‘കണ്ടിഷ്ടപ്പെടാൻ തുടങ്ങുന്നതിന് മുമ്പേ ആ നാട്ടുഭംഗിയും ആരോ കൊണ്ടുപോയി’

praying
Representative image. Photo Credit: szefei / Shutterstock.com
SHARE

രാജീവന്റെ കണ്ണുനീർ (കഥ)

രാജീവൻ ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ നിൽക്കുമ്പോളാണ് വല്യമ്മയെ കണ്ടത്. വല്യമ്മ തന്നെ കണ്ടെന്നുള്ളത് ഉറപ്പാണ്. പക്ഷേ, വല്യമ്മ യാതൊരു പരിചയഭാവവുമില്ലാതെ, അവിടെ നിൽക്കുന്ന ബസുകളുടെ ബോർഡുകൾ നോക്കി നടന്നു കളഞ്ഞു. 

സാധാരണ എപ്പോൾ കണ്ടാലും വാ തോരാതെ സംസാരിക്കാറുള്ള വല്യമ്മയ്ക്ക് ഇന്നിതെന്തു പറ്റി എന്നാലോചിക്കുന്നതിനിടയിൽ വെള്ളിനേഴിയ്ക്കുള്ള ബസ് വന്നു. രാജീവൻ പിൻവാതിലിൽ കൂടി ബസിൽ കയറിപറ്റി. അതിനിടയിൽ വല്യമ്മയും ആ ബസിൽ തന്നെ കയറുന്നത് കണ്ടു. ഇനി എന്തായാലും വെള്ളിനേഴിയിൽ ചെന്നിട്ട് ആളെ പിടിക്കാം.

കാന്തല്ലൂർ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ വളവിലാണ് രാജീവൻ ഇറങ്ങിയത്. അമ്പലത്തിന് നേരെ നടക്കുമ്പോൾ മുന്നിൽ വല്യമ്മ പോകുന്നത് കണ്ടു. ധൃതി പിടിച്ചുള്ള നടത്തമാണ്. തറവാട്ടിലെ അനുജത്തിയെ കാണാനുള്ള പോക്കാണ്. അയാളും വെള്ളിനേഴിയിലെ വല്യമ്മയെ കാണാനായിട്ട് തന്നെയായിരുന്നു ഇങ്ങോട്ട് പോന്നത്.

കാന്തല്ലൂർ വല്യമ്മയെന്നാണ് എല്ലാവരും വിളിക്കുന്നത്. വല്യച്ഛൻ അറിഞ്ഞുകൊടുത്ത പേരാണ്. അതിന് പുറകിലുള്ള കഥയെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്ന് തക്കം കിട്ടിയാൽ വല്യച്ഛനോട് ചോദിക്കണം. 

ഒരു ദിവസം ഈ നാട്ടിൻപുറത്ത് താമസിക്കണം. മനസ്സിനെ തരളമാക്കുന്ന പ്രകൃതിഭംഗിയാണ് ഈ നാടിന്. പണ്ടൊക്കെ കൊല്ലത്തിൽ അഞ്ചാറ് പ്രാവശ്യമെങ്കിലും വരാറുള്ളതാണ്. പിന്നെ ഇവിടെ വരുന്നതിന്റെ ഇടവേളയുടെ ദൈർഘ്യം കൂടി. ഇന്നിപ്പോൾ രണ്ട് ദിവസത്തെ ഒഴിവ് കിട്ടിയപ്പോൾ വെള്ളിനേഴി വല്യമ്മയേയും വല്യച്ഛനേയും കാണാൻ തന്നെ രാജീവൻ തീരുമാനിച്ചു. അങ്ങനെയാണ് ഇപ്പോൾ ഇവിടെയെത്തിയത്. ഏതായാലും ഈ വരവിൽ ഒറ്റപ്പാലം വല്യമ്മയെ കൂടി കാണാനും തരമായി.

ബസിറങ്ങി നേരെ ചെല്ലുന്നത് അമ്പലത്തിന്റെ കിഴക്കേ നടയിലേയ്ക്കാണ്. അവിടെ വലതുഭാഗത്തായിട്ടാണ് ക്ഷേത്രക്കുളം. ചുറ്റിനും കാട് പിടിച്ച് കിടക്കുകയാണെങ്കിലും പലരും അവിടെ കുളിക്കാൻ വരും. കുളത്തിനകം പായലും കാട്ടുചെടികളുമൊന്നുമില്ലാതെ വൃത്തിയാക്കി വച്ചിട്ടുണ്ട്. 

കിഴക്കേ നടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അമ്പലമതിൽ ചുറ്റി പടിഞ്ഞാറേ നടയിലെത്തണം. അവിടെ അമ്പലത്തിനേക്കാൾ പൊക്കത്തിലാണ് തറവാട്. വീടിന്റെ ഉമ്മറത്തിരുന്നാൽ അമ്പലത്തിന്റെ ഒരു വിഹഗവീക്ഷണം നടത്താം. വേറൊന്നും ചെയ്യാനില്ലെങ്കിലും അമ്പലത്തിൽ തൊഴാൻ വരുന്നവരുടെ നടപ്പും സംസാരവും കണ്ട് സമയം പോകുന്നതറിയില്ല. ഒരുൾനാടിന്റെ തനതുഭംഗിയും തനിമയും.

