ADVERTISEMENT

സമൂഹത്തിന്റെ ബലിച്ചോറുണ്ണുന്നവൾ (കഥ)

 

ഇന്നും സാവിത്രി ആ പഴയ വീട്ടിൽ തന്നെയാണ് താമസം. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ആ പഴയ വീട്ടിൽ.

 

മുറ്റം നിറയെ തുളസിയും , ചെമ്പകവും, തൊഴുത്തിൽ  കൃഷ്ണ എന്ന പശുവും, അതിന്റെ ഓമനത്ത്വമുള്ള  കിടാവുമുണ്ട് കൂട്ടിന്.

 

ജീവിതത്തെ പൊടി തട്ടിയെടുത്താൽ ദുംഖങ്ങളാൽ ശ്വാസം മുട്ടുകയേ ഉള്ളൂ. അതിനാൽ, സങ്കടങ്ങളെയെല്ലാം  മാറ്റി നിർത്തി എപ്പോഴും ചിരിച്ചു നടക്കുന്ന സാവിത്രിയെ നോക്കി നാട്ടുകാരിൽ ചിലരെങ്കിലും പറയാറുണ്ട്.....

 

സമ്മതിക്കണം .... എങ്ങനെ ഇവൾക്ക് ചിരിച്ചു നടക്കാനാകുന്നെന്ന്.

 

നാല്പതഞ്ചു വയസ്സുള്ള സാവിത്രി കാഴ്ചയിൽ അതീവ സുന്ദരിയാണ്. അസൂയപ്പെടുന്ന പെണ്ണുങ്ങളോട് ചിരിച്ചു കൊണ്ടവൾ ചോദിക്കും....

എന്തേ ???? കാശും പത്രാസും ഉള്ളവർക്കെ സൗന്ദര്യം പാടുള്ളു എന്നുണ്ടോ???...

 

പ്രസരിപ്പുള്ള മുഖവും,  ചുരുണ്ട തലമുടിയും, മനോഹരമായ ചിരിയും , നീണ്ട മൂക്കും അവളുടെ സൗന്ദര്യത്തിന്റെ പ്രത്യേകതകളാണ്.

 

ഓർമ്മകളിൽ, നല്ലൊരു കുട്ടിക്കാലം മാത്രമേ സാവിത്രിക്ക് സ്വന്തമായുള്ളൂ. തറവാടും, അമ്പലവും ,ഉത്സവകാലങ്ങളും പിന്നെ, അച്ഛനുമമ്മയും സഹോദരങ്ങളുമായി

ജീവിച്ച കുറച്ചു ദിവസങ്ങളും.

 

പതിനെട്ടാം വയസ്സിൽ തന്നെ  വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അച്ഛൻ്റെ കൂട്ടുകാരന്റെ മകനെ വിവാഹം ചെയ്യേണ്ടി വന്നു.

 

അതൊരു അകപ്പെടൽ എന്നു തന്നെ പറയാം. തന്നെക്കാൾ ഇരുപത് വയസ്സ് മുതിർന്ന ജയേട്ടനെ ഭർത്താവായി അംഗീകരിക്കാൻ അവൾക്ക് രണ്ടു മൂന്നു വർഷങ്ങൾ വേണ്ടി വന്നു.

 

ഏത് കാര്യത്തിലും ഞാൻ മാത്രമാണ് ശരിയെന്നു പറയുന്നൊരാളെ സഹിക്കാൻ വല്ല്യ പാടാണെന്ന് പറഞ്ഞ്  ഇടയ്ക്കിടെ മുഖം  ചുളിക്കാറുണ്ട് സാവിത്രി.

 

നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ജയൻ. ചൂരും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരൻ. രാഷ്ട്രീയത്തിലും , സമൂഹ്യപ്രവർത്തനങ്ങളിലും തന്റേതായ നിലപാടുകൾ സൂക്ഷിക്കുന്നവൻ.

