‘ഈ മൊഞ്ചത്തിയെ സൃഷ്ടിച്ച ആ വാരിയെല്ല് എന്റെ നെഞ്ചത്തിന്നൂരിയതാവണേ...’

kerala-couple-1
Representative image. Photo Credit: AJP / Shutterstock.com
SHARE

കണ്ണുനീരിന്റെ മധുരമുള്ള ചായ (കഥ)

"നീയും മുജീബിക്കാന്റെ മോളും തമ്മിലെന്താ ബന്ധം..?"

.

"ഉമ്മാ.. ഇങ്ങളെന്താ പറീന്നെ.. ഞാനും ശാനേം തമ്മിലെന്ത്..,?"

.

"അത് തന്ന്യാ എനിക്കും അറിയണ്ടേ... ബന്ധം ഒന്നൂലേലെന്തിനാ ഓളിന്റെ ഫോണിൽ വിളിച്ചെ...,?"

.

"അതെങ്ങനാ എനിക്കറ്യാ.. എന്തേലും ആവശ്യത്തിന് വിളിച്ചെയായിരിക്കും.. ഇങ്ങളല്ലേ ഫോണെട്ത്തെ.."

കളിക്കാൻ പോകുമ്പോ ഫോൺ വീട്ടിൽ വെക്കാൻ തോന്നിയ ആ നിമിഷത്തെ പ്രാകി കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു..

"അതെ.. ന്റെ സൗണ്ട് കേട്ടപ്പോ ഓള് കട്ടാക്കി... ഇങ്ങള് തമ്മിലൊന്നൂലേലെന്തിനാ നീ ഓളെ പേര് ആൺകുട്ടീന്റെ പേരിൽ സേവാക്കീന്..? ഇന്റെ ഫോണിലെന്തിനാ ഓൾടെ കൂടെയുള്ള കൊറേ ഫോട്ടോസ്... എന്താന്ന് വച്ചാ ഈട നിർത്തിക്കോ... അതാ നല്ലത്..."

"ഏതായാലും ഇങ്ങളോടൊക്കെ പറയാൻ നിന്ന കാര്യാ... ഇങ്ങളായിറ്റ് കണ്ട് പിടിച്ച സ്ഥിതിക്ക് ഇതൂടി കേട്ടോ.. ഇത് ഇവിടൊന്നും നിക്കാൻ പോന്നില്ല... ഞാൻ ഓളെ തന്നെ കെട്ടും.. "

"നല്ല നെലേലുള്ള രണ്ട് കുടുംബങ്ങളെ തമ്മി തെറ്റിക്കാനാ ഇന്റെ പരിപാടിയെങ്കിൽ എന്നേം ഉപ്പാനേം അതിന് കിട്ടുംന്ന് മോൻ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട.. "

.

"ഉപ്പ ഏതായാലും രണ്ടീസം കഴിഞ്ഞാ ഇങ്ങ് വരൂലെ... അപ്പോ കാണാ.."

.

"ഉപ്പ സമ്മതിക്കുംന്ന് തോന്നുന്നുണ്ടോ ഇൻക്ക്... ഉപ്പാന്റെ അത്രേം അടുത്ത ചങ്ങായിനേം കുടുംബത്തേം സങ്കടപ്പെടുത്തുന്ന ഒരു കാര്യവും ഉപ്പ ചെയ്യൂല.."

.

"അതിന് മാത്രം ഈട എന്താ ഇണ്ടായേ.. ഏതായാലും ഒരീസം രണ്ടാളേം ഇങ്ങള് കെട്ടികൂലെ.. അപ്പോ പരസ്പരം ഇഷ്ടത്തിലുള്ള ഞങ്ങളെ കെട്ടിച്ചാലെന്താ... എന്നെ മുജീക്കാക്കും സെറീത്താക്കും ഇഷ്ടല്ലേ.. പിന്നെന്താ..."

.

"ഒരു പണീം ഇല്ലാണ്ട് ഫുട്ബോളെന്നും പറഞ്ഞ് നടക്ക്ന്ന ഇൻക്ക് എന്ത് ദൈര്യത്തിലാ ഓര് പെണ്ണ് കെട്ടിച്ച് തരാ..?"

.

"ജോലിയൊക്കെ ആകേണ്ട സമയത്ത് ആയിക്കോളും... ഇങ്ങള് ഉപ്പ വരുന്ന വരെ കാത്ത് നിക്ക്..."

.

എന്താ പ്രശ്നംന്ന് ഏകദേശം മനസ്സിലായില്ലേ... മുൻപ് ഇതേ പോലൊരു ദിവസം കളിയും കഴിഞ്ഞ് വന്നിടത്ത് നിന്നാണ് ഉമ്മ പറഞ്ഞ ആ പ്രണയത്തിന്റേം തുടക്കം...

.

കളി കഴിഞ്ഞ് വരുമ്പോ പുറത്തൊരു കാർ.. ആരാ എന്നൊന്നും പിടിയില്ലാതെ അകത്തേക്ക് കയറിയതും കൃത്യായി മുജീക്കാടെ മുന്നിൽ.. ഉപ്പാന്റെ പ്രവാസിമേറ്റ്... ഒരു ബെഡിൽ മൂട്ടകടി കൊണ്ട് കിടന്ന്, ഒരു പാത്രത്തിൽ കുബ്ബൂസ് കഴിച്ച് വളർന്നവരാണ് രണ്ടാളും.. രക്തബന്ധത്തേക്കാൾ വലുതാണ് സുഹൃത്ത് ബന്ധമെന്ന് എനിക്ക് മനസ്സിലാക്കി തന്നവർ...