രാജീവൻ തറവാടിന്റെ പടികൾ കയറി ഉമ്മറത്തെത്തി. അയാൾ ചുറ്റിനുമുള്ള കാഴ്ചകൾ കണ്ട് വരുന്നനേരം കൊണ്ട് ഒറ്റപ്പാലം വല്യമ്മ വീടിനകത്ത് കയറിക്കൂടിയിരുന്നു. അയാൾ പുറകേ വരുന്ന വിവരം കിട്ടിയിട്ടായിരിക്കാം കാന്തല്ലൂർ വല്യമ്മ ഉമ്മറവാതിൽക്കൽ തന്നെ നിൽപുണ്ടായിരുന്നു. 

“എത്ര നാളായെടോ തന്നെ കണ്ടിട്ട്! ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്ന്വോ താനെന്ന് ഇന്നാളുകൂടി മൂപ്പര് ചോദിച്ചേയുള്ളു. താനല്ലെങ്കിൽ ഇടയ്ക്കൊക്കെ വരാറുള്ളതാണല്ലോ.” വല്യമ്മ സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു.

“ദാ, അതല്ലേ ഇപ്പോ ഇങ്ങോട്ട് തന്നെ വന്നത്. ജോലിയ്ക്ക് പോയി തുടങ്ങിയതിൽ പിന്നെ യാത്രയൊക്കെ കുറച്ച് അമാന്തത്തിലായി.” 

“എന്താ, അത്ര വലിയ ജോലിത്തിരക്കാണെടോ തനിയ്ക്ക്? ഈ വല്യമ്മേ മറക്കാൻ പാകത്തിന്!”

“അയ്യോ, ജോലിത്തിരക്കുമല്ല, വല്യമ്മയെ മറന്നിട്ടുമല്ല. മടി, അല്ലാതെന്താ! ശനിയുമുണ്ട് അരദിവസം പണി. പിന്നെ രണ്ടാം ശനിയാഴ്ച ഒഴിവാണ്. അതാണ് ഇന്നിങ്ങോട്ട് വച്ചുപിടിച്ചത്.”

“താൻ വന്നതെന്തായാലും നന്നായി. പഴയ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കാലോ. ഇന്നിനി ധൃതിപിടിച്ച് തിരിച്ച് പോകാനൊന്നും നിക്കണ്ടാട്ടോ. ഇവിടെ കൂടിയാൽ മതി. കാർന്നോർക്കും സന്തോഷമാകും.”

“അതുപിന്നെ അങ്ങനെ തന്നെ. വല്യമ്മേടെ ഉലുമാങ്ങ കൂട്ടി ഊണ് കഴിക്കാൻ തന്നെയാണ് ഒരുങ്ങിപ്പുറപ്പെട്ടത്.” 

“അകത്തേയ്ക്ക് വാ.” അതും പറഞ്ഞ് വല്യമ്മ ഉള്ളിലേയ്ക്ക് തിരിഞ്ഞു. 

രാജീവൻ വല്യമ്മയുടെ പുറകേ നടന്നു. “അതേയ്, ഒറ്റപ്പാലത്തു നിന്നും ഒരു സാധനം ഇങ്ങോട്ട് കേറി വരണ കണ്ടല്ലോ. ഞാൻ നോക്കി ചിരിച്ചിട്ട് കണ്ടഭാവം കാണിക്കാതെ നടന്നേക്കണു. എവിടെ ആ പത്രാസുകാരി?”

“ഞാനിവിടെ ഉണ്ടെടോ.” അതും പറഞ്ഞ് ഒറ്റപ്പാലം വല്യമ്മ അടുക്കളയിൽ നിന്നും തളത്തിലേയ്ക്ക് വന്നു. “തന്നെ കാണാഞ്ഞിട്ടൊന്നുമല്ല മിണ്ടാഞ്ഞത്. പിന്നെ ഈ വയസ് കാലത്ത് ഞാനെന്ത് പത്രാസ് കാട്ടാനാ!”

“പിന്നെന്താ മിണ്ടാതെ മാറിക്കളഞ്ഞത്?” രാജീവൻ ഗൗരവം വിട്ടില്ല.

“എനിയ്ക്ക് ചെവി പതുക്കെയാണെന്ന് തനിയ്ക്കറിഞ്ഞൂടെ? താനവിടെ നിന്ന് എന്തെങ്കിലും പറയും. എനിയ്ക്കതൊട്ട് മനസ്സിലാവേമില്ല. ഞാൻ ഉറക്കെ എന്താ പറഞ്ഞേന്ന് ചോദിക്കണ കേട്ടിട്ട് വേണം അവിടെ നിക്കണവരെല്ലാം കൂടി എന്നെ നോക്കി ചെകിടീന്ന് വിളിച്ച് ചിരിക്കാൻ. അത് വേണ്ടാന്ന് വച്ചിട്ടാ ഞാൻ തന്നെ നോക്കാതെ നിന്നത്.” 

അത് കേട്ട് രാജീവൻ പൊട്ടിച്ചിരിച്ചുപോയി. എന്തൊരു ബുദ്ധിയാ! “സമ്മതിച്ചിരിക്കുന്നു, വല്യമ്മെ!”

“ഇനിയിപ്പോ താൻ എന്ത് വേണമെങ്കിലും പറഞ്ഞോ. ചെകിടടച്ച് സംസാരിച്ചാലും നമ്മളല്ലേയുള്ളു കേൾക്കാൻ.” 

“വല്യച്ഛനെ കണ്ടില്ലല്ലോ?” രാജീവൻ കാന്തല്ലൂർ വല്യമ്മയോടാരാഞ്ഞു.