 

അങ്ങനെയുള്ള  ഒരാൾ കഷ്ടപ്പാടുകൾ നിറഞ്ഞ വീട്ടിൽ നിന്നും ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതു തന്നെ വലിയ കാര്യമല്ലേയെന്ന്  നേതാക്കൻമാരിൽ ചിലരെങ്കിലും ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് തോളിൽ തട്ടി പ്രശംസിക്കാറുണ്ട് ജയനെ. അപ്പോഴയാൾ  ഒന്നുകൂടി തലയുയർത്തി പിടിക്കും. പക്ഷേ ജയൻ്റെ കൈയ്യിലിരുപ്പ് സാവിത്രിയോളം അറിഞ്ഞവർ മറ്റാരുമില്ല.

 

ഓരോ രാത്രിയും പകലും അയാളവളെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു .

 

നീ  പക്വതയില്ലാത്ത സ്ത്രിയാണ്. നിനക്കൊരിക്കലും നല്ലൊരു ഭാര്യയാകാനാവില്ല. നിന്നെ വിവാഹം കഴിച്ചത് തന്നെ എൻ്റെ ബുദ്ധിമോശമാണെന്നു പറഞ്ഞുകൊണ്ടയാൾ ഇരുട്ടിലേക്ക് നോക്കി മുരളാറുണ്ട്.

 

ജയൻ ശകാരിക്കുമ്പോഴെല്ലാം സാവിത്രി  കൊച്ചു  കുട്ടികളെ പോലെ ചിരിച്ചു കാണിക്കും.

 

ഒന്നുമറിയാത്ത ഭാവത്തിൽ ഒരു മൂളിപ്പാട്ടും പാടി അടുക്കളയിലേക്ക് ധൃതി പിടിച്ച് നടക്കും. അതല്ലാതെ മറ്റു വഴികളൊന്നുമില്ലായിരുന്നു അവളുടെ മുന്നിൽ.

 

ഇതു കാണുമ്പോൾ ജയന്  അരിശം ഒന്നുകൂടി കൂടുകയേ ഉള്ളൂ.

 

എൻ്റെ തലയിലെഴുത്ത് ഇങ്ങനെയായിപ്പോയല്ലോ എന്നു പറഞ്ഞു കൊണ്ടയാൾ  കൈയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊരു സാധനമെടുത്ത് ദൂരേക്ക് വലിച്ചെറിയും.

 

കൂട്ടുകാരികളുടെയും ബന്ധുക്കളുടേയും ഉപദേശം അനുസരിച്ച്,സാവിത്രി  ദാമ്പത്യം എന്ന ചട്ടക്കൂടിനുള്ളിലേക്ക്

ഒതുങ്ങാൻ ശ്രമിച്ചപ്പോഴും ഗൗരവക്കാരനും മുൻകോപിയുമായ ഭർത്താവിനു മുന്നിൽ അവൾക്ക് പലപ്പോഴും പിടിച്ചു നിൽക്കാനായില്ല. മറ്റുള്ളവരിലെപ്പോഴും തെറ്റുകൾ മാത്രം കണ്ടുപിടിക്കാൻ ശ്രമിക്കുന്നൊരാളെ  എത്രനാൾ  സഹിക്കാനാവുമെന്നാലോചിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ടായിരുന്നു.

 

ഉറക്കം വരാത്ത ഓരോ രാത്രികളിലും കൂർക്കം വലിച്ചുറങ്ങുന്ന ജയനെ നോക്കി സ്വയമവൾ പിറുപിറുത്തു.

 

ഭാര്യ  എന്ന പദവി കിട്ടിക്കഴിഞ്ഞാൽ അവൾക്ക് ചിരിക്കാൻ പാടില്ലേ???? കൂട്ടുക്കാരികളുമൊത്ത് തമാശ പറയാനും  മഴയത്ത് ഇറങ്ങി നടക്കാനും പാടില്ലേ??? സ്വന്തം ഇഷ്ടപ്രകാരം ജീവക്കാനാവില്ലേ ??