.

"അല്ല... കളി കഴിഞ്ഞ് സുനിൽഛേത്രി ഇതെപ്പോ എത്തി..."

(ഇന്ത്യൻ ഫുട്ബോൾ വളരട്ടെ..)

.

"ദാ... ഇപ്പോ വന്നേ ഉള്ളൂ.. ഇങ്ങള് ഇരിക്ക്... ഞാനൊന്ന് ഫ്രഷായിട്ട് വരാം..."

സൈക്കളിന്ന് വീണപോലത്തെ ഒരു ചിരിയും നൽകി ബാത്ത്റൂമിലേക്ക് കയറുമ്പോ ഉമ്മ ചായയുടെ കൂടെ എന്റെ കുരുത്തകേടുകൾ വിളമ്പുന്ന തിരക്കിലായിരുന്നു... 

.

"സ്ഥിരായി പള്ളീൽ പോക്കില്ല... കൃത്യസമയത്ത് വീട്ടി വരില്ല... ഉത്തരവാദിത്യബോധമില്ല... ഫുട്ബോൾ എന്നൊരു വിചാരം മാത്രേ ഉള്ളൂ... ഉച്ചവരെ ഉറക്കം.. വൈകിട്ട് കളി... നട്ടപ്പാതിര വരെ ടിവിൽ ഫുട്ബോൾ കാണൽ.. ബാക്കി സമയം ഫോണിലും..." 

ഇതൊക്കെ കേട്ട് ഞാൻ തന്നെ മിഞ്ചിലിച്ചു പോയി...എന്ത് വന്നാലും അവസാനും ബോളും ഫോണും കുറ്റക്കാർ... ബലേബേഷ്... 

.

അവസാനം എന്നെ പറ്റിയുള്ള കുറ്റം പറച്ചിലൊക്കെ അടങ്ങിയപ്പോ കുളിമുറിയും തുറന്ന് നേരെ റൂമിലോട്ട്... കുറച്ച് സ്പ്രേയും ജെല്ലും ഒക്കെ വാരി പൂശിയില്ലേൽ മോശല്ലേ... ഒന്നൂലേലും ഗൾഫ്കാരന്റെ മോനല്ലേ... അവിടെത്തിയപ്പോ എന്റെ ബെഡിലിരുന്ന് എന്റെ ഡയറി വായിക്കുന്ന തിരക്കിലായിരുന്നു ഒരാൾ... ആരാന്നല്ലേ... ശഹാന മുജീബ്.. ഉമ്മ നേരത്തെ പറഞ്ഞ കക്ഷിയില്ലേ.. ശാന... ഓള് തന്നെ..

.

ഒരു പെൺകുട്ടി ഒറ്റക്കിരിക്കുന്ന റൂമിലേക്ക് കയറി ചെല്ലുന്നത് തെറ്റല്ലേ കരുതി ചെറുതായൊന്ന് തുറന്ന് കിടന്ന വാതിലിൽ മുട്ടി... എന്നെ കണ്ടതും വെപ്രാളപ്പെട്ട് ചാടിയെണീക്കുന്നതിനിടെ എന്റെ ഡയറിയും ടേബിളിൽ കിടന്ന കപ്പും ബുക്ക്സും ഒക്കെ ദേ കിടക്കുന്നു താഴെ...

.

"I'm Sorry.. Soryy... Sorry..."

.

"അതൊന്നും സാരില്ല... ഞാനെടുത്ത് വച്ചോളാം.."

.

ശാനയെ പറ്റി പറഞ്ഞില്ലല്ലോ..

CBSE XI Grader.. സ്കൂളിലെ Bright Student.. പത്താം ക്ലാസിൽ 99% മാർക്ക് വാങ്ങി സ്കൂളിന്റെ അഭിമാനതാരമായി മാറിയവൾ.. പഠിപ്പിസ്റ്റുകളോട് പുച്ഛമായത് കൊണ്ട് തന്നെ എനിക്കും എന്റെ അനിയനും കണ്ണെടുത്താ കണ്ടൂട... 

വെളുത്തമുഖത്ത്, അഞ്ചനം കൊണ്ട് സ്ഥിരമായി പേടമാൻ കണ്ണുകൾക്ക് അതിരുനിശ്ചയിച്ച്, ചിരിക്കുമ്പൊൾ തുടുത്ത കവിളുകളിൽ നുണക്കുഴികൾ വിരിഞ്ഞ്, അധരങ്ങളിലെപ്പഴും ഒരു പുഞ്ചിരി ഫിറ്റ് ചെയ്ത് നടക്കുന്ന ഒരു സുന്ദരിക്കോത... Sorry... പഠിപ്പിസ്റ്റാണ്.. അതോണ്ട് സുന്ദരിക്കോത വേണ്ട.. ഒരു ജാഡത്തെണ്ടി... 

.

കണ്ടാ ആർ്കായാലും ഒരു പ്രണയം ഒക്കെ തോന്നുമെങ്കിലും പഠിപ്പിസ്റ്റായത് കൊണ്ടും ഉപ്പാന്റെ ഉറ്റസുഹൃത്തിന്റെ മോളായത് കൊണ്ടും അതങ്ങ് വേണ്ടവച്ചു... ഹല്ല പിന്നെ... മ്മളോടാ കളി... 

.