“മൂപ്പര് സെന്ററിലേയ്ക്ക് പോയതാ. പഴമക്കാരുടെ സെറ്റ് ദാസന്റെ കടേല് കൂടീട്ടൊണ്ടാകും. മുണ്ടായേന്ന് അനിയൻ വരണൊണ്ട്. നാളെ ഇവിടെയടുത്തൊരു കല്യാണത്തിന് പോകാൻ. ഇനിയിപ്പോ അങ്ങേരേം കൂട്ടീട്ടേ കാർന്നോര് തിരിച്ചെത്തുള്ളു.”

“ഉച്ചയ്ക്കുണ്ണാറുകുമ്പോഴേയ്ക്കും എത്തുമായിരിക്കുമല്ലേ?” 

“അവരെപ്പോഴെങ്കിലും വരട്ടെ. താൻ മോളിലെ മുറിയിൽ പോയി ഉടുപ്പെല്ലാം മാറ്റി വായോ. എന്നിട്ടാവാം പലഹാരം.” വല്യമ്മ അതും പറഞ്ഞ് അടുക്കളയിലേയ്ക്ക് പോയി.

രാജീവൻ മരംകൊണ്ടുള്ള കോണിപ്പടികൾ കയറി മുകളിലെത്തി. ഇവിടെ വന്നാൽ സ്ഥിരം ഈ മുകളിലെ മുറിയാണ് രാജീവന് കിടക്കാൻ. അയാൾക്കും അതിഷ്ടമാണ്. മുകളിലെ വരാന്തയിലിരുന്നാൽ അമ്പലം വിശദമായി കാണാം. അയാൾ വരാന്തയിലേയ്ക്കിറങ്ങി നിന്നു.

കഴിഞ്ഞ തവണ ഇങ്ങനെ നിൽക്കുമ്പോളാണ് അമ്പലത്തിൽ തൊഴാൻ വന്ന ആ സുന്ദരിക്കുട്ടിയെ കണ്ടത്. എന്തൊരു രസമുള്ള നടത്തവും മട്ടും ഭാവവും! അയാൾക്കേറ്റവും ഇഷ്ടപ്പെട്ട ദാവണിയാണുടുത്തിരിക്കുന്നത്. മദ്രാസിൽ പഠിക്കുമ്പോൾ തൊട്ട് തുടങ്ങിയ ഭ്രമമാണ് ദാവണിയിൽ. ദാവണിയുടുക്കുന്ന പെൺകുട്ടികൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്. അത് പറയാതെ വയ്യ.

ആ നാടൻ സൗന്ദര്യം കണ്ടപ്പോൾ എംടിയുടെ നോവലിലെ കഥാപാത്രങ്ങളെയാണ് ഓർത്തത്. അപ്പോൾപിന്നെ ആ കുട്ടിയുടെ പേര് വല്ല ദേവൂന്നോ മറ്റോ ആയിരിക്കുമെന്ന് തീരുമാനിച്ചു. പിന്നീട് കുറച്ചപ്പുറത്ത് താമസിക്കുന്ന രാവുണ്ണി അനുജത്തിയുടെ കല്യാണനിശ്ചയമാണെന്ന് പറയാൻ വന്നപ്പോളാണ് അത് അയാളുടെ അനുജത്തി പ്രിയംവദയാണെന്ന് മനസ്സിലായത്. ദാവണിയുടുത്ത നാടൻപെണ്ണിന് പറ്റിയ പേര്!

എന്തായാലും കണ്ടിഷ്ടപ്പെടാൻ തുടങ്ങുന്നതിന് മുമ്പേ ആ നാട്ടുഭംഗിയും ആരോ കൊണ്ടുപോയി. അയാൾക്കത് ആദ്യ അനുഭവമല്ലാത്തതുകൊണ്ട് മനസ്സിലെ വേദന കണ്ണുനീരായി മാറുന്നതിന് മുന്നെ മാറ്റിവച്ചു.

രാജീവൻ വരാന്തയിൽ നിന്ന് അമ്പലത്തിന് ചുറ്റും നോക്കി. ഇവിടെയൊക്കെ ഉച്ചപ്പൂജ പതിനൊന്നിന് മുന്നെ തീരും. അമ്പലമടച്ച് എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. വിജനമായ ക്ഷേത്രാങ്കണം. മതിൽക്കെട്ടിന് വെളിയിലും ആരേയും കാണാനില്ല. ഇനി വൈകുന്നേരമാകണം ഇവിടമെല്ലാം ജീവൻ വയ്ക്കാൻ. ഈയിടങ്ങളിൽ താമസിക്കുന്നവരും ഈ അമ്പലവും വളരെയധികം ഇഴുകിച്ചേർന്നിരിക്കുന്നു.

അമ്പലത്തിന്റെ ഇരുവശവും മരങ്ങൾ തിങ്ങിവളരുന്ന പറമ്പുകളാണ്. പ്രകൃതി കനിഞ്ഞരുളിയ ഹരിതാഭ വെട്ടി നശിപ്പിക്കാതെ കൊണ്ടുനടക്കുന്നവരാണ് ഇവിടെയുള്ളവർ. എത്ര നാളുണ്ടാവും പരിസ്ഥിതിയെ സംരക്ഷിക്കുന്ന മനഃസ്ഥിതിയെന്ന് കണ്ടറിയണം. കെട്ടിടസമുച്ഛയങ്ങൾ പണിയുന്ന ഒരു കോൺട്രാക്റ്റർ എത്തിയാൽ തീരുന്ന സ്നേഹമേ മനുഷ്യന് പ്രകൃതിയോടുള്ളു.

