ADVERTISEMENT

ചില സദാചാര ആളുകളുടെ ബസ് സ്റ്റോപ്പ്‌ വെട്ടിപൊളിക്കൽ നാടകത്തോട് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് തിരുവനന്തപുരം C.E.T എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതിൽ മാനസിക നില തകർന്ന ചില ആങ്ങളമാർ / അമ്മാവന്മാർ ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ മുറിച്ച് വേർതിരിച്ചുവച്ചു. ഇത് മനസ്സിലാക്കിയ ചില വിദ്യാർത്ഥികൾ ആ സ്റ്റോപ്പിൽ തന്നെ പരസ്പരം ആലിംഗനം ചെയ്‌തും മടിയിലിരുന്നും ആണ് പ്രതിക്ഷേധിച്ചത്.

 

രണ്ട് വ്യക്തികൾ ഒരുമിച്ചിരിക്കുന്നതിൽ, പരസ്പരം അടുത്തിടപഴകുന്നതിൽ എന്തിനാണ് നിങ്ങൾക്കിത്ര അസഹിഷ്ണുത ?

ഒരു ആണും പെണ്ണും ഒരുമിച്ചാൽ ഇവരുടെയെല്ലാം മനസ്സിൽ ഒരു ആധിയാണ്.

മുടി വളർത്തിയവർ കഞ്ചാവാണ്, അവൾ പോക്കു കേസാണ്, അവരെയെല്ലാം കണ്ടാലറിയാം ഒക്കെ കുടുംബത്തിന് പേരുദോഷം പറയാൻ ജനിച്ചവരാണ്....... ഇവയെല്ലാം ഇത്തരക്കാരുടെ സ്ഥിരം വാക്കുകളാണ്.

എന്തെങ്കിലും ചോദിക്കുമ്പോൾ സ്ഥിരമായി ഇന്ത്യൻ സംസ്കാരത്തെയും മറ്റും പറ്റി വാചാലരാകുന്നവർ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുകയെന്നതാണ് മഹത്തായ സംസ്കാരം എന്നത് മറന്നുപോകുന്നതോ അതോ അവഗണിക്കുന്നതോ ?.

രണ്ടുവ്യക്തികൾ ഒന്നിച്ചിരിക്കുന്നതോ, അവർക്കിഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കുന്നതിലോ നിങ്ങൾക്കെന്തിനാണിത്ര അസഹിഷ്ണുത ?.

അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് നിങ്ങളിങ്ങനെ കൈ കടത്തുന്നത് ?

പരസ്പരം പ്രണയിക്കുന്നവർ മാത്രം നേരിടുന്ന പ്രശ്നമാണോ moral policing ? അല്ലേ അല്ല

കൊല്ലത്തെ ഒരു ബീച്ചിൽ അമ്മയെയും മകനും വരെ സദാചാരത്തിനിരയായിട്ടുണ്ട്.

നാട്ടിലെ വഴിയോരങ്ങളിലിരുന്ന് മെല്ലെപ്പറയുന്നവരായാലും പുറത്ത് ചൂരലുമെടുത്ത് പ്രതിക്ഷേധിക്കുന്നവരായാലും, വലിയ പിന്തുണ ഇത്തരം കാര്യങ്ങൾക്ക് ലഭിക്കുന്നതും നാട്ടിൽ നിറയെ അക്രമങ്ങൾ വളരുന്നതും ഏറെ ഭയത്തോടെയാണ് നാം നോക്കിക്കാണേണ്ടത്.

എന്താണ് സദാചാരം? എവിടെയാണ് അതിന്റെ നിർവചനം ആരംഭിക്കുന്നത് ?

 

ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും അതിർവരമ്പുകൾ നിങ്ങൾ എവിടെ വച്ചാണ് വിഭജിക്കുന്നത് ? ....

 തനിക്ക് ലഭിക്കാത്തത് മറ്റുള്ളവർക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന അസൂയയിൽ നിന്നുടലെടുത്തതാണ് ഈ കപട സദാചാരങ്ങൾ. സംസ്കാരത്തിന്റെയും മതത്തിന്റെയും പേരുപറഞ്ഞ് തങ്ങളുടെ ഇഷ്ടനിഷ്ടങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണിവർ ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ ലൈംഗിക ദാരിദ്രത്തിന്റെ കാണാപ്പുറങ്ങളും ഇതിൽ തെളിഞ്ഞുകാണാവുന്നതാണ്. തികച്ചും പഴഞ്ചൻ ചിന്താകതിയിൽനിന്നുടലെടുക്കുന്ന ഇത്തരം അസുഖങ്ങൾ ചികിൽസിക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനോ അല്ലെങ്കിൽ നിയമവ്യവസ്ഥക്കോ കഴിയുന്നില്ലെന്നത് മറ്റൊരു വിരോധാഭാസം.

ഇന്നും ആണിനേയും പെണ്ണിനേയും മറ്റു non binary-കളെയും ക്കുറിച്ച് അറിയാതെ പാരമ്പര്യമായി കൈമാറ്റം ചെയ്തുകിട്ടിയ അറിവുകൊണ്ട് നോക്കിക്കാണുമ്പോൾ സമൂഹം ഒരു പുഴുക്കുത്തേറ്റതായി തോന്നുന്നു. പലപ്പോഴും തന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിയത്തെന്നുപോലും അറിയാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആഴ്ന്നിറങ്ങി അവരുടെ ജീവിതത്തെ ശിതിലമാക്കുന്നു.

 

ഇങ്ങനെ സദാചാര അതിക്രമങ്ങൾ നേരിട്ടവർ പലപ്പോഴും ആത്മഹത്യക്കും മാനസിക സമ്മർദങ്ങൾക്കും വരെ അടിമയായിട്ടുണ്ട്. പല കുടുംബ ബന്ധങ്ങളും ശിതിലമായിട്ടുണ്ട്.

ഇങ്ങനെ ഒട്ടേറെ തകർന്ന ജീവിതങ്ങൾ നേരെയാക്കാൻ ഇത്തരക്കാരെക്കൊണ്ട് സാധിക്കുമോ ?

ഇല്ല.

ഓരോ തവണയും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഇതിനെ ചോദ്യം ചെയ്യാത്തവരെയും, മാതൃകാ പരമായി ശിക്ഷിക്കാത്തതിനെയും കൂടാതെ ഇത്തരം സദാചാര വാദങ്ങൾക്കെതിരായി ശരിയായ വിദ്യാഭ്യാസം കൊടുക്കാത്ത ഗവണ്മെന്റിനേയുംക്കുറിച്ചോർക്കുമ്പോഴാണ് യഥാർത്ഥത്തിൽ സങ്കടം.

ഒരു പക്ഷെ കണക്കിനൊരു മറുപടി കൊടുത്താൽ തീരുന്ന പ്രശ്നമേ ഇവർക്കുണ്ടാകൂ. ഈ കോളേജ് വിദ്യാർത്ഥികൾ കൊടുത്തപോലെ.

എന്തായാലും വിദ്യാർത്ഥികളുടെ മറുപടി ചിലരുടെയെല്ലാം കരണത്തേറ്റ അടിയാണ്. എപ്പോഴും അതിന്റെയൊരു ചൂട് അവരുടെ മുഖത്ത് മായാതെ നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com