"ഇതിലെ കഥകളൊക്കെ ഇക്കാക്ക എഴുതിയതാണോ..."

.

ഇക്കാക്കയോ... ഇതെന്ത് മറിമായം... എന്നോട് മിണ്ടാൻ പോലും കൂട്ടാക്കാത്ത ഇവളാണോ ഇത്... താഴെ വീണതൊക്കെ തിരിച്ച് ടേബിളിലെടുത്ത് വച്ച് ഞാൻ മറുപടി പറഞ്ഞു..

.

"അതേലോ... എന്തെ.. ഞാനെഴുതിയതാണെന്ന് തോന്നുന്നില്ലേ..."

.

"ഇല്ല.."

പ്ലിംഗ്... ചോദിക്കണ്ടായിരുന്നു.. പുല്ല്...

.

"അതെന്താ... എന്നെ കണ്ടാ ഇതൊന്നും പറ്റാത്ത ആളാണെന്ന് തോന്നുന്നുണ്ടോ...??

.

"അതല്ല... ഇത്രേം നാൾ എല്ലാരും പറഞ്ഞത് കേട്ട് വച്ച് ഇക്കാക്കാക്ക് ഒരു തല്ലിപ്പൊളി ഇമേജാ എന്റടുക്കലുണ്ടായിരുന്നത് .. വെറും ഫുട്ബോളിന്റെ പിറകെ നടക്കുന്ന ഒരാൾ.. അതാ ഇത്രേം നാൾ മിണ്ടാതെ ജാഡ കളിച്ചിരുന്നത്... "

.

"സത്യായിട്ടും ഇതൊക്കെ ഞാനെഴുതിയതാ.."

.

"ഒന്ന് രണ്ട് കഥ ഞാൻ വായിച്ചിട്ടുണ്ട്"

.

"ഏ.. എവിടുന്ന്..?:"

.

"എഫ്ബീന്ന്"

.

"ഏഹ്... എഫ്ബീലുണ്ടോ ..?"

.

"എനിക്കെന്താ എഫ്ബി യൂസ് ചെയ്യാൻ പാടില്ലേ... ഇടക്കൊക്കെ എടുക്കും.. അങ്ങനെ കണ്ടതാ ഇക്കാക്കാന്റെ പ്രൊഫൈൽ... മരങ്ങോടൻ ഇക്കാക്കാന്റെ ലൈഫാണോ...?

.

"നടന്നതാണെന്ന് വിശ്വസിപ്പിക്കുന്നതിലല്ലേ കഥാകാരന്റെ കഴിവ്.. "

നെഞ്ചിലെവിടെയോ വിങ്ങലായി പാച്ചിയുടെ ഓർമ്മകൾ വീണ്ടും...

.

"ഇക്കാക്കാന്റെ കഥകളൊക്കെ അടിപൊളിയാ.. ഇനി എഴുതിയാ എനിക്കൂടി അയച്ച് തരണം.."

.

"FBൽ പോസ്റ്റ് ചെയ്യും.. അപ്പോ വായിക്കാലോ.."

.

"വേണ്ട.. ഞാനെപ്പഴെങ്കിലും മാത്രേ കയറാറുള്ളൂ.. വാട്ട്സ്ആപ്പിൽ അയച്ചാമതി.. ഇക്കാക്കാന്റെ നമ്പർ എന്റേലുണ്ട്... ഞാൻ മെസ്സേജയക്കാം.."

.

ഒരാളുടെ വാട്ട്സ്ആപ്പ് നമ്പർകൂടി കിട്ടിയ സന്തോഷത്തിൽ പുറത്ത് വന്ന എനിക്ക് കിട്ടിയത് ഇരട്ടി മധുരം...

.

"സുനിൽ ഛേത്രി... ഞാനും ഉപ്പയും അടുത്തമാസം പ്രവാസത്തിലേക്ക് തിരിച്ചുപോകും... അതിന് മുമ്പായി കുടുംബസമേതം ഒരു യാത്ര പോയാലോന്ന് ഉണ്ട്... കളിക്കാരന് സമയുണ്ടാകുവോ..?"

.

"നിങ്ങളൊക്കെ പറയുമ്പോ വന്നില്ലേൽ മോശല്ലേ... സമയം ഉണ്ടാക്കാം..."

.

"എന്നാൽ ടൂർ പ്ലാനിംഗും ഓർഗനൈസിങ്ങും നിനക്ക് വിട്ടിരിക്കുന്നു.. എവിടേക്കാന്ന് വച്ചാ പോകാം.. 2 ദിവസം അടിച്ച് പൊളിക്കണം.."

.

യാത്രകൾ ഇഷ്ടമുള്ള എനിക്കതൊന്നും വല്യ കാര്യമായിരുന്നില്ല.. ഒറ്റരാത്രി കൊണ്ട് പ്ലാനിംഗ് ഫിനിഷ്ഡ്.. 2 ദിവസം ടിപ്പുവും ഹൈദരാലിയും ആഡയാർ രാജവംശവും ഭരിച്ച മൈസൂരിൽ...

.

അങ്ങനെ രണ്ടാഴ്ചക്ക് ശേഷം ഞങ്ങളുടെ രണ്ട് കുടുംബവും കൂടി മൈസൂരിലേക്ക്.. അതിനിടെ തന്നെ ഞാനും ശാനയും നന്നായി അടുത്തിരുന്നു.. സമയം കിട്ടുമ്പഴൊക്കെ ചാറ്റ് ചെയ്ത് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി മാറി..