വരാന്തയിലെ കൈവരിയിൽ കൈകുത്തി നിന്ന് അമ്പലവും അതിന് ചുറ്റുപാടും നോക്കിക്കൊണ്ട് നിൽക്കുമ്പോൾ രാജീവന്റെ മനസ്സ് നാലഞ്ച് കൊല്ലങ്ങൾ പുറകിലേയ്ക്ക് കുതിച്ചു.

താഴെ വാരന്തയിൽ നിന്ന് അമ്പലത്തിലേയ്ക്ക് വരുന്നവരെ നോക്കിക്കാണുകയായിരുന്നയാൾ. പല പ്രായത്തിലുമുള്ളവർ വൈവിധ്യമാർന്ന ഉടയാടകളിൽ അവരുടെ പ്രിയപ്പെട്ട ദേവനെ കാണാൻ എത്തുന്നവർ. പ്രാർത്ഥനകൾക്കിടയിലും സ്വന്തക്കാരേയും കൂട്ടുകാരേയും കാണുമ്പോൾ എത്രയോ നാളായി കണ്ടിട്ടെന്ന ഭാവേന പിടിച്ചുനിർത്തി സംസാരിക്കുന്നു. പ്രദക്ഷിണവഴിയിൽ നടക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ കൂടിനിന്ന് ആശയവിനിമയം നടത്തുന്നവരായിരുന്നു. 

രാജീവന് അമ്പലത്തിൽ പോകുന്നതിനേക്കാളിഷ്ടം തൊഴാൻ വരുന്നവരെ കാണാനായിരുന്നു. തറവാട്ടു വരാന്ത അതിന് പറ്റിയ ഇടം തന്നെ.

അപ്പോഴാണ് അയാൾ ആ പെൺകുട്ടിയെ കണ്ടത്. കല്യാണി!

“രാജീവാ, പലഹാരോം കാപ്പീം എടുത്ത് വച്ചിരിക്കുന്നു. താഴേയ്ക്ക് വാ.” വല്യമ്മയുടെ വിളി അയാളെ ചിന്തകളിൽ നിന്നുണർത്തി. 

അയാൾ വേഗം പാന്റ് മാറി മുണ്ടുടുത്ത് കോണിപ്പടികളിറങ്ങി. അപ്പോളാണ് അയാൾ ഓർത്തത്, ഈ കോണിപ്പടികളിൽ ഏതോ ഒന്ന് കള്ളന്മാരെ പറ്റിക്കാൻ ഇളക്കി വയ്ക്കുന്ന കാര്യം. അയാൾ വളരെ ശ്രദ്ധയോടെ ഓരോ പടിയായി കാലെടുത്ത് വച്ച് താഴെയിറങ്ങി.

രാജീവന്റെ നടത്തം കണ്ട് വല്യമ്മ ചിരിക്കാൻ തുടങ്ങി. “താൻ പേടിക്കാതിങ്ങ് ഇറങ്ങി വാ. പടികളെല്ലാം ഉറപ്പിച്ചാണ് വച്ചിരിക്കുന്നത്.”

“അല്ലാ, ഇതിലേതോ ഒരു പടി കള്ളന്മാർക്ക് വേണ്ടി ഇളക്കി വയ്ക്കാറില്ലേ?” കൈവരി പിടിച്ച് രാജീവൻ പടികളിറങ്ങി താഴെയെത്തി.

“അതിന് താൻ കള്ളനല്ലല്ലോ! രാത്രിയിലല്ലേ അത് വേണ്ടു. താഴെ നിന്നുള്ള ആറും ഏഴും പടികളാണ് ഇളക്കാവുന്നത്. അതറിയാതെ മുകളിൽ നിന്നിറങ്ങി വരുന്നവരായാലും മുകളിലേയ്ക്ക് കയറി പോകുന്നവരായാലും ഏതെങ്കിലും ഒരു പടിയിൽ കാല് കുടുങ്ങി വീഴുമെന്നുള്ളതുറപ്പാണ്. ഇതൊക്കെ പണ്ടത്തെ കാലത്ത് ആവശ്യമായിരുന്നു. ഇന്നിപ്പോൾ ഇവിടെയാര് കക്കാൻ വരാനാണ്?”

“പണ്ടത്തെ ആ ആശാരിയുടെ കഴിവ് അപാരം. മുകളിലെ മുറിയിലെ മേൽത്തട്ടിലുള്ള രഹസ്യ അറ ഇത്തവണയും എനിയ്ക്ക് കണ്ടുപിടിക്കാനായില്ല. മിടുമിടുക്കൻ ആശാരി തന്നെ!” രാജീവൻ തീൻമേശയ്ക്കരികിലുള്ള ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു. കടലാസ് പോലെ നേർത്ത ദോശയും തേങ്ങാചട്ണിയും. വല്യമ്മയുടെ കാപ്പിയ്ക്കും ഒരു പ്രത്യേകരുചിയാണ്.

രണ്ട് വല്യമ്മമാരോടും നാട്ടുവിശേഷവും വീട്ടുവിശേഷവും പറഞ്ഞിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.

