.

"ശങ്കരമ്മാമ നാളെ പോയി അവരെ കണ്ട് ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരണം "

"പാടില്ല... മുത്തശ്ശൻ മരിച്ചിട്ട് ഒരു കൊല്ലെങ്കിലും ആവാതെ നടക്കില്ല മോനെ"

"നടക്കും ആർഭാടമോ ചടങ്ങോ ഒന്നും  വേണ്ട അതൊക്കെ വിശ്വാസമല്ലേ..? ഇഷ്ടപ്പെട്ടവർ തമ്മിൽ വെറുപ്പു വരുന്നതുവരെ ഒരുമിച്ചു ജീവിയ്ക്കുക അതൊക്കെ ലോകത്തെല്ലായിടത്തും പതിവാ.. ശങ്കരമ്മാമേ പേടിയ്ക്കണ്ട  ഞാനുണ്ട് കൂടെ "

"തൻ്റെ അമ്മയുടെ അത്യാർത്ഥി കാരണം അനാഥനായ ആ മനുഷ്യൻ്റെ കണ്ണുനീർ വീണ ആ  മുറ്റവും പടിപ്പുരയും ഇരുൾ മൂടിനിൽക്കുന്ന പറമ്പും അവനെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നിയതും അവൻ എല്ലാവരേയും അത്യാവശ്യമായി  പൂമുഖത്തേയ്ക്ക് വിളിച്ചു. 

അവനാ മുത്തശ്ശൻ്റെ കസേരയിൽ തന്നെ ഇരുന്നു കൊണ്ടമ്മയോട് ചോദിച്ചു.

"മുത്തശ്ശൻ തയ്യാറാക്കിയ വിൽപത്രം എവിടെ..? എന്നേയ്ക്കാണ് രജിസ്ട്രേഷൻ തീരുമാനിച്ചിട്ടുള്ളത്.?"

"വിൽപത്രം ഇവിടെ ഉണ്ട് മോനേ നാളെ അത് കുടുംബ വക്കീലിനെ ഏൽപ്പിയ്ക്കണം... പിന്നെ ആ വക്കീൽ തന്നെ ഈ വീടും പറമ്പും നല്ല വിലയ്ക്ക് എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് അപ്പാൾ എല്ലാം ഒരുമിച്ചു രജിസ്ട്രേഷൻ നടത്താം എന്നാണ് പറഞ്ഞത് എല്ലാവർക്കും എല്ലാം ശരിയാക്കി വേഗം തിരിച്ചു പോണം"

"അമ്മ അതൊന്നു കൊണ്ടു വരൂ കാണട്ടെ.!"

അവർ അകത്തേയ്ക്ക് പോയി ഒരു കെട്ട് മുദ്ര കടലാസുകൾ കൊണ്ടുവന്ന് അവൻ്റെ കൈയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

"സൂക്ഷിയ്ക്കണം ഒറിജിനൽ ആണ് ഇനി ഒന്നുകൂടി ഒപ്പിടാൻ മുത്തശ്ശനില്ല ഇനിയും ഒരു ഭാഗം വേണ്ടിവന്നാൽ കോടതിയ്ക്ക്  തീരുമാനിക്കേണ്ടി വരും.!"

"അവൻ എല്ലാ പേപ്പറുകളും വായിച്ചു നോക്കി ശങ്കരൻമ്മാമയുടെ പിറ്റേക്കാലം ആ സ്വത്തുവകകൾ കൂടി അമ്മയുടേയോ അതിനടുത്ത അവകാശിയുടേയോ പേരിൽ വരത്തക്കവിധമുള്ള ഒസ്യത്ത്..!  അമ്മയുടെ അത്യാർത്ഥിയുടെ വ്യാപ്തി കണ്ടവൻ അൽഭുതപ്പെട്ടു അനാവശ്യമായി ഇടപെട്ട് തൻ്റെ അമ്മ ഒരാളുടെ ഒരു ജൻമം തന്നെ തുലച്ചിരിയ്ക്കുന്നു..!

അവസാനം രണ്ടും കൽപ്പിച്ചൊരു ഉറച്ച തീരുമാനം എടുത്തു കൊണ്ട് പറഞ്ഞു.

