ADVERTISEMENT

ചുറ്റുപാടുകളോട് കലഹിക്കുന്നവയാണ് ആസിഫിന്റെ കവിതകളിലേറെയും. വികലമായ പൊതുബോധത്തിന്റെ ഭാരം പേറി നടുവൊടിഞ്ഞവരെ, അവരുടെ സാമൂഹിക ദ്രോഹങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞ് ‘അരുതുകൾ’ക്ക് നേരെ എന്ത്കൊണ്ടെന്ന ചോദ്യമുയർത്തുന്ന ഒരുപാട് ഉത്തരങ്ങൾ തേടുന്ന കവിതകളാണ് ‘വാൽനക്ഷത്രങ്ങളുടെ ആകാശ’ത്ത് എഴുത്തുകാരൻ ഒരുക്കി വെക്കുന്നത്. ജീവിത നിമിഷങ്ങളെ വെറും അനുഭവമായെടുക്കുന്നതിനു പകരം അവയെ ഗൗരവത്തോടെയും ചിലതിനെ അർഹിക്കുന്ന അവഗണനോയെടെയും വിചിന്തനം നടത്തുന്നതിന്റെ ശ്രമഫലമായിട്ടാണ് ആസിഫിന്റെ കവിതകൾ പിറക്കുന്നത്. അവ വായനക്കാരെ ഒന്നിരുത്തി ചിന്തിക്കാൻ മാത്രം ആശയ വൈപുല്യമുണ്ടാവുമ്പോഴും അക്ഷരങ്ങളറിയുന്ന ആർക്കും വായിക്കാൻ, ഉൾക്കൊള്ളാൻ കഴിയുന്നത്രയും ലളിതവുമാണ്.

 

ഏറ്റവും പരിചിതരായിരുന്ന രണ്ടു മനുഷ്യർ തമ്മിൽ പിരിയുന്നതാണ് സ്നേഹത്തിന്റെ ലോകത്ത് നടക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് 'ഒരിക്കൽ കൂടി നമ്മൾ' പറഞ്ഞു വെക്കുന്നത്. ഈ കവിത വായിക്കുന്ന മനുഷ്യർ തൊട്ടപ്പുറത്ത് 'ഒറ്റപ്പെടലിന്റെ നടുക്കിരുന്ന്' വേദനയോടെയോർക്കും ഞാനൊരിക്കലും തനിച്ചല്ലാ, അല്ലെങ്കിൽ ഞാൻ മാത്രമല്ല തനിച്ചായിട്ടുള്ളതെന്ന്. ഞാനൊറ്റക്കല്ലാ ഒരു ഒറ്റപ്പെടൽ കൂട്ടത്തിലാണെന്നറിയുമ്പോൾ ഏകാന്തതയിൽ നിന്നും മരണത്തിലേക്ക് കാലെടുത്ത് വെച്ചവർ പോലും ചിലപ്പോൾ തിരികെ നടക്കും. എന്നിട്ട് ചിലര് "അതെന്റെ നല്ല കാലമായിരുന്നു ട്ടോ" എന്ന് അവർക്കേറ്റവും പ്രിയപ്പെട്ടവർ കൂടെയുണ്ടായിരുന്ന നാളുകളെക്കുറിച്ച് നെടുവീർപ്പിടും. അവൾക്കേറ്റവും പ്രിയപ്പെട്ടത് അച്ഛനായിരുന്നത് കൊണ്ട് തന്നെ അയാൾ ജീവിച്ചിരുന്ന കാലമായിരുന്നു അവൾക്കേറ്റം ധൈര്യം തോന്നിയിരുന്നത്. 'അച്ഛനുള്ള കാലം' കൺമുന്നിലെത്തുമ്പോൾ നമ്മളോർക്കും പ്രിയപ്പെട്ട ആളുകൾ മാത്രമല്ലാ, അവരോടൊപ്പം മറ്റു ചിലതു കൂടി വേർപാടിന്റെയെവസരത്തിൽ കൂടെക്കൂടാറുണ്ടെന്ന്. സ്നേഹവും സ്നേഹ രാഹിത്യവും കെട്ടു പിണഞ്ഞു കിടക്കുന്ന മുഹൂർത്തങ്ങളെ എത്ര ശക്തമായിട്ടാണ് പുസ്തകത്തിൽ ആവിഷ്കരിക്കപ്പെടുന്നത്.