“നാളെ രാവിലെയാണ് കല്യാണം. ഇവിടെ കാന്തല്ലൂരമ്പലത്തിൽ വച്ച് തന്നെ. താനും പോരെ. കല്യാണോം കൂടി സദ്യേം ഉണ്ട് പോരാം. എന്താടോ?” വല്യമ്മ രാജീവനേയും ക്ഷണിച്ചു.

“അയ്യേ, ആരാന്ന് പോലുമറിയാതെ! ഞാനെങ്ങുമില്ല അങ്ങനെയൊരു സദ്യയ്ക്ക്.” രാജീവൻ പറഞ്ഞു.

“അതിനിപ്പോ എന്താ? താനറിയുന്ന ആള് തന്നെ. ആ പഴയ കല്യാണിയുടെ ചിറ്റേടെ മോൾടെ കല്യാണാ.” വല്യമ്മ ഒരു കുസൃതിച്ചിരിയോടെ അയാളെ നോക്കി.

കല്യാണി. ആ പേര് കേട്ടിട്ട് കുറേ നാളുകളായിരിക്കുന്നു. അയാളുടെ മനസ്സ് അത് കേട്ട് ത്രസിച്ചു. “ഓ, ആ കുട്ടീടെയാണോ? ഏതായാലും ഇവിടെ തന്നെയല്ലേ. ഞാനും വരാം.” അവളേയും കാണാൻ പറ്റുമായിരിക്കും. അതായിരുന്നു അയാളുടെ മനസ്സിൽ. ഇനിയിപ്പോൾ കാര്യമില്ലെങ്കിലും വെറുതെയൊന്ന് കാണാൻ, മിഴിവാർന്ന ആ കണ്ണുകളിലെ തീക്ഷ്ണത ഇപ്പോഴുമുണ്ടോയെന്നറിയാൻ!

“അങ്ങനെ വാ. താൻ ‘നോ’ പറയില്ലെന്നെനിയ്ക്ക് തോന്നിയിരുന്നു. ആ കുട്ടിയിപ്പോൾ ഭർത്താവിനോടൊപ്പം തുർക്കിയിലോ മറ്റോ ആണെന്നാണ് കേട്ടത്. ഒരു കൊച്ചുമായി.”

അപ്പോഴേയ്ക്കും പടി തുറക്കുന്ന ശബ്ദം കേട്ടു. “മൂപ്പര് എത്തിയിരിക്കുന്നു.” അതും പറഞ്ഞ് വല്യമ്മ എഴുന്നേറ്റു. രാജീവനും ഒപ്പം എഴുന്നേറ്റ് വരാന്തയിലേയ്ക്ക് ചെന്നു.

വല്യച്ഛനോടൊപ്പം മുണ്ടായ വല്യച്ഛനും എത്തിയിട്ടുണ്ട്. അയാളെ കണ്ടപ്പോൾ രണ്ടാൾക്കും സന്തോഷമായി. അയാൾ അവരെ മാറി മാറി കെട്ടിപ്പിടിച്ചു. പിന്നെയവിടെയിരുന്ന് സംസാരം തുടങ്ങി. വല്യമ്മമാരും കൂടി.

“രാജീവാ, ഇതൊക്കെ വിറ്റേച്ച് കുട്ടികളുടെ കൂടെ പോയി താമസിക്കാന്നാ ഈ കാന്തല്ലൂരമ്മ പറയണത്. ഇത് വിട്ട് പോകാനേ! എന്നെ കിട്ടൂല്ല.” വെള്ളിനേഴി വല്യച്ഛൻ പറഞ്ഞു.

“ഇത്രേം ഭംഗിയുള്ള ഈ പ്രകൃതീം പുരാതന അന്തസ്സുയർത്തി നിൽക്കുന്ന ഈ വീടും മനസ്സീന്ന് മാറാതെ നിൽക്കണ കൂട്ടത്തിലാ. ഈ വീടിന്റെ വാസ്തുവിദ്യ തന്നെ പ്രൗഢഗംഭീരം! നിങ്ങളിവിടുണ്ടെങ്കിൽ എനിയ്ക്കും ഇങ്ങനെ വല്ലപ്പോഴും വന്ന് ഇതെല്ലാം ആസ്വദിക്കാം.” രാജീവൻ വല്യമ്മയെ നോക്കിയാണ് പറഞ്ഞത്.

“തനിയ്ക്ക് അതൊക്കെ പറയാം. പക്ഷേ, വേനൽകാലത്ത് വെള്ളം കിട്ടാണ്ടെ വെഷമിക്കണത് ഞങ്ങളല്ലേ. ജോലി മതിയാക്കി വന്നപ്പോ കിട്ടിയ കാശെല്ലാം കിണറിമ്മേ ചെലവാക്കി. എന്നിട്ട് വല്ല കാര്യോണ്ടായോ?” കാന്തല്ലൂർ വല്യമ്മ കലിപ്പിലായിരുന്നു.

“എന്റെ കാലശേഷം എന്താച്ചാ ചെയ്യേം എവിടെയ്ക്കാച്ചാ പോവേം ആയിക്കോട്ടെ. അതുവരെ ഞാനിവിടെ തന്നെ.” വല്യച്ഛൻ ഉറപ്പിച്ചു.

തനിയ്ക്കിഷ്ടപ്പെട്ട ഈ വീടും പരിസരവും വീട്ടുകാരും. ഇതെല്ലാം എത്ര നാളെന്നാലോചിക്കുമ്പോൾ രാജീവന് കണ്ണുകൾ നിറഞ്ഞു. 