 

രുചികരമായ ഭക്ഷണം വെച്ചു വിളമ്പാനും, വീട് വൃത്തിയാക്കാനും, കിടപ്പറയിൽ സന്തോഷിപ്പിക്കാനും, കുട്ടികളെ പ്രസവിക്കലുമാണോ ഭാര്യയുടെ ജോലി ???

അവൾക്കുമില്ലേ ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും. ഇതെന്തൊരു ലോകം, ഇതെന്താ ഈ മനുഷ്യരൊക്കെ ഇങ്ങനെ.??? ഒന്നും പറഞ്ഞിട്ട് കാര്യമില്ല . എല്ലാം അനുഭവിക്കുകയേ തരമുള്ളൂ.

 

ചിന്തകൾ കാട് കയറുമ്പോഴൊക്കെ സ്വസ്ഥതയില്ലാത്ത വിവാഹ ജീവിതത്തേയും, സ്നേഹിക്കാനറിയാത്ത ഭർത്താവിനെയും, മച്ചിയെന്ന വിളി പേരിനേയുമുപേക്ഷിച്ച്

വീർപ്പുമുട്ടിയ ആ വീട്ടിൽ നിന്നും പടിയിറങ്ങണമെന്നവൾ പലവട്ടം ആലോചിച്ചിട്ടുണ്ട്. പക്ഷേ,  എന്ത് ചെയ്യാനാകും ... പോകാനൊരിടമില്ല!!!

ഇനിയുള്ള ജീവിതം ഇവിടെ തന്നെ കഴിച്ചു കൂട്ടണം.

 

കെട്ടുപ്രായം കഴിഞ്ഞു നില്ക്കുന്ന രണ്ടു  അനുജത്തിമാരുള്ള തറവാട്ടിലേക്ക് ഒരിക്കലും  കയറി ചെല്ലാനാകില്ല. അച്ഛനും അമ്മയും  കരുതുന്നത് മോൾ സന്തോഷമായി ജീവിക്കുന്നുണ്ടെന്നാണ്. 

 

കുടുംബക്കാരുടെ മുന്നിൽ  ജയൻ നല്ലൊരു ഭർത്താവാണെന്ന് വരുത്തി തീർക്കാൻ സാവിത്രി നന്നേ പാടുപെട്ടു.

 

ഞാനായി അവരുടെ സമാധാനം കളയേണ്ടെന്ന് കരുതി. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി വീട്ടുകാരോടവൾ ചിരിച്ചു കാണിച്ചു.

 

മാസങ്ങളും വർഷങ്ങളും കടന്നു പോകും തോറും ജയന് സാവിത്രിയോട്  ദേഷ്യവും വാശിയും കൂടിയതേ ഉള്ളൂ...

 

എന്തിനും ഏതിനും അയാൾ കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടേയിരുന്നു. അത് അയാൾക്ക് ഒരു നേരമ്പോക്കാണോ എന്നു  പോലും ഇടയ്ക്ക് തോന്നാറുണ്ട്. ചിലരുണ്ടല്ലോ മറ്റുള്ളവരെ കുത്തി നോവിച്ച് സ്വയം സംതൃപ്തി അടയുന്നവർ. അതിലൊരാളാണ്  ജയേട്ടനുമെന്ന് സാവിത്രി അടുപ്പമുള്ളവരോട് പറയാറുണ്ട്.

 

കയറിന്റെ ബിസിനസ്സിലും  പങ്കാളിത്ത്വമുള്ളതു കൊണ്ട് പാർട്ടി ഓഫീസിലെ ചർച്ചക്കൾക്ക് ശേഷമുള്ള ബാക്കി സമയം പണിക്കാരുമായി   പണിക്കളത്തിലാണ്. ജയൻ.