 

സ്നേഹം ഉണ്ടെന്ന് അഭിനയിക്കുന്ന പോലെ മറ്റൊരാളെ ബോധ്യപ്പെടുത്തുന്ന പോലെ ചിലപ്പോൾ നമുക്ക് സ്നേഹിക്കേണ്ടുന്നവരെയും നമ്മൾ മനസ്സിൽ നിർമ്മിക്കും, അവരോടൊത്തുള്ള നിമിഷങ്ങളെ സങ്കൽപ്പിച്ചെടുക്കും. 'അമ്മയ്ക്ക്' എന്ന തലക്കെട്ടിൽ പല വിലാസങ്ങളിലേക്ക് കത്തയക്കുന്ന മകനെപ്പോലെ, അമ്മയില്ലാത്തൊരു കുഞ്ഞിന് മക്കളില്ലാത്തൊരമ്മ അയക്കുന്ന എഴുത്തുകൾ പോലെ ഒരുപാട് 'അമ്മയും മകനും' ഇങ്ങനെ സ്നേഹത്തിൽ മരുന്ന് കണ്ടെത്തുമെന്ന് ആസിഫ് പറയുന്നത് വായനയിൽ കണ്ണിലിത്തിരി നനവു പറ്റുന്നയിടമാണ്. 'വാടക വീട്' വിട്ടുപോവുന്ന വാടകക്കാരനെപ്പോലെ തത്കാല പാർപ്പിടങ്ങളായിരുന്ന പ്രിയപ്പെട്ടവരിൽ നിന്നുമിറങ്ങി നടക്കുന്ന മനുഷ്യരെ ഈ പുസ്തകത്തിൽ നമുക്ക് കാണാം. 

 

ali-rahman
അലി എ. റഹ്മാൻ

ഞങ്ങൾ അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്നുണ്ടല്ലോയെന്ന് ഒരുവളെക്കുറിച്ച് പറയപ്പെടുമ്പോൾ തന്നെ നീ പെണ്ണല്ലേ, ഭാര്യയല്ലേ, അമ്മയല്ലേ, മരുമകളല്ലേയെന്ന് താക്കീത് ചെയ്യുന്നത് കയറിന് നീളം കൂട്ടി, കഴുത്തിലെ കെട്ട് മുറുക്കിയ പശുവിന് നൽകുന്ന സ്വാതന്ത്ര്യം പോലെയുള്ള പറ്റിക്കലാണ്. പെണ്ണെന്ന പൗരത്വം മാത്രം നൽകി അവൾക്ക് വാതിലടച്ച ഒരു അടുക്കള രാജ്യമായി നൽകുന്നു. ജീവിതത്തിലൊരിക്കലെങ്കിലും നീന്തുകയെന്ന സ്വപ്നത്തിന് സാമൂഹിക വിലക്കേർപ്പെടുത്തുന്നു. കാലം നടന്നു പോവുമ്പോഴൊന്ന് മഴ കാണാൻ നേരം കിട്ടാതെ അവൾ മാത്രം കോഴിയേയും ആടിനേയും കൂട്ടിൽ കയറ്റാനും ഉണക്കാനിട്ട തുണിയെടുക്കാനും തൊടിയിലെ വെള്ളക്കെട്ട് പോവാൻ ചാല് കീറാനുമിറങ്ങുമ്പോൾ മഴ മാത്രമല്ലാ അവളുടെ ആയുസ്സും ചോർന്നു തീരുകയാണ്. പെണ്ണ് മാത്രം ചെയ്യേണ്ടുന്നതും ചെയ്യേണ്ടാത്തതും കണക്കെടുക്കുന്ന ആൺ ബോധം മുറ്റത്തൊരു ചൂലുമായിറങ്ങിയാൽ മുണ്ടിനുള്ളീന്ന് താഴെ വീണുപോവാൻ മാത്രം ബലഹീനമാണെന്ന് എഴുത്തുകാരൻ നിശിതമായി വിമർശിക്കുന്നു. 