“എന്താ ആർക്കും ഉണ്ണാറായില്ലേ? വയറ് കാളാൻ തുടങ്ങിയിരിക്കണു.” മുണ്ടായ വലിയച്ഛനായിരുന്നത്. ചെവി കുറച്ച് പതുക്കെ ആയതിനാൽ അവിടെ സംസാരിച്ചതൊന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.

“അത് ശരിയാ. ഇനി ഊണു കഴിച്ചിട്ട് മതി ബാക്കി.” ഒറ്റപ്പാലം വല്യമ്മ എഴുന്നേറ്റു. കൂടെ കാന്തല്ലൂർ വല്യമ്മയും.

വല്യമ്മയുടെ കൈപുണ്യം അനുഗ്രഹിച്ച കറികളും കൂട്ടിയുള്ള ഊണ് രാജീവൻ ആസ്വദിച്ചു കഴിച്ചു. 

ഉച്ചയൂണ് കഴിഞ്ഞുള്ള മയക്കത്തിന് പ്രായമേറിയവർ തെയ്യാറാകുന്നത് കണ്ടപ്പോൾ രാജീവൻ കോണിപ്പടി കയറി മുകളിലെത്തി. അയാൾക്ക് ഉച്ചയ്ക്കുറങ്ങുന്ന ശീലമില്ല. അതുകൊണ്ട് വരാന്തയിൽ പോയി കാഴ്ചകൾ കണ്ടുനിന്നു.

നേരെ മുന്നിൽ ഉറങ്ങികിടക്കുന്ന അമ്പലം കണ്ടപ്പോൾ അയാളുടെ മനസ്സ് കല്യാണിയിലേയ്ക്ക് തിരിഞ്ഞു. അന്ന് വരാന്തയിൽ നിന്നും അമ്പലത്തിൽ വരുന്നവരെ നോക്കിക്കാണുമ്പോൾ കൂട്ടത്തിൽ പ്രത്യക്ഷമായ ആ സുന്ദരവദനം!

അയാളന്നതാദ്യമായി കാന്തല്ലൂർ അമ്പലത്തിൽ തൊഴാൻ കയറി.

മുകളിൽ നിന്നും കാണുന്നതിനേക്കാൾ കൂടുതൽ തിരക്ക് അയാൾക്കനുഭവപ്പെട്ടു. ആ സുന്ദരിയെ തേടി രണ്ട് പ്രദക്ഷിണം വയ്ക്കേണ്ടി വന്നു. അപ്പോഴേയ്ക്കും അവൾ നാലമ്പലത്തിനകത്തേയ്ക്ക് കയറിയിരുന്നു. അയാളും കൂടെ കയറി. ഒടുവിൽ ശ്രീകോവിലിന് മുന്നിൽ വച്ച് അയാൾ അവളുടെ സമീപമെത്തി. അവൾ കണ്ണുകളടച്ച് കൈകൾ കൂപ്പി ശ്രീകൃഷ്ണഭഗവാനെ തൊഴുത് നിൽക്കുന്നത് അയാൾ അടുത്ത് നിന്ന് കൺകുളിർക്കെ കണ്ടു. 

എത്ര ഐശ്വര്യമുള്ള മുഖം! മെറൂൺ നിറത്തിലുള്ള പൊട്ട്. അല്പം നീണ്ടമുഖത്തിന് ചേരുന്ന നാസിക. സ്വല്പം ഉയർന്ന കവിളെല്ലുകൾ നാസികയുടെ ഇരുവശത്ത് നിന്നും വരച്ച വരകൾ പോലെ നേർത്ത ചുണ്ടുകളുടെ രണ്ടറ്റത്തുമായി വന്നുചേരുന്നു. ചിരിച്ചാൽ നുണക്കുഴി തെളിയുമെന്നതുറപ്പാണ്. സമൃദ്ധമായ തലമുടി ഒരു മുടിനാരിഴയാൽ ബന്ധിച്ചപോലെ ഭംഗിയായി ഇടുപ്പ് വരെ വിടർത്തിയിട്ടിരിക്കുന്നു. പട്ടു പാവാടയും ബ്ലൗസുമാണ് വേഷം. അയാൾ മനസ്സിൽ കാണാറുള്ള ഗ്രാമീണസുന്ദരി!

അയാൾ നോക്കിനിൽക്കുന്നതിനിടയിൽ അവൾ കണ്ണുകൾ തുറന്നു. അയാളുടെ നേരെ ഒന്ന് നോക്കി. വിടരുന്ന പുഞ്ചിരിയിൽ നുണക്കുഴി തെളിഞ്ഞു. തവിട്ടിൽ നിന്നും ചുവപ്പിലേയ്ക്ക് അടുക്കുന്ന ചുണ്ടുകൾക്കിടയിൽ മുല്ലപ്പൂമൊട്ടുകൾ. കൺമഷിയെഴുതിയ അവളുടെ കണ്ണുകളിൽ തീക്ഷ്ണമായ ഏതോ വികാരം അലയടിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അവൾ നടന്നുനീങ്ങിയത് ആ നോട്ടത്തിൽ മയങ്ങി നിന്നിരുന്ന രാജീവൻ അറിഞ്ഞില്ല.