"അമ്മ തൽക്കാലം ഈ വീടും പറമ്പും വിൽക്കണ്ട അച്ഛന് മറുത്തെന്തെങ്കിലും അഭിപ്രായമുണ്ടോ.?"

"അതിപ്പോ നിൻ്റെ  അമ്മയുടെ സ്വത്ത് അമ്മയുടെ  തീരുമാനം.. എൻ്റെയും അതൊക്കെത്തന്നെയാണ്.." എന്നായിരുന്നു മറുപടി.! 

പണ്ടേ അമ്മയോട് ഒരു കാര്യത്തിനും വിയോജിപ്പ് പ്രകടിപ്പിയ്ക്കാൻ താൽപര്യപ്പെടാത്ത അച്ഛനിൽ നിന്നും അവൻ മറ്റൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ് ശരി.

അമ്മയുടെ മുഖത്ത് ഒരു കനലെരിയുന്നതുപോലെ അവന് തോന്നിയതും അവരിൽ നിന്നും ദുർവ്വാശിയോടെയുള്ള ഒരു ചോദ്യവും ഒരുഉത്തരവും പുറത്തേയ്ക്ക് വന്നത്  ഒരുമിച്ചായിരുന്നു.

"പിന്നെ വിൽക്കാതെ എന്തു ചെയ്യാനാണ്..? വിറ്റുകിട്ടിയ പണത്തിൽ കുറച്ചു കൂടി കൂട്ടിയാൽ നമ്മൾക്കവിടെ യു എ സ്സിൽ തൊട്ടടുത്ത ആ വില്ല കൂടി വാങ്ങാം"

"ഞാനിനി യു എസ്സി ലേയ്ക്ക് വരുന്നില്ല..!"

അവൻ്റെ ഒറ്റവാക്കിലുള്ള ഉറച്ച ആ വാക്കുകൾ കേട്ട് അവർ ഒരു ഞെട്ടലോടെ ചോദിച്ചു.

"പിന്നെ ..? നീ എന്തു ഭ്രാന്താ മോനേ ഈ പറയുന്നത് ഇവിടെ ഈ പട്ടിക്കാട്ടിൽ നീ എന്തു ചെയ്യാനാണ്" 

"ഇവിടെ പലതും ചെയ്യാനുണ്ടമ്മേ ഈ നാടും വീടും ബന്ധുക്കളേയും എല്ലാം എന്നും അമ്മ എന്നിൽ നിന്നും  അകറ്റി നിർത്തിയില്ലേ അതുകൊണ്ട് കുറച്ചു കാലം ഞാനിവിടെയൊന്നു നിൽക്കട്ടെ ബാക്കി പിന്നീടാലോചിയ്ക്കാം...!"

"ഞങ്ങൾ ചെയ്ത ത്യാഗത്തിന് നീ അങ്ങിനെത്തന്നെ പറയണം..!  നിൻ്റെ കരിയർ, നമ്മുടെ വീട്, അച്ഛൻ്റെ ബിസിനസ്സ് എല്ലാം അവിടെയല്ലേ.. മോനേ  അതെങ്ങിനെ ശരിയാവും..?"

"അമ്മയ്ക്ക് വേണ്ടി ആരും ത്യാഗം ചെയ്തിട്ടില്ലേ..? ഈ ശങ്കരമ്മാമയുടെ ഒരു ജൻമം തുലഞ്ഞത് എങ്ങിനെയാണ്..?

എല്ലാത്തിനും കാരണം അമ്മമാത്രം..! പിന്നെ എൻ്റെ കരിയർ നിങ്ങളാരും  പ്രശ്നമാക്കേണ്ട നിങ്ങൾ രണ്ടു പേരും പൊയ്ക്കോളൂ.. ഞാൻ വരുന്നില്ല എന്നാ പറഞ്ഞത്.."

അതു കേട്ടശേഷം അവന്റെ അമ്മയിൽ നിന്നും വന്ന വാക്കുകൾ കേട്ട് അവൻ ഞെട്ടിപ്പോയി.! 