.

ഹിസ്റ്ററിയിൽ ഡിഗ്രി എടുത്തത് കൊണ്ട് തന്നെ മൈസൂരിലെയും പരിസരപ്രദേശങ്ങളിലെയും ചരിത്രത്തെകുറിച്ച് വ്യക്തമായ അവബോധം എനിക്കുണ്ടായിരുന്നു.. ഓരോ സ്ഥലത്ത് ചെല്ലുമ്പഴും ആ പ്രദേശത്തെക്കുറിച്ച് ഞാനവൾക്ക് പറഞ്ഞ് കൊടുത്തു... അവളുടെ കുഞ്ഞുകുഞ്ഞു സംശയങ്ങളും തീർത്ത് കൊടുത്ത് ഞങ്ങളുടെ യാത്ര തുടർന്നു...

യാത്രയിലുടനീളം ഞങ്ങളൊന്നിച്ചായിരുന്നു.. നല്ല സുഹൃത്തുക്കളായി... അതിനപ്പുറം ഒന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല.. 

.

അങ്ങനെ മൈസൂർകൊട്ടാരവും, മൃഗശാലയും, വൃന്ദാവനവും, റയിൽ മ്യൂസിയവും, ഫിലോമിന ചർച്ചുമൊക്കെയായി യാത്ര ഒന്നരദിവസം പിന്നിട്ടു.. തുടർന്ന് അവസാന ലക്ഷ്യമായ ചാമുണ്ഡി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയിലേക്ക്.. അതിനിടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴാണത് സംഭവിച്ചത്..

.

കാറിൽ മറന്ന് വച്ച ഫോണെടുക്കാൻ പോയി തിരിച്ചു വരുമ്പഴാണ് ഹോട്ടലിനകത്ത് ചെറിയ ശബ്ദങ്ങൾ കേട്ടത്.. ഓടിചെല്ലുമ്പഴേക്ക് 2 ഫ്രീക്കന്മാർ എന്നെ തള്ളിമാറ്റി പുറത്തേക്ക് പോയി.. അകത്ത് ശാന സെറീത്തയെ കെട്ടിപ്പിടിച്ച് കരയുന്നു.. അവളുടെ കയ്യിൽ പുറത്തേക്ക് പോയ ഫ്രീക്കൻ പിടിച്ചതാണ് പ്രശ്നം എന്നറിഞ്ഞ ഞാൻ പുറത്തേക്കോടി, നേരത്തെ പോയ ഫ്രീക്കന്മാരെ പിടിച്ച് പൊതിരെ തല്ലി.. ഉപ്പയും മുജീക്കയും ഇടപെടുന്നത് വരെ തല്ല് തുടർന്നു.. എന്നെ പിടിച്ച് ഹോട്ടലിലേക്ക് കേറിയതും 4 പേരും കൂടി എന്നെ കുറ്റപ്പെടുത്തലായിരുന്നു.. അറിയാത്ത നാട്ടിൽ വന്ന് തല്ലുണ്ടാക്കിയതിന്..

.

തുടർന്നങ്ങോട്ട് ഞാൻ തികച്ചും മൂകമായിരുന്നു.. ചാമുണ്ഡി കുന്നിലെത്തിയ ശേഷം എല്ലാവരെയും ക്ഷേത്രം കാണാൻ പറഞ്ഞു വിട്ട് ഞാനവിടെ ഒരു കോൺക്രീറ്റ് കല്ലിന് മുകളിലിരുന്ന് നഗര കാഴ്ചകളിലലിഞ്ഞു.. ദീപാലങ്കൃതമായ കൊട്ടാരവും ഇരുവശങ്ങളിലേക്കുമായി പോകുന്ന വാഹനങ്ങളുടെ വെളിച്ചംകൊണ്ട് മാത്രം മനസ്സിലാകുന്ന ചലിക്കുന്ന റോഡും ആ കാഴ്ചയെ സുന്ദരമാക്കി.. ശരിക്കും മൈസൂരിന്റെ ഭംഗിയറിയണമെങ്കിൽ രാത്രി അവിടെ ചെന്നിരിക്കണം..

.

"ഇക്കാക്ക.. Im Sorry.."

തൊട്ടുപുറകിൽ ശാന

.

"നീ അവരുടെ കൂടെ പോയില്ലേ...?"

.

"ഇക്കാക്കാനോട് തനിച്ച് സംസാരിക്കണമെന്ന് തോന്നി.. ഒരു സോറി പറയാനും.. അതാ ഞാനിങ്ങോട്ട് വന്നേ"

.

"സോറിയോ.. എന്തിന്..?"

.

"ഞാൻ കാരണല്ലേ ഇക്കാക്ക എല്ലാരുടെ മുന്നിലും കുറ്റക്കാരനായത്.. "

കൺമഷിയെഴുതിയ അവളുടെ നീലകണ്ണുകളിൽ നിന്ന് കണ്ണുനീരിറങ്ങി വരാൻ തുടങ്ങി..

.

"അവരതൊക്കെ സ്നേഹം കൊണ്ട് പറയുന്നതല്ലേ.. ഞാൻ ചെയ്തതാ ശെരി എന്ന് അവർക്കറിയാം.. പിന്നെ ആവർത്തിക്കാതിരിക്കാൻ വഴക്കുപറഞ്ഞതല്ലേ.. അതിന് ശാന സോറിയൊന്നും പറയണ്ട.. ആ കണ്ണ് തുടക്ക്"

.