പുറകിലുള്ളവർ തൊഴാനായി തിക്ക് കൂട്ടിയപ്പോളാണ് അയാൾക്ക് സ്ഥലകാലബോധമുണ്ടായത്. തന്റെ മനസ്സിൽ കയറിപറ്റിയ ആ കുട്ടി അവിടെയില്ലെന്ന് മനസ്സിലായതോടെ അയാൾ തിരക്ക് പിടിച്ച് മുന്നോട്ട് നീങ്ങി. പക്ഷേ, അവളെ പിന്നെ നാലമ്പലത്തിൽ കണ്ടില്ല. പുറത്തേയ്ക്കിറങ്ങിയപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കുട്ടി കാന്തല്ലൂർ വല്യമ്മയോടൊപ്പം സംസാരിച്ച് നിൽക്കുന്നത് കണ്ടു.

രാജീവൻ അടുത്തെത്തിയപ്പോൾ വല്യമ്മ പരിചയപ്പെടുത്തി.

രാവുണ്ണിയുടെ അയൽപക്കമാണ്. അറിയപ്പെടുന്ന പാട്ടുകാരി മീനാക്ഷിയുടെ മകൾ. അച്ഛൻ രാമചന്ദ്രൻ പാട്ടിലെ ഭ്രമം കാരണമാണ് മീനാക്ഷിയെ കല്യാണം കഴിച്ചത്. അതുകൊണ്ട് ആദ്യത്തെ കുട്ടിയ്ക്ക് കല്യാണി എന്ന് പേരിട്ടു. അച്ഛന് പ്രിയങ്കരമായ രാഗം അതായിരുന്നു. നാടൻ പെണ്ണിന് പറ്റിയ പേര് തന്നെ.

രാജീവൻ കിട്ടിയ അവസരം പാഴാക്കാതെ കല്യാണിയുമായി സംസാരിച്ചു. മൂന്ന് ദിവസത്തെ താമസത്തിനിടയിൽ പലവട്ടം കല്യാണിയെ കണ്ടു. അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് സംസാരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ വായനയുടെ ഗുണം അപ്പോൾ അയാൾക്ക് ശരിക്കും മനസ്സിലായി. കാണാത്ത സ്ഥലങ്ങളെ പറ്റി വായിച്ചത് ഓർത്തെടുത്ത് പറയുമ്പോൾ അവൾ കരുതിയത് അയാൾ അവിടങ്ങളെല്ലാം സന്ദർശിച്ചിട്ടുണ്ടെന്നായിരുന്നു. കല്യാണിയെന്ന പേരിനെ ചുരുക്കി ‘കല്ലൂ’ എന്ന് അയാൾ വിളിച്ചത് അവൾക്ക് വളരെ ഇഷ്ടപ്പെട്ടു.

പിന്നെ മാസത്തിലൊരിക്കൽ എന്ന മട്ടിൽ രാജീവൻ വെള്ളിനേഴിയിലെ വല്യച്ഛനേയും വല്യമ്മയേയും കാണാൻ എത്തുമായിരുന്നു. കല്യാണിയുമായുള്ള സൗഹൃദം തഴച്ചുവളരാൻ അത് കാരണമായി. ഉപരിപഠനത്തിന് മദ്രാസിലേയ്ക്ക് പോയതോടെ അവളെ കാണാനുള്ള വരവ് സാധിക്കാതെയായി. കത്തെഴുതുവാനുള്ള ധൈര്യമില്ലായിരുന്നു.

പഠിത്തം കഴിഞ്ഞ് ഒരു ജോലി കിട്ടിയാൽ കല്യാണിയെ സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. പക്ഷേ, അവളോട് ഒരിക്കലും ആ വിധത്തിൽ പെരുമാറിയിരുന്നില്ലെന്നുള്ളത് വാസ്തവം. പ്രണയത്തിനോടടുത്ത് അവളോട് അയാൾ ആകെ പറഞ്ഞിട്ടുള്ളത്, “തന്റെ കണ്ണുകളിൽ കാണുന്ന തീക്ഷ്ണത, അതേത് വികാരമായാലും ശരി, മെഡൂസയുടെ കണ്ണുകളെ ഓർമ്മിപ്പിക്കുന്നു.” ഗ്രീക്ക് പുരാണങ്ങളെ പറ്റി വിവരമില്ലാതിരുന്ന അവൾക്ക് അന്ന് മെഡൂസയുടെ കഥ പറഞ്ഞുകൊടുക്കേണ്ടി വന്നുവെന്നല്ലാതെ പ്രണയത്തെ പറ്റി സംസാരിക്കാൻ അതൊരവസരം ഒരുക്കിയില്ല.   

അപ്പോൾപിന്നെ അമ്മാവന്റെ മകനുമായി അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ അവൾ എതിർക്കാഞ്ഞതിന് അവളെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ.

മദ്രാസിൽ ജോലിയിൽ പ്രവേശിച്ച് മൂന്നുനാല് ദിവസത്തെ അവധിയിൽ നാട്ടിൽ വന്നപ്പോൾ ആദ്യം പോയത് വെള്ളിനേഴിയിലേയ്ക്കായിരുന്നു. കല്യാണിയെ കാണാനുള്ള അഗാധ വാഞ്ചയോടെയായിരുന്നു ആ യാത്ര. അവിടെയെത്തി കാന്തല്ലൂർ വല്യമ്മയെ കണ്ടതോടെ സൂചിമുനയാൽ കുത്തിപ്പൊട്ടിച്ച ബലൂൺ പോലായി മനസ്സ്. കല്യാണിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു.

അയാളുടെ മനസ്സ് നേരത്തെ അറിഞ്ഞിരുന്ന വല്യമ്മ സമാധാനിപ്പിച്ചു. “അല്ലെങ്കിലും തന്റെ നാള് മകയിരം അതുമായി ചേരില്ല, മുന്നാളാണ്.”