ബിസിനസ്സിൽ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ടയാൾ. കേരളത്തിലെ പലയിടങ്ങളിലും ചെറുതും വലുതുമായ നിരവധി  കച്ചവട സ്ഥാപനങ്ങളുമുണ്ട്.

 

കഠിനാധ്വാനിയായ, ദുശ്ശീലങ്ങളൊന്നുമില്ലാത്ത ഒരാളിനെ ഭർത്താവായി കിട്ടിയത് തന്നെ സാവിത്രിയുടെ ഭാഗ്യമെന്ന് ബന്ധുക്കളും. പ്രസവിക്കാനാവാത്ത ഭാര്യയെ 

ഒരു കുറവുമില്ലാതെ അയാൾ  നന്നായി സ്നേഹിക്കുന്നുണ്ടല്ലോയെന്ന്  നാട്ടുകാരും. ഈ പറച്ചിലുകളെല്ലാം ജയഃ്റെ അഹങ്കാരം കൂട്ടിയതേ ഉള്ളൂ.

 

തന്നെക്കാൾ എല്ലാം തികഞ്ഞ മറ്റൊരാളില്ലെന്ന ഭാവം എപ്പോഴും അയാളുടെ മുഖത്ത് പ്രകടമായിരുന്നു.

 

ഒരിക്കലും ഒരു സന്തോഷവും സമാധാനവും സാവിത്രിക്ക് കൊടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അയാൾ കരുതിയിരുന്നത് എല്ലാവിധ സന്തോഷങ്ങളുടെയും നടുവിലാണ് സാവിത്രി ജീവിക്കുന്നതെന്ന്. അത് പൊള്ളയായ തോന്നലുകൾ മാത്രമാണെന്ന് സാവിത്രിക്കല്ലേ അറിയൂ.

 

പല രാത്രികളിലും ജയൻ ഉച്ചതിൽ വഴക്കിടുമായിരുന്നു.. അവളുടെ ഓരോ കുറവുകളും എണ്ണിപ്പെറുക്കി. നാട്ടുകാരുടെ മുന്നിൽ ഒരു കുഞ്ഞിനു പോലും

ജന്മം കൊടുക്കാൻ കഴിയാത്ത സ്ത്രീയാണ് നീ. നിങ്ങളിൽ ആർക്കാണ് കുഴപ്പമെന്ന് സുഹൃത്തുക്കൾ ചോദിക്കുമ്പോൾ നിനക്കാണ് കുഴപ്പെന്ന് ഞാൻ എങ്ങനെ  നാട്ടുകാരോട് പറയും.പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതിൽ പിടിച്ചായിരിക്കും അവരുടെ പരിഹാസമെന്ന് പറഞ്ഞുകൊണ്ടയാൾ ഈറ്റപുലിയെ പോലെ സാവിത്രിയുടെ നേർക്ക് പാഞ്ഞു വരാറുണ്ട്.

 

ഇത് കേൾക്കുമ്പോൾ സാവിത്രി വിളറി ചിരിച്ചു കൊണ്ട് പറയും.... ഞാൻ പ്രസവിക്കാത്തതിലും നാട്ടുകാർക്കാണോ സങ്കടം  ലോകത്തിന്റെ ഒരു പോക്കേ....

 

നിനക്ക് എല്ലാം ചിരിയും തമാശയും. അനുഭവിക്കുന്നത് മുഴുവനും ഞാനും. ജയൻ  അമർഷത്തോടെ  അവളെ നോക്കി ആക്രോശിക്കും.

 

അങ്ങനെ... ഒരു ഞായറാഴ്ച പതിവുപോലെ  ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനടിൽ ജയൻ സാവിത്രിയോട് ചോദിച്ചു...

 

നാട്ടുകാരുടെ പരിഹാസങ്ങൾ കേട്ടും എൻ്റെ കുറ്റപ്പെടുത്തലുകൾ  സഹിച്ചും നിനക്ക്  ജീവിതം മടുത്തു തുടങ്ങി അല്ലേ???