"ഇക്കാക്കാക്ക് എന്നോട് ദേഷ്യാണല്ലേ... അതോണ്ടല്ലേ ഞങ്ങടെ കൂടെ നടക്കാൻ വരാതിരുന്നേ..."

.

"അതൊന്നല്ല പെണ്ണേ... ഞാൻ പലതവണ വന്നതാ ഇവിടെ.. അവിടെ തിരക്കിനിടയിൽ നടക്കുന്നതിനേക്കാൻ Interesting ആയി എനിക്ക് തോന്നിയത് ഇവിടിരുന്ന് ഈ തിരക്കുപിടിച്ച നഗരം നോക്കി കാണുന്നതിലാ.. അതാണ് ഭംഗി . നീയിവിടെ വന്നിരി.. ഇതൊക്കെ ഇനി കെട്ട് കഴിഞ്ഞ് ചെക്കന്റെ കൂടെ മാത്രമേ വന്ന് കാണാൻ കഴിയൂ.."

.

അവൾ എന്റടുക്കലിരുന്നു.. തണുപ്പ് കൂടിക്കുടി വരുന്നതുണ്ട്.. പതിനാലാം രാവുദിച്ച ആ രാത്രിയിൽ തിരക്കുപിടിച്ച നഗരഭംഗിയാസ്വദിക്കുന്ന ശാനയുടെ ആ തുടുത്ത മുഖത്തിൽ ഇടക്കിടെ ഒളികണ്ണെറിഞ്ഞ് ഈ മൊഞ്ചത്തിയെ സൃഷ്ടിച്ച ആ വാരിയെല്ല് എന്റെ നെഞ്ചത്തിന്നൂരിയതാവണേ പടച്ചോനേ എന്ന് മനസ്സിൽ പറയുന്നതിനിടെ ശാന ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചു...

.

"ഇക്കാക്ക ഇപ്പോ എന്താ ആലോചിക്കുന്നേന്ന് ഞാൻ പറയട്ടേ... "

.

"എന്താ... ആ.. പറ.. നിനക്ക് പറ്റുവോന്ന് നോക്കാലോ.."

.

"ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്നല്ലേ... "

.

"അല്ല... ഇനിയും ഇത് പോലോത്ത ആയിരം രാത്രികൾ കൂടി ഉണ്ടായിരുന്നെങ്കിലെന്നാ... ഒരേയിരപ്പിൽ ഈ നഗരം നോക്കിക്കാണുന്നതിലും നല്ലത് ഇടക്കിടെ വന്ന് പോകുന്നതാ.. അതാകുമ്പോ മടുപ്പും ഉണ്ടാവില്ല.."

.

"ആ ആയിരം രാത്രികളിൽ ഇക്കാക്കാന്റെ കൂടെ ഞാനും ഉണ്ടായിക്കോട്ടെ.. ഇക്കാക്കാന്റെ നല്ലപാതി ആയിട്ട്..."

.

കേട്ടത് സ്വപ്നമാവല്ലേ എന്ന പ്രാർത്ഥനയോടെ ഞാനവളുടെ കണ്ണിലേക്ക് നോക്കി.. ഇത്രയും നാളില്ലാത്ത ഒരു തിളക്കം അവളുടെ ആ കൺമഷിക്കൂടിനുള്ളിൽ ഞാൻ കണ്ടു.. ഇതാണോ ഈ മുഹബ്ബത്തിന്റെ തിളക്കം... ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിൽ ആ ഇരിപ്പ് തുടരവെ കൈകളിൽ ഒരു നനുത്ത സ്പർഷം വരുന്നത് ഞാനറിഞ്ഞു... 

.

"നൈസ്..."

ക്യാമറ ഫ്ലാഷിന്റെ കൂടെ അനിയന്റെ ശബ്ദം.. അവളുടനെ കൈ വലിച്ചു.. ഞങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷം ക്യാമറകണ്ണിൽ പതിപ്പിച്ചു കൊണ്ട് എന്റെ അനിയൻ തൊട്ട് പുറകിൽ..

.

നീയെപ്പോ വന്നെന്ന ചോദ്യത്തിന് പതിനേഴ് വർഷമായെന്ന തർക്കുത്തരവും നൽകി ഒരു ആക്കിയ ചിരിയും ചിരിച്ച് നിധി കിട്ടിയ സന്തോഷത്തിൽ അനിയൻ..

.

"രണ്ടും കൂടി ഇതാണല്ലേ പരിപാടി.. ഇവളിങ്ങ് വന്നപ്പഴേ എനിക്ക് സംശയമുണ്ടായിരുന്നു... അവരിങ്ങ് വരട്ടെ കാണിച്ചു തരാം.."

.

"ഡാ.. എന്ത് വേണേലും തരാം.. ചതിക്കരുത്.."

.

"എന്തും..."

.

"ഉം"

.

"ഇത്തവണ ഉപ്പ കൊണ്ട് വന്ന നൈക്കിന്റെ ബൂട്ട്.."

.

"അതിത്തിരി കൂടുതലല്ലേ..."

.

"കഴിഞ്ഞതവണ എന്റെ പ്രണയം പിടിച്ചപ്പോ എനിക്ക് പോയത് ഞാൻ കഷ്ടപ്പെട്ട് വാങ്ങിയ വയർലെസ് ഹെഡ്സെറ്റാ.. അതും പോയി.. അവളും പോയി... എനിക്ക് ബൂട്ട് തന്നാ പറയാതിരിക്കാം..."