കണ്ണുകൾ നിറഞ്ഞെങ്കിലും വല്യമ്മയുടെ മുന്നിൽ നഷ്ടദുഃഖത്തിന്റെ വേദന മനസ്സിലൊതുക്കി നിന്നു. 

പിന്നീട് കല്യാണിയെ പറ്റി കേൾക്കുന്നത് ഇന്നാണ്. നാളെ അവളെ ഒന്നുകൂടി കാണാം. രാജീവന്റെ മനസ്സ് കുളിർത്തു. അയാളറിയാതെ യേശുദാസിന്റെ ഗാനം ചുണ്ടുകളിൽ തത്തിക്കളിച്ചു. “കാഞ്ചിപട്ടുടുത്തി കസ്തൂരിപ്പൊട്ടു വൈയ്ത്ത്, ദേവത പോൽ നീ നടന്തു വരവേണ്ടും...”

ഇത്തവണത്തെ വരവിൽ അപ്രതീക്ഷിതമായ ഒരു മധുരം നുണഞ്ഞ പ്രതീതി. അയാളുടെ മനസ്സ് അയാളറിയാതെ തുടിച്ചു. വല്ലാത്തൊരു ഉഷാറ്! തൊടിയിൽ ചുറ്റി നടക്കാൻ തീരുമാനിച്ച് രാജീവൻ താഴെയിറങ്ങി.

പടിഞ്ഞാറേ തൊടിയിൽ കറങ്ങി നടക്കുന്നതിനിടയിൽ ഉമ്മറത്തു നിന്നും സംസാരം കേട്ടു. ആരോ വന്നിരിക്കുന്നു. രാജീവൻ തെക്കുഭാഗം ചുറ്റി വീടിന്റെ മുന്നിലെത്തി. രാവുണ്ണിയാണ്.

“ഓ, താനുമിവിടെയുണ്ടായിരുന്നോ?” രാവുണ്ണിയുടെ ചോദ്യത്തിന് രാജീവൻ ഒരു പുഞ്ചിരി മറുപടിയായി നൽകി.

വല്യച്ഛന്മാരും വല്യമ്മമാരും ഉച്ചയുറക്കം കഴിഞ്ഞ് വരാന്തയിൽ കൂടിയിട്ടുണ്ട്. വെള്ളിനേഴി വല്യച്ഛൻ പതിവുപോലെ അദ്ദേഹത്തിന്റെ ചാരുകസേരയിലാണ് ഇരുപ്പ്. ആ സ്ഥാനം വേറെയാർക്കും വിട്ടുകൊടുക്കാറില്ല, വല്യച്ഛൻ.

“ഉച്ചയ്ക്ക് നിങ്ങൾ നാലാളും കൂടി പറഞ്ഞ രഹസ്യം ഞാൻ എന്റെ വീട്ടിലിരുന്ന് കേട്ടൂട്ടോ!” രാവുണ്ണി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചുപോയി. വയസ്സാകുമ്പോൾ കാത് പതുക്കെയാകും; അപ്പോൾ അറിയാതെ സംസാരത്തിന്റെ ശബ്ദം പൊങ്ങും. അതിൽ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കുറച്ചുനേരം കൂടി നാട്ടുവർത്തമാനം പറഞ്ഞിരുന്നിട്ട് രാവുണ്ണി എഴുന്നേറ്റു. “അപ്പോൾ നാളെ എല്ലാവരേയും അമ്പലത്തിൽ കാണാം. രാജീവനും വരണട്ടോ.”

രാജീവൻ തലയാട്ടി. അപ്പോൾ കാന്തല്ലൂർ വല്യമ്മ ചോദിച്ചു, “തുർക്കിക്കാരൊക്കെ എത്തിയോടോ?”

“അതാണിപ്പോ വെഷമമായത്. അവരുടെ ഫ്ലൈറ്റിനെന്തോ പ്രശ്നമെന്നൊക്കെ പറഞ്ഞ് അവർക്ക് വരാൻ പറ്റിയില്ല. ആര് വന്നാലുമില്ലെങ്കിലും കല്യാണം നടത്താതെ പറ്റില്ലല്ലോ.” രാവുണ്ണി വല്യമ്മയോടാണ് വിവരിച്ചതെങ്കിലും ഇടങ്കണ്ണിട്ട് തന്നെ നോക്കുന്നുണ്ടെന്ന് രാജീവന് തോന്നി.

“അത് കഷ്ടായില്ലേടോ,” എന്ന് വല്യമ്മ പറയുന്നതിനിടയിൽ രാവുണ്ണി നടന്നുനീങ്ങിക്കഴിഞ്ഞിരുന്നു.

വല്യമ്മ രാജീവനെ നോക്കുമ്പോൾ കണ്ണിൽ നിറയാൻ തുടങ്ങിയ കണ്ണുനീർ കാണാതിരിക്കാൻ അയാൾ തെക്കുപുറത്തെ മാവിന്റെ മുകളിലിരിക്കുന്ന കൂമനെ നോക്കുകയായിരുന്നു.

“മാവ് നിറയെ പൂത്തിരിക്കുന്നു!” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

കൂമന്റെ ചുവന്ന കണ്ണുകളിൽ മെഡൂസയെ പോലെ തീക്ഷ്ണതയേറിവന്നു.       

santhosh-gangadharan
സന്തോഷ് ഗംഗാധരൻ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}