 

പ്രണയത്തെ നിങ്ങൾ ശരീരത്തിലേക്ക് മാത്രം ചുരുക്കുന്നമ്പോഴും ലൈംഗികതയിലേക്കെത്താത്ത പ്രണയമോയെന്ന് നിങ്ങൾ ആശങ്കപ്പെടുമ്പോഴും രണ്ടാണുങ്ങളെയോ പെണ്ണുങ്ങളെയോ മാത്രമായൊരിടത്ത് കാണുന്നത് നിങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന സദാചാര ബോധത്തെ ചോദ്യം ചെയ്യാൻ എഴുത്തുകാരൻ പലയിടങ്ങളിൽ ശ്രമിക്കുന്നുണ്ട്. നന്നായൊന്ന് കരഞ്ഞതിന്, പെങ്ങളോടൊപ്പം കല്ലു കളിച്ചതിന്, ഡിഗ്രിയും കഴിഞ്ഞ് ജോലിക്ക് പോവാതെ പിന്നെയും പഠിച്ചതിന്, ആദ്യത്തെ കുഞ്ഞുണ്ടാകാൻ വൈകിയതിന് നിങ്ങളൊരാളെ ആണല്ലാതാക്കുമ്പോൾ നിങ്ങളുണ്ടാക്കിയ ഒട്ടും ശരിയല്ലാത്ത ജെൻഡർ റോളുകളെയൊക്കെ സാമൂഹികോച്ചാടനം നടത്താൻ ഒന്നിലധികം കവിതളിലൂടെ ആസിഫ് ശ്രമിക്കുന്നുണ്ട്. 'സദാചാര ബോധത്തിന്' വിരുദ്ധമായി നിങ്ങൾ ചെയ്യുന്ന തെറ്റുകൾ മറ്റൊരാൾ ചെയ്യുമ്പോൾ മാത്രം അറപ്പും വെറുപ്പുമായി തോന്നുന്ന നിങ്ങളുടെ നിഷ്കളങ്കതയ്ക്കു നേരെ എഴുത്തുകാരൻ കാർക്കിച്ചു തുപ്പുന്നുണ്ട്. ഇങ്ങനെയൊരു സാമൂഹിക ക്രമത്തിൽ പ്രശ്നങ്ങൾക്ക് നേരെ നിങ്ങൾ മൗനമായിരുന്ന് കണ്ണടക്കുമ്പോൾ അരാഷ്ട്രീയ വാദികൾ നിങ്ങളെ ആക്രമിക്കുമ്പോഴും എന്തിനെന്ന നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും നിങ്ങൾ നേരത്തെ പാലിച്ചിരുന്ന മൗനം തന്നെയായിരിക്കുമെന്ന് എഴുത്തുകാരൻ നിങ്ങളോട് മുൻകൂട്ടി പറഞ്ഞു വെക്കുന്നു.

 

ഏറെ പരിമിതമായ വിഷയങ്ങളിൽ ഒരുപാട് കവിതകളെഴുതി, ഒരേ ആശയം പറയാൻ ഒത്തിരി വരികളെഴുതി പുസ്തകം നിറക്കാതെ വ്യത്യസ്തമായതും ആരും പ്രശ്നവത്കരിക്കാത്തതുമായ സംഭവങ്ങളെ വരെ തന്റെ പുസ്തകത്തിൽ ആവിഷ്കരിച്ചതിന് ആസിഫിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു. 

 

Content Summary: Valnakshathrangalude akasam book written by Asif Thrissur 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com