"ഭാരതത്തിൽ നിനക്ക് സെക്കന്ററി  സിറ്റിസൺ ഷിപ്പാണുള്ളത് എന്നു നീ മറക്കണ്ട അതു പോലും ഇല്ലാതാക്കാൻ ഇന്നെനിയ്ക്ക് കഴിയുമെന്നതും  മറക്കണ്ട നീ ആ പേപ്പറിങ്ങോട്ട് തരൂ എന്നിട്ട് പോയി കിടന്നുറങ്ങ്.."

 

"അമ്മേ ഇന്ന് ഞാൻ ചെറിയ കുട്ടിയല്ല ലോകത്ത് എവിടെയും പോകാനും ജോലി ചെയ്യാനും ജീവിയ്ക്കാനും പ്രാപ്തനാണ് ഞാൻ എന്നത് അമ്മയും മറക്കണ്ട അമ്മയുടെ പ്രശ്നം എന്താണെന്നറിയാമോ.?  എനിയ്ക്ക് കഴിയും...! ഞാൻ ചെയ്യും...! എന്നുള്ള ഭാവം ഇതാണമ്മയുടെ എന്നത്തേയും പ്രശ്നം ...! എല്ലാം എനിയ്ക്ക് എന്ന വിചാരവും..! രാജി മേമയും കുടുംബവും  ഡൽഹിയിൽ വെൽ സെറ്റിൽഡാണ് ചെറിയച്ചൻ സെട്രൽ  ഗവർമെൻ്റ് ഉദ്യോഗസ്ഥൻ  മക്കൾ രണ്ടു പേരും നല്ല ഒരു ഹോസ്പിറ്റലിൽ പ്രാക്റ്റീസ് ചെയ്യുന്നു..! നമ്മൾക്ക്  യു എസ്സിൽ തരക്കേടില്ലാത്ത ഫ്ലാറ്റ്ഫോം ഉണ്ട് അച്ഛനും അമ്മയ്ക്കവിടെ മിനിസ്ട്രിയിലെ ഉയർന്ന ഉദ്യോഗസ്ഥ, എനിയ്ക്കും അത്യാവശ്യം വരുമാനമുണ്ട്  നിങ്ങളുടെയെല്ലാം ഭാവിയ്ക്കു വേണ്ടി ഒരു ജൻമം ഈ വീട്ടിൽ തന്നെ നിങ്ങളുടെ മാതാപിതാക്കളെ പരിപാലിച്ചു തുലച്ചു കളഞ്ഞ  ഈ പാവം ശങ്കരൻമ്മമയെ ജനിച്ചു വളർന്ന വീട്ടിൽ നിന്നും നിഷ്ക്കരുണം ഇറക്കിവിടാൻ അമ്മയ്ക്ക്  തോന്നിയെങ്കിൽ പിന്നെ എനിക്കെന്തു സ്ഥാനം.? ഒന്നോർത്തോളൂ  എന്നും ഇങ്ങനെ ആവില്ല എല്ലാവരും വൃദ്ധരാവും.. നിങ്ങൾക്കും ഒരു പ്രായം വരാം.. നിങ്ങൾക്ക് വേണ്ടി ഞാനിപ്പോഴേ ഇവിടെയൊരു വൃദ്ധസദനത്തിൽ ഒരു റൂം ബുക്ക് ചെയ്തു വയ്ക്കും കാണണോ അമ്മയ്ക്ക്..!?"

അവൻ്റെ വാക്കുകൾ കേട്ട് അവരെല്ലാം വല്ലാതായി. നിർവ്വികാരനായി നിന്ന ശങ്കരമ്മാവൻ ആരോടെന്നില്ലാതെ പറഞ്ഞു.

 

"മുത്തശ്ശൻ കഞ്ഞി കുടിച്ച പാളകുംബിൾ തൻ്റച്ഛന് വിധിച്ചതാണ്, തൻ്റച്ഛൻ കുടിച്ചത് തനിയ്ക്കും, തൻ്റേത് മക്കൾക്കവരുടെ മക്കൾ കൊടുക്കും എനിക്കൊന്നും വേണ്ട കുട്ട്യേ... നിങ്ങൾ വഴക്കും കൂടേണ്ട ഞാൻ ആ തൊടിയിലോ പാടത്തോ ഒരു മാടം കെട്ടി ജീവിച്ചോളാം"

എന്നു പറഞ്ഞ് ശങ്കരൻമ്മാമ  മുറ്റത്തേയ്ക്കിറങ്ങി പടിപ്പുരയിൽ ചെന്നിരുന്നു കരയുന്നത് അവൻ വേദനയോടെ നോക്കിയ ശേഷം അമ്മയോട് പറഞ്ഞു.

