ADVERTISEMENT

കുസൃതികളും വികൃതികളും

ഇണക്കങ്ങളും പിണക്കങ്ങളും

മനസ്സിൻചില്ലയിൽ കൂടുകൂട്ടിയ നിമിഷങ്ങൾ

ചങ്ങാത്തങ്ങൾ ചാഞ്ചാടിയാടിയ നേരം

സ്നേഹലാളനകൾ, ശാസനകൾ

കാവലായ്, കരുതലായ് വേണ്ടപ്പെട്ടവർ

ചേലൊത്ത ചെന്താമരപോൽ തിളങ്ങിനിന്നോരുകാലം

യുവത്വത്തിനലകൾ ആനന്ദനൃത്തമാടിയ സമയം

സ്വന്തക്കാർ, സുഹൃത്തുക്കൾ

സമ്മാനിച്ചൊരാ സുഭഗനിമിഷങ്ങളാം

ഓർമ്മച്ചെപ്പുകൾ ഹൃദയക്കൂട്ടിൽ

പ്രതിഷ്ഠിച്ചു പ്രതീക്ഷച്ചിറകിലുയർന്ന

പ്രയാണമെൻ പ്രവാസജീവിതം

ആശതൻ മഴനൂലിൽ തുന്നിയൊര

ഴകോലും മഴവില്ലുപോലെൻ പ്രവാസം

 

പ്രവാസനൗക തുഴഞ്ഞു നീങ്ങുമ്പോൾ

നുകരുന്നു നാം മായാക്കിനാവിൻ മധുരവുമൊപ്പം

ഗൃഹാതുരത്വത്തിൻ കയ്പ്പുമേ

ഇരവും പകലുമറിയാതെ

മഴയും മഞ്ഞും തളർത്താതെ

വെയിലിലും വിയർപ്പിലും വരളാതെ

തുഴഞ്ഞു നാമാതോണിയന്നു മടുക്കാതെ

മനസ്സിൻ മടിയിലുറങ്ങുമെൻ

ഓർമ്മകൾ ഉണരാറുണ്ടു പലപ്പോഴും

മഴയായ് പൊഴിയാറുണ്ടവ

മിഴികളിൽ നിനക്കാതെ

അമർത്തി വ്യസനങ്ങൾ

ആശ്വസിച്ചു സ്വയമന്നു

തുടരുമായാത്ര തൻ മനക്കണ്ണിൽ

തെളിഞ്ഞോരു മോഹശില്‌പം കണ്ടെടുക്കാൻ

 

ഉത്തരവാദിത്തമാം ഉടവാളെടുത്തു

ഉറങ്ങാതെ പൊരുതുമവൻ

ഉയിരും ഉടലും കൊടുക്കുമവൻ

ഉറ്റവർതൻ ഉണർവ്വു കാണാൻ

നെഞ്ചിൽ നൊമ്പരക്കനലെരിയുമ്പോഴും

നയനങ്ങൾ നോവിൻ ഈറനണിയുമ്പോഴും

പുഞ്ചിരിതൻ മൂടിയണിയുമവൻ

മങ്ങിയ മുഖങ്ങൾ മിനുക്കാൻ

ഊണും ഉറക്കവും വെടിഞ്ഞവൻ

കുണ്ടും കുഴിയും താണ്ടിയവൻ

തഴുകിത്തലോടിയ സ്വപ്നലോകം പുണരാൻ

ഓർമ്മകളാം കുസുമങ്ങൾ

മനസ്സിൻ വാടിയിൽ വിടരുമ്പോൾ

ഒറ്റക്കിരുന്നു കരയുമവൻ

പിറന്നമണ്ണും പെറ്റമ്മയേയും കാണാനാവാതെ

 

ചോര നീരാക്കി

ചിന്ത ചിറകാക്കി

നടക്കുമവൻ പതറാതെ

തെല്ലും ഇടറാതെ

വിയർത്തു വാടിയ വദനങ്ങളും

മുഷിഞ്ഞു കീറിയ മേലാപ്പും

കൊഴിഞ്ഞു മാറിയ ദിനങ്ങളും

കരഞ്ഞു നീറിയ മിഴികളും

തോറ്റു മാറാത്ത മനസ്സുമായ്

തുടരുന്നു യാത്ര മധുരനൊമ്പരമാം പ്രവാസയാത്ര

പ്രാരാബ്ദങ്ങളാം പേമാരിയാൽ

ജീവിതനൗക ഉലയുമ്പോൾ

പ്രവാസിയായ് പ്രയാണം

തുടരുമവൻ ജീവിതസന്ധ്യയോളം

തിരിഞ്ഞുനോക്കുമ്പോൾ തെളിയുമാകൺകളിൽ

ചെയ്തു തീർത്ത പലതുമൊപ്പം

ചെയ്യാൻ മറന്ന മറ്റുപലതും

 

പ്രിയരേ പറയൂ

പറയൂ നിങ്ങൾ

എഴുതിയിട്ടും തീരാത്ത

കഥയുടെ പേരോ പ്രവാസി അതോ

ജീവിതം മറന്ന

മനുഷ്യന്റെ പേരോ പ്രവാസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com