.

"പഴയത് പോരെ.."

.

"പറ്റില്ല.."

.

അവസാനം അവന്റെ വിലപേശലിനു മുന്നിൽ ശാനക്കുവേണ്ടി ഞാൻ തോൽവി സമ്മതിച്ചു.. അവിടുന്നിങ്ങോട്ട് വർഷം ഒന്നായി.. ആദ്യമായാണ് വീട്ടിൽ പിടിക്കുന്നത്.. ഉപ്പ വരാതെ ഇനിയൊരു നീക്കുപോക്ക് അസാധ്യം...

.

രണ്ടുദിവസത്തെ കാത്തിരിപ്പിനൊടുവിൽ പ്രയാസമാകുന്ന പ്രവാസജീവിതത്തിൽ നിന്ന് ആശ്വാസം തേടാനും കുടുംബത്തോടൊന്നിച്ച് സമയം ചിലവിടാനുമായി ഉപ്പ നാട്ടിലെത്തി.. മലപ്പുറത്ത് സ്ഥിതിചെയ്യുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അറക്കലിന്റെയും ചിറക്കലിന്റെയും മണ്ണായ കണ്ണൂരിലോട്ടുള്ള യാത്രയിൽ എല്ലാവരും ഉപ്പ നാട്ടിലെത്തിയ സന്തോഷത്തിൽ മനസ്സുതുറന്ന് സന്തോഷിക്കുമ്പോൾ ഉപ്പാനോട് എങ്ങനെ കാര്യമറിയിക്കും എന്ന വിഷമത്തിലായിരുന്നു ഞാൻ...

.

എന്റെ മൗനം അസഹനീയമായതിനാലാവണം ഉപ്പ തന്നെ സംസാരത്തിന് തുടക്കമിട്ടു...

.

"ന്റെ മോനിതെന്ത് പറ്റി, ഉപ്പാനോടൊന്നും മിണ്ടാനില്ലേ..."

.

"അതല്ല ഉപ്പ.. വണ്ടിയോടിക്കുന്നതല്ലേ.. ശ്രദ്ധ തെറ്റണ്ടാന്ന് കരുതീറ്റാ ."

.

"നീയിതാദ്യായിട്ടൊന്നല്ലല്ലോ വണ്ടിയോട്ടിക്ക്ന്നേ... ശാനന്റെ കാര്യം ആലോയിച്ചാണോ ഇൻക് ടെൻഷൻ..."

.

ഉമ്മ പണി പറ്റിച്ചു.. ഒരു കണക്കിനതൊരനുഗ്രഹമായി.. ഉപ്പാനോടെങ്ങനെ പറയുംന്ന് പേടി വേണ്ടല്ലോ.. 

.

"മുജീബ് ബുധനാഴ്ച വരുന്നുണ്ട്.. വന്നിട്ട് ഞാൻ ഓനോട് സംസാരിച്ച് നോക്കാ.. ന്റെ കൂടെ വരാൻ നിന്നതാ.. പക്ഷെ ലീവിന്റെ പ്രശനങ്ങൾ.. നിൻക്ക് കൂട്ടാൻ പോകാൻ പറ്റുവോ..,"

.

"അതിനെന്താ ഉപ്പാ.. പോകാലോ.. 

.

അങ്ങനെ ഉപ്പ സംസാരിക്കുമെന്ന ഉറപ്പും കിട്ടി.. ശാനന്റെ കൂടെ കോഴിക്കോട് വരെ ഒരു യാത്രയും.. ബുധനാഴ്ചവരെ എങ്ങനെ തള്ളി നീക്കിയെന്ന് നിക്ക് മാത്രമറിയാ... പക്ഷെ പരീക്ഷ കാരണം ശാന വരുന്നില്ല പറഞ്ഞപ്പോ സന്തോഷങ്ങളൊക്കെ എവിടേക്കോ ചെന്നൊളിച്ചു...

.

മൂന്നര മണിക്കൂർ നേരത്തെ യാത്രക്കും അരമണിക്കൂർ നേരത്തെ കാത്തിരിപ്പിനുമൊടുവിൽ പുറത്തെ ചില്ലുവാതിലിൽ കൂടി മജീബിക്ക നടന്നുവരന്നത് ഞങ്ങൾ കണ്ടു.. പുറത്തെ വാഹനത്തിരക്കിനും ആൾക്കാരുടെ ബാഹുല്യത്തിനുമിടയിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട ഞങ്ങൾ സംസാരത്തിന് തിരികൊളുത്തി.. മുജീബിക്ക ഫ്ലൈറ്റിലെ വിശേഷങ്ങൾ പറഞ്ഞോണ്ടിരുപ്പാണ്..

.

"അറിഞ്ഞില്ല, പറഞ്ഞില്ല എന്നൊന്നും വേണ്ട.. ഞായറാഴ്ച എല്ലാരേം കൂട്ടി വീട്ടിലേക്ക് വന്നോളണം.."

.

"എന്താപ്പോ ഞായറാഴ്ച.. ഇങ്ങള് വന്നേന്റെ പാർട്ടി ആണോ..?"

.

"അതൊന്നല്ല.. മ്മളെ ശാനാന്റെ പെണ്ണ് കാണലാണ്.."