 

ഏയ് ! ഇല്ല ജയേട്ടാ ജീവിതം ജീവിക്കാനുള്ളതാണ്. നാട്ടുകാരെ പേടിച്ചു ജീവിച്ചാൽ ജീവിതം മടുത്തു പോകും..

 

എനിക്ക് ജീവിക്കാനാണിഷ്ടം. എന്തേ ഇപ്പോൾ ഇങ്ങനെ തോന്നാൻ???

 

ആകാംക്ഷയോടെ സാവിത്രി അയാളുടെ കണ്ണുകളിലേക്ക്  തുറിച്ചു നോക്കിഎന്താണ് മറുപടി പറയുന്നത് എന്നറിയാൻ.

 

നമുക്ക് മരിക്കാം സാവിത്രി!!!

മരിക്കാനോ?????

 

അവളുടെ തലയ്ക്കു മുകളിലൂടെ നൂറായിരം ചോദ്യങ്ങളും ഉത്തരങ്ങളും തടിച്ചു കൊഴുത്ത  കഴുകൻമാരെ  പോലെ വട്ടമിട്ടു പറന്നു!!!

 

അതെ സാവിത്രി... ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ  ആദ്യമായാണ് ജയൻ സ്നേഹത്തോടെ സംസാരിക്കുന്നത്.

ആർക്കു വേണ്ടി ജീവിക്കണം???? ആർക്കു വേണ്ടി സമ്പാദിക്കണം???? തുടക്കം മുതലേ നമ്മൾ തമ്മിലുള്ള പ്രായ വ്യത്യാസം , നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു.

ഒന്നു കൊണ്ടും ഒരിക്കലും ഒരു കാര്യത്തിലും ചേർന്നുപോകാൻ കഴിയാത്തവരാണ് നമ്മൾ രണ്ടു പേരും.

 

കല്ല്യാണം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് നമ്മളെ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നും വഴക്കും ബഹളവും. പോരാത്തതിന് കുട്ടികളും ഇല്ല. 

നിനക്ക് പോകാനൊരിടമില്ലാത്തത് കൊണ്ട് നീയെന്നെ സഹിക്കുകയായിരുന്നു ഇത്ര നാളും. എനിക്കാണെങ്കിൽ നാട്ടുകാരുടെ മുനയുള്ള ചോദ്യങ്ങൾ കേട്ട് ജീവിതം  മടുത്തു തുടങ്ങി.അതുകൊണ്ട് നമുക്ക് മരിക്കാം സാവിത്രി.

 

മനസ്സില്ലാമനസ്സോടെ അവൾ സമ്മതം മൂളി. ജീവിച്ചു കൊതി തീർന്നിട്ടില്ല ഇനിയും എത്രയോ ജീവിതം ബാക്കി കിടക്കുന്നു.

 

പക്ഷേ!!! പരിഹാസങ്ങളിൽ നിന്നും രക്ഷപ്പെടണമെന്നല്ലേ  ജയേട്ടൻ്റെ തീരുമാനം. അത് അങ്ങനെ തന്നെ ആയിക്കോട്ടെ. സാവിത്രി ദീർഘശ്വാസം വിട്ടു....

 

അന്ന് രാത്രി അത്താഴം വിളമ്പിയത് ജയനായിരുന്നു. സാവിത്രിയെ അടുക്കളയിലേക്കയാള്‍ കയറ്റിയതേയില്ല.എന്തൊക്കയോ ജയട്ടേൻ്റെ മനസ്സിൽ കിടന്നു തിളച്ചു മറിയുന്നുണ്ടെന്നവൾക്ക് മനസ്സിലായി. എന്നത്തേക്കാളും അയാളുടെ കണ്ണുകൾ കൂടുതൽ ചുമന്നും കുറികിയും കാണപ്പെട്ടു.