ഞാൻ ഈ  വിൽ പത്രവും ഔസൃത്തും കീറാൻ പോവുകയാണ് പിന്നീട് ഇവിടുത്തെ ജുഡീഷ്യറി തീരുമാനിയ്ക്കട്ടെ ആർക്ക് എന്ത് വേണം എന്ന് "

പറഞ്ഞതും അവൻ ആ മുദ്രപ്പേപ്പറുകൾ  നാലായി കീറിക്കളഞ്ഞു..! 

എന്തെന്നില്ലാത്ത അരിശത്തോടെ അവൻ്റടുക്കലേയ്ക്ക് ഓടിയുത്ത അവൻ്റെ അമ്മയെ ബലമായി തടുത്തു നിർത്തി കൊണ്ടവൻ്റെ അച്ഛൻ അമ്മയോട് പറഞ്ഞു.

"നിർത്ത്...! ഞാൻ ഇതുവരെ ചെയ്തെല്ലാം തെറ്റായിരുന്നു... എൻ്റെ മകൻ ചെയ്തത് ശരിയും..! നാളെ ഞാനും നീയ്യും ഇവിടെ നിന്നിറങ്ങുന്നു ഇല്ലെങ്കിൽ ഇനിയൊരിയ്ക്കലും നീ എൻ്റെടുക്കലേയ്ക്ക് വരണമെന്നില്ല..!"

"പത്തി താഴ്ത്തിയ പാമ്പുകണക്കെ അവൻ്റെ അമ്മ അകത്തേയ്ക്ക് പോകുന്നത് കണ്ട് അതുവരെ ഒന്നിലും ഇടപെടാതിരുന്ന രാജി പറഞ്ഞു.

"ഓപ്പോൾ ഒരിയ്ക്കലും ശരേട്ടനെ കുറിച്ച് നല്ലത് പറഞ്ഞു ഞാൻ കേട്ടിട്ടില്യ... അതൊക്കെ സ്വത്ത് അച്ഛനെ സുഖിപ്പിച്ച് ചിലവിനയച്ച പൈസേടെ കണക്കും പറഞ്ഞ് വീടും പറമ്പും കയ്യീന്ന് പോവാതിരിയ്ക്കാനുള്ള സൂത്രായിരുന്നുന്ന് ഇപ്പഴാ മനസ്സിലായേ.. ഞങ്ങളെല്ലാം പോയാൽ ഇവിടെ ശങ്കരേട്ടൻ തനിച്ചാവില്ലേ നാളും, പക്കോം, സമയോം, കാലോം ഒന്നും നോക്കണ്ട നാളെത്തന്നെ  ശങ്കരേട്ടൻ പോയി ഗോമതി ഏട്ടത്തിയമ്മയെ കൂട്ടീട്ട് വരൂ ഓപ്പോളുടെ എതിർപ്പ് വകവച്ചു കൊടുക്കണ്ട കാര്യമില്ല..!"

 

അപ്പ്രാവശ്യം വന്ന എല്ലാവരേയും യാത്രയയ്ക്കാൻ പൂമുഖത്ത് ശങ്കരൻമ്മാമയോടൊപ്പം ഗോമതിയും ഉണ്ടായിരുന്നു. അവർ കൈ വീശി യാത്രയാക്കവേ അയാൾ നന്ദിയോടെ അവനെ നോക്കി കൈ വീശി..! 

അവൻ തിരിച്ചും..! 

അപ്പോൾ കാർമേഘം മൂടിയ മുഖവുമായി അവൻ്റെ അമ്മ എങ്ങോട്ടെന്നില്ലാതെ നോക്കിയിരിപ്പായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com