പടച്ചോനെ.. ഇതിപ്പോ.. ഉപ്പ സംസാരിക്കുന്നേന് മുന്നേ കാര്യങ്ങൾ കൈവിട്ട് പോവാണല്ലോ... മനസ്സാന്നിധ്യം വീണ്ടെടുത്ത് ശബ്ദവ്യത്യാസമുണ്ടാക്കാതെ ഞാൻ വീണ്ടും സംസാരത്തിൽ പങ്കാളിയായി...

.

"ശാന സമ്മയിച്ചോ..?"

.

"ഓളോടൊന്നും പറഞ്ഞില്ല.. ഒരു സർപ്രൈസ് ആയിക്കോട്ടെ.. പരിചയത്തിലുള്ള ആള് തന്നെയാ ചെക്കൻ. ഓൾക്ക് ഇഷ്ടാകുവായിരിക്കും.. വലുതായി വരുവല്ലേ.. ഓരോന്ന് കേക്കുമ്പോ പേടിയാകുവാ.. അപ്പോ പിന്നെ കൂട്ടിൽ കയറ്റാന്ന് കരുതി..."

പിന്നീടങ്ങോട്ട് യാത്ര മൂകമായിരുന്നു.. തിരിച്ച് വീട്ടിലെത്തിയതും ഉപ്പാനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു.. നിസ്സഹകരണമായിരുന്നു തിരിച്ച്.. സ്വന്തം സുഹൃത്ത് ബന്ധം മകൻ തകർക്കരുതെന്നും എല്ലാവരുടെയും നല്ലതിന് വേണ്ടി എല്ലാം മറക്കണമെന്നുമുള്ള ഉപ്പയുടെ അപേക്ഷ കണ്ടില്ലെന്ന് നടിക്കാൻ മാത്രം കഠിനഹൃദയനായിരുന്നില്ല ഞാൻ.. 

മനസ്സ് കെട്ട് പൊട്ടിയ പട്ടം പോലെ പലയിടത്തായി സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.. ശാനയുടെ സ്നേഹവും ഉപ്പയുടെ അപേക്ഷയും ഹൃദയത്തിന്റെ തട്ടിലിട്ട് തൂക്കുമ്പോൾ ശാനയുടെ തട്ട് തൂക്കം കുറഞ്ഞ് തന്നെയിരുന്നു.. 21 വർഷം വളർത്തി വലുതാക്കിയ ഉപ്പയോളം വരില്ല മറ്റൊരാളും...

.

ദിവസങ്ങൾക്ക് പോയിതീരാൻ മടിയുള്ളത് പോലെ.. മുജീബിക്ക നാട്ടിലെത്തിയത് കൊണ്ട് തന്നെ ശാനയുടെ മെസ്സേജുകളും കോളുകളും കുറഞ്ഞിട്ടുണ്ട്.. വന്ന മെസ്സേജുകൾ കണ്ടില്ലെന്ന് വച്ചു.. അതിനുളള പരിഭവം പറച്ചിൽ അടുത്ത മെസ്സേജുകളിൽ കാണാം..

.

വരുന്നില്ലെന്ന് പറഞ്ഞ എന്നെ ഏറെ നിർബന്ധിച്ച് കൂടെ കൂട്ടി ഞായറാഴ്ച ഞങ്ങൾ പുറപ്പെട്ടു.. എപ്പൊഴും ഹൈബീറ്റ്സിൽ ശബ്ദിച്ചിരുന്ന കാറിലെ സ്റ്റീരിയോക്ക് ജലദോഷമായിരുന്നു അന്ന്.. എപ്പോഴും കളിചിരി നിറഞ്ഞിരുന്ന ഞങ്ങളുടെ യാത്ര മൂകമായിരുന്നു.. യാത്ര തുടങ്ങി അധികം കഴിയുന്ന മുന്നേ ആകാശം മൂടിക്കെട്ടി തുടങ്ങി.. ചാറ്റൽ മഴയായി വന്ന് വലിയൊരു ഇരമ്പലായി മഴ പെയ്തൊഴിഞ്ഞു.. എന്നിലെ സങ്കടങ്ങൾ പെയ്തൊഴിയാൻ കാത്തിരിപ്പുണ്ടായിരുന്നു..

.

മുജീബിക്കയുടെ വീട്ടിലെത്തിയിട്ടും കാർ റോഡരികിലേകിട്ട് ഞാൻ അതിലിരുന്നു.. അവളെങ്ങനെ എന്നേ ഫേസ് ചെയ്യും എന്നതായിരുന്നു എന്നെ അലട്ടിയിരുന്നത്.. മുജീക്കയുടെ നിർബന്ധത്തിൽ ഞാനകത്തെത്തി.. ഞങ്ങൾക്കായി ചായയുമായി വന്ന സെറീത്തയെ മുജീബിക്ക മടക്കി..

"നീ ശാനയുടെ കയ്യിൽ കൊടുക്ക്.. അവൾക്കൊരു പ്രാക്ട്ടീസ് ആയിക്കോട്ടെ.."

.

അകത്തേക്ക് ചെന്ന സെറീത്ത ശാനയെ ചായയുമായി ഞങ്ങളുടെ അടുത്തേക്കയച്ചു.. എന്നെ ചെറുക്കനാക്കി വേഷം കെട്ടിച്ച് എനിക്ക് ചായ തരാൻ പറഞ്ഞപ്പോ ഞെട്ടിയത് ഞാനും ശാനയും കൂടിയായിരുന്നു.. ഭാവിയിലൊരിക്കൽ സംഭവിക്കുമെന്ന് കരുതിയത് തമാശ രൂപത്തിൽ ഞങ്ങൾക്ക് മുന്നിൽ സംഭവിച്ചിരിക്കുന്നു..