 

രണ്ടു പ്ലേറ്റു  നിറയെ ചോറുമായി ജയൻ നടുത്തളത്തിലേക്ക് വന്നു.

 

ഒരു പ്ലേറ്റ് സാവിത്രിയുടെ നേർക്കു നീട്ടി.... ചെറു വിറയലോടെ അവൾ ആ പ്ലേറ്റു വാങ്ങി. ദയനീയതയോടെ ജയനെ നോക്കി.. അയാളത് ശ്രദ്ധിച്ചതേയില്ല.....

ആരോടോ വാശി തീർക്കും പോലെ ജയൻ വേഗം വേഗം  വലിച്ചു വാരി കഴിക്കുന്നുണ്ട് ! ഇത് കണ്ട സാവിത്രി  വിങ്ങിക്കരഞ്ഞു കൊണ്ട് മനസ്സിലാമനസ്സോടെ

ചോറു വാരി കഴിക്കാൻ തുടങ്ങി.

 

പിന്നെ ഒന്നും ഓർമ്മയില്ല. നീണ്ട ഉറക്കത്തിനു ശേഷം  സാവിത്രി ഞെട്ടി ഉണർന്നു.

 

അവളാദ്യം തിരഞ്ഞത് ജയനെ ആയിരുന്നു. അടുത്ത് രക്തം ഛർദ്ദിച്ചു മരിച്ചു കിടക്കുന്ന ജയനെ കണ്ടവൾ സ്ഥലകാല ബോധം മറന്ന് അലറി വിളിച്ചു.

 

ആ നിമിഷങ്ങളിൽ ഭൂമി പിളർന്ന്  പോയിരുന്നെങ്കിലെന്നവൾ അതിയായി ആഗ്രഹിച്ചു  .

 

വീടിനു ചുറ്റും കൂർത്ത പല്ലുകളുമായി ആരൊക്കെയോ അലറി വിളിക്കുന്നതായി അവൾക്ക് തോന്നി.

 

ഇവിടേയും എന്നെ ശിക്ഷിക്കുകയാണോ

ജയേട്ടൻ.????

എവിടേയും ജയിച്ചു മാത്രം ശീലമുള്ള ആൾ  ഒരിക്കൽ കൂടി ജയിച്ചിരിക്കുന്നു.

 

വീണ്ടും നാട്ടുകാരുടെ മുന്നിൽ അയാൾ നല്ലൊരു ഭർത്താവായി!!

 

സ്വയം വിഷം കഴിക്കുകയും തന്റെ മരണം കാണാതിരിക്കാനായി ഭാര്യയ്ക്ക് ഉറക്കഗുളികകൾ കൊടുത്തു അബോധാവസ്ഥയിലാക്കിയ നല്ലവനായ ഭർത്താവ്.

 

എന്തിന് അയാൾ ഇതുചെയ്തു??

ആരെ പേടിച്ചിട്ടാണ് ???

ഞാനല്ലേ തെറ്റുകാരി???

നല്ലൊരു ഭാര്യയാകാൻ കഴിയാത്തവൾ???

ഒരു കുഞ്ഞിനെ പ്രസവിക്കാനാവാത്തവൾ????

പിന്നെ എന്തുകൊണ്ടാണ്

ജയേട്ടന് എന്നെ കൊല്ലാനായില്ല ???

 

അയാളുടെ സ്നേഹം ഞാൻ അറിയാതെ പോയതാണോ????

അയാൾ എന്നെ സ്നേഹിച്ചിരുന്നുവോ????

അതോ....

അയാൾ സമൂഹത്തെ ഭയപ്പാടോടെ മാത്രം

നോക്കി കണ്ടിരുന്ന

ഒരു വിഡ്ഢി മാത്രം  ആയിരുന്നുവോ????

 

ഇന്നും ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങളുമായി അവൾ ഇപ്പോഴും അവിടെ തന്നെയുണ്ട്. ജയൻ്റെ ആ പഴയ വീട്ടിൽ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com