.

"ചെറുക്കനെ ശെരിക്ക് നോക്കിക്കോ പിന്നെ കണ്ടില്ലെന്ന് പറയരുത്.."

ഞാനുപ്പയെ ദയനീയമായൊന്ന് നോക്കി.. ചായയുമായി എന്റെ മുന്നിൽ വന്ന ശാനയുടെ മുഖം തികച്ചും ദു:ഖസാന്ദ്രമായിരുന്നു.. കണ്ണിൽ പുറത്തേക്ക് വരാൻ വെമ്പികൊണ്ട് കണ്ണുനീർ കാത്തുനിൽക്കുന്നുണ്ട്..

.

"മുജീബിക്കാ.. ഞാനും ശാനയും തമ്മിൽ ഇഷ്ടത്തിലാ.. ഉപ്പാനോട് ഞാനിതൊക്കെ പറഞ്ഞതാ.. പക്ഷെ ഉപ്പാക്ക് ഇതിനേക്കാൾ വലുത് സ്നേഹബന്ധം ആയത് കൊണ്ട് മുജീക്കാനോട് പറയാൻ പറ്റാതെ പോയി.. മക്കളുടെ ഇഷ്ടമാണ് വലുതെങ്കിൽ ഓളെ എനിക്ക് തന്നൂടെ.."

.

ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് മുജീക്കയുടെ മുഖത്ത് നോക്കുമ്പോൾ എവിടുന്നാ ഇത്രയും ദൈര്യം വന്നതെന്ന് എനിക്ക് കൂടി ബോധ്യമുണ്ടായിരുന്നില്ല.. കുറച്ച് സമയത്തെ നിശബ്ദധയ്ക്ക് അവിടൊരു കൂട്ടച്ചിരി ഉയർന്നു

.

"ഡാ പോത്തെ.. വലുതായാ നിങ്ങൾ രണ്ടിനേം പിടിച്ച് കെട്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചതാ.. പക്ഷെ അതിനിടെ ഞങ്ങളറിയാതെ രണ്ടാളും കൂടി തീരുമാനമെടുത്തില്ലേ.. അതിനുള്ള പണിയായി ഇത് കണ്ടാമതി.. എന്റെ മോളെ കാണാൻ വരുന്ന ചെക്കൻ നീ തന്നെയാടാ.. നിങ്ങൾ രണ്ട് പേരുമറിയാതെ ഞങ്ങൾ നാലുപേരും കൂടി കളിച്ച നാടകം.. ഐഡിയ മൊത്തം എന്റെ ചങ്ങായിന്റെ വക.. എന്റെ മോളെ സുരക്ഷിതമായി കൈപിടിച്ചേൽപിക്കാൻ നിന്നെക്കാൾ നല്ലൊരാളെ എനിക്ക് കിട്ടില്ല.. നിന്റെ കൂടെ അവളെപ്പഴും സന്തോഷമയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.. എന്റെ ചങ്ങായി ഓളെ സ്വന്തം മോളായി നോക്കുംന്നും..."

.

നിറഞ്ഞ കണ്ണുമായി ഞാനുപ്പാനേം ഉമ്മാനേം നോക്കി... ഉമ്മയുടെ കണ്ണും നിറഞ്ഞിരിക്കുന്നു.. ഉപ്പാന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത സംതൃപ്തിയും

.

"സ്വന്തം മക്കളെ സന്തോഷവും സ്നേഹവും കണ്ടില്ലാന്ന് വെക്കുന്ന മാതാപിതാക്കളാ നമ്മളെന്ന് മോൻ കരുതിയോ.. നിങ്ങളല്ലേ ഞങ്ങളുടെ ലോകം.. നിങ്ങൾ സന്തോഷമായി ജീവിക്കുന്നത് കാണാനല്ലേ ഞങ്ങൾ മരുഭൂമീൽ ചെന്ന് കഷ്ടപ്പെടുന്നത്..മോൻ ചായ എടുക്ക്.. ന്റെ ശാനമോൾക്കും സന്തോഷായില്ലേ..."

.

ഉപ്പാന്റെ ചോദ്യം കേട്ടതും കണ്ണിൽ നിറഞ്ഞ കണ്ണീർ നേരെ ചായകോപ്പയിലേക്ക്.. സന്തോഷം കൊണ്ടുള്ള ആ കണ്ണുനീർ പതിച്ച ചായ തന്നെ ഞാനെടുത്ത് കുടിച്ചു.. 

.

"നല്ല കണ്ണീരിന്റെ മധുരമുള്ള ചായ...."

========================

"എന്നാലും നീയെന്ത് ധൈര്യത്തിലാടാ മുജീബിനോട് അങ്ങനൊക്കെ പറഞ്ഞത്.."

.

"ഇതൊക്കെ നിങ്ങടെ പ്ലാനിങ്ങ് ആണെന്ന് ഞാൻ അറിഞ്ഞിരുന്നു"

.

"എങ്ങനെ"

.

"ഉപ്പമാരായാൽ ചങ്ങായിമാരെ ഒക്കെ ഫോൺ വിളിക്കുമ്പോ മക്കൾ കേൾക്കുന്നുണ്ടോന്ന് നോക്കണം... ഇല്ലേൽ ഇങ്ങനൊക്കെ ഉണ്ടാകും.."

.

"ങേ.."

.

"ആഹ്..."

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}